This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഓർഡോവിഷന്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഓര്‍ഡോവിഷന്‍
Ordovician
ഭൂമിയുടെ ചരിത്രത്തിലെ ഒരു കാലഘട്ടത്തെ സൂചിപ്പിക്കുന്ന പദം. പാലിയോസോയിക് മഹാകല്‌പത്തിലെ ആദ്യകല്‌പമായ കാംബ്രിയനെത്തുടർന്നു നിലവിലിരുന്ന ഓർഡോവിഷന്‍ (Ordovi-cian)കല്‌പം 50 കോടിവർഷം മുമ്പാരംഭിച്ച് ആറുകോടി സംവത്സരങ്ങള്‍ നീണ്ടുനിന്നു; ഓർഡോവിഷനെ പിന്‍തുടർന്നത് സൈലൂറിയന്‍ കല്‌പമാണ്. കടലിൽ കശേരുകികള്‍ ഉദയം കൊള്ളുന്നതു ദർശിച്ച ഈ കല്‌പം അകശേരുകികളുടെ നിർണായകമായ പല പരിണാമങ്ങള്‍ക്കും സാക്ഷ്യം വഹിച്ചിട്ടുണ്ട്; ഈ കാലഘട്ടത്തിൽ ജലാശയങ്ങളുടെ ഓരങ്ങളിൽ വേരുറപ്പിച്ചു നില്‌ക്കാവുന്ന സംവഹനസസ്യ(vascular plants)ങ്ങള്‍ രൂപം കൊള്ളാന്‍ തുടങ്ങിയിരുന്നു എന്നതൊഴികെ കരഭാഗം ജീവചൈതന്യഹീനമായിരുന്നു.
ഇന്നുള്ള വന്‍കരകളോളം വലുപ്പവും വ്യത്യസ്‌ത-ഉച്ചാവചവും ഉണ്ടായിരുന്ന പല പ്രാക്കാല ഭൂഖണ്ഡങ്ങളും (shield) ഈ കല്‌പത്തിൽ നിലവിലിരുന്നു. ഭൂ-അഭിനതികളിലും ഷീൽഡുകള്‍ക്കുള്ളിൽ സമുദ്രാതിക്രമണത്തിനു വിധേയമായ ഭാഗങ്ങളിലും നിക്ഷിപ്‌തമായ അവസാദം പില്‌ക്കാലത്ത് രണ്ടിനം ശിലകള്‍ക്കു രൂപം നല്‌കി. പ്രാട്ടോ-അത്‌ലാന്തിക് സമുദ്രം ഏറ്റവും വിസ്‌തൃതമായിരുന്നതും, പിന്നീട് അതിന്റെ പൂർണനാശത്തിനിടയാക്കിയ വിവർത്തനിക പ്രക്രിയകള്‍ക്കു തുടക്കം കുറിച്ചതും ഓർഡോവിഷന്‍ കല്‌പത്തിൽ തന്നെയായിരുന്നു. വന്‍കരകളുടെ ഇന്നുള്ള വിതരണക്രമമനുസരിച്ചു നിരീക്ഷിക്കുമ്പോള്‍ ആഫ്രിക്കയുടെ വടക്കേയറ്റത്താണ് ഈ കല്‌പത്തിൽ ദക്ഷിണധ്രുവം സ്ഥിതിചെയ്‌തിരുന്നതെന്ന് സഹാറാമരുഭൂമിയിലും മറ്റും നടത്തിയ പര്യവേക്ഷണങ്ങള്‍ തെളിയിക്കുന്നതായി കാണാം.
ഓർഡോവിഷന്‍ കല്‌പത്തിലെ മാതൃകാസ്‌തരങ്ങള്‍ (type rocks) ബ്രിട്ടനിൽ വെയ്‌ൽസ്, ഷ്രാപ്‌ഷയർ എന്നിവിടങ്ങളിൽ വ്യാപിച്ചുകിടക്കുന്നു. ആദ്യകാല ഭൂവിജ്ഞാനികള്‍, സൈലൂറിയനു മുമ്പു രൂപംകൊണ്ട് പാറയടരുകളെയെല്ലാംതന്നെ കാംബ്രിയന്‍ കല്‌പത്തിൽ ഉള്‍പ്പെടുത്തിയിരുന്നു. എന്നാൽ പില്‌ക്കാല പര്യവേക്ഷണങ്ങള്‍ ഈ രണ്ടു കല്‌പങ്ങളിലെയും ചില ശിലാവ്യൂഹങ്ങള്‍ പരസ്‌പരം അതിവ്യാപനം (overlap)ചെയ്യുന്നതായി വെളിവാക്കി; ഇത്തരം ശിലാവ്യൂഹങ്ങളെ ആദം സെഡ്‌ജ്‌വിക്, ഉത്തരകാംബ്രിയന്‍ ഘട്ടത്തിലും റൊഡറിക് മർക്കിസണ്‍ പൂർവസൈലൂറിയന്‍ ഘട്ടത്തിലും ഉള്‍പ്പെടുത്തി. 1874-ൽ ജെ.ഡി.ഡാന, കനേഡിയന്‍ എന്ന പേരിൽ ഒരു ഉത്തരകാംബ്രിയന്‍ കല്‌പം വിഭാവന ചെയ്‌തിരുന്നു. ഇതിനൊരു പരിഹാരമായി മേല്‌പറഞ്ഞ കാലഘട്ടത്തിന്, റോമാക്കാരുടെ വരവിനുമുമ്പ് വെയ്‌ൽസിൽ പാർത്തിരുന്ന പൗരാണിക കെല്‌റ്റിക് വർഗമായ ഓർഡോവൈസു(Ordovice)കാരെ അനുസ്‌മരിച്ച്. 1879-ൽ ചാള്‍സ് ലാപ്‌വർത് എന്ന ബ്രിട്ടീഷ് ഭൂവിജ്ഞാനി ഓർഡോവിഷന്‍ എന്ന പേർ നല്‌കി. 1911-ൽ ഇ.ഒ.അള്‍റിച്ച്, സോർക്കിയന്‍ (Ozarkian) എന്ന ഒരു പുതിയ നാമവും ഈ കല്‌പത്തിനു നിർദേശിച്ചു കാണുന്നു.
ആസ്റ്റ്രലിയ, സ്വിറ്റ്‌സർലണ്ട്, പോർച്ചുഗൽ, ബൊഹീമിയ, ഹംഗറി, അയർലണ്ട്, ചൈന, സൈബീരിയ, ഹിമാലയമേഖല, ബർമ, മൊറോക്കോ, ആസ്‌ട്രിയ, ന്യൂസിലന്‍ഡ്, അർജന്റീന, ബൊളീവിയ, പെറു എന്നിവിടങ്ങളിൽ ഓർഡോവിഷന്‍ ശിലാപടലങ്ങള്‍ നല്ല കനത്തിൽ കാണപ്പെടുന്നു; ഏറ്റവും കൂടിയ കന(ഉദ്ദേശം 12,000 മീ.)ത്തിലുള്ളവ ആസ്റ്റ്രലിയയിലാണ്. ശിലാപടലങ്ങള്‍ എല്ലാ മുഖ്യ അകശേരുകി ഫൈലങ്ങളിൽപ്പെടുന്ന ജീവജാലങ്ങളുടെയും കശേരുകികളുടെ തുടക്കംകുറിച്ച കവചമത്സ്യങ്ങളുടെയും ആൽഗ, സ്‌പഞ്ച് തുടങ്ങിയ സസ്യങ്ങളുടെ ആദ്യകാല പ്രതിനിധികളുടെയും ജീവാശ്‌മങ്ങളുള്‍ക്കൊള്ളുന്നു. കരഭാഗം നിർജീവമായിരുന്നതിനാൽ സ്ഥലീയ(terrestrial)നിക്ഷേപങ്ങള്‍ തിരിച്ചറിയുക നന്നെ പ്രയാസമാണ്. ധാരാളം ജീനസ്സുകളിൽപ്പെടുന്ന കടൽജന്തുക്കള്‍ വളരെപ്പെട്ടെന്നു പരിണമിച്ചുണ്ടാവുകയും വളരെവേഗം നശിക്കുകയും ചെയ്യുകയാൽ സൂചകജീവാശ്‌മങ്ങളാൽ ഓർഡോവിഷന്‍ അടുക്കുപാറകള്‍ സമ്പന്നമാണ്. ഓർഡോവിഷന്‍ ശിലകളുള്‍ക്കൊള്ളുന്ന ഗ്രാപ്‌റ്റൊലൈറ്റ്, ട്രലോബൈറ്റ്, കെഫലോപോഡ്, ബ്രാക്കിയോപോഡ് തുടങ്ങിയവയുടെ ജീവാശ്‌മങ്ങളെ ആസ്‌പദമാക്കി കല്‌പം ആറ് പാദങ്ങളായി വിഭക്തമായിരിക്കുന്നു. ട്രമഡോക് (tremadoc), അരിനിഗ് (arenig), ലാന്‍വിണ്‍ (llanvirn); ലാന്‍ഡെയ്‌ലൊ(llandeilo), കാരഡോക് (caradoc), ആഷ്‌ഗിൽ (ashgill)എന്നിങ്ങനെ പ്രായക്രമത്തിലുള്ള ഈ വിഭജനം മുഖ്യമായും ഗ്രാപ്‌റ്റൊലൈറ്റിന്റെ പരിണതജീനസ്സുകളെ ആശ്രയിച്ചാണ് നടത്തിയിട്ടുള്ളത്. യൂറോപ്പിൽ ഓർഡോവിഷന്‍ ശിലകളിൽ ഗ്രാപ്‌റ്റൊലൈറ്റ് സമൃദ്ധമാണെങ്കിലും വടക്കേ അമേരിക്കയിൽ കാർബണേറ്റ് ശിലകളും അവയോടു ബന്ധപ്പെട്ട മറ്റു സ്‌തരങ്ങളും ഇവയുള്‍ക്കൊള്ളുന്നില്ല. അവസാദശിലകള്‍ അപര്യാപ്‌തമായി മാത്രം ജീവാശ്‌മങ്ങളുള്‍ക്കൊള്ളുന്നതിനാൽ മുന്‍ യു.എസ്.എസ്.ആർ., വടക്കേ അമേരിക്ക, ബാള്‍ട്ടിക് മേഖല എന്നിവിടങ്ങളിൽ ഈ കല്‌പം പൂർവ-മധ്യ-ഉത്തരഘട്ടങ്ങളായാണ് വിഭക്തമായിട്ടുള്ളത്. പല ഓർഡോവിഷന്‍ എണ്ണഷെയ്‌ൽ നിക്ഷേപങ്ങളും പെട്രാളിയം ദ്രവ്യങ്ങള്‍ക്കുവേണ്ടി ശേഖരിക്കപ്പെടുന്നു. വടക്കേ അമേരിക്കയുടെ കിഴക്കന്‍ ഭാഗങ്ങളിലെ ചില ഓർഡോവിഷന്‍ ശിലാസ്‌തരങ്ങള്‍ എണ്ണസമൃദ്ധ(oil rich)ങ്ങളാണ്. അന്റാർട്ടിക്കയിലും ഇന്ത്യയിൽ ഹിമാലയമേഖലയ്‌ക്കു തെക്കും ആഫ്രിക്കയിൽ സഹാറയ്‌ക്കു തെക്കുമുള്ള ശിലാക്രമങ്ങളിൽ ഈ കല്‌പം പ്രതിനിധീകരിക്കപ്പെടുന്നില്ല. ഈ ഘട്ടത്തിൽ ഇരുമ്പ്, സ്വർണം, കറുത്തീയം, നാകം എന്നിവയുടെ ഉത്‌പാദനം വ്യാപകമായി സംഭവിച്ചുവെന്നതിനും തെളിവുണ്ട്.
ഭൂപ്രകൃതി. പ്രാചീന പർവതന-വലനമേഖലകളെ ആസ്‌പദമാക്കി ഓർഡോവിഷന്‍ കല്‌പത്തിലേതായ സമുദ്രങ്ങളുടെ സ്ഥാനം നിർണയിക്കാവുന്നതാണ്. ഈ കല്‌പത്തിൽ നാലു ഷീൽഡുകള്‍ നിലനിന്നിരുന്നുവെന്ന് അനുമാനിക്കുന്നു. ഇന്നുള്ള വടക്കേ അമേരിക്ക, യൂറോപ്പ് എന്നീ വന്‍കരകള്‍ ഭാഗികമായി ചേർന്ന് അപ്പലാച്ചിയന്‍-കാലിഡോണിയന്‍ ഭൂ-അഭിനതിക്കു പടിഞ്ഞാറ് വടക്കേ അമേരിക്കന്‍ ഷീൽഡും ഇവ ഭാഗികമായി ചേർന്നു മേല്‌പറഞ്ഞ ഭൂ-അഭിനതിക്കു കിഴക്ക് യൂറോപ്യന്‍ ഷീൽഡും രൂപംകൊണ്ടിരുന്നു. കൂടാതെ യൂറാള്‍ നിരകള്‍ക്കു കിഴക്കുള്ള ഏഷ്യ സൈബീരിയന്‍ ഷീൽഡ് ആയും ഇന്ത്യ, ആഫ്രിക്ക, ആസ്റ്റ്രലിയ, തെക്കേ അമേരിക്ക, അന്റാർട്ടിക്ക എന്നിവ ചേർന്നു ഗോണ്ട്വാന(Gondwana) ആയും നിലകൊണ്ടു. വടക്കു പടിഞ്ഞാറേ സ്‌കോട്ട്‌ലന്‍ഡ്, വടക്കേ അമേരിക്ക എന്നിവിടങ്ങളിലുള്ള സമാനസ്വഭാവമുള്ള കാർബണേറ്റ് നിക്ഷേപങ്ങള്‍ അവ ഒരു ഷീൽഡീനുള്ളിൽത്തന്നെ നിക്ഷിപ്‌തമായവയാണെന്നും പില്‌ക്കാലത്ത് ഈ ഷീൽഡ് പിളർന്നു മാറിയെന്നും സൂചിപ്പിക്കുന്നു. പുരാഭൂകാന്തിക(Palaeo-geo-magnetic) പര്യവേക്ഷണങ്ങളിൽനിന്നു ഷീൽഡുകളുടെ സ്ഥാനം ഏതേത് അക്ഷാംശങ്ങളിലായിരുന്നുവെന്ന് നിർണയിച്ചിട്ടുണ്ടെങ്കിലും അവ ഏതേതു രേഖാംശങ്ങളിലാണ് വ്യാപിച്ചിരിക്കുന്നതെന്നു നിർണയിക്കാന്‍ സാധിച്ചിട്ടില്ല.
വന്‍കരകളുടെ ഇന്നുള്ള വിതരണം അടിസ്ഥാനമാക്കി ഓർഡോവിഷനിൽ ദക്ഷിണധ്രുവം ആഫ്രിക്കയുടെ വടക്കേ അറ്റത്തായിരുന്നുവെന്നു നിർണയിക്കപ്പെട്ടിട്ടുണ്ട്. രണ്ടാം ലോകയുദ്ധത്തിനുശേഷം എണ്ണ, പ്രകൃതിവാതകം എന്നിവയ്‌ക്കുവേണ്ടി വ്യാപകമായി നടത്തിയ പര്യവേക്ഷണവേളയിൽ സഹാറാ മരുഭൂമിയിൽ ഹിമാനീകൃത നിക്ഷേപങ്ങളും ഹിമനദീയ(Palaeo-geo-magnetic) പ്രതലങ്ങളും മറ്റു സദൃശരചനകളും കണ്ടെത്തുകയുണ്ടായി. ഉത്തര ഓർഡോവിഷനിൽ ആഫ്രിക്കന്‍ ഷീൽഡിന്റെ വടക്കരികിലുള്ള ഒരു ധ്രുവമേഖലയിൽ നിന്ന് ഹിമാനികള്‍ വികിരണം ചെയ്യപ്പെട്ടതായാണ് ഹിമാനീയരേഖകള്‍ സൂചിപ്പിക്കുന്നത്. സഹാറാ മരുഭൂമിയിൽ കാണപ്പെട്ടിട്ടുള്ള ഓർഡോവിഷന്‍ ടില്ലൈറ്റ് ഈ വസ്‌തുത അസന്ദിഗ്‌ധമായി തെളിയിക്കുന്നു. ഇതിൽനിന്ന് ഓർഡോവിഷന്‍ കല്‌പത്തിൽ ഭൂമധ്യരേഖ കാലിഫോർണിയ, ഹഡ്‌സന്‍ ഉള്‍ക്കടലിന്റെ പടിഞ്ഞാറുഭാഗം, ഗ്രീന്‍ലന്‍ഡിന്റെയും സ്‌കാന്‍ഡിനേവിയയുടെയും വടക്കുഭാഗം, വടക്കു കിഴക്കേ ഏഷ്യ, പടിഞ്ഞാറന്‍ ആസ്റ്റ്രലിയ എന്നിവിടങ്ങളിലൂടെ കടന്നുപോയിരുന്നുവെന്നു മനസ്സിലാക്കാം. ഓർഡോവിഷന്‍ ഷീൽഡുകളുടെ ഏറിയപങ്കും ദക്ഷിണാർധഗോളത്തിലാകും വിധമാണ് ഭൂമധ്യരേഖ സ്ഥിതിചെയ്‌തിരുന്നത്. വടക്കേ അമേരിക്കയുടെ ഉത്തരഭാഗങ്ങള്‍, സൈബീരിയ എന്നിവിടങ്ങളിൽ യഥാക്രമം കാണപ്പെടുന്ന ജിപ്‌സം, ചുണ്ണാമ്പുകല്ല് എന്നിവ ഓർഡോവിഷന്‍ കല്‌പത്തിൽ ഈ പ്രദേശങ്ങള്‍ ഭൂമധ്യരേഖയ്‌ക്കു സമീപം ഉഷ്‌ണകാലാവസ്ഥയ്‌ക്കധീനമായിരുന്നുവെന്നു സൂചിപ്പിക്കുന്നു. യൂറോപ്യന്‍ഷീൽഡ് സോവിയറ്റ് യൂണിയന്റെ പടിഞ്ഞാറുഭാഗം, ഫിന്‍ലന്‍ഡ് എന്നീ പ്രദേശങ്ങള്‍ കേന്ദ്രമാക്കിയാണ് വ്യാപിച്ചിരിക്കുന്നത്. ഇന്നത്തെ ബാള്‍ട്ടിക് പ്രദേശങ്ങള്‍ ഈ ഷീൽഡിനെ പ്രതിനിധീകരിക്കുന്നു. ഓർഡോവിഷനിൽ ടെഥിസ് സമുദ്രം ഇന്നത്തെ മെഡിറ്ററേനിയന്‍ ഭൂഭാഗങ്ങള്‍, ആൽപ്‌സ്-ഹിമാലയനിരകള്‍, ദക്ഷിണ-പൂർവേഷ്യ, ആസ്റ്റ്രലിയ, ന്യൂസിലന്‍ഡ് എന്നീ പ്രദേശങ്ങളിലായി വ്യാപിച്ചിരുന്നു. പില്‌ക്കാലത്ത് ഗോണ്ട്വാന പൊട്ടിപ്പിളർന്ന് വിസ്ഥാപനവിധേയമായതോടുകൂടിയാണ് ഈ സമുദ്രം അപ്രത്യക്ഷമായത്. യൂറാൽ പർവതമേഖലയും ഉത്തരേഷ്യ ഒട്ടുമുക്കാലും ഈ ഘട്ടത്തിൽ ജലനിമഗ്നമായിരുന്നു. പാലിയോസോയിക് മഹാകല്‌പത്തെ ആകമാനം പ്രതിനിധീകരിക്കുന്ന അപ്പലാച്ചിയന്‍-കാലിഡോണിയന്‍ വലനമേഖല പ്രാക്കാല വിവർത്തനിക പ്രക്രിയകളുടെ ഉത്തമനിദർശനമാണ്. പുരാഭൂകാന്തിക (Palaeo-geo-magnetic)വും വിവർത്തനികപര(Plate-tectonic)വും അവസാദശിലാശാസ്‌ത്രപര(Stratigraphic)വുമായ പഠനങ്ങള്‍ ഇന്ന് അത്‌ലാന്തിക്‌സമുദ്രം സ്ഥിതിചെയ്യുന്ന ഭാഗത്ത് ഒരു പ്രാട്ടോ-അത്‌ലാന്തിക് സമുദ്രം നിലനിന്നിരുന്നുവെന്നു സൂചിപ്പിക്കുന്നു. ഈ സമുദ്രത്തറയുടെ വികാസം പ്രീകാംബ്രിയന്റെ അന്ത്യത്തോട് സജീവമാകുകയും കാംബ്രിയന്‍ കല്‌പത്തിലുടനീളം തുടർന്ന പ്രക്രിയയിലൂടെ ഓർഡോവിഷനിൽ സമുദ്രത്തിന് ഏറ്റവും കൂടിയ വീതി (2,000 കി.മീ.) ഉണ്ടാവുകയും ചെയ്‌തു. പ്രാട്ടോ-അത്‌ലാന്തിക് സമുദ്രത്തിന്റെ ചുരുങ്ങൽ ഓർഡോവിഷനിൽത്തന്നെ ആരംഭിച്ചു കാണുന്നു. ഇരുവശത്തുമുണ്ടായിരുന്ന ഷീൽഡുകള്‍ പില്‌ക്കാലത്തു കൂടുതൽ അടുക്കുകയും സൈലൂറിയന്‍-ഡെവോണിയന്‍ ഘട്ടത്തിൽ അവ കൂട്ടിമുട്ടുകയും അങ്ങനെ പ്രാട്ടോ-അത്‌ലാന്തിക് സമുദ്രം അപ്രത്യക്ഷമാവുകയും ചെയ്‌തു. അപ്പലാച്ചിയന്‍-കാലിഡോണിയന്‍ വലനമേഖലയിലുള്ള വ്യത്യസ്‌തയിനം ഓർഡോവിഷന്‍ ശിലകള്‍, അവയുടെ സ്വഭാവം, വിതരണക്രമം തുടങ്ങിയവ ഇതിനുദാഹരണമായി വർത്തിക്കുന്നു.
കാലാവസ്ഥ. ഓർഡോവിഷന്‍ കല്‌പത്തിലെ ഉഷ്‌ണമേഖല ഇന്നത്തെ വടക്കേ അമേരിക്ക, യൂറോപ്പ് എന്നീ വന്‍കരകളുടെ വടക്കുഭാഗങ്ങളിലും ആർട്ടിക് മേഖലയിലുമായി വ്യാപിച്ചിരുന്നു. കാലാവസ്ഥാമേഖലകള്‍ ക്രമത്തിൽ ശക്തിപ്രാപിച്ചതായും ഈ കല്‌പത്തിന്റെ അവസാനഘട്ടത്തിൽ ഏറ്റവും കുറഞ്ഞ താപനില നിലനിന്നിരുന്നതായും ആധുനിക പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ഓർഡോവിഷന്‍ ജീവജാലം സമുദ്രങ്ങളിൽ പല പ്രവിശ്യകളിലായി കാണപ്പെടുന്നതിനു മുഖ്യകാരണം അക്ഷാംശങ്ങള്‍ക്കനുസൃതമായി ജലാശയങ്ങളിൽ നിലനിന്നിരുന്ന വ്യത്യസ്‌ത താപനിലയും തദ്വാരാ സംജാതമായ വ്യതിരിക്ത കാലാവസ്ഥയുമാണ്. പ്രാട്ടോ-അത്‌ലാന്തിക് സമുദ്രത്തിന്റെ ഉത്തരാർധത്തിൽ നിലനിന്നിരുന്ന അമേരിക്കന്‍, യൂറോപ്യന്‍ എന്നീ ജീവശാസ്‌ത്രപരമായി വ്യത്യസ്‌തമായ രണ്ടു പ്രവിശ്യകള്‍ ഇതിനുദാഹരണമാണ്. ഈ രണ്ടു മേഖലകളിലുമുള്ള ഗ്രാപ്‌റ്റൊലൈറ്റിന്റെ വിതരണം ഓർഡോവിഷന്‍ ഭൂപടത്തിൽ രേഖപ്പെടുത്തിയതിൽ അമേരിക്കന്‍ പ്രവിശ്യ പുരാഭൂമധ്യരേഖയ്‌ക്ക് ഇരുവശങ്ങളിലായി 30ബ്ബ തെക്കും വടക്കും അക്ഷാംശങ്ങള്‍ക്കുള്ളിലും യൂറോപ്യന്‍ പ്രവിശ്യ ദക്ഷിണായനരേഖയ്‌ക്കു തെക്കുള്ള അക്ഷാംശങ്ങളിലേക്കും വ്യാപിച്ചിരുന്നതായി കാണുന്നു. ഓർഡോവിഷന്റെ അവസാനഘട്ടത്തിൽ ഇവ രണ്ടും സ്വരൂപിച്ച് ഒരു വിശ്വജനീന(cosmopolitan) സ്വഭാവം കൈക്കൊണ്ടു.
കൂടിയ അക്ഷാംശങ്ങളിലുള്ള ഹിമാതിക്രമണം ഉഷ്‌ണമേഖലാവാസിയായ ഗ്രാപ്‌റ്റൊലൈറ്റിന്റെ വ്യാപനത്തെ ഗണ്യമായി നിയന്ത്രിച്ചിരുന്നു. കല്‌പത്തിന്റെ ഉത്തരാർധത്തിൽ ഗ്രാപ്‌റ്റൊലൈറ്റ് ജീവജാലം പുരാഭൂമധ്യരേഖയിലേക്കു കൂടുതൽ ചുരുങ്ങിയത് അന്തരീക്ഷ ശീതളനത്തെ സൂചിപ്പിക്കുന്നു. ഈ ഘട്ടത്തിൽ യൂറോപ്യന്‍ പ്രവിശ്യയിൽ ഗ്രാപ്‌റ്റൊലൈറ്റിനു വാസയോഗ്യമല്ലാത്ത രീതിയിൽ കുറഞ്ഞ താപനില നിലനിന്നിരുന്നുവെന്നും തദ്വാരാ അത്തരമൊരു പ്രവിശ്യയുടെ അസ്‌തിത്വം തന്നെ നഷ്‌ടപ്രായമായെന്നും പഠനങ്ങള്‍ വെളിവാക്കുന്നു.
ഓർഡോവിഷന്‍ ജീവജാലം. മുഖ്യ അകശേരുകീഫൈലങ്ങളെ എല്ലാംതന്നെ പ്രതിനിധീകരിക്കാന്‍പോന്ന ഒരു ജലജീവജാലം ഈ കല്‌പത്തിൽ ഉണ്ടായിരുന്നു. കാംബ്രിയന്‍ ശിലാപടലങ്ങളിൽ സമൃദ്ധമായി കാണപ്പെടുന്ന ട്രലോബൈറ്റ് ജന്തുവിഭാഗത്തിലെ പല പുതിയ ജീനസ്സുകളും കുടുംബങ്ങളും ഈ കല്‌പത്തിൽ രൂപംപൂണ്ടു. ബ്രാക്കിയോപോഡ്, എക്കൈനോയ്‌ഡ്, ഗാസ്‌ട്രപോഡ്, കെഫലോപോഡ്, നോട്ടലോയ്‌ഡ്, ക്രനോയ്‌ഡ്, ബൈവാൽവ്, ബ്രയോസോവ, റൂഗോസ് കോറൽ, ടാബുലേറ്റ് കോറൽ എന്നിവ സർവസാധാരണമായിത്തീർന്നു. ഇവ ഒന്നുചേർന്ന് ഒരു കവചിത ഫേസീസി (shelly facies)നു രൂപം നൽകിയിട്ടുമുണ്ട്; ഇവകളുടെ ജീവാശ്‌മങ്ങളുള്‍ക്കൊള്ളുന്ന അവസാദശില ആഴംകുറഞ്ഞ വന്‍കരച്ചെരിവുകളിലാണു നിക്ഷിപ്‌തമായിട്ടുള്ളത്. വന്‍കരകള്‍ക്കകലെ അഗാധതലങ്ങളിൽ നിക്ഷിപ്‌തമായ അവസാദം പെലാജിക ജീവികളുടെ അവശിഷ്‌ടം ധാരാളം ഉള്‍ക്കൊള്ളുന്നു. ഗ്രാപ്‌റ്റൊലൈറ്റിനു പുറമേ ഒരിനം ബ്രാക്കിയോപോഡ്, ക്രസ്റ്റേഷ്യ എന്നിവയും ഉള്‍പ്പെടുന്ന ഈ ജന്തുസമൂഹം ഓർഡോവിഷനിൽ ഗ്രാപ്‌റ്റൊലൈറ്റ് ഫേസീസിനു രൂപം നല്‌കി; ആഗോള വ്യാപകമായി കാണപ്പെടുന്ന ഈ ജന്തുസമൂഹത്തിനാണ് കൂടുതൽ ശാസ്‌ത്രീയപ്രാധാന്യം.
ഓർഡോവിഷന്‍ കല്‌പത്തിലെ ഏറ്റവുംകൂടിയ സംഖ്യാബലമുള്ള വിഭാഗമാണ് പെലാജികപ്ലവകജീവിക(plankton)ളായിരുന്ന ഗ്രാപ്‌റ്റൊലൈറ്റ്. കോളനികളായി വസിച്ചിരുന്ന ഇവയിലെ വിവിധ ജീനസ്സുകളിൽ ശാഖോപശാഖകളായി വളർന്നിരുന്ന ഡിക്‌റ്റിയോണിയ മുതൽ ഒരു ശാഖ മാത്രമുള്ള ഡിപ്ലോഗ്രാപ്‌റ്റസ് വരെ ഉള്‍പ്പെടുന്നു (നോ. ഗ്രാപ്‌റ്റൊലൈറ്റ്). സൂചകജീവാശ്‌മമായി ഉപയോഗപ്പെടുത്താവുന്ന ഒരിനമാണ് കോണഡോണ്ട് (conodont).
ഏറ്റവും പ്രാചീനങ്ങളായ കശേരുകികള്‍ എസ്‌തോണിയയിലെ പൂർവഓർഡോവിഷന്‍ സ്‌തരങ്ങളിലും വടക്കേ അമേരിക്കയിലെ മധ്യഓർഡോവിഷനിലും രൂപംകൊണ്ട ഹാർഡിങ് മണൽക്കല്ലുകളിലും കാണപ്പെടുന്നു. കടൽവെള്ളത്തിന്റേതിനും ശുദ്ധജലത്തിന്റേതിനും ഇടയ്‌ക്കായുള്ള ഉപ്പുരസമുള്ള (brackish)ജലത്തിലായിരിക്കണം അധസ്‌തലവാസികളായ ഈ ഹനുരഹിത(jawless) ആദിമ കശേരുകിമത്സ്യങ്ങള്‍ രൂപം കൊണ്ടിട്ടുള്ളത്. താപനില, ലവണത, പ്രവാഹം, ആഴം എന്നിവ കൂടുതൽ വ്യതിചലിക്കാന്‍ സാധ്യതയുള്ള ഈ മേഖലയിലെ പരിസ്ഥിതി ജീവപരിണാമത്തിന് വളരെ ഉത്തേജകമാണ്. അടുക്കുപാറകളിൽ ശല്‌ക്കശകലങ്ങളും അസ്ഥിക്കഷണങ്ങളും മാത്രമാണ് ജീവാശ്‌മങ്ങളായി കാണപ്പെട്ടിട്ടുള്ളതെങ്കിലും അവയെപ്പറ്റി നടത്തിയ ഭ്രൂണവിജ്ഞാനീയ ഗവേഷണങ്ങളിലൂടെയും മറ്റും ഏനാത്ത (Agantha) എന്ന ആദ്യകാല ഹനുരഹിതമത്സ്യത്തെ പുനഃസംവിധാനം ചെയ്‌തിട്ടുണ്ട്. അട്രാസ്‌പിസ്, എറിപ്‌ടിക്കിയസ് എന്നീ ജീനസ്സുകളിൽ പ്പെടുന്ന മത്സ്യങ്ങളുടെതാണ് ഹാർഡിങ് മണൽക്കല്ലുകളിലുള്ള അവശിഷ്ടം. കാംബ്രിയന്റെ അന്ത്യത്തിലും ഓർഡോവിഷന്റെ ആദ്യഘട്ടത്തിലും ഉണ്ടായ പരിണാമപ്രക്രിയകളിലൂടെ പരിഷ്‌കൃത ട്രലോബൈറ്റുകള്‍ ഉദയംകൊണ്ടതുവഴി കാംബ്രിയന്‍ തരങ്ങള്‍ നന്നെകുറച്ചു മാത്രമേ ഈ കല്‌പത്തിലുണ്ടായിരുന്നുള്ളു; ഇവയും ശിലാസ്‌തരങ്ങളുടെ വർഗീകരണത്തിനും സഹസംബന്ധനത്തിനും സഹായകമാണ്. മധ്യ ഓർഡോവിഷനിൽ സമുദ്രങ്ങളുടെ അടിത്തറകളിൽ 75 സെ.മീ. വലുപ്പമുള്ള ട്രലോബൈറ്റിന് താരതമ്യേന വലിയ പൈജിഡിയ(pygidium)മുണ്ട്; വക്ഷീയഖണ്ഡ(thoracic segments)ങ്ങള്‍ എണ്ണത്തിൽ കുറവാണ്. വലുപ്പത്തിലും വൈവിധ്യത്തിലും ഉത്തര ഓർഡോവിഷനിൽ ട്രലോബൈറ്റ് ഉച്ചകോടിയിലെത്തിയിരുന്നു. ഏനാത്ത മത്സ്യത്തിന്റെയും മൃദുശരീരികളായ മറ്റു ജീവികളുടെയും വളർച്ചയ്‌ക്കു വിഘാതമായിരുന്നത് കടൽത്തേളുകളാണ്. 200 സെ.മീ. വരെ നീളമുള്ള രാക്ഷസത്തേളുകള്‍((Eurypterida) ഓർഡോവിഷന്‍ സമുദ്രങ്ങളിലെ ഒരു സവിശേഷയിനമായിരുന്നു. ബ്രാക്കിയോപോഡും എക്കൈനോഡേമിന്റെ ആദിമരൂപങ്ങളായ സിസ്റ്റോയ്‌ഡ്, ഇയോക്രനോയ്‌ഡ്, ക്രനോയ്‌ഡ്, ആസ്റ്റെറോയ്‌ഡ്, എക്കൈനോയ്‌ഡ് എന്നിവയും ഓർഡോവിഷന്‍ കല്‌പത്തിൽ സമൃദ്ധമായിരുന്നു. ഓർഡോവിഷന്‍, സൈലൂറിയന്‍ കല്‌പങ്ങളിൽ മാത്രം കാണപ്പെടുന്ന അസ്‌തമിതമായ സിസ്റ്റോയ്‌ഡ് ഏറ്റവും വൈവിധ്യപൂർണവും പ്രാധാന്യമേറിയതുമായ ഇനമാണ്. പല ജീനസ്സുകളും സഹസംബന്ധനത്തിനുതകുമാറ് ഈ കല്‌പത്തിൽ മാത്രമായി കാണപ്പെടുന്നു. ഒച്ച് മുന്‍കാലങ്ങളെ അപേക്ഷിച്ച് സർവസാധാരണമായ ഒരു മൊളസ്‌ക് ആയിത്തീർന്നു. ഈ ഫൈലത്തിൽപ്പെടുന്ന മുഖ്യ വിഭാഗങ്ങളെല്ലാംതന്നെ ഓർഡോവിഷന്‍ ശിലകളിൽ കാണപ്പെടുന്നു. ഇന്നുള്ള നോട്ടലസ് (Nautilus)സിന്റെ പ്രാചീനരൂപമായ നോട്ടലോയ്‌ഡ് ഒരു പ്രമുഖ ഓർഡോവിഷന്‍ കെഫലോപോഡ് ആണ്. ടാക്‌സൊഡോണ്ട് ദന്തസംവിധാനം ഉണ്ടായിരുന്ന ഓർഡോവിഷന്‍ ജന്തുജാലം പിന്‍കല്‌പങ്ങളിൽ ഹെറ്ററോഡോണ്ടും ഡസ്‌മോഡോണ്ടും ആയിത്തീർന്നു. ഗാസ്‌ട്രപോഡ്, പെലിസിപോഡ് എന്നീ വിഭാഗങ്ങളും ഈ കല്‌പം തൊട്ടാണ് കണ്ടുവരുന്നത്.
ഓർഡോവിഷന്‍ മുതൽ കാണപ്പെടുന്ന ഒരു ഫൈലമാണ് സ്ഥൂലമായ ശാഖിത കോളനികളായി വസിച്ചിരുന്ന ബ്രയോസോവ. ഈ കല്‌പത്തിന്റെ മധ്യത്തോടെ കോറലുകള്‍ (corals) വ്യാപകമായി പുറ്റുനിർമിതി (reef building) തുടങ്ങിയിരുന്നു. റുഗോസ്‌കോറൽ, ഓർഡോവിഷന്‍ മുതൽ ഉദ്ദേശം 22 കോടി വർഷക്കാലം പ്രബലമായിരുന്ന ഒരു അസ്‌തമിത ഇനമാണ്. ടാബുലേറ്റ് കോറലും ഈ കല്‌പം മുതൽക്ക് കാണപ്പെടുന്നു. കോറൽ-കോളനികള്‍, ബ്രയോസോവ, സ്‌പഞ്ച് എന്നിവയാലാണ് ഓർഡോവിഷന്‍ ചുണ്ണാമ്പുകല്ലിന്റെ ഭൂരിഭാഗവും രൂപംകൊണ്ടിട്ടുള്ളത്. ഫൊറാമിനിഫെറ, റേഡിയോലേറിയ എന്നീ ഗോത്രങ്ങളിൽപ്പെടുന്ന സൂക്ഷ്‌മജീവികള്‍ (protozoa) വ്യാപകമായി കാണപ്പെടുന്നു. ഏറ്റവും പ്രാചീനമായ ഫൊറാമിനിഫെറയാണ് ടെക്‌സ്റ്റുലേറിയ; ഇവ അനിയമിത രൂപത്തോടുകൂടിയവയായിരുന്നു. ഓർഡോവിഷനിൽ ഗോളാകാര ടെക്‌സ്റ്റുലേറിയ ഉദയംകൊണ്ടു. ഫൂസുലിന എന്നയിനവും ഈ കല്‌പം മുതൽ കണ്ടുവരുന്നു. കാംബ്രിയന്റെ തുടക്കത്തിനു മുമ്പുള്ള അടുക്കുപാറകളിലും സ്‌പഞ്ചിന്റെ അവശിഷ്‌ടം കാണപ്പെടുന്നുണ്ടെങ്കിലും ഓർഡോവിഷന്റെ പൂർവാർധത്തിലാണ് ഉറച്ച ശരീരത്തോടുകൂടിയവ (Glass sponge) ഉരുത്തിരിഞ്ഞത്.
ഭൗമായുസ്സിലെ ജീവപരിണാമപ്രക്രമത്തിൽ ഉണ്ടായ നിർണായകമായ ഒരു ചുവടുവയ്‌പാണ് വെള്ളത്തിൽനിന്നു കരയിലേക്കുള്ള സസ്യങ്ങളുടെ പ്രയാണം. മധ്യബൊഹീമിയയിലെ സൈലൂറിയന്‍ ശിലാപടലങ്ങള്‍ ഉള്‍ക്കൊള്ളുന്ന വികസിതങ്ങളായ നഗ്നസസ്യങ്ങ(Psilophytales)ളുടെ ജീവാശ്‌മങ്ങളിൽനിന്ന് അവ ഓർഡോവിഷന്‍ കല്‌പത്തിൽത്തന്നെ പരിണമിച്ചിരിക്കാമെന്ന് അനുമാനിക്കുന്നു. ഇലകളില്ലാതിരുന്നതിനാലാണ് ഇവയ്‌ക്ക് നഗ്നസസ്യങ്ങളെന്നു പേർ ലഭിച്ചത്. ഉറച്ച തോല്, ദാരുഘടന(woody structure), സസ്യത്തെ മണ്ണിലുറപ്പിച്ചു നിർത്താന്‍പോന്ന മൂലപടലം, ഇതിനെല്ലാം പുറമേ ഫലഭൂയിഷ്‌ടമായ മണ്ണ് ഇവയെല്ലാം ആവശ്യമായിരുന്ന ഈ പരിണാമം മന്ദഗതിയിലുള്ള ഒരു പ്രക്രിയയാവാനേ തരമുള്ളു. ധാരാളം ജലാശയങ്ങളും ആഴംകുറഞ്ഞ കടലുകളുമുണ്ടായിരുന്ന ഈ കല്‌പത്തിൽ, രൂക്ഷമായ വേലിയേറ്റയിറക്കങ്ങളുടെയും മറ്റും ഫലമായി അവയുടെ ക്രമേണയുണ്ടായ പിന്‍വാങ്ങൽ വഴി കരയായിത്തീർന്ന ഫലഭൂയിഷ്‌ഠമായ മണ്ണിൽ, ജലാശയങ്ങളുടെ ഓരംചേർന്ന്, ബയോഫൈറ്റന്‍ പ്രാജന്‍സ് (Biophyton pragense) പോലുള്ള നേർത്ത സസ്യജീനസ്സുകള്‍ അധിവാസമുറപ്പിച്ചു. ഇവയ്‌ക്ക് 30 സെന്റിമീറ്ററിലധികം ഉയരമുണ്ടായിരുന്നില്ല. ഗുരുത്വാകർഷണത്തെ അതിജീവിച്ച് വായുവിൽ നിവർന്നുനില്‌ക്കാന്‍ പോന്ന തണ്ടും, വേരുകളിലൂടെ ശേഖരിക്കപ്പെടുന്ന ആഹാരവും ജലവും സസ്യത്തിന്റെ എല്ലാഭാഗങ്ങളിലും എത്തിച്ചേരാന്‍ പോന്ന വാഹികളും (vessels) ഉണ്ടായിരുന്ന ആദ്യത്തെ സംവഹനസസ്യ(vascular plants)ങ്ങളാണിവ.
ഓർഡോവിഷന്‍ ശിലകള്‍. ഓർഡോവിഷന്‍ കല്‌പത്തിൽ മിക്കവാറും എല്ലാ വന്‍കരകളും ഭാഗികമായി സമുദ്രാതിക്രമണത്തിനു വിധേയമായി; കാരഡോക് ഘട്ടത്തിൽ അതിക്രമണം ഉച്ചകോടിയിലായിരുന്നു. ഇതിന്റെ ഫലമായി ഷീൽഡുകള്‍ക്കുള്ളിൽ നിക്ഷിപ്‌തമായ അവസാദം പില്‌ക്കാലത്തുണ്ടായ വിവർത്തനിക പ്രക്രിയകളിൽ നിന്നു തികച്ചും സുരക്ഷിതമായിരുന്നു. എന്നാൽ ഭൂ-അഭിനതികളിൽ അവസാദം രൂക്ഷമായ വിവർത്തനികപ്രക്രിയകള്‍ക്കും കായാന്തരണത്തിനും വിധേയമായി. വന്‍കരച്ചെരുവുകളിൽ അടിഞ്ഞുകൂടിയ അവസാദം, ആഴംകുറഞ്ഞ ജലത്തിൽമാത്രം വസിച്ചുപോന്ന ജീവികളുടെ അവശിഷ്‌ടങ്ങളുള്‍ക്കൊള്ളുന്നതും താരതമ്യേന ആഴംകുറഞ്ഞ വന്‍കരച്ചെരിവുകളിൽ രൂപംകൊണ്ടതുമായ മണൽക്കല്ല്, എക്കൽക്കല്ല്, ചുണ്ണാമ്പുകല്ല് തുടങ്ങിയവ ജീവാശ്‌മസമ്പുഷ്‌ടമാണ്. ഗ്രവാക് തുടങ്ങിയ അവസാദശിലകള്‍ അവ യഥാർഥത്തിൽ നിക്ഷിപ്‌തമായ ഭാഗങ്ങളിൽനിന്നു പ്രവാഹ(turbidity current)ങ്ങളിൽപ്പെട്ട കൂടുതൽ ആഴങ്ങളിലേക്ക് മാറ്റപ്പെട്ടിട്ടുള്ളവയാണ്. ഗ്രാപ്‌റ്റൊലൈറ്റ്, പൈറൈറ്റ് എന്നിവയുള്‍ക്കൊള്ളുന്ന ഇരുണ്ടഷെയ്‌ൽ, ചെർട്ട് കലർന്ന മൃണ്‍മയച്ചുണ്ണാമ്പുകല്ല് എന്നിവ അഗാധതലങ്ങളിൽ രൂപം കൊണ്ടിട്ടുള്ളവയുമാണ്.
ഭൂ-അഭിനതികളിലെ ആഴം കുറഞ്ഞ ഭാഗങ്ങളിലും അഗാധതലങ്ങളിലും അടിഞ്ഞുകൂടിയ അവസാദം രണ്ടിനം ശിലാസ്‌തരങ്ങള്‍ക്കു രൂപം നല്‌കിയിട്ടുണ്ട്. ആദ്യത്തേത് സ്ഥായിയായ വന്‍കരകള്‍ക്കു സമീപസ്ഥമായതിനാൽ അന്തർവേധനം, ആഗ്നേയ പ്രക്രിയകള്‍ എന്നിവ മൂലമുണ്ടാവുന്ന ശിലകള്‍ ഉള്‍ക്കൊള്ളുക സാധാരണമല്ല. രണ്ടാമത്തെയിനം വളരെ കനംകൂടിയവയാണ്; അവ അന്തർവേധ(intrusives)മുള്‍ക്കൊള്ളുന്നു. ഭൂവല്‌കഖണ്ഡ(plate) ങ്ങള്‍ വിസ്ഥാപനത്തിന്റെ ഏതെങ്കിലുമൊരു ഘട്ടത്തിൽ പരസ്‌പരം അടുക്കുന്നതുമൂലം സംജാതമാകുന്ന വലനമേഖല (fold belt)കളാണ് പില്‌ക്കാലത്ത് ഭൂ-അഭിനതികളെ പ്രതിനിധീകരിക്കുന്നത്. നോ. ഭൂ-അഭിനതി; പ്ലേറ്റ് ടെക്‌റ്റോണിക്‌സ്
ഓർഡോവിഷന്‍ ശിലകള്‍ ആഗോളവ്യാപകമായി കാണപ്പെടുന്നുണ്ടെങ്കിലും വടക്കേ അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിലാണ് ഇവയെ സംബന്ധിച്ച സമഗ്രമായ പഠനങ്ങള്‍ നടന്നിട്ടുള്ളത്. വെയ്‌ൽസിൽ ഓർഡോവിഷന്‍ ശിലാക്രമത്തിൽ അവസാദശിലകളോടൊപ്പം ലാവയും സദൃശശിലകളും കാണപ്പെടുന്നുണ്ടെങ്കിലും യു.എസ്സിന്റെ ബെന്റൊണൈറ്റ് എന്നയിനം മാത്രമാണ് കാണപ്പെട്ടിട്ടുള്ളത്. മുഖ്യ അവസാദശിലകള്‍ ചുണ്ണാമ്പുകല്ല്, ഷെയ്‌ൽ എന്നിവയാണ്. യു.എസ്സിൽ പരക്കെ അനാച്ഛാദിതമായി കാണപ്പെടുന്ന ഓർഡോവിഷന്‍ ചുണ്ണാമ്പുകല്ല് വാസ്‌തുശിലയായും സിമന്റു വ്യവസായത്തിനു വേണ്ടിയും ശേഖരിക്കപ്പെടുന്നു. ചിലയിടങ്ങളിൽ ഇവ കായാന്തരണത്തിലൂടെ മാർബിളായി മാറിയിട്ടുണ്ട്. ചുണ്ണാമ്പുകല്ല്, മണൽക്കല്ല്, എക്കൽക്കല്ല് എന്നിവ ബ്രാക്കിയോപോഡ്, ട്രലോബൈറ്റ്, മൊളസ്‌ക്, ബ്രയോസോവ എന്നീ ജീവികളുടെയും ഇരുണ്ട ഷെയ്‌ൽ ഗ്രാപ്‌റ്റൊലൈറ്റ് ജീവികളുടെയും വ്യത്യസ്‌ത ഫേസീസുകള്‍ ഉള്‍ക്കൊള്ളുന്നതിനാൽ ഇവ തമ്മിലുള്ള സഹസംബന്ധനം എളുപ്പമല്ല. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ദ്രാവിഡമഹാകല്‌പത്തിലെ മധ്യകല്‌പങ്ങളിലൊന്നാണ് ഓർഡോവിഷന്‍. ഹിമാലയ മേഖലകളിൽ മാത്രമാണ് ശിലാപടലങ്ങളിൽ ഓർഡോവിഷന്‍ പ്രതിനിധീകരിക്കപ്പെടുന്നത്. ഇന്ത്യാ ഉപഭൂഖണ്ഡത്തിലെ ശിലാക്രമങ്ങളിൽ ഈ കല്‌പത്തിനു വളരെ മുമ്പും പിമ്പുമുള്ള ശിലാസ്‌തരങ്ങളേ കാണപ്പെടുന്നുള്ളൂ.
എല്ലാ കാലഘട്ടത്തിലേതുമുള്‍ക്കൊള്ളുന്ന മിക്കവാറും പൂർണവും അവിച്ഛിന്നവുമായ ശിലാക്രമം മധ്യഹിമാലയത്തിൽ കാശ്‌മീർ മുതൽ ഭൂട്ടാന്‍വരെ നീണ്ടുകിടക്കുന്നു. ഹിമാചൽപ്രദേശിൽ സ്‌പിതി ക്രമ(Spiti series)ത്തിലെ അധഃസ്‌തരങ്ങള്‍, ജീവാശ്‌മരഹിതമായ ക്വാർട്ട്‌സൈറ്റ്, കണ്‍ഗ്ലോമറേറ്റ് എന്നിവയാണ്. ഇവയ്‌ക്കുമേലെ മണൽക്കല്ല്, ഷെയ്‌ൽ എന്നീ ശിലാസ്‌തരങ്ങളും അവയ്‌ക്കും മുകളിലായി ജീവാശ്‌മ സംമ്പുഷ്‌ടമായ ചുണ്ണാമ്പുകല്ലും അവസ്ഥിതമായിക്കാണുന്നു; കോറൽ, ട്രലോബൈറ്റ്, ബ്രാക്കിയോപോഡ് തുടങ്ങി ഇതരവന്‍കരകളിലുള്ളവയ്‌ക്ക് സമാനമാണ് ജീവാശ്‌മ സഞ്ചയം.
കാശ്‌മീരിലെ സ്‌തരങ്ങള്‍ സ്‌പിതി ശിലാക്രമത്തിന്റെ തുടർച്ചയെന്നോണം കാണപ്പെടുന്നു; ലിഡാർ താഴ്‌വാരത്തും സമീപമേഖലകളിലും ശിഥിലമായിട്ടുള്ള ശിലാക്രമങ്ങളാണുള്ളത്; മണൽമയ സ്ലേറ്റ്, ഗ്രവാക്, ജീവാശ്‌മസമൃദ്ധമായ ചുണ്ണാമ്പുകല്ല് എന്നിവ കാംബ്രിയന്‍ശിലകളുടെ തുടർച്ചയെന്നോളം കാണപ്പെടുന്നു. സിക്കിമിലും ഈ കല്‌പത്തിലേതെന്ന് സുവ്യക്തമായ ശിലാസ്‌തരങ്ങളുണ്ട്.