This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഓസ്റ്റിന്‍, ജെയ്‌ന്‍ (1775 - 1817)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

19:11, 22 ഏപ്രില്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ഓസ്റ്റിന്‍, ജെയ്‌ന്‍ (1775 - 1817)

Austen, Jane

ബ്രിട്ടീഷ്‌ (ഇംഗ്ലീഷ്‌) നോവലിസ്റ്റ്‌. 1775 ഡി. 16-നു ഹംപ്‌ഷെറിലെ സ്റ്റീവെന്റണ്‍ എന്ന സ്ഥലത്തു ജനിച്ചു. പിതാവ്‌ പുരോഹിതനായിരുന്നു. അദ്ദേഹത്തിനു അഞ്ചുപുത്രന്മാരും രണ്ടു പുത്രിമാരും ഉണ്ടായിരുന്നതിൽ അഞ്ചാമത്തെ കുട്ടി ആയിരുന്നു ജെയ്‌ന്‍. കുടുംബത്തിൽ എല്ലാവരും പുസ്‌തകപ്രമികളായിരുന്നുവെന്ന വസ്‌തുത ജെയ്‌നിന്‌ വലിയ പ്രാത്സാഹനം നല്‌കി.

1801-ൽ ജെയ്‌നിന്റെ പിതാവ്‌ അദ്ദേഹത്തിന്റെ പുരോഹിതവൃത്തി മൂത്തപുത്രനെ ഏല്‌പിച്ചിട്ട്‌ കുടുംബസഹിതം ബാത്തിലേക്കു പോയി. നാലുവർഷം തികയുന്നതിനുമുമ്പുതന്നെ അദ്ദേഹം നിര്യാതനായി. 1807-ൽ ജെയ്‌നും സഹോദരിയും മാതാവും ഒരു സഹോദരനും അദ്ദേഹത്തിന്റെ വധുവുംകൂടി സൗത്താംപ്‌റ്റന്‍ എന്ന പട്ടണത്തിൽ താമസം തുടങ്ങി. പക്ഷേ, ഒരു ഹ്രസ്വതാമസത്തിനുശേഷം വേറൊരു സഹോദരനും മൂന്നു സ്‌ത്രീകളും ചാട്ടണ്‍ എന്ന സ്ഥലത്തേക്കു മാറി. ഇവിടെവച്ചാണ്‌ ജെയ്‌ന്‍ ചില നോവലുകള്‍ എഴുതിയതും മറ്റുള്ളവ തിരുത്തി എഴുതിയതും. പതിനാലു വയസ്സു മുതൽ ജെയ്‌ന്‍ വിനോദത്തിനുവേണ്ടി മാത്രം എഴുതുവാന്‍ തുടങ്ങി. ആറു വർഷങ്ങള്‍കൊണ്ട്‌ ഇവർ ഒരു നോവൽപരമ്പര തന്നെ സൃഷ്‌ടിച്ചു. ഇവയൊന്നും പ്രസിദ്ധപ്പെടുത്താനുദ്ദേശിച്ചെഴുതിയതായിരുന്നില്ല. കൗതുകം കൊണ്ടുമാത്രം എഴുതിയവയാണ്‌. എന്നാൽ ഈ നോവലുകള്‍ക്കെല്ലാം അന്തിമരൂപം നല്‌കിയത്‌ ഇവർ ചാട്ടണിൽ താമസിച്ചിരുന്ന എട്ടു വർഷങ്ങളിലാണ്‌; ഇവരുടെ ജീവിതത്തിന്റെ അവസാനവർഷങ്ങളിൽ. ഈ കാലഘട്ടത്തിലാണ്‌ അവ പ്രസിദ്ധപ്പെടുത്തിയതും.

ജെയ്‌നിന്റെ ജീവിതത്തിലെ ഏറ്റവും സുഖപ്രദവും അധ്വാനപൂർണവുമായ കാലം ചാട്ടണിൽ കഴിച്ച എട്ടുവർഷങ്ങളായിരുന്നു. ഇവർ അനുഭവിച്ച ഏറ്റവും ശോകാകുലമായ സംഭവം അവരുടെ സഹോദരിയെ വിവാഹം ചെയ്യാനിരുന്ന യുവാവിന്റെ മരണമായിരുന്നു. ജെയ്‌നിനും പ്രമനൈരാശ്യത്തിന്റെ കയ്‌പുരസം അനുഭവിക്കേണ്ടിവന്നു. പക്ഷേ, അത്‌ ഇവരുടെ മനസ്സിനെ അഗാധമായി സ്‌പർശിക്കുകയോ വ്യാകുലപ്പെടുത്തുകയോ ചെയ്‌തില്ല. ഇവർ ജീവിതം പൂർണമായി ആസ്വദിച്ചിരുന്നു. കുടുംബാംഗങ്ങളോടും അയൽക്കാരോടും വളരെ പ്രതിപത്തി ഉണ്ടായിരുന്നതായിട്ടാണ്‌ അറിവ്‌. നൃത്തം, വിരുന്നുസത്‌കാരങ്ങള്‍ മുതലായ വിനോദങ്ങളിൽ ഇവർക്കു വലിയ താത്‌പര്യമുണ്ടായിരുന്നു.

എഴുത്തു ജോലിയുടെ ആയാസം ഇവരുടെ ആരോഗ്യത്തെ നശിപ്പിച്ചുകൊണ്ടിരുന്നു. പക്ഷേ, അത്‌ ഇവരുടെ മനസ്സിനെ ഒട്ടും ക്ഷീണിപ്പിച്ചില്ല. ക്ഷയരോഗം ബാധിച്ചതിനാൽ വൈദ്യസഹായത്തിനുവേണ്ടി വിന്‍ചെസ്റ്ററിലേക്കു താമസം മാറ്റി. തൂലിക പിടിക്കുവാന്‍ ശക്തിയുണ്ടായിരുന്നതുവരെ ഇവർ സാഹിത്യരചന തുടർന്നുപോന്നു.

ജെയ്‌ന്‍ ഓസ്റ്റിന്റെ പ്രസിദ്ധനോവലുകള്‍ പ്രഡ്‌ ആന്‍ഡ്‌ പ്രജൂഡിസ്‌ (1813), സെന്‍സ്‌ ആന്‍ഡ്‌ സെന്‍സിബിലിറ്റി (1811), നോർത്തെയിന്‍ജർ ആബി (1818), മാന്‍സ്‌ഫീൽഡ്‌ പാർക്ക്‌ (1814), എമ്മ (1816), പെർസ്വേഷന്‍ (1818) എന്നിവയാണ്‌. ലോകപരിചയം ഇവർക്ക്‌ ഏറ്റവും പരിമിതമായിരുന്നു. സമൂഹത്തിലെ മധ്യവർഗക്കാരെയും ഉപരിമധ്യവർഗക്കാരെയും മാത്രമേ ഇവർക്കു പരിചയമുണ്ടായിരുന്നുള്ളു. പ്രഭുക്കന്മാരും ദരിദ്രന്മാരും ജെയ്‌നിന്റെ നോവലുകളിൽ വളരെ വിരളമായിട്ടേ അവതരിപ്പിക്കപ്പെട്ടിട്ടുള്ളു. ഇംഗ്ലണ്ടിനുപുറത്തൊരു ലോകം ജെയ്‌നിനു അജ്ഞാതമായിരുന്നു-ഇംഗ്ലണ്ടിന്റെ വടക്കന്‍ പ്രദേശങ്ങള്‍പോലും ഇവർക്കു സുപരിചിതമായിരുന്നില്ല. ഇത്ര ഒതുങ്ങിയ ഒരു ജീവിതം നയിച്ച എഴുത്തുകാർ വിരളമാണ്‌. ഇവരുടെ കഥകളിൽ ക്ഷോഭിപ്പിക്കുന്ന സംഭവങ്ങള്‍ ഒന്നുംതന്നെ ഇല്ല. എന്നാൽ നിസ്സാരകാര്യങ്ങള്‍ ഇവർക്കു ഗൗരവതരങ്ങളായി തോന്നുകയും വായനക്കാരിൽ അപ്രകാരം ഒരു പ്രതീതി ഇവർ ജനിപ്പിക്കുകയും ചെയ്യുന്നു. ഇതാണ്‌ ഇവരുടെ കൃതികളുടെ ഒരു പ്രത്യേകത. നമ്മള്‍ ഇവരെ പൂർണമായി വിശ്വസിക്കുന്നു. എല്ലാ സംഗതികളും നാം ഇവരുടെ കണ്ണുകളിൽക്കൂടി കാണുന്നു-നാം ഇവരുടെ ധാർമിക സംഹിതയെ ചോദ്യം ചെയ്യാതെ സ്വീകരിക്കുന്നു.

എല്ലാ നോവലുകളിലും ചെറുപ്പക്കാരായ പുരുഷന്മാർക്കും സ്‌ത്രീകള്‍ക്കും യോജിച്ച വധൂവരന്മാരെ കണ്ടുപിടിക്കുക എന്നതാണ്‌ പ്രധാനപ്രശ്‌നം-പലപ്പോഴും വായനക്കാർ ഉദ്ദേശിക്കാത്ത വിവാഹങ്ങളിലാണ്‌ കഥ പര്യവസാനിക്കുക. 1817 ജൂല. 17-ന്‌ നാൽപ്പത്തിരണ്ടാമത്തെ വയസ്സിൽ അന്തരിച്ചു.

(ഡോ. കെ.പി.കെ. മേനോന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍