This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഓസിയേറ്റ്‌സ്‌കി, കാള്‍ ഫൊണ്‍ (1889 - 1938)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഓസിയേറ്റ്‌സ്‌കി, കാള്‍ ഫൊണ്‍ (1889 - 1938)
Ossietsky Carl Von
ജർമന്‍ പത്രപ്രവർത്തകനും സമാധാനവാദിയും 1935-ലെ നോബൽസമ്മാനജേതാവും. ഒരു ജർമന്‍ സൈനിക ഉദ്യോഗസ്ഥന്റെ പുത്രനായി 1889 ഒ. 3-ന് ഹാംബുർഗിൽ ഓസിയേറ്റ്‌സ്‌കി (ഒസ്സീറ്റ്‌സ്‌കി) ജനിച്ചു. 1912-ൽ ജർമന്‍ സമാധാന സംഘടനയിൽ അംഗമായെങ്കിലും പിന്നീട് സൈന്യത്തിൽ ചേരേണ്ടിവന്നു. ഒന്നാംലോകയുദ്ധകാലം മുഴുവന്‍ ആ സേവനം തുടർന്നു. 1920-ൽ ജർമന്‍ സമാധാന സംഘടനയുടെ കാര്യദർശിയായ ഇദ്ദേഹം രണ്ടുവർഷം കഴിഞ്ഞ് "നീ വീഡെർ ക്രീഗ്' എന്ന സംഘടന രൂപവത്‌കരിച്ചു. കുറച്ചുകാലം ബെർലീ നെർ ഫോള്‍ക്ക് സൈറ്റുങ് എന്ന ദിനപത്രത്തിന്റെ അസോസിയേറ്റ് എഡിറ്ററായിരുന്നു. 1927-ൽ ഇദ്ദേഹം ഒരു ഇടതുപക്ഷ വാരികയായ വെൽറ്റ് ബ്യൂണെ(Welt Buhne)യുടെ പത്രാധിപരായി. രാജ്യത്തിന്റെ രഹസ്യസായുധനീക്കങ്ങളെക്കുറിച്ചുള്ള ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചതിനെത്തുടർന്ന് ഇദ്ദേഹത്തെ രാജ്യദ്രാഹക്കുറ്റം ചുമത്തി ജയിലിലടച്ചു (1931 ന.). 18 മാസത്തേക്കാണ് തടവുശിക്ഷ വിധിച്ചതെങ്കിലും 1932 ഫെബ്രുവരിയിൽ മാപ്പുനല്‌കി വിട്ടയച്ചു. ഓസിയേറ്റ്‌സ്‌കി വീണ്ടും വാരികയുടെ പത്രാധിപസ്ഥാനം ഏറ്റെടുത്തു. 1933 ഫെ. 28-ന് ഇദ്ദേഹത്തെ വീണ്ടും അറസ്റ്റുചെയ്‌ത് പേപന്‍ബുർഗ് കോണ്‍സെന്‍ട്രഷന്‍ ക്യാമ്പിൽ പാർപ്പിച്ചു. ക്ഷയരോഗബാധിതനായി ജയിലിൽ കിടക്കുമ്പോഴാണ് 1935-ലെ സമാധാനത്തിലുള്ള നോബൽസമ്മാനം ഇദ്ദേഹത്തിനു നല്‌കപ്പെട്ടത് (1936 ന. 24). ഇത് ഹിറ്റ്‌ലറെ രോഷാകുലനാക്കി. ഭാവിയിൽ ഒരു നോബൽസമ്മാനവും ജർമന്‍കാർ വാങ്ങാന്‍ പാടില്ലെന്ന് ഹിറ്റ്‌ലർ ശാസനം പുറപ്പെടുവിച്ചു (1937 ജനു. 30). ബെർലിനിലെ ജയിൽ ആശുപത്രിയിൽ 1938 മേയ് 4-ന് ഓസിയേറ്റ്‌സ്‌കി അന്തരിച്ചു. 1963-ൽ ഈസ്റ്റ് ജർമന്‍ ടെലിവിഷന്‍ ഇദ്ദേഹത്തെക്കുറിച്ച് ഒരു ചലച്ചിത്രം നിർമിച്ചു. 1991-ൽ യൂണിവേഴ്‌സിറ്റി ഒഫ് ഓള്‍സന്‍ബർഗിന് ഇദ്ദേഹത്തിന്റെ പേര് നൽകുകയുണ്ടായി.