This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഓളിഗോക്കീറ്റ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

09:30, 6 ജൂലൈ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ഓളിഗോക്കീറ്റ

Oligochaeta

മണ്ണിര

മണ്ണെരകള്‍ ഉള്‍പ്പെടുന്ന വർഗം. മണ്ണെരയുടെ നീണ്ടതും ഗോളസ്‌തംഭാകൃതിയുള്ളതുമായ ശരീരം അനേകം "വലയ'ങ്ങളാൽ ആണ്‌ രൂപീകൃതമായിട്ടുള്ളത്‌. ഓരോ വലയത്തിലും ദൃഢതയുള്ളതും രോമസദൃശവുമായ "കീറ്റ'കള്‍ (chaeta) കാണപ്പെടുന്നു. ത്വക്കിൽനിന്ന്‌ ഓരോ കീറ്റയും പ്രത്യേകം പ്രത്യേകമായാണ്‌ ജന്മമെടുക്കുന്നത്‌. പോളിക്കീറ്റ വർഗത്തിലെ അംഗങ്ങളിൽ കാണുന്നതുപോലെ ചലനാവയവങ്ങളായ പാരപ്പോഡിയകള്‍ ഇവയിൽ ഉണ്ടാകാറില്ല. പ്രത്യുത സ്വതന്ത്രമായ ഓരോ കീറ്റയും ചലനത്തിനു സഹായിക്കുന്നു.

മണ്ണുതുരക്കാന്‍ പറ്റിയതരത്തിൽ "കോണ്‍'-ആകൃതിയുള്ളതും ഉപാംഗങ്ങള്‍ ഇല്ലാത്തതുമായ ഒരു ചെറുഖണ്ഡമാണ്‌ ശരീരത്തിലെ പ്രഥമവലയമായ പ്രാസ്റ്റോമിയം. വ്യത്യസ്‌തസാഹചര്യങ്ങളിൽ കഴിയുന്ന ഓളിഗോക്കീറ്റുകളിൽ ഈ ഖണ്ഡത്തിന്റെ ഘടന അപൂർവമായി വ്യത്യസ്‌തമാകാറുണ്ട്‌. മണ്ണിൽ കഴിയുന്ന മണ്ണെരയിലാണ്‌ മേല്‌പറഞ്ഞ തരത്തിലുള്ള ഒരു പ്രാസ്റ്റോമിയം കാണാന്‍ കഴിയുന്നത്‌. ശുദ്ധജലജീവികളായ ഓളിഗോക്കീറ്റുകളിൽ ധാരാളം കീറ്റകളും ഉപാംഗങ്ങളും ഉള്ള ഒരു പ്രാസ്റ്റോമിയമാണുള്ളത്‌.

ശരീരത്തിന്റെ ആന്തരികഘടന എല്ലാ ഓളിഗോക്കീറ്റുകളിലും ഏതാണ്ടൊരുപോലെയായിരിക്കും. ഇവയെല്ലാം ഉഭയലിംഗികളാകുന്നു; പും-സ്‌ത്രീ ബീജങ്ങള്‍ ഒരേ സമയത്തുതന്നെ പാകമാകുകയും ചെയ്യും. എന്നാൽ ഇവയിൽ സ്വ-സേകം (self-fertilization) തടയുന്നതിനാവശ്യമായ മുന്‍കരുതലുകള്‍ പ്രകൃതിതന്നെ എടുത്തിട്ടുള്ളതായി കാണാം. ജനനഗ്രന്ഥികള്‍ (gonads)രണ്ടും തമ്മിലകന്ന രണ്ടു ഖണ്ഡങ്ങളിലായി കാണപ്പെടുന്നു എന്നതാണ്‌ ഇവയിൽ ഒന്നാമത്തേത്‌; ഇണചേരലിന്റെ പ്രത്യേകത രണ്ടാമത്തേതും.

ഈ വർഗത്തിലെ സ്‌പീഷീസുകള്‍ മിക്കവാറും എല്ലാം തന്നെ മണ്ണിലോ ശുദ്ധജലത്തിലോ കഴിയുന്നവയാണ്‌. ഇവയുടെ ശരീരഖണ്ഡങ്ങള്‍ എല്ലാം സദൃശങ്ങളുമാണ്‌. വളരെ ലളിതമായ ശരീരഘടനയുള്ള ഇവയിൽ ഒരു തരത്തിലുള്ള ഉപാംഗവും (cirri, palpi, tentacles, parapodia)കാണാനില്ല. ഇവയുടെ കീറ്റകള്‍ ഒന്നുകിൽ ക്രമമായോ, അല്ലെങ്കിൽ ഓരോ ഖണ്ഡത്തിലും നാലു കൂട്ടങ്ങളായോ ആണ്‌ കാണപ്പെടുന്നത്‌. ഈ ജീവികള്‍ക്ക്‌ കണ്ണ്‌ ഉണ്ടാകാറില്ല. കുഞ്ഞുങ്ങളുടെ വളർച്ചയുടെ ഒരു ഘട്ടത്തിലും കായാന്തരണവും(metamorphosis) കാണ്‍മാനില്ല. ഓളിഗോക്കീറ്റുകളുടെ ശരീരത്തിൽ ചില പ്രത്യേകഖണ്ഡങ്ങള്‍ ഗ്രന്ഥില(glandular)മായിത്തീരുന്നതിനാൽ അവ ശരീരത്തെ ചുറ്റി ഒരു "പട്ട'(girdle)പോലെയായിത്തീരുന്നു. "ക്ലൈറ്റലം' എന്നുപേരുള്ള ഈ ഭാഗത്തുനിന്ന്‌ ഊറിവരുന്ന ഒരു സ്രവത്തിൽനിന്നാണ്‌ മുട്ടകളുടെ രക്ഷാകവചമായ "കൊക്കൂണ്‍' രൂപംകൊള്ളുന്നത്‌. വിരിയുന്നതുവരെ മുട്ട ഇതിനുള്ളിൽ തന്നെയായിരിക്കും.

ജലത്തിൽ കാണുന്നവയും പരജീവികളുമായ ഓളിഗോക്കീറ്റ്‌ സ്‌പീഷീസുകളെ ലിമിക്കോള (Microdrile) വിഭാഗത്തിലും, കരയിൽ കാണുന്നവയെ റ്റെറിക്കോള (Macrodrile) വിഭാഗത്തിലും ഉള്‍പ്പെടുത്തിയിരിക്കുന്നു. ഇതിൽ ജലജീവികള്‍ കൂടുതലും അതിസൂക്ഷ്‌മങ്ങളായിരിക്കും. പരജീവികളെ ബ്രാങ്കിയോബ്‌ഡെല്ലിഡേ (Branchiobdellidae)കുടുംബത്തിലാണ്‌ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌. ഈ കുടുംബത്തിലെ അംഗങ്ങള്‍ ചിറ്റക്കൊഞ്ചുകളിൽ(Cray fishes) "സഹഭോജി പരാദ'ങ്ങളായി കഴിയുന്നു. ഇവയ്‌ക്ക്‌ അട്ട (leech)കളുമായി ആകാരസാദൃശ്യവുമുണ്ട്‌.

അപൂർവമായി ചില മണ്ണെരകളും മറ്റ്‌ ഓളിഗോക്കീറ്റുകളും വൃക്ഷനിവാസികളാണ്‌. ഇലകളുടെയും തണ്ടിന്റെയും മറ്റും കടയ്‌ക്കൽ അടിഞ്ഞുകൂടുന്ന അഴുക്കിലും വെള്ളത്തിലുമാണ്‌ ഇവ കാലം കഴിക്കുന്നത്‌. "കർഷകബന്ധു' എന്ന്‌ അപരനാമമുള്ള മണ്ണെരകള്‍ മണ്ണിനുചെയ്യുന്ന ഗുണങ്ങളെപ്പറ്റി ചാള്‍സ്‌ ഡാർവിന്‍ തുടങ്ങി പലരും പ്രകീർത്തിച്ചിട്ടുണ്ട്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍