This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഓറോണ്ടസ് നദി
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഓറോണ്ടസ് നദി
Orontes River
ദക്ഷിണ പശ്ചിമ-ഏഷ്യയിലെ ഒരു നദി. ലെബനനിൽ പ്രാചീന ഹീലിയോപോലിസിനടുത്തുള്ള ബക്കാ താഴ്വരയിൽ ഉദ്ഭവിച്ചൊഴുകുന്ന ഈ നദി സിറിയ, തുർക്കി എന്നീ രാജ്യങ്ങളിലൂടെ മെഡിറ്ററേനിയന്‍ കടലിൽ പതിക്കുന്നു. നീളം 320 കി.മീ. പ്രഭവസ്ഥാനത്തു നിന്ന് വളഞ്ഞും പുളഞ്ഞും വടക്കോട്ടൊഴുകുന്ന ഈ നദി ലെബനന്, ആന്റിലെബനന് എന്നീ മലനിരകള്‍ക്കിടയിലുള്ള ചുരം വഴി സിറിയയിലേക്കു കടക്കുന്നു. ഈ നദീമാർഗത്തിലാണ് ക്വാത്തീന്(ഹോംസ്) തടാകം. തുടർന്ന് ആലെപ്പോ-അന്ത്യോഖ്യാ സമതലം കുറുകേ മുറിച്ചുകടന്ന് തുർക്കി-സിറിയാ അതിർത്തിയിലൂടെ ഒഴുകുന്നു. അതിനുശേഷം തുർക്കിക്കുള്ളിൽ കടന്ന് തെക്കോട്ടും പടിഞ്ഞാറോട്ടുമായി 64 കി.മീ. ഒഴുകി മധ്യധരണ്യാഴിയിൽ പതിക്കുന്നു.
സിറിയയിലെ ഓറോണ്ടസ് തടം ഫലഭൂയിഷ്ഠമായ കാർഷികമേഖലയാണ്. ഗോതമ്പ്, മില്ലറ്റ് തുടങ്ങിയ ധാന്യങ്ങളുടെ കലവറയാണ് ഇവിടം. നദീതീരത്തെ ചതുപ്പുകളിൽ സമൃദ്ധമായി വളരുന്ന ലിക്കോറിബ് ചെടിയുടെ കിഴങ്ങ് സമ്പത്പ്രധാനമായ ഒരു കയറ്റുമതിച്ചരക്കാണ്. സിറിയയിലെ പ്രധാനനഗരങ്ങളിൽ രണ്ടെണ്ണം ഈ നദീതീരത്താണ് സ്ഥിതിചെയ്യുന്നത്. ഇവയിൽ ആദ്യത്തേതായ ഹോംബ് ഒരു ഗതാഗതകേന്ദ്രമാണ്. രണ്ടാമത്തെ നഗരമായ ഹാമ പ്രാക്കാല ഹിറ്റൈറ്റ് അധിവാസങ്ങളുടെ അവശിഷ്ടങ്ങള്‍ ഉള്‍ക്കൊള്ളുന്നു. ജലസേചനാർഥം നദിയിലെ വെള്ളം കുതിപ്പിച്ചൊഴുക്കുന്നതിന് ഉപയോഗിക്കപ്പെട്ടുപോന്ന ഭീമാകാരങ്ങളായ ചക്രങ്ങള്‍ ഇവിടെക്കാണാം; ഇവയിൽ ചിലതിന് 90 മീറ്ററിലേറെ വ്യാസമുണ്ട്. തുർക്കിയിലെ അന്ത്യോഖ്യാപട്ടണവും ഈ നദിക്കരയിലാണ്. മുന്‍കാലത്ത് ഒരു തുറമുഖമായിരുന്ന അന്ത്യോഖ്യ ഇപ്പോള്‍ വളരെ ഉള്ളിലായാണു സ്ഥിതിചെയ്യുന്നത്.