This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഓണത്തല്ല്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

10:28, 23 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ഓണത്തല്ല്‌

ഓണത്തല്ല്‌

കേരളത്തിൽ ഓണാഘോഷങ്ങളുടെ ഭാഗമായി നടത്തിവരുന്ന ആയോധനപ്രധാനമായ ഒരു നാടന്‍വിനോദം. കേരളത്തിന്റെ ആയോധനപാരമ്പര്യത്തെ വിളിച്ചറിയിക്കുന്ന ഓണത്തല്ല്‌, കയ്യാങ്കളി, തല്ല്‌, ഓണപ്പട എന്നീ പേരുകളിലും അറിയപ്പെടുന്നു. വടക്കേ മലബാറിലാണ്‌ ഓണത്തല്ലിന്‌ പ്രാധാന്യം. ദക്ഷിണകേരളത്തിൽ ഓണാട്ടുകര പ്രദേശങ്ങളിലും ഇടനാടന്‍ പ്രദേശങ്ങളിലുള്ള ചില ഗ്രാമങ്ങളിലും അടുത്തകാലംവരെ ഓണത്തല്ല്‌ നടത്തിവന്നിരുന്നു. കളത്തിന്‌ മേലുകീഴ്‌ എട്ട്‌ മീ. വരെയും, വശത്തോടുവശം 14 മീ. വരെയും ദൈർഘ്യമുണ്ടായിരിക്കും. ചാണകംകൊണ്ടു മെഴുകി മിനുസപ്പെടുത്തിയിട്ടുള്ള കളത്തിന്റെ രണ്ടു വശത്ത്‌ തല്ലുകാർ അഭിമുഖമായി അണിനിരക്കുന്നു. ഉടുമുണ്ട്‌ തറ്റുടുത്തും രണ്ടാംമുണ്ട്‌ അരയിൽ മുറുക്കി കെട്ടിയുമാണ്‌ തല്ലിന്‌ ഇറങ്ങുന്നത്‌. തല്ല്‌ ആരംഭിക്കുന്നതിന്‌ മുമ്പ്‌ ഇരുചേരികളായി അണിനിരന്നുനില്‌ക്കുന്നവർ സ്വയം തോളിലും കാലിലും തൊട്ട്‌ തലയിൽവച്ച്‌ അഭിവാദനം നടത്തി തയ്യാറെടുക്കും. പിന്നീട്‌ ഗുരുവന്ദനമാണ്‌. അതിനുശേഷം ഒരു വിഭാഗത്തിൽപ്പെട്ട തല്ലുകാരിൽ ഒരാള്‍ കളത്തിലേക്കിറങ്ങുന്നു. ആർപ്പുവിളിയും ചാട്ടവും കഴിഞ്ഞശേഷം എതിർകക്ഷിയെ പോരിന്‌ വിളിക്കുന്നു. തത്സമയം പ്രായത്തിലും കാഴ്‌ചയിലും അയാള്‍ക്ക്‌ തുല്യനായുള്ള ഒരാള്‍ എതിർകക്ഷിയിൽനിന്ന്‌ അട്ടഹാസത്തോടും ആർപ്പുവിളിയോടുംകൂടി കളത്തിലേക്കിറങ്ങുന്നു. തുടർന്ന്‌ നിശ്ചിതക്രമത്തിലും നിയമാനുസൃതമായും ഇരുവരും തല്ല്‌ ആരംഭിക്കുന്നു. തല്ലുകാരെ നിയന്ത്രിക്കുന്നതിനായി "ചാതിക്കാർ' എന്ന പേരിലറിയപ്പെടുന്ന വ്യക്തികള്‍ രണ്ടു ചേരിയിലും ഉണ്ടായിരിക്കും.

ഓണത്തല്ലിൽ പങ്കെടുക്കുന്നവർ ചില നിയമങ്ങള്‍ അവശ്യം പാലിക്കേണ്ടതായുണ്ട്‌. അവർ കൈ നിവർത്തി, കൈത്തലം പരത്തി മാത്രമേ അടിക്കുവാന്‍ പാടുള്ളു. ചുരുട്ടി ഇടിക്കുക, കാലുവാരുക, കെട്ടിപ്പിടിക്കുക തുടങ്ങിയ രീതികള്‍ നിയമവിരുദ്ധങ്ങളാണ്‌. ഓതിരം, കടകം, മാറോതിരം, തട്ട്‌ മുതലായ അഭ്യാസമുറകളിൽ പരിശീലനവും, തഴക്കവും സിദ്ധിച്ചിട്ടുള്ള വ്യക്തികള്‍ക്കു മാത്രമേ ഈ കളിയിൽ വിജയം കൈവരിക്കുവാന്‍ സാധിക്കുകയുള്ളു. കാവശ്ശേരി ഗോപാലന്‍ നായർ, കടമ്പൂർ അച്ചുമൂർത്താന്‍ എന്നിവരാണ്‌ ഓണത്തല്ലുകാർക്കിടയിൽ പ്രസിദ്ധർ.

ഓണത്തല്ല്‌, ദിവസം നാലഞ്ചുമണിക്കൂറുകള്‍ വീതം നാലഞ്ചു ദിവസങ്ങളിലായിട്ടാണ്‌ നടത്താറുള്ളത്‌. ഏ.ഡി. രണ്ടാം ശതകത്തിൽ രചിക്കപ്പെട്ട സംഘംകൃതികളിൽപ്പെട്ട മതുരൈ കാഞ്ചിയിൽ മാങ്കുടി മരുതനാർ ഓണത്തല്ലിനെക്കുറിച്ച്‌ വിശദമായി പ്രതിപാദിച്ചുകാണുന്നു. ഇതിൽനിന്നും കേരളത്തിന്‌ പുറത്തും ഓണത്തല്ല്‌ നടത്തിവന്നിരുന്നതായി ഊഹിക്കേണ്ടിയിരിക്കുന്നു.

കുറുമ്പ്രനാട്ടു താലൂക്കിലും, കുന്നങ്കുളത്തും നടത്തിവരാറുള്ള ഓണത്തല്ല്‌ വളരെ പ്രസിദ്ധമാണ്‌. ഒരു ദ്വന്ദ്വയുദ്ധത്തിന്റെ പ്രതീതിയാണ്‌ ഇവിടത്തെ ഓണത്തല്ലിൽ ദൃശ്യമാകുന്നത്‌. ഇതിൽ വിജയിക്കുന്നവർക്ക്‌ ഓണപ്പുടവ സമ്മാനമായി നല്‌കപ്പെടുന്നു. കളരിപ്പയറ്റിലെ ആയോധനമുറകളുടെ സവിശേഷതയെയും മാഹാത്മ്യത്തെയുമാണ്‌ ഓണത്തല്ല്‌ എടുത്തുകാണിക്കുന്നത്‌. നോ. ഓണം

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍