This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഓട്‌സ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

10:27, 23 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ഓട്‌സ്‌

Oats

പുല്ലുകളുടെ കുടുംബമായ പോയേസീ (Poaceae) യിലെ അവീനാ (Avena) ജീനസ്സിൽപ്പെട്ട ഒരിനം ചെടിയും അതിന്റെ വിത്തുകളും. ഏകവർഷിയായ ഇത്‌ കൃഷിചെയ്യപ്പെടുന്ന ഒരു ഭക്ഷ്യധാന്യവിള എന്ന നിലയിൽ വളരെ പ്രാധാന്യമർഹിക്കുന്നു. മിതോഷ്‌ണമേഖലാപ്രദേശങ്ങളിൽ, മനുഷ്യനും മൃഗത്തിനും ഒരുപോലെ ഭക്ഷണമായിത്തീരുന്ന ഒരു കാർഷികവിളയാണിത്‌. അപൂർവമായി ചിരസ്ഥായികളായ ഇനങ്ങളും ഇക്കൂട്ടത്തിലുണ്ടാകും. യൂറോപ്പിന്റെ കിഴക്കുഭാഗങ്ങളായിരിക്കണം ഓട്‌സിന്റെ ജന്മദേശം. ഉദ്ദേശം 4,000 വർഷങ്ങളായി ഇത്‌ കൃഷിചെയ്യപ്പെട്ടുവരുന്നതായാണ്‌ കണക്കാക്കപ്പെട്ടിട്ടുള്ളത്‌. ചരിത്രത്തിൽ, ആദ്യമായി ഇത്‌ ഭക്ഷണത്തിനുപയോഗിച്ചവർ പ്ലിനിയുടെ കാലത്തെ ജർമന്‍കാർ (ഒന്നാം ശ.) ആയിരുന്നു.

തണുത്ത കാലാവസ്ഥയിലാണ്‌ ഓട്‌സ്‌ ഏറ്റവും നന്നായി വളരുന്നത്‌. അവീനാ സറ്റൈവ എന്ന ശാസ്‌ത്രനാമമുള്ള സാധാരണ ഓട്‌സ്‌ അ. ഫാച്ചുവ എന്ന കാട്ടിനത്തിൽനിന്ന്‌ രൂപംകൊണ്ടതാകണം എന്നു കരുതപ്പെടുന്നു. "കള'കളായി കരുതപ്പെട്ടിരുന്ന ഈ കാട്ടിനം ഒന്നാന്തരമൊരു കാലിത്തീറ്റയാണ്‌. കാലിഫോർണിയയിൽ ഇത്‌ വന്‍തോതിൽ കൃഷി ചെയ്‌തുവരുന്നു. "ടാർട്ടേറിയന്‍' ഓട്ട്‌ അഥവാ "സൈഡ്‌' ഓട്ട്‌ എന്നുപേരുള്ള അവീനാ ഓറിയന്റാലിസ്‌ പ്രാധാന്യത്തിൽ രണ്ടാം സ്ഥാനത്തുനില്‌ക്കുന്നു. "റെഡ്‌' ഓട്ട്‌ (A. byzantina) എന്നയിനം ചുവന്ന കാട്ടിന(A. sterilis)ത്തിൽ നിന്നുമുദ്‌ഭവിച്ചു എന്നാണ്‌ വിശ്വസിക്കപ്പെടുന്നത്‌. "ബ്രിസിൽ-പോയിന്റഡ്‌' ഓട്ട്‌ (A. strigosa) അ. ഫാച്ചുവയെപ്പോലെ ഒരു കളയിനമായി കരുതപ്പെടുന്നുവെങ്കിലും ഈ ഇനവും കാലിത്തീറ്റയായി കൃഷി ചെയ്യപ്പെടാറുണ്ട്‌. "ഷോർട്ട്‌' ഓട്ട്‌ (A. brevis) എന്നയിനത്തിന്റെ തണ്ട്‌ കുറുകിയതും വിത്തുകള്‍ ചെറുതുമാകുന്നു. പ്രതികൂലസാഹചര്യങ്ങളെ ചെറുത്തുനില്‌ക്കാന്‍ കഴിവുള്ള ഇത്‌ ഉയരം ഏറെയുള്ള പ്രദേശങ്ങളിലാണ്‌ കൃഷി ചെയ്യപ്പെടുന്നത്‌. മറ്റിനങ്ങള്‍ ശരിയായി വളരാത്തയിടങ്ങളിലും ഇത്‌ കൃഷിചെയ്യപ്പെടാറുണ്ട്‌. ഷോർട്ട്‌ ഓട്‌സ്‌ ഒഴിച്ച്‌ മറ്റെല്ലായിനങ്ങളുടെയും കൃഷി വസന്തകാലത്തോടെ ആരംഭിക്കുന്നു; ഈ ഒരിനത്തിന്റേതുമാത്രം ശീതകാലത്തും. ശരിയായി ഈർപ്പമുള്ള ഏതുതരം മണ്ണിലും ഓട്‌സ്‌ വളരും. എന്നാൽ ഉഷ്‌ണരാജ്യങ്ങളിൽ ഓട്‌സ്‌-കൃഷി പൊതുവേ പ്രയാസമാകുന്നു. തണുത്ത കാലാവസ്ഥയിൽ, കൃഷിയാരംഭിച്ചു മൂന്നുമാസത്തിനുള്ളിൽ വിളവെടുക്കാറാകുകയാണ്‌ പതിവ്‌.

സംസ്‌കരിച്ച ഓട്‌സ്‌

ഉത്തരമേഖലകളിലെ പ്രധാന ധാന്യാഹാരങ്ങളിൽ പ്രഥമ സ്ഥാനം ഓട്‌സിനാണെന്നുപറയാം. ലോകത്തെ മൊത്തം ഓട്‌സുത്‌പാദനം 4-5 ആയിരംകോടി "ബുഷൽ' (1 ബുഷൽ=8 ഗ്യാലന്‍) ആണ്‌. യു.എസ്സും, റഷ്യയും ആണ്‌ ഓട്‌സുത്‌പാദനത്തിൽ മുന്‍പന്തിയിൽ നില്‌ക്കുന്ന രാജ്യങ്ങള്‍. 13-ാം ശ. മുതല്‌ക്ക്‌ ഇംഗ്ലണ്ടിലും, അതിനും വളരെ മുമ്പുമുതൽ ജർമനിയിലും ഇത്‌ കൃഷി ചെയ്യപ്പെട്ടിരുന്നതായി വിശ്വസിക്കപ്പെടുന്നു. ബാർലിയെയും വരകി(rye)നെയുംകാള്‍ കൂടുതലായി ഇന്ന്‌ കൃഷിചെയ്യപ്പെടുന്നത്‌ ഓട്‌സാണ്‌, ഓട്‌സ്‌ ആസ്റ്റ്രലിയ, ന്യൂസിലന്‍ഡ്‌, സ്‌കോട്‌ലന്‍ഡ്‌, സ്വീഡന്‍, ഫിന്‍ലന്‍ഡ്‌ എന്നിവിടങ്ങളിലും സാമാന്യം വലിയ തോതിൽ കൃഷിചെയ്യപ്പെടുന്നുണ്ട്‌. വിളവു വർധിപ്പിക്കുന്നതിനായി ഇന്ന്‌ പല പുതിയ ഇനങ്ങളും വികസിപ്പിച്ചെടുത്തിരിക്കുന്നു. താരതമ്യേന ചൂടുകൂടിയ സ്ഥലങ്ങളിൽ വളരുന്ന ഓട്‌സിന്റെ വിത്തുകള്‍ നീണ്ടുനേർത്തതും കട്ടിയേറിയ ഉമിയുള്ളതും ആയിരിക്കും.

വിളപരിവർത്തനത്തിൽ (rotation of crops) ഓട്‌സിന്‌ സുപ്രധാനമായ ഒരു സ്ഥാനമാണുള്ളത്‌. മിക്കവാറും ഏതു വിളയ്‌ക്കുശേഷവും ഇത്‌ കൃഷിചെയ്യാം. നേരിട്ട്‌ വളം ചെയ്യുന്നപക്ഷം ഓട്‌സ്‌ ചെടികള്‍ അമിതമായി വളർന്നുപൊങ്ങും എന്നതിനാൽ വിളപരിവർത്തനത്തിൽ ഉള്‍പ്പെടുത്തി ഇതിന്റെ അമിതമായ വളർച്ച തടയാന്‍ കഴിയും. ഇതിനെ ഒരു "ധാത്രി'വിള (nurse crop) ആയും പലപ്പോഴും കൃഷി ചെയ്യാറുണ്ട്‌. കുറച്ചു വളർന്നുപൊങ്ങിയ ഓട്‌സ്‌ തൈകള്‍, അതിനുശേഷം വളർന്നുതുടങ്ങുന്ന മറ്റു ചെടികളുടെ തൈകള്‍ക്ക്‌ (clover and grass seedlings)വെയിലിലും കാറ്റിലുംനിന്ന്‌ സംരക്ഷണം നല്‌കുന്നു.

നീണ്ട്‌, നിവർന്നുനില്‌ക്കുന്ന തണ്ടുകളിൽ കൂട്ടംകൂട്ടമായാണ്‌ ഓട്‌സ്‌ മണികള്‍ പ്രത്യക്ഷപ്പെടുന്നത്‌. ഓരോ തണ്ടിലും രണ്ടോ മൂന്നോ മണികളുണ്ടാവും. ഈ മണികള്‍ ചെറുതും കടലാസുപോലെയുള്ളതുമായ നീണ്ട ഇലകളാൽ ഭാഗികമായി ആവൃതമായിരിക്കും. പോഷകഗുണമുള്ള ധാന്യമണി രണ്ട്‌ ഉമികള്‍ക്കുള്ളിലായി കാണപ്പെടുന്നു. ചിലയിനങ്ങളിൽ ഈ ഉമിയിൽനിന്ന്‌ ചെറുലോമങ്ങള്‍ പുറപ്പെടുന്നതുകാണാം. "ഓട്ട്‌മീൽ' എന്ന രൂപത്തിലാണ്‌ മനുഷ്യന്‍ ഓട്‌സ്‌ ഏറ്റവുമധികം കഴിക്കുന്നത്‌. ഉമി നീക്കംചെയ്‌ത ധാന്യമണി ചതച്ചെടുക്കുന്നതാണ്‌ ഓട്ട്‌മീൽ. പോറിജ്‌ (പാൽക്കഞ്ഞി), ഓട്ട്‌കേക്ക്‌, സ്‌കോണ്‍ (ഒരുതരം "റ്റീ' കേക്ക്‌) എന്നിങ്ങനെ വിവിധതരത്തിൽ ഇത്‌ പാകം ചെയ്‌തെടുക്കാം. ഗോതമ്പുമാവുകൊണ്ടുണ്ടാക്കുന്ന റൊട്ടിയുടെ സ്ഥാനം ആദ്യകാലത്ത്‌ കൈയടക്കിയ ഓട്‌സ്‌ ഇന്ന്‌ ഉത്തരമേഖലാ രാജ്യങ്ങളിലെ ആളുകളുടെ പ്രധാന ഭക്ഷ്യവസ്‌തുവായി തീർന്നിരിക്കുന്നു.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%93%E0%B4%9F%E0%B5%8D%E2%80%8C%E0%B4%B8%E0%B5%8D%E2%80%8C" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍