This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കുഞ്ഞാലി മരയ്‌ക്കാന്മാർ
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
കുഞ്ഞാലി മരയ്‌ക്കാന്മാര്‍
കോഴിക്കോട്ടു സാമൂതിരിയുടെ നാവികപ്പടയുടെ തലവന്മാര്‍.
മരയ്‌ക്കാന്മാരുടെ ആദ്യകാല ചരിത്രത്തെപ്പറ്റി പല അഭിപ്രായങ്ങളുമുണ്ട്. ഇവര്‍ പന്തലായനിക്കാരാണെന്ന് ലോഗന്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. പന്തലായനിയില്‍ മുസ്‌ലിം കൂടുംബങ്ങള്‍ക്ക് നേരെയുണ്ടായ ആക്രമണത്തെത്തുടര്‍ന്ന് ഇവര്‍ തിക്കൊടിയിലേക്കും പിന്നീട് മുരാട് (കുറ്റ്യാടി) നദീമുഖത്തുള്ള കോട്ടയ്‌ക്കലിലേക്കും താമസം മാറ്റി. സാമൂതിരിയാണ് ഇവര്‍ക്ക് കുഞ്ഞാലിമരയ്‌ക്കാര്‍ എന്ന സ്ഥാനപ്പേര് നല്‌കിയത്. കുഞ്ഞിഎന്ന വാക്കിന് യുവാവ് എന്നര്‍ഥം. അലി, പ്രവാചകന്റെ മരുമകനും ഖലീഫയുമായിരുന്ന അലിയെ അനുസ്‌മരിപ്പിക്കുന്നു. പ്രിയപ്പെട്ടവന്‍ എന്ന അര്‍ഥത്തില്‍ സാമൂതിരി നല്‌കിയ, സ്ഥാനപ്പേരാണ് കുഞ്ഞാലി എന്ന് കരുതുന്ന ചരിത്രകാരന്മാരും ഉണ്ട്. ഒ.കെ. നമ്പ്യാര്‍ അഭിപ്രായപ്പെടുന്നത് കൊച്ചിയിലെ മുഹമ്മദ് എന്ന വര്‍ത്തകപ്രമാണിയുടെ പിന്‍തുടര്‍ച്ചക്കാരാണ് കുഞ്ഞാലിമരയ്‌ക്കാന്മാര്‍ എന്നാണ്. പോര്‍ച്ചുഗീസ് കടല്‍ ക്കള്ളന്മാരുടെ അക്രമം അസഹനീയമായപ്പോള്‍ ഇവര്‍ കുടുംബസമേതം പൊന്നാനിയിലേക്ക് താമസം മാറ്റി. നഷ്‌ടപ്പെട്ട പ്രതാപം വീണ്ടെടുക്കുന്നതിനുള്ള ശ്രമത്തിനിടയില്‍ പോര്‍ച്ചുഗീസുകാരുടെ അക്രമങ്ങളും വളര്‍ച്ചയും പരിഗണിച്ചു കോഴിക്കോട്ടു വന്നു സാമൂതിരിയെ സമീപിച്ചവരാണിവര്‍. ചരിത്രകാരനായ കെ.വി. കൃഷ്‌ണയ്യര്‍, കുഞ്ഞാലിമരയ്‌ക്കാന്മാരുടെ ആസ്ഥാനം, പൊന്നാനിയാണെന്ന് അഭിപ്രായപ്പെടുന്നു. പൊന്നാനി ആക്രമിക്കപ്പെട്ടപ്പോള്‍ ഇവര്‍ അലകപ്പുഴയിലേക്ക് പാര്‍പ്പു മാറ്റി. ഇവരുടെ ധൈര്യവും വിശ്വസ്‌തതയും മനസ്സിലാക്കിയ സാമൂതിരിയാണ് ഇവര്‍ക്ക് കുഞ്ഞാലിമരയ്‌ക്കാര്‍ എന്ന സ്ഥാനപ്പേര് നല്‌കിയത്. സാമൂതിരിയുടെ മുമ്പില്‍ ഇവര്‍ക്ക് പടത്തലവന്മാരായ നായന്മാരുടെ പദവിയുണ്ടായിരുന്നു. ചരിത്രകേരളത്തില്‍ പി.എ. സെയ്‌തുമുഹമ്മദ് അഭിപ്രായപ്പെടുന്നത് ഇവര്‍ അറബികളുടെ സന്താനപരമ്പരയില്‍ പ്പെട്ടവരാണെന്നാണ്. പോര്‍ച്ചുഗീസുകാരുടെ ആഗമനത്തിന് മുമ്പ് ഇവര്‍ കൊച്ചിയിലും പൊന്നാനിയിലും കോഴിക്കോട്ടും മലബാറിന്റെ മറ്റു ഭാഗങ്ങളിലും സ്വന്തം കപ്പലുകള്‍ ഏര്‍പ്പെടുത്തി സമുദ്രവ്യാപാരത്തില്‍ വ്യാപൃതരായിരുന്നു. അങ്ങനെ ഇവര്‍ കപ്പലുകളുടെ അധിപന്മാരായി; മരയ്‌ക്കലരയന്മാരായി. മരക്കലരായന്‍ എന്ന പദത്തില്‍ നിന്നാണ് മരയ്‌ക്കാര്‍ പദം ഉദ്‌ഭവിച്ചത് എന്നൊരഭിപ്രായവും നിലവിലുണ്ട്. മരക്കലം "കപ്പലും' രായന്‍ "അധിപനും' ആണ്.
മലബാര്‍ മുസ്‌ലിങ്ങള്‍ക്ക് ആദ്യം വിദേശികളായ മുസ്‌ലിം വ്യാപാരികളോട് മത്സരം ഉണ്ടായിരുന്നു. ഗാമ കോഴിക്കോട് വന്നപ്പോള്‍ നാടന്‍ മുസ്‌ലിം വ്യാപാരികള്‍ പോര്‍ച്ചുഗീസുകാരെ സഹായിക്കുകയാണുണ്ടായത്; പക്ഷേ പോര്‍ച്ചുഗീസുകാരുടെ തനിനിറം അധികം കഴിയുംമുമ്പ് വ്യക്തമാവുകയും അവരെ ചെറുക്കാതെ ഗത്യന്തരമില്ലെന്ന് ബോധ്യമാവുകയും ചെയ്‌തു. ഇതിനെത്തുടര്‍ന്ന് പോര്‍ച്ചുഗീസുകാരുമായി നടന്ന നിരന്തരയുദ്ധങ്ങളെ നയിച്ചത് മരയ്‌ക്കാന്മാരായിരുന്നു.
കുഞ്ഞാലിമരയ്‌ക്കാര്‍ I. സാമൂതിരി പോര്‍ച്ചുഗീസുകാരുമായി യുദ്ധത്തിലേര്‍പ്പെട്ടിരുന്ന അവസരത്തിലാണ് കൊച്ചിയിലെ വര്‍ത്തകപ്രമാണിയായ മുഹമ്മദും സഹോദരന്‍ ഇബ്രാഹിമും കോഴിക്കോട്ടുവന്ന് സാമൂതിരിക്ക് തന്റെയും കുടുംബത്തിന്റെയും സേവനം സമര്‍പ്പിച്ചത്. ഇവര്‍ക്ക് സാമൂതിരി, കുഞ്ഞാലി എന്ന സ്ഥാനപ്പേര്‍ നല്‌കുകയും ഇവരെ കപ്പല്‍ പ്പടയുടെ അധിപരായി അവരോധിക്കുകയും ചെയ്‌തു.
കുഞ്ഞാലിമരയ്‌ക്കാരും ഗുജറാത്തില്‍ നിന്ന് വന്ന മല്ലിക് ഇയാസും ഈജിപ്‌ഷ്യന്‍ പടനായകനായ മീര്‍ ഹുസൈനും ചേര്‍ന്നാണ് പോര്‍ച്ചുഗീസുകാര്‍ക്കെതിരായി നാവികയുദ്ധം ആരംഭിച്ചത്. പോര്‍ച്ചുഗീസ് നായകനായ അല്‍ മേഡയുടെ മകന്‍ ലോറന്‍സ് കൊല്ലപ്പെട്ടപ്പോള്‍ അല്‍ മേഡ വമ്പിച്ച കപ്പല്‍ പ്പടയുമായി കൊച്ചിയിലേക്കു തിരിച്ചു. 1509-ല്‍ ദിയൂവിനടുത്തുവച്ചു നടന്ന യുദ്ധത്തില്‍ കുഞ്ഞാലിമരയ്‌ക്കാര്‍ പരാജിതനായി. മല്ലിക് ഇയാസിന്റെ ഒഴിഞ്ഞുമാറ്റവും ഈജിപ്‌ഷ്യന്‍ സഹായം എത്തുന്നതിലുണ്ടായ കാലതാമസവുമായിരുന്നു ഈ പരാജയത്തിനു കാരണം.
മരയ്‌ക്കാന്മാരുടെ നേതൃത്വത്തില്‍ അണിനിരന്ന കപ്പല്‍ വ്യൂഹം കണ്ണൂരില്‍ നിന്ന് കൊച്ചിയിലേക്കുള്ള പോര്‍ച്ചുഗീസുകാരുടെ യാത്ര തടയാന്‍ ശ്രമിച്ചു. അത് സാമൂതിരിയും കൊച്ചിയുമായുള്ള സംഘര്‍ഷത്തിന് വഴിതെളിച്ചു. പോര്‍ച്ചുഗീസുകാര്‍ കല്ലായിപ്പുഴയ്‌ക്ക് അടുത്ത് കടലില്‍ സൈന്യങ്ങളെ നിര്‍ത്തി. അല്‍ ബുക്കര്‍ക്ക് വിജയനഗരത്തിലെ കൃഷ്‌ണരായരോട് സഹായം അഭ്യര്‍ഥിച്ചു. വിജയനഗരസൈന്യം പാലക്കാട്‌ചുരംവരെ എത്തി. പക്ഷേ സാമൂതിരിയുടെ കരസേന അവരെ തോല്‌പിച്ചോടിച്ചു. അതോടെ മരയ്‌ക്കാരുടെ സൈന്യത്തിന് പുതിയൊരു ഉത്തേജനം ലഭിച്ചു. കോഴിക്കോട് നഗരത്തില്‍ പോര്‍ച്ചുഗീസുകാരും മാപ്പിളമാരും തമ്മിലുള്ള സംഘട്ടനങ്ങള്‍ നിത്യസംഭവമായി. ഈ ഏറ്റുമുട്ടലുകള്‍ പൊന്നാനിയിലേക്കും പന്തലായനിയിലേക്കും വ്യാപിച്ചു. വെട്ടം, ബേപ്പൂര്‍, ചാലിയം എന്നിവിടങ്ങളിലെ നാട്ടുരാജാക്കന്മാര്‍ പോര്‍ച്ചുഗീസുകാര്‍ക്ക് കോട്ട കെട്ടാന്‍ സമ്മതംകൊടുത്തു. 1531-ല്‍ കെട്ടിയ ചാലിയം കോട്ട 40 കൊല്ലം നിലനിന്നു. അതോടുകൂടി പോര്‍ച്ചുഗീസുകാരുടെ അധികാരം വര്‍ധിച്ചു. ഇക്കാലത്താണ് കുഞ്ഞാലിമരയ്‌ക്കാര്‍ II രംഗപ്രവേശം ചെയ്‌തത്.
കുഞ്ഞാലിമരയ്‌ക്കാര്‍ II (1531-71). തന്റെ പൂര്‍വികന്മാരെ അതിശയിക്കുന്ന ധീരതയാണ് കുഞ്ഞാലി മരയ്‌ക്കാര്‍ II പ്രകടമാക്കിയത്. 1524-ല്‍ പോര്‍ച്ചുഗീസുകാരെ പരാജയപ്പെടുത്തിയ കുട്ട്യാലി(കുഞ്ഞാലിമരയ്‌ക്കാര്‍ I-ന്റെ സഹചാരി)യുടെ മകനാണ് കുഞ്ഞാലിമരയ്‌ക്കാര്‍ II (നോ. കുട്ട്യാലിമരയ്‌ക്കാര്‍). കുട്ടി അഹമ്മദ് മരയ്‌ക്കാര്‍ (കുഞ്ഞാലി I) കൊല്ലപ്പെട്ടപ്പോള്‍ ഇദ്ദേഹം സ്ഥാനമേറ്റു. മരയ്‌ക്കാന്മാരില്‍ പ്രമുഖനായിരുന്നു ഇദ്ദേഹം. സാമൂതിരിയുടെ നിര്‍ദേശപ്രകാരം പിതാവിന്റെ കാലത്ത് ഈജിപ്‌തില്‍ എത്തി വിജയകരമായ സംഭാഷണം നടത്തി മടങ്ങി. ഇക്കാലത്തുതന്നെയാണ് സിലോണില്‍ സാമൂതിരിക്കുവേണ്ടി ഇവര്‍ എത്തിയത്. കുഞ്ഞാലി II-ഉം, പച്ചാച്ചി മരയ്‌ക്കാരും അലി ഇബ്രാഹിമും സാമൂതിരിക്കുവേണ്ടി അവിടെ യുദ്ധം നടത്തി. പോര്‍ച്ചുഗീസുകാരുമായിട്ടുള്ള ആക്രമണങ്ങളില്‍ നിന്ന് ഇടപ്പള്ളിയെ രക്ഷിക്കാന്‍ സാമൂതിരി രംഗത്തിറങ്ങിയപ്പോള്‍ കൊച്ചിയിലേക്ക് നിയോഗിച്ചത് കുഞ്ഞാലിയെയായിരുന്നു. അതിനെത്തുടര്‍ന്ന് പോര്‍ച്ചുഗീസുകാര്‍ക്ക് ഇടപ്പള്ളിയില്‍ നിന്ന് പിന്മാറേണ്ടിവന്നു. കുഞ്ഞാലിയും സൈന്യവും അവരെ പിന്‍തുടര്‍ന്ന്, കന്യാകുമാരി ചുറ്റി നാഗപട്ടണത്ത് എത്തി അവിടെയുള്ള പോര്‍ച്ചുഗീസ് താവളങ്ങള്‍ കയ്യേറി. 1538-ല്‍ പോര്‍ച്ചുഗീസ് തലവനായ മാര്‍ട്ടിന്‍സ് കുഞ്ഞാലിയുമായി ഏറ്റുമുട്ടി. കുഞ്ഞാലിയോടൊപ്പം ഈജിപ്‌ഷ്യന്‍ സൈന്യങ്ങളുമുണ്ടായിരുന്നു. എന്നാല്‍ യുദ്ധത്തിനിടയില്‍ ഈജിപ്‌ഷ്യന്‍ സൈന്യം തിരിച്ചുപോയതോടെ പോര്‍ച്ചുഗീസ് സൈന്യത്തിന് ശക്തി വീണ്ടുകിട്ടി. അവരുമായി സന്ധിയിലേര്‍പ്പെടുവാന്‍ കുഞ്ഞാലി II-ന്റെ നിര്‍ദേശപ്രകാരം ചിന്നക്കുട്ടി ആലി ഗോവയിലേക്കു പോയി. 1540-ല്‍ സാമൂതിരിയും പോര്‍ച്ചുഗീസുകാരും തമ്മില്‍ പൊന്നാനിയില്‍ വച്ചു സന്ധിചെയ്‌തു. പോര്‍ച്ചുഗീസുകാരുടെ കച്ചവടക്കുത്തക ഉന്നംവച്ച് ഉണ്ടായ ആ സന്ധിയിലെ വ്യവസ്ഥകള്‍ മുസ്‌ലിം വ്യാപാരികള്‍ക്ക് കനത്ത പ്രഹരമായിരുന്നു. സന്ധിവ്യവസ്ഥകള്‍ പോര്‍ച്ചുഗീസുകാര്‍ അധികകാലം പാലിച്ചില്ല. വിജയികളായ പോര്‍ച്ചുഗീസുകാര്‍ ദേവാലയങ്ങള്‍ കൊള്ളചെയ്യുവാന്‍ തുടങ്ങി. പ്രമുഖരായ പല മുസ്‌ലിങ്ങളും വധിക്കപ്പെട്ടു. ഇത് സാമൂതിരിയെയും കുഞ്ഞാലിമരയ്‌ക്കാരെയും ക്രുദ്ധരാക്കി. ചിറയ്‌ക്കല്‍ രാജാവിന്റെ സഹായത്തോടുകൂടി സാമൂതിരി പോര്‍ച്ചുഗീസുകാരെ തോല്‌പിച്ച് പുന്നക്കായല്‍ തിരിച്ചുപിടിച്ചു. കുഞ്ഞാലി II പടിഞ്ഞാറന്‍ പുറംകടലില്‍ രക്ഷാസൈന്യമില്ലാതെ പറങ്കികള്‍ക്ക് യാത്രചെയ്യുവാന്‍ സാധിക്കാത്ത നില വരുത്തി. പോര്‍ച്ചുഗീസുകാരുടെ ഗതാഗതത്തെയും വ്യാപാരത്തെയും കുഞ്ഞാലി ഭീഷണിപ്പെടുത്തിക്കൊണ്ടിരുന്നു.
പോര്‍ച്ചുഗീസുകാര്‍ പിടിച്ചെടുത്ത പട്ടണങ്ങളോരോന്നും വീണ്ടെടുക്കുവാന്‍ കുഞ്ഞാലി യുദ്ധം തുടര്‍ന്നു. പോര്‍ച്ചുഗീസുകാര്‍ കുഞ്ഞാലിയെ പിടിക്കുവാന്‍ സര്‍വതന്ത്രങ്ങളും പ്രയോഗിച്ചു. 1559-60 കാലങ്ങളില്‍ അവര്‍ ചെയ്‌ത കൊലയ്‌ക്കും കൊള്ളയ്‌ക്കും കണക്കില്ല. പോര്‍ച്ചുഗീസ് തലവനെ കണ്ണൂരില്‍ നിന്ന് ജനങ്ങള്‍ തുരത്തി. അയാളുടെ പിന്‍ഗാമി ജനങ്ങളെ വധിക്കാന്‍ ഒരുമ്പെട്ടു. ഒടുവില്‍ സാമൂതിരി 1564-ല്‍ കണ്ണൂര്‍കോട്ട വളഞ്ഞ് പോര്‍ച്ചുഗീസ് കപ്പലുകള്‍ നശിപ്പിച്ചു. ഈ യുദ്ധത്തില്‍ മരയ്‌ക്കാര്‍ പോര്‍ച്ചുഗീസുകാരെ പരാജയപ്പെടുത്തി. പോര്‍ച്ചുഗീസ് തലവന്‍തന്നെ യുദ്ധത്തില്‍ വധിക്കപ്പെട്ടു. കബ്രാള്‍ തുടങ്ങിയ പോര്‍ച്ചുഗീസ് തലവന്മാരുടെ നേതൃത്വത്തിലുണ്ടായിരുന്ന ഒരു വന്‍സൈന്യത്തെ ദിയൂ തുറമുഖം വരെ കുഞ്ഞാലി തുരത്തിപ്പായിച്ചു. കബ്രാള്‍ ഉള്‍പ്പെടെ 70 പോര്‍ച്ചുഗീസുകാര്‍ കൊല്ലപ്പെട്ടു. പലരും തടവുകാരായി. അതിനെത്തുടര്‍ന്ന് പോര്‍ച്ചുഗീസുകാര്‍ ലക്ഷദ്വീപ് ആക്രമിച്ച് കൊള്ളയടിക്കുകയും നിരവധിയാളുകളെ വധിക്കുകയും ചെയ്‌തു. അറയ്‌ക്കല്‍ ആലി രാജാവ് സ്ഥിതിഗതികള്‍ വിവരിച്ചുകൊണ്ട് ബീജപ്പൂര്‍ സുല്‍ ത്താന്‍ ആലി ആദില്‍ ഷായ്‌ക്ക് ഒരു കത്തെഴുതി. ആദില്‍ ഷാ ഗോവ ആക്രമിക്കുവാനും അഹമ്മദ് നഗറിലെ നിസാം ഷാ, സാമൂതിരിയുമായി സഹകരിക്കാനും വ്യവസ്ഥ ചെയ്‌തു.
പോര്‍ച്ചുഗീസുകാരുമായി യുദ്ധം തുടര്‍ന്നു. കുട്ടി അബൂബക്കറിന്റെ നേതൃത്വത്തില്‍ ഒരു സൈന്യം മംഗലാപുരത്തെ പോര്‍ച്ചുഗീസ് സങ്കേതം ആക്രമിച്ചു. വളര്‍പട്ടണം, തിക്കൊടി, പന്തലായനി എന്നിവിടങ്ങളിലെ ചെറുകപ്പലുകള്‍ ഉപയോഗിച്ച് മുസ്‌ലിങ്ങള്‍ പോര്‍ച്ചുഗീസുകാരെ എതിര്‍ത്തു. കക്കാട്, പൊന്നാനി, കോഴിക്കോട് എന്നിവിടങ്ങളിലും അവര്‍ക്ക് ആക്രമണങ്ങള്‍ നേരിടേണ്ടിവന്നു. അതോടെ മലബാറിലെ പോര്‍ച്ചുഗീസുകാരുടെ അന്ത്യത്തിന് ആരംഭം കുറിച്ചു. കണ്ണൂരില്‍ വച്ച് പോര്‍ച്ചുഗീസുകാരുമായുണ്ടായ ഏറ്റുമുട്ടലില്‍ കുട്ടി അബുബക്കര്‍ നിര്യാതനായി. ഈ യുദ്ധത്തില്‍ താനൂര്‍ രാജാവും കൊച്ചിരാജാവും പോര്‍ച്ചുഗീസുകാരെ സഹായിക്കുകയാണ് ചെയ്‌തത്.
പോര്‍ച്ചുഗീസുകാരുമായി സംഘട്ടനത്തിലായ സാമൂതിരി ബീജപ്പൂര്‍, അഹമ്മദ് നഗര്‍, അക്കിന്‍ എന്നിവിടങ്ങളിലെ രാജാക്കന്മാരുമായി സഖ്യത്തിലേര്‍പ്പെട്ടു. പോര്‍ച്ചുഗീസുകാര്‍ ഇന്ത്യന്‍ തീരത്തുനിന്ന് തുരത്തുകയായിരുന്നു ഇവരുടെ ലക്ഷ്യം. ബീജപ്പൂര്‍ സുല്‍ ത്താന്‍ ആദില്‍ ഷാ ഗോവ ആക്രമിച്ചു. അഹമ്മദ് നഗര്‍ സുല്‍ ത്താന്‍ ചൗള്‍ ഉപരോധിച്ചു. തന്റെ അധികാരത്തിന് വെല്ലുവിളിയായ ചാലിയം കോട്ട സാമൂതിരിയും ആക്രമിച്ചു. ചൗള്‍ ആക്രമണത്തില്‍ സഹായിക്കാനായി തന്റെ അതിസമര്‍ഥനായ കുട്ടിപ്പോക്കരെ സാമൂതിരി അയച്ചുകൊടുത്തു. ചാലിയം ആക്രമണം ഒരു പൂര്‍ണവിജയമായിരുന്നു. നാലുമാസത്തോളം നീണ്ടുനിന്ന ഉപരോധത്തിനുശേഷം 1571-ല്‍ കോട്ട കീഴടക്കി. ഇതോടുകൂടി പോര്‍ച്ചുഗീസുകാരുടെ സ്വാധീനത മലബാറില്‍ കുറഞ്ഞു. കുഞ്ഞാലികളുടെ സ്വാധീനതയും അധികാരവും വര്‍ധിച്ചു.
കുഞ്ഞാലിമരയ്‌ക്കാര്‍ III (1571-95). ചാലിയം സമരത്തിനു തീരപ്രദേശങ്ങളിലെ നാവികശക്തി പൂര്‍വാധികം സുശക്തമാക്കാന്‍ ശ്രമിച്ചത് കുഞ്ഞാലിമരയ്‌ക്കാര്‍ III ആയിരുന്നു. പോര്‍ച്ചുഗീസുകാര്‍ക്ക് മരയ്‌ക്കാന്മാരുടെ സൈന്യത്തോട് പലപ്പോഴും ഏറ്റുമുട്ടേണ്ടിവന്നു. മരയ്‌ക്കാര്‍ കോട്ടയെന്ന വിഖ്യാതമായ പുതുപട്ടണം കോട്ട സാമൂതിരിയുടെ അനുമതിയോടുകൂടി മരയ്‌ക്കാര്‍ III പണിയിച്ചതാണ്. ഇദ്ദേഹത്തിന്റെ വീരാപദാനങ്ങള്‍ അന്നത്തെ വടക്കന്‍ പാട്ടുകളില്‍ കീര്‍ത്തിക്കപ്പെട്ടിട്ടുണ്ട്. ഇദ്ദേഹം പോര്‍ച്ചുഗീസുനാവികര്‍ക്ക് പേടിസ്വപ്‌നമായിരുന്നു.
1577-ല്‍ പോര്‍ച്ചുഗീസുകാര്‍ ആക്രമിച്ച ഗുജറാത്ത് കപ്പലുകളില്‍ അക്‌ബര്‍ ചക്രവര്‍ത്തിയുടെ ചില കപ്പലുകളുമുണ്ടായിരുന്നു. കുപിതനായ ചക്രവര്‍ത്തി പോര്‍ച്ചുഗീസുകാരെ ദിയൂ, ഗുജറാത്ത്, ദാമന്‍ എന്നിവിടങ്ങളില്‍ നിന്നു തുരത്തിയോടിച്ചു. 1578-ല്‍ തങ്ങള്‍ക്ക് പൊന്നാനിയില്‍ കോട്ടകെട്ടാന്‍ അനുമതി നിഷേധിച്ച സാമൂതിരിക്കെതിരെ പോര്‍ച്ചുഗീസുകാര്‍ ആക്രമണമാരംഭിച്ചു. കടലിലും കരയിലും മരയ്‌ക്കാന്മാരുടെയും സാമൂതിരിയുടെയും സേനകള്‍ അവരെ തോല്‌പിച്ചു.
കൊച്ചിയുമായി പോര്‍ച്ചുഗീസുകാര്‍ക്ക് ഉണ്ടായിരുന്ന മമത ഇതിനിടയ്‌ക്ക് തകരുവാന്‍ തുടങ്ങിയിരുന്നു. പോര്‍ച്ചുഗീസുകാര്‍ക്ക് കൊടുത്തിരുന്ന ചുങ്കം നല്‍ കാന്‍ കൊച്ചിയിലെ ജനങ്ങള്‍ വിസമ്മതിച്ചു. കൊച്ചിക്ക് കൊടുക്കാന്‍ ഉണ്ടായിരുന്ന തീരുവകള്‍ കൊടുക്കുകയില്ലെന്ന് പോര്‍ച്ചുഗീസുകാരും ശഠിച്ചു. ഇതിനിടയ്‌ക്ക് സാമൂതിരിയുമായി മുസ്‌ലിങ്ങള്‍ക്ക് ആപത്‌കരമായ ഒരു സന്ധി ഉണ്ടാക്കാന്‍ പോര്‍ച്ചുഗീസുകാര്‍ ശ്രമിച്ചു. 1586-ല്‍ നടന്ന യുദ്ധത്തില്‍ കുഞ്ഞാലി അവരെ തുരത്തി. മൂന്നു കൊല്ലത്തിനുശേഷം കുഞ്ഞാലിയുടെ മരുമകന്‍ ക്വാജാ മൂസ പോര്‍ച്ചുഗീസ് പടയെ എതിര്‍ത്തു. പോര്‍ച്ചുഗലില്‍ നിന്ന് വരുന്ന പുതിയ കപ്പലുകളെല്ലാം ഇദ്ദേഹം പിടിച്ചടക്കി. പ്രഗല്‌ഭനായ ക്വാജാ മൂസയുടെ ആജ്ഞകള്‍ ജനങ്ങള്‍ ആദരിക്കുകയും അനുസരിക്കുകയും ചെയ്‌തിരുന്നു. ക്വാജാ മൂസയുടെ ഇടതടവില്ലാത്ത ആക്രമണങ്ങളില്‍ ഭയപ്പെട്ട പോര്‍ച്ചുഗീസുകാര്‍ പുറംകടലില്‍ വച്ച് മൂസയെ വളഞ്ഞു. മൂസ കടലില്‍ ചാടി നീന്തി രക്ഷപ്പെട്ടു. തുടര്‍ന്നു നിരവധി സംഘട്ടനങ്ങള്‍ നടന്നു. അപ്പോഴേക്കും വൃദ്ധനായിത്തീര്‍ന്ന കുഞ്ഞാലി കകക, അനന്തര നടപടികളുടെ ചുമതല കുഞ്ഞാലി IV -നെ ഏല്‌പിച്ചു. കുഞ്ഞാലിമരയ്‌ക്കാര്‍ IV (1595-?). പുതുപട്ടണത്തെ മരയ്‌ക്കാര്‍ കോട്ടയുടെ അധിപനായും സാമൂതിരിയുടെ സൈന്യാധിപനായും 1595-ല്‍ കുഞ്ഞാലിമരയ്‌ക്കാര്‍ IV അവരോധിക്കപ്പെട്ടു. ഇദ്ദേഹം വിപുലമായ സൈനിക സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തി. കാവല്‍ ഗോപുരങ്ങളം കിടങ്ങുകളും കോട്ടയ്‌ക്കു ചുറ്റും നിര്‍മിച്ചു. കുഞ്ഞാലിയുമായി സ്വരച്ചേര്‍ച്ചയില്ലാതിരുന്ന സാമൂതിരിയോട് പുതുപട്ടണം കോട്ട ഉടനെ പിടിച്ചില്ലെങ്കില്‍ സാമൂതിരിയുടെ സ്ഥാനം കുഞ്ഞാലി കൈക്കലാക്കുമെന്ന് പോര്‍ച്ചുഗീസുകാര്‍ പ്രചരിപ്പിച്ചു. പോര്‍ച്ചുഗീസുകാരുടെ ഈ ഉപജാപം ഫലിച്ചു.
കുഞ്ഞാലി IV-നോട് സാമൂതിരിക്കും പേര്‍ച്ചുഗീസുകാര്‍ക്കും വിരോധം വര്‍ധിച്ചുകൊണ്ടിരുന്നു. പോര്‍ച്ചുഗീസുകാര്‍ കടല്‍ വഴിയായും സാമൂതിരി കരമാര്‍ഗമായും പുതുപട്ടണത്തുള്ള മരയ്‌ക്കാര്‍കോട്ട നശിപ്പിക്കാന്‍ പുറപ്പെട്ടു. ആദ്യം അവര്‍ വിജയിച്ചില്ല. വളരെ നാശനഷ്‌ടങ്ങള്‍ അവര്‍ക്കുണ്ടായി. അനേകം പോര്‍ച്ചുഗീസുകാര്‍ കൊല്ലപ്പെട്ടു. പടത്തലവന്‍ ഗോവയിലേക്കുപോയി. പോര്‍ച്ചുഗീസ് കപ്പലുകള്‍ കോട്ടയ്‌ക്കു സമീപം പാറാവു നിന്നു. ഗോവയില്‍ നിന്ന് സൈന്യം കൂടുതല്‍ ശക്തിയാര്‍ജിച്ചു തിരിച്ചെത്തി കോട്ടയെ ആക്രമിക്കാന്‍ ഒരുങ്ങി, പുഴ കടന്ന് കോട്ടയുടെ വടക്കുഭാഗത്തുകൂടി പ്രവേശിക്കാന്‍ ശ്രമിച്ചു. അടുത്തുള്ള ഇരിണല്‍ പാറയുടെ മുകളിലും പുഴയുടെ വടക്കേ കരയിലും വലിയതരം തോക്കുകള്‍ സ്ഥാപിച്ചു. സാമൂതിരി പതിനായിരം നായന്മാരെയും മറ്റു വേലക്കാരെയും ആനകളെയും കോട്ടയ്‌ക്കു തെക്കുഭാഗത്തുള്ള പറമ്പില്‍ ഒരുക്കിനിര്‍ത്തി. രണ്ട് വിഭാഗങ്ങള്‍ തമ്മില്‍ സമരം തുടങ്ങി. യുദ്ധം തനിക്ക് അനുകൂലമല്ലെന്ന് മനസ്സിലാക്കിയ കുഞ്ഞാലി ദൂതന്മാര്‍ മുഖേന സാമൂതിരിക്ക് കീഴടങ്ങാമെന്ന് അറിയിച്ചു. സാമൂതിരി കുഞ്ഞാലിയുടെ ദൗത്യം സ്വീകരിക്കുവാന്‍ സന്നദ്ധനായി. തനിക്കും അനുയായികള്‍ക്കും അഭയം നല്‌കണമെന്നും ജീവാപായം വരുത്തരുതെന്നും കുഞ്ഞാലി ആവശ്യപ്പെടുകയും സാമൂതിരി സമ്മതിക്കുകയും ചെയ്‌തു. പോര്‍ച്ചുഗീസ് തലവന്‍ ഇതിന് വാക്കാല്‍ സമ്മതം കൊടുത്തുവെങ്കിലും രേഖാമൂലം ഒരുറപ്പും കൊടുത്തിരുന്നില്ല. കുഞ്ഞാലിയും അനുയായികളും ഒരാപത്തും ഉണ്ടാവില്ലെന്നു വിശ്വസിച്ച് കീഴടങ്ങുവാന്‍ ഒരുങ്ങി. പോര്‍ച്ചുഗീസ് സൈന്യവും സാമൂതിരി സൈന്യവും കോട്ടയുടെ വാതിലിനു മുകളില്‍ കാത്തുനിന്നു. ആദ്യം ക്ഷീണിതരായ സ്‌ത്രീകളും കുട്ടികളും വൃദ്ധന്മാരും കോട്ടയ്‌ക്കു പുറത്തുവന്നു. അവര്‍ക്ക് എവിടെ വേണമെങ്കിലും പോകാനുള്ള അനുമതി ലഭിച്ചു. കുഞ്ഞാലി തലയില്‍ ഉറുമാല്‍ കെട്ടി വാള്‍ത്തലതാഴ്‌ത്തിപ്പിടിച്ച് സാമൂതിരിയുടെ സന്നിധിയിലേക്കു വന്നു. സാമൂതിരിയുടെ മുമ്പില്‍ ഖഡ്‌ഗം സമര്‍പ്പിച്ച് മാപ്പുചോദിക്കുന്ന തക്കംനോക്കി പോര്‍ച്ചുഗീസുകാര്‍ കുഞ്ഞാലിയെ വളഞ്ഞ് ബന്ധനസ്ഥനാക്കി ബലം പ്രയോഗിച്ച് അവരുടെ കപ്പലുകളിലേക്ക് കൊണ്ടുപോയി. ക്ഷുഭിതരായ നായര്‍ പട്ടാളക്കാര്‍ പോര്‍ച്ചുഗീസുകാരുമായി കലഹത്തിനൊരുങ്ങി. ഈ അവസരത്തില്‍ സാമൂതിരിയുടെ പടനായകന്‍ ഇടപെട്ട് കോട്ട കൊള്ളചെയ്യുവാന്‍ സമ്മതം നല്‌കി. ഇതോടുകൂടി ഭടന്മാര്‍ കുഞ്ഞാലിയെ മറന്ന് കോട്ട കൊള്ളചെയ്യുവാന്‍ പുറപ്പെട്ടു. കുഞ്ഞാലിയെ ഗോവയിലേക്ക് കൊണ്ടുപോയി; കുറ്റവിചാരണ നടത്തി വധിച്ചു. കുഞ്ഞാലിയുടെ ശവശരീരം നാലായി ചീന്തി പലയിടത്തും സ്ഥാപിച്ചു. തല ഉപ്പുപുരട്ടി കുന്തത്തില്‍ കോര്‍ത്ത് കണ്ണൂര്‍ അങ്ങാടിയിലും നാട്ടി. അങ്ങനെയായിരുന്നു സാമൂതിരിയുടെ അവസാനത്തെ കപ്പല്‍ പ്പടനായകനായ കുഞ്ഞാലിമരയ്‌ക്കാരുടെ അന്ത്യം. ഇത് സാമൂതിരിയുടെ അധഃപതനത്തിന്റെ ആരംഭമായിരുന്നു.
കുഞ്ഞാലി കേരളീയരുടെ സ്‌നേഹാദരങ്ങള്‍ക്ക് അര്‍ഹനാണ്. കാവില്‍ ക്ഷേത്രത്തില്‍ കുഞ്ഞാലിമരയ്‌ക്കാര്‍ക്ക് ഒരു പ്രത്യേകസ്ഥാനമുണ്ട്. നാട്ടുകാരുടെ പ്രിയങ്കരനായിരുന്ന കുഞ്ഞാലി IV തച്ചോളി ഒതേനന്റെ ഉറ്റമിത്രമായിരുന്നു. ഇന്നും പാടത്ത് പണിയെടുക്കുന്ന കര്‍ഷകസ്‌ത്രീകള്‍ കുഞ്ഞാലിയുടെ അപദാനങ്ങള്‍ നീട്ടിപ്പാടുന്നു. "കോട്ടയ്‌ക്കലോമന കുഞ്ഞാലിക്ക് തീയ്യരും നായരുമൊന്നുപോലെ'. കോട്ടയ്‌ക്കലെ അമ്മായിത്തോട് ഇന്നും കാണാം. അമ്മായിത്തോട് കടക്കുന്ന നായര്‍സ്‌ത്രീകള്‍ ഇസ്‌ലാംമതം അവലംബിച്ചതായി കണക്കാക്കുമെന്ന് സാമൂതിരിയുടെ ഉത്തരവുണ്ടായിരുന്നുവെന്ന് പറയപ്പെടുന്നു. അടുത്തകാലംവരെ നായര്‍സ്‌ത്രീകള്‍ കോട്ടയ്‌ക്കല്‍ വരാറുണ്ടായിരുന്നില്ല. വടകരക്കോട്ട 1564-ല്‍ കടത്തനാട്ടുരാജാവിന്റെ സഹായത്തോടെയാണ് പണി തീര്‍ത്തതെന്ന് പറയപ്പെടുന്നു. വടകരയും കോട്ടയ്‌ക്കലും ബന്ധിപ്പിക്കുന്ന പരപ്പില്‍ ത്തോട് മരയ്‌ക്കാന്മാര്‍ കുഴിപ്പിച്ചതാണത്ര. കുഞ്ഞാലി IV ആ പ്രദേശത്ത് സമാദരണീയനും സ്ഥാനിയുമായിരുന്നു. മരയ്‌ക്കാര്‍ കുടുംബത്തില്‍ പ്പെട്ട പലരും മലബാറിലെ പല പട്ടണങ്ങളിലും ഇന്നുമുണ്ട്. അറയ്‌ക്കല്‍ രാജകുടുംബവുമായി ഇവര്‍ക്ക് ബന്ധമൊന്നുമില്ലെങ്കിലും ആ രാജാക്കന്മാരുടെ സഹായസഹകരണങ്ങള്‍ ഇവര്‍ക്ക് നിര്‍ലോഭം ലഭിച്ചിരുന്നു.
(പ്രാഫ. സയ്യദ് മൊഹിയുദ്ദീന്‍ ഷാ)