This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഓട്ടിസ്‌, ജയിംസ്‌ (1725 - 83)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

08:37, 15 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ഓട്ടിസ്‌, ജയിംസ്‌ (1725 - 83)

Otis, James

അമേരിക്കന്‍ രാഷ്‌ട്രതന്ത്രജ്ഞനും നിയമജ്ഞനും. 1725 ഫെ. 5-ന്‌ മാസാച്യുസെറ്റ്‌സിൽ ജനിച്ചു. അഭിഭാഷകവൃത്തി സ്വീകരിച്ച ഇദ്ദേഹം വടക്കേ അമേരിക്കയിൽ വാണിജ്യ-നാവിക നിയമങ്ങള്‍ കർശനമായി നടപ്പാക്കുവാന്‍ ഉദ്ദേശിച്ചുകൊണ്ടുള്ള ബ്രിട്ടീഷ്‌ ഗവണ്‍മെന്റിന്റെ "റിട്ട്‌സ്‌ ഒഫ്‌ അസിസ്റ്റന്‍സി'നെ വെല്ലുവിളിച്ചതോടെ പ്രസിദ്ധനായി. ബോസ്റ്റണ്‍ സുപ്രീം കോർട്ടിൽ ഈ നിയമത്തിനെതിരായി വാദം നടത്തിയതും ഇദ്ദേഹമായിരുന്നു. കോള നികളുടെ അവകാശങ്ങള്‍ക്കുവേണ്ടി ഇദ്ദേഹം വീറോടെ വാദിച്ചു.

1761 മേയിൽ ഓട്ടിസ്‌, മാസച്യുസെറ്റ്‌സിൽ നിയമനിർമാണസഭയിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ടു. 1762-ൽ മാസച്യുസെറ്റ്‌സ്‌ ഗവർണറെ കുറ്റപ്പെടുത്തിക്കൊണ്ട്‌ അസംബ്ലി അദ്ദേഹത്തിന്‌ നല്‌കിയ പത്രിക തയ്യാറാക്കിയത്‌ ഓട്ടിസ്‌ ആയിരുന്നു. ബ്രിട്ടനെതിരെ കോളനികളുടെ ഐക്യനിര കെട്ടിപ്പടുക്കുവാനായി ഇദ്ദേഹം നിരന്തരം തൂലിക ചലിപ്പിച്ചിരുന്നു. കോളനികളുടെ അവകാശങ്ങള്‍ ഉയർത്തിപ്പിടിക്കുവാനും അവയുടെ പരാതികള്‍ക്ക്‌ പരിഹാരം കാണുവാനുമായി ഇതര കോളനികള്‍ക്കും ബ്രിട്ടീഷ്‌ ഗവണ്‍മെന്റിനും അയയ്‌ക്കേണ്ടിയിരുന്ന പല എഴുത്തുകളും മാസച്യുസെറ്റ്‌സിനുവേണ്ടി തയ്യാറാക്കിയയിരുന്നത്‌ ഇദ്ദേഹമായിരുന്നു. സ്വന്തംനാട്ടിൽ ഇദ്ദേഹത്തിനുണ്ടായിരുന്ന സ്വാധീനതയും സ്വാതന്ത്ര്യസമരം നയിക്കുവാനുള്ള കഴിവും ബ്രിട്ടീഷ്‌ പാർലമെന്റും പത്രലോകവും യഥാകാലം മനസ്സിലാക്കി. 1765-ൽ ന്യൂയോർക്ക്‌ സിറ്റിയിൽ ചേർന്ന്‌ സ്റ്റാമ്പ്‌ ആക്‌റ്റ്‌ കോണ്‍ഗ്രസ്സിൽ സംബന്ധിക്കുവാന്‍ മാസച്യുസെറ്റ്‌സിനെ പ്രതിനിധീകരിച്ചത്‌ ഇദ്ദേഹമായിരുന്നു.

1769-ൽ തലയ്‌ക്ക്‌ ക്ഷതമേറ്റതിനെത്തുടർന്ന്‌ ബുദ്ധിഭ്രമം പിടിപെട്ട ഓട്ടിസ്‌ മിക്കവാറും മരണംവരെ ഈ നിലയിൽത്തന്നെ കഴിഞ്ഞു. 1783 മേയ്‌ 23-ന്‌ ആന്‍ഡോവറിൽ ഇദ്ദേഹം നിര്യാതനായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍