This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഓട

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

07:47, 15 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ഓട

ഉപയോഗശൂന്യമോ, മലിനമോ ആയ ജലവും ദ്രവവസ്‌തുക്കളും ഒഴുക്കിക്കളയുന്നതിനുള്ള ചാല്‌ അഥവാ കാന. സാധാരണയായി ഇതിന്‌ മൂടിയുണ്ടായിരിക്കുകയില്ല. റോഡരികിലെ ഓടകള്‍ ദൃഷ്‌ടാന്തമാണ്‌. ജനപ്പെരുപ്പവും വ്യാവസായികാവശിഷ്‌ടങ്ങള്‍ പോലുള്ള മാലിന്യങ്ങളും കുറഞ്ഞിരുന്ന കാലങ്ങളിൽ ഓരോ ദേശത്തും പ്രകൃത്യാ ഉള്ള കാനകളും തോടുകളും നദികളും മറ്റും മലിനജലവും മഴക്കാലത്തുണ്ടാകുന്ന അധികജലവും ഒഴുകിപ്പോകുന്നതിനു മതിയായ മാർഗങ്ങളായിരുന്നു. ജനങ്ങള്‍ പട്ടണങ്ങളിൽ തിങ്ങിപ്പാർത്തു തുടങ്ങിയതോടെ ഓടകള്‍ ആസൂത്രണം ചെയ്‌തു നിർമിക്കേണ്ട ആവശ്യം ഉണ്ടായി. പ്രാചീന നഗരങ്ങളിൽ എല്ലാംതന്നെ കാലാവസ്ഥയും ജീവിതനിലവാരവും അനുസരിച്ച്‌ ഓടകള്‍ നിർമിച്ചിരുന്നു. ആദ്യകാലങ്ങളിലെ ഓടകള്‍ ആവശ്യത്തിനു മതിയാകുമായിരുന്നെങ്കിലും, കാലക്രമേണ ജനപ്പെരുപ്പവും വ്യാവസായിക പുരോഗതിയും കൊണ്ട്‌ മലിനജലത്തിന്റെ പരിമാണം വർധിച്ചപ്പോള്‍ അത്‌ ശുദ്ധീകരിക്കാതെ തോടുകളിലും നദികളിലും നിർഗമിപ്പിക്കുന്നത്‌ അനാരോഗ്യകരമാണെന്നു ബോധ്യമായി. കടലോരത്തുള്ള പട്ടണങ്ങള്‍ക്കു പോലും മലിനജലം കൊണ്ടുള്ള പ്രദൂഷണം ഒരു പ്രശ്‌നമായിത്തീർന്നു. ഈ പരിതഃസ്ഥിതിയിൽ മലിനജലം ഉചിതമായ രാസപ്രക്രിയകളിലൂടെ നിശ്ചിതനിലവാരത്തിൽ ശുദ്ധീകരിച്ചതിനുശേഷമേ ഓടകളിലും ജലാശയങ്ങളിലും ഒഴുക്കാവൂ എന്ന നിയമം സാർവത്രികമായി നടപ്പിൽ വന്നു. 19-ാം നൂറ്റാണ്ടോടു കൂടി മലിനജലം പ്രതേ്യകം ആവാഹിച്ചു ശുദ്ധീകരിച്ചു നിർഗമിക്കുന്നതിനുള്ള വന്‍കിടപദ്ധതികള്‍ വ്യവസായവത്‌കൃത രാജ്യങ്ങളിൽ നടപ്പിൽ വന്നു. ശുദ്ധീകരണം അസാധ്യവും അനാവശ്യവും ആയ പ്രകൃത്യാ ഉള്ള അധികജലവും ചെറിയ തോതിലുള്ള മലിനജലവും കൈകാര്യം ചെയ്യുന്നതിനുമാത്രം ഓടകള്‍ നിർമിച്ചുപയോഗിക്കാന്‍ തുടങ്ങുകയും ചെയ്‌തു. ആരോഗ്യപരമായ മുന്‍കരുതലുകള്‍ എടുത്തുകൊണ്ടു നിർമിക്കപ്പെടുന്ന ആധുനിക ഓടകള്‍ക്ക്‌ ശാസ്‌ത്രീയമായ സംവിധാനമുണ്ടായിരിക്കും.

(കെ.ആർ. വാരിയർ)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%93%E0%B4%9F" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍