This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഓക്‌സാലിക് അമ്ലം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഓക്‌സാലിക് അമ്ലം
Oxalic acid
ഡൈകാർബോക്‌സിലിക ഗണത്തിൽപ്പെട്ട ഒരു പ്രധാന കാർബണിക യൗഗികം. സംരചനാഫോർമുല: ഒഛഛഇഇഛഛഒ. ഓക്‌സാലിസ് ജീനസ്സിൽപ്പെട്ട സസ്യങ്ങളിൽ ഉള്ളതുകൊണ്ടാണ് ഇതിന് ഓക്‌സാലിക് അമ്ലം എന്ന പേരുണ്ടായത്. ലവണരൂപത്തിലാണ് (ഉദാ. പൊട്ടാസ്യം ഓക്‌സലേറ്റ്) സസ്യങ്ങളിൽ പ്രധാനമായും ഇതുകണ്ടുവരുന്നത്.
കാർബോഹൈഡ്രറ്റുകളെ (ഉദാ. പഞ്ചസാര) നൈട്രിക് അമ്ലമുപയോഗിച്ച് ഓക്‌സീകരിച്ചാൽ ഓക്‌സാലിക് അമ്ലം കിട്ടുന്നു. പരീക്ഷണശാലകളിൽ ഈ നിർമാണരീതി ഉപയോഗിക്കാറുണ്ട്. വ്യാവസായികമായി അറക്കപ്പൊടിയിൽനിന്നാണ് ഓക്‌സാലിക് അമ്ലം മുമ്പു നിർമിച്ചിരുന്നത്. അറക്കപ്പൊടി സോഡിയം ഹൈഡ്രാക്‌സൈഡുമായി കൂട്ടിക്കലർത്തി ഉദ്ദേശം 240°Cൽ ചൂടാക്കുമ്പോള്‍ സോഡിയം ഓക്‌സലേറ്റുണ്ടാകുന്നു. അടുത്തപടിയായി വെള്ളം ചേർത്ത് സോഡിയം ഓക്‌സലേറ്റ് അതിൽ ലയിപ്പിക്കുകയും പിന്നീട് ലായനിയിലേക്കു ചുണ്ണാമ്പു ചേർത്ത് കാത്സ്യം ഓക്‌സലേറ്റ് അവക്ഷിപ്‌തമുണ്ടാക്കി അതിനെ സള്‍ഫ്യൂറിക് അമ്ലംകൊണ്ട് വിഘടിപ്പിക്കുകയും ചെയ്‌ത് ഓക്‌സാലിക് അമ്ലം ലഭ്യമാക്കുന്നു. ഓക്‌സാലിക് അമ്ലം താഴെ പറയുന്ന രീതികളിലാണ് വലിയ അളവിൽ ഇപ്പോള്‍ നിർമിച്ചുവരുന്നത്: (1) സോഡിയം ഫോർമേറ്റ് ദ്രുതമായി ചൂടാക്കുമ്പോള്‍ സോഡിയം ഓക്‌സലേറ്റ് ലഭിക്കുന്നു.
രണ്ടു തന്മാത്ര ക്രിസ്റ്റലനജലം അടങ്ങിയ ക്രിസ്റ്റലുകളായാണ് (H2C2O4.2H2O) ഓക്‌സാലിക് അമ്ലം കിട്ടുന്നത്. വർണരഹിതവും വിഷാലുവുമാണ് ഇത്. ഉദ്ദേശം ഒരു ഗ്രാം അമ്ലം മരണത്തിനിടയാക്കുന്നു. ചുണ്ണാമ്പോ അവക്ഷേപിത-ചോക്കോ പ്രതിവിഷമായി പ്രയോജനപ്പെടുത്താം. ഓക്‌സാലിക് അമ്ലം വെള്ളത്തിൽ എളുപ്പം ലേയമാണ്.
തുണിത്തരങ്ങള്‍ ചായം മുക്കുന്നതിനും പ്രിന്റ് ചെയ്യുന്നതിനും; മഷി, കറ എന്നിവ കളയുന്നതിനും; വയ്‌ക്കോൽ, തൂവൽ മുതലായവ ബ്ലീച്ചുചെയ്യുന്നതിനും; പരീക്ഷണശാലയിൽ വ്യാപ്‌തവിശ്ലേഷണ(volumetric analysis)ത്തിനും ഓക്‌സാലിക് അമ്ലവും അതിന്റെ ലവണങ്ങളും ഉപയോഗിച്ചുവരുന്നു.
60-70°C-ൽ ചൂടാക്കിയാൽ ഓക്‌സാലിക് അമ്ല ക്രിസ്റ്റലുകളിൽനിന്ന് ക്രിസ്റ്റലനജലം മാറ്റാവുന്നതാണ്. ഉയർന്ന താപത്തിൽ (ഉദ്ദേശം 160°C) ഓക്‌സാലിക് അമ്ലം ഭാഗികമായി വിഘടിക്കുക യും ഫോർമിക് അമ്ലം, കാർബണ്‍ഡൈ ഓക്‌സൈഡ്, കാർബണ്‍ മോണോക്‌സൈഡ്, ജലം എന്നിവയുണ്ടാകുകയും ചെയ്യുന്നു.
കാർബോക്‌സിലിക് അമ്ലങ്ങളുടെ പൊതുവായ രാസഗുണധർമങ്ങള്‍ എല്ലാം തന്നെ ഓക്‌സാലിക് അമ്ലവും അനുസരിക്കുന്നു. പക്ഷേ, തത്‌ഫലമായി ഉണ്ടാകുന്ന വ്യുത്‌പന്നങ്ങള്‍ (ലവണങ്ങള്‍, എസ്റ്ററുകള്‍ മുതലായവ) രണ്ടു തരത്തിലാകാം: (1) ഒരു കാർബോക്‌സിൽ ഗ്രൂപ്പുമാത്രം പങ്കെടുത്തുകൊണ്ടുള്ളവ; (2) രണ്ടു കാർബോക്‌സിൽ ഗ്രൂപ്പുകളും പങ്കെടുത്തുകൊണ്ടുള്ളവ. ഉദാഹരണമായി, സോഡിയം ഹൈഡ്രാക്‌സൈഡും ഓക്‌സാലിക് അമ്ലവും കൂടിയുള്ള പ്രതിപ്രവർത്തനത്തിൽ 1:1 മോള്‍ അനുപാതത്തിൽ ഓക്‌സാലിക് അമ്ലവും സോഡിയം ഹൈഡ്രാക്‌സൈഡുമുപയോഗിക്കുകയാണെങ്കിൽ സോഡിയം ഹൈഡ്രജന്‍ ഓക്‌സലേറ്റ് (അമ്ലലവണം) ഉണ്ടാകുന്നു; കൂടുതൽ സോഡിയം ഹൈഡ്രാക്‌സൈഡ് ഉപയോഗിച്ചാൽ ഡൈ സോഡിയം ഓക്‌സലേറ്റ് (ഉദാസീനലവണം) ഉണ്ടാകുന്നു.
പല ഓക്‌സാലിക് അമ്ലലവണങ്ങളും പരീക്ഷണശാലയിലും വ്യവസായരംഗത്തും ഉപയോഗിച്ചുവരുന്നു. കാത്സ്യം ഓക്‌സലേറ്റ് വെള്ളത്തിൽ അലേയമായ ഒരു ലവണമാണ്. കാത്സ്യം ലായനിയിലേക്ക് ഓക്‌സാലിക് അമ്ലലായനി അല്ലെങ്കിൽ ഒരു ഓക്‌സലേറ്റ് ലായനി ചേർക്കുമ്പോള്‍ കാത്സ്യം ഓക്‌സലേറ്റ് (CaC2O4) അവക്ഷേപിക്കപ്പെടുന്നു. ലായനിയിലുള്ള കാത്സ്യം നിർണയനത്തിൽ ഈ തത്ത്വം ഉപയോഗിക്കുന്നു.
ഫെറിക് ഓക്‌സലേറ്റുള്‍ക്കൊള്ളുന്ന ദ്വി-ഓക്‌സലേറ്റുകള്‍ വെളിച്ചം തട്ടുമ്പോള്‍ ഫെറസ് അവസ്ഥയിലേക്ക് റെഡ്യൂസ് ചെയ്യപ്പെടുന്നു. ബ്ലൂപ്രിന്റുകള്‍ എടുക്കുന്നതിന്റെ അടിസ്ഥാനതത്ത്വം ഇതാണ്. ഫോട്ടോഗ്രാഫിയിൽ ഡെവലപ്പറായി ഫെറസ് ഓക്‌സലേറ്റ് ഉപയോഗിച്ചുവരുന്നു.
മനുഷ്യന്‍ 24 മണിക്കൂർകൊണ്ടു വിസർജിക്കുന്ന മൂത്രത്തിന്റെ സാമ്പിള്‍ പരിശോധിച്ചാൽ അതിൽ സാമാന്യമായി 10 മുതൽ 30 വരെ മില്ലിഗ്രാം ഓക്‌സാലിക് അമ്ലം ഓക്‌സലേറ്റ് രൂപത്തിലുണ്ടായിരിക്കും. ഗ്ലൈസിന്‍ (ഒരു അമിനൊ അമ്ലം), അസ്‌കോർബിക് അമ്ലം (വിറ്റാമിന്‍ സി) എന്നിവയുടെ ഉപാപചയം വഴി ശരീരത്തിൽ ഓക്‌സാലിക് അമ്ലം ഉത്‌പന്നമാകുന്നുണ്ട്. കൂടാതെ പശളച്ചീര(spinach), ഉവർച്ചീര (lettuce), ശതാവരി (asparagus), ആപ്പിള്‍, ടൊമാറ്റൊ എന്നിവ ധാരാളമടങ്ങുന്ന ഭക്ഷണം കഴിച്ചാൽ ശരീരത്തിൽ ഓക്‌സലേറ്റുകള്‍ കൂടുതൽ അളവിൽ ഉണ്ടാകും. മൂത്രത്തിലൂടെയാണ് ഈ ഓക്‌സലേറ്റുകള്‍ വിസർജിക്കപ്പെടുന്നത്. അലേയമായ കാത്സ്യം ഓക്‌സലേറ്റ് മൂത്രത്തിൽ കൂടുതൽ അളവിലുണ്ടാകുന്നത് കല്ലടപ്പ് അഥവാ അശ്‌മരി (urinary calculus)എന്ന രോഗത്തിനു കാരണമാകുന്നതാണ്. മൂത്രത്തിൽ ഒക്‌സാലിക് ആസിഡിന്റെ (ഓക്‌സലേറ്റിന്റെ) അളവു കൂടുതലുള്ള അവസ്ഥ "ഓക്‌സലൂറിയ' എന്ന പേരിൽ അറിയപ്പെടുന്നു.
(ഡോ. പി.എസ്. രാമന്‍; സ.പ.)