This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാളി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

14:18, 25 മേയ് 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

കാളി

ഹൈന്ദവരുടെ പ്രധാനപ്പെട്ട ഒരാരാധനാമൂർത്തി. ദ്രാവിഡ ജനതയുടെ "ദേവി'യാണ്‌ കാളി എന്ന വാദവും നിലവിലിരിക്കുന്നു. കാളിയെക്കുറിച്ചു മുണ്ഡകോപനിഷത്തിൽ പരാമർശമുണ്ട്‌. കാളിയെ ഒരു കോപമൂർത്തിയായിട്ടാണ്‌ കേരളത്തിൽ കല്‌പിച്ചുപോരുന്നത്‌. ഇതിനു കാരണം ഒരുപക്ഷേ, "സമരേഷു ദുർഗാ', "കോപേഷു കാളീ' എന്നും മറ്റുമുള്ള പരാമർശങ്ങളാകാം. ശിവന്റെ മൂന്നാം തൃക്കണ്ണിൽ നിന്ന്‌ കാളി ദാരുക നിഗ്രഹാർഥം അവതരിച്ചതായി കഥയുണ്ട്‌. ദാരുക നിഹന്ത്രിയായ ആ കാളിയാണ്‌, അഭദ്രങ്ങളെ ദൂരീകരിച്ച്‌ മംഗളവും സൗഖ്യവുമരുളുന്ന മംഗളസ്വരൂപിണിയായ ഭദ്രകാളി. വസൂരി മുതലായ രോഗങ്ങളിൽനിന്ന്‌ ഭക്തന്മാരെ ഭദ്രകാളി മോചിപ്പിക്കുന്നുവെന്ന്‌ കേരളത്തിലെ ഹിന്ദുക്കളുടെയിടയിൽ വിശ്വാസമുണ്ട്‌. ദുർഗാസപ്‌തശതിയിൽ,

""ജ്വാലാകരാളമത്യുഗ്ര-
	മശേഷാസുരസൂദനം
	ത്രിശൂലം പാതുനോഭീതേർ
	ഭദ്രകാളി നമോങ്കസ്‌തുതേ.''
 

എന്നു ദുർഗയുടെ ഭയാനകഭാവത്തെ ഭദ്രകാളിയായി കല്‌പിച്ചിരിക്കുന്നു. ബംഗാളിലും കാളിയെ കരാളരൂപിണിയായിട്ടാണ്‌ സങ്കല്‌പിച്ചിരിക്കുന്നത്‌. എന്നാൽ ശ്രീരാമകൃഷ്‌ണന്‍ കാളിയെ സാത്വികഭാവത്തിലാണ്‌ ഉപാസിച്ചത്‌. കാളിദാസന്റെ കവിത്വസിദ്ധിക്ക്‌ ഹേതു കാളീപ്രസാദമാണെന്ന ഐതിഹ്യം പ്രസിദ്ധമാണ്‌.

കാളി, ഭുവനേശ്വരി മുതലായി കാളിക്കുള്ള പത്തുരൂപങ്ങളെ ദശവിദ്യകളെന്നു പറയുന്നു. കാളീരൂപങ്ങളെ വിദ്യകളായി കരുതുന്നതിനാൽ കാളിയും സരസ്വതിയും ഒന്നുതന്നെയാണെന്നും വിശ്വസിക്കുന്നവരുണ്ട്‌. കാലസ്വരൂപനായ മഹാകാലന്റെ (ശിവന്റെ) ശക്തിയാണ്‌ മഹാകാലി. കാലി എന്നതിനെക്കാള്‍ കാളിക്കു "ശ്യാമള' എന്നർഥം കല്‌പിക്കുന്നതായിരിക്കും ഭംഗി. കാളീപൂജാവിധിയിൽ കൃഷ്‌ണാനന്ദന്റെ തന്ത്രസാരം ആണ്‌ സാർവത്രികാംഗീകാരം നേടിയിട്ടുള്ള ഗ്രന്ഥം. രഹസ്യമായി നടത്തപ്പെടുന്ന കാളീതാന്ത്രിക പൂജയിൽ സ്‌ത്രീകള്‍ക്കും പങ്കെടുക്കാം. കാളിക്കു നരബലി നല്‌കാറുണ്ടായിരുന്നു. ഭാഗവതം 5-ാം സ്‌കന്ധത്തിലെ രഹൂഗണോപാഖ്യാനത്തിൽ കാളിക്കുള്ള നരബലിയുടെ പരാമർശമുണ്ട്‌.

"പുത്രവത്സലയായ മാതാവും ക്രൂരയായ സംഹാരിണി'യും എന്നാണ്‌ കാളിയുടെ രണ്ടു ഭാവങ്ങളെപ്പറ്റി ആൽഡസ്‌ ഹക്‌സലിയുടെ ടുമാറോ ആന്‍ഡ്‌ ടുമാറോ അദർ എസ്‌സെയ്‌സ്‌ (1956) എന്ന ഉപന്യാസ സമാഹാരത്തിൽ പരാമർശിച്ചിട്ടുള്ളത്‌. മാംഭൂം ജില്ലയിലെ ഒരാവോന്‍ (Oraons)എന്ന പ്രാകൃത വർഗക്കാരുടെയിടയിൽ കാളീപൂജയുടെ അതിപ്രാചീനമായ മാതൃക കാണാം. ശാക്തേയന്മാർ കാളിയെ പൂജിക്കുന്നത്‌ പശുഭാവം, വീരഭാവം, ദിവ്യഭാവം എന്നീ ഭാവങ്ങളിലാണ്‌. ജ്യോതിഷത്തിൽ പൂർണബലനായ ചന്ദ്രന്‍ ദുർഗയെയും ബലഹീനന്‍ കാളിയെയും പ്രതിനിധാനം ചെയ്യുന്നു. "ദുർഗാ ശീതകരോ ബലീ, സവിബലഃ കാളീ' (വരാഹമിഹിരന്‍) ദക്ഷയാഗത്തിൽ സതി യോഗവിസൃഷ്‌ടദേഹയായ വിവരം ധരിച്ചു ക്രുദ്ധനായ മഹാദേവന്‍ ജട നിലത്തടിച്ചപ്പോള്‍ വീരഭദ്രനും ഭദ്രകാളിയും ആവിർഭവിച്ചു ദക്ഷനോടു പകവീട്ടിയതായും കഥയുണ്ട്‌. ഹിമവാന്റെയും മേനകയുടെയും പുത്രിമാരും ശിവപത്‌നീപദ കാംക്ഷിണികളുമായ രാഗിണി, കുടില, കാളി എന്ന മൂവരിൽ കാളിമാത്രം തപഃശക്തികൊണ്ടു ശിവനെ വരിച്ചു; ബ്രഹ്മാവിന്റെ അനുഗ്രഹത്താൽ സ്വന്തം കാളിമ പോയി ഗൗരിയായിത്തീരുകയും ചെയ്‌തുവെന്നു മറ്റൊരു കഥയും പ്രചാരത്തിലുണ്ട്‌.

ഉതിരകാളി, സത്യവതി, ഭയങ്കരി, പേപ്പിശാച്‌, കാളിവാഴ, അമരി, കരിഞ്‌ജീരകം, പെരുംജീരകം, തൃകോല്‌പക്കൊന്ന, തേക്കിട, തുവരിമണ്ണ്‌, മണിത്തക്കാളി, പാമ്പിന്റെ രണ്ടാമത്തെ വിഷപ്പല്ല്‌ എന്നീ അർഥങ്ങളും "കാളി' എന്ന പദത്തിനു നിഘണ്ടുക്കളിൽ പറഞ്ഞുകാണുന്നു.

(മുതുകുളം ശ്രീധർ)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B4%BE%E0%B4%B3%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍