This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ആശ്ച്യുതാശ്‌മം, നിശ്ച്യുതാശ്‌മം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Stalactite, Stalagmite
ചുണ്ണാമ്പുകല്‍ പ്രദേശങ്ങളിലെ പ്രകൃതിദത്തമായ ഭൂഗര്‍ഭ ഗുഹകള്‍ക്കുള്ളില്‍ രൂപംകൊള്ളുന്ന സവിശേഷശിലാഘടനകള്‍. ഗുഹകളുടെ മേല്‍ത്തട്ടില്‍നിന്നു ഞാന്നുകിടക്കുന്ന രീതിയില്‍ രൂപംകൊള്ളുന്ന ശിലാഘടനയാണ് ആശ്ച്യുതാശ്‌മം (Stalactite); അടിത്തറയില്‍ നിക്ഷിപ്‌തമായി ക്രമേണ വളര്‍ന്നുപൊങ്ങുന്ന ശിലാഘടനകളെ നിശ്ച്യുതാശ്‌മം (Stalagmite) എന്നും പറയുന്നു. ഇവ രൂപംകൊള്ളുന്ന പ്രക്രിയ തുടര്‍ന്നുപോരുന്നതുമൂലം ആശ്ച്യുതാശ്‌മങ്ങളും നിശ്ച്യുതാശ്‌മങ്ങളും ക്രമപ്രവൃദ്ധങ്ങളായി കാണപ്പെടുന്നു.
ചുണ്ണാമ്പുകല്ലും വെള്ളവുമായുള്ള പ്രതിപ്രവര്‍ത്തനം കാര്‍ബോണിക് അമ്ലം ഉത്‌പാദിപ്പിക്കുന്നു. ഭൂജലത്തോടൊപ്പം ഈ കാര്‍ബോണിക് അമ്ലവും കീഴ്‌ത്തട്ടിലേക്ക് ഊര്‍ന്നിറങ്ങും. ഭൂഗര്‍ഭഗുഹകളുടെ മേല്‍ത്തട്ടിലെത്തുന്നതോടെ വായുസമ്പര്‍ക്കംമൂലം ജലാംശം ദൂരീകരിക്കപ്പെട്ട് കാല്‍സിയം കാര്‍ബണേറ്റ് ഉത്‌പാദിതമാവുന്നു. ഇങ്ങനെ നിക്ഷിപ്‌തമാവുന്ന കാര്‍ബണേറ്റ് പദാര്‍ഥം മേല്‍ത്തട്ടില്‍ത്തന്നെ പറ്റിപ്പിടിച്ചിരിക്കയോ, അടിത്തട്ടിലേക്കു നിപതിക്കയോ ചെയ്യും. ലായനി തുടര്‍ന്നും ഊര്‍ന്നിറങ്ങുന്നതോടെ കൂടുതല്‍കൂടുതല്‍ കാര്‍ബണേറ്റ് ഉണ്ടാവുന്നു; തുടര്‍ന്ന് മേല്‍ത്തട്ടില്‍ ഞാണു കിടക്കുന്നതോ, കീഴ്‌ത്തട്ടില്‍നിന്നും കോണാകൃതിയില്‍ വളര്‍ന്നുപൊങ്ങുന്നതോ ആയ കാര്‍ബണേറ്റ് ഘടനകള്‍ രൂപംകൊള്ളുകയും ചെയ്യുന്നു.
ഈ ശിലാരൂപങ്ങള്‍ക്ക് സദൃശഘടനയാണുള്ളത്. ഇവയുടെ പരിച്ഛേദം പരിശോധിച്ചാല്‍ സകേന്ദ്രീയമായ അട്ടികള്‍ രൂപപ്പെട്ടിരിക്കുന്നതു കാണാം. കാല്‍സിയം കാര്‍ബണേറ്റിന്റെ ആവര്‍ത്തിച്ചുള്ള നിക്ഷേപം മാത്രമാണ് ഇവ ഉണ്ടാകുന്നതിനു നിദാനമെന്ന് ഇതില്‍നിന്നു വ്യക്തമാവുന്നു. മീറ്ററുകളോളം നീളത്തില്‍ സാമാന്യം സ്ഥൂലിച്ചുവളരുന്ന ആശ്ച്യുതാശ്‌മങ്ങളും നിശ്ച്യുതാശ്‌മങ്ങളും സാധാരണമാണ്.
മുകളില്‍നിന്ന് ഊര്‍ന്നിറങ്ങുന്ന ലായനി അപൂരിതാവസ്ഥയിലായിരിക്കുമ്പോളാണ് അടിത്തട്ടിലേക്ക് നിപതിക്കുന്നത്. ആശ്ച്യുതാശ്‌മങ്ങള്‍ക്കു മുകളിലൂടെ അപൂരിതലായനി ഒഴുകുമ്പോള്‍ അത് കൂടുതല്‍ കാര്‍ബണേറ്റിനെ ലയിപ്പിക്കുന്നതോടൊപ്പം താഴെ ഇറ്റു വീഴുന്നു; ഇത് നിശ്ച്യുതാശ്‌മത്തിന്റെ വളര്‍ച്ചയ്‌ക്കു സഹായകമാവുന്നു. വളര്‍ന്നുപൊങ്ങുന്ന നിശ്ച്യുതാശ്‌മങ്ങള്‍ ആശ്ച്യുതാശ്‌മങ്ങളുമായി കൂട്ടിമുട്ടി, പിന്നീട് വളര്‍ന്ന് ആനക്കാലുപോലെ ഗുഹയുടെ നടുവിലും പാര്‍ശ്വഭാഗങ്ങളിലും രൂപംകൊള്ളും. ഇത്തരം നിക്ഷേങ്ങള്‍ വര്‍ധിച്ച് ഗുഹാഭാഗം മൂടിപ്പോയെന്നുവരാം. ഇംഗ്ലണ്ടില്‍ ഡര്‍ഹാം, നോര്‍ത്തംബര്‍ലണ്ട് എന്നിവിടങ്ങളിലെ കറുത്തീയഖനികളില്‍ ലോഹഅയിരുകളും ആശ്ച്യുതാശ്‌മരീതിയിലുള്ള കാല്‍സിയം കാര്‍ബണേറ്റും ഇടകലര്‍ന്നു കണ്ടുവരുന്നത് ഇതിനുദാഹരണമാണ്.
ഈ ശിലാഘടനകള്‍ പ്രകൃതത്തിലെന്നപോലെ സംരചനയിലും വലിയ വ്യത്യാസങ്ങള്‍ പ്രകടിപ്പിക്കുന്നു. പൊതുവേ അതാര്യമാണ്; അര്‍ധതാര്യഘടനകളും ഉണ്ട്; ചിലവ ക്രിസ്റ്റലീയഘടനയും ഏകദിശാവിദളന(cleavage)വും ഉള്ളവയാണ്; വന്‍തരികളോ ചെറുതരികളോ ആയി സാമാന്യമായ വിദളനസ്വഭാവമുള്ളവയുമുണ്ട്. വര്‍ണരഹിതമായോ, വെളുപ്പ്, മഞ്ഞകലര്‍ന്ന ചാരം, തവിട്ട് എന്നീ നിറങ്ങളിലോ കണ്ടുവരുന്നു.
(ആര്‍. ഗോപി)