This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാണ്‍പൂർ ഗൂഢാലോചന

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

16:08, 25 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

കാണ്‍പൂർ ഗൂഢാലോചന

എസ്‌.എ. ഡാങ്കെ
എം.എന്‍. റോയ്‌

എം.എന്‍. റോയിയുടെ നേതൃത്വത്തിലുള്ള ആദ്യകാല കമ്യൂണിസ്റ്റുകാർക്കെതിരെ ബ്രിട്ടീഷ്‌ ഗവണ്‍മെന്റ്‌ എടുത്ത കേസ്‌. ഇന്ത്യയിൽ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്‌ അടിത്തറപാകുന്നതിൽ ഈ കേസിനു ലഭിച്ച പ്രചാരം ഗണ്യമായ പങ്കുവഹിച്ചിട്ടുണ്ട്‌. മൂന്നാം ഇന്റർനാഷണലിൽ പങ്കെടുത്ത എം.എന്‍. റോയ്‌ ഇന്ത്യയിൽനിന്നു ബ്രിട്ടീഷ്‌ മേധാവിത്വത്തെ തുടച്ചുമാറ്റാന്‍ ശ്രമിക്കുകയുണ്ടായി. 1922 ആയപ്പോഴേക്ക്‌ സമർഥമായ പ്രചാരണം വഴി റോയ്‌ അലഹാബാദ്‌, കൽക്കത്ത, ബോംബെ, മദ്രാസ്‌, ലാഹോർ എന്നീ പ്രദേശങ്ങളിൽ ചെറിയ കമ്യൂണിസ്റ്റ്‌ സംഘങ്ങളെ സംഘടിപ്പിച്ചു. ഖാദി, ചർക്ക തുടങ്ങിയ ഗാന്ധിയന്‍ പരിപാടികള്‍, യുവതലമുറയിൽപ്പെട്ട പലർക്കും സ്വീകാര്യമായിത്തോന്നിയില്ല; മറിച്ച്‌ സാമ്പത്തികമായ നേട്ടത്തിനുവേണ്ടി കൃഷിക്കാരുടെയും തൊഴിലാളികളുടെയും സംഘടിതമായ സമരത്തിലൂടെയുള്ള പ്രവർത്തനം അവരിൽ പലരെയും ആകർഷിച്ചു. കമ്യൂണിസ്റ്റ്‌ തത്ത്വസംഹിതയും അവർക്കു സ്വീകാര്യമായി തോന്നി. ആ പ്രസ്ഥാനത്തിന്‌ നേതൃത്വം നല്‌കാന്‍ പല സുഹൃത്തുക്കളെയും റോയി സമീപിച്ചെങ്കിലും ആരും മുന്നോട്ടു വന്നില്ല. ബ്രിട്ടീഷുകാരനായ ഫിലിപ്പ്‌ സ്‌പ്രാറ്റ്‌ റോയിയോടൊപ്പമായിരുന്നു. മോസ്‌കോയിൽ നിന്നുള്ള സാമ്പത്തിക സഹായത്തോടെ ഇന്ത്യയിൽ സംഘടിപ്പിക്കപ്പെട്ട പ്രകടനങ്ങളും പണിമുടക്കുകളും ഇന്ത്യാഗവണ്‍മെന്റ്‌ സശ്രദ്ധം വീക്ഷിച്ചുകൊണ്ടിരിക്കുകയായിരുന്നു. അതിനിടയിൽ സംഘാടകരിൽ പ്രധാനിയായ റോയ്‌ യൂറോപ്പിലേക്കു കടന്നുകഴിഞ്ഞിരുന്നു. 1924 മാ. 17-ന്‌ ചാർജ്‌ ചെയ്‌ത കേസിൽ എം.എന്‍. റോയ്‌, എസ്‌.എ. ഡാങ്കെ, മുസഫർ അഹമ്മദ്‌, നളിനിഗുപ്‌ത, ഷൗക്കത്ത്‌ ഉസ്‌മാനി, ഗുലാം ഹുസൈന്‍, ശിങ്കാരവേലു ചെട്ടിയാർ തുടങ്ങിയവർ ബ്രിട്ടീഷ്‌ ചക്രവർത്തിയുടെ പരമാധികാരത്തിൽനിന്ന്‌ സായുധവിപ്ലവത്തിലൂടെ ബ്രിട്ടീഷ്‌ ഇന്ത്യയെ മോചിപ്പിക്കാന്‍ ശ്രമിക്കുന്നു എന്നതായിരുന്നു കുറ്റാരോപണം. ഇതാണ്‌ പില്‌ക്കാലത്ത്‌ "കാണ്‍പൂർ ഗൂഢാലോചനക്കേസ്‌' എന്നറിയപ്പെട്ടത്‌. റോയിയുടെ സഹപ്രവർത്തകരായിരുന്ന മുസഫർ അഹമ്മദ്‌, നളിനി ഗുപ്‌ത, എസ്‌.എ. ഡാങ്കേ മുതലായവരെ പെട്ടെന്ന്‌ അറസ്റ്റ്‌ ചെയ്‌തു. അനാരോഗ്യം കാരണം ശിങ്കാരവേലു ചെട്ടിയാരെ വിട്ടയച്ചു.

ഗവണ്‍മെന്റിനെ തകിടം മറിക്കുന്നതിനുവേണ്ടി ഗൂഢാലോചന നടത്തിയെന്ന്‌ ആരോപിച്ചുകൊണ്ട്‌ ഇന്ത്യന്‍ ശിക്ഷാനിയമസംഹിതയിലെ ബന്ധപ്പെട്ട വകുപ്പനുസരിച്ചാണ്‌ ഇവരുടെ പേരിൽ കേസെടുത്തത്‌ (1924). കോമിന്റേണിൽ പാസ്സാക്കപ്പെട്ട ചില പ്രമേയങ്ങളും പ്രഖ്യാപനങ്ങളും മറ്റു പ്രതികളുമായുള്ള എഴുത്തുകുത്തുകളുമാണ്‌ പ്രതികള്‍ക്കെതിരായുള്ള കേസിന്‌ ആധാരമാക്കിയത്‌. മറ്റു പ്രതികള്‍, കേസിനെ നേരിടുന്നതിൽ സ്വീകരിച്ച സമീപനം എം.എന്‍. റോയിയെ അസംതൃപ്‌തനാക്കി. അവർ നിയമപരവും സാങ്കേതികവും ഏറെക്കുറെ ക്ഷമായാചനാപരവുമായ രീതിയിലായിരുന്നു കേസിനെ എതിർത്തത്‌. അവരെ നാലു കൊല്ലത്തെ തടവുശിക്ഷയ്‌ക്കു വിധിച്ചു. അതിനുശേഷം 1929-ൽ പ്രസിദ്ധമായ മീററ്റ്‌ ഗൂഢാലോചനക്കേസ്‌ നടന്നു. അക്കാലത്ത്‌ എം.എന്‍. റോയ്‌ ഒരു വ്യാജപാസ്‌പോർട്ട്‌ ഉപയോഗിച്ച്‌ ഇന്ത്യയിലെത്തി ട്രഡ്‌ യൂണിയന്‍ രംഗത്തു പ്രവർത്തിക്കാന്‍ തുടങ്ങി. 1931-ൽ റോയിയെ അറസ്റ്റ്‌ ചെയ്യുകയും അദ്ദേഹത്തിന്റെ പേരിലുള്ള കേസ്‌ നടത്തുകയും ചെയ്‌തു. അദ്ദേഹത്തിന്റെ സമീപനം ധീരവും രാഷ്‌ട്രീയാടിസ്ഥാനത്തിലുള്ളതുമായ ഒരു കമ്യൂണിസ്റ്റ്‌ സൈദ്ധാന്തികന്റേതായിരുന്നു. ഇന്ത്യയിലെ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തെ മുളയിലെ നുള്ളണമെന്ന ഉദ്ദേശ്യത്തോടെയാണ്‌ ഗവണ്‍മെന്റ്‌ കേസെടുത്തത്‌. 1932 ജനുവരിയിൽ റോയിയെ പന്ത്രണ്ടു വർഷത്തെ തടവുശിക്ഷയ്‌ക്കു വിധിച്ചു. അപ്പീലിൽ ശിക്ഷയുടെ കാലാവധി 6 വർഷമായിക്കുറച്ചു. 1936-ൽ റോയ്‌ ജയിൽ വിമോചിതനായതോടെ കാണ്‍പൂർ ഗൂഢാലോചനക്കേസ്‌ സംബന്ധിച്ച നടപടികള്‍ അവസാനിച്ചു.

(എം. പ്രഭ)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍