This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാണിപ്പാട്ട്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

08:24, 24 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

കാണിപ്പാട്ട്‌

ഒരു നാടോടിഗാനം. കേരളത്തിലെ കാണിക്കാർ (മലയരയന്മാർ) എന്ന ആദിവാസി വർഗത്തിന്റെ നാടന്‍ഗാനങ്ങളിൽപ്പെട്ട കാണിപ്പാട്ടിനു വിളവന്‍കോട്‌, കൽക്കുളം തുടങ്ങിയ തമിഴ്‌നാട്‌ താലൂക്കുകളിലും പ്രചാരമുണ്ട്‌. "ചാറ്റു (മന്ത്രവാദം) പാട്ട്‌' എന്ന പേരിലും ഇതറിയപ്പെടുന്നു.

കൃഷ്‌ണദേവരായരുടെ ശത്രുവായ തുമ്പിച്ചി നായ്‌ക്കന്റെ പടയെപ്പറ്റി ഇതിൽ പ്രസ്‌താവിച്ചിട്ടുള്ളതുകൊണ്ട്‌ ഇതിനു 350 വർഷത്തിനുമേൽ പഴക്കമില്ലെന്ന്‌ ഉള്ളൂർ പ്രസ്‌താവിക്കുന്നു (കേരളസാഹിത്യചരിത്രം-I). മലവേടന്മാരുടെ ഭാഷയായ "മലമ്പാഷൈ' ആണ്‌ പാട്ടുകളിൽ പ്രയോഗിച്ചിരിക്കുന്നത്‌. മലയാളത്തിന്റെയും തമിഴിന്റെയും സങ്കലരൂപം ഈ ഭാഷയിൽ കാണാവുന്നതാണ്‌.

സാമൂഹികവും മതപരവും അനുഷ്‌ഠാനപരവും ആയ ചടങ്ങുകളോടനുബന്ധിച്ചുള്ള നൃത്തങ്ങള്‍ക്കാണ്‌ കാണിക്കാർ കാണിപ്പാട്ട്‌ അവതരിപ്പിക്കാറുള്ളത്‌. വിളവർധനവിനും രോഗനിവാരണത്തിനും പേരിടീലിനും ഈ പാട്ടുകള്‍ പാടി പ്രാർഥിക്കാറുണ്ട്‌. ഭൂമിയുടെ ഉദ്‌ഭവം, ആത്മാക്കളുടെ ചെയ്‌തികള്‍, ആത്മശാന്തിക്കുവേണ്ടിയുള്ള പ്രാർഥനകള്‍, മറ്റു നിത്യജീവിതരംഗങ്ങള്‍ എന്നിവയാണ്‌ ഈ പാട്ടുകളിലെ പ്രതിപാദ്യം. ഒരു മന്ത്രംചൊല്ലി കാണിപ്പാട്ടും കഴിഞ്ഞാണ്‌ കാണിക്കാർ മന്ത്രവാദം നടത്താറുള്ളത്‌.

72 കാണിപ്പറ്റുകളിലെ അരയന്മാരും മുമ്മൂന്ന്‌ കൊല്ലത്തിലൊരിക്കൽ ആറ്റിങ്ങൽ രാജാവിനു വനവിഭവങ്ങള്‍ കാഴ്‌ചവയ്‌ക്കുന്ന പതിവ്‌ നിലനിന്നിരുന്ന കാലങ്ങളിൽ ഈ പാട്ടുകള്‍ പാടിയിരുന്നു. കാണിപ്പാട്ടുകളിൽ ഏറ്റവും പ്രധാനപ്പെട്ടതും, വീരപ്പനരയന്‍ പാട്ടാണ്‌. ഇതിൽ വീരനല്ലൂർ കോട്ടയിലെ വീരപ്പനരയന്‍ ആറ്റിങ്ങൽ തമ്പുരാനിൽനിന്നു "വീരമാർത്താണ്ഡനരയന്‍' എന്ന ബിരുദവും ഏഴേകാലും കോപ്പും സ്വീകരിക്കുന്നതും തന്റെ സഹോദരിയായ കരിമ്പാണ്ടിയെ ബലികൊടുത്തു കല്ലണയുറപ്പിച്ചു കുടിവെള്ളം തടഞ്ഞു പാണ്ടിക്കാരുടെ ഹുങ്കു ശമിപ്പിക്കുന്നതും മറ്റും വർണിച്ചിരിക്കുന്നു.

 
	""അമ്മാവിമാർ കൈയിനാലേ
		എണ്ണതാളി തേയ്‌ക്കവേണം;
	നാത്തിനമാർ കൈയിനാലേ
		മുണ്ടുചേലയുടുക്കവേണം;
	അനുജത്തിമാർ കൈയിനാലേ
		തലകോതി മുടിക്കവേണം;
	പെറ്റതള്ള കൈയിനാലേ
		ഒരുപിടിച്ചോറുണ്ണണമേ''.... 
  

എന്നിങ്ങനെയാണ്‌ പ്രാണത്യാഗത്തിനു സന്നദ്ധയായി സ്വസഹോദരന്റെ മുന്നിലെത്തുന്ന ധീരയായ കരിമ്പാണ്ടിയുടെ അന്തിമാഭിലാഷപ്രകടനം അജ്ഞാതനാമാവായ കവി ചിത്രീകരിച്ചിരിക്കുന്നത്‌. ഈ പാട്ടുകള്‍ക്കു ഭാഷാപരമായി വളരെയധികം പ്രാചീനത്വം കാണുന്നില്ലെങ്കിലും ഇവയിലുടനീളം സാമൂഹികാംശങ്ങളുടെ പ്രതിഫലനം പ്രകടമാണ്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍