This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാണം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

08:22, 24 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

കാണം

നാടുവാഴിത്ത കാലഘട്ടത്തിൽ കേരളത്തിൽ വ്യാപകമായി നിലവിലിരുന്ന ഒരു കുടിയായ്‌മ സമ്പ്രദായം. കുടിയാന്മാർ ഭൂമി പാട്ടത്തിന്‌ ഏല്‌ക്കുമ്പോള്‍ ഒരു നിശ്ചിത തുക മുമ്പേറായി ജന്മിക്കു നല്‌കിയിരുന്നു. ഇതിന്‌ "കാണം' അഥവാ "കാണപ്പണം' എന്നു പറയുന്നു. ചില സ്ഥലങ്ങളിൽ കാണം നെല്ലായും നല്‌കാറുണ്ട്‌. കാണപ്പണത്തിനു പലിശ നിശ്ചയിക്കുകയും പലിശത്തുക പാട്ടത്തിൽനിന്നു കുറയ്‌ക്കുകയും വേണമെന്നു വ്യവസ്ഥ ചെയ്‌തിരുന്നു. വടക്കേമലബാറിൽ കാണം ഏകദേശം ഒറ്റിപോലെ തന്നെയാണ്‌. കാണം ഏല്‌ക്കുന്നവനെ "കാണക്കാരന്‍' അഥവാ "കാണക്കുടിയാന്‍' എന്നു വിളിക്കുന്നു. ജന്മിയും കാണക്കുടിയാനും തമ്മിലുള്ള ബന്ധത്തെ സൂചിപ്പിക്കുന്ന ചട്ടങ്ങള്‍ക്കും കീഴ്‌വഴക്കങ്ങള്‍ക്കും "കാണജന്മിമര്യാദ' എന്നു പറയുന്നു. ആദികാലങ്ങളിൽ പണത്തിന്റെ ആവശ്യനിവൃത്തിക്കായിട്ടോ പാട്ടത്തിന്റെ ഉറപ്പിനായിട്ടോ മറ്റോ ഭൂവുടമ കുടിയാന്റെ പക്കൽനിന്നു കുറെ പണമോ നെല്ലോ മുമ്പേറായി വാങ്ങുകയും അത്‌ പാട്ടത്തിൽ വക കൊള്ളിക്കുകയും ചെയ്‌തുപോന്നു. എന്നാൽ കാലക്രമത്തിൽ കാണവ്യവസ്ഥയ്‌ക്കു പുതിയ ഭാവവും രൂപവും കൈവന്നു.

മേജർ വാക്കർ എന്ന ചരിത്രകാരന്‍ മലബാറിലെ കാണവ്യവസ്ഥയെക്കുറിച്ച്‌ ഇപ്രകാരം പ്രതിപാദിച്ചിരിക്കുന്നു: "കാണം ഒരുതരം ഒറ്റിയാണ്‌. വസ്‌തുക്കള്‍ പാട്ടത്തിനേല്‌ക്കുമ്പോള്‍ ഭൂമി പണയമായി കണക്കാക്കി കുടിയാന്‍ ഒരു നിശ്ചിതതുക (കാണപ്പണം) വസ്‌തു കൈവശം വിട്ടുകൊടുക്കുന്നതിനുള്ള ജാമ്യമായി ജന്മിക്കു നല്‌കുന്നു. ഇതിനു പുറമേ കുടിയാന്‍ കാലാകാലങ്ങളിൽ നിശ്ചിതതുക പാട്ടമായി നല്‌കുകയും വേണം. എന്നാൽ കാണപ്പണത്തിന്റെ പലിശ പാട്ടത്തിൽ വക കൊള്ളിക്കുന്നതാണ്‌. കാണപ്പണത്തിന്‌ മൂന്ന്‌ മുതൽ ആറ്‌ വരെ ശതമാനം പലിശ നിശ്ചയിച്ചിരുന്നു. പാട്ടക്കുടിശ്ശിക വന്നാൽ കാണപ്പണത്തിൽനിന്ന്‌ ഈടാക്കാനും കുടിയാന്‍ വസ്‌തുവകകള്‍ക്ക്‌ എന്തെങ്കിലും നാശനഷ്‌ടങ്ങള്‍ വരുത്തുകയാണെങ്കിൽ കാണപ്പണത്തിൽനിന്നു നഷ്‌ടപരിഹാരം ഈടാക്കാനും വ്യവസ്ഥ ചെയ്‌തിരുന്നു. കാണം ഏറ്റുകഴിഞ്ഞാൽ വസ്‌തുക്കള്‍ പരിപൂർണമായും കാണക്കാരന്റെ നിയന്ത്രണത്തിലായിരിക്കും. വസ്‌തു കൈമാറ്റം ചെയ്യുന്നതൊഴികെയുള്ള സർവാവകാശങ്ങളും കാണക്കാരനുണ്ടായിരിക്കും. കാണപ്പണത്തെ കടമായും ഈടായും വക കൊള്ളിക്കാറുണ്ട്‌. പാട്ടം കൃത്യസമയത്തു ലഭിക്കുക എന്നുള്ളതാണ്‌ കാണപ്പണം സ്വീകരിക്കുന്നതിനാധാരം.

ഇംഗ്ലീഷ്‌ ഈസ്റ്റ്‌ഇന്ത്യാക്കമ്പനിയുടെ കോടതികള്‍ ഇടപെടുന്നതുവരെ മലബാറിലെ കാണപ്പാട്ട വ്യവസ്ഥ അനിയമിതമായിരുന്നു. ജന്മിയുടെ ഏകപക്ഷീയമായ കുടിയൊഴിപ്പിക്കലിനു കുടിയാന്‍ ഏതുസമയവും വിധേയനായിരുന്നതുകൊണ്ട്‌ കുടിയാനു ജന്മിയുടെ ഇഷ്‌ടാനിഷ്‌ടങ്ങള്‍ക്കനുസരണമായി നിൽക്കേണ്ടി വന്നിരുന്നു. ജന്മിമാർക്കു പണത്തിന്‌ ആവശ്യം വരുമ്പോള്‍ കുടിയാന്മാരെ ഒഴിപ്പിക്കുകയും കൂടുതൽ കാണം നല്‌കാന്‍ തയ്യാറാകുന്നവരെ വസ്‌തുക്കള്‍ ഏല്‌പിക്കുകയും ചെയ്‌തുപോന്നു. ആദ്യകാലങ്ങളിൽ മൂന്ന്‌ വർഷമായിരുന്നു കാണപ്പാട്ടത്തിന്റെ കാലാവധി. എന്നാൽ 1856 ഫെ. 27-ന്‌ മദ്രാസിലെ സദർ കോടതി കാണപ്പാട്ട സമ്പ്രദായം നിയമവിധേയമാക്കുകയും കാണപ്പാട്ടത്തിന്റെ കാലാവധി 12 വർഷമായി ഉയർത്തുകയും കാണിക്കുടിയാന്മാർക്കു കൂടുതൽ അവകാശാധികാരങ്ങള്‍ നല്‌കുകയും ചെയ്‌തു. ഇക്കാലത്തുതന്നെ തിരുവിതാംകൂർ ഹൈക്കോടതിയും ഇതേ രീതിയിലുള്ള ഒരു വിധിന്യായം പുറപ്പെടുവിച്ചു. 12 വർഷത്തെ കാലാവധിക്കുശേഷം കാണക്കുടിയാന്‍ ആവശ്യപ്പെടുകയാണെങ്കിൽ കാണം പുതുക്കണമെന്നും (പൊളിച്ചെഴുത്തു നടത്തുക) വ്യവസ്ഥ ചെയ്‌തു.

പ്രതിഫലമെന്ന അർഥത്തിൽത്തന്നെ വിവിധതരം കാണങ്ങളുണ്ട്‌. കുഴിക്കാണം, കുറ്റിക്കാണം, തൂശിക്കാണം, വെട്ടുക്കാണം, തേട്ടക്കാണം, ഒപ്പുകാണം, നീർക്കാണം, നടുക്കാണം, കൈക്കാണം മുതലായവ. കുഴിക്കാണം ദേഹണ്ഡവിലയും, കുറ്റിക്കാണം വൃക്ഷങ്ങള്‍ വെട്ടിമാറ്റുമ്പോള്‍ മുറിച്ച തടിയുടെ കുറ്റിയെണ്ണി ഉടമസ്ഥനോ സർക്കാരിനോ കൊടുക്കുന്ന തടിവിലയും, തൂശിക്കാണം ആധാരമെഴുത്തുകാരനു കൊടുക്കുന്ന കൂലിയും, വെട്ടുകാണം ഭൂമി വെട്ടിത്തെളിക്കുന്നതിന്റെ കൂലിയും, തേട്ടക്കാണം വസ്‌തുകൈമാറ്റത്തിൽ ബന്ധപ്പെട്ടവർക്കു നല്‌കുന്ന പാരിതോഷികവും, ഒപ്പുകാണം സാക്ഷിപ്പടിയും ആണ്‌. "കാണം വിറ്റും ഓണം ഉണ്ണണം' (വിറ്റു നശിച്ചാലും ഓണം ആഘോഷിക്കണം) എന്ന ചൊല്ല്‌ മലയാളത്തിൽ പ്രസിദ്ധമാണ്‌.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B4%BE%E0%B4%A3%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍