This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാടർ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

14:05, 25 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

കാടർ

ഒരു കാടര്‍ കുടുംബത്തിലെ അമ്മയും കുട്ടികളും

കേരളത്തിലെ ഒരു ആദിമജനവർഗം. തൃശൂർ, പാലക്കാട്‌ എന്നീ ജില്ലകളിലെ കാടുകളിലാണ്‌ ഇവർ അധികമായും കാണപ്പെടുന്നത്‌. നെല്ലിയാംപതി, കൊടശ്ശേരി, പറമ്പിക്കുളം, ആതിരപ്പിള്ളി എന്നീ മലനിരകളിലും കോയമ്പത്തൂർ ജില്ലയിലെ ആനമലയിലും ഇക്കൂട്ടരെ കാണാം. കാടുകളിൽ വസിക്കുന്നവരായതുകൊണ്ടായിരിക്കണം ഇവർക്കു കാടർ എന്ന പേരു സിദ്ധിച്ചത്‌. പ്രാകൃതജീവിതം നയിച്ചുവരുന്ന കാടരുടെ ജീവിതനിലവാരം നഗരവാസികളുമായുള്ള സമ്പർക്കം നിമിത്തം അടുത്തകാലത്ത്‌ വളരെയധികം മെച്ചപ്പെട്ടിട്ടുണ്ട്‌.

കാടർ ഒത്തുചേർന്നു നിവസിക്കുന്ന സ്ഥലത്തിന്‌ പാടി എന്നാണ്‌ പേർ. കുന്നിന്‍മുകളിൽ സ്ഥിതിചെയ്യുന്ന ഒരു പാടിയിൽ ഇരുപത്തഞ്ചോ മുപ്പതോ കുടിലുകള്‍ കാണും. ഈറയും പുല്ലും ഉപയോഗിച്ചു നിർമിക്കപ്പെടുന്ന കുടിലുകളിൽ ഒരു മുറി മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. കിടക്കുന്നതിനായി തറയുടെ ഒരു ഭാഗം അല്‌പം കെട്ടി ഉയർത്തിയിരിക്കും. ഇവരുടെ ഇടയിൽ ശൈശവവിവാഹം പതിവില്ല. വരന്റെ കുടിലിൽവച്ച്‌ വധൂവരന്മാരുടെ മാതാപിതാക്കള്‍ വെറ്റിലയും അടയ്‌ക്കയും കൈമാറിയാണ്‌ വിവാഹം ഉറപ്പിക്കുന്നത്‌. വിവാഹദിവസം വരനും സംഘവും വധുവിന്റെ കുടിലിൽ എത്തുന്നു. കല്യാണപ്പന്തലിൽ വധൂവരന്മാർ മുഖത്തോടുമുഖം നോക്കിനിൽക്കും. വാദ്യമേളങ്ങളോടെ മറ്റുള്ളവർ അവർക്കു ചുറ്റും നിന്ന്‌ ആടുകയും പാടുകയും ചെയ്യുന്നു. വരന്റെ മാതാവ്‌ സ്വർണം കൊണ്ടോ വെള്ളികൊണ്ടോ ഉണ്ടാക്കിയ താലി വധുവിന്റെ കഴുത്തിൽ കെട്ടുന്നു. ഈ സമയത്ത്‌ വധുവിന്റെ പിതാവ്‌ വരന്റെ തലയിൽ ഒരു തലപ്പാവ്‌ വയ്‌ക്കുന്നു. അതിനുശേഷം വധൂവരന്മാർ വലതുകൈകളിലെ ചെറുവിരലുകള്‍ കോർത്തുപിടിച്ചുകൊണ്ട്‌ പന്തലിനു ചുറ്റും പ്രദക്ഷിണം വയ്‌ക്കുന്നതോടെ വിവാഹാഘോഷങ്ങള്‍ അവസാനിക്കുന്നു. വിവാഹാവസരത്തിൽ വരന്‍ വധുവിന്റെ മാതാപിതാക്കള്‍ക്കും അടുത്ത ബന്ധുക്കള്‍ക്കും സമ്മാനങ്ങള്‍ നല്‌കേണ്ടതുണ്ട്‌. വിവാഹം കഴിഞ്ഞാലുടന്‍തന്നെ വധൂവരന്മാർ വരന്റെ കുടിലിലേക്കു പോകുകയും അവിടെവച്ച്‌ സദ്യ നടത്തുകയും ചെയ്യുന്നു. വധൂഗൃഹത്തിൽ വിരുന്നുസത്‌കാരങ്ങളൊന്നും നടത്താറില്ല. ബഹു ഭാര്യാത്വം ഇവരുടെ ഇടയിൽ നിലവിലുണ്ട്‌. സന്താനവർധനവിനു വേണ്ടിയാണിതെന്നു പറയപ്പെടുന്നു.

തീണ്ടാരിയും ജനനം, മരണം എന്നിവയോടനുബന്ധിച്ചുള്ള പുലയും കാടർ വളരെ കർശനമായി പാലിക്കാറുണ്ട്‌. ആർത്തവകാലത്തു സ്‌ത്രീകളെ ഒരാഴ്‌ചയോളം പ്രത്യേക കുടിലുകളിലാണ്‌ പാർപ്പിക്കാറുള്ളത്‌. ഗർഭിണികളായ സ്‌ത്രീകള്‍ക്കു ബാധോപദ്രവമുണ്ടെന്നു തോന്നിയാൽ മൂപ്പനെ വിവരമറിയിക്കുകയും അയാള്‍ മന്ത്രവാദിയെ അയച്ചു ബാധ അകറ്റുകയും ചെയ്യുന്നു. പ്രസവം കഴിഞ്ഞാൽ മൂന്നുമാസം വരെ സ്‌ത്രീകളെ അശുദ്ധകളായിട്ടാണ്‌ കരുതുന്നത്‌. കുട്ടിക്ക്‌ ആറുമാസം പ്രായമാകുമ്പോള്‍ പേരിടൽ കർമം നടത്തുന്നു. പെണ്‍കുട്ടികള്‍ക്ക്‌ പേരിടുമ്പോള്‍ത്തന്നെ കാതും മൂക്കും കുത്താറുണ്ട്‌. മൂപ്പനാണ്‌ ഈ ചടങ്ങുകള്‍ക്കൊക്കെ കാർമികത്വം വഹിക്കുന്നത്‌. ദായക്രമം മക്കത്തായമാണെങ്കിലും മൂപ്പന്മാരുടെ പിന്തുടർച്ചാവകാശം മരുമക്കള്‍ക്കാണ്‌. പാടിയിൽനിന്ന്‌ വളരെ അകലെയുള്ള കുഴിമാടങ്ങളിൽ ശവം മറവുചെയ്യുന്നു. അയ്യപ്പനും കാളിയുമാണ്‌ കാടരുടെ ഇഷ്‌ടദേവതകള്‍. തമിഴും മലയാളവും കലർന്ന ഒരു സങ്കരഭാഷയാണ്‌ ഇവർ സംസാരിക്കുന്നത്‌.

1996-97-ലെ പ്രാക്തന ഗോത്രവർഗ സർവേപ്രകാരം തൃശൂർ-പാലക്കാട്‌ ജില്ലകളിലെ പറമ്പിക്കുളം, കുരിയാർകുട്ടി, നെല്ലിയാമ്പതി, കോടശ്ശേരി, വാഴച്ചൽ, മുകുന്ദപുരം, പെരിങ്ങൽക്കുത്ത്‌ വനങ്ങളിൽ പാർക്കുന്ന ഇവരുടെ മൊത്തസംഖ്യ 1472 ആണ്‌. 407 കുടുംബങ്ങളിലായി 744 പുരുഷന്മാരും 728 സ്‌ത്രീകളും. സാക്ഷരതാ ശതമാനം തൃശൂർവനങ്ങളിലെ കാടർക്ക്‌ 38.80-ഉം പാലക്കാട്ട്‌ 43.84-ഉം. റോഡുകള്‍ ചെന്നെത്താത്ത കൊടുംകാട്ടുപ്രദേശത്തു നിന്ന്‌ കുട്ടികള്‍ക്ക്‌ വിദ്യാലയങ്ങളിലേക്ക്‌ പോകാന്‍ പ്രയാസമുള്ളതിനാലാണ്‌ ഇവർക്കിടയിൽ സാക്ഷരത ഗണ്യമായി കുറയുന്നത്‌. കോളനികളിലുള്ള ഏകാംഗ വിദ്യാലയങ്ങളും സ്ഥിരമായി പ്രവർത്തിക്കാറില്ല. 77 ശതമാനം കാടർക്ക്‌ സ്വന്തമായി ഭൂമിയില്ല. ഭൂമി ഉള്ളവരിൽത്തന്നെ 25 സെന്റിൽക്കൂടുതൽ കൈവശം ഉള്ളവർ കുറവ്‌. സ്വന്തമായി ഭൂമിയുള്ളവർ റബ്ബർ, തെങ്ങ്‌, വാഴ, പച്ചക്കറി എന്നിവ കൃഷിചെയ്യുന്നുണ്ട്‌. 74 ശതമാനം പേരുടെ വീടുകളിൽ വൈദ്യുതി എത്തിയിട്ടില്ല. ശുദ്ധജലക്ഷാമമാണ്‌ ഇവരെ അലട്ടുന്ന മറ്റൊരു പ്രശ്‌നം. 55 ശതമാനം പേർക്ക്‌ സർക്കാർ ഭവനനിർമാണത്തിന്‌ സഹായധനം നല്‌കിയിട്ടുണ്ട്‌. ഇപ്രകാരം പരിഷ്‌കൃത ജീവിത സൗകര്യങ്ങള്‍ കൂടുതലായി അവർക്ക്‌ ലഭ്യമായിത്തുടങ്ങിയെങ്കിലും പ്രാദേശികവികസനം മന്ദഗതിയിലായതിനാൽ കാടരുടെ പൊതുവായ അഭിവൃദ്ധിക്ക്‌ ഇനിയും കാലതാമസമുണ്ടാകും. ഇപ്പോഴും 90 ശതമാനം ജനങ്ങളും വനവിഭവങ്ങളെ ആശ്രയിച്ചാണ്‌ ഉപജീവനം നടത്തുന്നത്‌.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B4%BE%E0%B4%9F%E0%B5%BC" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍