This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കുഞ്ചുണ്ണി നമ്പൂതിരിപ്പാട്, കൂടല്ലൂർ (1830 - 85)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
കുഞ്ചുണ്ണി നമ്പൂതിരിപ്പാട്, കൂടല്ലൂർ (1830 - 85)
പത്തൊന്‍പതാം ശതകത്തിന്റെ മധ്യദശകങ്ങളിൽ ജീവിച്ചിരുന്ന ഒരു പ്രസിദ്ധ വൈയാകരണന്. കൊച്ചി ചാലക്കുടി പിലാങ്ങോട്ടു പടുതോള്‍ നമ്പൂതിരിപ്പാട്ടിലെ മരുമകനായ ബ്രഹ്മദത്തന് നമ്പൂതിരിപ്പാടി(കുഞ്ചു)ന്റെയും പെരുമ്പിള്ളിശ്ശേരി കിരാങ്ങാട്ടു കറുത്തേടത്തു മനയ്ക്കലെ അന്തർജനത്തിന്റെയും (കുഞ്ചുവിന്റെ ദ്വിതീയ പത്നി) മൂന്നാമത്തെ പുത്രനായി 1830 ജൂലായിൽ ജനിച്ചു. നീലകണ്ഠന് എന്നതായിരുന്നു പിതൃകൃതമായ നാമധേയം. സഹോദരന് ഒരു മീമാംസകനായിരുന്നു. കൂടല്ലൂർ മനയ്ക്കലെ കുലഗുരുസ്ഥാനം വഹിച്ചിരുന്ന മണക്കുറ്റിവാര്യരായിരുന്നു, കേട്ടതെല്ലാം ഹൃദിസ്ഥമാക്കുന്നതിൽ സമർഥനായിരുന്ന കുഞ്ചുണ്ണിയുടെ ആദ്യത്തെ ഗുരു. മനയ്ക്കലെതന്നെ വാസുദേവശാസ്ത്രികളിൽ നിന്ന് വ്യാകരണശാസ്ത്രം അഭ്യസിച്ചു. ജ്യോതിശ്ശാസ്ത്രം, വേദാന്തം, ധർമശാസ്ത്രം മുതലായ ശാസ്ത്രശാഖകളിലും കുഞ്ചുണ്ണി പരിനിഷ്ഠിതമായ പാണ്ഡിത്യം നേടി. 1885-ാമാണ്ടോടുകൂടി ഇദ്ദേഹം തൃശൂരിൽ താമസമുറപ്പിച്ചു. കാരയ്ക്കാട്ട് അച്ഛന് നമ്പൂതിരി, മുല്ലപ്പള്ളി സ്വാമിയാർ, മഹാമഹോപാധ്യായന്‍ കിള്ളിമംഗലത്ത് നാരായണന് നമ്പൂതിരിപ്പാട്, വാടാനംകുറിശ്ശി പിച്ചു ശാസ്ത്രികള്‍, ചേന്ദമംഗലം അയ്യാശാസ്ത്രികള്‍ എന്നീ വൈയാകരണാഗ്രണികള്‍ കുഞ്ചുണ്ണിയുടെ ശിഷ്യപ്രമുഖരിൽ ചിലരാണ്. കോഴിക്കോട്ടു തളിയിലെ വിദ്വത്സദസ്സിൽ ശിഷ്യന്മാരോടൊപ്പം ഇദ്ദേഹം പങ്കെടുത്തിരുന്നു. തിരുവിതാംകൂർ ആയില്യംതിരുനാള് മഹാരാജാവ് വീരശൃംഖല സമ്മാനിച്ച് ഈ പണ്ഡിതനെ ബഹുമാനിച്ചിട്ടുണ്ട്. നമ്പൂതിരിമാരുടെയിടയിൽ ഇംഗ്ലീഷു വിദ്യാഭ്യാസം പ്രചരിപ്പിച്ച് കാലോചിതമായ പരിഷ്കാരങ്ങള്‍ നടപ്പിലാക്കുവാനും കുഞ്ചുണ്ണി മുന്‍കൈയെടുത്തു പ്രവർത്തിച്ചിരുന്നു. വിഷൂചികാബാധിതനായി 1885-ൽ ഇദ്ദേഹം അന്തരിച്ചു. പതിനാലു തലമുറകളായി കൂടല്ലൂർ മനയ്ക്കൽ നിലനിന്നിരുന്ന വൈയാകരണപരമ്പര കുഞ്ചുണ്ണി നമ്പൂതിരിപ്പാടോടുകൂടി അവസാനിക്കുകയാണുണ്ടായത്.
(പ്രാഫ. ആർ. വാസുദേവന്‍പോറ്റി)