This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കുചേലന്‍, കുചേലവൃത്തം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

09:26, 30 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

കുചേലന്‍, കുചേലവൃത്തം

കഥകളിയിലെ കുചേലവേഷം

ഒരു പുരാണകഥാപാത്രം. മഹാഭാരതം ദശമസ്‌കന്ധത്തിന്റെ ഉത്തരാർധത്തിൽ പ്രതിപാദിച്ചിട്ടുള്ള കുചേലോപാഖ്യാനം ഇങ്ങനെ സംഗ്രഹിക്കാം. കൃഷ്‌ണഭക്തനായ ഒരു ദരിദ്രബ്രാഹ്മണനായിരുന്നു കുചേലന്‍. യഥാർഥ നാമം സുദാമ എന്നാണ്‌. "സുദാമചരിതം' എന്ന പേരിലാണ്‌ കുചേലകഥ ഉത്തരേന്ത്യയിൽ അറിയപ്പെടുന്നത്‌.

സാന്ദീപനി മഹർഷിയുടെ ആശ്രമത്തിലാണ്‌ കുചേലനും കൃഷ്‌ണനും വിദ്യാഭ്യാസം നടത്തിയത്‌. ഗുരുകുലത്തിൽവച്ച്‌ ഇവർ ഉറ്റതോഴന്മാരായിത്തീർന്നു. വിദ്യാഭ്യാസാനന്തരം രണ്ടുപേരും വിഭിന്ന ജീവിതമാർഗമാണ്‌ സ്വീകരിച്ചത്‌. കൃഷ്‌ണന്‍ ദ്വാരകയിൽ രാജകീയ സുഖാനുഭോഗങ്ങളിലും, കുചേലന്‍ ഒരു വലിയ കുടുംബത്തിന്റെ ദുർവഹമായ ഭാരവും പേറി ദാരിദ്യ്രത്തിലും കഴിഞ്ഞുകൂടി. നിത്യവൃത്തിക്ക്‌ നിവൃത്തിയില്ലാതെ വലഞ്ഞുവശായ ഒരു ഘട്ടത്തിൽ കൃഷ്‌ണന്റെ സഹായമഭ്യർഥിക്കാന്‍ പത്‌നി നിർബന്ധിച്ചതനുസരിച്ച്‌ കുചേലന്‍ ദ്വാരകയിലേക്കുപോയി. ഇരന്നുകിട്ടിയ നെല്ലിടിച്ചുണ്ടാക്കിയ ഒരു അവൽപ്പൊതി മാത്രമാണ്‌ സതീർഥ്യന്‌ കാഴ്‌ചവയ്‌ക്കാന്‍ കുചേലന്‍ കരുതിയിരുന്നത്‌. ദ്വാരകയിലെത്തിയ കുചേലനെ ഏഴാം മാളികയിലിരുന്നരുളിയ കൃഷ്‌ണന്‍ ദൂരത്തുവച്ചുതന്നെ കണ്ടു. കൃഷ്‌ണന്‍ പരിവാരസമേതം കുചേലനെ രാജോചിതമായി സ്വീകരിച്ചിരുത്തി. കുചേലന്‍ കൊണ്ടുവന്ന അവൽപ്പൊതിയിൽ നിന്ന്‌ ഒരുപിടി വാരിത്തിന്നു. രണ്ടാമതൊരു പിടികൂടി വാരാന്‍ തുടങ്ങിയ കൃഷ്‌ണനെ രുക്‌മിണി തടഞ്ഞു. കുശലപ്രശ്‌നങ്ങള്‍ക്കുശേഷം കുചേലന്‍ തിരിച്ചുപോന്നു. സത്‌കാരങ്ങളനുഭവിക്കുന്നതിനിടയിൽ കൃഷ്‌ണനോട്‌ സഹായമഭ്യർഥിക്കാന്‍ മറന്നുപോയിരുന്നു. എന്നാൽ വീട്ടിൽ ചെന്നപ്പോള്‍ തന്റെ പൊട്ടക്കുടിലിനു പകരം മണിമന്ദിരമാണ്‌ ഇദ്ദേഹത്തെ എതിരേറ്റത്‌. സമ്പത്‌സമൃദ്ധിയിൽ മയങ്ങാതെ കുചേലന്‍ പൂർവാധികം ഭക്തിയോടുകൂടി ഈശ്വരസേവയിൽ ഏർപ്പെട്ടു കാലം കഴിച്ചു.

കുചേലന്‍ എന്ന വാക്ക്‌ ദരിദ്രന്റെ പര്യായമായിത്തീർന്നിരിക്കുന്നു.

കുചേലകഥ കുഞ്ചന്‍നമ്പ്യാരുടെ ശ്രീകൃഷ്‌ണചരിതത്തിലും ചെറുശ്ശേരിയുടെ കൃഷ്‌ണഗാഥയിലും വിവരിച്ചിട്ടുണ്ട്‌. ഗ്രാമത്തിൽ രാമവർമയുടെ കുചേലവൃത്തം മണിപ്രവാളവും പൂന്തോട്ടത്തിൽ ദാമോദരന്‍ മഹന്‍ നമ്പൂതിരിയുടെ കുചേലവൃത്തം തുള്ളലും ഇതേ ഇതിവൃത്തത്തിന്റെ പുനരാഖ്യാനങ്ങളാണ്‌. എന്നാൽ രാമപുരത്തുവാര്യരുടെ കുചേലവൃത്തം വഞ്ചിപ്പാട്ടാണ്‌ ഏറെ പ്രശസ്‌തമായിട്ടുള്ളത്‌. "എത്രത്തോളം ഭഗവല്ലീന മാനസരായാലും പ്രാപഞ്ചികദുഃഖം വന്നലട്ടാതിരിക്കയില്ലെന്നും, ഭഗവത്‌കാരുണ്യമുണ്ടെങ്കിൽ ഏതു ക്ലേശത്തിൽ നിന്നും മോചനം ലഭിക്കുമെന്നും നമ്മെ ഓർമിപ്പിക്കുന്ന ഒരു കഥയാണിത്‌' എന്നും "ഈ ഇതിവൃത്തം ജന്മനാ ദരിദ്രനും ഭാവനാകുബേരനുമായ രാമപുരത്തുവാരിയർ കൈകാര്യം ചെയ്‌തപ്പോള്‍ സ്വാനുഭവത്തിന്റെ ചൂടും മണവും അതിനെ ചൈതന്യധന്യമാക്കി' എന്നും പ്രാഫ. എസ്‌. ഗുപ്‌തന്‍നായർ അഭിപ്രായപ്പെടുന്നു. മാർത്താണ്ഡവർമ മഹാരാജ പ്രശസ്‌തിയോടെ ആരംഭിച്ച്‌ അനന്തപുര മാഹാത്മ്യത്തിലേക്കും അവിടെനിന്ന്‌ ശ്രീപദ്‌മനാഭനിലേക്കും തുടർന്ന്‌ കഥയിലേക്കും പ്രവേശിക്കുന്ന കാവ്യത്തിന്റെ അനലങ്കൃതസുന്ദരമായ സംവിധാനഭംഗി പണ്ഡിതന്മാരുടെ പ്രശംസയ്‌ക്കു പാത്രമായിട്ടുണ്ട്‌. "കാവ്യഗുണത്തിന്‌ അപകർഷം തട്ടിയിട്ടുള്ള ഒരു ഭാഗമെങ്കിലും ഇതിൽ കണ്ടെടുക്കാന്‍ സാധിക്കുമെന്നു തോന്നുന്നില്ല' എന്നാണ്‌ വാരിയരുടെ കാവ്യത്തെപ്പറ്റി കെ.ആർ. കൃഷ്‌ണപിള്ള പ്രസ്‌താവിച്ചിട്ടുള്ളത്‌. അതുവരെ സാഹിത്യപദവി ലഭ്യമാകാതിരുന്ന വഞ്ചിപ്പാട്ടിനെ രാമപുരത്തുവാരിയർ ഒരു പുരാണകഥയുടെ ആഖ്യാനത്തിന്‌ ഉപയോഗപ്പെടുത്തിയപ്പോള്‍ അത്‌ ഹൃദ്യമായ ഒരു കവിതാസരണിയായിത്തീർന്നു. ഈ കൃതി വഞ്ചിപ്പാട്ടുകളുടെ കൂട്ടത്തിൽ അഗ്രഗണ്യമെന്നു മാത്രമല്ല, ഭാഷാസാഹിത്യത്തിൽ അനതിശയവുമാണ്‌' എന്ന്‌ സാഹിത്യപഞ്ചാനനന്‍ പ്രകീർത്തിക്കുന്നു. "നതോന്നത' എന്ന ദ്രാവിഡവൃത്തമാണ്‌ കുചേലവൃത്തം വഞ്ചിപ്പാട്ടിൽ ഉപയോഗിച്ചിട്ടുള്ളത്‌, അതുകൊണ്ട്‌ ആ വൃത്തം "വഞ്ചിപ്പാട്ടു വൃത്ത'മായി പ്രസിദ്ധി നേടി.

കുചേലവൃത്തമെന്ന പേരിൽ മേൽപ്പുത്തൂരും മനോഹരമായ ഒരു ചമ്പൂപ്രബന്ധം രചിച്ചിട്ടുണ്ട്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍