This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കുഞ്ചുനമ്പൂതിരി, മാന്തിട്ട

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

11:41, 27 മേയ് 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

കുഞ്ചുനമ്പൂതിരി, മാന്തിട്ട

20-ാം ശതകത്തിന്റെ പൂർവാർധത്തിൽ ജീവിച്ചിരുന്ന പ്രഖ്യാതനായ നൈയായികന്‍. കൊടുങ്ങല്ലൂർ വലിയ ഗോദവർമത്തമ്പുരാന്റെ (ഭട്ടന്‍-കൊ.വ. 1084-1109) പ്രധാനശിഷ്യനായിരുന്നു ഇദ്ദേഹം. വേദാന്താദി നാനാശാസ്‌ത്ര നിപുണനായ ഭട്ടന്‍തമ്പുരാന്‍ തർക്കശാസ്‌ത്രത്തിലായിരുന്നു കൂടുതൽ അവഗാഹം നേടിയിരുന്നത്‌. അതുകൊണ്ട്‌ ശിഷ്യനായ മാന്തിട്ടയും വേദാദി ശാസ്‌ത്രങ്ങള്‍ ആഭ്യസിച്ചിരുന്നുവെങ്കിലും തർക്കശാസ്‌ത്രത്തിലായിരുന്നു വൈദഗ്‌ധ്യം കൈവരിച്ചത്‌. തൃപ്പൂണിത്തുറ വിദ്വത്സദസ്സിൽ മാന്തിട്ടയുടെ വൈദുഷ്യത്തിനു മുമ്പിൽ പല ശാസ്‌ത്രിമാരും തലകുനിച്ചിട്ടുണ്ട്‌. കൊച്ചി രാജർഷിത്തമ്പുരാന്‌ കൊല്ലവർഷം 1090-ൽ അയ്യാ ശാസ്‌ത്രികള്‍ക്ക്‌ ശാബ്‌ദിക തിലകനെന്നും, മാന്തിട്ട നമ്പൂതിരിക്ക്‌ താർക്കിക തിലകനെന്നും വലിയ രാമപ്പിഷാരടിക്ക്‌ സഹൃദയതിലകനെന്നും ഉചിതങ്ങളായ ബഹുമതികള്‍ നല്‌കി അവരുടെ പാണ്ഡിത്യത്തെ ആദരിക്കുകയുണ്ടായി. തൃപ്പൂണിത്തുറ വിദ്വത്‌ സദസ്സിൽ "പണ്ഡിതരാജ' ബഹുമതിക്കും മാന്തിട്ട നമ്പൂതിരി പാത്രമായിട്ടുണ്ട്‌. തൃപ്പൂണിത്തുറ പ്രദേശത്ത്‌ നൈയായികരായി പ്രസിദ്ധി നേടിയ പണ്ഡിതന്മാരിൽ പലരും മാന്തിട്ട നമ്പൂതിരിയുടെ ശിഷ്യന്മാരായിരുന്നു. ന്യായശാസ്‌ത്രത്തിൽ സാമാന്യ നിരുക്തി, പഞ്ചലക്ഷണി, ചതുർദശലക്ഷണി മുതലായ പ്രൗഢഗ്രന്ഥങ്ങള്‍ക്ക്‌ മാന്തിട്ട തയ്യാറാക്കിയിട്ടുള്ള ക്രാഡപത്രങ്ങള്‍ അവബോധത്തിനും വാദിവിജയത്തിനും സഹായിക്കുന്നവയാണ്‌. തൃപ്പൂണിത്തുറ സംസ്‌കൃത മഹാവിദ്യാലയത്തിൽ അധ്യാപകവൃത്തിയിലും ഇദ്ദേഹം ഏർപ്പെട്ടിരുന്നു. താർക്കിക ശിരോമണിയായ പരീക്ഷിത്തു തമ്പുരാന്റെ സവിശേഷമായ സ്‌നേഹാദരങ്ങള്‍ക്കും മാന്തിട്ട പാത്രീഭവിച്ചിരുന്നു.

(പ്രാഫ. ആർ. വാസുദേവന്‍പോറ്റി)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍