This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കുഞ്ചുത്തമ്പിമാർ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

11:41, 27 മേയ് 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

കുഞ്ചുത്തമ്പിമാർ

വേണാട്ടുരാജാവായിരുന്ന രാമവർമയുടെ പുത്രന്മാർ, ശുചീന്ദ്രം ക്ഷേത്രത്തിലെ ദേവദാസിയും നർത്തകിയുമായിരുന്ന അഭിരാമിയിൽ രാമവർമയ്‌ക്കു ജനിച്ച പപ്പുത്തമ്പിയും രാമന്‍തമ്പിയുമായിരുന്നു കുഞ്ചുത്തമ്പിമാർ എന്ന അപരനാമത്താൽ അറിയപ്പെട്ടിരുന്നത്‌. എ.ഡി. 18-ാം ശതകത്തിൽ തിരുവിതാംകൂറിൽ നിലവിലിരുന്ന ദായക്രമം മരുമക്കത്തായമായിരുന്നതിനാൽ രാമവർമയ്‌ക്കുശേഷം അനന്തരവനായ മാർത്താണ്ഡവർമ രാജാവായി. എന്നാൽ യഥാർഥ രാജ്യാവകാശം തങ്ങള്‍ക്കാണെന്ന്‌ കുഞ്ചുത്തമ്പിമാർ വാദിച്ചു. 14-ാം ശതകംവരെ വേണാട്ടിലെ ദായക്രമം മക്കത്തായമായിരുന്നതായി ചരിത്രകാരന്മാരായ ഇളംകുളം കുഞ്ഞന്‍പിള്ളയും കെ.വി. കൃഷ്‌ണയ്യരും രേഖപ്പെടുത്തിയിട്ടുണ്ട്‌. ഈ പശ്ചാത്തലത്തിൽ കുഞ്ചുത്തമ്പിമാരുടെ വാദം ശ്രദ്ധേയമായിത്തീരുന്നു.

രാമവർമയുടെ ഭരണകാലത്ത്‌ പ്രഭുകുമാരന്മാരായി തെക്കന്‍ തിരുവിതാംകൂറിൽ പാർത്തിരുന്ന കുഞ്ചുത്തമ്പിമാർക്കു നേരെ, രാജാവായതിനുശേഷം മാർത്താണ്ഡവർമ സ്വീകരിച്ച പ്രതികാരനടപടികള്‍ അവരെ ശത്രുക്കളാക്കി മാറ്റി. മാത്രമല്ല, തങ്ങളുടെ സഹോദരി ഉമ്മിണിത്തങ്കയെ പാണിഗ്രഹണം ചെയ്യാനാഗ്രഹിച്ച മാർത്താണ്ഡവർമയെ അവർ നിരാശപ്പെടുത്തുകയും ചെയ്‌തു. പ്രതികാരമൂർത്തിയായി മാറിയ മാർത്താണ്ഡവർമ അവരെ നശിപ്പിക്കുവാന്‍ നിശ്ചയിച്ചു. മാർത്താണ്ഡവർമയുമായി ശത്രുതയിലായിരുന്ന എട്ടുവീട്ടിൽ പിള്ളമാർ എന്നറിയപ്പെട്ടിരുന്ന ചില നാട്ടുപ്രമാണിമാർ കുഞ്ചുത്തമ്പിമാരുടെ പക്ഷം ചേർന്നു.

മാർത്താണ്ഡവർമയിൽനിന്ന്‌ സിംഹാസനം കൈയടക്കുവാനുള്ള ശ്രമത്തിൽ, കുഞ്ചുത്തമ്പിമാർ മധുര ഗവർണറുടെ സഹായം തേടി. രാജകുമാരന്മാർക്ക്‌ യോജിച്ച സ്വീകരണമാണ്‌ തമ്പിമാർക്ക്‌ ലഭിച്ചതെന്ന്‌ സ്റ്റേറ്റ്‌ മാനുവൽ കർത്താവായ വി. നാഗമയ്യാ രേഖപ്പെടുത്തുന്നു. തമ്പിമാരെ സഹായിക്കാനും അവരെ യഥാർഥ രാജ്യാവകാശികളായി വാഴിക്കാനുമായി അഴകപ്പ മുതലിയാർ എന്നയാളുടെ നേതൃത്വത്തിൽ ഒരു സൈന്യത്തെ മധുര ഗവർണർ അയച്ചു കൊടുത്തു. ആരുവാമൊഴി കടന്നുവന്ന മുതലിയാരുടെ സൈന്യം തെക്കന്‍ തിരുവിതാംകൂറിൽ വച്ച്‌ മാർത്താണ്ഡവർമയുടെ സൈന്യവുമായി ഏറ്റുമുട്ടി. മാർത്താണ്ഡവർമയുടെ സൈന്യത്തെ തോല്‌പിച്ച്‌ മുതലിയാർ തിരുവനന്തപുരം വരെയെത്തി. പദ്‌മനാഭസ്വാമി ക്ഷേത്രത്തിലെ സമ്പത്തിൽ കണ്ണുവച്ച മുതലിയാർ ക്ഷേത്രമാക്രമിക്കുവാന്‍ ഒരുമ്പെട്ടു. ഈ ശ്രമത്തെ ക്ഷേത്രപരിസരവാസികള്‍ പരാജയപ്പെടുത്തി എന്നാണ്‌ ടി.കെ.വേലുപ്പിള്ള രേഖപ്പെടുത്തിയിട്ടുള്ളത്‌ (സ്റ്റേറ്റ്‌ മാനുവൽ). അവസാനം ഭാരിച്ച ഒരു തുക മാർത്താണ്ഡവർമയിൽനിന്ന്‌ പറ്റിക്കൊണ്ട്‌ മുതലിയാർ തിരുവിതാംകൂർ വിട്ടു. അങ്ങനെ വഞ്ചിതരായ കുഞ്ചുത്തമ്പിമാർക്ക്‌ മാർത്താണ്ഡവർമയുടെ ദയയ്‌ക്കു വിധേയരായിക്കഴിയേണ്ടിവന്നു.

കുഞ്ചുത്തമ്പിമാർക്കുണ്ടായിരുന്ന ജനപ്രീതിയും എട്ടുവീട്ടിൽ പിള്ളമാരുടെ പിന്തുണയും മാർത്താണ്ഡവർമയെ തുടർന്നും പ്രകോപിപ്പിച്ചു. തമ്പിമാരെ വധിക്കാന്‍ തീരുമാനിച്ചുകൊണ്ട്‌ അദ്ദേഹം നാഗർകോവിൽ കൊട്ടാരത്തിലെത്തി. ആചാരപ്രകാരം മുഖം കാണിക്കാനായി സൗഹൃദപൂർവമെത്തുന്ന തമ്പിമാരെ ചതിയിൽ വധിക്കാനായിരുന്നു തീരുമാനം. ഇതു സംബന്ധിച്ച വിവരങ്ങള്‍ തിരുവനന്തപുരത്ത്‌ സെക്രട്ടറിയേറ്റിലെ സെല്ലറി(ഇംഗ്ലീഷ്‌ റിക്കാർഡ്‌സ്‌)ൽ സൂക്ഷിച്ചിരിക്കുന്ന തിരുവിതാംകൂർ ചരിത്രത്തിന്റെ ഒരു കൈയെഴുത്തുപ്രതിയിൽ കൊടുത്തിരിക്കുന്നതിങ്ങനെയാണ്‌: ""...ഒരു ദിവസം കാലത്ത്‌ നാഗർകോവിലിൽ കൊട്ടാരത്തുമാളികയിൽ എഴുന്നള്ളിയിരുന്ന തിരുമനസ്സിലേക്കു വിശ്വാസം ഒള്ളതിൽ എട്ടുപേരെ വശത്തിൽ നിറുത്തി പപ്പുത്തമ്പിയും രാമന്‍തമ്പിയും വരുന്ന ദിവസം ഇവിടെ വരുമ്പോള്‍ നിങ്ങള്‍ നമ്മുടെ ദൂഷ്യങ്ങളായിട്ടു ചിലതിനെ വിളിച്ചുപറയണമെന്നും ആ ഹേതുവാലവരുമായിട്ട്‌ വാക്കിന്‌ ഇടയുണ്ടാമെന്നും അതിൽവച്ച്‌ അവരെ രണ്ടുപേരെയും ചതിവായിട്ട്‌ അപായം വരുത്തണമെന്നും അവരോട്‌ കല്‌പിച്ചു ശട്ടംകെട്ടി ഒറപ്പിച്ചിരിക്കുന്ന സംഗതിയിങ്കൽ മൂത്ത തമ്പി മുകം കാട്ടുന്നതിനു വരികകൊണ്ടു. അപ്പോള്‍ ഇവരുപല കൂട്ടവും സങ്കടങ്ങള്‍ തിരുമനസ്സറിവിക്കുന്നത്‌ എന്തു സംഗതി എന്നും അവരോടു വാതിട്ട കാരണത്താൽ എല്ലാപേരും കൂടെ തമ്പിയെ പിടിച്ചു എടുത്തിട്ടു വയറിനെക്കീറി അപായം വരുത്തുകയും മാളികയിൽ ഒച്ചകേട്ട ഉടനെ ഇളയ തമ്പി വാളും ഊരിപ്പിടിച്ചു മാളികപ്പുറത്തുചെന്നു തിരുമനസ്സുകൊണ്ടു തൂക്കുവഞ്ചിയിൽ എഴുന്നെള്ളിയിരിക്കുമ്പോള്‍ തിരുമേനിയിൽ കൊള്ളത്തക്കവണ്ണം വെട്ടുക കൊണ്ട്‌ ആയതു തിരുമേനിയിൽ തട്ടാതെ തട്ടിന്റെ തുലാത്തിൽ തടഞ്ഞുപോയതിനാൽ ഉടന്‍തന്നെ സമീപത്തിരുന്ന ആളുകള്‍ തമ്പിയെ പിടിച്ചെടുത്തിട്ടതിന്റെ ശേഷം ഇതിങ്കൽ കാര്യം ചെയ്‌വാനാവശ്യം ഇല്ലെന്നും താന്തന്നെ ഇവനെ കൈകാര്യം ചെയ്യണമെന്നും കല്‌പിച്ച്‌ ജമതാഴു എടുത്തു തമ്പിയുടെ നെഞ്ചിനു കുത്തിക്കീറി അപായം വരുത്തി...

കൈയെഴുത്തു പ്രതിയിലുള്ള ഈ വിവരണത്തോട്‌, ചില വിശദാംശങ്ങളിലുള്ള നിസ്സാരമായ വ്യത്യാസമൊഴികെ, മറ്റെല്ലാ കാര്യങ്ങളിലും സർ ടി. മാധവറാവുവും വി. നാഗമയ്യയും യോജിപ്പ്‌ പ്രകടിപ്പിച്ചിട്ടുണ്ട്‌. അങ്ങനെ ചതിപ്രയോഗത്തിലൂടെ ശക്തന്മാരായ കുഞ്ചുത്തമ്പിമാരെ മാർത്താണ്ഡവർമ വധിക്കുകയാണുണ്ടായത്‌.

(ഡോ. കെ.കെ.കുസുമന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍