This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കുഞ്ഞമ്പു, എ.വി. (1908 - 80)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

09:36, 30 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

കുഞ്ഞമ്പു, എ.വി. (1908 - 80)

എ.വി. കുഞ്ഞമ്പു

കേരളീയനായ ഒരു രാഷ്‌ട്രീയപ്രവർത്തകന്‍. 1908 ഏ. 10-ന്‌ രാമന്‍നായരുടെയും അച്ചംവീട്ടിൽ ഉച്ചിരിയമ്മയുടെയും മകനായി കരിവള്ളൂരിൽ കുട്ടമത്ത്‌ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം കല്‌പണിയിലും തോട്ടപ്പണിയിലും ഏർപ്പെട്ടു. 19 വയസ്സോടുകൂടി കുഞ്ഞമ്പു അയിത്തത്തിന്റെയും അന്ധവിശ്വാസത്തിന്റെയും പൊള്ളത്തരത്തിനെതിരായും ദേശീയപ്രസ്ഥാനത്തിനുവേണ്ടിയുമുള്ള പ്രവർത്തനങ്ങളിൽ വ്യാപൃതനായി. കോണ്‍ഗ്രസ്സിന്റെ പയ്യന്നൂർ സമ്മേളനത്തിലും മറ്റും നിരീക്ഷകനായി പങ്കുകൊണ്ടു. കലാസാംസ്‌കാരിക പ്രസ്ഥാനത്തിന്‌ ദേശീയരാഷ്‌ട്രീയത്തിലുള്ള പ്രാധാന്യം ഗ്രഹിച്ച കുഞ്ഞമ്പു, ഒരു നാടകനടനായി. കുട്ടമത്തിന്റെ സോദ്ദേശ്യനാടകമായ "ദേവയാനീചരിതം' ആണ്‌ കുഞ്ഞമ്പു അഭിനയിച്ച പ്രധാന നാടകം.

നിയമലംഘന പ്രസ്ഥാനത്തിലും കുഞ്ഞമ്പു പങ്കെടുത്തു. മലബാറിലെ കോണ്‍ഗ്രസ്സിൽ വലത്‌-ഇടത്‌ ചേരിതിരിവായതോടെ കുഞ്ഞമ്പു പി. കൃഷ്‌ണപിള്ളയുടെയും ഇ.എം.എസ്സിന്റെയും നേതൃത്വത്തിലുള്ള ഇടതുചേരിയിലായി. 1930-കളിൽ കുഞ്ഞമ്പു കരിവള്ളൂർ കേന്ദ്രമാക്കി അഖിലഭാരതയുവക്‌സംഘം രൂപവത്‌കരിച്ചു പ്രവർത്തനം നടത്തി. ഒപ്പം കർഷകസംഘം പ്രവർത്തനവും മുമ്പോട്ടു കൊണ്ടുപോയി. കോണ്‍ഗ്രസ്‌ സോഷ്യലിസ്റ്റ്‌ പാർട്ടിയുടെ ചിറയ്‌ക്കൽ-കരിവള്ളൂർ പ്രദേശത്തെ സെക്രട്ടറിയായി. ഇക്കാലത്ത്‌ കുഞ്ഞമ്പു കമ്യൂണിസ്റ്റ്‌ പാർട്ടിയുമായി ബന്ധപ്പെട്ടു. 1939 അവസാനത്തോടെ ഇദ്ദേഹം കമ്യൂണിസ്റ്റ്‌ പാർട്ടി അംഗമായി; കരിവള്ളൂർ-മണക്കാട്ട്‌ പാർട്ടി സെല്ലിന്റെ സെക്രട്ടറിയായി. 1940-ലെ മൊറാഴ സംഭവത്തോടെ കുഞ്ഞമ്പു ഒളിവിൽപ്പോയി. ഒളിവിൽ പ്രവർത്തിച്ചുകൊണ്ട്‌ ഇദ്ദേഹം കയ്യൂർ പ്രദേശമാകെ സഞ്ചരിച്ച്‌ പാർട്ടി കെട്ടിപ്പടുക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. 1941-ലെ കയ്യൂർ സമരത്തിന്റെ സംഘാടകനും ഇദ്ദേഹം തന്നെയായിരുന്നു. 1940-കളിൽ കുഞ്ഞമ്പു തിരുവിതാംകൂർ പ്രദേശത്തേക്കു പാർട്ടിയെ വ്യാപിപ്പിക്കുന്നതിന്‌ നേതൃത്വം നല്‌കി. 1942-ൽ ദേവയാനിയെ വിവാഹം കഴിച്ചു. 1946 ജൂലായിൽ മദ്രാസിലെ പ്രകാശം മന്ത്രിസഭ വാറണ്ടു പിന്‍വലിക്കുന്നതുവരെ ഒളിവിൽ പ്രവർത്തിച്ചു. 1946 ഡിസംബറിലെ കരിവള്ളൂർ സമരത്തിൽ ഇദ്ദേഹം മർദനമേല്‌ക്കുകയും പൊലീസ്‌ പിടിയിലാവുകയും ചെയ്‌തു. ദീർഘനാള്‍ ജയിൽവാസം അനുഭവിച്ചു. 1964-ൽ കമ്യൂണിസ്റ്റ്‌ പാർട്ടി രണ്ടായപ്പോള്‍ കുഞ്ഞമ്പു കമ്യൂണിസ്റ്റ്‌ (മാർക്‌സിസ്റ്റ്‌) പാർട്ടിയിലായി. 1970 മുതൽ 77 വരെ കേരളാ നിയമസഭാംഗമായിരുന്നു. 1980 ജൂണ്‍ 8-ന്‌ നിര്യാതനായി.

(ഡോ. ഡി. ജയദേവദാസ്‌)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍