This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കുട

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

09:47, 30 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

കുട

ബി.സി. 4-ാം ശതകത്തിൽ പ്രചാരത്തിലിരുന്ന കുടകളിലൊന്ന്‌

മഴയും വെയിലും തടുക്കാനായി ഓലയോ തുണിയോ മറ്റോ കൊണ്ടുണ്ടാക്കുന്ന ഒരുപകരണം. വളരെ പ്രാചീനകാലം മുതല്‌ക്കേ ഭാരതത്തിൽ കുട പ്രചാരത്തിലുണ്ടായിരുന്നു. സൂര്യന്‍ ജമദഗ്നി മഹർഷിക്കു സമ്മാനിച്ചതാണ്‌ കുടയെന്നു മഹാഭാരതത്തിൽ (അനുശാസനപർവം, 95, 96) പരാമർശമുണ്ട്‌. സൂര്യന്റെ ചൂട്‌ അസഹ്യമായപ്പോള്‍ ജമദഗ്നി മഹർഷി സൂര്യന്റെ നേർക്ക്‌ അമ്പ്‌ എയ്‌തു. ഭാര്യയായ രേണുകയെ അയച്ച്‌ അദ്ദേഹം പുതിയ പുതിയ അസ്‌ത്രങ്ങള്‍ വരുത്തിക്കൊണ്ടിരുന്നു. മഹർഷിയോടു പ്രതികാരം ചെയ്യാന്‍ അശക്തനായ സൂര്യന്‍ രേണുകയുടെ തലയും കാലും തപിപ്പിക്കുകയും ചൂടുകൊണ്ടു തളർന്ന രേണുക അല്‌പനേരം വിശ്രമിച്ചതുകൊണ്ട്‌ അസ്‌ത്രങ്ങള്‍ എത്തിക്കാന്‍ താമസം നേരിടുകയും ചെയ്‌തു. ഈ വിവരം അറിഞ്ഞ മുനി കൂടുതൽ കോപിഷ്‌ഠനായി; വീണ്ടും സൂര്യന്റെ നേർക്ക്‌ അസ്‌ത്രങ്ങള്‍ വർഷിച്ചു തുടങ്ങി. സൂര്യന്‍ ഒരു ബ്രാഹ്മണന്റെ വേഷം ധരിച്ചു മുനിയുടെ അടുക്കൽ വന്നു ശീഘ്രഗാമിയായ സൂര്യനെ അമ്പെയ്‌തു വീഴ്‌ത്തുക അസാധ്യമാണെന്ന്‌ പറഞ്ഞ്‌ മുനിയെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. എന്നാൽ സൂര്യന്‍ ഉച്ചസമയത്തു പതിവനുസരിച്ച്‌ ക്ഷണനേരം നിശ്ചലനായി നിൽക്കുമെന്നും അപ്പോള്‍ താന്‍ സൂര്യനെ എയ്‌തുവീഴ്‌ത്തുമെന്നും മുനി മറുപടി പറഞ്ഞു. പരാജിതനായ സൂര്യന്‍ മുനിക്കു താപത്തിൽനിന്ന്‌ രക്ഷ നേടാനായി കുടയും ചെരുപ്പും സമ്മാനിച്ചു സന്തോഷിപ്പിച്ചു. ഇതിനു ശേഷമാണ്‌ ലോകത്തു കുടയും ചെരുപ്പും പ്രചരിച്ചത്‌ എന്നാണ്‌ ഇതിഹാസകഥ. ഈ ദാനം തലമുറ തലമുറകളായി തുടർന്നുവരുന്നു; ഇന്നും ബ്രാഹ്മണരുടെ ഇടയിൽ ചില പിതൃകർമങ്ങളിൽ കുടയും ചെരുപ്പും ദാനം ചെയ്യുന്ന പതിവുണ്ട്‌. ഛത്രം (മറയ്‌ക്കുന്നത്‌), ആതപത്രം (വെയിലിൽ നിന്ന്‌ രക്ഷിക്കുന്നത്‌) വർഷാത്രം (മഴയിൽ നിന്ന്‌ രക്ഷിക്കുന്നത്‌) തുടങ്ങിയ പര്യായങ്ങള്‍ കുടയുടെ ധർമത്തെ ദ്യോതിപ്പിക്കുന്നു. ഏകാതപത്രം, സിതാതപത്രം (വെണ്‍കൊറ്റക്കുട), ഏകച്ഛത്രാധിപതി തുടങ്ങിയ പദങ്ങള്‍ കുടയ്‌ക്കു ഭാരതീയർ നല്‌കിയ പ്രാധാന്യത്തെ സൂചിപ്പിക്കുന്നു. രഥങ്ങളിലും സിംഹാസനങ്ങളിലും മനോഹരങ്ങളായ കുടകള്‍ ഘടിപ്പിക്കുന്ന പതിവും ഭാരതത്തിലുണ്ടായിരുന്നു. അലങ്കാരവസ്‌തുക്കളായ മുത്തുക്കുട, വെണ്‍കൊറ്റക്കുട എന്നിവ സാധാരണ കുടയുടെ വകഭേദങ്ങളാണ്‌. പ്രാമാണ്യത്തിന്റെയും അധികാരത്തിന്റെയും ചിഹ്നമെന്ന നിലയിൽ വളരെ മുന്‍പുമുതല്‌ക്കേ ഈജിപ്‌തിലും അസീറിയയിലും കുടയ്‌ക്കു പ്രചാരമുണ്ടായിരുന്നു. കുടയുടെ കീഴിലിരുന്നു വിരാജിക്കുന്ന "ഫറോവ'മാരുടെ ചിത്രങ്ങള്‍ പ്രാചീന ഈജിപ്‌ഷ്യന്‍ ചിത്രശേഖരങ്ങളിൽ കാണാം. പ്രൗഢിക്കനുസരണമായി വ്യത്യസ്‌ത മാതൃകകളിലും വലുപ്പത്തിലും കുടകളോടു സാമ്യമുള്ള മേലാപ്പുകള്‍ പ്രചാരത്തിലിരുന്നതിനു തെളിവുകളാണ്‌ പ്രാചീന അസീറിയന്‍, പേർഷ്യന്‍ ശില്‌പങ്ങള്‍. പല രാജ്യങ്ങളിലും വസ്‌ത്രങ്ങള്‍ക്കൊപ്പം പ്രാധാന്യമുള്ള ഒരു വസ്‌തുവാണ്‌ കുട. ഇത്‌ ജപ്പാനിലെ ദേശീയ വസ്‌ത്രാലങ്കരണങ്ങളിലെ അനിവാര്യമായ ഒരു ഘടകമാണ്‌. ആദ്യകാലങ്ങളിൽ ആഡംബരവസ്‌തുവായി മാത്രം ഉപയോഗിക്കപ്പെട്ടിരുന്ന കുട ഇന്നു നിത്യജീവിതത്തിൽ ഒഴിച്ചു കൂടാന്‍ പാടില്ലാത്ത ഒന്നായിത്തീർന്നിരിക്കുന്നു. 20-ാം ശതകത്തിന്റെ തുടക്കംവരെ കറുത്ത തുണികൊണ്ടു മാത്രമാണ്‌ കുട നിർമിക്കപ്പെട്ടിരുന്നത്‌. ഉപയോഗത്തെക്കാളേറെ കുടയുടെ വർണഭംഗിക്കാണ്‌ ഇന്ന്‌ ഉപഭോക്താക്കള്‍ പ്രാധാന്യം കല്‌പിക്കുന്നത്‌. നൂറ്റാണ്ടുകള്‍ക്കുമുമ്പു പ്രചാരത്തിലിരുന്ന കുട എടുത്തുപറയത്തക്ക മാറ്റങ്ങള്‍ കൂടാതെ ഇന്ത്യയിലിന്നും പ്രചാരത്തിലിരിക്കുന്നു. എന്നാൽ വിദേശസമ്പർക്കത്തിലൂടെ ഇന്ന്‌ ഇന്ത്യയിൽ നിർമിക്കപ്പെടുന്ന കുടയുടെ ആകൃതിയിലും ഘടനയിലും ചില മാറ്റങ്ങള്‍ ദൃശ്യമാണ്‌.

ചരിത്രം. മാനവ സംസ്‌കാരത്തിന്റെ ശൈശവദശയിൽത്തന്നെ മനുഷ്യന്‍ മഴയിൽ നിന്നും വെയിലിൽ നിന്നും സംരക്ഷണം ലഭിക്കുന്നതിനുള്ള ഉപാധികളെക്കുറിച്ച്‌ ആരാഞ്ഞിട്ടുണ്ടാവണം. മഴ തടുക്കാനായി വാഴയിലപോലുള്ള വലിയ ഇലകള്‍ ആദ്യം മുതല്‌ക്കു തന്നെ മനുഷ്യന്‍ ഉപയോഗിച്ചിരുന്നു. പനയോല ഉണങ്ങുമ്പോള്‍ ഈടും ദൃഢതയും കൂടുമെന്നു മനസ്സിലാക്കിയതോടെ കുടയുടെ ആകൃതിയിൽ പനയോല കോട്ടി ഉപയോഗിച്ചുതുടങ്ങി. കേരളത്തിലെ വയലുകളിലും മറ്റും പണിയെടുക്കുന്ന തൊഴിലാളികളും ഗിരിവർഗക്കാരും മഴ നനയാതിരിക്കാന്‍ ഇന്നും ഓലകൊണ്ടുള്ള തൊപ്പിക്കുടകള്‍ ഉപയോഗിക്കുന്നുണ്ട്‌ (നോ. ഓലക്കുട). ഉഷ്‌ണമേഖലാരാജ്യങ്ങളിൽ മഴയിൽനിന്നു രക്ഷ നേടുന്നതിനു വയ്‌ക്കോലും പുല്ലും മെടഞ്ഞുണ്ടാക്കിയ കുടകള്‍ ഉപയോഗിച്ചിരുന്നു. ചൈന, ബർമ, തായ്‌ലന്‍ഡ്‌, തൈവാന്‍ തുടങ്ങിയ രാജ്യങ്ങളിൽ ദരിദ്രരായ തൊഴിലാളികള്‍ വയ്‌ക്കോലും പുല്ലും മെടഞ്ഞുണ്ടാക്കിയ കുടകളും കുടകള്‍ക്കു സദൃശമായ വയ്‌ക്കോൽ തൊപ്പിയും മറ്റും ഇപ്പോഴും ഉപയോഗിച്ചുവരുന്നുണ്ട്‌. ആദ്യമായി ശീലക്കുട ഉപയോഗിച്ചു തുടങ്ങിയതു ചീനക്കാരാണെന്നു വിശ്വസിക്കപ്പെടുന്നു. ചൈനയിലെ ഐതിഹ്യങ്ങളിലും നാടോടിപ്പാട്ടുകളിലും മറ്റും കുടയെക്കുറിച്ചുള്ള പരാമർശങ്ങളുണ്ട്‌. വളരെ പ്രാചീനകാലം മുതല്‌ക്കേ പദവിയെയും സമ്പന്നതയെയും ദ്യോതിപ്പിക്കുന്ന ഒരുപാധി കൂടിയായിരുന്നു കുട. ചൈനയിലെ ചക്രവർത്തിമാരുടെ സിംഹാസനങ്ങള്‍ക്കു മുകളിലായി കുടയുടെ ആകൃതിയിൽ നാലു മേലാപ്പുകള്‍ കൂട്ടിച്ചേർത്ത്‌ ഉറപ്പിച്ചിരുന്നു. ആഫ്രിക്കയിലെ വർഗത്തലവന്മാരെ സാധാരണ ജനങ്ങളിൽനിന്ന്‌ തിരിച്ചറിയുന്നത്‌ ഇവർ ഉപയോഗിക്കുന്ന അലങ്കാരക്കുടകളിൽനിന്നാണ്‌. ഇവർ തങ്ങളുടെ അധികാരസ്ഥാനങ്ങള്‍ക്കനുസരണമായി സവിശേഷ മാതൃകയിലുള്ള കുടകളോ മേലാപ്പുകളോ ഉപയോഗിച്ചു വരുന്നുണ്ട്‌. ബി.സി. 12-ാം ശ. മുതൽ തന്നെ ആഡംബരക്കുടകള്‍ (Parasols) പ്രചാരത്തിലിരുന്നു. തണലിനും പ്രൗഢിക്കും വേണ്ടി മാത്രമാണ്‌ ആഡംബരക്കുടകള്‍ നൂറ്റാണ്ടുകളോളം ഉപയോഗിച്ചിരുന്നത്‌. ചൈനയിലും ഇന്ത്യ, ബർമ, തായ്‌ലന്‍ഡ്‌, ആഫ്രിക്കന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലും വളരെ വിസ്‌താരമേറിയതും പല നിലകളിലുള്ളതും അരികുകളിൽ വളരെ മനോഹരമായ പൊടിപ്പുകളും തൊങ്ങലുകളും പിടിപ്പിച്ചിട്ടുള്ളതുമായ ആഡംബരക്കുടകള്‍ ആഘോഷങ്ങളെ മോടിപിടിപ്പിച്ചിരുന്നു. കേരളത്തിലെ ക്ഷേത്രങ്ങളിലെയും ക്രസ്‌തവ ദേവാലയങ്ങളിലെയും ഉത്സവങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കും ഇന്നും മുത്തുക്കുടകള്‍ ഉപയോഗിച്ചുവരുന്നുണ്ട്‌. വിവിധ മാനദണ്ഡങ്ങള്‍ക്കനുസരണമായി നിർമിച്ചിരുന്ന ചൈനീസ്‌ കുടകള്‍ പദവികളെ സൂചിപ്പിക്കാന്‍കൂടി ഉദ്ദേശിച്ചുള്ളതായിരുന്നു. സയാം സിംഹാസനത്തിനുമേൽ നാലുനിലകളിൽ തീർത്ത ഒരു ആഡംബരക്കുട സ്ഥാപിച്ചിട്ടുണ്ട്‌. ഒരേ അച്ചുതണ്ടിൽ സജ്ജമാക്കുന്ന ഈ കുടയുടെ താഴത്തെ നിലയ്‌ക്കു വലുപ്പം കൂടുതലും മുകളിലുള്ള നിലകള്‍ക്കു ക്രമത്തിൽ വലുപ്പം കുറഞ്ഞും ഇരിക്കും. പൂർവേഷ്യ, ആഫ്രിക്ക എന്നിവിടങ്ങളിലെ അവികസിത മേഖലകളിൽ അധികാരത്തിന്റെയും പ്രൗഢിയുടെയും ചിഹ്നമായി പരിലസിച്ചിരുന്ന കുട യൂറോപ്പിലെത്തിയതോടെ സ്‌ത്രീകളുടെ ഒരാഡംബരവസ്‌തു മാത്രമായിത്തീർന്നു. ഒരാഡംബരവസ്‌തുവെന്ന രീതിയിൽ കുട ഗ്രീസിൽ പ്രചാരത്തിലിരുന്നുവെന്നതിനു തെളിവാണ്‌ ഗ്രീസിൽ നിന്ന്‌ കണ്ടെടുക്കപ്പെട്ടിട്ടുള്ള മണ്‍പാത്രങ്ങളിലെയും മറ്റും ചിത്രങ്ങള്‍. ഗ്രീക്കു കുടകളോടു സാദൃശ്യമുള്ള കുടകള്‍ തന്നെയാണ്‌ റോമാക്കാരും ഉപയോഗിച്ചിരുന്നത്‌. ഗ്രീസിൽ നിന്നാണ്‌ കുട യൂറോപ്പിൽ എത്തിയത്‌.

വിവിധ വർണങ്ങളിലുള്ള ആധുനിക കുടകള്‍

തണലിനും ആഡംബരത്തിനും പ്രൗഢിക്കും വേണ്ടി മാത്രമായി ഉപയോഗത്തിലിരുന്ന ശീലക്കുട മഴയിൽ നിന്നു രക്ഷനേടാനായി ഉപയോഗിച്ചു തുടങ്ങിയതു റോമാക്കാരാണെന്നു വിശ്വസിക്കപ്പെടുന്നു. റോമാസാമ്രാജ്യത്തിന്റെ പതനത്തോടെ കുടയുടെ പ്രചാരത്തിന്‌ മങ്ങലേറ്റു. നവോത്ഥാന കാലഘട്ടത്തോടുകൂടിയാണ്‌ കുടയ്‌ക്കു വീണ്ടും പ്രചാരം ഉണ്ടായത്‌. അധികാരചിഹ്നത്തിന്റെയും ആഘോഷവേളകളിൽ വർണപ്പകിട്ടിന്റെയും സ്ഥാനം പിടിച്ചിരുന്ന കുട റോമന്‍ സുന്ദരിമാർ ചർമകാന്തിയുടെ സംരക്ഷണത്തിനായി ഉപയോഗിച്ചു തുടങ്ങിയത്‌ കുടയുടെ ചരിത്രത്തിലെ ഒരു നിർണായകഘട്ടമായിരുന്നു. മധ്യകാലഘട്ടത്തിൽ പ്രചാരലുപ്‌തമായിരുന്ന കുട 16-ാം ശതകത്തിന്റെ ഉത്തരാർധത്തിൽ ഒരു തിരിച്ചുവരവു തന്നെ നടത്തുകയുണ്ടായി. എന്നാൽ ഇക്കാലത്തും മാർപ്പാപ്പയുടെയും ക്രസ്‌തവ മേലധ്യക്ഷന്മാരുടെയും സ്ഥാനമാനങ്ങളെ പ്രതിഫലിപ്പിക്കുന്നതിനാണ്‌ കുട ഉപയോഗിക്കുന്നത്‌. മാർപ്പാപ്പയുടെ അകമ്പടിക്കായി ഇന്നും രണ്ടു കുടകള്‍ ഉപയോഗപ്പെടുത്തുന്നുണ്ട്‌; ഒരു കുട തുറന്നും മറ്റേതു മടക്കിയും. തുറന്ന കുട മാർപ്പാപ്പയുടെ ഭൗതിക ശക്തിയെയും മടക്കിയ കുട അദ്ദേഹത്തിന്റെ ആത്മീയ ശക്തിയെയും പ്രതിനിധീകരിക്കുന്നു എന്നാണ്‌ വിശ്വാസം. 1680 ആയതോടെ ഫ്രാന്‍സിലും തുടർന്ന്‌ ഇംഗ്ലണ്ടിലും കുടയ്‌ക്കു പ്രചുരപ്രചാരമുണ്ടായി. പശ്ചിമയൂറോപ്പിൽ ഇതിന്റെ പ്രചാരം വളരെ സാവധാനമായിരുന്നു. 17, 18 ശതകങ്ങളിൽ മോടിയായി വസ്‌ത്രധാരണം നടത്തിയിരുന്ന സ്‌ത്രീകളിലധികവും കുടകളും കരുതിയിരുന്നു; മഴയിൽ നിന്നുള്ള രക്ഷയ്‌ക്കായിരുന്നില്ല, മറിച്ച്‌ ഒരു ആഡംബരവസ്‌തുവായാണ്‌ അവർ കുട കൊണ്ടുനടന്നിരുന്നത്‌. നന്നെ ഭാരമേറിയതും വിലക്ഷണമായതും തുകൽകൊണ്ടോ എണ്ണ പുരട്ടിയ സിൽക്കുതുണികൊണ്ടോ നിർമിക്കപ്പെട്ടതും ആയിരുന്നു 17-18 ശതകങ്ങളിൽ പ്രചാരത്തിലിരുന്ന കുടകള്‍. മാന്യകളെ അനുഗമിക്കുന്ന ഭൃത്യന്മാരാണ്‌ ഈ കുടകള്‍ വഹിച്ചിരുന്നത്‌. കുടക്കമ്പിക്കു പകരം തിമിംഗലത്തിന്റെ അസ്ഥി ഉപയോഗിച്ചു തുടങ്ങിയതോടെ കുടയുടെ ഭാരം ഗണ്യമായി കുറഞ്ഞു. 18-ാം ശതകത്തിൽ ഇറ്റലി, ഫ്രാന്‍സ്‌, ബ്രിട്ടന്‍, ജർമനി, പോളണ്ട്‌ എന്നിവിടങ്ങളിൽ കുടയ്‌ക്കു വലിയ പ്രചാരം ഉണ്ടായി. 1750-കള്‍ വരെ ഇംഗ്ലണ്ടിൽ കൂടുതലായും കുടകള്‍ ഉപയോഗിച്ചിരുന്നതു സ്‌ത്രീകളായിരുന്നു. 1750-ൽ ലണ്ടന്‍ നഗരത്തിലൂടെ ജൊനാസ്‌ ഹാൽവേ എന്നയാള്‍ ഒരു കുടയും കൊണ്ടു നടന്നതു നഗരവാസികളിൽ കൗതുകമുളവാക്കി; അതോടെ കുടയ്‌ക്കു പ്രചാരവും സിദ്ധിച്ചു. 19-ാം ശതകം ആയതോടെ ഇടത്തരക്കാർ ധാരാളമായി കുട ഉപയോഗിച്ചുവന്നു. ഇക്കാലത്ത്‌ ഇതിന്റെ ആകൃതിയിലും ഘടനയിലും ഗണ്യമായ മാറ്റങ്ങള്‍ ഉണ്ടായി; അവയിലെ അലങ്കരണത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തുകയും ചെയ്‌തു. 1850-കളിൽ സ്റ്റീൽ ചട്ടക്കൂടു നിർമിച്ചു തുടങ്ങിയതോടെ കുടയുടെ ഭാരം വീണ്ടും കുറഞ്ഞു.

പാർക്കുകളിൽ ഉപയോഗിക്കുന്ന കുടകള്‍

ഫാഷന്റെ ഭാഗമായതോടെ ആഡംബരക്കുടകള്‍ വീണ്ടും അലങ്കരിക്കപ്പെട്ടുതുടങ്ങി. അരികുകളിൽ തൊങ്ങലുകളും കസവുകളും തുന്നിപ്പിടിപ്പിക്കുക, അപൂർവ ജീവികളുടെ അസ്ഥികളോ അപൂർവമായ തടിത്തരങ്ങളോ കൊണ്ടു കുടക്കാൽ നിർമിക്കുക, പിടിയിൽ സ്വർണം കെട്ടിക്കുക തുടങ്ങി പല തരത്തിലും കുടകള്‍ മോടിപിടിപ്പിക്കപ്പെട്ടിരുന്നു. 19-ാം ശതകത്തിൽ യൂറോപ്യന്‍ നഗരങ്ങളിൽ കുലീനസ്‌ത്രീകളാരും ആഡംബരക്കുടകള്‍ കൂടാതെ പുറത്തിറങ്ങിയിരുന്നില്ല. തങ്ങള്‍ വഹിച്ചിരുന്ന കുടകളിലൂടെ ഇവർ സമൂഹത്തിന്റെ ആദരവ്‌ ആർജിച്ചിരുന്നു. 19-ാം ശതകത്തിന്റെ ഉത്തരാർധത്തിൽ അലങ്കാരക്കുടകളുടെ വലുപ്പം നന്നേ ചുരുങ്ങി; ഇവയുടെ ഉപയോഗശൂന്യത ബോധ്യപ്പെട്ടതോടെ അലങ്കാരക്കുടകളുടെ പ്രചാരം തന്നെ നിലച്ചു. ക്രമേണ കുടയുടെ പ്രയോജനത്തിന്‌ ഊന്നൽ നല്‌കപ്പെട്ടതോടെ നഗരങ്ങളിൽ മഴക്കാലത്തു കുട വാടകയ്‌ക്കു കൊടുക്കുന്ന സമ്പ്രദായം നിലവിൽ വന്നു. കുടയുടെ ബലവും ഈടും വർധിപ്പിക്കത്തക്കവണ്ണം നിർമാണരീതിയിൽ പല പരിഷ്‌കാരങ്ങളും ഇക്കാലത്തു വരുത്തുകയുണ്ടായി.

1912-ലാണ്‌ ആദ്യമായി വർണശബളമായ സിൽക്ക്‌ തുണികള്‍കൊണ്ടു കുട നിർമിക്കപ്പെട്ടത്‌. പുരുഷന്മാർ സാധാരണയായി വർണക്കുടകള്‍ ഉപയോഗിക്കാറില്ല. പുരുഷന്മാർ ഉപയോഗിക്കുന്ന കുടകള്‍ക്കു വിസ്‌താരം കൂടുതലായിരിക്കും; പ്രായേണ അവയുടെ നിറം കറുപ്പായിരിക്കും.

മടക്കുകുട (folding umbrella)കളുടെ ആവിർഭാവം കുടയുടെ നിർമാണചരിത്രത്തിലെ ഒരു പരിവർത്തനഘട്ടമാണ്‌. കുടക്കാലിന്റെ മുകളറ്റത്തു 8-10 കമ്പികള്‍ ഘടിപ്പിച്ച്‌ അവയിൽ പ്രത്യേക രീതിയിൽ തയ്‌ച്ചു ശരിയാക്കിയ കുടത്തുണി ഉറപ്പിച്ചാണ്‌ കുട നിർമിക്കുന്നത്‌. കുടക്കമ്പികളുടെ ഏതാണ്ടു നടുഭാഗത്തു ഘടിപ്പിച്ചിട്ടുള്ള കമ്പികള്‍ കുടക്കാലിലൂടെ മുകളിലേക്കും താഴേക്കും നീക്കാവുന്ന ഒരു ലോഹച്ചുറ്റിലേക്കു ബന്ധിപ്പിക്കുന്നതിലൂടെയാണ്‌ കുട നിവർത്താനും മടക്കാനും കഴിയുന്നത്‌. പുരുഷന്മാരും സ്‌ത്രീകളും ഉപയോഗിക്കുന്ന ശീലക്കുടകള്‍ക്കു ചില വ്യത്യാസങ്ങളുണ്ട്‌. പുരുഷന്മാർ ഉപയോഗിക്കുന്ന കുടയ്‌ക്കു വലുപ്പം കൂടുതലായിരിക്കും; വളഞ്ഞ പിടിയും മൂട്ടിൽ തള്ളിനിൽക്കുന്ന കാലും ഉള്ളതുകൊണ്ടു പുരുഷന്മാരുടെ കുട ഊന്നുവടിയായും ഉപയോഗപ്പെടുത്താം. കൈകാര്യം ചെയ്യുന്നതിനുള്ള സൗകര്യത്തെ അടിസ്ഥാനമാക്കി കുടയുടെ നിർമാണത്തിൽ പല പരിഷ്‌കാരങ്ങളും വരുത്തിയിട്ടുണ്ട്‌. ഇപ്പോള്‍ വിപണിയിൽ ലഭിക്കുന്ന ഒടിച്ചു മടക്കാവുന്നതോ, വലിച്ചു ചുരുക്കാവുന്നതോ (telescopic) ആയ കുടകള്‍ ഈ രംഗത്തെ ആധുനിക നിർമാണചാതുരിക്കു തെളിവാണ്‌. കുടക്കാലിനോടു ചേർന്ന്‌ മുകളറ്റത്തു മാത്രമല്ല, കമ്പികളുടെ മധ്യഭാഗത്തുവച്ചും മുകളിലേക്കു മടക്കാവുന്ന തരത്തിൽ നിർമിച്ചിട്ടുള്ള മടക്കുകുടകള്‍ കൈകാര്യം ചെയ്യാന്‍ സൗകര്യമാണ്‌. കാറ്റ്‌ ശക്തിയായി വീശുമ്പോള്‍ മടങ്ങി ഉയർന്നുപോകുമെന്നതുകൊണ്ട്‌ ഇത്തരം കുടകള്‍ക്കു പ്രചാരം ലഭിച്ചില്ല. വലിച്ചു ചുരുക്കാവുന്ന തരത്തിലുള്ള കുട നിർമിച്ചു തുടങ്ങിയതോടെ ഈ ന്യൂനത പരിഹരിക്കപ്പെട്ടു. കുട വേഗത്തിൽ നിവരുന്നതിനുള്ള പ്രത്യേക സംവിധാനങ്ങളുണ്ടായതോടെ കുട നിവർത്തുന്നതിനുള്ള ശ്രമം ലഘൂകരിക്കപ്പെട്ടിട്ടുണ്ട്‌. 2005-ൽ നെതർലന്‍ഡ്‌സിലെ ഡെൽഫ്‌റ്റ്‌ സർവകലാശാലയിലെ ഒരു വിദ്യാർഥിയായ ഗെർവിന്‍ ഹൂഗന്‍ഡൂം കൊടുങ്കാറ്റിലും ഫലപ്രദമായി ഉപയോഗിക്കാവുന്ന ഒരു കുട നിർമിക്കുകയുണ്ടായി. ശക്തമായ കാറ്റിൽ മുകളിലേക്ക്‌ മടങ്ങി പോകാത്ത, വിമാനത്തിന്റെ ആകൃതിയിലുള്ള ഈ കുട, കുടനിർമാണരംഗത്തെ ഒരു പുതിയ ചുവടുവയ്‌പാണ്‌.

പുരുഷന്മാർ ഉപയോഗിക്കുന്ന കുടയോടു സാമ്യമുള്ളതാണ്‌ ഉത്സവാഘോഷങ്ങള്‍ക്ക്‌ ഉപയോഗിച്ചുവരുന്ന മുത്തുക്കുട. മുത്തുക്കുടകള്‍ക്കു വിസ്‌താരം വളരെ കൂടുതലായിരിക്കും; കുടകളുടെ അരികുകളിൽ മുത്തുമണികള്‍ കോർത്തു തൂക്കിയിട്ടിരിക്കുന്നതുകൊണ്ടാണ്‌ ഇവയ്‌ക്ക്‌ ഈ പേരുതന്നെ ലഭിച്ചത്‌. വർണപ്പകിട്ടുള്ള മുത്തുക്കുടകളാണ്‌ വെണ്‍കൊറ്റക്കുടയായും ശീവേലിക്കുടയായും മറ്റും ഉപയോഗപ്പെടുത്തുന്നത്‌. തൃശൂർപ്പൂരത്തിനോടനുബന്ധിച്ചു നടത്തുന്ന "കുടമാറ്റ'ത്തിനു മുത്തുക്കുടകളാണുപയോഗിക്കുന്നത്‌. പരിചയസമ്പന്നരായ എഴുന്നള്ളിപ്പുകാർ നിരന്നുനിൽക്കുന്ന ഗജവീരന്മാരുടെ മുകളിലിരുന്ന്‌ വർണപ്പകിട്ടേറിയ മുത്തുക്കുടകള്‍ കൂടെക്കൂടെ മാറ്റിപ്പിടിക്കുന്നത്‌ അത്യാകർഷകമായ ഒരു കാഴ്‌ചയാണ്‌. നഗരങ്ങളിലെ നാല്‌ക്കവലകളിൽ നിന്നു ഗതാഗതനിയന്ത്രണം നടത്തുന്നവർക്ക്‌ മഴയിൽനിന്നും വെയിലിൽനിന്നും സംരക്ഷണം ലഭിക്കുന്നതിനു സ്ഥാപിച്ചിട്ടുള്ള ട്രാഫിക്‌കുടയെന്ന ആശയം കുടയിൽ നിന്നാണ്‌ ഉരുത്തിരിഞ്ഞിട്ടുള്ളത്‌.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B5%81%E0%B4%9F" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍