This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കുഞ്ഞ്‌, പി.കെ. (1908 - 79)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

09:45, 30 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

കുഞ്ഞ്‌, പി.കെ. (1908 - 79)

പി.കെ. കുഞ്ഞ്‌

നിവർത്തന പ്രസ്ഥാനത്തിന്റെയും ഉത്തരവാദ ഭരണ പ്രക്ഷോഭത്തിന്റെയും പ്രമുഖ നേതാവ്‌. ഷേക്ക്‌ കുഞ്ഞിന്റെയും ഫാത്തിമയുടെയും പുത്രനായി 1908 ഏ. 23-ന്‌ കായംകുളത്തു ജനിച്ചു. വിദ്യാർഥിയായിരിക്കുമ്പോള്‍ തന്നെ ഇന്ത്യന്‍ നാഷണൽ കോണ്‍ഗ്രസ്സിന്റെ പ്രവർത്തനങ്ങളിൽ അതിയായ താത്‌പര്യം പ്രകടിപ്പിച്ചു. അതിനാൽ ഇന്റർമീഡിയറ്റ്‌ വരെ മാത്രമേ വിദ്യാഭ്യാസം തുടരാന്‍ കഴിഞ്ഞുള്ളൂ.

ക്രസ്‌തവ-ഈഴവ-മുസ്‌ലിം സമുദായങ്ങള്‍ ചേർന്ന്‌ പൗരാവകാശങ്ങള്‍ക്കു വേണ്ടി തിരുവിതാംകൂറിൽ നടത്തിയ നിവർത്തന പ്രസ്ഥാനത്തിന്റെ (1932-38) പ്രമുഖ നേതാക്കളിൽ ഒരാളായിരുന്നു പി.കെ. കുഞ്ഞ്‌. ഈ പ്രസ്ഥാനം രൂപം നല്‌കിയ സംയുക്തരാഷ്‌ട്രീയ കോണ്‍ഗ്രസ്സിന്റെ ജോയിന്റ്‌ സെക്രട്ടറിയായി ഇദ്ദേഹം സേവനമനുഷ്‌ഠിച്ചു. 1938-ൽ തിരുവിതാംകൂർ സ്റ്റേറ്റ്‌ കോണ്‍ഗ്രസ്‌ രൂപവത്‌കൃതമായപ്പോള്‍ അതിൽ ചേർന്നുകൊണ്ട്‌ ഉത്തരവാദഭരണത്തിനുവേണ്ടി പ്രവർത്തിച്ചു. സ്റ്റേറ്റ്‌ കോണ്‍ഗ്രസ്സിന്റെ എക്‌സിക്യൂട്ടീവ്‌ അംഗമായിരുന്നിട്ടുണ്ട്‌. ലെജിസ്ലേറ്റീവ്‌ അസംബ്ലിയിൽ സ്റ്റേറ്റ്‌ കോണ്‍ഗ്രസ്‌ പാർട്ടിയുടെ ഒന്നാമത്തെ ചീഫ്‌ വിപ്പായിരുന്നു. തിരുവിതാംകൂറിൽ സംഘടിത തൊഴിലാളി പ്രസ്ഥാനത്തിന്‌ പ്രാരംഭംകുറിച്ച ആലപ്പുഴയിലെ തിരുവിതാംകൂർ ലേബർ അസോസിയേഷന്റെ പ്രസിഡന്റായി അഞ്ചുവർഷക്കാലം ഇദ്ദേഹം സേവനമനുഷ്‌ഠിച്ചു. രാഷ്‌ട്രീയ ജീവിതത്തിനിടയിൽ അഞ്ചുതവണ ജയിൽവാസമനുഷ്‌ഠിച്ചിട്ടുണ്ട്‌.

1940-ൽ സ്റ്റേറ്റ്‌ കോണ്‍ഗ്രസ്‌ നേതൃത്വവുമായുള്ള അഭിപ്രായവ്യത്യാസംമൂലം പി.കെ. കുഞ്ഞ്‌ കോണ്‍ഗ്രസ്‌ വിടുകയും മുസ്‌ലിംലീഗിൽ ചേരുകയും ചെയ്‌തു. 1952-ൽ തിരു-കൊച്ചി മുസ്‌ലിംലീഗ്‌ പ്രസിഡന്റായി. 1953-ൽ പി.എസ്‌.പി.യിൽ ചേർന്ന ഇദ്ദേഹം 1954-ൽ പട്ടം താണുപിള്ളയുടെ നേതൃത്വത്തിലുള്ള തിരു-കൊച്ചി മന്ത്രിസഭയിൽ അംഗമായി. പിന്നീട്‌ പി.എസ്‌.പി., എസ്‌.എസ്‌.പി.യായി രൂപാന്തരപ്പെട്ടപ്പോള്‍ ആ പാർട്ടിയിലും ഇദ്ദേഹം ഒരു പ്രമുഖ നേതാവായി തുടർന്നു. 1956-ൽ പനമ്പള്ളി മന്ത്രിസഭയ്‌ക്കും 1964-ൽ ആർ. ശങ്കർ മന്ത്രിസഭയ്‌ക്കും എതിരായ അവിശ്വാസപ്രമേയമവതരിപ്പിച്ചത്‌ ഇദ്ദേഹമായിരുന്നു; രണ്ടു മന്ത്രിസഭകളുടെയും പതനത്തിന്‌ ഈ അവിശ്വാസപ്രമേയങ്ങള്‍ കാരണമായി. 1967-ൽ ഇ.എം.എസ്‌. നമ്പൂതിരിപ്പാടിന്റെ കൂട്ടുമന്ത്രിസഭയിൽ ഇദ്ദേഹം എസ്‌.എസ്‌.പി.യുടെ പ്രതിനിധി എന്ന നിലയിൽ ധനകാര്യമന്ത്രിയായി. കച്ച്‌ പ്രക്ഷോഭത്തിൽ പങ്കെടുക്കുവാനായി മന്ത്രിസഭയിൽ നിന്ന്‌ രാജിവയ്‌ക്കുവാനും കച്ചിലേക്ക്‌ മാർച്ച്‌ ചെയ്യുവാനുള്ള പാർട്ടിയുടെ കേന്ദ്ര നേതൃത്വത്തിന്റെ നിർദേശം സംസ്ഥാനഘടകം നിരാകരിക്കുകയും പി.കെ. കുഞ്ഞ്‌ ഉള്‍പ്പെടെയുള്ള എസ്‌.എസ്‌.പി. മന്ത്രിമാർ അധികാരത്തിൽ തുടരുകയും ചെയ്‌തു.

വിദ്യാഭ്യാസരംഗത്തും പി.കെ. കുഞ്ഞ്‌ സജീവമായി പ്രവർത്തിച്ചു. കായംകുളം എം.എസ്‌.എം. കോളജ്‌ ഇദ്ദേഹത്തിന്റെ ഈ രംഗത്തുള്ള താത്‌പര്യത്തിന്റെ നിദർശനമാണ്‌. ഇദ്ദേഹം 1979-ൽ അന്തരിച്ചു.

(ഡോ. കെ.കെ. കുസുമന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍