This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കുതിരപ്പന്തയം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

16:59, 26 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

കുതിരപ്പന്തയം

Horse racing

ഇറ്റലിയിലെ കുതിരപ്പന്തയ വേദി

ലോകത്തിന്റെ പല ഭാഗങ്ങളിലും പ്രചാരത്തിലുള്ള ഒരു വിനോദം. കാലപ്പഴക്കം സുനിശ്ചിതമായി നിർണയിക്കപ്പെട്ടിട്ടില്ലാത്ത ഈ വിനോദത്തിന്റെ ഉത്‌പത്തി യുദ്ധത്തിലും തേരോട്ടത്തിലും നായാട്ടിലും നിന്നാണെന്നാണ്‌ വിദഗ്‌ധാഭിപ്രായം. സഞ്ചരിക്കുന്നതിനു ചിറകുകളുള്ള കുതിരകളെ ഉപയോഗിക്കുന്ന ദിവ്യശക്തികളെക്കുറിച്ചുള്ള പരാമർശങ്ങള്‍ പുരാണങ്ങളിലും ഐതിഹ്യങ്ങളിലും അപൂർവമല്ല.

ആധുനികകാലത്ത്‌, സംഘടിതവും നിയമങ്ങള്‍ക്കും നിബന്ധനകള്‍ക്കും വിധേയവുമായ കുതിരപ്പന്തയങ്ങള്‍ "റേസ്‌കോഴ്‌സ്‌'കളിലാണ്‌ നടക്കുന്നത്‌. വർഷന്തോറും ക്ലിപ്‌തപ്പെടുത്തിയിട്ടുള്ള മാസങ്ങളിൽ മാത്രമേ അവ നടത്താറുള്ളൂ. ജനപ്രീതിയിൽ പ്രഥമസ്ഥാനം തറ മട്ടമായുള്ള കോഴ്‌സിലെ കുതിരകളുടെ നെട്ടോട്ടമാണ്‌.

സ്റ്റീപ്പിള്‍ ചേസിങ്‌-ഡ്യുവ്‌ലേ

റേസ്‌കോഴ്‌സ്‌ (പന്തയവേദി). റേസ്‌കോഴ്‌സുകളിൽ സർവസാധാരണം ദീർഘവൃത്താകൃതിയിലുള്ള വേദികളാണ്‌. അംഗീകൃതനിലവാരത്തിൽ സംവിധാനം ചെയ്‌ത കോഴ്‌സുകളിൽ ഹ്രസ്വദൂര-ദീർഘദൂരമത്സരങ്ങള്‍ യഥേഷ്‌ടം നടത്താന്‍ കഴിയും. ഒന്ന്‌, രണ്ട്‌, മൂന്ന്‌ എന്നീ ക്രമത്തിൽ നമ്പരുകള്‍ നല്‌കി കുതിരകളെ ഓടിക്കുന്ന "ജോക്കി'കള്‍ കയറിയ ഓരോ കുതിരയെയും വേർതിരിച്ചു നിർത്തുന്നതിനുള്ള "സ്റ്റാർട്ടിങ്‌ സ്റ്റാളി'ൽ നിന്നാണ്‌ ഓട്ടം ആരംഭിക്കുന്നത്‌. മത്സരാരംഭത്തിൽ അസ്വസ്ഥതയും പിരിമുറുക്കവും കാണിക്കുന്ന ചില കുതിരകളെ സ്റ്റാളിൽ കയറ്റുന്നതിനു മുമ്പ്‌ കണ്‍മൂടികള്‍ ധരിപ്പിച്ചുവരുന്നു. പന്തയത്തിനുള്ള ഒരുക്കങ്ങള്‍ തൃപ്‌തികരമാണെന്ന്‌ ബോധ്യപ്പെട്ടാലുടന്‍ ഒരു വെള്ളക്കൊടി ഉയർത്തുന്നതാണ്‌. ഉടന്‍തന്നെ ഔദ്യോഗിക സ്റ്റാർട്ടർ, സ്റ്റാളിലെ ഒരു സജ്ജീകരണം പ്രവർത്തിപ്പിച്ച്‌ ഗേറ്റ്‌ തുറക്കുന്നതും കുതിരകള്‍ ഓട്ടം തുടങ്ങുന്നതുമാണ്‌. മത്സരഫലം പ്രഖ്യാപിക്കുന്നതിനായി നിയോഗിക്കപ്പെടുന്ന ജഡ്‌ജിമാരെ സഹായിക്കാന്‍ "ഫോട്ടോ ഫിനിഷ്‌' ക്യാമറകള്‍ ഉപയോഗിച്ചുവരുന്നു. മത്സരത്തിന്റെ സമാപനസ്ഥാനത്തുവച്ച്‌ എടുക്കുന്ന ഫോട്ടോകളിൽ നിന്ന്‌ ഏതുക്രമത്തിലാണ്‌ കുതിരകള്‍ മത്സരം പൂർത്തിയാക്കിയതെന്ന്‌ സംശയാതീതമായി മനസ്സിലാക്കാന്‍ കഴിയും. കുതിരയുടെ നാസാഗ്രം നോക്കിയാണ്‌ ഫലം തീരുമാനിക്കുന്നത്‌. സമാപനസ്ഥാനത്തെ ഛായാഗ്രഹണത്തിനു പുറമേ, പന്തയം ആദ്യവസാനം ന്യായാനുസൃതമായിട്ടാണ്‌ നടക്കുന്നതെന്ന്‌ ഉറപ്പുവരുത്താന്‍ പ്രത്യേകമാർഗത്തിലൂടെ പന്തയക്കുതിരകളോടൊപ്പം സഞ്ചരിക്കുന്ന മോട്ടോർ വാഹനങ്ങളിൽ ഘടിപ്പിച്ചിട്ടുള്ള ക്യാമറകളും ഫോട്ടോ എടുക്കാറുണ്ട്‌. ഇവയ്‌ക്കു പുറമേ റേസ്‌കോഴ്‌സ്‌ മന്ദിരത്തിലെ പ്രധാന സ്റ്റാന്‍ഡിന്റെ മുകളിലും ക്യാമറ ഉണ്ടായിരിക്കും.

വെല്ലിങ്‌ടണിൽ നടന്ന കുതിരപ്പന്തയം

റേസ്‌കോഴ്‌സിൽ, പന്തയക്കുതിരകളെ പ്രദർശിപ്പിക്കുന്നതിനുള്ള സ്ഥലം, അവയെ താത്‌കാലികമായി സൂക്ഷിക്കുന്നതിനുള്ള ലായം, കുതിരകളെ ഓടിക്കുന്ന ജോക്കികള്‍ക്ക്‌ വേഷവിധാനങ്ങള്‍ അണിയുന്നതിനും അവയുടെ തൂക്കം നോക്കുന്നതിനും വിശ്രമസമയം ചെലവഴിക്കുന്നതിനുമുള്ള മുറികള്‍, സന്ദർശകർക്ക്‌ പന്തയം കാണുന്നതിനു വേർതിരിച്ച സ്ഥലം, പന്തയം വയ്‌ക്കുന്നതിനുള്ള സ്ഥലം, ദൂരദർശിനിയിൽ ദൃക്‌സാക്ഷി വിവരണം നല്‌കുന്നതിനുള്ള ബോക്‌സ്‌, കാര്യാലയം തുടങ്ങിയവയെല്ലാം ഉണ്ടായിരിക്കും. ബ്രിട്ടണിലെ പന്തയക്കളങ്ങളിൽ ആസ്‌ക്കൊട്ട്‌, എപ്‌സം, ന്യൂമാർക്കററ്‌, യോർക്ക്‌ എന്നിവ പ്രസിദ്ധങ്ങളാണ്‌. ആസ്റ്റ്രലിയയിലെ വേദികളിൽ ഏറ്റവും പ്രധാനം സിഡ്‌നിയിലെയും ബ്രിസ്‌ബേനിലെയും പെർത്തിലെയും കോഴ്‌സുകളാണ്‌. അമേരിക്കയിലെ അക്വിഡക്‌റ്റ്‌, ചർച്ചിൽ ഡൗണ്‍സ്‌, പിംലിക്കോ, ബെൽമണ്ട്‌ പാർക്ക്‌ എന്നിവയും പരാമർശമർഹിക്കുന്നു. ജർമനിയിലെ അതിപ്രശസ്‌തമായ രണ്ടു മത്സരവേദികളാണ്‌, ബേസന്‍ബേഡണും കൊളോണും. ഫ്രാന്‍സിലെ പ്രമുഖവേദികളിൽ ചാന്റിലി, ലോങ്‌ഷാമ്പ്‌, ഡ്യുവ്‌ലേ എന്നിവ ഉള്‍പ്പെടുന്നു. ഇറ്റലിയിലെ സാന്‍സിറോ, മിലാന്‍, കാനഡയിലെ ടോറന്റോ, ന്യൂസിലന്‍ഡിലെ വെല്ലിങ്‌ടണ്‍, ജപ്പാനിലെ ഫ്യൂച്ച്‌ എന്നീ കോഴ്‌സുകളും വിശ്രുതങ്ങളാണ്‌. ഇന്ത്യയിലെ പല നഗരങ്ങളിലും പന്തയക്കളങ്ങളുണ്ടെങ്കിലും കൊൽക്കത്തയും മുംബൈയും മദിരാശിയും ഡൽഹിയും ബാംഗ്ലൂരുമാണ്‌ പ്രധാനകേന്ദ്രങ്ങള്‍. ദക്ഷിണാഫ്രിക്ക, പാകിസ്‌താന്‍, ഹോങ്കോങ്‌, മലേഷ്യ, ഫിലിപ്പീന്‍സ്‌, ദക്ഷിണ അമേരിക്കന്‍ രാജ്യങ്ങള്‍, സ്വിറ്റ്‌സർലണ്ട്‌, റൊഡേഷ്യ, സാംബിയ, കെനിയ, നൈജീരിയ തുടങ്ങി ലോകത്തിന്റെ പല ഭാഗങ്ങളിലും കുതിരപ്പന്തയം നടന്നുവരുന്നു. പന്തയക്കുതിരകള്‍. പ്രകൃതിദത്തമായ സാഹചര്യങ്ങളിൽ പല വികാസപരിണാമങ്ങള്‍ക്കും വിധേയമായി വിഹരിച്ചിരുന്ന കുതിരകളുടെ വർഗസംസ്‌കരണത്തിൽ മനുഷ്യന്റെ കരസ്‌പർശം ഏറ്റുതുടങ്ങിയത്‌ ബി.സി. 1350 മുതലാണ്‌. അറേബ്യയിലെ ചോരത്തിളപ്പുള്ള "ബാർബും' വേഗതയ്‌ക്ക്‌ പേരുകേട്ട "ആരബു'മാണ്‌ ഇന്നത്തെ പന്തയക്കുതിരകളുടെ ആദിമമുന്‍ഗാമികള്‍. പന്തയക്കുതിര(thorough bred)കളുടെ വർഗസങ്കലനത്തിനും പ്രജനനത്തിനും കളമൊരുക്കിയത്‌ കുതിരപ്പന്തയത്തിൽ സജീവതത്‌പരനായിരുന്ന ഇംഗ്ലണ്ടിലെ ചാള്‍സ്‌ രണ്ടാമനാണ്‌.

പന്തയത്തിന്‌ ഉപയോഗിക്കുന്ന പുതിയ ഉരുക്കളെ "സ്റ്റഡ്‌ ഫാമി'ലാണ്‌ വളർത്തിയെടുക്കുന്നത്‌. ലോകപ്രസിദ്ധങ്ങളായ പന്തയങ്ങളിൽ വിജയിക്കുന്ന കുതിരകളെ ഇണചേർത്താണ്‌ സങ്കരജാതിയിനങ്ങളെ ഉത്‌പാദിപ്പിക്കുന്നത്‌. 18-ാം ശതകത്തിനുശേഷം വമ്പിച്ച മുതൽമുടക്കുള്ള ലോകവ്യാപകമായ ഒരു വാണിജ്യസംരംഭമായി പന്തയക്കുതിരകളുടെ പ്രജനനവും പരിചരണവും പരിശീലനവും വളർന്നിട്ടുണ്ട്‌. മനുഷ്യന്റെ നിയന്ത്രണത്തിന്‌ അതീതമായ ഏതോ ഒരു ഘടകം രക്തത്തിലലിഞ്ഞുചേർന്ന ചില കുതിരകളാണ്‌ കുതിരപ്പന്തയത്തിൽ ചരിത്രം സൃഷ്‌ടിച്ചിട്ടുള്ളത്‌. മാന്‍ ആഫ്‌ വാർ, നിജിന്‍സ്‌കി, യൂത്ത്‌, സെക്രട്ടേറിയറ്റ്‌, ഹൈപ്പരിയണ്‍, മഹമ്മദ്‌, ബഹ്‌റാം, ഫർലാപ്‌, മോണാർക്ക്‌, ഓർത്തെല്ലൊ, ഒലാന്റർ, ലക്‌സിങ്‌ടണ്‍, ടെമ്പോ തുടങ്ങിയവ ഈ വിഭാഗത്തിലുള്‍പ്പെടുന്നു.

മെൽബണ്‍ കപ്പ്‌ മത്സരം

അതിപ്രധാനമാണ്‌ പന്തയക്കുതിരകളുടെ പരിശീലനം. സ്റ്റഡ്‌ ഫാമിലെ പരിശീലകരിൽ അശ്വാഭ്യാസങ്ങളിൽ പ്രശസ്‌തപാരമ്പര്യമുളളവർ മുതൽ കുതിരപ്പുറത്തു കയറിയിട്ടില്ലാത്തവർവരെ കാണും. പരിശീലനത്തിൽ നിരീക്ഷണം, ആരോഗ്യസംരക്ഷണം, ആഹാരക്രമം, പരിചരണം തുടങ്ങിയവയ്‌ക്ക്‌ അതിപ്രധാനമായ സ്ഥാനമുണ്ട്‌. സ്വഭാവപരമായ സവിശേഷതകളും കുതിരകളുടെ പാരമ്പര്യവും മറ്റും പഠനവിഷയമാകാറുണ്ട്‌.

അതിരാവിലെയാണ്‌ പരിശീലനസമയം. വിവിധ മാംസപേശികളുടെ പ്രത്യേകിച്ചും ഓടുന്ന കാലുകളിലെ മാംസപേശികളുടെ ബലവും ദാർഢ്യവും സമഗ്രമായ അംഗസൗഷ്‌ഠവവും ചർമത്തിന്റെ തിളക്കവും വർധിപ്പിക്കുന്നതിനും രക്തചംക്രമണത്തിന്റെ വേഗത കൂട്ടുന്നതിനും ശ്വാസകോശത്തിന്റെ വായുഗ്രഹണക്ഷമത പരമാവധി വികസിപ്പിക്കുന്നതിനും പ്രത്യേക വ്യായാമരീതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്‌. പരിശീലനത്തിന്റെ തീവ്രത വിവിധഘട്ടങ്ങളിൽ വർധിക്കുന്നതിനനുസരണമായി കൂടുതൽ ജീവകാംശമുള്ള തീറ്റയും നല്‌കുന്നു. മാംസപേശികള്‍ ബലിഷ്‌ഠമാക്കുന്നത്‌ പ്രാരംഭഘട്ടത്തിൽ നടത്തിച്ചും കുതിച്ചുചാടിച്ചുമാണ്‌. കാലുകള്‍, തോളിലെ മാംസപേശികള്‍ എന്നിവയുടെ ബലവും കരുത്തും പരിപോഷിപ്പിക്കുന്നതിന്‌ റോഡിലും കടുപ്പംകൂടിയ സ്ഥലങ്ങളിലും നടത്തിക്കുകയും ഓടിക്കുകയും ചാടിക്കുകയും ചെയ്യാറുണ്ട്‌. ശരീരത്തിന്റെ കെട്ടുറപ്പും ഒതുക്കവും തൃപ്‌തികരമാണെന്ന്‌ പരിശീലകന്‌ ബോധ്യംവരുന്നതോടെ കുതിരകളെ ഓടിച്ചുതുടങ്ങുന്നു. പടിപടിയായിട്ടാണ്‌ ഹ്രസ്വദൂരത്തിൽനിന്ന്‌ ദീർഘദൂരത്തിലേക്കുള്ള ഈ പരിശീലനം നല്‌കുന്നത്‌. ഒറ്റയായും പറ്റമായും നല്‌കപ്പെടുന്ന ഈ പരിശീലനം കുതിരകളുടെ കഴിവുകള്‍ വിലയിരുത്താന്‍ ഗണ്യമായി സഹായിക്കുന്നു.

ഗ്രാസ്സർപ്രസ്‌ ഫോണ്‍ യുറോപ്പ്‌-ജർമനി

അധ്വാനപൂർണമായ അടുത്തഘട്ടത്തിൽ, പുറത്ത്‌ ഒരു സവാരിക്കാരന്റെ സാന്നിധ്യം പൊറുക്കുന്നതിനും ആ ഭാരവും വഹിച്ചുകൊണ്ട്‌ ഓടുന്നതിനുമുള്ള പരിശീലനം നല്‌കുന്നു. ആദ്യമായി കുതിരകളെ ചൊല്‌പ്പടിക്കു നിർത്താന്‍ പഠിപ്പിക്കുന്നു. തുടർന്ന്‌ കുതിരപ്പുറത്ത്‌ സവാരിക്കാരന്‍ ഇരിക്കുന്ന സ്ഥാനത്ത്‌ ഒരു "റോളർ' കയറ്റിവച്ച്‌ ഭാരം പേറാനും ആ ഭാരവുമായി നടക്കാനും അല്‌പദൂരം ഓടാനും പരിശീലിപ്പിക്കുന്നു. ഒപ്പം വായ്‌ക്കകത്ത്‌ നീണ്ട ഒരു ബാർ സ്ഥാപിച്ച്‌ ഉമിനീർ ഒഴുക്കുന്നതിന്‌ തടസ്സം നേരിടാതെ ഓടാനും പഠിപ്പിക്കുന്നു. ക്രമേണ ജോക്കികള്‍ അവർക്കിരിക്കുന്നതിനുള്ള തുകൽ ഇരിപ്പിടം, കുതിരകളെ ചൊൽപ്പടിക്കു നിർത്തുന്നതിനുള്ള കടിഞ്ഞാണ്‍ തുടങ്ങിയ വിവിധ സജ്ജീകരണങ്ങളോടെ അവയെ പരമാവധി വേഗത്തിലോടിക്കുന്നതിനുള്ള ശ്രമകരമായ സംരംഭത്തിനു തുടക്കം കുറിക്കുന്നു. അവസാനക്കൈയായി പന്തയസ്ഥലത്തെ "സ്റ്റാർട്ടിങ്‌ സ്റ്റാളു'കളിൽ നിന്ന്‌ ഓട്ടം തുടങ്ങാനുള്ള പരിശീലനവും നല്‌കുന്നു.

ഹർഡിൽചേസിങ്‌-മേരിലാന്‍ഡ്‌ കപ്പ്‌

പരിശീലനം പൂർത്തിയായ കുതിരകളിൽ ഏതിനെയെല്ലാമാണ്‌ വ്യത്യസ്‌ത മത്സരങ്ങളിൽ ഓടിക്കേണ്ടതെന്ന്‌ പരിശീലകനാണ്‌ തീരുമാനിക്കുന്നത്‌. പന്തയത്തിന്റെ വിശദാംശങ്ങള്‍ പൊതുജനങ്ങളെ അറിയിക്കുന്നതിന്‌ പ്രസിദ്ധപ്പെടുത്തുന്ന റേസിങ്‌ കലണ്ടറും പത്രറിപ്പോർട്ടുകളും മറ്റും ശ്രദ്ധാപൂർവം പരിശോധിച്ച ശേഷമായിരിക്കും ഈ തീരുമാനമെടുക്കുന്നത്‌. പരിശീലകന്‍ തിരഞ്ഞെടുക്കുന്ന കുതിരകളെ മാത്രമേ കുതിരയുടമസ്ഥന്മാർ പ്രവേശനഫീസ്‌ നല്‌കി പന്തയത്തിൽ പങ്കെടുപ്പിക്കാറുള്ളൂ. പന്തയങ്ങളിൽ വച്ച്‌ കുതിരകളുടെ കഴിവുകളും ന്യൂനതകളും വിലയിരുത്തുന്നതിന്‌ വീണ്ടും അവസരം ലഭിക്കുന്നു. രണ്ടുംമൂന്നും വയസ്സു പ്രായമുള്ള ചില കുതിരകളുടെ പ്രതിഭ പൂർണമായി വികസിപ്പിക്കുന്നതിന്‌ ഏതാനും മത്സരങ്ങളിൽ അവയെ പങ്കെടുപ്പിക്കേണ്ടിവരും. അധികം പന്തയങ്ങളിൽ അവയെ പങ്കെടുപ്പിക്കാറുമില്ല.

പരിശീലനം നല്‌കുന്നതിന്‌ പല യന്ത്രസജ്ജീകരണങ്ങളും ഉപയോഗിച്ചുവരുന്നു. ചില അവയവങ്ങള്‍ സുശക്തമാക്കുന്നതിന്‌ കുതിരകളെ നീന്തിക്കാറുമുണ്ട്‌.

പരിശീലകനെ സഹായിക്കുന്നതിന്‌ സ്റ്റേബിള്‍ ജോക്കി, യാർഡ്‌ സെക്രട്ടറി, ഹെഡ്‌ലാഡ്‌ തുടങ്ങി പല തലങ്ങളിലായി പല ജീവനക്കാരുണ്ട്‌. പരിശീലകരിൽ ലോകപ്രസിദ്ധി നേടിയിട്ടുള്ളവരാണ്‌ ജോണ്‍ സ്‌കോട്ട്‌, വിന്‍സന്റ്‌ ഓബ്രീന്‍, ഏഞ്ചൽ പെന്ന, എന്‍റികോ കാമികി, പീറ്റർ വാൽവിന്‍, മാറിസ്‌ സിൽബർ തുടങ്ങിയവർ.

പന്തയക്കുതിരകളുടെ ലക്ഷണങ്ങള്‍. ലക്ഷണം തികഞ്ഞ കുതിരകളെ കരുപ്പിടിപ്പിക്കുന്നതിൽ പാരമ്പര്യം നിർണായകമായ ഒരു ഘടകമാണെങ്കിലും, പ്രശസ്‌ത വംശപരമ്പരയിൽപ്പെട്ട കുതിരകള്‍പോലും പന്തയങ്ങളിൽ വിജയിക്കാതെ വിസ്‌മൃതങ്ങളാകാറുണ്ട്‌. മത്സരവൃത്തങ്ങളിൽ സാർവത്രികമായി അംഗീകരിക്കപ്പെട്ടിട്ടുള്ള മാനദണ്ഡങ്ങള്‍ ഇങ്ങനെ സംക്ഷേപിക്കാം. കണ്ണുകള്‍ ബുദ്ധികൂർമത പ്രകടമാക്കുന്നവയും തിളക്കമുള്ളവയും നാസികകള്‍ വ്യാസമുള്ളവയും ചെവികള്‍ കൂർത്തവയുമായിരിക്കണം. ശരീരത്തിന്‌ അനുസരണമായിരിക്കണം കഴുത്ത്‌. കണ്ണും കാതും നാസികകളും തുറന്നു ചുറ്റും നോക്കുന്ന കുതിരകളാണ്‌ പന്തയങ്ങളിൽ അദ്‌ഭുതങ്ങള്‍ സൃഷ്‌ടിക്കാറുള്ളത്‌. അഹന്തയും മെയ്യൊതുക്കവും വെല്ലുവിളികളെ അക്ഷോഭ്യമായി നേരിടാനുള്ള ശക്തിയും കുതിരകള്‍ക്കു ഭൂഷണങ്ങളായിട്ടാണ്‌ പരിഗണിക്കപ്പെട്ടുവരുന്നത്‌.

കഴുത്താണ്‌ കുതിരയുടെ ബാലന്‍സ്‌ സംരക്ഷിക്കുന്നത്‌. ശരീരത്തിന്‌ അനുരൂപമായിരിക്കണം കഴുത്ത്‌; തുല്യപ്രധാനമാണ്‌ ഭുജം, വക്ഷസ്സ്‌ എന്നിവയും. മുന്‍വശത്തെയും പുറകുവശത്തെയും കാലുകളിലെ അസ്ഥികളുടെ സന്ധികള്‍ പരന്നിരിക്കുന്നതാണ്‌ ഉത്തമം. വൃത്താകൃതിയിലുള്ള കുളമ്പുകള്‍ വേഗത്തിലോടുന്നതിന്‌ കൂടുതൽ സഹായകമാണ്‌. ഉറച്ച പിന്‍കാലുകള്‍, മുന്‍കാലുകള്‍ സ്ഥിതിചെയ്‌തിരുന്ന സ്ഥാനത്തുവച്ച്‌ നടക്കുകയും നിലത്തുനിന്ന്‌ അധികം പൊങ്ങാതെ കാലടികള്‍ തമ്മിലുള്ള ദൂരം കൂട്ടിക്കൂട്ടി ഓടുകയും ചെയ്യുന്ന കുതിരകളാണ്‌ പന്തയവേദികളിൽ ജേതാക്കളാകാറുള്ളത്‌.

കുതിരകളുടെ ഉടമകളിൽ വ്യക്തികളും സ്ഥാപനങ്ങളുമുണ്ട്‌. ഇരുകൂട്ടരും അംഗത്വത്തിന്‌ ഫീസ്‌ ഈടാക്കുന്ന ജോക്കി ക്ലബ്ബുകളിലെ അംഗങ്ങളായിരിക്കണമെന്നാണ്‌ വ്യവസ്ഥ. പന്തയക്കുതിരകളുടെ ഉടമസ്ഥന്മാർക്ക്‌ പ്രത്യേക നിറത്തിലുള്ള ഉടയാടകള്‍ നിർബന്ധമാണ്‌.

പലപ്പോഴും ലാഭക്കച്ചവടമായിരിക്കുകയില്ല കുതിരകളുടെ ഉടമസ്ഥാവകാശം. കുതിരകളോടുള്ള വ്യക്തിപരമായ സ്‌നേഹവായ്‌പിനെക്കാള്‍ പലപ്പോഴും ഇതിനാധാരം, പന്തയത്തിൽ കുതിര വിജയിക്കുമെന്ന പ്രതീക്ഷയാണ്‌. അതിപ്രധാനങ്ങളായ ചില പന്തയങ്ങളിൽ വിജയം നേടുന്ന കുതിരകളുടെ ഉടമസ്ഥന്മാർക്ക്‌ ബഹുജനമാധ്യമങ്ങളിൽ ലഭിക്കുന്ന പ്രചാരണമാണ്‌ മറ്റൊരു പ്രരണാശക്തി.

പേരെടുത്ത ഉടമകളിൽ പ്രഥമസ്ഥാനീയയാണ്‌ ബ്രിട്ടനിലെ എലിസബത്ത്‌ രാജ്ഞി. ഈ രംഗത്തെ പ്രമുഖരിൽ എന്‍.ബി.ഹണ്ട്‌, പാള്‍ മെല്ലന്‍, ജെറി ഓള്‍ഡാം, കാർലോ വിറ്റാഡിറ്റി, ആഗാഖാന്‍, വിൽഡന്‍ സ്റ്റീൽ തുടങ്ങിയവർ ഉള്‍പ്പെടുന്നു. ഇവരിൽ പലരുടെയും കുതിരകള്‍ വിവിധ രാജ്യങ്ങളിലെ പ്രധാനപ്പെട്ട പന്തയങ്ങളിൽ പങ്കെടുക്കാറുണ്ട്‌.

പ്രധാന പന്തയങ്ങള്‍. ലോകപ്രസിദ്ധമായ കുതിരപ്പന്തയം ബ്രിട്ടനിലെ ഡാർബിയാണ്‌. എപ്‌സം റേസ്‌കോഴ്‌സിലാണ്‌ ഈ മത്സരവും മറ്റൊരു പ്രധാന മത്സരമായ ഓക്ക്‌സ്‌ പന്തയവും നടക്കുന്നത്‌. 1780-ലാണ്‌ ഡാർബിയുടെ ആരംഭം.1,600 മീറ്ററായിരുന്നു മത്സരദൂരം. ഏതാനും വർഷങ്ങള്‍ക്കുശേഷം 2,400 മീറ്ററായി ദൂരം വർധിപ്പിച്ചു. 1,600 മീ. ദൂരമുള്ള 2,000 ഗിനിപ്പന്തയത്തിന്റെയും 1,000 ഗിനിപ്പന്തയത്തിന്റെയും മത്സരവേദി ന്യൂമാർക്കറ്റാണ്‌. ഡണ്‍കാസ്റ്ററിലെ സെയ്‌ന്റ്‌ ലെഗർ മത്സരത്തിൽ 2,800 മീറ്ററാണ്‌ ഓടേണ്ടത്‌. അമേരിക്കയിലെ ഏറ്റവുമധികം ജനപ്രീതി നേടിയ പന്തയങ്ങള്‍ കെന്റക്കി ഡാർബി, ബെൽമണ്ട്‌ സ്റ്റേക്‌സ്‌, പ്രീക്‌നസ്സ്‌ സ്റ്റേക്‌സ്‌ എന്നിവയാണ്‌. ബഹുജനങ്ങളെ ഹഠാദാകർഷിച്ചുവരുന്ന മറ്റു പന്തയങ്ങള്‍, ഫ്രാന്‍സിലെ ഗ്രാന്‍ പ്രീ, പ്രീറായൽ ഓക്ക്‌, ഇറ്റലിയിലെ ഗ്രാന്‍ പ്രിമിയോ, ഇറ്റാലിയന്‍ ഡാർബി, ജർമനിയിലെ ഗ്രാസ്സർ പ്രസ്‌ ഫോണ്‍ യൂറോപ്പ്‌, മോസ്‌കോയിലെ ബോഷായിപ്പന്തയം, ആസ്‌റ്റ്രലിയയിലെ "മെൽബോണ്‍ കപ്പ്‌', ജപ്പാനിലെ ജപ്പാന്‍ കപ്പ്‌, ഫെബ്രുവരി "സ്റ്റേക്‌സ്‌ താകമത്ത്‌ സുനോമിയ' കിനന്‍, യു.എ.ഇ.യിലെ ദുബായ്‌ വേള്‍ഡ്‌ കപ്പ്‌, തുടങ്ങിയവയാണ്‌.

ജോക്കികള്‍. ശരീരവും മനസ്സും പോലെയാണ്‌ പന്തയത്തിൽ കുതിരയും അതിനെ ഓടിക്കുന്ന ജോക്കിയും. കുതിരയുടെ മനസ്സിനുമുണ്ട്‌ പന്തയത്തിൽ വലിയൊരു പങ്ക്‌. ഇവർ ഒരേ മനസ്സോടെ പ്രവർത്തിക്കുമ്പോഴാണ്‌ പന്തയം അവിസ്‌മരണീയമാകുന്നത്‌.

കുതിരകളെ വളർത്തിയെടുക്കുകയും പരിശീലിപ്പിക്കുകയും ചെയ്യുന്ന സ്റ്റഡ്‌ഫാമുകളിൽ സ്ഥിരാടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവരാണ്‌ ഒരു വിഭാഗം ജോക്കികള്‍. പ്രത്യേക പന്തയങ്ങളിൽ നിശ്ചിത പ്രതിഫലത്തിനുവേണ്ടി ഈ സേവനമനുഷ്‌ഠിക്കുന്ന സ്വതന്ത്രന്മാരാണ്‌ മറ്റൊരു വിഭാഗം. വർഷന്തോറും 50,000 പവന്‍ വരെ വരുമാനം ലഭിക്കുന്ന ജോക്കികളുണ്ട്‌. ഭൂരിപക്ഷവും ഞെരുങ്ങിക്കഴിയുന്നവരാണ്‌. പുരുഷന്മാരുടെ കുത്തകയായിരുന്ന ഈ രംഗത്ത്‌ വനിതകളും നിലയുറപ്പിച്ചുകഴിഞ്ഞിട്ടുണ്ട്‌.

ജോക്കികള്‍ക്ക്‌ പ്രത്യേക വേഷവിധാനമുണ്ട്‌. നിയമാനുസൃതമായ ഭാരമില്ലാത്തവർ ആ അപര്യാപ്‌തത പരിഹരിക്കുന്നത്‌ "വെയിറ്റ്‌ ക്ലോത്ത്‌' എന്നു പറയുന്ന സഞ്ചിയിൽ ആവശ്യാനുസരണം ഭാരം അടക്കംചെയ്‌ത്‌ പന്തയവേളയിൽ കുതിരപ്പുറത്തുകയറ്റിവച്ചാണ്‌.

ജീവചരിത്രഗ്രന്ഥങ്ങള്‍ക്കു വിഷയമാവുകയും ആത്മകഥകള്‍ എഴുതുകയും ചെയ്‌തിട്ടുള്ള ജോക്കികളുണ്ട്‌. ഫ്രസ്സ്‌ ആർച്ചറായിരുന്നു 19-ാം ശതകത്തിലെ അതികായന്‍. അഞ്ചുപ്രാവശ്യം ആർച്ചർ ഡാർബി മത്സരത്തിൽ ജയിച്ചിട്ടുണ്ട്‌. "സർ' സ്ഥാനം ലഭിച്ചിട്ടുള്ള ഗോർഡന്‍ റിച്ചാർഡ്‌സ്‌ 26 പ്രാവശ്യം ബ്രിട്ടീഷ്‌ ചാമ്പ്യന്‍ പദവി നേടിയിട്ടുണ്ടെങ്കിലും ഒരിക്കൽ മാത്രമേ ഡാർബിയിൽ ജയിച്ചിട്ടുള്ളൂ. പ്രസിദ്ധങ്ങളായ പന്തയങ്ങളിൽ പേരും പെരുമയും നേടിയിട്ടുള്ളവരാണ്‌ ചാർലി സ്‌മിർക്ക്‌, വില്ലി കാഴ്‌സണ്‍, ആർതർ ബ്രസ്‌ലി, സാന്‍ഡി ഹാലി, സ്റ്റീവ്‌ സൊന്നോഹ്‌, വില്ലി ഷൂമേക്കർ, ലെസ്റ്റർ പിഗോട്ടു, എഡ്‌ഢി അർകാരൊ, മൈക്ക്‌ സ്‌മിത്ത്‌ മുതലായവർ.

പന്തയക്കുതിരകളുടെ ശാരീരികവും മാനസികപരവുമായ സവിശേഷതകളുടെ അടിസ്ഥാനത്തിൽ ജോക്കികള്‍ വ്യത്യസ്‌തങ്ങളായ സവാരിരീതികള്‍ സ്വീകരിച്ചുവരുന്നു. പരമാവധി വേഗത്തിലോടിക്കുകയാണ്‌ ലക്ഷ്യം. കുതിരപ്പുറത്തെ ഇരിപ്പിടത്തിൽ നിവർന്നിരുന്നു കാലുകള്‍ കഴിയുന്നതും താഴത്തേക്ക്‌ നീട്ടിവച്ചാണ്‌ ആദ്യമെല്ലാം സവാരി ചെയ്‌തിരുന്നത്‌. ആധുനികരീതിയനുസരിച്ച്‌ കുതിരയുടെ കഴുത്തിനു പുറകിലാണവർ ഇരിക്കാറുള്ളത്‌. ഇരിക്കുന്നത്‌ കൂനിപ്പിടിച്ചും. കുതിരയ്‌ക്ക്‌ അതിന്റെ ബാലന്‍സ്‌ തെറ്റാതെ ഓടാനും കാറ്റുകൊണ്ടുള്ള തടസ്സം കുറയ്‌ക്കാനും ഈ രീതി കൂടുതൽ സഹായകമാണ്‌. അമേരിക്കന്‍ ജോക്കി ജയിംസ്‌ സ്ലോണ്‍ ആണ്‌ ഇതിന്റെ ഉപജ്ഞാതാവ്‌.

പന്തയം വയ്‌പ്‌. കുതിരപ്പന്തയത്തിന്റെ ലഹരിയാണ്‌ "ബെറ്റിങ്‌' എന്നു പറഞ്ഞുവരുന്ന പന്തയം വയ്‌പ്‌. 1795-ൽ ലാങ്ക്‌ഷൈറിലെ ഓഗ്‌ഡെന്‍ ആണത്ര ഇതിനു തുടക്കം കുറിച്ചത്‌. പന്തയത്തുക വാങ്ങുന്നവരെ "ബുക്ക്‌ മേക്കേഴ്‌സ്‌' എന്നു പറഞ്ഞുവരുന്നു. റേസ്‌കോഴ്‌സിനു പുറത്ത്‌ പ്രത്യേക കേന്ദ്രങ്ങളിൽ പ്രവർത്തനം നടത്തുന്ന ഇത്തരക്കാരുമുണ്ട്‌. പന്തയത്തുകവാങ്ങി ടിക്കറ്റു നല്‌കുന്നത്‌ ഇവരാണ്‌. ജയിക്കാന്‍ സാധ്യതയുള്ള കുതിരകളെപ്പറ്റി ഇവർ സൂചനകളും നല്‌കാറുണ്ട്‌. ഇവരുടെ പ്രവചനമനുസരിച്ചായിരിക്കുകയില്ല എല്ലാ മത്സരങ്ങളും സമാപിക്കുന്നത്‌. ഏതു കുതിര ജയിച്ചാലും ചെറിയൊരു ലാഭം കിട്ടത്തക്കവിധം മാത്രമേ ഇക്കൂട്ടർ പന്തയടിക്കറ്റുകള്‍ വില്‌ക്കുകയുള്ളൂ. റേസ്‌കോഴ്‌സിൽ, പന്തയത്തിൽ പങ്കെടുക്കുന്ന ഓരോ കുതിരയ്‌ക്കും പിരിഞ്ഞുകിട്ടിയിട്ടുള്ള തുക, ടിക്കറ്റു വില്‌പന നിർത്തിവയ്‌ക്കുന്നതിന്റെയും തുടരുന്നതിന്റെയും അഭിലഷണീയത സംബന്ധിച്ച വിവരങ്ങള്‍ തുടങ്ങിയവ ആംഗ്യഭാഷ ഉപയോഗിച്ചാണ്‌ ബുക്ക്‌ മേക്കർമാർ പരസ്‌പരം കൈമാറുന്നത്‌. ടിക്കറ്റുകള്‍ വില്‌ക്കുന്ന സ്ഥലത്ത്‌ വിവിധ നിരക്കുകള്‍ പ്രദർശിപ്പിച്ചിരിക്കും. പന്തയത്തിൽ ജയിക്കുന്നവർക്ക്‌ അവരുടെ ഓഹരിവിഹിതം നല്‌കുന്നതിന്‌ അംഗീകൃത നിബന്ധനകളുണ്ട്‌. കുതിരപ്പന്തയം കൊണ്ടു സമ്പന്നരായവരും ദരിദ്രരായവരും നിരവധിയാണ്‌.

കുതിരപ്പന്തയത്തിലെ മറ്റു പ്രധാനയിനങ്ങള്‍ ട്രാട്ടിങ്‌, പേസിങ്‌, സ്റ്റീപ്പിള്‍ ചേസിങ്‌ തുടങ്ങിയവയാണ്‌. ആദ്യത്തെ രണ്ടിനങ്ങളിൽ ഓടിക്കുന്നയാള്‍ ഇരിക്കുന്ന "സള്‍ക്കി'എന്ന ഭാരം കുറഞ്ഞ വാഹനത്തിൽ കെട്ടിയാണ്‌ കുതിരകളെ ഓടിക്കുന്നത്‌. രണ്ടിനങ്ങളിലും കുതിരകളെ ഓടിക്കാവുന്ന വേഗതയ്‌ക്ക്‌ നിയന്ത്രണങ്ങളും നിബന്ധനകളുമുണ്ട്‌. ഈ മത്സരങ്ങള്‍ക്ക്‌ തറൊബ്രഡ്ഡിന്റെ സ്ഥാനത്ത്‌ "സ്റ്റാന്‍ഡേർഡ്‌ ബ്രഡ്‌' കുതിരകളെയാണ്‌ ഉപയോഗിക്കുന്നത്‌. പന്തയത്തിന്‌ പ്രത്യേക മത്സരവേദികളുമുണ്ടായിരിക്കും. ട്രാട്ടർ കുതിര ഒരു വശത്തെ മുന്‍കാലും മറുവശത്തെ പിന്‍കാലും എന്ന ക്രമത്തിൽ മാറ്റിമാറ്റി വച്ചായിരിക്കും മുന്നേറുന്നത്‌; ചേസർ കുതിര രണ്ടിടത്തുകാലുകളും രണ്ടു വലത്തുകാലുകളും ഒരുമിച്ചുവച്ചും. രാത്രി ഫ്‌ളഡ്‌ ലൈറ്റിലും ഈ മത്സരങ്ങള്‍ നടത്താറുണ്ട്‌.

സ്റ്റീപ്പിള്‍ ചേസിങ്ങും അതിന്റെ അവാന്തരവിഭാഗമായ ഹർഡിൽ റേസിങ്ങും താരതമ്യേന അധ്വാനപൂർണങ്ങളായ പന്തയങ്ങളാണ്‌. മത്സരദൂരം പൊതുവേ 3,200 മീറ്ററോ അതിൽ കൂടുതലോ ആയിരിക്കും. സ്റ്റീപ്പിള്‍ മത്സരത്തിൽ ഓടുന്നതിനിടയ്‌ക്ക്‌ കുതിരകള്‍ മത്സരദൂരത്തിന്റെ ഓരോ പകുതിയിലും കുറഞ്ഞത്‌ ഒരു കുണ്ടും, 1.37 മീ. ഉയരമുള്ള ആറു വേലികളും വെള്ളം നിറച്ച ഒരു കുഴിയും ചാടിക്കടക്കണമെന്നാണ്‌ നിബന്ധന. ഹർഡിൽസ്‌ പന്തയത്തിൽ മത്സരദൂരം പൂർത്തിയാക്കുന്നതിനുമുമ്പ്‌ 1.06 മീ. ഉയരമുള്ള, കുറഞ്ഞത്‌ എട്ടു വിലങ്ങുതടികളെങ്കിലും തരണം ചെയ്യേണ്ടതുണ്ട്‌. 4 വയസ്സും 3 വയസ്സും പ്രായമുള്ള കുതിരകള്‍ക്കേ ഇവയിൽ പങ്കെടുക്കാവൂ. ഈ രംഗത്തെ കേള്‍വികേട്ട കുതിരകളാണ്‌ റെഡ്‌റം, ആർക്കിള്‍, ഗോള്‍ഡന്‍ മില്ലർ, പേർസ്യന്‍ വാർ തുടങ്ങിയവ. ഗ്രാന്‍ഡ്‌ നാഷണൽ ചെൽറ്റെന്‍ഹാം കപ്പ്‌, മേരീലാന്‍ഡ്‌ ഹണ്ട്‌ കപ്പ്‌, പാരിസിലെ ഗ്രാന്‍ഡ്‌ സ്റ്റീപ്പിള്‍ എന്നിവയാണ്‌ വിശ്രുതങ്ങളായ മത്സരങ്ങള്‍.

കുതിരപ്പന്തയത്തിന്റെ മുഖത്തെ കരിയാണ്‌ "ഡോപ്പിങ്‌'. പന്തയങ്ങളിൽ പങ്കെടുത്ത കുതിരകള്‍ക്ക്‌ ലഹരിപദാർഥങ്ങള്‍ അടങ്ങിയ ഔഷധങ്ങള്‍ നല്‌കി ഓടാനും ചാടാനുമുള്ള അവയുടെ യഥാർഥശേഷിയെ കൃത്രിമമായി ഉത്തേജിപ്പിക്കുന്നതിനെയാണ്‌ ഡോപ്പിങ്‌ എന്നു പറയുന്നത്‌. ഈ നടപടി നിയമവിരുദ്ധവും ശിക്ഷാർഹവുമാണ്‌. പന്തയം വയ്‌ക്കുന്ന പൊതുജനങ്ങള്‍ക്ക്‌ നഷ്‌ടം നേരിടുന്നതിനു പുറമേ ഈ കുതന്ത്രം വഴി കുതിരകളുടെ ആരോഗ്യത്തിന്‌ ഹാനിയും സംഭവിക്കാറുണ്ട്‌. കുതിരകള്‍ക്ക്‌ ഇത്തരം ഔഷധങ്ങള്‍ നല്‌കിയിട്ടുണ്ടോ എന്നറിയുന്നതിന്‌ പല പരിശോധനാസമ്പ്രദായങ്ങളുമുണ്ട്‌. ഇക്കാര്യത്തിൽ ലോകമാസകലമുള്ള റേസിങ്‌-അധികാരികള്‍ പ്രത്യേക ജാഗ്രത പ്രദർശിപ്പിച്ചുവരുന്നു.

കുതിരപ്പന്തയം സംബന്ധിച്ച കാര്യങ്ങള്‍ നിയന്ത്രിക്കുന്നതിനും അവയുടെ മേൽനോട്ടം വഹിക്കുന്നതിനും ഈ വിനോദം പ്രചരിച്ചിട്ടുള്ള എല്ലാ രാജ്യങ്ങളിലും നിയമങ്ങളും നിബന്ധനകളും ഔദ്യോഗിക സംവിധാനങ്ങളുമുണ്ട്‌. ഗുണദോഷ സമ്മിശ്രമായ ഈ വിനോദം ഇതേവരെ കേരളത്തിൽ ആരംഭിച്ചിട്ടില്ല. നോ. അശ്വപ്രദർശനം; അശ്വവംശം; അശ്വാരൂഢമത്സരങ്ങള്‍; കുതിര; കുതിരപ്പട്ടാളം

(ശ്യാമളാലയം കൃഷ്‌ണന്‍നായർ)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍