This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കുന്‍ലൂന്‍ നിരകള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

04:34, 27 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

കുന്‍ലൂന്‍ നിരകള്‍

Kunlun Mountains

കുന്‍ലൂന്‍ നിരകള്‍

മധ്യേഷ്യയിൽ വടക്കന്‍ സമതലത്തിനും തിബത്തിനും ഇടയ്‌ക്കായി സ്ഥിതിചെയ്യുന്ന പർവതനിരകള്‍. പടിഞ്ഞാറുനിന്നു കിഴക്കോട്ട്‌ പാമീർ മുതൽ സിനോ തിബത്തന്‍ നിരകള്‍വരെ 2,500 കിലോമീറ്ററിലേറെ വ്യാപിച്ചുകിടക്കുന്ന ഇത്‌ ഏഷ്യയിലെ ഏറ്റവും ദൈർഘ്യം കൂടിയ പർവതനിരയാണ്‌. തിബത്ത്‌, സിങ്കിയാങ്‌ പീഠഭൂമികളെ വേർതിരിക്കുന്ന അതിർത്തിയായി ഇത്‌ വർത്തിക്കുന്നു. വടക്ക്‌ താരിം, അലാഷാന്‍ ഭാഗങ്ങളിൽ ചെങ്കുത്തായി സങ്കീർണമായ രൂപത്തിലാണ്‌ സ്ഥിതിചെയ്യുന്നത്‌. എന്നാൽ തിബത്തുഭാഗത്തുള്ള തെക്കന്‍ ചരിവുകള്‍ ചായ്‌വു കുറഞ്ഞും ഇടവിട്ടും കാണപ്പെടുന്നു. ഉലുഗ്‌ മുസ്‌ താഗ്‌ (Ulugh Muz Tagh) ആണ്‌ ഈ നിരകളിലെ ഏറ്റവും ഉയരം കൂടിയ (7724 മീ.) കൊടുമുടി.

കുന്‍ലൂന്‍ നിരകളെ പടിഞ്ഞാറും കിഴക്കും ഭാഗങ്ങളായി വിഭജിക്കാം. ഇതിൽ കിഴക്കുഭാഗം ആണ്‌ പ്രധാനം. സമാന്തരമായ മൂന്നു മലനിരകള്‍ ഉള്‍ക്കൊള്ളുന്നതാണ്‌ പടിഞ്ഞാറേ ഭാഗം. കിഴക്കുഭാഗത്ത്‌ സങ്കീർണങ്ങളായ വിവിധ ശാഖകളായി ഈ നിരകള്‍ വേർതിരിഞ്ഞിരിക്കുന്നു. തവിട്ടുനിറമുള്ള മണ്ണാണ്‌ പ്രധാനമായും കാണുന്നത്‌. തിബത്തന്‍ പീഠപ്രദേശങ്ങളിലും പാമീറിന്റെ ചില ഭാഗങ്ങളിലും വർഷത്തിൽ 40 സെന്റിമീറ്ററിൽക്കൂടുതൽ മഴ ലഭിക്കുന്നുണ്ട്‌. ഇതിൽ 80 ശതമാനം വേനൽക്കാലത്താണ്‌ ഉണ്ടാവുക. ഉയരത്തിനനുസരിച്ച്‌ അന്തരീക്ഷതാപനിലയിൽ ഗണ്യമായ ഏറ്റക്കുറച്ചിലുകള്‍ അനുഭവപ്പെടുന്നു.

കട്ടിയുള്ള ഇലകളോടുകൂടിയ ചെടികള്‍ ധാരാളമുള്ള കുറ്റിക്കാടുകള്‍ കുന്‍ലൂന്‍ നിരകളിൽ സാധാരണയായി കാണാം. കമ്പിളിയാട്‌, കാട്ടുകഴുത, മലയാട്‌, കരടി, കുറുക്കന്‍, ചെന്നായ, പുള്ളിപ്പുലി മുതലായവയാണ്‌ പ്രധാനമൃഗങ്ങള്‍. ജനവാസം നന്നേ കുറവാണ്‌; പല ഭാഗങ്ങളും മനുഷ്യസമ്പർക്കം ഏല്‌ക്കാത്തവയാണ്‌. "വിഗർ' വർഗക്കാർ താരിം തടത്തിന്റെ അതിർത്തിയിലും "തജിക്‌' വർഗക്കാർ പടിഞ്ഞാറന്‍ ഭാഗങ്ങളിലും താമസിക്കുന്നു. കന്നുകാലിവളർത്തലാണ്‌ ഈ വർഗക്കാരുടെ പ്രധാനജോലി. ബാർലിയും ഗോതമ്പും കുറഞ്ഞ തോതിൽ കൃഷിചെയ്‌തുവരുന്നു.

(എസ്‌. ഗോപിനാഥന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍