This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കുപ്പുസ്വാമി ശാസ്‌ത്രി, എസ്‌.(1880 - 1943)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

11:17, 11 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

കുപ്പുസ്വാമി ശാസ്‌ത്രി, എസ്‌.(1880 - 1943)

സംസ്‌കൃതപണ്ഡിതനും പ്രാഫസറും. തഞ്ചാവൂർ ജില്ലയിൽ കാവേരീനദീതീരത്തുള്ള ഗണപതി അഗ്രഹാരത്തിൽ സീതാരാമയ്യരുടെ നാലാമത്തെ പുത്രനായി 1880 ഡി. 15-നു ജനിച്ചു. ഗുരുകുലരീതിയിൽ സംസ്‌കൃതം പഠിച്ചശേഷം തിരുവടി ഇംഗ്ലീഷ്‌ ഹൈസ്‌കൂളിൽ ചേർന്ന്‌ പഠിച്ച്‌ 1896-ൽ മെട്രിക്കുലേഷന്‍ പരീക്ഷ പാസായി. തഞ്ചാവൂർ എസ്‌.പി.ജി. കോളജിൽനിന്ന്‌ തത്ത്വശാസ്‌ത്രം ഐച്ഛികവിഷയമായി എടുത്ത്‌ 1900-ത്തിൽ ബി.എ. ഡിഗ്രി കരസ്ഥമാക്കി. തുടർന്ന്‌ മദ്രാസ്‌ ലാ കോളജിലും തിരുവനന്തപുരം ലാ കോളജിലും ചേർന്ന്‌ നിയമപഠനം നടത്തി. 1905-ൽ എം.എ. ബിരുദം സമ്പാദിച്ചു. 1906-ൽ മദ്രാസ്‌ പട്ടണത്തിൽ മൈലാപ്പൂരിലുള്ള സംസ്‌കൃതകോളജിൽ പ്രിന്‍സിപ്പലായി നിയമിതനായി. 1910 മുതൽ 14 വരെ തിരുവാടി രാജാസ്‌ സംസ്‌കൃതകോളജിൽ പ്രിന്‍സിപ്പലായിരുന്നു. 1914-ൽ മദ്രാസ്‌ പ്രസിഡന്‍സി കോളജിൽ സംസ്‌കൃതം പ്രാഫസറായി നിയമിതനായി. 1936 വരെ അവിടെ സംസ്‌കൃതത്തിന്റെയും കംപാരറ്റീവ്‌ ഫിലോളജിയുടെയും പ്രാഫസറായി സേവനം നടത്തി അടുത്തൂണ്‍ പറ്റി. തുടർന്ന്‌ ചിദംബരത്തുള്ള അണ്ണാമല യൂണിവേഴ്‌സിറ്റിയിൽ ഓണററി പ്രാഫസറായി നിയമിക്കപ്പെട്ടു. 1940 വരെ ആ സ്ഥാനത്തു തുടരുകയും ചെയ്‌തു. അണ്ണാമലയിൽനിന്ന്‌ വിരമിച്ചശേഷം സ്വന്തം ഗ്രാമമായ ഗണപതി അഗ്രഹാരത്തിൽ വിശ്രമിച്ചുവരവെ 1943 സെപ്‌. 5-ന്‌ അന്തരിച്ചു.

മികച്ച സംസ്‌കൃതപണ്ഡിതനായിരുന്ന ശാസ്‌ത്രികള്‍ ഹൈന്ദവ തത്ത്വശാസ്‌ത്രത്തിലും അലങ്കാരശാസ്‌ത്രത്തിലും അസാമാന്യമായ അവഗാഹം നേടിയിരുന്നു. ശങ്കരാചാര്യരുടെ കൃതികള്‍ മുഴുവന്‍ ശേഖരിച്ചു നാഗരിലിപിയിൽ ശ്രീരംഗത്തു വാണീവിലാസം പ്രസ്സിൽനിന്ന്‌ പ്രസിദ്ധീകരിച്ചതിന്റെ പിന്നിലെ പ്രരകശക്തി ശാസ്‌ത്രികളായിരുന്നു. മദ്രാസ്‌ യൂണിവേഴ്‌സിറ്റിയിൽ ശിരോമണി പാഠ്യപദ്ധതി, പ്രാചീനപദ്ധതിക്ക്‌ കോട്ടംതട്ടാതെ നവീകരിച്ചതും ഇദ്ദേഹമാണ്‌. ന്യായവൈശേഷികമീമാംസകളെപ്പറ്റി (ഹിന്ദു ഫിലോസഫി വിത്ത്‌ സ്‌പെഷ്യൽ റഫറന്‍സ്‌ ടു ദ ന്യായ ആന്‍ഡ്‌ വൈശേഷിക സിസ്റ്റംസ്‌-1913) 20 പ്രഭാഷണങ്ങള്‍ മദ്രാസ്‌ യൂണിവേഴ്‌സിറ്റിയിൽ ഇദ്ദേഹം നടത്തി. മദ്രാസ്‌ യൂണിവേഴ്‌സിറ്റിയിൽ സംസ്‌കൃതത്തിന്റെ ബോർഡ്‌ ഒഫ്‌ സ്റ്റഡീസ്‌ ചെയർമാനായിരുന്ന ഇദ്ദേഹം തമിഴ്‌ ലെക്‌സിക്കണ്‍ കമ്മിറ്റിയിലും അംഗമായിരുന്നു. മദ്രാസ്‌ യൂണിവേഴ്‌സിറ്റിയിൽ ഓറിയന്റൽ റിസർച്ച്‌ ഇന്‍സ്റ്റിറ്റ്യൂട്ടിന്‌ രൂപം നല്‌കുകയും മദ്രാസിൽ ഒരു സംസ്‌കൃത അക്കാദമി സ്ഥാപിക്കുകയും ചെയ്‌തു. 1922, 25, 26 എന്നീ വർഷങ്ങളിൽ നടന്ന അഖിലഭാരത പ്രാച്യസമ്മേളനങ്ങളിൽ അധ്യക്ഷനായിരുന്നു. 1931-ൽ അണ്ണാമല യൂണിവേഴ്‌സിറ്റിയിൽ ശാസ്‌ത്രികള്‍ ചെയ്‌ത നാലു പ്രസംഗങ്ങള്‍ സമാഹരിച്ച്‌ ഹൈവേസ്‌ ആന്‍ഡ്‌ ബൈവേസ്‌ ഒഫ്‌ ലിറ്റററി ക്രിട്ടിസിസം എന്ന പേരിൽ കുപ്പുസ്വാമി റിസർച്ച്‌ ഇന്‍സ്റ്റിറ്റ്യൂട്ട്‌ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. ദ്‌ പ്രഭാകരാ സ്‌കൂള്‍ ഒഫ്‌ കർമമീമാംസ (1922), ഇന്ത്യന്‍ ഥീസിസമ്‌ ഇന്ത്യന്‍ എപിസ്റ്റോമോളജി (1918), മെഥേഡ്‌സ്‌ ആന്‍ഡ്‌ മെറ്റീരിയൽ ഒഫ്‌ ക്രിട്ടിസിസം (1919), പുരാണിസം ഇന്‍ ഇന്ത്യന്‍ തോട്ട്‌ മുതലായവ ഇദ്ദേഹത്തിന്റെ പ്രമുഖ പ്രഭാഷണ പ്രബന്ധങ്ങളാണ്‌. ഇദ്ദേഹത്തിന്റെ സഹായത്തോടും അവതാരികയോടും കൂടിയാണ്‌ മദ്രാസ്‌ ലാ ജേർണൽ പ്രസിദ്ധീകരണശാലക്കാർ വാല്‌മീകി രാമായണത്തിന്റെ ഒരു പുതിയ പതിപ്പ്‌ തയ്യാറാക്കി പ്രകാശനം ചെയ്‌തത്‌. 1926-ൽ വാരാണസിയിലെ ഭാരതധർമമഹാമണ്ഡലം "വിദ്യാവാചസ്‌പതി' എന്നും, 1927-ൽ ഗവണ്‍മെന്റ്‌ "മഹാമഹോപാധ്യായ' എന്നും, 1933-ൽ പുരിഗോവർധനമഠാധിപതി ശങ്കരാചാര്യർ "കുലപതി' എന്നും ബിരുദങ്ങള്‍ നല്‌കി ഇദ്ദേഹത്തെ ബഹുമാനിച്ചു. (പ്രാഫ. അമ്പലത്തറ ഉണ്ണിക്കൃഷ്‌ണന്‍ നായർ; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍