This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കുബ്ജ
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
കുബ്ജ
1. ഒരു പുരാണ കഥാപാത്രം. കംസന്റെ അങ്ഗരാഗകർമത്തിന് നിയോഗിക്കപ്പെട്ടിരുന്ന ദാസിയാണ് കുബ്ജ. കൂനുള്ളതുകൊണ്ട് ഈ പേർ വന്നുചേർന്നു. ധനുർയാഗമഹോത്സവത്തിൽ പങ്കുകൊള്ളുവാന്‍ ക്ഷണിക്കപ്പെട്ടു മഥുരയിലെത്തിയ രാമകൃഷ്ണന്മാർ തെരുവിൽ നടക്കുമ്പോള്‍ ഇവളെ കണ്ടുമുട്ടുകയും കംസനുവേണ്ടി തയ്യാറാക്കിയിരുന്ന അങ്ഗരാഗം കൃഷ്ണന് ആവശ്യപ്പെടുകയും ഇവള് സസന്തോഷം നല്‍കുകയും ചെയ്തു. സന്തുഷ്ടനായ കൃഷ്ണന് കൂനകറ്റി ഇവളെ സുന്ദരിയാക്കി. കുബ്ജ കൃഷ്ണോപാസനയിൽ മുഴുകിയ പരമഭക്തയായിരുന്നു. കൃഷ്ണന് അങ്ഗരാഗം സമർപ്പിച്ചു പുണ്യം നേടിയതുകൊണ്ട് ഭക്തജനങ്ങള്‍ക്ക് ആരാധ്യയുമായി. കംസവധത്തിനുശേഷം ശ്രീകൃഷ്ണന് വിയോഗഖിന്നയായ കുബ്ജയെ പ്രീണിപ്പിക്കുവാന്‍ ഇവളുടെ വാസസ്ഥാനത്തിൽ പോയിരുന്നതായി ഭാഗവതം ദശമസ്കന്ധത്തിൽ (48-ാം അധ്യായം) വർണിച്ചിരിക്കുന്നു.
2. കൈകേയിയുടെ ഒരു ദാസി. മന്ഥരയെന്ന പേരിൽ ഇവള് അറിയപ്പെടുന്നു. കൂനിയായ ഇവള് ത്രിവക്രകൂടിയായിരുന്നു; മനസ്സിലും വാക്കിലും പ്രവൃത്തിയിലും വക്രയെന്നർഥം.
3. ദൗർഭാഗ്യം നിമിത്തം ബാലവിധവയായിത്തീർന്ന് 60 വർഷത്തെ പുണ്യകർമംകൊണ്ടും മാഘസ്നാനംകൊണ്ടും വൈകുണ്ഠം പ്രാപിച്ച ഒരു സ്ത്രീ. ഇവള് സുന്ദോപസുന്ദന്മാരെ വധിക്കുവാന്‍ തിലോത്തമ എന്ന പേരിൽ വീണ്ടും ഭൂമിയിൽ ജനിച്ചു. സുന്ദോപസുന്ദന്മാരുടെ വധത്തിനുശേഷം ബ്രഹ്മദേവന് ഇവളെ സൂര്യലോകത്തിലേക്കയച്ചു എന്ന് സ്കന്ദപുരാണത്തിൽ പറയുന്നു.