This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കുമാരനാശാന്‍, എന്‍. (1873 -1924)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

10:18, 29 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

കുമാരനാശാന്‍, എന്‍. (1873 -1924)

കുമാരനാശാന്‍

മലയാള മഹാകവി. അഞ്ചുതെങ്ങിനു സമീപമുള്ള കായിക്കരയിൽ 1873 ഏപ്രിലിൽ (1048 മേടമാസം 1-നു ചിത്രാപൗർണമിനാളിൽ) ജനിച്ചു. നാരായണനും കാളിയമ്മയും ആയിരുന്നു അച്ഛനമ്മമാർ. അക്ഷരാഭ്യാസത്തിനുശേഷം കുമാരു (അതായിരുന്നു ആദ്യത്തെ പേര്‌) സംസ്‌കൃതം പഠിച്ചു. അനന്തരം ഒരു സർക്കാർ മലയാളം പള്ളിക്കൂടത്തിൽ ചേർന്നു അഭ്യസനം നടത്തി. പതിനാലാമത്തെ വയസ്സിൽ പഠനം പൂർത്തിയായപ്പോള്‍ ഈ വിദ്യാലയത്തിൽ അധ്യാപകനായി. ഏതാനും മാസങ്ങള്‍ക്കുശേഷം ആ ഉദ്യോഗം ഉപേക്ഷിക്കേണ്ടിവന്നു. പതിനാറാമത്തെ വയസ്സിൽ ഒരു സംസ്‌കൃതപാഠശാലയിൽ ചേർന്നു കാവ്യനാടകാദികള്‍ അഭ്യസിച്ചു.

ആ കാലഘട്ടത്തിലാണ്‌ ശ്രീനാരായണ ഗുരുവിനെ കുമാരു പരിചയപ്പെട്ടത്‌. ഈ ബാലകവിയുടെ പ്രതിഭാബലം മനസ്സിലാക്കിയ ഗുരു, ശൃംഗാര ശ്ലോകങ്ങള്‍ എഴുതരുതെന്ന്‌ ഉപദേശിച്ചു. കുമാരുവിന്റെ ചിന്ത ആധ്യാത്മിക വിഷയങ്ങളിലേക്കു തിരിഞ്ഞു. പിന്നീട്‌ കുറേക്കാലത്തേക്ക്‌ ആ കവി എഴുതിയതെല്ലാം സ്‌തോത്രങ്ങളായിരുന്നു. അക്കാലത്തു ചില വിദ്യാർഥികളെ സംസ്‌കൃതം പഠിപ്പിച്ചതിനാൽ ഇദ്ദേഹം കുമാരു ആശാന്‍ ആയി. ആശാന്‍, തന്റെ കൃതികള്‍ ഭാഷാചരിത്ര കർത്താവിന്‌ അയച്ചുകൊടുത്തു. അത്തരം പൊട്ടക്കവികള്‍ക്കു ഭാഷാചരിത്രത്തിൽ സ്ഥാനം അനുവദിക്കാന്‍ സാധ്യമല്ലെന്നായിരുന്നു കുമാരു ആശാന്‌ കിട്ടിയ മറുപടി. "പൊട്ടക്കവി എന്നു വിളിച്ച നിങ്ങളെക്കൊണ്ട്‌ മഹാകവി എന്നു വിളിപ്പിച്ചിട്ടേ ഞാന്‍ മരിക്കുകയുള്ളൂ' എന്ന്‌ എഴുതി അയയ്‌ക്കാന്‍ ആ ധീരന്‍ മടിച്ചില്ല.

കുമാരനാശാന്റെ കൈപ്പടയിലുള്ള കത്ത്‌

ശ്രീനാരായണഗുരുവിന്റെ താത്‌പര്യപ്രകാരം അദ്ദേഹത്തിന്റെ ശിഷ്യനാകാനുള്ള ഭാഗ്യം ആശാനു ലഭിച്ചു. പിതാവിന്റെ സമ്മതത്തോടുകൂടി ആശാന്‍ അരുവിപ്പുറത്തെ ആശ്രമത്തിൽ അന്തേവാസിയായി. അക്കാലത്ത്‌ ചിന്നസ്വാമി എന്നാണ്‌ ആശാന്‍ വിളിക്കപ്പെട്ടിരുന്നത്‌.

നാലുകൊല്ലം കഴിഞ്ഞപ്പോള്‍-ഇരുപത്തിരണ്ടാമത്തെ വയസ്സിൽ-ആശാനു കേരളത്തിനു പുറത്തുപോയി ഉന്നതവിദ്യാഭ്യാസം ചെയ്യാന്‍ സാധിച്ചു. ഗുരുപാദരുടെ നിർദേശമനുസരിച്ചായിരുന്നു ആ പഠനം. അന്നു മൈസൂറിൽ ഒരു സർക്കാർ ഉദ്യോഗസ്ഥനായിരുന്ന ഡോ. പല്‌പുവാണ്‌ ആശാന്റെ വിദ്യാഭ്യാസത്തിനുവേണ്ട സകല സഹായങ്ങളും ചെയ്‌തുകൊടുത്തത്‌. ആദ്യം ബാംഗ്ലൂരിലും പിന്നീട്‌ കൽക്കത്തയിലും അഭ്യസനം നടത്തി. അഞ്ചുകൊല്ലത്തെ അന്യദേശവാസം സാരമായ മാറ്റമാണ്‌ ആശാനിൽ വരുത്തിയത്‌. ഇദ്ദേഹത്തിന്റെ വൈദുഷ്യം ഗണ്യമായി വർധിച്ചു; പ്രതിഭാശക്തി അദ്‌ഭുതാവഹമായി വികസിച്ചു. സംസ്‌കൃതത്തിൽ നിസർഗസുന്ദരമായ കവിത എഴുതാനും നിരർഗളമായി പ്രസംഗിക്കാനും ഉള്ള സാമർഥ്യം ഇദ്ദേഹം നേടിക്കഴിഞ്ഞിരുന്നു. അക്കാലത്തുതന്നെ ഇംഗ്ലീഷ്‌ അഭ്യസിക്കാനും ആ ഭാഷയിൽ ഉള്ള ഭാവഗീതങ്ങള്‍ സശ്രദ്ധം പഠിക്കാനും ഇദ്ദേഹത്തിനു സൗകര്യം ഉണ്ടായി. ഇരുപത്തിയേഴാമത്തെ വയസ്സിലാണ്‌ ആശാന്‍ നാട്ടിലേക്കു മടങ്ങിയത്‌. മൂന്നുകൊല്ലം കഴിഞ്ഞപ്പോള്‍ (1903) ശ്രീനാരായണ ധർമപരിപാലനയോഗം സ്ഥാപിക്കപ്പെട്ടു. ആശാനായിരുന്നു യോഗത്തിന്റെ സെക്രട്ടറി. യോഗത്തിന്റെ ജിഹ്വയായി പുറത്തുവന്ന വിവേകോദയം മാസികയുടെ പത്രാധിപത്യവും ഇദ്ദേഹത്തിൽ അർപ്പിതമായി.

ആശാന്റെ തോന്നയ്‌ക്കലിലെ വീട്‌

പതിനഞ്ചു വത്സരത്തോളംകാലം ഇദ്ദേഹം എസ്‌.എന്‍.ഡി.പി. യോഗത്തിന്റെ സെക്രട്ടറിയായി ശോഭിച്ചു. അമ്പതുകൊല്ലംകൊണ്ട്‌ ഒരു സാധാരണ കാര്യദർശി ചെയ്യുമായിരുന്ന സേവനമാണ്‌ ആ ചുരുങ്ങിയ കാലയളവിൽ ആശാന്‍ അനുഷ്‌ഠിച്ചത്‌. അവർണർക്ക്‌ സർക്കാർ സ്‌കൂളുകളിൽ പ്രവേശിക്കാനും, പൊതുനിരത്തുകളിൽ സഞ്ചരിക്കാനുമുള്ള സ്വാതന്ത്യ്രത്തിനുവേണ്ടി ഇദ്ദേഹം അനവരതം പ്രയത്‌നിച്ചു. ഈഴവർക്ക്‌ സർക്കാർ ഉദ്യോഗങ്ങള്‍ ലഭിക്കുന്നതിനുവേണ്ടി ഇദ്ദേഹം ഊർജസ്വലനായി പ്രവർത്തിക്കുകയുണ്ടായി. പ്രജാസഭാ സാമാജികന്‍ (1920), നിയമസഭാ സാമാജികന്‍ എന്നീ നിലകളിൽ ഇദ്ദേഹം അനുഷ്‌ഠിച്ച സേവനവും അത്യന്തം പ്രശംസനീയമാണ്‌. അക്കാലത്ത്‌ സാഹിത്യരംഗത്തും ആശാന്‍ നിരന്തരമായും നിസ്‌തന്ദ്രമായും വിഹരിച്ചു. ആദ്യമൊക്കെ എഴുതിയതു പഴയ സമ്പ്രദായത്തിൽ ഉള്ള കവിതകളായിരുന്നു. മുപ്പത്തിയഞ്ചാമത്തെ വയസ്സിൽ ആശാന്‍ രചിച്ച ഒരു വീണപൂവ്‌ എന്ന ഭാവഗീതം മലയാളകവിതയിൽ ഒരു നവയുഗം ഉദ്‌ഘാടനം ചെയ്‌തു. അതിനെത്തുടർന്ന്‌ നവീനരീതിയിലുള്ള അനേകം ഖണ്ഡകാവ്യങ്ങളും ലഘുകവനങ്ങളും ഇദ്ദേഹം കൈരളിക്കു കാഴ്‌ചവച്ചു. ആശാന്റെ അസാധാരണമായ പ്രശസ്‌തി ചില സമുദായ പ്രമാണികളിൽ കൊടിയ അസൂയ ഉളവാക്കി. ഇദ്ദേഹം നാല്‌പത്തിയഞ്ചാമത്തെ വയസ്സിൽ ഭാനുമതിയമ്മയെ വിവാഹം കഴിച്ചതോടുകൂടി (1918) സ്‌പർധാലുക്കളുടെ ദൂഷണം വർധിച്ചു. ആ സന്ദർഭത്തിൽ ഉണ്ടായ മനോവ്യഥ ലഘൂകരിക്കാനാണ്‌ ഗ്രാമവൃക്ഷത്തിലെ കുയിൽ എന്ന പ്രതിരൂപാത്മക കാവ്യം രചിച്ചത്‌.

ആശാന്‍ അപകടത്തിൽ മരണമടഞ്ഞ പല്ലനയാറിന്‍തീരത്ത്‌ പണികഴിപ്പിക്കപ്പെട്ട സ്‌മാരകം

ഉള്ളൂർ, വള്ളത്തോള്‍ തുടങ്ങിയ പ്രസിദ്ധകവികള്‍ക്ക്‌ കൊച്ചി മഹാരാജാവ്‌ കവിതിലകസ്ഥാനം കൊടുത്ത അവസരത്തിൽ (കൊ.വ. 1094-ൽ) ആശാനെ അവഗണിച്ചുകളഞ്ഞു. എന്നാൽ മൂന്നുകൊല്ലം കഴിഞ്ഞപ്പോള്‍ (1922-ൽ) ബ്രിട്ടീഷ്‌ ചക്രവർത്തിയുടെ പുത്രന്‍-വെയിൽസ്‌ രാജകുമാരന്‍ മദിരാശിയിൽ നടന്ന ഒരു മഹാസമ്മേളനത്തിൽവച്ച്‌ ആശാന്‌ പട്ടും വളയും സമ്മാനിച്ചു. അതോടുകൂടി ആശാന്റെ കീർത്തിസൗരഭ്യം ദിഗന്തങ്ങളിലേക്ക്‌ വ്യാപിച്ചുതുടങ്ങി. കുറേനാള്‍ കഴിഞ്ഞ്‌ ആശാന്‍ തോന്നയ്‌ക്കൽ എന്ന സ്ഥലത്ത്‌ സ്വന്തമായി ഒരു പറമ്പുവാങ്ങുകയും അതിൽ ഒരു ഭവനം നിർമിച്ചു താമസം അങ്ങോട്ടുമാറ്റുകയും ചെയ്‌തു. സ്വന്തം കൃതികളുടെ പ്രചാരണത്തിനുവേണ്ടി ശാരദാ ബുക്ക്‌ ഡിപ്പോ എന്ന പേരിൽ ഒരു പുസ്‌തകശാലയും അവിടെ സ്ഥാപിച്ചു.

സമുന്നതനായും സകലാരാധ്യനായും പ്രശോഭിച്ചുകൊണ്ടിരുന്ന ആ മഹാകവിയെ കുറേക്കാലംകൂടി ജീവിക്കാന്‍ ദുർവിധി അനുവദിച്ചില്ല. ആശാന്‍ യാത്രക്കാരനായിരുന്ന റെഡീമർ ബോട്ട്‌ പല്ലനയാറ്റിൽ മറിയുകയും ആ അപകടം ഇദ്ദേഹത്തിന്റെ പ്രാണനെ അപഹരിക്കുകയും ചെയ്‌തു. കേരളീയരെ ആകമാനം കണ്ണീരിൽ ആഴ്‌ത്തിയ ആ സംഭവം നടന്നത്‌ 1924 ജനു. 16-നു ആയിരുന്നു. അന്ന്‌ ഈ ഉത്തുംഗപ്രതിഭന്‌ അന്‍പത്തിയൊന്നു വയസ്സു തികഞ്ഞിരുന്നില്ല. ആശാന്റെ കാവ്യകലയ്‌ക്കെന്നതുപോലെ ആകാരത്തിനും ഒരു പ്രത്യേകതയുണ്ടായിരുന്നു. ഇദ്ദേഹത്തിന്റെ ഒരു സജീവചിത്രം സരസകവി മൂലൂർ രചിച്ചിട്ടുള്ളതിങ്ങനെയാണ്‌:

""ചിന്താശീലം സ്‌ഫുരിക്കും വലിയ നയനമാ-
		സ്ഥൂലമാം ഹ്രസ്വഗാത്രം,
സന്തോഷം പൂണ്ട പൊട്ടിച്ചിരി,യെവിടെയുമുള്‍-
		ക്കൊള്ളുമുദ്ദാമഭാവം,
ദന്തം തെല്ലൊന്നുയർന്നിട്ടമരുവതഥ നൽ
		ക്കാകളീ രമ്യകണ്‌ഠം,
	ചിന്തിച്ചാൽ എന്‍. കുമാരാഹ്വയ സുകവിയിതേ
		മട്ടു കാണുന്നു മുന്നിൽ''
 

കൃതികള്‍. ആശാന്റെ ബാല്യകൃതികളായ ശാങ്കരശതകവും സുബ്രഹ്മണ്യശതകവും അപക്വമാണ്‌. അനന്തരകാലത്തു രചിക്കപ്പെട്ട സൗന്ദര്യലഹരി, മേഘസന്ദേശം (അപൂർണം), പ്രബോധചന്ദ്രാദയം നാടകം എന്നീ വിവർത്തനങ്ങളും വിചിത്രവിജയം നാടകം എന്ന സ്വതന്ത്രകൃതിയും ഉയർന്ന നിലവാരം പുലർത്തുന്നുണ്ട്‌.

ഏ.ആറിന്റെ മലയവിലാസവും മറ്റും നേരത്തേ പുറത്തുവന്നെങ്കിലും, കാല്‌പനിക കവിതാലതയിൽ ആദ്യമായി വികസിച്ച കമനീയസൂനം ആശാന്റെ വീണപൂവ്‌ ആണ്‌. പ്രതിരൂപാത്മകമായ അക്കവിതയിൽ പ്രിയദർശിനിയും സുചരിതയും ആയ ഒരു കന്യകയുടെ ജീവിതം മനോജ്ഞമായി ആവിഷ്‌കരിച്ചിരിക്കുന്നു.

മലയാളത്തിൽ ആദ്യമായുണ്ടായ സ്വതന്ത്രവും ഭാവഭംഗീതരംഗിതവും നവോല്ലേഖ കോമളവുമായ ഖണ്ഡകാവ്യം നളിനിയാണ്‌ (1912). ഏ. ആറിന്റെ പ്രൗഢഗംഭീരമായ അവതാരിക ഈ കവനത്തിന്‌ പണ്ഡിത സമ്മതി സമ്പാദിച്ചുകൊടുത്തു (നോ: നളിനി). ആശാന്‍ സ്‌നേഹഗായകനായി അറിയപ്പെട്ടുതുടങ്ങിയത്‌ ഈ കാവ്യത്തിന്റെ രചനയോടുകൂടിയത്ര.

ആശാന്‍ സ്‌മാരകം-തോന്നയ്‌ക്കൽ

ആശാന്റെ ഭാവഗംഭീരമായ ഒരു ഖണ്ഡകാവ്യമാണ്‌ ലീല (1914). പിതൃഹിതം നിമിത്തം മനസ്സില്ലാമനസ്സോടെ തനിക്കുവരിക്കേണ്ടിവന്ന കുബേര യുവാവിന്റെ അകാലചരമത്തിനുശേഷം ലീല തന്റെ കാമുകനായ മദനനെ അന്വേഷിച്ച്‌ മാധവി എന്ന സഖിയോടുകൂടി വിന്ധ്യാടവിയിൽ അലഞ്ഞുതിരിയുന്നു. മരണത്തോടുകൂടി എല്ലാം അവസാനിക്കുന്നില്ലെന്നും സ്‌നേഹബദ്ധരായ ആത്മാക്കള്‍ വീണ്ടും മനുഷ്യശരീരം സ്വീകരിച്ചു സ്‌നേഹബദ്ധരായി ജീവിക്കുന്നുവെന്നുമാണ്‌ ലീലയുടെ സന്ദേശം. ഏ.ആർ. രാജരാജവർമയുടെ ചരമത്തെ ആസ്‌പദമാക്കി എഴുതിയിട്ടുള്ള തത്ത്വചിന്താനിർഭരമായ ഒരു വിലാപകാവ്യമാണ്‌ പ്രരോദനം. സീതാദേവി ഇഹലോകം വെടിയുന്നതിനു മുമ്പ്‌ വാല്‌മീകിയുടെ ആശ്രമത്തിലിരുന്നു തന്റെ ഭൂതഭാവികളെപ്പറ്റി ചെയ്യുന്ന ചിന്തയാണ്‌ ചിന്താവിഷ്‌ടയായ സീത എന്ന കാവ്യത്തിൽ ആവിഷ്‌കരിച്ചിരിക്കുന്നത്‌. സീതയെ ഒരു മനുഷ്യസ്‌ത്രീയായി ആശാന്‍ ചിത്രീകരിച്ചിരിക്കുന്നു. സീതയുടെ വിചാരലഹരി അമൃതധാരപോലെ ഹൃദയഹാരിയായി സഹൃദയർക്ക്‌ അനുഭവപ്പെടുന്നുണ്ട്‌.

മലബാറിൽ നടന്ന മാപ്പിളലഹളയെ പശ്ചാത്തലമാക്കി എഴുതിയ ഒരു സാങ്കല്‌പിക കഥയാണ്‌ ദുരവസ്ഥ എന്ന കൃതിയിൽ ഉള്ളത്‌ (1923). ഇതിൽ ഒരു നമ്പൂതിരിയുവതി ഒരു പുലയ യുവാവിനെ വരിക്കുന്നു. ഹിന്ദുസമുദായത്തെ പുനഃസംഘടിപ്പിക്കുന്നതിനെപ്പറ്റി ഗാഢമായി ആലോചിച്ചിട്ട്‌ ദീർഘവീക്ഷണ നൈപുണിയോടുകൂടി രചിച്ചതാണ്‌ പ്രബോധനാത്മകമായ ഈ വാങ്‌മയം. ഇതിന്‌ ഐതിഹാസികമായ ഒരു മഹത്ത്വം ഉണ്ട്‌. ബുദ്ധശിഷ്യനായ ആനന്ദനിൽ മാതംഗി എന്ന ചണ്ഡാലബാലികയ്‌ക്കുളവായ നൈസർഗികാനുരാഗത്തെ ചണ്ഡാലഭിക്ഷുകിയിൽ (1923) ചിത്രീകരിച്ചിരിക്കുന്നു. അവളുടെ സംഘപ്രവേശമാണ്‌ പ്രതിപാദ്യം. ജാതിചിന്തയുടെ നിരർഥകതയെപ്പറ്റി ബുദ്ധനെക്കൊണ്ടു ചെയ്യിച്ചിരിക്കുന്ന പ്രഭാഷണം ഈ കാവ്യത്തിന്റെ സുപ്രധാനമായ ഒരു ഭാഗമാണ്‌.

ആശാന്റെ കൃതികളിൽ ഏറ്റവും കൂടുതൽ പ്രചരിച്ചിട്ടുള്ളതും പരമരമണീയവുമായ ഒരു ഖണ്ഡകാവ്യമാണ്‌ കരുണ. വാസവദത്ത എന്ന വേശ്യയ്‌ക്ക്‌ ബുദ്ധശിഷ്യനായ ഉപഗുപ്‌തനിൽ അദമ്യമായ അഭിനിവേശം ജനിക്കുന്നു. അവള്‍ വീണ്ടും വീണ്ടും ക്ഷണിച്ചിട്ടും "സമയമായില്ല' എന്ന മറുപടിയാണ്‌ ദൂതി മുഖേന അദ്ദേഹം നല്‌കുന്നത്‌. ഒടുവിൽ ഒരു കൊലക്കുറ്റത്തിന്‌ അംഗച്ഛേദ ശിക്ഷ അനുഭവിച്ച്‌ അവള്‍ ആസന്നമരണയായി ശ്‌മശാനത്തിൽ കിടക്കുമ്പോള്‍ ഉപഗുപ്‌തന്‍ അവിടെ ചെല്ലുന്നു. അദ്ദേഹത്തിന്റെ ഉപദേശം ശ്രവിക്കുകയും കരസ്‌പർശം അനുഭവിക്കുകയും ചെയ്‌തതോടെ അവള്‍ക്കു ശാന്തിയും സന്തുഷ്‌ടിയും കൈവരുന്നു. നോ. കരുണ ശ്രീബുദ്ധചരിതവും ബാലരാമായണവും അതിമനോഹരമാണെങ്കിലും അപൂർണമായിപ്പോയി. ലൈറ്റ്‌ ഒഫ്‌ ഏഷ്യ എന്ന ആംഗലകാവ്യത്തിന്റെ വിവർത്തനമാണ്‌ ശ്രീബുദ്ധചരിതം. ബാലരാമായണം ബാലവിദ്യാർഥികളെ ഉദ്ദേശിച്ചു രചിച്ചതാണ്‌. പുഷ്‌പവാടി, മണിമാല, വനമാല എന്നിവ ലഘുകവിതാസമാഹാരങ്ങളാകുന്നു. ആശാന്റെ കമനീയങ്ങളായ കിശോരകവനങ്ങളും അനവദ്യങ്ങളായ അർച്ചനാഗാനങ്ങളും ഉജ്ജ്വലങ്ങളായ ഉദ്‌ബോധനങ്ങളും ഈ സമാഹാരങ്ങളിൽ മിന്നിത്തിളങ്ങുന്നുണ്ട്‌.

രാജയോഗം, മനശ്ശക്തി, മൈത്രയി, ദൈവികമായ ഒരു പ്രതികാരം എന്നിവയാണ്‌ ആശാന്റെ പ്രധാന ഗദ്യകൃതികള്‍. ഇവ ഇംഗ്ലീഷ്‌ കൃതികളുടെ വിവർത്തനങ്ങളാണ്‌. വിവേകോദയത്തിലും മറ്റും ആശാന്‍ എഴുതിയിരുന്ന മുഖപ്രസംഗങ്ങളും ഗ്രന്ഥനിരൂപണങ്ങളും ആശാന്റെ മുഖപ്രസംഗങ്ങള്‍, ആശാന്റെ ഗദ്യലേഖനങ്ങള്‍ എന്നീ പേരുകളിൽ പുറത്തുവന്നിട്ടുണ്ട്‌. ആശാന്റെ പ്രജാസഭാപ്രസംഗങ്ങളും പുസ്‌തകരൂപത്തിൽ പ്രകാശിതമായിരിക്കുന്നു. ഒരു കലാകാരന്‌ ഉണ്ടായിരിക്കേണ്ട സുപ്രധാനഗുണം ആത്മാർഥതയാണെന്നു ടോള്‍സ്റ്റോയി അഭിപ്രായപ്പെട്ടിട്ടുണ്ട്‌. ആ ഗുണം തികഞ്ഞ ഒരു കലാകാരനാണ്‌ ആശാന്‍. അതുകൊണ്ടാണ്‌ ഇദ്ദേഹത്തിന്റെ കവിതയിൽ സമഗ്ര കലാസൗഷ്‌ഠവം കളിയാടുന്നത്‌.

അന്തർമുഖനായ ഒരു മഹാകവിയായിരുന്നു ആശാന്‍. ഇദ്ദേഹത്തിന്റെ തത്ത്വചിന്ത കവിതയിൽ അലിഞ്ഞുചേർന്നിരിക്കുകയാണ്‌. ആ തത്ത്വചിന്ത നമ്മെ ആകർഷിച്ചുകൊണ്ടിരിക്കുന്നു. കവി തത്ത്വചിന്തകനാകുന്നതും തത്ത്വചിന്തകന്‍ കവിയാകുന്നതും ഒരുമിച്ചുകാണണമെങ്കിൽ ആശാന്റെ കാവ്യങ്ങള്‍ അവധാനപൂർവം വായിക്കണം.

ആശാന്റെ കവിതയിൽ തുല്യപ്രാധാന്യമുള്ള മൂന്നുഘടകങ്ങള്‍ ഉണ്ട്‌. അവയെ സൗന്ദര്യാത്മകം, വിപ്ലവാത്മകം, ആധ്യാത്മികം എന്നിങ്ങനെ വിശേഷിപ്പിക്കാം. അവ യഥാക്രമം ജീവിതാസ്വാദനാസക്തിയെയും മനുഷ്യസ്‌നേഹത്തെയും ആത്മോന്നമനവാഞ്‌ഛയെയും പ്രതിനിധാനം ചെയ്യുന്നു.

ആശാനെ വിഷാദാത്മകനായി ചിലർ ചിത്രീകരിച്ചിട്ടുണ്ട്‌; അതു ശരിയല്ല. "ശ്രീ ഭൂവിൽ അസ്ഥിര'യെന്നു പറയുന്ന ആശാന്‍ പ്രത്യാശയുടെ കവാടം അടച്ചിട്ടു കൂരിരുള്‍ പരത്തുകയല്ല ചെയ്യുന്നത്‌. ജനിമൃതികള്‍, ആദ്യന്തരഹിതമായ ഒരു ശൃംഖലയുടെ കണ്ണികളാണെന്ന്‌ ഗ്രഹിച്ചിട്ടുള്ള ഒരു തത്ത്വചിന്തകന്‍ വിഷാദാത്മകനാകുകയില്ലല്ലോ. വീണപൂവ്‌ മുതൽ കരുണ വരെയുള്ള കൃതികള്‍ ശാന്തിയിലാണ്‌ പര്യവസാനിക്കുന്നത്‌: വിഷാദത്തിലല്ല. പാശ്ചാത്യസാഹിത്യങ്ങളിൽ ഉള്ള ദുഃഖപര്യവസായികളായ കാവ്യങ്ങളിൽനിന്ന്‌ ആശാന്റെ കാവ്യങ്ങള്‍ വിഭിന്നമായിരിക്കുന്നു. അത്‌ ഒരു യാദൃശ്ചിക സംഭവമല്ല; ആശാന്‍ ആർജിച്ച ആർഷസംസ്‌കാരത്തിന്റെ ഫലമാണ്‌. ജീവിതത്തിന്റെ ക്ഷണഭംഗുരതയെപ്പറ്റി പാടുന്ന ആശാന്‍തന്നെ ജീവിതത്തിന്റെ ആസ്വാദ്യതയെ വാഴ്‌ത്തിയിട്ടുണ്ടെന്നുള്ളതു വിസ്‌മരിച്ചുകൂടാ. ദാമ്പത്യജീവിതസുഖം അനുഭവിക്കാന്‍ ആഗ്രഹിക്കുന്ന യുവതീയുവാക്കന്മാർക്ക്‌ നേരിടുന്ന നൈരാശ്യത്തിൽ തരളഹൃദയനാകുന്ന കവിയുടെ കരുണയാണ്‌ ആശാന്റെ കൃതികളിൽ ധ്വനിക്കുന്നത്‌.

പഴയ പുസ്‌തകങ്ങളിലെ ജീർണിച്ച ചട്ടക്കൂട്ടിൽനിന്നു സജീവമനുഷ്യജീവിതത്തിലേക്കും പ്രാചീന സങ്കേതങ്ങളിൽനിന്ന്‌ നൂതനകല്‌പനകളിലേക്കും വസ്‌തുപരതയിൽനിന്ന്‌ ഭാവപരതയിലേക്കും മലയാള കവിതയെ നയിച്ച ആദ്യത്തെ ആധുനിക കവി ആശാനാണ്‌. വള്ളത്തോള്‍ സൗന്ദര്യഗായകനായും ഉള്ളൂർ ധർമഗായകനായും പരിലസിച്ചപ്പോള്‍ ആശാന്‍ സ്‌നേഹഗായകനായി പ്രശോഭിച്ചു. സാധാരണ രീതിയിലുള്ള ശൃംഗാരം വർണിക്കുക എന്നുള്ളതല്ലായിരുന്നു ആശാന്റെ ഉദ്ദേശ്യം. നളിനിയിൽ സാത്ത്വികപ്രമവും ലീലയിൽ രാജസപ്രമവും കരുണയിൽ താമസപ്രമവും ചിത്രീകരിച്ചിരിക്കുന്നു. ഒരു തരുണിക്ക്‌ ഒരു തരുണനോടുണ്ടാകുന്ന അനുരാഗം ഈശ്വരപ്രമമായി പരിണമിക്കുന്നതിനെയാണ്‌ ആശാന്റെ ഈ കാവ്യങ്ങളിൽ ആവിഷ്‌കരിച്ചിരിക്കുന്നതെന്നു സാമാന്യമായി പറയാം.

""അംഗാരത്തിലെരിഞ്ഞു ശുദ്ധിതടവും
	പൊന്നൊത്തു സത്ത്വാഗ്നിയിൽ
	ശൃംഗാരക്കറ പോയ്‌ത്തെളിഞ്ഞൊരു മഹാ-
	സൗന്ദര്യസാരാകൃതി''
 

എന്ന്‌ പ്രരോദനത്തിൽ ആശാന്‍ പാടുന്നതിനെ ഒരു "കാവ്യകടാക്ഷ'മായി പരിഗണിക്കാം.

ആശാന്‍ കൃതികളിൽ നായികയ്‌ക്ക്‌ നായകനോട്‌ അനുരാഗമാണുണ്ടാകുന്നതെങ്കിലും നായകനു നായികയോടു കരുണയേ ഉളവാകുന്നുള്ളൂ. ഈ കരുണയുടെ പ്രകാശത്തിൽ അനുരാഗമാകുന്ന മഞ്ഞുതുള്ളി ഈശ്വരപ്രമമാകുന്ന മുത്തായി പരിണമിക്കുന്നു. ഈ പ്രക്രിയയെയാണ്‌ ചണ്ഡാലഭിക്ഷുകിയിലെ "അരിയ നീർത്താർമൊട്ടേ' എന്നു തുടങ്ങുന്ന കവിതാഖണ്ഡത്തിൽ സൂചിപ്പിച്ചിരിക്കുന്നത്‌. അനുരാഗത്തെ ഇത്രത്തോളം ശക്തമായും ഹൃദയദ്രവീകരണ സമർഥമായും വർണിച്ചിട്ടുള്ള കവികള്‍ ഏതു സാഹിത്യത്തിലും അതിദുർലഭമായിരിക്കും. മനുഷ്യഹൃദയത്തിന്റെ അടിത്തട്ടിൽ അങ്കുരിക്കുന്ന വികാരങ്ങളെ സമീചീനമായി ആവിഷ്‌കരിക്കുന്നതിൽ ആശാനുള്ള വൈദഗ്‌ധ്യം അപ്രതിമമാണ്‌.

സാഹിത്യവിമർശകന്‍ എന്ന നിലയിലും ആശാന്‍ അദ്വിതീയന്‍തന്നെ. മണ്ഡനമായോ ഖണ്ഡനമായോ ആശാന്‍ എഴുതിയിട്ടുള്ള ഓരോ പ്രബന്ധവും പഠനാർഹമാണ്‌. ഉത്തുംഗനായ ഒരു കലാമർമജ്ഞനെ ആ നിബന്ധങ്ങളിൽ കാണാം. അഭിനവകേരളത്തിന്റെ സൃഷ്‌ടിക്ക്‌ ഏറ്റവും കൂടുതൽ പ്രയോജനപ്പെട്ടിട്ടുള്ളത്‌ ആശാന്റെ പുരോഗമനപരങ്ങളായ കവിതകളാണ്‌. സമൂഹത്തിൽ നഗ്നമായി നടമാടിയ അനീതികളെയും അനാചാരങ്ങളെയും അരിഞ്ഞരിഞ്ഞു തള്ളാന്‍ ഖഡ്‌ഗധാരപോലെ ആശാന്റെ തൂലിക പ്രവർത്തിച്ചിട്ടുണ്ട്‌. "സിംഹനാദം', "സ്വാതന്ത്യ്രഗാഥ' തുടങ്ങിയ കവിതകളുടെ ഊഷ്‌മളതയും ഊർജസ്വലതയും നിസ്‌തുലമാണ്‌. ജീവരക്തം തിളപ്പിക്കാനുള്ള ശക്തി അവയ്‌ക്കുണ്ട്‌. സമൂഹോദ്ധാരണത്തിൽ ദുരവസ്ഥയും ചണ്ഡാലഭിക്ഷുകിയും വഹിച്ചിട്ടുള്ള പങ്ക്‌ സ്‌മരണീയമാണ്‌.

ആശാന്റെ സമൂഹസേവനം പൂർണമായി മനസ്സിലാക്കണമെങ്കിൽ ഇദ്ദേഹത്തിന്റെ മുഖപ്രസംഗങ്ങളും പ്രജാസഭാപ്രസംഗങ്ങളും അതുപോലെയുള്ള ഇതരപ്രബന്ധങ്ങളും വായിക്കണം. അജയ്യനായ ഒരു സമുദായപരിഷ്‌കർത്താവ്‌, അചഞ്ചലനായ ഒരു രാഷ്‌ട്രീയ ചിന്തകന്‍ എന്നീ നിലകളിൽ ആശാന്‍ എങ്ങനെ പടവെട്ടിയെന്നുള്ള വസ്‌തുത ആ വാങ്‌മയങ്ങള്‍ വെളിപ്പെടുത്തുന്നു. അധർമധ്വംസനത്തിനു കൊലവാള്‍പോലെയും ധർമസംസ്ഥാപനത്തിന്‌ ഉടവാള്‍പോലെയും ഉപകരിച്ചിട്ടുള്ളതാണ്‌ ആശാന്‍ കവിത. "അന്യജീവനുതകി സ്വജീവിതം ധന്യമാക്കുക' എന്നതാണ്‌ ആശാന്‍കവിതയുടെ സന്ദേശം. അതിൽക്കവിഞ്ഞ ഒരു സന്ദേശം അരുളാന്‍ ഒരു സാഹിത്യകാരനോ, ഒരു സമൂഹോദ്ധാരകനോ സാധ്യമല്ല.

(എം.പി.അപ്പന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍