This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കുരുമുളക്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

06:04, 27 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

കുരുമുളക്‌

Black Pepper

ഒരു സുഗന്ധ മസാലവിള. ഇത്‌ കറുത്തപൊന്ന്‌ എന്ന അപരനാമത്തിലും അറിയപ്പെടുന്നു. പൈപ്പറേസീ സസ്യകുടുംബത്തിൽപ്പെട്ട ഈ ചെടിയുടെ ശാ.നാ.: പൈപ്പർ നൈഗ്രം(Piper nigrum)എന്നാണ്‌. ബ്രിട്ടീഷുകാരെ ഇന്ത്യയിലേക്ക്‌ ആകർഷിക്കാനും ആധിപത്യം ഉറപ്പിക്കാനും കാരണമായ ഒരു മുഖ്യവിളയാണ്‌ കുരുമുളക്‌. ദക്ഷിണേന്ത്യയാണ്‌ ജന്മസ്ഥലം. പശ്ചിമഘട്ടത്തിലെ ഈർപ്പവും വളക്കൂറുമുള്ള മണ്ണിലാണ്‌ കുരുമുളക്‌ ജന്മമെടുത്തത്‌. വളരെ പുരാതനകാലം മുതല്‌ക്കേ കേരളത്തിൽ കുരുമുളക്‌ കൃഷി ഉണ്ടായിരുന്നതായി രേഖകളുണ്ട്‌. പെരിപ്ലസ്‌ ഒഫ്‌ ദി എറിത്രിയന്‍ സീ എന്ന ചരിത്രഗ്രന്ഥത്തിൽ കുരുമുളകിനെപ്പറ്റി പരാമർശിച്ചിട്ടുണ്ട്‌. ഡച്ചുകാരും പോർച്ചുഗീസുകാരും കുരുമുളകുകൃഷി പുറംരാജ്യങ്ങളിലേക്ക്‌ വ്യാപിപ്പിച്ചു. 19-ാം ശതകത്തിന്റെ ആദ്യഘട്ടങ്ങളിൽ ഇന്ത്യയായിരുന്നു കുരുമുളകുകൃഷിയിൽ മുന്‍പന്തിയിൽ നിന്നിരുന്നത്‌. തുടർന്ന്‌ മലയ, ജാവ, ഈസ്റ്റിന്‍ഡീസ്‌, ഫിലിപ്പൈന്‍സ്‌ തുടങ്ങിയ ദ്വീപുകളിൽ കൃഷി ആരംഭിച്ചു. ഇതോടെ കുരുമുളക്‌ ഉത്‌പാദനത്തിന്റെ കുത്തകയും ഈ രാജ്യങ്ങള്‍ക്കായിത്തീർന്നു. എന്നാൽ രണ്ടാം ലോകയുദ്ധത്തിൽ ഈ രാജ്യങ്ങളിലെ കുരുമുളകു തോട്ടങ്ങള്‍ നശിപ്പിക്കപ്പെട്ടതിനാൽ കുരുമുളകിന്റെ വില കൂടുകയും ഇന്ത്യയിലെ കുരുമുളകുകൃഷി അഭിവൃദ്ധിപ്പെടുകയും ചെയ്‌തു. എങ്കിലും ഇന്ന്‌ ഇന്തോനേഷ്യ, മലയ എന്നിവിടങ്ങളിൽ കുരുമുളകുകൃഷി ഏതാണ്ട്‌ പഴയ തോതിലേക്ക്‌ ഉയർന്നുകഴിഞ്ഞിട്ടുണ്ട്‌.

കുരുമുളക്‌ ചെടികള്‍

ചെടിയുടെ സ്വഭാവം. കുരുമുളക്‌ ഒരു വള്ളിച്ചെടിയാണ്‌. 10 മീറ്ററിലധികം ഉയരത്തിൽ ഇവ വളരാറുണ്ട്‌. ചിരന്തനസസ്യമായ ഇവയ്‌ക്ക്‌ പറ്റിപ്പിടിച്ചു വളരുന്നതിന്‌ ഒരു താങ്ങ്‌ ആവശ്യമാണ്‌. ഓരോ പർണത്തിലുമുള്ള ആരോഹണമൂലങ്ങള്‍ വള്ളിയെ താങ്ങിൽ പറ്റിപ്പിടിക്കാന്‍ സഹായിക്കുന്നു. ഏകാന്തരന്യാസത്തിലാണ്‌ ഇലകള്‍ ക്രമീകരിച്ചിരിക്കുന്നത്‌. 13-15 സെ.മീ. നീളമുള്ള ഇലകള്‍ക്ക്‌ 5-12 സെ.മീ. വീതിയും ഉണ്ടായിരിക്കും. പർണസന്ധിയിൽ നിന്നാണ്‌ പുഷ്‌പങ്ങള്‍ ഉണ്ടാകുന്നത്‌. 7-15 സെ.മീ. വരെ നീളമുള്ള പൂങ്കുലകളിലാണ്‌ ചെറിയ വെളുത്ത പുഷ്‌പങ്ങള്‍ കാണപ്പെടുന്നത്‌. പൂങ്കുല, "തിരി' എന്നപേരിലും അറിയപ്പെടുന്നു. ഒരു തിരിയിൽ 50 പുഷ്‌പങ്ങള്‍ വരെ കാണാം. ആണ്‍പുഷ്‌പങ്ങളും പെണ്‍പുഷ്‌പങ്ങളും ദ്വിലിംഗപുഷ്‌പങ്ങളും സാധാരണ കാണപ്പെടുന്നു. ആണ്‍പൂക്കളോ പെണ്‍പൂക്കളോ മാത്രമുള്ള ചെടികളിൽ കായ്‌ ഉണ്ടാവാത്തതിനാൽ അവ കൃഷി ചെയ്യാറില്ല. വന്യഇനങ്ങളായി അവ വളരുന്നു. പെണ്‍പൂക്കള്‍ മാത്രമുള്ള വള്ളികളിൽ കായ ഉണ്ടാവാന്‍ ആണ്‍പൂക്കളുള്ള വള്ളികള്‍ സമീപത്തുണ്ടായിരിക്കണം. കൃഷി ചെയ്യപ്പെടുന്നവയിൽ ഭൂരിപക്ഷവും ദ്വിലിംഗ പുഷ്‌പങ്ങള്‍ ഉള്ളവ ആകുന്നു. വിളവ്‌ വർധിപ്പിക്കുന്നതിനും ദ്വിലിംഗ പുഷ്‌പങ്ങള്‍ ഉള്ള ഇനങ്ങളാണ്‌ ഉത്തമം. ഇനങ്ങള്‍. ഓരോ കാലാവസ്ഥയ്‌ക്കും ഭൂമിക്കും ഇണങ്ങുന്ന ഇനങ്ങളാണ്‌ തിരഞ്ഞെടുക്കേണ്ടത്‌. കേരളത്തിലെ കാലാവസ്ഥയ്‌ക്ക്‌ യോജിച്ച നിരവധി കുരുമുളകിനങ്ങള്‍ ഉണ്ട്‌. കേരളത്തിലൊട്ടാകെ ഏതാണ്ട്‌ അറുപതിൽപ്പരം ഇനം കുരുമുളകുവള്ളികള്‍ കൃഷിചെയ്യപ്പെടുന്നുണ്ട്‌. കല്ലുവള്ളി, കൊട്ടവള്ളി, ബാലന്‍കൊട്ട, കരിങ്കൊട്ട, ചെറിയകൊടി, ഉതിരംകൊട്ട, കാണിയക്കാടന്‍ (ചെറുതും വലുതും), കരിമുണ്ട, നാരായക്കൊടി, വെളുത്ത നാമ്പന്‍, കുതിരവാലി, കുമ്പക്കൊടി, കരിവിലാഞ്ചി, ചുമല, കൊറ്റനാടന്‍, പെരുങ്കൊടി എന്നിവയാണ്‌ പ്രധാന ഇനങ്ങള്‍.

കുരുമുളക്‌ തിരി

കല്ലുവള്ളി. മലബാറിൽ കാണപ്പെടുന്ന ഒരു പ്രധാന കുരുമുളകിനമാണിത്‌. വരണ്ടപ്രദേശത്ത്‌ കൃഷിചെയ്യാന്‍ അനുയോജ്യവുമാണ്‌. ഇവയുടെ മളകുമണികള്‍ക്ക്‌ നല്ല കട്ടിയും ഭാരവും ഉണ്ട്‌. ഇലകള്‍ ചെറുതും അണ്ഡാകൃതിയിലുള്ളതുമാണ്‌. മുളകുതിരികള്‍ക്ക്‌ കറുത്തിരുണ്ട പച്ചനിറമാണ്‌. ദ്വിലിംഗ പുഷ്‌പങ്ങളാണധികവും. കൊട്ടവള്ളി. തെക്കന്‍ കർണാടകത്തിൽ ധാരാളമായി കാണപ്പെടുന്ന ഈ ഇനത്തിന്‌ "വള്ളി' എന്ന പേരുമുണ്ട്‌. കാസർകോട്‌, ചിറയ്‌ക്കൽ തുടങ്ങിയ മലബാർ പ്രദേശങ്ങളിൽ ഇന്ന്‌ ധാരാളമായി കൃഷിചെയ്‌തുവരുന്നു. കൂടിയ വിളവുതരുന്ന ഈ ഇനത്തിന്റെ ഇലകള്‍ക്കും കുരുമുളകുമണികള്‍ക്കും നല്ല പച്ചനിറമാണ്‌.

ബാലന്‍കൊട്ട. അധിക വിളവുതരുന്ന ഒരിനമാണെങ്കിലും വേരു ചീയൽ രോഗത്തിന്‌ വേഗം അടിപ്പെടുന്ന ഒരിനമായതിനാൽ ആയുർദൈർഘ്യം കുറഞ്ഞതാണിത്‌. നല്ല തണൽ ഇതിന്റെ ശരിയായ വളർച്ചയ്‌ക്ക്‌ അത്യാവശ്യമാണ്‌. ഇലകള്‍ വലുപ്പക്കൂടുതലുള്ളവയും മിക്കപ്പോഴും വാടിയതുപോലെ തൂങ്ങിക്കിടക്കുന്നവയുമാണ്‌. മണികള്‍ക്കു വലുപ്പമുണ്ടെങ്കിലും പൂർണവളർച്ചയെത്താത്ത ധാരാളം മണികളും തിരികളിൽ കാണപ്പെടും. മലബാറിലാണ്‌ ബാലന്‍കൊട്ടയിനം അധികമായി കൃഷി ചെയ്‌തുവരുന്നത്‌.

കുരുമുളക്‌

ചെറിയകൊടി. ധാരാളമായി കൃഷിചെയ്യപ്പെടുന്ന ഒരിനമാണിത്‌. ഇതിന്റെ ഇല, പൂവ്‌, മണികള്‍ എന്നിവ ചെറുതാണ്‌. പക്ഷേ തിരികളിൽ മണികള്‍ അടുക്കടുക്കായി പിടിക്കുന്നതിനാൽ വിളവ്‌ കൂടുതലാണ്‌. എല്ലാവർഷവും വിളവ്‌ ഒരുപോലെ കിട്ടാറില്ല. മലബാറിൽ ഇത്‌ അരിക്കൊട്ട എന്ന പേരിലും അറിയപ്പെടുന്നുണ്ട്‌.

ഉണങ്ങിയ കുരുമുളക്‌

കരിങ്കൊട്ട. വലിയ ഇലകളുള്ള ഇവയ്‌ക്ക്‌ കല്ലുവള്ളിയിനത്തോട്‌ സാദൃശ്യമുണ്ട്‌. മണികള്‍ വലുതും കടുംപച്ച നിറമുള്ളതുമാണ്‌. തിരികള്‍ക്ക്‌ നീളക്കുറവാണെങ്കിലും ഇടതൂർന്ന്‌ മണികള്‍ കാണപ്പെടും. മഴ, ചൂട്‌ എന്നീ കാലാവസ്ഥാ മാറ്റങ്ങളാൽ ഇവയുടെ മണികള്‍ വേഗം പൊഴിയുമെന്നതിനാൽ അത്ര പ്രചാരം കരിങ്കൊട്ടയ്‌ക്കു ലഭിച്ചിട്ടില്ല.

ഉതിരംകൊട്ട. തിരികളിൽ പിടിക്കുന്ന കുരുമുളകു മണികള്‍ വേഗം പൊഴിയുന്നതിനാലാണ്‌ ഈ ഇനത്തിന്‌ ഉതിരംകൊട്ട എന്ന പേര്‌ ലഭിച്ചത്‌. പെണ്‍പൂക്കളാണ്‌ ഉണ്ടാവുക; കായ അധികം പിടിക്കുകയുമില്ല. ഇക്കാരണങ്ങളാൽ ഇതിന്റെ പ്രചാരം തീരെ കുറവാണ്‌.

കാണിയക്കാടന്‍. കോട്ടയം, കൊല്ലം, തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിൽ കൃഷിചെയ്‌തുവരുന്ന ഒരിനമാണിത്‌. ഈ ഇനം തന്നെ രണ്ട്‌ ഉപവിഭാഗത്തിലായുണ്ട്‌; ചെറിയ കാണിയക്കാടനും വലിയ കാണിയക്കാടനും.

ചെറിയ കാണിയക്കാടന്‍ കോട്ടയം ജില്ലയിൽ ധാരാളമായി കൃഷിചെയ്യപ്പെടുന്ന ഒരിനമാണ്‌. വേനൽക്കാലത്തെ ചെറുത്തുനില്‌ക്കാന്‍ ഇതിനു കഴിയുന്നു. ദ്വിലിംഗപുഷ്‌പങ്ങളും പെണ്‍പൂക്കളും ഏതാണ്ട്‌ സമമായി കാണപ്പെടുന്നു. കടുംപച്ചനിറമുള്ള മണികള്‍ക്ക്‌ നല്ല തൂക്കവുമുണ്ടായിരിക്കും. ഇലകള്‍ ദീർഘവൃത്താകൃതിയിലുള്ളതും തൂങ്ങിക്കിടക്കുന്നതുമാണ്‌.

വലിയ കാണിയക്കാടന്റെ ഇല വലുതായിരിക്കുമെന്നതൊഴിച്ചാൽ മറ്റെല്ലാ സവിശേഷതകളും ചെറിയ കാണിയക്കാന്റേതുതന്നെ. വിളവിന്റെ കാര്യത്തിൽ വലിയ കാണിയക്കാടന്‍ അത്ര മുന്തിയതല്ല.

കരിമുണ്ട. കൊല്ലം ജില്ലയിൽ കരിവള്ളി എന്ന പേരിലാണിതറിയപ്പെടുന്നത്‌. ഇലകള്‍ക്ക്‌ അണ്ഡാകൃതിയാണുള്ളത്‌; കടും പച്ചനിറവും. ദ്വിലിംഗപുഷ്‌പങ്ങളാണ്‌ ഇവയുടേത്‌. വളരെ വേഗത്തിൽ വളരുന്ന ഒരിനമാണിത്‌. പെട്ടെന്ന്‌ കായ്‌ക്കുകയും ചെയ്യും. പക്ഷേ ആയുർദൈർഘ്യം കുറവാണ്‌.

നാരായക്കൊടി. കരിമുണ്ടയെപ്പോലെ തന്നെ ആയുർദൈർഘ്യം കുറവാണെങ്കിലും വേഗം വളരുകയും കായ്‌ക്കുകയും ചെയ്യുന്ന ഒരിനമാണിത്‌. പ്രധാനമായും തെങ്ങിന്‌ ഒരു ഇടവിളയായിട്ടാണിതിന്റെ കൃഷി. ചെറിയ ഇലകള്‍, ദ്വിലിംഗപുഷ്‌പങ്ങള്‍, ചെറിയ പച്ചമണികള്‍ എന്നിവ ഇവയുടെ പ്രത്യേകതകളാണ്‌.

വെളുത്തനാമ്പന്‍. എറണാകുളം ജില്ലയുടെ ചില ഭാഗങ്ങളിൽ കണ്ടുവരുന്ന ഒരിനമാണിത്‌. വെളുത്ത തളിരിലകള്‍ ഇതിന്റെ ഒരു പ്രത്യേകതയാണ്‌. സാമാന്യം നല്ല വിളവുതരുന്നു.

കുതിരവാലി. ഈ ഇനം തിരുവിതാംകൂർ പ്രദേശത്ത്‌ പരക്കേ കൃഷിചെയ്യപ്പെടുന്നു. മുളകുതിരികള്‍ക്ക്‌ കുതിരവാലിനോടു സാമ്യമുണ്ട്‌. ദ്വിലിംഗപുഷ്‌പങ്ങളാണ്‌ ഇവയുടേത്‌. പക്ഷേ ഒന്നിടവിട്ട വർഷങ്ങളിൽ മാത്രമേ ഇവ പൂക്കുകയുള്ളൂ.

കുമ്പക്കൊടി. കൊല്ലം ജില്ലയുടെ കിഴക്കന്‍ ഭാഗങ്ങളിൽ കൃഷിചെയ്യപ്പെടുന്ന ഈ ഇനം നന്നായി വിളവു തരുന്നു. ദ്വിലിംഗപുഷ്‌പങ്ങളുള്ള ഇവയുടെ മുളകുമണികള്‍ ചെറുതാണെങ്കിലും ഗുണമേന്മയുള്ളതാണ്‌. കരിവിലാഞ്ചി. പെണ്‍പുഷ്‌പം മാത്രമുള്ള ഈ ഇനം മധ്യ തിരുവിതാംകൂറിലാണ്‌ കൂടുതലായുള്ളത്‌. ദ്വിലിംഗപുഷ്‌പങ്ങളുള്ള ഇനത്തോടൊപ്പം കൃഷിചെയ്യുന്നു. നല്ല വിളവു തരികയും ചെയ്യും.

ചുമല. വലിയതും വീതിയേറിയതും അണ്ഡാകൃതിയുള്ളതുമാണ്‌ ഇല. മറ്റെല്ലാ സവിശേഷതകളും ബാലന്‍കൊട്ടയിനത്തിന്റേതുതന്നെ. മണികള്‍ പഴുക്കുമ്പോള്‍ ഓറഞ്ചിന്റെ നിറമുള്ളവയാകുന്നു. കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ്‌ അധികമായി കൃഷി ചെയ്യപ്പെടുന്നത്‌.

കൊറ്റനാടന്‍. കൊട്ടാരക്കര, നെടുമങ്ങാട്‌ എന്നിവിടങ്ങളിൽ ധാരാളമായി കാണപ്പെടുന്ന ഈ ഇനത്തിന്റെ ഇലകള്‍ അണ്ഡാകൃതിയിലുള്ളതും പൂക്കള്‍ ദ്വിലിംഗങ്ങളുമാണ്‌. മണികള്‍ക്ക്‌ കടുംപച്ചനിറമായിരിക്കും. പെരുങ്കൊടി. കേരളത്തിൽ പരക്കേ കൃഷിചെയ്യപ്പെടുന്ന ഒരിനമാണ്‌ ഇത്‌. വളരെ ഉയരമുള്ള വൃക്ഷങ്ങളിൽ പടർന്നുവളരുന്ന ഇവയുടെ ആയുസ്സ്‌ നൂറുവർഷം വരെ വരും. വള്ളിയിൽ ദ്വിലിംഗപുഷ്‌പങ്ങളെക്കാള്‍ പെണ്‍പൂക്കള്‍ കൂടുതലായിരിക്കും. മാവ്‌, പ്ലാവ്‌ മുതലായ മരങ്ങളിലാണിവ പടർന്നു വളരാറുള്ളത്‌.

സങ്കരയിനങ്ങള്‍. ശാസ്‌ത്രീയവർഗസങ്കരണം വഴി അധികം വിളവുതരുന്ന പുതിയ ഇനങ്ങളെ കുരുമുളകിലും ഉരുത്തിരിച്ചെടുത്തിട്ടുണ്ട്‌. കൃത്രിമപരാഗണം വഴി പല ജാതി വള്ളികളിലെ ഗുണങ്ങള്‍ ഒന്നിലേക്ക്‌ സംക്രമിപ്പിച്ചെടുക്കുക വഴിയാണ്‌ നല്ലയിനങ്ങളെ സൃഷ്‌ടിക്കുന്നത്‌. സാധാരണയിനങ്ങളെക്കാള്‍ നാലിരട്ടി വിളവുവരെ കൂടുതൽ നല്‌കാന്‍ സങ്കരയിനങ്ങള്‍ക്കു കഴിയുമെന്ന്‌ തെളിയിക്കപ്പെട്ടിട്ടുണ്ട്‌.

പന്നിയൂരുള്ള കുരുമുളകു ഗവേഷണകേന്ദ്രത്തിൽ വികസിപ്പിച്ചെടുത്ത ഒരു സങ്കരയിനമാണ്‌ പന്നിയൂർ-1 എന്ന പേരിലറിയപ്പെടുന്നത്‌. ഉതിരംകൊട്ടയിനത്തിന്റെ മാതൃവള്ളിയും ചെറിയ കാണിയക്കാടന്റെ പിതൃവള്ളിയുമായി എടുത്ത്‌ സങ്കരണം നടത്തിയാണ്‌ ഇതു വികസിപ്പിച്ചെടുത്തിരിക്കുന്നത്‌. ഈ രണ്ടിന്റെയും എല്ലാ സവിശേഷഗുണങ്ങളും പന്നിയൂർ-1-ൽ കാണപ്പെടുന്നു. അതിവേഗം വേരുപിടിച്ച്‌ കരുത്തോടെ പടർന്നു കയറാനുള്ള ഉതിരംകൊട്ടയുടെ കഴിവും ദ്വിലിംഗപുഷ്‌പങ്ങളോടെ മികച്ച വിളവു നല്‌കുന്ന ചെറിയ കാണിയക്കാടന്റെ ഗുണവും ഇതിൽ ഒന്നുചേർന്നിരിക്കുന്നു. തുടർന്ന്‌ പന്നിയൂർ-2, പന്നിയൂർ-3 തുടങ്ങി പന്നിയൂർ-7 വരെ വികസിപ്പിച്ചിട്ടുണ്ട്‌. കോഴിക്കോടുള്ള ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഒഫ്‌ സ്‌പൈസ്‌ റിസർച്ചിലും സങ്കരഇനം കുരുമുളക്‌ വികസിപ്പിച്ചെടുത്തിട്ടുണ്ട്‌.

ശ്രീകര, ശുഭകര, പഞ്ചമി, പൗർണമി, ശക്തി, തേവം, ഗിരിമുണ്ട, പിഎൽഡി-2, മലബാർ എന്നിവ കേരളത്തിൽ വികസിപ്പിച്ചെടുത്ത ചില സങ്കരഇനം കുരുമുളകാണ്‌.

കാലാവസ്ഥയും മണ്ണും. തീരപ്രദേശങ്ങളെ അപേക്ഷിച്ച്‌ ഉള്‍നാടന്‍ പ്രദേശങ്ങളും മലയോരപ്രദേശങ്ങളുമാണ്‌ ഈ ചെടിക്കു യോജിച്ച സ്ഥലം; സമുദ്രനിരപ്പിൽ നിന്ന്‌ 700 മുതൽ 1200 മീ. വരെയുള്ള പ്രദേശങ്ങളാണ്‌ അത്യുത്തമം. മലനാടന്‍ പ്രദേശങ്ങളിൽ ചില പ്രത്യേക ഇനം മരങ്ങളിൽ പടർത്തിയാണ്‌ ഇവയെ വളർത്തുന്നത്‌. മുരുക്ക്‌, പേഴ്‌, ഇലവ്‌ എന്നീ മരങ്ങളാണ്‌ ഉത്തമം. എങ്കിലും കമുക്‌, മാവ്‌, പ്ലാവ്‌ എന്നിവയും പലയിനം കാട്ടുമരങ്ങളും കുരുമുളകു പടർത്തുന്നതിന്‌ ഉപയോഗപ്പെടുത്താം. സമതലപ്രദേശങ്ങളിൽ തെങ്ങിനും കമുകിനും ഇടവിളയായി കൃഷിചെയ്യുന്നുണ്ട്‌. തീരപ്രദേശങ്ങളിൽ പ്രധാനമായും വീട്ടുവളപ്പിലാണ്‌ കൃഷിചെയ്യുന്നത്‌. ഇന്ത്യയിൽ കൃഷി ചെയ്യപ്പെടുന്ന കുരുമുളകിന്റെ മുക്കാൽഭാഗവും കേരളത്തിലാണ്‌. കേരളത്തിൽ ഇടുക്കി, വയനാട്‌ ജില്ലകളാണ്‌ കുരുമുളക്‌ കൃഷിയിൽ മുന്നിൽനിൽക്കുന്നത്‌.

മണൽപ്രദേശങ്ങളെ അപേക്ഷിച്ച്‌ ചരൽ കലർന്ന ചെമ്മണ്ണും വെട്ടുകൽ മണ്ണുമാണ്‌ ഇതിന്‌ ഏറ്റവും അനുയോജ്യം. വെള്ളം ചുവട്ടിൽ കെട്ടിനില്‌ക്കാന്‍ പാടില്ല. ചരിവു പ്രദേശങ്ങളും കൃഷിക്കു പറ്റിയതാണ്‌. മണ്ണിൽ ധാരാളം ജൈവപദാർഥങ്ങള്‍ അടങ്ങിയിരിക്കണം. മഴയും ചൂടും ഒരുപോലെ ആവശ്യമുള്ള ഒരു ചെടിയാണിത്‌. അന്തരീക്ഷത്തിലെ ഈർപ്പവും ഇതിന്റെ വളർച്ചയ്‌ക്ക്‌ ഒരു പ്രധാനഘടകമാണ്‌.

പ്രവർധന മുറകള്‍. കായിക പ്രവർധനത്തിലൂടെയാണ്‌ കുരുമുളകു ചെടിയെ പ്രധാനമായും വളർത്തിയെടുക്കുന്നത്‌. മഴക്കാലത്ത്‌ വള്ളി മുറിച്ചുനടാം. ചെടിയുടെ ചുവട്ടിൽനിന്ന്‌ 70 മുതൽ 80 സെ.മീ. വരെ ഉയരത്തിലുള്ള പാർശ്വവള്ളികളാണ്‌ (അടിത്തല) നടാന്‍ ഉപയോഗിക്കുന്നത്‌. വിത്ത്‌ മുളപ്പിച്ച്‌ തൈകളാക്കിയും നടാവുന്നതാണ്‌. കൊടിയിൽ നിന്ന്‌ മേല്‌പോട്ടു പടർന്നു കയറുന്ന കൊടിത്തലകളും മുറിച്ചുനടാറുണ്ട്‌. അടിത്തലകളെ അപേക്ഷിച്ച്‌ കൊടിത്തലകള്‍ നന്നായി മുളയ്‌ക്കുന്നു. അടിത്തലയിൽനിന്ന്‌ ഉണ്ടാകുന്ന ചെടികള്‍ പൂക്കുന്നതിനും കായ്‌ക്കുന്നതിനും കാലവിളംബം നേരിടുന്നു. കൊടിത്തലയിൽനിന്ന്‌ ഉണ്ടായ ചെടികള്‍ രണ്ടുവർഷത്തിനുള്ളിൽ കായ്‌ക്കുന്നു; നാലാം വർഷത്തിൽ നന്നായി കായ്‌ഫലം തരുന്നു. പക്ഷേ ഇവയുടെ ആയുർദൈർഘ്യം കുറവാണ്‌.

ഒറ്റമുട്ടു വള്ളികളും നടുന്നതിനുപയോഗിക്കാം. ഇവ നനവുള്ള മണ്ണിനടിയിൽ താഴ്‌ത്തിവയ്‌ക്കുന്നു. 15 ദിവസത്തിനുള്ളിൽ വേരും മുളയും ഉണ്ടാകും. ഇവയുടെ ആയുർദൈർഘ്യം കൂടുതലാണ്‌. ഫെബ്രുവരി മാസമാണ്‌ ഈ പ്രവർധനരീതിക്കു പറ്റിയത്‌. പതിവച്ചും ഒട്ടിച്ചും കുരുമുളക്‌ വളർത്താം. പക്ഷേ മറ്റു ധാരാളം മാർഗങ്ങള്‍ ഉള്ളതിനാൽ ഈ മാർഗം അവലംബിക്കാറില്ല. കൃഷിരീതികള്‍. സാധാരണയായി മൂന്നൂതരം കൃഷിരീതികളാണുള്ളത്‌. വീട്ടുവളപ്പിലെ വിവിധ മരങ്ങളോടൊപ്പം വളർത്തുക, മലഞ്ചരിവുകളിലെ കാടുവെട്ടിത്തെളിച്ച്‌ വന്‍തോതിൽ കൃഷിചെയ്യുക, തോട്ടവിളകളുടെ കൂട്ടത്തിൽ ഇടവിളയായി കൃഷിചെയ്യുക എന്നിവയാണ്‌ പ്രധാന കൃഷിരീതികള്‍. കുരുമുളകിന്‌ തണൽ അനിവാര്യമാണ്‌. വേനൽക്കാലങ്ങളിൽ തണൽ നല്‌കുന്ന മരങ്ങള്‍ വേണം. വർഷകാലത്ത്‌ ഈ മരങ്ങളുടെ കൊമ്പുകള്‍ മുറിച്ചുമാറ്റി തണൽ ക്രമീകരിക്കാവുന്നതാണ്‌. പൂക്കുന്ന കാലത്ത്‌ തണൽ ഉള്ള പക്ഷം അത്‌ വിളവിനെ ബാധിക്കുന്നതാണ്‌. കൂടാതെ പൊള്ള്‌ ഈച്ചയുടെ ആക്രമണവും ഉണ്ടാകാം. പൂവരശ്‌ എല്ലാക്കാലത്തും തണൽ നല്‌കുന്ന ഒരു മരമായതിനാൽ കുരുമുളകിന്‌ നല്ലൊരു താങ്ങുവൃക്ഷമാണ്‌. കമുകിന്‍തോട്ടങ്ങളിൽ കമുക്‌ താങ്ങുവൃക്ഷമായി ഉപയോഗിക്കുന്നു. തെങ്ങും മാവും മറ്റു വീട്ടുവൃക്ഷങ്ങളും ഒരളവുവരെ കുരുമുളകു വളർത്തുന്നതിനുപയോഗിക്കാം.

മേയ്‌-ജൂണ്‍ മാസങ്ങളിലാണ്‌ താങ്ങുവൃക്ഷങ്ങളുടെ തടികള്‍ നടേണ്ടത്‌. ജൂലായ്‌ മാസത്തിലെ തിരുവാതിര ഞാറ്റുവേലയുടെ മധ്യത്തിൽ വള്ളി നടുന്നു. മഴ അധികമുള്ളപ്പോള്‍ നടാന്‍ പാടില്ല. മ്മ മീറ്റർ നീളവും വീതിയും താഴ്‌ചയുമുള്ള കുഴികളിൽ താങ്ങുതടികള്‍ കുഴിച്ചിടുന്നു. താങ്ങുതടികളുടെ അകലം 3-4 മീ. വരെയാകാം. രണ്ടുമൂന്നാഴ്‌ചയ്‌ക്കകം അവ വേരു പിടിക്കുന്നു. ഓരോ താങ്ങുതടിയുടെ ചുവട്ടിൽനിന്നും 30 സെ.മീ. അകലത്തിൽ മേൽമണ്ണിൽ ചെറിയ കുഴികള്‍ നിർമിച്ച്‌ വേര്‌ മുളപ്പിച്ച രണ്ടു വള്ളികള്‍ നടണം. വേര്‌ പിടിപ്പിക്കാത്ത വള്ളികളാണെങ്കിൽ അഞ്ചെണ്ണം നടേണ്ടതാണ്‌.

താങ്ങുകാലിന്റെ വടക്കുകിഴക്കു ഭാഗത്തായിട്ടാണ്‌ വള്ളികള്‍ നടേണ്ടത്‌. വള്ളിയുടെ രണ്ടു മുട്ടുകള്‍ മണ്ണിനടിയിലായിരിക്കണം. വള്ളിയുടെ മുകള്‍ഭാഗം താങ്ങുതടിയോടു ചേർത്തുവയ്‌ക്കണം. താങ്ങുതടിയുടെ ചുവട്ടിലേക്ക്‌ മണ്ണ്‌ അടുപ്പിക്കുകയും വേണം. ഈ മണ്ണിൽ നനവു സൂക്ഷിക്കുന്നതിന്‌ കനത്തിൽ കരിയില വിരിക്കുന്നത്‌ നല്ലതാണ്‌.

കുരുമുളകു വള്ളിയിൽനിന്ന്‌ മുളകള്‍പൊട്ടി വള്ളി വീശുമ്പോള്‍ അവയെ താങ്ങോടു ചേർത്തു ബന്ധിപ്പിക്കണം. കൃഷിപ്പണികള്‍. കുരുമുളകിന്റെ വേരുകള്‍ ഉപരിതലത്തിൽ മാത്രം വളരുന്നതാകയാൽ ഇടയിളക്കൽ വളരെ ശ്രദ്ധാപൂർവം ചെയ്യേണ്ട പണിയാണ്‌. സെപ്‌തംബർ മാസത്തിൽ ചെറുതായി ഇടയിളക്കാം. ഒക്‌ടോബർ-നവംബർ മാസങ്ങളിൽ ഒന്നുകൂടി ഇളക്കിയാൽ കളകള്‍ വളരുന്നതും തടയാം. ഓരോ ഇടയിളക്കലും കഴിയുമ്പോള്‍ ചീഞ്ഞ ഇലകള്‍കൊണ്ട്‌ വള്ളിയുടെ ചുവട്ടിൽ ഒരാവരണം നല്‌കുന്നത്‌ നല്ലതാണ്‌. ആവരണ വിളയായി കളപ്പയർ ഏപ്രിൽ-മേയ്‌ മാസങ്ങളിലെ പുതുമഴയോടെ ഇടാം. ജൂലായ്‌ മാസത്തോടെ ഇവയുടെ വളർച്ച പൂർത്തിയാവുകയും വേനൽക്കാലങ്ങളിൽ ഫലശേഖരണത്തിനുശേഷം ഇവ ഉണങ്ങി കുരുമുളകിന്‌ ഒരാവരണമായിത്തീരുകയും ചെയ്യും.

വളപ്രയോഗം. കുരുമുളക്‌ ഒരു സ്ഥിരവിളയായതിനാൽ മറ്റെല്ലാ സ്ഥിരവിളകളെയുംപോലെ ഇതിനും വർഷംതോറും വളം നല്‌കണം. ജൈവവളവും രാസവളവും ചേർത്തു നല്‌കാം. ചീഞ്ഞഴുകിയ ഇലകള്‍, കമ്പോസ്റ്റ്‌, കാലിവളം മുതലായവ ഉപയോഗിക്കാം. വർഷാരംഭത്തോടെ ജൈവവളവും സെപ്‌തംബർ മാസത്തിൽ രാസവളവും നല്‌കാവുന്നതാണ്‌. ചുവട്ടിൽനിന്ന്‌ 45 സെ.മീ. അകലത്തിൽ ചാലു നിർമിച്ച്‌ 10 കിലോഗ്രാം ജൈവവളം ഇട്ടു ചാലു മൂടണം. ഇടവിട്ടുള്ള വർഷങ്ങളിൽ ഒരു വള്ളിക്ക്‌ 500 ഗ്രാം കുമ്മായവും ചേർക്കണം. വള്ളി ഒന്നിന്‌ 125 ഗ്രാം മത്സ്യവളം ചേർത്തപ്പോള്‍ 75 ശതമാനം വിളവു കൂടുതലും, ഒന്നിടവിട്ട വർഷങ്ങളിൽ 225 ഗ്രാം നീറ്റിയ കുമ്മായം ചേർത്തപ്പോള്‍ ഇരട്ടി വിളവും തളിപ്പറമ്പ്‌ കുരുമുളകു ഗവേഷണകേന്ദ്രത്തിൽ ലഭിക്കുകയുണ്ടായി.

വള്ളി ഒന്നിന്‌ 100 ഗ്രാം പാക്യജനകവും (നൈട്രജനും) 40 ഗ്രാം ഭാവഹവും (ഫോസ്‌ഫറസും) 140 ഗ്രാം ക്ഷാരവും ചേർത്തിരിക്കണം. ആദ്യവർഷത്തിൽ ഇതിന്റെ ഭാഗവും രണ്ടാംവർഷം œ ഭാഗവും നല്‌കാം. വിളവെടുപ്പ്‌. കാലവർഷാരംഭത്തോടെ കുരുമുളക്‌ പൂത്തു തുടങ്ങുന്നു. ഡിസംബർ-മേയ്‌ മാസങ്ങളിൽ വിളവെടുപ്പു തുടങ്ങുന്നു. നല്ല മഴയുള്ള പ്രദേശങ്ങളിൽ നേരത്തേ പൂത്തുതുടങ്ങുന്നു. ഉയർന്ന പ്രദേശങ്ങളിൽ താമസിച്ചാണ്‌ പൂക്കുന്നത്‌. ഫെബ്രുവരി-മാർച്ച്‌ മാസത്തിൽ വിളവെടുക്കുന്നു. പ്രായപൂർത്തിയായ ഒരു വള്ളിയിൽനിന്ന്‌ ശരാശരി 25 കിലോഗ്രാം വിളവു ലഭിക്കുമെന്നാണ്‌ കണക്കാക്കിയിരിക്കുന്നത്‌.

സസ്യസംരക്ഷണം. സാധാരണ കണ്ടുവരാറുള്ള കുമിള്‍ രോഗങ്ങള്‍ക്കും പൊള്ള്‌-ഈച്ചയുടെ ആക്രമണത്തിനും ക്വിനാൽഫോസ്‌ 0.025 ശതമാനം, സിനെബ്‌ 0.2 ശതമാനം എന്നീ കൃമികീടനാശിനികള്‍ ജൂണ്‍-ജൂലായ്‌ മാസങ്ങളിലും സെപ്‌തംബർ-ഒക്‌ടോബർ മാസങ്ങളിലും തളിക്കണം.

കുരുമുളകുകൃഷിയെ ഭീഷണിപ്പെടുത്തുന്ന ഒരു രോഗമാണ്‌ ദ്രുതവാട്ടം. വർഷകാലാരംഭത്തിൽ ഒന്നോ രണ്ടോ മഴ കഴിഞ്ഞാൽ ചുവട്ടിലെ തടം തുരന്ന്‌ 1 ശ.മാ. വീര്യമുള്ള മിതോക്‌സി ഈതൈൽ മെർക്കുറിക്‌ ക്ലോറൈഡ്‌ ലായനി ഒഴിച്ച്‌ മണ്ണ്‌ നനയ്‌ക്കണം. പ്രായപൂർത്തിയായ ഒരു മരത്തിന്‌ 5 മുതൽ 10 ലിറ്റർ വരെ ലായനി വേണ്ടിവരും. കൂടാതെ 10 ശതമാനം ബോർഡോ പേസ്റ്റും റോസിന്‍ സോഡയും കൂട്ടിച്ചേർത്ത്‌ ചുവട്ടിലെ തണ്ടിൽ പുരട്ടണം. ചെറുതൈകളുടെ തണ്ട്‌ അഴുകുന്നതിന്‌ പ്രതിവിധിയായി 0.5 ശതമാനം വീര്യമുള്ള മിതോക്‌സി ഈതൈൽ മെർക്കുറിക്‌ ക്ലോറൈഡ്‌ ഉപയോഗിക്കണം. ഇലകളിൽ കണ്ടുവരുന്ന ഈച്ചകളെ നശിപ്പിക്കാന്‍ 0.05 ശതമാനം വീര്യമുള്ള മോണോക്രാട്ടോഫോസ്‌ ഉപയോഗിക്കണം. താങ്ങുമരങ്ങളുടെ വേരുകളെ നശിപ്പിക്കുന്ന ഒരിനം വണ്ടുകളുടെ പുഴുക്കളെ നശിപ്പിക്കാന്‍ ഫോറേറ്റ്‌ 10 ശതമാനം തരി (G) ഒരു മരത്തിന്‌ 20 ഗ്രാം വീതം പ്രയോഗിക്കണം. സംസ്‌കരണം. ഒരുദിവസം മുഴുവനും കുരുമുളക്‌ കുലകള്‍ കൂട്ടിയിട്ട്‌ ചാക്കുകൊണ്ട്‌ മൂടുന്നു. പിന്നീട്‌, മെതിച്ച്‌ കുരുമുളക്‌ മണികള്‍ വേർതിരിച്ചെടുക്കുന്നു. കുരുമുളകു പാകപ്പെടുത്തി എടുക്കുന്നതിന്‌ മൂപ്പെത്തിയ കുരുമുളകുമണികള്‍ വെയിലിൽ ഉണക്കുന്നു. കുരുമുളകുമണിക്ക്‌ ആകർഷകത്വം ലഭിക്കാന്‍ മണികളിന്മേൽ എണ്ണ പുരുട്ടാറുണ്ട്‌. കുരുമുളകിന്റെ പച്ചനിറം നഷ്‌ടപ്പെടാതെ സൂക്ഷിക്കുന്ന ഒരു സംസ്‌കരണ രീതിയുമുണ്ട്‌. ഇതിനായി പച്ചമണികള്‍ ചെറിയ വിടവുള്ള കുട്ടയിൽ എടുത്ത്‌ തിളച്ച വെള്ളത്തിൽ ഏകദേശം ഒരു മിനിട്ട്‌ കുട്ട അടക്കം താഴ്‌ത്തി വയ്‌ക്കുകയും വെള്ളം വാർന്നശേഷം വെയിലിൽ നിരത്തി ഉണക്കിയെടുക്കുകയും ചെയ്യുന്നു. ഇപ്രകാരം ഉണങ്ങിയ മണികള്‍ക്ക്‌ പച്ചനിറം നഷ്‌ടപ്പെടുന്നില്ല. വെള്ളത്തിൽ ഒരാഴ്‌ചയോളം മുക്കിവച്ച്‌ പുറത്തെത്തൊലി കളഞ്ഞ്‌ ഉണക്കിയെടുത്താണ്‌ വെള്ളക്കുരുമുളക്‌ നിർമിക്കുന്നത്‌.

ആയുർവേദ ഔഷധങ്ങളിൽ കുരുമുളക്‌ ധാരാളമായി ഉപയോഗിക്കാറുണ്ട്‌. പനി, കഫം, ദഹനക്കേട്‌ എന്നിവയ്‌ക്ക്‌ കുരുമുളക്‌ നല്ല ഔഷധമാണ്‌. മണികളിൽ അടങ്ങിയിരിക്കുന്ന പൈപ്പറ്റിന്‍ എന്ന രാസപദാർഥമാണ്‌ കുരുമുളകിന്റെ പ്രത്യേക മണത്തിനും രുചിക്കും കാരണം. കറികളിൽ എരിവും രുചിയും വർധിപ്പിക്കുന്നതിന്‌ കറുത്ത കുരുമുളകും വെള്ളക്കുരുമുളകും ഉപയോഗിക്കുന്നു.

(ഡോ. എസ്‌. രാമചന്ദ്രന്‍നായർ)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍