This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കിള്ളിക്കുറിശ്ശിമംഗലം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

09:07, 30 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

കിള്ളിക്കുറിശ്ശിമംഗലം

കലക്കത്തുഭവനം-ലക്കിടി

പാലക്കാട്‌ ജില്ലയിൽ ഒറ്റപ്പാലം താലൂക്കിലെ ഒരു ഉള്‍നാടന്‍ ഗ്രാമം. മഹാകവി കുഞ്ചന്‍നമ്പ്യാരുടെ ജന്മസ്ഥലമെന്നു പ്രസിദ്ധിപെറ്റ ഈ വള്ളുവനാടന്‍ ഗ്രാമം പാലക്കാട്‌ പട്ടണത്തിനു 25 കി.മീ. പടിഞ്ഞാറും ഒറ്റപ്പാലം റെയിൽവേസ്റ്റേഷന്‌ 8 കി.മീ. കിഴക്കുമായി സ്ഥിതിചെയ്യുന്നു. ലക്കിടി റെയിൽവേസ്റ്റേഷനിൽ നിന്ന്‌ ഒന്നര കി.മീ. വടക്കാണ്‌ കിള്ളിക്കുറിശ്ശിമംഗലം മഹാദേവക്ഷേത്രം. ഇവിടെനിന്ന്‌ ഒരു വിളിപ്പാട്‌ വടക്കുമാറിയാണ്‌ കുഞ്ചന്‍നമ്പ്യാരുടെ ജനനം കൊണ്ട്‌ അനുഗൃഹീതവും വിശ്രുതവുമായ കലക്കത്തു നമ്പ്യാർമഠം. വള്ളുവനാട്ടിന്റെ ഭാഗമായിരുന്ന ഈ ഗ്രാമം പിന്നീട്‌ കൊച്ചി രാജ്യത്തിൽപ്പെട്ടു. 1870-ൽ ഇത്‌ ബ്രിട്ടീഷ്‌ മലബാറിൽ ലയിച്ചു. ഇവിടത്തെ ശിവക്ഷേത്രം സ്ഥാപിച്ചത്‌ ശുകമഹർഷിയാണെന്ന്‌ സ്ഥലവാസികള്‍ വിശ്വസിച്ചുപോരുന്നു. ക്ഷേത്രത്തിന്റെ ബലിക്കല്ലിൽ

"ശ്രീബലിപ്രസ്‌തരശ്ശംഭോഃ ശ്രീശുകാലയവാസിനഃ

രാമേണ പാണിവാദേന കാരിതോ ഭൂതയേ ധ്രുവം.' എന്നൊരു പദ്യം കൊത്തിയിട്ടുണ്ട്‌. കൊച്ചിരാജാവിന്റെ കൈവശമായിരുന്ന കാലത്ത്‌ ഈ ശിവക്ഷേത്രം ജീർണോദ്ധാരണം ചെയ്‌തതായി സൂചിപ്പിക്കുന്ന ഒരു പദ്യവും ഇവിടെ ആലേഖനം ചെയ്‌തിട്ടുണ്ട്‌.

"സർവശാസ്‌ത്രാർഥ സമ്പന്നകലിതാനന്ദസാന്ദ്രധീഃ

വീരകേരള രാജേന്ദ്രാ ജീർണമത്രാദഹാരയത്‌.'

ക്ഷേത്രത്തിനുചുറ്റും നമ്പ്യാർമാർ, പിഷാരടിമാർ തുടങ്ങിയ അമ്പലവാസികളുടെ പുരാതന ഭവനങ്ങളാണുള്ളത്‌. ഗോപുരവാതിൽക്കൽനിന്ന്‌ വലത്തോട്ടു തിരിയുന്ന നാട്ടുവഴിയിലൂടെ കടന്നുചെല്ലുമ്പോള്‍ കലക്കത്തു ഭവനത്തിലെത്തും. ഇരുനിലയെന്നു തോന്നിക്കുന്ന പഴയ ശില്‌പമാതൃകയാണിതിനുള്ളത്‌. ഇതിനടുത്ത്‌ താരതമ്യേന കാലപ്പഴക്കം കുറഞ്ഞ ഒരു കെട്ടിടവുമുണ്ട്‌. മഹാകവിയുടെ ജന്മഗൃഹത്തിന്റെ ജീർണോദ്ധാരണം നടത്തി അതു കുഞ്ചന്‍ സ്‌മാരകമായി സൂക്ഷിച്ചുപോരുന്നു. 1951-ൽ നാട്ടുകാരുടെ ഉത്സാഹഫലമായി ഇവിടെ കുഞ്ചന്‍ സ്‌മാരകമായി ഒരു ഗ്രന്ഥശാലയും കളരിയും സ്ഥാപിക്കപ്പെട്ടു. ഭാരതപ്പുഴ ഇതിനടുത്തുകൂടിയാണൊഴുകുന്നത്‌. പുഴയുടെ തെക്കേക്കരയിലാണ്‌ തിരുവില്വാമല. "വില്വാചലം തന്നിൽ വാണരുളീടുന്ന വില്ലാളിവീര'നായ ശ്രീരാമചന്ദ്രനെ കുഞ്ചന്‍നമ്പ്യാർ ശീലാവതിയിൽ ഭക്തിപൂർവം സ്‌മരിച്ചിട്ടുണ്ട്‌.

(വി. ആർ. പരമേശ്വരന്‍ പിള്ള)

താളിന്റെ അനുബന്ധങ്ങള്‍