This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കിളിപ്പാട്ട്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

11:52, 26 മേയ് 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

കിളിപ്പാട്ട്‌

കിളിയെക്കൊണ്ട്‌ പാടിക്കുന്നു എന്ന സങ്കല്‌പത്തിൽ ആഖ്യാനം നിർവഹിക്കപ്പെട്ടിരുന്ന ഒരു ഭാഷാകവിതാപ്രസ്ഥാനം. കിളിയുടെ പരാമർശമില്ലെങ്കിലും കിളിപ്പാട്ട്‌ വൃത്തങ്ങളിൽ എഴുതപ്പെടുന്ന കവിതകളും ഈ പേരിൽത്തന്നെ അറിയപ്പെട്ടുവരുന്നു. ദ്രാവിഡവൃത്തങ്ങളിലുള്ള ഈ കാവ്യശാഖയുടെ പ്രചാരകന്‍ എഴുത്തച്ഛനാണ്‌. എഴുത്തച്ഛന്റെ കാലത്തിനു മുമ്പുതന്നെ കിളിയെക്കൊണ്ടു കഥപറയിക്കുന്ന ഏർപ്പാട്‌ നിലനിന്നിരുന്നുവെങ്കിലും അതിന്‌ ഒരു പ്രസ്ഥാനമെന്ന സ്വഭാവം നൽകിയത്‌ അദ്ദേഹമാണ്‌. കിളിയെക്കൊണ്ടെന്നതിനു പുറമേ അരയന്നം, കുയിൽ, വണ്ട്‌ മുതലായവയെക്കൊണ്ടും പാടിക്കുന്ന സമ്പ്രദായം പഴയ കൃതികളിൽ ഉണ്ടായിരുന്നു. പ്രാചീനമലയാളത്തിൽ മണിപ്രവാളം, പാട്ട്‌ എന്നീ സമ്പ്രദായങ്ങളും കുറേ നാടന്‍പാട്ടുകളുമാണല്ലോ പ്രധാനമായും ഉണ്ടായിരുന്നത്‌. ഇവയിൽ രാമചരിതം, നിരണം കൃതികള്‍ മുതലായവയിൽ കാണുന്ന രചനാസമ്പ്രദായങ്ങളെ പരിഷ്‌കരിച്ചുകൊണ്ടുടലെടുത്ത ഒന്നായിരിക്കണം കിളിപ്പാട്ട്‌ സമ്പ്രദായം. ശുദ്ധദ്രാവിഡശാഖയിൽ ശാസ്‌ത്രീയസംസ്‌കാരം സിദ്ധിച്ച പാട്ടാണ്‌ കിളിപ്പാട്ടിന്റെ ജനനി എന്നാണ്‌ കെ.എന്‍. എഴുത്തച്ഛന്റെ നിഗമനം. മലയാളസാഹിത്യത്തിൽ കിളിയെക്കൊണ്ട്‌ കഥപറയിക്കുന്നതിന്റെ ആദ്യപരാമർശം ഉണ്ണിച്ചിരുതേവീചരിത (13-ാം നൂറ്റാണ്ട്‌)ത്തിൽ (കഥിതാഗാഥയിലിഹയാപൂർവം, പേജ്‌ 18). "അവള്‍ മേൽക്കിളിയേ മമ്മിക്കിളിയൈക്കൊണ്ടു പിരാന്‍ മേലമ്മാനപ്പാട്ടുണ്ടാക്കിച്ചേന്‍' (പേജ്‌ 18), "കോതോർമന്‍ കുയിൽവൃത്തം ചൊന്നാന്‍' (പേജ്‌ 18) കാണാം. സ്‌ത്രീകളെയും മറ്റും പുകഴ്‌ത്തിക്കൊണ്ടുള്ള പല പാട്ടുകളും പ്രാചീനമലയാളത്തിലുണ്ട്‌. ഇവയിലൊന്നിലും തമിഴിന്റെ കാര്യമായ അനുകരണം കാണാനില്ലതാനും. ഇവ അധികവും മലയാള കവികള്‍ സ്വതന്ത്രമായി നിർമിച്ച പാട്ടുകളാകാനാണ്‌ വഴി. ഒരു പക്ഷേ കിളിയെക്കൊണ്ട്‌ പാടിക്കുന്ന രീതി തമിഴിൽനിന്നായിരിക്കാം എഴുത്തച്ഛനു കിട്ടിയത്‌. എങ്കിൽത്തന്നെയും അധ്യാത്മരാമായണം, ഭാരതം എന്നീ കൃതികളിലൂടെ അദ്ദേഹം അതിന്‌ പ്രചാരം നല്‌കി എന്നതാണ്‌ മുഖ്യകാര്യം.

എഴുത്തച്ഛന്‍ കിളിയെക്കൊണ്ട്‌ കഥ പറയിക്കുന്നതിനെപ്പറ്റി പല ഊഹാപോഹങ്ങളുമുണ്ട്‌. സരസ്വതീദേവിയുടെ കൈയിലെ കിളിയാണ്‌; അറംപറ്റാതിരിക്കാന്‍ വേണ്ടിയാണ്‌; പുരാണകഥകളുടെ വക്താവായ ശുകമഹർഷിയെ സ്‌മരിക്കുന്നതാണ്‌; ഈശ്വരന്‍ തന്നെ തത്തയുടെ രൂപത്തിൽ തുഞ്ചനു ജ്ഞാനോപദേശം ചെയ്യുന്നതാണ്‌ ഇങ്ങനെ നിരവധി അഭിപ്രായങ്ങളുണ്ട്‌. മഹാകവി ഉള്ളൂർ ഈ അഭിപ്രായങ്ങളെ ഒന്നൊന്നായി ഖണ്ഡിച്ചിട്ടുമുണ്ട്‌ (കേരളസാഹിത്യ ചരിത്രം കക, 501). ശൂദ്രനായതുകൊണ്ട്‌ വേദാന്തവിഷയങ്ങള്‍ നേരിട്ട്‌ പ്രതിപാദിക്കാന്‍ കഴിയാത്തതിനാൽ, ആചാര്യന്‍ കിളിയെ ഒരു ഇടനിലയ്‌ക്കു നിർത്തിയതാണെന്നു മറ്റൊരഭിപ്രായവുമുണ്ട്‌. സംസ്‌കൃതസാഹിത്യത്തിൽ സാലഭഞ്‌ജികകളെക്കൊണ്ടും പക്ഷിമൃഗാദികളെക്കൊണ്ടും കഥപറയിക്കുന്ന ഏർപ്പാടുകള്‍ നിലവിലുണ്ടായിരുന്നു. അതുപോലെതന്നെ തമിഴ്‌ സാഹിത്യത്തിലാണെങ്കിൽ "കിളിദൂത്‌' അഥവാ "കിളിവിടുത്ത്‌' എന്നൊരു ഏർപ്പാട്‌ ഉണ്ടായിരുന്നു. സംഘംകൃതി (എ.ഡി. 1-ാം ശ.)കളിൽ ഇതിന്‌ നിരവധി ഉദാഹരണങ്ങളുണ്ട്‌. ശൈവാചാര്യന്മാരുടെ തേവാരത്തിലും വൈഷ്‌ണവരുടെ (ആള്‍വാർമാർ) പ്രബന്ധങ്ങളിലും കിളി, വണ്ട്‌, അരയന്നം തുടങ്ങിയവയെ അഭിമുഖീകരിച്ചുകൊണ്ട്‌ തുടങ്ങുന്ന ഗീതങ്ങള്‍ നിരവധിയുണ്ട്‌. തിരുജ്ഞാനസംബന്ധരുടെയും (7-ാം ശ.) മാണിക്കവാചകരുടെയും (9-ാം ശ.) ഭക്തിഗാനങ്ങള്‍ എഴുത്തച്ഛന്‌ മാർഗദർശനം നല്‌കിയിരിക്കാം. കിളിയെ വിളിച്ചുണർത്തി വളരെയധികം വാത്സല്യം ചൊരിഞ്ഞ്‌ അതിനെ പ്രീതിപ്പെടുത്തിയാണ്‌ കഥ പറയിക്കുന്നത്‌. തിരുവായ്‌മൊഴി (നമ്മാള്‍വാർ)യിലും തിരുവാചകത്തിലും ഇത്തരത്തിലുള്ള ഭാഗങ്ങള്‍ നിരവധിയുണ്ട്‌. ഇതിൽനിന്ന്‌ തന്നെയായിരിക്കണം ""ശാരികപ്പൈതലേ ചാരുശീലേ വരികാരോമലേ കഥാശേഷവും ചൊല്ലുനീ തുടങ്ങിയ ഭാഗങ്ങള്‍ രചിക്കാന്‍ എഴുത്തച്ഛന്‌ പ്രചോദനം കിട്ടിയത്‌. ആധ്യാത്മിക വിഷയങ്ങളുടെ പ്രതിപാദനത്തിനാണ്‌ തമിഴിൽ ഈ രീതി അധികവും ഉപയോഗിച്ചിരുന്നത്‌. എഴുത്തച്ഛനും അതുതന്നെയാണ്‌ ചെയ്‌തത്‌. തമിഴിൽ കിളിയോടു പാടാന്‍ പറയുകയല്ലാതെ യഥാർഥത്തിൽ കിളി പാടാറില്ല; എഴുത്തച്ഛനാകട്ടെ കിളിയെക്കൊണ്ട്‌ പാടിക്കുകയും ചെയ്യുന്നു. തമിഴിലെ പൈങ്കിളിക്കണ്ണി, പരാപരക്കണ്ണി മുതലായവയിൽനിന്നാണ്‌ കിളിപ്പാട്ടിന്റെ ഉത്‌പത്തി എന്നാണ്‌ കോവുണ്ണി നെടുങ്ങാടി (കേരളകൗമുദി)യുടെ വിലയിരുത്തൽ.

""പൈങ്കിളിക്കണ്ണിയെ നോക്കിത്തന്‍ കിളിപ്പാട്ടു തുഞ്ചനും
	തങ്കലാണ്ടൊരു ശീലിൽത്താന്‍ തങ്കുമീരടി പാടിനാന്‍''
                  (കേരളകൗമുദി, കാരിക 296)
 

പക്ഷേ ഇവയുടെ കർത്താവായ തായ്‌മാനവർ തുഞ്ചനുശേഷം ഒരു നൂറ്റാണ്ട്‌ കഴിഞ്ഞിട്ടാണ്‌ ജീവിച്ചിരുന്നതെന്നതിന്‌ വ്യക്തമായ തെളിവുകളുള്ളതിനാൽ ഈ വാദം സ്വീകാര്യമല്ല. കിളിയെ വിളിച്ച്‌ പ്രീതിപ്പെടുത്തുന്നതിലും അതിനെക്കൊണ്ട്‌ കഥ പറയിക്കുന്നതിലും ഒരു പ്രത്യേക ചാതുരിയാണ്‌ എഴുത്തച്ഛന്‍കാട്ടിയിരിക്കുന്നത്‌. രാമായണത്തിലും ഭാരതത്തിലും കാണ്ഡത്തിന്റെയോ പർവത്തിന്റെയോ ആരംഭത്തിൽ,

""ശ്രീരാമനാമം പാടിവന്ന പൈങ്കിളിപ്പെണ്ണേ!
	ശ്രീരാമചരിതം നീ ചൊല്ലീടുമടിയാതെ''
		(അധ്യാത്മരാമായണം, ബാലകാണ്ഡം)
""ശുകതരുണി ജനമണിയുമണിമകുടമാലികേ
	ചൊല്ലെടോ ചൊല്ലെടോ കൃഷ്‌ണലീലാമൃതം'' 
		(ഭാരതം, ഭീഷ്‌മപർവം)
എന്ന്‌ കവി തന്റെ അഭിലാഷം അറിയിക്കുകയും 
""ശാരികപ്പൈതൽ താനും വന്ദിച്ചു വന്ദ്യന്മാരെ
ശ്രീരാമസ്‌തുതിയോടെ പറഞ്ഞുതുടങ്ങിനാള്‍''
		(അധ്യാത്മരാമായണം, ബാലകാണ്ഡം)
""കുതുകമതിനധികതരമകതളിരിലെങ്കിലോ
കൂറീടുവന്‍ കുറഞ്ഞൊന്നു ചുരുക്കി ഞാന്‍''
			(ഭാരതം, ഭീഷ്‌മപർവം)
 

എന്നിങ്ങനെ അവസാനിപ്പിക്കുകയും ചെയ്‌തിരിക്കുന്നു. ഇതിനെക്കാള്‍ അല്‌പംകൂടി ആകർഷകമായ വിധത്തിലും ഇദ്ദേഹം അവതരണം നിർവഹിച്ചിട്ടുണ്ട്‌.

""സകല ശുകകുല വിമല തിലകിത കളേബരേ!
സാരസ്യ പീയൂഷ സാരസർവസ്വമേ
കഥയ മമ കഥയ മമ കഥകളതിസാദരം
കാകുത്‌സ്‌ഥ ലീലകള്‍ കേട്ടാൽ മതിവരാ.
...	...	...	...	...	...	
കിളിമൊഴിയുമതുപൊഴുതു തൊഴുതു ചൊല്ലീടിനാള്‍
കാരുണ്യമൂർത്തിയെച്ചിന്തിച്ചു മാനസേ''
		(അധ്യാത്മരാമായണം, സുന്ദരകാണ്ഡം)
 

എന്നിങ്ങനെയുള്ള സുന്ദരകാണ്ഡത്തിന്റെ തുടക്കം കൂടുതൽ ഹൃദ്യമായിട്ടുണ്ട്‌. കിളിപ്പാട്ട്‌ കൃതികളുടെ രചനവഴി മലയാള സാഹിത്യത്തിനും സംസ്‌കാരത്തിനും എഴുത്തച്ഛന്‍ നല്‌കിയിട്ടുള്ള സംഭാവനകള്‍ നിസ്‌തുലങ്ങളാണ്‌. തമിഴിന്റെയും സംസ്‌കൃതത്തിന്റെയും ആധിപത്യത്തിൽനിന്ന്‌ അകന്ന്‌ സ്വയം ശക്തിസംഭരിച്ച്‌ മലയാള കവിത സ്വതന്ത്രപദവി കൈവരിച്ചത്‌ എഴുത്തച്ഛനിലൂടെയാണ്‌. മണിപ്രവാള കാലഘട്ടത്തിൽ മൂരിശൃംഗാരമായി കുത്തഴിഞ്ഞാടിയ മലയാള കവിതയെ കണ്ണശ്ശന്മാർ പുതിയ ചില ചാലുകളിലൂടെ തിരിച്ചുവിട്ടു. സാംസ്‌കാരിക ധന്യതയുടെ പുതിയ പാതകളിലൂടെ സഞ്ചരിച്ച മലയാളകവിത തുഞ്ചത്തെഴുത്തച്ഛനിലെത്തിയപ്പോഴേക്കും കൂടുതൽ ശ്രഷ്‌ഠമായി; സാധാരണയായി സംസ്‌കൃതത്തിൽ കൈകാര്യം ചെയ്‌തിരുന്ന വേദാന്തവിഷയങ്ങള്‍ കിളിപ്പാട്ടിലൂടെ അവതരിപ്പിച്ചാലും തരക്കേടൊന്നുമില്ലെന്ന്‌ എഴുത്തച്ഛന്‍ തെളിയിച്ചു. അതോടെ മലയാള സാഹിത്യത്തിന്‌ സ്വന്തമായ ഒരു ഭാഷാശൈലി പ്രത്യേകിച്ച്‌ ക്ലാസ്സിക്‌ സാഹിത്യനിർമിതിക്കാവശ്യമായത്‌, ഉരുത്തിരിഞ്ഞുവന്നു. ചമ്പുക്കളിലും സന്ദേശകാവ്യങ്ങളിലും മറ്റും ഉണ്ടായിരുന്ന കൃത്രിമത്വം മുറ്റിയ അലങ്കാരപ്രയോഗങ്ങളടങ്ങിയ വികലരചനകളുടെ സ്ഥാനത്ത്‌ സ്വാഭാവികതയും തെളിമയും ഉള്ള ഒരു രചനാസമ്പ്രദായം ഉണ്ടായി. ആകെക്കൂടി നോക്കിയാൽ എഴുത്തച്ഛന്റെ കിളിപ്പാട്ടിലൂടെ കവിത്വത്തിന്റെ അന്തസ്സും പ്രൗഢിയും മലയാള കവിതയ്‌ക്ക്‌ കൈവന്നു. ഇത്രയേറെ നേട്ടങ്ങളുണ്ടാക്കാന്‍ കഴിഞ്ഞ കിളിപ്പാട്ട്‌ രീതിക്കും എഴുത്തച്ഛനും വളരെയധികം അനുകരണങ്ങളും അനുകർത്താക്കളും ഉണ്ടായി. ചിലതൊക്കെ സ്വന്തം വ്യക്തിത്വം പുലർത്തുന്നതാണെങ്കിലും എഴുത്തച്ഛന്‍കൃതികളുടെ തലത്തിലേക്കുയരാന്‍ ഇവയ്‌ക്കു കഴിഞ്ഞിട്ടില്ല. നാഗാനന്ദം, രാമാശ്വമേധം, ഭാരതം സംക്ഷേപം, ശ്രീരാമസ്വർഗാരോഹണം, പുത്രകാമേഷ്‌ടി, നാസികേതു പുരാണം, മാർക്കണ്ഡേയ പുരാണം, ചിത്രഗുപ്‌തചരിത്രം, കിരാതാർജുനീയം തുടങ്ങിയ കിളിപ്പാട്ടുകള്‍ ഇവയിൽ സവിശേഷ പരാമർശം അർഹിക്കുന്നുണ്ട്‌.

മറ്റു കിളിപ്പാട്ടുകളിൽനിന്ന്‌ പ്രകടമായ വ്യത്യസ്‌തത പുലർത്തുന്ന ഒന്നാണ്‌ അജ്ഞാതകർത്തൃകമായ ഏകാദശീ മാഹാത്മ്യം (17-ാം ശ.). കേകവൃത്തത്തിൽ നാലു ഭാഗങ്ങളായിട്ടാണ്‌ ഈ കിളിപ്പാട്ട്‌ രചിച്ചിരിക്കുന്നത്‌. ഇതിൽ ഓരോ ഭാഗത്തിലും വരിവണ്ട്‌, കുയിൽ, കിളി, അന്നം എന്നിവയെക്കൊണ്ട്‌ കഥ പറയിച്ചിരിക്കുന്നു.

""ഇനിയുമിതിന്‍ ശേഷം കേള്‍പ്പാനാഗ്രഹമെങ്കിൽ 
പിന്നീടുവരും കുയിലോടു ചോദിച്ചുകൊള്‍

എന്നു വരിവണ്ടും. ""ഇനിയുമിതിന്‍ ശേഷം കേള്‍ക്കണമെന്നാകിലോ ബാലികപ്പെണ്ണന്നത്തോടു ചോദിക്ക എന്നു കിളിയും പറഞ്ഞുപിരിയുകയും ഒടുവിൽ അന്നം കഥ പറഞ്ഞു മുഴുമിപ്പിക്കുകയും ചെയ്യുന്നു. എഴുത്തച്ഛനു മുമ്പ്‌ കിളിയെക്കൊണ്ടെന്നതുപോലെ വരിവണ്ട്‌, അന്നം, കുയിൽ മുതലായവയെക്കൊണ്ട്‌ കഥ പറയിക്കുന്ന സമ്പ്രദായമുണ്ടായിരുന്നെങ്കിലും എഴുത്തച്ഛനുശേഷം ഇതിനു വലിയ പ്രചാരം കിട്ടിയില്ല. എഴുത്തച്ഛനു ശേഷം ഉണ്ടായ കിളിപ്പാട്ടുകളിൽ ശ്രദ്ധേയമായ ഒന്നാണ്‌ ഉണ്ണായിവാരിയരുടേതെന്നു പരക്കെ വിശ്വസിക്കപ്പെടുന്ന ഗിരിജാകല്യാണം ഗീതപ്രബന്ധം (സു. 18-ാം ശ.). അതുപോലെതന്നെ കോട്ടയം കേരളവർമയുടെ (1645-96) കൃതികളും പരാമർശം അർഹിക്കുന്നുണ്ട്‌. ഇദ്ദേഹം വാല്‌മീകി രാമായണം കിളിപ്പാട്ടായി പരിഭാഷപ്പെടുത്തുകയുണ്ടായി. തനി കിളിപ്പാട്ടുരീതിയിൽ നിന്ന്‌ നേരിയ ചില വ്യതിയാനങ്ങളുണ്ടെങ്കിലും ഇദ്ദേഹത്തിന്റെ പാതാളരാമായണം, ബാണയുദ്ധം, മോക്ഷദായകപ്രകരണം, മോക്ഷസിദ്ധി പ്രകരണം, ഭീഷ്‌മോപദേശം എന്നീ കൃതികള്‍ കിളിപ്പാട്ടുകള്‍ തന്നെയാണ്‌.

ക്രിസ്‌ത്യന്‍ സംഭാവനകള്‍. ക്രിസ്‌തീയ സാഹിത്യത്തിലും കിളിപ്പാട്ടു ശീലിലുള്ള കൃതികള്‍ ഉണ്ടായിട്ടുണ്ട്‌. 18-ാം ശതകത്തിൽ അർണോസു പാതിരി എഴുതിയ ചതുരന്ത്യം ഇക്കൂട്ടത്തിൽപ്പെടുന്നു. രചനാരീതിയിലും വേദാന്തകാര്യങ്ങളുടെ പ്രതിപാദനത്തിലും എഴുത്തച്ഛനെയാണ്‌ പാതിരി മാർഗദർശിയായി സ്വീകരിച്ചിരിക്കുന്നത്‌. മനുഷ്യന്റെ മരണസമയത്തെ സംഭ്രമങ്ങള്‍, ആത്മാവിന്റെ പിന്നത്തെ യാത്രാസ്ഥലങ്ങള്‍ മുതലായവയെപ്പറ്റി നാലുപർവങ്ങളിലായി വിവരിക്കുന്നതാണ്‌ ചതുരന്ത്യം. മരണപർവം (മഞ്‌ജരി), വിധിപർവം (കളകാഞ്ചി), നരകപർവം, മോക്ഷപർവം (രണ്ടും കേക) എന്നീ നാലു പർവങ്ങളിലായുള്ള ചതുരന്ത്യത്തിലെ കവിത അത്ര ഉന്നത നിലവാരം പുലർത്തുന്നതല്ലെങ്കിലും തീരെ മോശമല്ല. കേരളത്തിലെത്തി മലയാളം പഠിച്ച്‌ കവിതയെഴുതിയ ഒരു പാശ്ചാത്യന്റെ കൃതിയാണിതെന്നോർക്കുമ്പോള്‍ ബഹുമാന്യത കൂടുന്നുണ്ടുതാനും. 18-ാം ശതകത്തിൽ തന്നെ ജീവിച്ചിരുന്ന ചാക്കോ മാപ്പിളയുടെ ശൂശരാജാക്കളുടെ പാട്ട്‌ എന്ന കൃതി പ്രാവിനെക്കൊണ്ടും ചെറിയ തോബിയാസിന്റെ പാട്ട്‌ അരയന്നത്തെക്കൊണ്ടുമാണ്‌ പാടിച്ചിരിക്കുന്നത്‌. ഇവയ്‌ക്കുപുറമേ നസ്രാണിമാപ്പിളമാരുടെ മംഗല്യം വട്ടക്കളി, അന്നംചാർത്തുപാട്ട്‌, മൈലാഞ്ചിപ്പാട്ട്‌, അയനിപ്പാട്ട്‌, എടുത്തിര വട്ടക്കളി, വാഴുക്കളി, പന്തൽപ്പാട്ട്‌ മുതലായവ വിവാഹഗാനങ്ങളിൽ പഴയ ആചിരിയ വൃത്തവും കേക, കാകളി മുതലായ വൃത്തങ്ങളും കാണാനുണ്ടെന്ന്‌ ഡോ. പി.ജെ. തോമസ്‌ അഭിപ്രായപ്പെടുന്നു.

കിളിപ്പാട്ടു സമ്പ്രദായത്തിൽ അധികവും ആധ്യാത്മിക സ്വഭാവമുള്ള കൃതികളാണെങ്കിലും അങ്ങനെ അല്ലാതുള്ള കൃതികളും ഉണ്ട്‌. ചെമ്പുക്കാട്ടു നീലകണ്‌ഠന്റെ കണ്ടിയൂർമറ്റം പടപ്പാട്ട്‌ ഇക്കൂട്ടത്തിൽപ്പെടുന്നു. ചിങ്ങമാസത്തിലെ തിരുവോണത്തോടനുബന്ധിച്ച്‌ നടത്തപ്പെടുന്ന ഒരു വിനോദമായ ഓണത്തല്ലിന്റെ വിവരണമാണ്‌ ഇതിലുള്ളത്‌. ഈ കൃതിയെക്കുറിച്ച്‌ ഉള്ളൂർ നടത്തുന്ന പരാമർശം (കേരള സാഹിത്യചരിത്രം III, 178) അതിന്റെ ചരിത്രപരമായ പ്രാധാന്യം വ്യക്തമാക്കുന്നു. കൊച്ചി രാജ്യത്തെ സംബന്ധിക്കുന്ന പടപ്പാട്ടാണ്‌ ഈ രംഗത്തുള്ള മറ്റൊരു കിളിപ്പാട്ട്‌. 1646 മുതൽ 1670 വരെയുള്ള വർഷങ്ങളിൽ കൊച്ചി രാജകുടുംബവുമായി പോർച്ചുഗീസുകാരും ഡച്ചുകാരും ചേർന്നു നടത്തിയ സമരങ്ങളാണ്‌ ഇതിലെ പ്രതിപാദ്യം. ഗണപതി, സരസ്വതി, ശ്രീകൃഷ്‌ണന്‍, വ്യാസന്‍ തുടങ്ങിയവരെ കാവ്യാരംഭത്തിൽ സ്‌മരിച്ചിട്ടുള്ളത്‌ കവി ആസ്‌തികനായിരുന്നുവെന്ന്‌ വ്യക്തമാക്കുന്നു. കാടഞ്ചേരി നമ്പൂതിരിയുടെ പ്രസിദ്ധ കൃതിയായ മാമാങ്കോദ്ധരണവും ഈ വിഭാഗത്തിൽപ്പെടുന്നതാണ്‌. 1694-ലും അതിന്റെ അടുത്തവർഷവും സാമൂതിരി നടത്തിയ മാമാങ്കമാണ്‌ കിളിപ്പാട്ടിനാധാരം. ഗോകർണോദ്ധരണം, പൂന്തുറേശാധിപത്യം, പൂന്തുറേശവൃത്തം, മാഘമഹോത്സവം, ശക്തിപ്രസാദം, മാമാങ്കോദ്ധരണം എന്നീ ആറു ഖണ്ഡങ്ങളിലായാണ്‌ കാവ്യം നിബന്ധിച്ചിരിക്കുന്നത്‌. കണ്ടർമേനോന്‍ പാട്ട്‌, രാമച്ചപ്പണിക്കർ പാട്ട്‌ തുടങ്ങിയ ചില ചാവേറ്റുപാട്ടുകളും ഇക്കൂട്ടത്തിൽപ്പെടുത്താവുന്നതായുണ്ട്‌. തുള്ളൽപ്പാട്ടുകളുടെ കർത്താവായ കുഞ്ചന്‍നമ്പ്യാരുടേതായി ഏകാദശീമാഹാത്മ്യം (രുക്‌മാംഗദ ചരിതം), നളചരിതം, പഞ്ചതന്ത്രം, ശിവപുരാണം എന്നീ കിളിപ്പാട്ടുകളും ലഭിച്ചിട്ടുണ്ട്‌. ചാണക്യസൂത്രം, മുദ്രാരാക്ഷസ കഥാസാരം എന്നിവയും നമ്പ്യാരുടെ കൃതികളാണെന്ന്‌ ഊഹിക്കപ്പെടുന്നു.

കല്ലേക്കുളങ്ങര രാഘവപ്പിഷാരടി (1725-95) യുടെ വേതാളചരിത്രം, പഞ്ചതന്ത്രം, സേതുമാഹാത്മ്യം തുടങ്ങിയ കിളിപ്പാട്ടുകളും കടിയംകുളത്തു ശുപ്പുമേനോന്റെ (1760-95) തേനാരിമാഹാത്മ്യം, കാവേരിമാഹാത്മ്യം, കേദാരമാഹാത്മ്യം മുതലായ കൃതികളും പരാമർശം അർഹിക്കുന്നവയാണ്‌.

19-ാം ശ. ആയപ്പോഴേക്കും കിളിപ്പാട്ടുപ്രസ്ഥാനത്തിന്റെ അപചയം ആരംഭിച്ചുകഴിഞ്ഞു. കേരളവർമ വലിയകോയിത്തമ്പുരാന്റെയും വെണ്മണിമാരുടെയും നേതൃത്വത്തിൽ സംസ്‌കൃതസാഹിത്യത്തിന്റെ നവോത്ഥാനം ഉണ്ടായ കാലത്തുതന്നെ നിരവധി കിളിപ്പാട്ടുകളും ഉടലെടുക്കുകയുണ്ടായി. കൊടുങ്ങല്ലൂർ കൊച്ചുണ്ണിത്തമ്പുരാനും (1858-1926), കാത്തുള്ളിൽ അച്യുതമേനോനും ആണ്‌ ഇക്കാലത്ത്‌ ഏറ്റവുമധികം കിളിപ്പാട്ടുകള്‍ രചിച്ചത്‌. കൊച്ചുണ്ണിത്തമ്പുരാന്റെ കൃതികളായ ഭദ്രാത്‌പത്തി, രാമാശ്വമേധം, ലക്ഷ്‌മീസ്വയംവരം എന്നീ കൃതികള്‍ സാഹിത്യഭംഗിയിലും മികച്ചതാണ്‌. അച്യുതമേനോന്റെ ജൈമിനീയാശ്വമേധവും ഉന്നതനിലവാരം പുലർത്തുന്നതാണ്‌. ചമ്പത്തിൽ ചാത്തുക്കുട്ടി മന്നാടിയാരുടെ (1857-1905) ഹാലാസ്യമാഹാത്മ്യവും പരവൂർ ശാമുമേനോന്റെ (1875-1927) ജ്ഞാനവാസിഷ്‌ഠവും എടുത്തുപറയേണ്ട രണ്ട്‌ കിളിപ്പാട്ടുകൃതികളാണ്‌. ഈ പ്രസ്ഥാനത്തിൽ അടുത്ത കാലത്തുണ്ടായിട്ടുള്ള ഏറ്റവും പ്രാധാന്യമർഹിക്കുന്ന കൃതി മുഴങ്ങാട്ടുവിള കൃഷ്‌ണപിള്ളയുടെ (1887-1970) ഭാഗവതം കിളിപ്പാട്ട്‌ ആണ്‌. കേരളവർമയുഗം കഴിഞ്ഞതോടെ കിളിപ്പാട്ടുകളും അസ്‌തമിച്ചു. എന്നാൽ കിളിപ്പാട്ടിലൂടെ പ്രചരിച്ച കേക, കാകളി തുടങ്ങിയ വൃത്തങ്ങള്‍ ആധുനിക മലയാള കവികളിൽപ്പോലും വളരെയധികം സ്വാധീനത ചെലുത്തുകയുണ്ടായി. കുമാരനാശാനും വള്ളത്തോളും ഉള്ളൂരും ഇക്കാര്യത്തിൽ മുന്നണിയിലാണ്‌.

"തുഞ്ചഗുരുവരോപജ്ഞമാം രീതി'യിലാണ്‌ താന്‍ ബുദ്ധചരിതം രചിച്ചതെന്ന്‌ കുമാരനാശാന്‍ തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്‌. വള്ളത്തോളിന്റെ അച്ഛനും മകളും എന്ന ഖണ്ഡകാവ്യവും "ഭക്തിയും വിഭക്തിയും', "എന്റെ ഗുരുനാഥന്‍', "പുരാണങ്ങള്‍' തുടങ്ങിയ കവിതകളും കിളിപ്പാട്ടുവൃത്തങ്ങളിലാണ്‌ നിബന്ധിച്ചിരിക്കുന്നത്‌. ഉള്ളൂരിന്റെ വാങ്‌മയങ്ങളിലും ഉദാഹരണങ്ങള്‍ ധാരാളമുണ്ട്‌. ചങ്ങമ്പുഴ, ജി. ശങ്കരക്കുറുപ്പ്‌, വെണ്ണിക്കുളം, വൈലോപ്പിള്ളി, ഒ.എന്‍.വി., വിഷ്‌ണുനാരായണന്‍ നമ്പൂതിരി തുടങ്ങിയ കവികളും എഴുത്തച്ഛന്‍ പ്രയോഗിച്ചു പ്രചാരം നല്‌കിയ കിളിപ്പാട്ടുവൃത്തങ്ങള്‍ തന്നെ തങ്ങളുടെ കവിതകള്‍ രചിക്കുന്നതിന്‌ സമൃദ്ധമായും വിജയകരമായും ഉപയോഗിച്ചിട്ടുണ്ട്‌. മറ്റു പല പ്രസ്ഥാനങ്ങള്‍ക്കും ഇല്ലാത്ത ചില സവിശേഷതകള്‍ കിളിപ്പാട്ടിന്‌ അവകാശപ്പെടാനുണ്ട്‌. വൈചിത്യ്രത്തിന്‌ കിളിപ്പാട്ടുകളിൽ വളരെയധികം സാധ്യതകളുണ്ടെന്നത്‌ എടുത്തുപറയാവുന്ന ഒരു നേട്ടമാണ്‌. ഗാഥ, വഞ്ചിപ്പാട്ട്‌, സന്ദേശകാവ്യം മുതലായവയിലെപ്പോലെ ഒരു വൃത്തത്തെ തന്നെ ഇവിടെ സമാശ്രയിക്കേണ്ടിവരുന്നില്ല. എല്ലാവർക്കും അഭിഗമ്യമായ ഒരു ഭാഷ, കിളിപ്പാട്ടുകളിൽ ഉപയോഗിക്കുന്നു എന്നതും കൂടുതൽ ജനകീയ സ്വഭാവം പകരാന്‍ ഉപകരിക്കുന്നുണ്ട്‌. കിളിപ്പാട്ടുവൃത്തങ്ങള്‍. കേക, കാകളി, കളകാഞ്ചി, മണികാഞ്ചി, മിശ്രകാകളി, ഊനകാകളി, ദ്രുതകാകളി, അന്നനട എന്നിവയാണ്‌ പ്രധാനമായും കിളിപ്പാട്ടുവൃത്തങ്ങളായി ഗണിക്കപ്പെടുന്നത്‌. ഇതിൽ കേക, കാകളി, കളകാഞ്ചി, അന്നനട എന്നിവയാണ്‌ എഴുത്തച്ഛന്‍ മുഖ്യമായും ഉപയോഗിച്ചിട്ടുള്ളത്‌ (കേരള സാഹിത്യ ചരിത്രം). കാകളി, മണികാഞ്ചി തുടങ്ങി തമ്മിൽ നേരിയ വ്യത്യാസങ്ങള്‍ മാത്രമുള്ള വൃത്തങ്ങളും അപൂർവമായി ഉപയോഗിച്ചിട്ടുണ്ട്‌. പക്ഷേ എഴുത്തച്ഛനു മുമ്പും അതായത്‌ രാമചരിതം, ഗുരുദക്ഷിണപ്പാട്ട്‌ തുടങ്ങിയ പഴയ കൃതികളിൽ ഈ വൃത്തങ്ങള്‍ ഉപയോഗിച്ചിട്ടുണ്ട്‌. അന്നനട എഴുത്തച്ഛന്റെ സ്വന്തമാണെന്ന ഉള്ളൂരിന്റെ വാദം പുനർവിചിന്തനം അർഹിക്കുന്നതാണ്‌. പാനത്തോറ്റങ്ങളിലും സംഘം കിളിപ്പാട്ടിലും അന്നനട ഉപയോഗിച്ചിട്ടുണ്ട്‌. കാകളി. എഴുത്തച്ഛന്‍ ഏറ്റവുമധികം ഉപയോഗിച്ചിട്ടുള്ള വൃത്തമാണ്‌ കാകളി. അധ്യാത്മ രാമായണത്തിലെ ആറു കാണ്ഡങ്ങളിൽ പകുതിയും ഭാരതത്തിലെ 18 പർവങ്ങളിൽ എട്ടും ഈ വൃത്തത്തിലാണ്‌ നിബന്ധിച്ചിരിക്കുന്നത്‌.

""മാത്രയഞ്ചക്ഷരം മൂന്നിൽ വരുന്നോരു ഗണങ്ങളെ
എട്ടു ചേർത്തുള്ളീരടിക്കു ചൊല്ലാം കാകളിയെന്നുപേർ''
എന്നു ലക്ഷണവും
""ശാരികപ്പൈതലേ ചാരുശീലേ വരി-
കാരോമലേ കഥാശേഷവും ചൊല്ലു നീ'' 
 

എന്ന്‌ ലക്ഷ്യവും വൃത്തമഞ്‌ജരിയിൽ നല്‌കിയിരിക്കുന്നു. കളകാഞ്ചി, മണികാഞ്ചി, പര്യസ്‌തകാഞ്ചി, ഊനകാകളി മുതലായവയെല്ലാം കാകളിയുടെ രൂപാന്തരങ്ങളാണെന്നതും ശ്രദ്ധേയമാണ്‌. ഇവയുടെ ഉപജ്ഞാതൃത്വം എഴുത്തച്ഛനിൽ കല്‌പിക്കുന്നത്‌ ശരിയാകുമെന്ന്‌ തോന്നുന്നില്ല. കാരണം അക്ഷരാദിക്രമത്തിൽ അല്‌പസ്വല്‌പവ്യത്യാസം ഉണ്ടെങ്കിലും ഇവ ഉണ്ണിച്ചിരുതേവി ചരിതം തുടങ്ങിയ ചമ്പുക്കളിലും സംഘക്കളിയിലും രാമചരിതം തുടങ്ങിയ ചമ്പുക്കളിലും കൃതികളിലും വളരെയധികം പ്രയോഗിച്ചിട്ടുണ്ട്‌.

കളകാഞ്ചി. കാകളിയുടെ ഒന്നാം പാദത്തിന്റെ ആദിയിൽ രണ്ടോ മൂന്നോ ഗണം ലഘുമയമായാൽ കളകാഞ്ചി.

"കാകളിക്കാദ്യ പാദാദൗ
രണ്ടോ മൂന്നോ ഗണങ്ങളെ
ഐയഞ്ചു ലഘുവാക്കീടി
ലുളവാം കളകാഞ്ചി കേള്‍'.
		(വൃത്തമഞ്‌ജരി)
ഉദാ. ""സുരവരജ സുതനുമഥ നിന്നൂ വിഷണ്ണനായ്‌
സൂക്ഷിച്ചു മായമറിഞ്ഞിട്ടിരാവാനും''
		(ഭാരതം, ഭീഷ്‌മപർവം)
""സകല ശുകകുല വിമല തിലകിത കളേബരേ
സാരസ്യ പീയൂഷ സാരസർവസ്വമേ''
		(അധ്യാത്മരാമായണം, സുന്ദരകാണ്ഡം)
ഈ ലക്ഷണത്തിനുള്ള അവ്യാപ്‌തിദോഷം കെ.കെ. വാധ്യാർ (വൃത്തവിചാരം) ചൂണ്ടിക്കാട്ടിയിട്ടുണ്ട്‌. "കാകളി യുടെ ചില ഗണങ്ങള്‍ ലഘുമയമോ ലഘുപ്രായമോ (രണ്ടുമോ) ആക്കിയാൽ കളകാഞ്ചി' എന്നാണദ്ദേഹത്തിന്റെ വിവരണം. അങ്ങനെ വരുമ്പോള്‍ മണികാഞ്ചിയും മിശ്രകാകളിയും കൂടി ഈ ലക്ഷണത്തിന്റെ പരിധിയിൽ ഉള്‍പ്പെടുകയും ചെയ്യും.
കേക. "മൂന്നും രണ്ടും രണ്ടും മൂന്നും രണ്ടും രണ്ടെന്നെഴുത്തുകള്‍
പതിന്നാലിന്നാറുഗണം പാദം രണ്ടിലുമൊന്നുപോൽ
ഗുരുവൊന്നെങ്കിലും വേണം മാറാതോരോ ഗണത്തിലും
നടുക്കു യതി, പാദാദിപ്പൊരുത്തമിതു കേകയാം'
				(വൃത്തമഞ്‌ജരി)
 

ഓരോ പാദത്തിലും 3, 2, 2, 3, 2, 2 എന്ന ക്രമത്തിൽ അക്ഷരസംഖ്യയുള്ള ആറു ഗണങ്ങള്‍; 14 അക്ഷരം. ഈ ഗണങ്ങളോരോന്നിലും ഓരോ ഗുരുവെങ്കിലും വേണം, എല്ലാം ഗുരുവായാലും വിരോധമില്ല. അപ്പോള്‍ ഒരു പാദത്തിൽ കുറഞ്ഞപക്ഷം ഗുരു 6, ശേഷം 8 ലഘു എന്നു മാത്ര 20; എല്ലാം ഗുരുവായാൽ മാത്ര 28; അതിനാൽ മാത്ര 20-നും 28-നും മധ്യേയായിരിക്കും; അക്ഷരം 14 എന്നു ക്ലിപ്‌തപ്പെടുത്തിയിരിക്കുന്നു. എന്നാൽ മാത്ര സാധാരണയിൽ രണ്ട്‌ അറ്റങ്ങള്‍ക്കും മധ്യേ 22-ഓ, 24-ഓ ആയിരിക്കും. പാദാദികള്‍ക്ക്‌ പൊരുത്തം വേണം. അതായത്‌ ഒരു പാദം ഗുരുകൊണ്ടു തുടങ്ങിയാൽ രണ്ടാം പാദവും ഗുരുകൊണ്ടുതന്നെ തുടങ്ങണം. ലഘുകൊണ്ടായാൽ ലഘുകൊണ്ട്‌ എന്നുള്ള നിയമം. പാദങ്ങള്‍ക്കു മധ്യേ യതി വേണം. 3, 2, 2 എന്ന ആദ്യത്തെ മൂന്നു ഗണം ഒരു യതി. അതുപോലെ തന്നെ പിന്നെയും മൂന്നു ഗണം പിന്നീട്‌ ഒരു യതി.

1. 	""സുരവാഹിനീ പതി തനയന്‍ ഗണപതി
	സുരവാഹിനീപതി പ്രമഥ ഭൂതപതി''-20 മാത്ര
2.	""ശക്രനോ കൃതാന്തനോ പാശിയോ കുബേരനോ
	ദുഷ്‌കൃതം ചെയ്‌തവന്‍തന്നെ ഞാനൊടുക്കുവന്‍''-22 മാത്ര
3.	""കൈലാസാചലേ സൂര്യകോടി ശോഭിതേവിമ-24 മാത്ര
	ലാലയേ രത്‌നപീഠേ സംവിഷ്‌ടം ധ്യാനനിഷ്‌ഠം''-26 മാത്ര
4.	""മാതംഗാഭ്യസന്‍ ദേവന്‍ മംഗല്യാധാന പ്രീതന്‍
	മാതംഗീ വാചാന്‌ദേവീമാനാഥന്‍ ഗൗരീകാന്തന്‍''-28 മാത്ര
 

അധ്യാത്മരാമായണത്തിൽ രണ്ടു കാണ്ഡവും മഹാഭാരതത്തിൽ എട്ടു പർവവും കേകയിലാണ്‌. സംഗീതത്തിനു പ്രാമുഖ്യം ഇയറ്റുന്ന ഈ വൃത്തം ശരിക്കും കൈകാര്യം ചെയ്യാന്‍ എഴുത്തച്ഛനു കഴിഞ്ഞു; ഭാവഗാംഭീര്യവും സുഭഗതയും പ്രതിഫലിപ്പിക്കാനും സാധിച്ചിട്ടുണ്ട്‌. വൃത്തമഞ്‌ജരിയിൽ പറയുന്ന സവിശേഷതകളോടു കൂടിയ കേക എഴുത്തച്ഛനു മുമ്പുതന്നെ മലയാളത്തിൽ നിലനിന്നിരുന്നു. ഗുരുദക്ഷിണപ്പാട്ടും സേതുബന്ധനവും മറ്റും ഇക്കാര്യം വിളിച്ചറിയിക്കുന്നു. ഈ വൃത്തത്തിനു തമിഴിലെ "ആചിരിയ' (ആശീർകഴിനെടിലടി) വിരുത്തത്തോടും അല്‌പം സാമ്യമുണ്ട്‌.

അന്നനട. "ലഘുപൂർവം ഗുരുപരം ഈ മട്ടിൽ
		ദ്വ്യക്ഷരം ഗണം
ആറെണ്ണം, മധ്യയതിയാലർധിതം; മുറി രണ്ടിലും
ആരംഭേ നിയമം നിത്യമിതന്നനടയെന്ന 	 ശീൽ'
(വൃത്തമഞ്‌ജരി)
 

പാദമൊന്നിന്‌, മുന്‍ ലഘുവും പിന്‍ഗുരുവുമായിട്ട്‌ ഈരണ്ടക്ഷരമുള്ള ഗണം ആറ്‌, നടുക്ക്‌ യതി ചെയ്‌തു പാദത്തെ രണ്ടായി മുറിക്കണം. രണ്ടു മുറിയുടെയും ആദ്യഗണത്തിൽ മുന്‍ ലഘു, പിന്‍ ഗുരു എന്ന നിയമം അവശ്യം അനുഷ്‌ഠിക്കണം. ശേഷം നാലു ഗണങ്ങളിൽ തെറ്റിയാലും തരക്കേടില്ല.

1.	"ഹരാ ഹരാ ഹരാ ശിവാ ശിവാ ശിവാ
	പുര ഹരാ മുര ഹര നത പദാ'
(കർണപർവം)
2.	"വിവിധമിത്തരം പറഞ്ഞു കേഴുന്നോ-
	രരചനെത്തൊഴുതുര ചെയ്‌താന്‍ സൂതന്‍.'
(കർണപർവം)
 

കേക, കാകളി, ദ്രുതകാകളി, അന്നനട തുടങ്ങിയ കിളിപ്പാട്ടു വൃത്തങ്ങള്‍ക്കെല്ലാം നല്ല പഴക്കമുണ്ട്‌. എഴുത്തച്ഛനും അദ്ദേഹത്തെത്തുടർന്നുവന്ന മറ്റു ചിലരും ഇവയെ ദീർഘ നിബന്ധനകള്‍ക്കുപയോഗിച്ചു എന്നതാണ്‌ പ്രധാനം.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍