This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കിങ്‌, മാർട്ടിന്‍ ലൂഥർ (1929 - 68)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

08:37, 30 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

കിങ്‌, മാർട്ടിന്‍ ലൂഥർ (1929 - 68)

King, Martin Luther

മാർട്ടിന്‍ ലൂഥർ കിങ്‌

നീഗ്രാകള്‍ക്കും മറ്റു ന്യൂനപക്ഷങ്ങള്‍ക്കും വേണ്ടി അമേരിക്കയിൽ നടന്ന, പൗരാവകാശസമരത്തിന്റെ പ്രമുഖ നേതാവും ബാപ്‌റ്റിസ്റ്റ്‌ മതപുരോഹിതനും പ്രഗല്‌ഭ വാഗ്‌മിയും. "അമേരിക്കന്‍ ഗാന്ധി' എന്ന ഖ്യാതി നേടിയ ഇദ്ദേഹം 1929 ജനു. 15-ന്‌ അമേരിക്കയിലുള്ള അറ്റ്‌ലാന്റയിൽ ഒരു നീഗ്രാ കുടുംബത്തിൽ ജനിച്ചു. പിതാവും പിതാമഹനും വൈദികരായിരുന്നു. മൈക്കേൽ ലൂഥർ കിങ്‌ എന്നായിരുന്നു യഥാർഥനാമം. പ്രാട്ടസ്റ്റന്റ്‌ പരിഷ്‌കർത്താവ്‌ മാർട്ടിന്‍ ലൂഥറിനോടുള്ള ബഹുമാനസൂചകമായി പില്‌ക്കാലത്തു നിയമാനുസൃതം തന്റെ പേർ മാർട്ടിന്‍ ലൂഥർ കിങ്‌ എന്നു മാറ്റി. 1964-ൽ സമാധാനത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ചതോടുകൂടി ലോകപ്രശസ്‌തനായിത്തീർന്നു. 1968-ലെ നെഹ്‌റു അവാർഡും കിങ്ങിനായിരുന്നു.

മാർട്ടിന്‍ ലൂഥർ കിങ്‌ ഒരു വർണവിമോചനപ്രക്ഷോഭത്തിൽ (1963)

അറ്റ്‌ലാന്റയിലുള്ള പബ്ലിക്‌ സ്‌കൂളിൽ വിദ്യാഭ്യാസം ആരംഭിച്ചു. 15-ാമത്തെ വയസ്സിൽ അവിടത്തന്നെയുള്ള മോർഹൗസ്‌ (Morehouse) കോളജിൽ പ്രവേശനം ലഭിച്ചു. സമർഥരും അനുഗൃഹീതരുമായ വിദ്യാർഥികള്‍ക്കുവേണ്ടിയുള്ള ഒരു പ്രത്യേക പരിപാടിയനുസരിച്ചാണ്‌ ഇതു സാധ്യമായത്‌. 1948-ൽ സാമൂഹികശാസ്‌ത്രം ഐച്ഛികമായി പഠിച്ച്‌ ബി. എ. ബിരുദം സമ്പാദിച്ചു. തുടർന്ന്‌ മെഡിസിനും നിയമവും പഠിക്കണമെന്നായിരുന്നു കിങ്ങിന്റെ ആഗ്രഹം. എന്നാൽ പിതാവിന്റെ നിർദേശപ്രകാരം പുരോഹിതജീവിതം സ്വീകരിക്കുകയും ചെസ്റ്ററിലുള്ള ക്രാസർ തിയോളജിക്കൽ സെമിനാരിയിൽ പഠനം ആരംഭിക്കുകയും ചെയ്‌തു. 1951-ൽ ക്രാസറിൽനിന്ന്‌ ഏറ്റവും സമർഥനായ വിദ്യാർഥി എന്ന നിലയിൽ ബാച്ചിലർ ഒഫ്‌ ഡിവിനിറ്റി ബിരുദവും "പ്ലാഫ്‌ക്കർ' അവാർഡും (ഇഷ്‌ടമുള്ള ഏതെങ്കിലും ഒരു സർവകലാശാലയിൽ ഉപരിപഠനം നടത്തുന്നതിനുവേണ്ടി ഉദ്ദേശിക്കപ്പെട്ടിട്ടുള്ള 1,200 ഡോളറിന്റെ "ജ. ക്രാസർ' ഫെല്ലോഷിപ്പ്‌) കരസ്ഥമാക്കി. ക്രാസറിൽ വിദ്യാർഥി സംഘടനയുടെ അധ്യക്ഷപദവിയും കിങ്‌ സ്വായത്തമാക്കിയിരുന്നു. ഈ കാലഘട്ടത്തിൽ മഹാത്മാഗാന്ധിയുടെ അഹിംസാ തത്ത്വശാസ്‌ത്രം പഠിക്കുവാനും സമകാലീന പ്രാട്ടസ്റ്റന്റ്‌ പുരോഹിതന്മാരുടെ ചിന്താധാരയുമായി ബന്ധപ്പെടുവാനും ഇദ്ദേഹത്തിനു കഴിഞ്ഞു.

ചെസ്റ്റർ സർവകലാശാലയിൽനിന്ന്‌ ഉപരിപഠനത്തിനായി കിങ്‌, ബോസ്റ്റണ്‍ സർവകലാശാലയിൽ ചേർന്നു. ഇവിടെ വച്ചായിരുന്നു തന്റെ മതപരവും സാമൂഹികവുമായ ചിന്തകള്‍ക്ക്‌ അടിത്തറ പാകിയത്‌. ദൈവവും മനുഷ്യനും തമ്മിലുള്ള പരസ്‌പരബന്ധം മനസ്സിലാക്കുന്നതിനായിരുന്നു കിങ്‌ തന്റെ അധികസമയവും ചെലവഴിച്ചത്‌. പാള്‍ ടില്ലിച്ചിന്റെയും ഹെന്‌റി നെൽസന്റെയും ദൈവത്തെക്കുറിച്ചുള്ള വീക്ഷണങ്ങളെ താരതമ്യപ്പെടുത്തി സമർപ്പിച്ച ഗവേഷണപ്രബന്ധത്തിന്റെ അടിസ്ഥാനത്തിൽ 1955-ൽ ബോസ്റ്റണ്‍ സർവകലാശാല കിങ്ങിന്‌ ഡോക്‌ടർ ഒഫ്‌ ഫിലോസഫി ബിരുദം നല്‌കി. കിങ്‌ ദൈവത്തെ ഒരു യാഥാർഥ്യമായി അംഗീകരിച്ചിരുന്നു. സാമൂഹിക പുരോഗതി നേടിയതുകൊണ്ടോ ശരിയായ യുക്തിചിന്തകൊണ്ടോ മോക്ഷം ലഭിക്കുകയില്ല എന്നും മറിച്ച്‌ ദൈവം നയിക്കുന്ന വഴിയിൽക്കൂടിയുള്ള യാത്രകൊണ്ടു മാത്രമേ അതു ലഭ്യമാകൂ എന്നും കിങ്‌ വിശ്വസിച്ചിരുന്നു. ബോസ്റ്റണ്‍ സർവകലാശാലയിൽ പഠിക്കുന്ന അവസരത്തിൽ അൽബേനിയക്കാരിയായ കോറെറ്റാ സ്‌കോട്ട്‌ (Coretta Scott)എന്ന യുവതിയുമായി കിങ്‌ പരിചയപ്പെട്ടിരുന്നു. 1953-ൽ അവരെ വിവാഹം കഴിച്ചു. ഇവർക്കു നാലു കുട്ടികള്‍ ജനിച്ചു.

1954-ൽ കിങ്‌ മോണ്‍ട്‌ഗോമറിയിലുള്ള ബാപ്‌റ്റിസ്റ്റ്‌ ചർച്ചിൽ ആത്മീയോപദേശകനായി നിയമിതനായി. 1955-ൽ മോണ്‍ട്‌ഗോമറിയിലെ ഒരു ചെറുസംഘം പൗരാവകാശവക്താക്കള്‍ പൊതുവാഹനങ്ങളിലുള്ള വർണവിവേചനത്തിനെതിരായി സമരം ചെയ്യാന്‍ തീരുമാനിച്ചു. 1955 ഡി. 1-ന്‌ ഉണ്ടായ ഒരു സംഭവമായിരുന്നു ഇതിനു നിദാനം. റോസ്‌ പാർക്ക്‌സ്‌ (Mrs. Rose Parks) െഎന്ന ഒരു യുവതി ബസ്സിൽ ഒരു വെള്ളക്കാരന്‌ താന്‍ ഇരുന്ന സീറ്റ്‌ നല്‌കാന്‍ വിസമ്മതിച്ചു. കോപാകുലരായ വെള്ളക്കാർ വർണവിവേചന നിയമലംഘനക്കുറ്റം ചുമത്തി അവരെ അറസ്റ്റുചെയ്‌തു. ഇതിൽ കുപിതരായ കറുത്ത വർഗക്കാർ "മോണ്‍ട്‌ഗോമറി വികസനസമിതി' എന്ന പേരിൽ ഒരു സംഘടന രൂപീകരിക്കുകയും കിങ്ങിനെ അതിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കുകയും ചെയ്‌തു. ഈ സംഘടനയുടെ അധ്യക്ഷന്‍ എന്ന നിലയ്‌ക്കുള്ള കിങ്ങിന്റെ പ്രവർത്തനം സാമൂഹികനീതിക്കു വേണ്ടിയുള്ള ഒരു ആഭ്യന്തരസമരത്തിനു കളമൊരുക്കി. ഈ കാലഘട്ടത്തിൽ കിങ്ങിന്റെ വീട്‌ ഡൈനാമൈറ്റ്‌ ഉപയോഗിച്ചു തകർക്കുകയും കുടുംബാംഗങ്ങളുടെ ജീവനെ ഭീഷണിപ്പെടുത്തുകയും ചെയ്‌തിരുന്നു. കിങ്ങാകട്ടെ യാതൊരുവിധ സമ്മർദത്തിനും വഴങ്ങാതെ വർണവിവേചനത്തിനെതിരായി ധീരമായി പോരാടുകതന്നെ ചെയ്‌തു. ഇതിന്റെ ഫലമായി ഒരു വർഷവും ഏതാനും ദിവസവും കഴിഞ്ഞപ്പോള്‍ മോണ്‍ട്‌ഗോമറി നഗരത്തിലെ ബസ്സുകളിൽ ഏർപ്പെടുത്തിയിരുന്ന വർണവിവേചനനിയമം റദ്ദാക്കപ്പെട്ടു. കിങ്ങിന്റെ പൊതുജീവിതത്തിലെ ആദ്യത്തെ വിജയമായിരുന്നു ഈ സംഭവം.

മോണ്‍ട്‌ഗോമറിയിലുണ്ടായ വിജയം ശരിക്കും മുതലെടുക്കുന്നതിന്‌ രാജ്യവ്യാപകമായ ഒരു ജനകീയ പ്രസ്ഥാനം ആവശ്യമാണെന്നു കിങ്‌ മനസ്സിലാക്കി. ഈ ലക്ഷ്യത്തോടുകൂടി ഇദ്ദേഹം തെക്കേ അമേരിക്കയിലെ ക്രിസ്‌തീയ നേതൃത്വ സമ്മേളനം (SCLC) സംഘടിപ്പിക്കുകയും ഇതുവഴി തന്റെ വീക്ഷണങ്ങളെ അവതരിപ്പിക്കുന്നതിനുള്ള ഒരു ദേശീയവേദി ഒരുക്കുകയും ചെയ്‌തു. രാജ്യത്തിന്റെ എല്ലാ ഭാഗത്തും പ്രസംഗങ്ങള്‍ നടത്തിയിരുന്ന കിങ്‌ കറുത്ത വർഗക്കാരുടെ പ്രശ്‌നങ്ങള്‍ രാജ്യത്തിനകത്തും പുറത്തുമുള്ള മതനേതാക്കന്മാരുടെയും മനുഷ്യാവകാശ സംരക്ഷകരുടെയും ദൃഷ്‌ടിയിൽ കൊണ്ടുവരുന്നതിന്‌ അശ്രാന്തപരിശ്രമം നടത്തി. ഈ ഉദ്ദേശ്യത്തോടുകൂടി 1957-ൽ ഘാനയും 59-ൽ ഇന്ത്യയും സന്ദർശിച്ചു. ഇന്ത്യയിൽ എത്തിയ കിങ്ങിനെ പ്രധാനമന്ത്രി ജവാഹർ ലാൽ നെഹ്‌റു ഹാർദമായി സ്വീകരിക്കുകയും അദ്ദേഹത്തിന്‌ പൂർണമായ സഹകരണം വാഗ്‌ദാനം ചെയ്യുകയും ചെയ്‌തു. 1960-ൽ അത്‌ലാന്റയിലെ കോളജ്‌ വിദ്യാർഥികളുടെ കുത്തിയിരുപ്പ്‌ സത്യഗ്രഹത്തെ പിന്‍താങ്ങിക്കൊണ്ട്‌ കിങ്‌ തന്റെ സത്യഗ്രഹപരിപാടിയുടെ ആദ്യ പരീക്ഷണം നടത്തി. അറ്റ്‌ലാന്റാ ഡിപ്പാർട്ട്‌മെന്റ്‌ സ്റ്റോറിലെ ഭക്ഷണശാലയിൽ നിലനിന്നിരുന്ന വർണവിവേചനത്തിനെതിരെയായിരുന്നു ഈ സത്യഗ്രഹപരിപാടി.

1960-65 കാലഘട്ടത്തിൽ അമേരിക്കയിലാകമാനം കിങ്ങിനു വമ്പിച്ച പ്രശസ്‌തി സിദ്ധിച്ചിരുന്നു. അഹിംസാമാർഗത്തിൽക്കൂടിയുള്ള സമരപരിപാടികള്‍ കറുത്തവരുടെയും ഉദാരമനസ്‌കരായ വെള്ളക്കാരുടെയും പ്രീതിക്കു പാത്രമായിത്തീർന്നതും കെന്നഡി ഭരണകൂടവും ജോണ്‍സണ്‍ ഭരണകൂടവും ഇദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെ നിർലോപമായി പിന്‍താങ്ങിയിരുന്നതുമായിരുന്നു ഇതിനു കാരണം.

ഭോജനശാലകളിലും മറ്റും ഉണ്ടായിരുന്ന വർണവിവേചനത്തിനെതിരായി 1963-ൽ ബർമിങ്‌ഹാമിൽ സംഘടിപ്പിച്ച പ്രക്ഷോഭം രാജ്യത്തിന്റെ മുഴുവന്‍ ശ്രദ്ധയും പിടിച്ചുപറ്റി. പൗരാവകാശ സംരക്ഷണ വക്താക്കളുമായി ചേർന്നുകൊണ്ട്‌ 1963 ആഗ. 28-ന്‌ വാഷിങ്‌ടണിൽ കിങ്‌ നടത്തിയ ചരിത്രം സൃഷ്‌ടിച്ച പ്രകടനത്തോടുകൂടി കിങ്ങിന്റെ പ്രവർത്തനം ഒരു ജനകീയ പ്രസ്ഥാനമായി അംഗീകരിക്കപ്പെട്ടു. 1964-ൽ പൗരാവകാശ നിയമം പാസ്സാക്കി. ഇതുപ്രകാരം പൊതുസ്ഥലങ്ങളിലും ഗവണ്‍മെന്റ്‌ സ്ഥാപനങ്ങളിലും ഉണ്ടായിരുന്ന വർണവിവേചനം നിയമവിരുദ്ധമാക്കപ്പെട്ടു. കിങ്ങിന്റെ ജീവിതത്തിലെ ഏറ്റവും വലിയ സംഭവമായിരുന്നു ഇത്‌. സംഭവബഹുലമായ ഈ വർഷം തന്നെ സമാധാനത്തിനുള്ള നോബൽ സമ്മാനവും ഇദ്ദേഹത്തിനു ലഭിച്ചു.

മെംഫീസിൽ നിന്ന്‌ വാഷിങ്‌ടണിലേക്കു "പാവപ്പെട്ടവരുടെ ഒരു ജാഥ' നയിക്കുവാനുള്ള ശ്രമത്തിലായിരുന്നു കിങ്ങും സഹപ്രവർത്തകരും. ഘോഷയാത്രകളും പ്രകടനങ്ങളും നിരോധിച്ചുകൊണ്ടുള്ള കോടതി ഉത്തരവ്‌ നിലവിൽ ഉണ്ടായിരുന്നു. 1968 ഏ. 4-ന്‌ കിങ്ങും സഹപ്രവർത്തകരും ലൊറൈന്‍ മോട്ടലിന്റെ ബാൽക്കണിയിൽ നിന്നുകൊണ്ട്‌ ഘോഷയാത്രയെപ്പറ്റി ചർച്ച ചെയ്യുകയായിരുന്നു. ഘോഷയാത്രയിൽ "അമൂല്യനായ ദൈവമേ! എന്റെ കരം ഗ്രഹിക്കൂ' എന്ന പാട്ടു പാടണമെന്ന്‌ കിങ്‌ ഗായകനായ ബ്രാഞ്ചിനോടു ആവശ്യപ്പെടുകയും അദ്ദേഹം അതു സമ്മതിക്കുകയും ചെയ്‌തു. നിമിഷങ്ങള്‍ക്കകം മോട്ടലിന്റെ എതിർഭാഗത്തുനിന്നു വന്ന വെടിയുണ്ട കിങ്ങിന്റെ കഴുത്തിന്റെ വലതുഭാഗം തുളച്ചുകൊണ്ട്‌ താടിഎല്ലിൽ തറച്ചു. ഏതാനും മിനിട്ടുകള്‍ക്കകം ലോകമന:സാക്ഷിയെ ഞെട്ടിച്ചുകൊണ്ട്‌ ആ 39 കാരന്‍ അന്ത്യശ്വാസം വലിച്ചു. കിങ്ങിന്റെ മരണവാർത്ത ശ്രവിച്ചപ്പോള്‍ ഇന്ത്യയുടെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി, ""മനുഷ്യരാശിയുടെ വെളിച്ചത്തിനുവേണ്ടിയുള്ള അന്വേഷണത്തിനു നേരിട്ട കനത്ത ആഘാതമാണ്‌ കിങ്ങിന്റെ മരണം. ലോകത്തിലെ മഹാന്മാരിലൊരാളിതാ ഹിംസമൂലം നഷ്‌ടപ്പെട്ടിരിക്കുന്നു എന്നാണ്‌ അനുശോചിച്ചത്‌.

എന്തുവിലകൊടുത്തും കിങ്ങിന്റെ കൊലപാതകിയെ കണ്ടുപിടിക്കണമെന്ന്‌ എഫ്‌. ബി. ഐ. (Federal Bureau of Investigation) യുടെ അന്നത്തെ ഡയറക്‌ടറായിരുന്ന എഡ്‌ഗാർ ഹൂവർ തീരുമാനിച്ചു. കുറ്റാന്വേഷണത്തിന്റെ ചരിത്രത്തിലെ അഭൂതപൂർവമായ ഒരധ്യായമാണ്‌ അവിടെ നിന്നാരംഭിച്ചത്‌. രണ്ടുമാസങ്ങള്‍ക്കുശേഷം സ്‌കോട്ട്‌ലന്‍ഡ്‌ യാഡിന്റെ സഹായത്തോടെ 1968 ജൂണ്‍ 4-ന്‌ ലണ്ടന്‍ വിമാനത്താവളത്തിൽവച്ച്‌ കൊലപാതകിയായ ജെയിംസ്‌ ഏള്‍ റേയെ (James Earl Ray) കസ്റ്റഡിയിലെടുത്തു.

കിങ്ങിന്റെ പ്രധാനകൃതികള്‍, സ്‌റ്റ്രഡ്‌ ടുവേഡ്‌ ഫ്രീഡം (1958), സ്‌റ്റ്രങ്‌ത്‌ റ്റു ലിവ്‌ (1963), വൈ വി കാണ്‌ട്‌ വെയ്‌റ്റ്‌ (1964), വെയർ ഡു വി ഗോ ഫ്രം ഹിയർ; കയോസ്‌ ഓർ കമ്മ്യൂണിറ്റി (1967) എന്നിവയാണ്‌. ഇദ്ദേഹത്തെക്കുറിച്ച്‌ നിരവധി ഗ്രന്ഥങ്ങള്‍ രചിക്കപ്പെട്ടിട്ടുണ്ട്‌. കിങ്ങിന്റെ സഹധർമിണിയായ കോറെറ്റാ കിങ്‌ രചിച്ച മൈ ലൈഫ്‌ വിത്ത്‌ മാർട്ടിന്‍ ലൂഥർ കിങ്‌ ജൂനിയർ (1969) വില്‌പനയുടെ കാര്യത്തിൽ റെക്കോഡ്‌ സൃഷ്‌ടിച്ചു.

(ജി.കെ. മറവൂർ; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍