This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കിം കി ഡൂക്‌ (1960 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

08:35, 30 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

കിം കി ഡൂക്‌ (1960 - )

Kim Ki-duk

കിം കി ഡൂക്‌

ദക്ഷിണകൊറിയന്‍ ചലച്ചിത്ര സംവിധായകന്‍. മൂല്യകേന്ദ്രീകൃതവും സൗന്ദര്യാത്മകവുമായ ചലച്ചിത്ര സാക്ഷാത്‌കാരത്തിലൂടെ ശ്രദ്ധേയനായി. 1960 ഡി. 20-ന്‌ ദക്ഷിണകൊറിയയിലെ യോങ്‌സാങ്‌ പ്രവിശ്യയിലെ ബോങ്‌ഗ്‌വായിലാണ്‌ കിം കി ഡൂക്‌ ജനിച്ചത്‌. പാരിസിൽ നിന്നും ചിത്രകലയിൽ ബിരുദം നേടിയശേഷം (1993) ദക്ഷിണകൊറിയയിൽ തിരികെയെത്തി ചലച്ചിത്രമേഖലയിൽ വ്യാപൃതനായി. തിരക്കഥാകൃത്തായിട്ടായിരുന്നു രംഗപ്രവേശം. ആദ്യമായി സംവിധാനം നിർവഹിച്ച "അഗ്‌-ഒ'(Crocodile)യിലൂടെ തന്നെ പ്രക്ഷകരുടെയും ചലച്ചിത്രവിമർശകരുടെയും ശ്രദ്ധ പിടിച്ചുപറ്റാന്‍ കിം കി ഡൂക്കിനായി. ജീവിതഋതുക്കളിലൂടെ കടന്നുപോകുന്ന ഒരു ബുദ്ധസന്ന്യാസിയുടെ കഥ, വനനിബിഡമായ പ്രിസ്‌ടൈന്‍ തടാകത്തിലെ ബുദ്ധവിഹാരത്തിന്റെ പശ്ചാത്തലത്തിൽ പ്രകൃതി മനോഹരമായി ചിത്രീകരിച്ചിരിക്കുന്ന "ബോം, യോറിയോം, ഗയേൽ, ഗിയോൽ, ഗുറിഗോ,... ബോം' (spring, summer, fall, winter....and spring) എന്ന ചലച്ചിത്രം 2003-ലെ ബ്ലൂ ഡ്രാഗണ്‍ പുരസ്‌കാരവും 2004-ലെ ഗ്രാന്‍ഡ്‌ ബെൽ സമ്മാനവും നേടി.

2004-ൽ പുറത്തിറങ്ങിയ "സാമാറിയ'(samaritan girl)യിലൂടെ, ആ വർഷത്തെ ബർലിന്‍ ഫിലിം ഫെസ്റ്റിവലിൽ മികച്ച സംവിധായകനുള്ള അവാർഡിനർഹനായി. യൂറോപ്പിലേക്കു കടക്കുന്നതിനായി വഴിവിട്ട മാർഗങ്ങളിലൂടെ പണം സമ്പാദിക്കാന്‍ ശ്രമിക്കുന്ന രണ്ടു പെണ്‍കുട്ടികള്‍ക്ക്‌ നേരിടേണ്ടിവരുന്ന ദുരന്തത്തെ ഈ ചലച്ചിത്രം പ്രമേയമാക്കിയിരിക്കുന്നു. അതേവർഷം തന്നെ പുറത്തിറങ്ങിയ "ബിന്‍-ഗിപ്‌' (3-iron) വെനീസ്‌ ചലച്ചിത്രാത്സവത്തിൽ പുരസ്‌കാരം നേടി. അലഞ്ഞു നടക്കുന്ന ഒരു ചെറുപ്പക്കാരന്റെ ജീവിതത്തിലേക്ക്‌ ഗാർഹിക പീഡനത്തിനിരയായി ഒരു യുവതി കടന്നുവരുന്നതും തുടർന്നുണ്ടാവുന്ന സംഘർഷങ്ങളുമാണ്‌ ഇതിലെ പ്രമേയം. പ്രസ്‌തുത ചിത്രം കൊറിയന്‍ ചലച്ചിത്ര രംഗത്ത്‌ പുതിയ മുന്നേറ്റങ്ങള്‍ക്ക്‌ തുടക്കം കുറിച്ചു.

"സിയോം' (The Isle) എന്ന ചിത്രത്തിൽ ജന്തുക്കളോട്‌ ക്രൂരത കാട്ടുന്നു എന്നാരോപിച്ച്‌ 2000-ൽ ബ്രിട്ടീഷ്‌ ബോർഡ്‌ ഒഫ്‌ ഫിലിം ക്ലാസിഫിക്കേഷന്‍ പ്രദർശനാനുമതി നിഷേധിക്കുകയുണ്ടായി. "യസേങ്ങ്‌ ഡോങ്‌മുള്‍ ബോഹോഗയോഗ്‌' (wild animals), "പെരാന്‍ ഡേമുർ' (Birdcage Inn), "ഷിൽ ജേ സാങ്ങ്‌ വാങ്ങ്‌' (Real Fiction), "സുച്‌വിന്‍ ബുൽ മിയോങ്ങ്‌' (Address unknown), "നബ്യൂന്‍ നംമ്‌ജ' (Bad Guy), "ഹയീന്‍ സിയോന്‍' (The Coast Guard), "ബിന്‍ ജിപ്‌' (The Bow), "ഷി ഗാന്‍' (Time), "സൂം' (Breath), "ബിമോങ്ങ്‌' (Dream) എന്നിവയാണ്‌ ഇദ്ദേഹം സംവിധാനം നിർവഹിച്ച മറ്റു ചിത്രങ്ങള്‍. 2008-ൽ പുറത്തിറങ്ങിയ ബ്യൂട്ടിഫുള്‍, റഫ്‌കട്ട്‌ എന്നീ ചിത്രങ്ങള്‍ക്ക്‌ തിരക്കഥ രചിച്ചു.

സാമ്പ്രദായിക രീതികളിൽ നിന്നു വ്യത്യസ്‌തമായി റിയലിസത്തിന്റെയും ഫാന്റസിയുടെയും സമ്മിശ്രമായ സമീപനമാണ്‌ പൊതുവേ കിം കി ഡൂക്‌ സ്വീകരിച്ചുപോരുന്നത്‌. ഒരേസമയം ബൗദ്ധദർശനത്തിന്റെ ശാന്തതയും വയലന്‍സിന്റെ തീക്ഷ്‌ണതയും ഇവയിൽ ഉള്‍ച്ചേർന്നിരിക്കുന്നു. ഒട്ടനവധി അന്താരാഷ്‌ട്ര ചലച്ചിത്രാത്സവങ്ങളുടെ ഭാഗമാകാനും സ്വതഃസിദ്ധമായ ആവിഷ്‌കാരത്തിലൂടെ ലോകത്തെ സമകാലിക സംവിധായകർക്കിടയിൽ ഇടംനേടാനും കിം കി ഡൂക്കിന്‌ കഴിഞ്ഞിട്ടുണ്ട്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍