This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാസ്‌ലർ, ആൽഫ്രഡ്‌ (1902 - 84)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

08:24, 30 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

കാസ്‌ലർ, ആൽഫ്രഡ്‌ (1902 - 84)

Kastler, Alfred

ആൽഫ്രഡ്‌ കാസ്‌ലർ

നോബൽ സമ്മാനിതനായ ഫ്രഞ്ച്‌ ഭൗതികശാസ്‌ത്രജ്ഞന്‍. അണുവിലെ "ഹെർഷ്യന്‍' എന്നു വിളിക്കുന്ന പ്രത്യേകതരം അനുരണനങ്ങള്‍ നിരീക്ഷിക്കുന്നതിന്‌ പ്രാകാശീയ പമ്പിങ്‌ (Optical Pumbing) എന്ന പ്രവിധി കണ്ടുപിടിക്കുകയും വികസിപ്പിക്കുകയും ചെയ്‌തതിനാണ്‌ 1966-ൽ ഇദ്ദേഹത്തിന്‌ നോബൽ സമ്മാനം ലഭിച്ചത്‌.

ആൽഫ്രഡ്‌ കാസ്‌ലർ സ്‌മാരക സ്റ്റാമ്പ്‌

അൽസാസിലെ (Alsace) ഗുബ്‌വിയർ (Gueb willer) എന്ന സ്ഥലത്ത്‌ 1902-മേയ്‌ 3-നു കാസ്‌ലർ ജനിച്ചു. ഇദ്ദേഹം 1920-ൽ പാരീസിലെത്തി. ഇക്കോള്‍ നോർമൽ സുപെരിയറിൽ (Ecole normale superieure) പഠനം നടത്തി. കാസ്‌ലർക്ക്‌ ബോർഡിയോ സർവകലാശാലയിൽ നിന്ന്‌ ഭൗതികത്തിൽ ഡോക്‌ടറേറ്റ്‌ ബിരുദം ലഭിച്ചു; അവിടെ ഏറെക്കാലം അധ്യാപകനായി കഴിഞ്ഞു. 1958 മുതൽ സെന്റർ നാഷണൽ ദെ ല റെഷാർഷെ സിയന്റിഫിക്കിന്റെ (Centre National de la Richerche Seientifique) അറ്റോമിക്‌ ക്ലോക്‌ ലബോറട്ടറിയുടെ ഡയറക്‌ടർ ആയി സേവനമനുഷ്‌ഠിച്ചു. ബോർഡിയോ, ക്ലെർമണ്ട്‌-ഫെറന്റ്‌, ലൗവെയിന്‍എന്നീ സർവകലാശാലകളിൽ ഫാക്കള്‍ട്ടി അംഗമായും പ്രവർത്തിച്ചു.

കാസ്‌ലറുടെ ആദ്യകാല ഗവേഷണം, ഉത്തേജിതമായ അണുക്കളിൽ ഇലക്‌ട്രാണുക്കളുടെ വിന്യാസത്തെ സംബന്ധിച്ചായിരുന്നു. ഇദ്ദേഹത്തിന്റെ കണ്ടുപിടിത്തത്തിന്‌ ഭൗതികത്തിൽ വ്യാപകമായ പ്രയോഗ സാധുത കൈവന്നു. പ്രകാശത്തിന്റെയും റേഡിയോ തരംഗങ്ങളുടെയും ഉത്തേജനംമൂലം അണുക്കള്‍ വിസർജിക്കുന്ന വികിരണങ്ങളെ ആധാരമാക്കിയുള്ള പഠനങ്ങള്‍ ഇതുമൂലം സാധിതമായി. അണുകേന്ദ്ര ചക്രണങ്ങള്‍ (nuclear spins), കൊന്തികാഘൂർണ്ണങ്ങള്‍ (magnetic moments)എന്നിവ അളക്കുന്നതിനും മേസർ, ലേസർ (Maser, Laser) എന്നിവ വികസിപ്പിച്ചെടുക്കുന്നതിനും കാസ്‌ലറുടെ കണ്ടുപിടിത്തം വഴിതെളിച്ചു. ശാസ്‌ത്രസംഭാവനകളുടെ അംഗീകാരമായി ഇദ്ദേഹം ഫ്രഞ്ച്‌, പോളിഷ്‌ ഭൗതിക ശാസ്‌ത്ര അക്കാദമികളുടെ അംഗമായി അവരോധിക്കപ്പെട്ടു. അണുബോംബ്‌ നിർമിച്ചതിനും വിയറ്റ്‌നാമിൽ ഫ്രഞ്ച്‌സേന ഏർപ്പെട്ടതിനും എതിരായി കാസ്‌ലർ ശബ്‌ദമുയർത്തി. അൽജീരിയയെ ഫ്രഞ്ച്‌ ആധിപത്യത്തിൽ നിന്നു മോചിപ്പിക്കണമെന്ന്‌ ഇദ്ദേഹം വാദിക്കുകയുണ്ടായി. 1984 ജനു. 7-ന്‌ ഫ്രാന്‍സിലെ ബാന്‍ഡോളിൽ ഇദ്ദേഹം അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍