This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കാസി അബൂബക്കർ കുഞ്ഞി
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
കാസി അബൂബക്കർ കുഞ്ഞി
19-ാം ശതകത്തിലെ കേരളീയനായ ഇസ്‌ലാമിക പണ്‌ഡിതന്‍. കോഴിക്കോട് കാസി മുഹിയിദ്ദീന്റെ പുത്രനായി ജനിച്ചു. സ്വപിതാവിൽ നിന്ന് ആദ്യ പാഠങ്ങള്‍ ഗ്രഹിച്ച കാസി പിന്നീട് പൊന്നാനിയിൽ എത്തി. പ്രമുഖ പണ്‌ഡിതന്മാരായ ശൈഖ് സൈനുദീന്‍ മൂന്നാമന്‍, ശൈഖ് അബ്‌ദുൽ ഖാദിർബ്‌നു ഉമർ എന്നിവരുടെ ശിഷ്യത്വം സ്വീകരിച്ച് പഠനം തുടർന്നു. നല്ലൊരു എഴുത്തുകാരനും പ്രസംഗകനും ആയിരുന്ന കാസി അറബി, മലയാളം എന്നീ ഭാഷകളിൽ നിമിഷകവിതകള്‍ രചിച്ചിരുന്നു. സങ്കീർണങ്ങളായ ഏതു പ്രശ്‌നങ്ങള്‍ക്കും പരിഹാരം കണ്ടെത്തുന്നതിൽ പ്രഗല്‌ഭനായിരുന്ന കാസിയുടെ സേവനങ്ങള്‍ കോഴിക്കാട് സാമൂതിരിപ്പാട് ഉള്‍പ്പെടെയുള്ള വ്യക്തികള്‍ സ്വീകരിച്ചിരുന്നു. ഇസ്‌ലാമിക ചരിത്രത്തിൽ അവഗാഹം നേടിയ കാസിയുടെ ശിഷ്യപരമ്പരയിൽപ്പെട്ടവരാണ് കോടഞ്ചേരി മരയ്‌ക്കാർ മുസല്യാർ, അടിമ മുസ്‌ല്യാർ (കൊച്ചി), തട്ടാങ്ങര കുട്ട്യാമു മുസല്യാർ മുതലായവർ. മോയിന്‍കുട്ടി വൈദ്യരുടെ ഉഹ്‌ദ്‌യുദ്ധചരിത്രത്തിന്റെ രചനയ്‌ക്കു ആധാരമായ വിവരങ്ങള്‍ ശേഖരിച്ചു കൊടുത്തത് കാസിയായിരുന്നു. കാസി അബൂബക്കർ കുഞ്ഞി അറബിമലയാളത്തിലും അറബിയിലും നിരവധി ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. നസീഹത്തുൽ ഇഖ്‌ഖാന്‍ മസാബീ ഹുൽ കവാകിബി ദുരിയ്യ, ശറഹ്‌വിത്തിരിയ്യ, ഖസീദത്ത് ഫീ മദ്‌ഹിന്നബി, മദാരിജൂസ്സാലിക്ക്, മർസിയ്യഃ അലാ മുഹമ്മദ് ഖാസി, രിസാലത്തൂന്‍-അന്‍-സഫരിഹി-ഇലാമക്കാ-ലിന്‍ ഹജ്ജി, തന്‍വീറൂൽ ഫു ആദ്, മർസീയ്യത്ത് ശൈഖ് അബ്‌ദുൽ ഖാദർബിനു ഉമർ എന്നിവ അവയിൽ പ്രധാനങ്ങളാണ്. പ്രാചീനകേരള മുസ്‌ലിം ചരിത്രത്തിലെ ഇരുളടഞ്ഞ വശങ്ങളിലേക്കു വെളിച്ചം വീശുന്ന പല രേഖകളും ഉള്‍ക്കൊള്ളുന്ന ഒരു ബൃഹത്തായ അറബി കൈയ്യെഴുത്തു ഗ്രന്ഥമായ ശറഹ്‌വിത്തിരിയ്യഃ കോഴിക്കോട്ടെ വലിയ കാസി സയ്യിദ് ശിഹാബുദ്ദീന്‍ ഇമ്പിച്ചിക്കോയ തങ്ങളുടെ ഗ്രന്ഥശേഖരത്തിലുണ്ട്.
ഇദ്ദേഹം ഹിജ്‌റ 1301-ൽ അന്തരിച്ചു.