This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കുറുമ്പർ (കുറുമർ)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

06:14, 27 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

കുറുമ്പർ (കുറുമർ)

കേരളത്തിൽ മലബാർ പ്രദേശത്തു നിവസിക്കുന്ന ഒരു ആദിമ ജനവർഗം. നീലഗിരി, അട്ടപ്പാടി എന്നിവിടങ്ങളിൽ കുറുമ്പരെന്ന പേരിലും വയനാട്ടിൽ കുറുമർ എന്ന പേരിലും അറിയപ്പെടുന്നു. മറ്റ്‌ ആദിവാസികളെ അപേക്ഷിച്ച്‌ കുറുമ്പർ പരിഷ്‌കൃതരാണ്‌. കുറുമരുടെ ഇടയിൽ മുള്ളുവക്കുറുമർ, ഊരാളിക്കുറുമർ എന്നു രണ്ടു വിഭാഗങ്ങളുണ്ട്‌.

കുറുമ്പർ-സ്‌ത്രീകളും കുട്ടികളും

ക്ഷത്രിയ രാജാക്കന്മാർ ചതിപ്രയോഗം നടത്തി വധിച്ച ഒരു വേടരാജാവിന്റെ പിന്‍മുറക്കാരാണ്‌ തങ്ങളെന്ന്‌ ഇവർ അവകാശപ്പെടുന്നു. വയനാട്ടിലെ പൂതാടി ആസ്ഥാനമാക്കി പണ്ട്‌ രാജ്യം ഭരിച്ചിരുന്ന ഒരു വേടരാജാവിനെ ക്ഷത്രിയ രാജാക്കന്മാർ പരാജയപ്പെടുത്തിയതായി ചരിത്രരേഖകളിൽ പരാമർശമുണ്ട്‌. കീഴടങ്ങിയ വേടന്മാരെ "കുറുമ്പും വീര്യവും അഹങ്കാരവുമുള്ളവർ' എന്ന അർഥത്തിൽ കുറുമ്പർ (കുറുമർ) എന്നു വിളിച്ചിരിക്കണം. 1812-ൽ ബ്രിട്ടീഷുകാർക്കെതിരായിപ്പോലും കുറുമർ സമരം ചെയ്‌തിട്ടുണ്ടെന്നതിനു ചരിത്രരേഖകളുണ്ട്‌. രാജാവും രാജ്യവും നഷ്‌ടപ്പെട്ട ഇവർ കാലക്രമേണ തമ്പുരാക്കന്മാരുടെ കീഴിൽ കുടിയാന്മാരായിത്തീർന്നു. ഇവരുടെ മേൽ പിന്നീട്‌ "വട്ടക്കുടുമ സമ്പ്രദായം' അടിച്ചേല്‌പിക്കപ്പെട്ടു. അടിമകളായി കണക്കാക്കപ്പെട്ട കുറുമ്പരുടെ "മന'കള്‍ (വീടുകള്‍) വെറും "കുടി'കളായി തരംതാഴ്‌ത്തപ്പെട്ടു. നായാടിക്കിട്ടുന്ന മൃഗങ്ങളുടെ കാലും കരളും ജന്മിക്കു കാഴ്‌ചവയ്‌ക്കണമെന്ന നിബന്ധന വന്നു. പ്രസവിച്ചാൽ ജന്മിമാരുടെ പക്കൽനിന്നും എണ്ണ വാങ്ങിക്കൊണ്ടു വന്നിട്ടു മാത്രമേ സ്‌ത്രീകള്‍ക്കു കുളിക്കാന്‍ അവകാശമുണ്ടായിരുന്നുള്ളൂ. മുട്ടു മറയാതെ മാത്രമേ മുണ്ടുടുക്കാവു, ശീലക്കുട പിടിക്കാന്‍ പാടില്ല, എത്ര കൊടുതണുപ്പായാലും കമ്പിളി പുതച്ചുകൂടാ എന്നൊക്കെ നിബന്ധനകളുണ്ടാക്കി.

അടിമത്തനിരോധനത്തോടെ കുറുമ്പരുടെ നില മെച്ചപ്പെട്ടുവന്നു. ചുമരുകള്‍ ചുവന്ന മണ്ണുകൊണ്ടു മെഴുകി, വീടുകള്‍ വൃത്തിയായി സൂക്ഷിക്കുന്നതിൽ ഇവർ നിഷ്‌കർഷ പാലിക്കാറുണ്ട്‌. അഞ്ചോ പത്തോ കുടികള്‍ ഒരു പൊതുമുറ്റത്തിന്റെ ചുറ്റുമായിട്ട്‌ സ്ഥിതിചെയ്യുന്നു. പൊതുചടങ്ങുകള്‍ നടത്താനുള്ള "ദൈവപ്പുര'യും ഇതിലുണ്ടായിരിക്കും. ദൈവപ്പുരയുടെ മുറ്റത്ത്‌ "പ്രസവക്കളരി' കെട്ടുക പതിവാണ്‌. കുടികള്‍ക്കെല്ലാംകൂടി ഒരു വീട്ടുകാരണവരുണ്ടായിരിക്കും. ഓരോ കുന്നിലെയും വീട്ടുകാരണവന്മാരുടെ മുകളിലായി ഒരു കുന്നിന്‍കാരണവരുമുണ്ടായിരിക്കും.

കുന്നിന്‍കാരണവരുടെയും അദ്ദേഹത്തിന്റെ നിർദേശങ്ങള്‍ നടപ്പിൽ വരുത്തുന്ന "കുന്നിന്‍ വാല്യക്കാര'ന്റെയും മേൽനോട്ടത്തിൽ മാത്രമേ വിവാഹവും മറ്റു ചടങ്ങുകളും നടത്താറുള്ളൂ. ഇവർ പൊതുവായ പ്രശ്‌നങ്ങളിൽ തീരുമാനമെടുക്കുകയും കുറ്റക്കാരെ വിചാരണ ചെയ്‌ത്‌ ശിക്ഷിക്കുകയും പിഴ ഈടാക്കുകയും ചെയ്യുന്നു. പിഴയായി പിരിച്ചെടുക്കുന്ന തുക പൊതുചടങ്ങുകള്‍ക്കു വേണ്ടി വിനിയോഗിക്കുന്നു. ശിക്ഷാവിധിക്കു വിധേയനാകാത്തയാളെ സമുദായം പുറന്തള്ളുകയാണു പതിവ്‌.

പ്രാക്തന ഗോത്രവർഗ സർവേപ്രകാരം 332 പാർപ്പിടങ്ങളിലായി 1602 കുറുമ്പർ താമസിക്കുന്നു (2002). ഇവരിൽ 819 പേർ പുരുഷന്മാരും 783 സ്‌ത്രീകളും ആണ്‌. 93 ശതമാനം കുറുമ്പകുടുംബങ്ങള്‍ക്ക്‌ സ്വന്തം വീടുണ്ട്‌. ഇവയിൽ മൂന്നിലൊരുഭാഗം സർക്കാർ ഏജന്‍സികള്‍ നിർമിച്ച്‌ കൊടുത്തവയാണ്‌. ഒരേക്കറോ അതിൽക്കൂടുതലോ സ്വന്തമായി ഭൂമിയുള്ളവർ 82 ശതമാനം വരും. ഇടവണിയൂർ, ഗാലസി, കടുകുമണ്ണ, മലുത്തുടുക്കി, താഴേത്തുടുക്കി എന്നിവിടങ്ങളിലെ കുറുമ്പക്കോളനികള്‍ കൊടുംകാടിനുള്ളിലാണ്‌. അട്ടപ്പാടിയിലെ പുതൂർ പഞ്ചായത്തിലെ പതിനഞ്ചോളം കുറുംബ സെറ്റിൽമെന്റുകളിലാണ്‌ കൂടുതൽ കുറുമ്പർ പാർക്കുന്നത്‌. പ്രാകൃത കന്നഡയാണ്‌ ഇവരുടെ സംസാരഭാഷ. മലയാളം, തമിഴ്‌ഭാഷാപദങ്ങളും ഇടകലർത്തി വ്യവഹരിക്കാറുണ്ട്‌. വർഗക്കൂട്ടായ്‌മയ്‌ക്ക്‌ ഇവർക്കിടയിൽ മുന്തിയ സ്ഥാനമുണ്ട്‌. ഊരിന്റെ തലവന്‍ ഊരുമൂപ്പനായി അറിയപ്പെടുന്നു. ഭണ്ഡാരി, കുറുതലൈ, മണ്ണൂക്കാരന്‍ തുടങ്ങിയ സാമൂഹ്യകാര്യ ഭാരവാഹികള്‍ മൂപ്പനെ സഹായിക്കുന്നു. പരമ്പരാഗത ദൈവങ്ങളെയും ചില ഹിന്ദുമതദേവതകളെയും ആരാധിക്കുന്ന ഇവർക്ക്‌ ഒടിവിദ്യയിലും മായസൂത്രങ്ങളിലും ഉറച്ച വിശ്വാസമുണ്ട്‌. ട്രബൽസൊസൈറ്റി അംഗങ്ങളെന്ന നിലയ്‌ക്ക്‌ ഈ വർഗക്കാർ പരിഷ്‌കൃത ജീവിതമാർഗങ്ങളുമായി കൂടുതൽ ബന്ധപ്പെട്ടു വരുന്നുണ്ട്‌. 33 ശതമാനം പേർ സാക്ഷരരാണ്‌. സ്‌ത്രീകളും പുരുഷന്മാരും ശരീരം മറയ്‌ക്കത്തക്കവണ്ണമുള്ള വേഷവിധാനം ധാരാളമായി ഉപയോഗിക്കുന്നു. എസ്‌.എസ്‌.എൽ.സി. പാസായ കുറുമ്പയുവാക്കളുടെ എണ്ണവും കൂടി വരുന്നു. കാടുമായി ബന്ധപ്പെട്ട സർക്കാർ ജോലികളിലും ചിലർ വ്യാപൃതരാണ്‌. റാഗിയാണ്‌ അവരുടെ മുഖ്യഭക്ഷ്യധാന്യമെങ്കിലും നെല്ലരി ആഹാരം ഇവർക്കിടയിൽ ഇപ്പോള്‍ പ്രചരിച്ചുവരുന്നു. അമിതമദ്യപാനമാണ്‌ ഇവരിൽ ഭൂരിപക്ഷത്തിന്റെയും ദുശ്ശീലം.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍