This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കുശാന-ശാതവാഹനാബ്‌ദം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

12:43, 11 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

കുശാന-ശാതവാഹനാബ്‌ദം

കുശാനരാജാവായ കനിഷ്‌കന്‍ ഏർപ്പെടുത്തിയ കാലഗണന. ശാലിവാഹനശകാബ്‌ദം എന്നും പേരുണ്ട്‌. വിക്രമാബ്‌ദവും ശകാബ്‌ദവുമാണ്‌ ഭാരതത്തിൽ പ്രചരിച്ചിരുന്ന രണ്ടു പ്രധാന വർഷഗണനകള്‍. വിക്രമാബ്‌ദം (ബി.സി. 58), ശകാബ്‌ദം (എ.ഡി. 78), കലച്ചൂരി അബ്‌ദം (എ.ഡി.248), ചേദ്യബ്‌ദം (എ.ഡി. 249), ഹർഷാബ്‌ദം (എ.ഡി.605), ഹിജ്‌റ (എ.ഡി. 620), തേവാരാബ്‌ദം (എ.ഡി. 871), ലക്ഷ്‌മണ സേനാബ്‌ദം (എ.ഡി.1119), കൊല്ലവർഷം (എ.ഡി.825), പുതുവയ്‌പ്‌ (എ.ഡി.1341), കല്യബ്‌ദം (ബി.സി.3102), ലിച്ഛവി (എ.ഡി.110), ഗുപ്‌തവർഷം (എ.ഡി. 319), ചാലൂക്യ (എ.ഡി.1075) എന്നിങ്ങനെ അനേകം വർഷഗണനകള്‍ ഇവിടെ നടപ്പുണ്ടായിരുന്നു. ക്രിസ്‌ത്വബ്‌ദവും കൊല്ലവർഷവുമാണ്‌ കേരളത്തിൽ പ്രചരിച്ചിരുന്നത്‌.

ചരിത്രസംഭവങ്ങളുടെ സ്‌മാരകങ്ങളാണ്‌ വിക്രമാബ്‌ദവും ശകാബ്‌ദവും. വിക്രമാദിത്യന്‍ ശകന്മാരെ പരാജയപ്പെടുത്തിയതിന്റെ സ്‌മാരകമായി ബി.സി. 58-ൽ വിക്രമാബ്‌ദം സ്ഥാപിച്ചു. ഇതിനു കൃതവർഷമെന്നും മാളവവർഷമെന്നുംകൂടി പേരുണ്ട്‌; ഇതിന്‌ ഉത്തരേന്ത്യയിൽ വളരെ പ്രചാരമുണ്ട്‌.

മഹാരാഷ്‌ട്ര, കർണാടകം, ആന്ധ്രസംസ്ഥാനം എന്നീ ഭൂവിഭാഗങ്ങളിൽ ശാലിവാഹനശകാബ്‌ദം പ്രചരിച്ചിരുന്നു. ഐതിഹ്യപ്രസിദ്ധനായ ഒരു രാജാവാണ്‌ ശാലിവാഹനന്‍ അഥവാ ശാതവാഹനന്‍. ശാലിവാഹനന്റെ നാമത്തിൽ അനേകം സംസ്‌കൃത കൃതികളുണ്ട്‌. അവ ഇദ്ദേഹത്തിന്റെ അപദാനങ്ങളെ പ്രകീർത്തിക്കുന്നു. കുശാന രാജാക്കന്മാരിൽ പ്രമുഖനായ കനിഷ്‌കനാണ്‌ (എ.ഡി. 78-120) ശകവർഷസ്ഥാപകന്‍. ഭാരതത്തിന്റെ ദേശീയവർഷമായി അംഗീകരിക്കപ്പെട്ടതാണ്‌ ശകാബ്‌ദം.

ഈ വർഷഗണന പന്ത്രണ്ടാം ശതാബ്‌ദംവരെ വെറും ശതാബ്‌ദമായിത്തന്നെ അറിയപ്പെട്ടിരുന്നു. ആയിരത്തിമൂന്നൂറിനടുത്തു രചിക്കപ്പെട്ട കല്‌പപ്രദിപ (ജിനപ്രഭസൂരി)ത്തിലാണ്‌ ശാലിവാഹന(ശാതവാഹന)നെ ഈ വർഷഗണനയുമായി ബന്ധപ്പെടുത്തി പറഞ്ഞുകാണുന്നത്‌. വിജയനഗരത്തിലെ ബുക്കരായന്റെ ഹരിഹരഗാവ്‌ ലിഖിതത്തിൽ ശാലിവാഹന ശകപ്രയോഗം ഇദംപ്രഥമമായി കാണുന്നു. വിക്രമാബ്‌ദവും ശകാബ്‌ദവും പരസ്‌പരമത്സരത്തിന്റെ സന്തതികളാണെന്നും ഒരഭിപ്രായമുണ്ട്‌.

ക്രിസ്‌ത്വബ്‌ദത്തിൽനിന്ന്‌ 78 കുറച്ചാണ്‌ ശകവർഷം കണക്കാക്കുന്നത്‌. ചൈത്രം, വൈശാഖം, ജ്യേഷ്‌ഠം, ആഷാഢം, ശ്രാവണം, ഭാദ്രം എന്നീ മാസങ്ങള്‍ക്ക്‌ മുപ്പത്തിയൊന്നു ദിവസം വീതവും ആശ്വിനം, കാർത്തികം, ആഗ്രഹായണം, പൗഷം, മാഘം, ഫാൽഗുനം എന്നീ മാസങ്ങള്‍ക്കു മുപ്പതുദിവസം വീതവും ഉണ്ട്‌. അതിവർഷത്തിൽ ഫാൽഗുനമാസത്തിന്‌ മുപ്പത്തിയൊന്നു ദിവസം കണക്കാക്കുന്നു. ഭാരതസർക്കാരിന്റെ പുതുക്കിയ കലണ്ടർ അനുസരിച്ച്‌ 1881-ാം ശകവർഷം ചൈത്രം ഒന്നാം തീയതി, എ.ഡി. 1959 മാർച്ച്‌ 22-ാം തീയതി തുടങ്ങി.

(വി.ആർ.പരമേശ്വരന്‍ പിള്ള)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍