This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കുർണോ, അന്റോയ്‌ന്‍ അഗസ്റ്റിന്‍(1801 - 77)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
കുർണോ, അന്റോയ്‌ന്‍ അഗസ്റ്റിന്‍(1801 - 77)
Cournot, Antoine Augustin
ഫ്രഞ്ച് സാമ്പത്തികശാസ്‌ത്രജ്ഞന്‍. ഗണിതശാസ്‌ത്രജ്ഞന്‍, തത്ത്വചിന്തകന്‍ എന്നീ നിലകളിലും പ്രശസ്‌തനാണ് കുർണോ. സാമ്പത്തിക വിശകലനത്തിനും അപഗ്രഥനത്തിനും ഗണിതശാസ്‌ത്രമാർഗങ്ങളുപയോഗിച്ച ആദ്യകാല ഗണിതജ്ഞന്മാരിൽ അഗ്രഗണ്യനാണ് ഇദ്ദേഹം. 1801 ആഗ. 28-ന് ഹവുട്ടെ സവോണെയിലെ ഗ്ര എന്ന സ്ഥലത്തു ജനിച്ചു. 1829-ൽ ഗണിതശാസ്‌ത്രത്തിൽ കുർണോ ഡോക്‌ടറേറ്റ് കരസ്ഥമാക്കി. കോളജ് വിദ്യാർഥിയായിരുന്ന കാലത്തുതന്നെ ഇദ്ദേഹം മാർഷൽ ദെ ഗുവിയോങ് സെന്റ്‌സിറിന്റെ പ്രവറ്റ് സെക്രട്ടറിയായി ജോലി നോക്കിയിരുന്നു. 1834-ൽ ല്യോണ്‍സ് സർവകലാശാലയിൽ വിശ്ലേഷണം, ബലതന്ത്രം എന്നിവയുടെ പ്രാഫസറായി ഉദ്യോഗത്തിൽ പ്രവേശിച്ചു. തുടർന്ന് ഗ്രനോബിള്‍ അക്കാദമിയിലെ റെക്‌ടർ, ബിരുദധാരികളല്ലാത്ത വിദ്യാർഥികളുടെ പ്രധാന പരീക്ഷകന്‍, ഡിയോങ് അക്കാദമിയിലെ ഡയറക്‌ടർ (1854-62) എന്നീ നിലകളിലും സേവനം അനുഷ്‌ഠിച്ചു.
ഗണിതശാസ്‌ത്രജ്ഞന്‍, അധ്യാപകന്‍ എന്നീ നിലകളിൽ കീർത്തി സമ്പാദിച്ച കുർണോയുടെ ശ്രദ്ധ പിന്നീട് ദർശനം, സാമ്പത്തികശാസ്‌ത്രം എന്നീ മേഖലകളിലേക്കും തിരിഞ്ഞു. സാമ്പത്തികശാസ്‌ത്രസിദ്ധാന്തങ്ങള്‍ ഗണിതശാസ്‌ത്രത്തിന്റെ സഹായത്തോടെ വിശദീകരിക്കാന്‍ കഴിഞ്ഞുവെന്നതാണ് ഇദ്ദേഹത്തിന്റെ നേട്ടം. സംഭാവ്യതാസിദ്ധാന്തം സാമ്പത്തികശാസ്‌ത്രത്തിൽ പ്രയോഗിച്ചു വിജയിച്ച ആദ്യത്തെ സാമ്പത്തികശാസ്‌ത്രജ്ഞന്‍ എന്ന പദവിയും ഇദ്ദേഹത്തിനുണ്ട്. കുത്തക, ദ്വിവ്യാപാരി മേധാവിത്വം (Duo-poly) എന്നിവയെ സംബന്ധിച്ച കുർണോ സിദ്ധാന്തങ്ങള്‍ക്ക് ഇന്നും ആധികാരിക സ്വഭാവമുണ്ട്. ആധുനിക സാമ്പത്തിക ശാസ്‌ത്രചിന്തയിൽ പോലും പ്രാമാണ്യസ്ഥാനമുള്ളതാണ് ഇദ്ദേഹത്തിന്റെ ധനശാസ്‌ത്രത്തിന്റെ ഗണിതതത്ത്വങ്ങളെ സംബന്ധിച്ച ഗവേഷണങ്ങള്‍ (Recherches sur les principes mathematiques de la theorie des richesses 1838)എന്ന ഗ്രന്ഥം. സാമ്പത്തിക ശാസ്‌ത്രസിദ്ധാന്തങ്ങളുടെ വിശ്ലേഷണത്തിന് ഗണിതശാസ്‌ത്രസൂത്രങ്ങള്‍ ഉപയോഗിക്കുന്ന രീതിയോട് അന്ന് ആഭിമുഖ്യമുണ്ടായിരുന്നില്ല എന്നതുകൊണ്ട് കുർണോയുടെ ജീവിതകാലത്ത് ഈ ഗ്രന്ഥത്തിന് മതിയായ അംഗീകാരം ലഭിച്ചിരുന്നില്ല. ഈ ഗ്രന്ഥം കുർണോ തന്നെ പലതവണ പരിഷ്‌കരിക്കുകയുണ്ടായി. ഗണിതശാസ്‌ത്രം ഉപയോഗിക്കുന്നതുകൊണ്ട് സാമ്പത്തികശാസ്‌ത്ര വിശകലനത്തിന് സംഖ്യാസംബന്ധമായ കൃത്യത ഉണ്ടാകുമെന്ന് ഇദ്ദേഹം അവകാശപ്പെട്ടിട്ടില്ല. എന്നാൽ ഗണിതശാസ്‌ത്രത്തിന്റെ പ്രയോഗത്തിലൂടെ സാമ്പത്തികശാസ്‌ത്ര വിവരങ്ങളുടെ സീമകള്‍ നിശ്ചയിക്കാനാവുമെന്ന് ഇദ്ദേഹം വിശദമാക്കി. "എക്കണോമെട്രിക്‌സ്' എന്ന പ്രയുക്ത സാമ്പത്തികശാസ്‌ത്രശാഖയ്‌ക്കു കളമൊരുക്കാന്‍ കുർണോയുടെ സിദ്ധാന്തങ്ങള്‍ക്കു കഴിഞ്ഞിട്ടുണ്ട്. ഇദ്ദേഹം 1877-ൽ നിര്യാതനായി.