This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കൂതാശപ്പാന
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
കൂതാശപ്പാന
ക്രിസ്തുദേവന്റെ ദിവ്യജീവിതം പ്രതിപാദിക്കുന്ന ഒരു പ്രാചീന മലയാള പദ്യകൃതി. കൂതാശപ്പാന പുസ്തകം, പുത്തന്‍പാന, മിശിഹാചരിത്രം പുത്തന്‍പാന, മിശിഹാടെ പാന എന്നിങ്ങനെ വിവിധനാമങ്ങളിൽ അറിയപ്പെടുന്ന ഇത് അർണോസു പാതിരിയുടെ (1681-1732) മലയാളകൃതികളിൽ വളരെ പ്രചാരവും പ്രാധാന്യവും ഉള്ളതാണ്. ഹംഗറിയിൽ ജനിച്ച് 18-ാം വയസ്സിൽ (1699-ൽ) കേരളത്തിൽ മിഷണറി പ്രവർത്തനത്തിനുവന്ന അർണോസുപാതിരി സംസ്കൃതത്തിലും മലയാളത്തിലും അസൂയാവഹമായ പാണ്ഡിത്യം നേടി.
പാതിരിയുടെ മരണാനന്തരം ഒന്നര നൂറ്റാണ്ടോളം കഴിഞ്ഞു പുളിങ്കുന്നിൽനിന്ന് കുര്യന് ആദ്യമായി ഈ കൃതി പ്രസിദ്ധപ്പെടുത്തി. തുടർന്ന് 1878-ൽ കൂനമ്മാവിൽനിന്നും 1906-ൽ എറണാകുളം ഐ.എസ്. പ്രസ്സിൽനിന്നും ഇതിന്റെ പുതിയ പതിപ്പുകള്‍ വന്നിട്ടുണ്ട്. ഏറ്റവും ഒടുവിൽ (1960) അച്ചടിച്ചു പ്രസിദ്ധീകരിച്ചത് കേരള സർവകലാശാലയുടെ ഹസ്തലിഖിത ഗ്രന്ഥശാലയിൽനിന്നാണ്.
പതിനാലു പാദങ്ങളിലായി നിബന്ധിച്ചിരിക്കുന്ന കൂതാശപ്പാനയിൽ 1670-ൽപ്പരം ഈരടികള്‍ ഉണ്ട്. ബൈബിളിൽ പറയുന്ന ലോകസൃഷ്ടി മുതൽ ക്രിസ്തുവിന്റെ ജീവിതാന്ത്യംവരെ ഇതിൽ വർണിച്ചിരിക്കുന്നു. കട്ടക്കയത്തിന്റെ ശ്രീയേശുവിജയത്തിലെ വിഷയവും ഇതുതന്നെ. ഇതിൽ ലോകോത്പത്തി മുതൽ വിലക്കപ്പെട്ട കനിതിന്ന് ആദാമും ഹണ്ണയും പതിതരാവുന്നതുവരയുള്ള ഭാഗം ചുരുക്കിയും ക്രിസ്തുവിന്റെ ജീവിതകഥ വിസ്തരിച്ചും പ്രതിപാദിച്ചിരിക്കുന്നു.
ഇതിലെ പന്ത്രണ്ടാംപാദം വഞ്ചിപ്പാട്ടെന്നു പ്രസിദ്ധമായ നതോന്നത വൃത്തത്തിലും ബാക്കിഭാഗങ്ങള്‍ ദ്രുതകാകളി, സർപ്പിണി എന്നീ പാനവൃത്തങ്ങളിലും ആണ് നിബന്ധിച്ചിട്ടുള്ളത്. അതുകൊണ്ടായിരിക്കാം ഈ കൃതി "കൂതാശപ്പാന' എന്നറിയപ്പെടുന്നത്. പന്ത്രണ്ടാം പാദം സ്വതന്ത്രമായ കൃതിയാണെന്ന് പ്രബലമായ ഒരഭിപ്രായം ഉണ്ട്. ഈ പാദം സ്വതന്ത്രമായി രചിച്ച് ഈ കൃതിയിൽ ഉള്‍ക്കൊള്ളിച്ചതാവാം. അല്ലെങ്കിൽ ഇതിന്റെ ഭാഗമായി എഴുതിയതിനുശേഷം സ്വതന്ത്രമായി നില്ക്കുമെന്നു കണ്ടതിനാൽ വേർതിരിച്ചെടുത്തു പ്രചരിപ്പിച്ചതാവാനും സാധ്യതയുണ്ട്. ഏതായാലും പന്ത്രണ്ടാം പാദത്തിന് മറ്റു ഭാഗങ്ങള്‍ക്കില്ലാത്ത ഹൃദയദ്രവീകരണ ക്ഷമതയുണ്ട്. ഒരു വിലാപകാവ്യത്തിന്റെ മാധുര്യം വഴിഞ്ഞൊഴുകുന്നതാണ് ഈ ഭാഗം. എഴുത്തച്ഛന്റെയും പൂന്താനത്തിന്റെയും സ്വരം ഈ കൃതികളിൽ കേള്‍ക്കുന്ന പണ്ഡിതന്മാർ ഉണ്ട്. എന്നാൽ ആ സ്വരം വളരെ നേർത്തതാണ്.
പ്രസ്തുത കൃതിയുടെ പ്രതിപാദ്യം ഇങ്ങനെ സംഗ്രഹിക്കാം: ദൈവം ലോകം സൃഷ്ടിക്കുന്നു. ആദത്തെയും ഹണ്ണയെയും ചതിക്കാന്‍ പിശാച് സർപ്പത്തിന്റെ സഹായം തേടുന്നു (ഒന്നാംപാദം).
ദുഷ്ടനിഷ്ടം പറഞ്ഞതുകാരണം കഷ്ടമക്കനി തിന്നു പിഴച്ചഹോ (രണ്ട്) കന്യാമറിയത്തെ ഔസേപ്പുവിവാഹം ചെയ്യുന്നു (മൂന്ന്) മറിയത്തിന്റെ പ്രസവകാലം അടുക്കുന്നു (നാല്).
ഔസേപ്പും മറിയവും നാടുവിടുന്നു. ഗോഷ്ഠാനത്തിൽ കന്യാപുത്രന്‍ പിറക്കുന്നു. മൂന്നു ദിവ്യന്മാർ ദിവ്യശിശുവിനെ സന്ദർശിക്കുന്നു (അഞ്ച്). മുപ്പതാം വയസ്സിൽ ക്രിസ്തു പല അദ്ഭുത കർമങ്ങളും ചെയ്യുന്നു (ആറ്).
നിനക്കു വേണമെന്നിച്ഛിക്കുന്നതു മാനുഷർ ശേഷത്തോടതു ചെയ്യണം ചിത്തത്തുങ്കലും വൈരമൊഴിക്കണം ശത്രുഭാവമതൊക്കെയും ദോഷമാം ഇഷ്ടന്മാരെ പ്രിയമുണ്ടായാൽ പോരാ ദ്വേഷമുള്ളോരെ സ്നേഹമുണ്ടാകണം
എന്നിങ്ങനെയുള്ള ഉപദേശങ്ങള്‍ ഏഴാംപാദത്തിൽ കാണാം.
പശ്ചാത്താപാർത്തയായ മഗ്ദലനമറിയം ക്രിസ്തുവിനെ സന്ദർശിക്കുന്നു (എട്ട്). അദ്ഭുതകർമങ്ങള്‍ കണ്ടു ഭയന്ന യഹൂദന്മാർ ക്രിസ്തുവിനെ കൊല്ലാന്‍ തീരുമാനിക്കുന്നു (ഒമ്പത്). പെസഹാ ഭക്ഷണം കഴിക്കുന്നു. ക്രിസ്തുവിനെ ശത്രുക്കള്‍ ബന്ധിക്കുന്നു (പത്ത്). അദ്ദേഹത്തെ കുരിശിലേറ്റുന്നു (പതിനൊന്ന്). കുരിശിൽ കിടക്കുന്ന പുത്രനെക്കണ്ട് അമ്മയായ കന്യാമറിയം കരയുന്നു (പന്ത്രണ്ട്). "അമ്മ കന്യാമണി തന്റെ നിർമലദുഃഖങ്ങള്‍' കല്ലിനെയും അലിയിക്കാന്‍ പോന്നവയാണ്. "നിന്‍മരണത്തോടുകൂടെ എന്നെയും നീ മരിപ്പിക്കിൽ ഇമ്മഹാദുഃഖങ്ങളൊട്ടു തണുക്കും പുത്ര!' എന്ന വിലാപം ഉള്ളിൽ തട്ടുന്നതാണ്. കുരിശിൽക്കിടന്നു മരിച്ച ദൈവപുത്രന് മൂന്നാം ദിവസം ഉയിർത്തെഴുന്നേല്ക്കുന്നു (പതിമൂന്ന്). അനന്തരം അമ്മയോടും ശിഷ്യന്മാരോടും വിടവാങ്ങുന്നു (പതിനാല്). ഇങ്ങനെ ക്രിസ്തുവിന്റെ ജീവിതകഥയ്ക്കാണ് ഈ ആഖ്യാനാത്മക കവിതയിൽ പ്രാധാന്യം എന്ന് വ്യക്തമാകുന്നു.
"വിദേശീയ ക്രിസ്ത്യാനികളിൽ കവിത്വംകൊണ്ട് പ്രഥമഗണനീയന്‍' എന്നും "ആദ്യമായി സംസ്കൃതഭാഷയിൽ അനപലപനീയ പാണ്ഡിത്യം സമ്പാദിച്ച യൂറോപ്യന്‍' എന്നും ഉള്ളൂർ വാഴ്ത്തുന്ന അർണോസിന്റെ പാണ്ഡിത്യത്തിലോ കവിത്വശക്തിയിലോ സംശയിക്കേണ്ടതില്ല. എന്നാൽ ഭാഷാപ്രയോഗത്തിലും വൃത്തനിബന്ധനത്തിലും ചില കുറ്റങ്ങളും കുറവുകളും ചൂണ്ടിക്കാണിക്കാന്‍ കഴിഞ്ഞേക്കും. ഭാഷയുടെ പഴക്കം, ഒരു പ്രത്യേക സമുദായത്തെ മനസ്സിൽ കണ്ടുകൊണ്ടുള്ള രചന, വിദേശിയുടെ മലയാളം എന്നീ വസ്തുതകള്‍ പരിഗണിക്കുമ്പോള്‍ മുന്‍പറഞ്ഞ ദോഷങ്ങള്‍ സാരമാക്കേണ്ടതില്ല. ക്രിസ്തീയ സമുദായത്തിൽ ഏറെക്കാലം നിത്യപാരായണത്തിനുപയോഗിച്ചിരുന്നു എന്നത് ഈ കൃതിയുടെ പ്രാധാന്യം വെളിവാക്കുന്നു.
(ഡോ. റ്റി. ഭാസ്കരന്)