This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കപ്പം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

13:45, 1 മേയ് 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

കപ്പം

സാമന്തരാജാവ്‌ മേല്‌ക്കോയ്‌മയ്‌ക്ക്‌ ആണ്ടുതോറും കൊടുക്കാന്‍ കടപ്പെട്ട സംഖ്യ. റോമന്‍ പൗരന്മാര്‍ നിശ്ചിതകാലയളവുകളില്‍ സര്‍ക്കാരിലേക്ക്‌ അടച്ചുവന്നിരുന്ന വസ്‌തുനികുതിക്ക്‌ ആദ്യകാലങ്ങളില്‍ ട്രിബ്യൂട്ടം എന്നു പറഞ്ഞുവന്നിരുന്നു. ആക്രമണങ്ങളിലൂടെ റോമന്‍ സാമ്രാജ്യത്തിന്റെ വിസ്‌തൃതി വികസിച്ചതോടെ യുദ്ധത്തില്‍ തോല്‌പിക്കപ്പെട്ട രാജ്യങ്ങള്‍ റോമന്‍ സാമ്രാജ്യത്തിന്റെ നികുതിവരുമാനത്തിലേക്ക്‌ ഒരു വന്‍തുക അടയ്‌ക്കാന്‍ നിര്‍ബന്ധിതരായി. അങ്ങനെ ട്രിബ്യൂട്ടം എന്ന സംജ്ഞയ്‌ക്കു പ്രാദേശിക നികുതി എന്ന അര്‍ഥം കൈവന്നു. ട്രിബ്യൂട്ടം (tributum) എന്ന ലത്തീന്‍ പദത്തില്‍ നിന്നാണ്‌ കപ്പം എന്നര്‍ഥം വരുന്ന "ട്രിബ്യൂട്ട്‌' (tribute) എന്ന ഇംഗ്ലീഷ്‌ പദം നിഷ്‌പന്നമായിട്ടുള്ളത്‌.

മധ്യകാല യൂറോപ്പില്‍ ഫ്യൂഡല്‍ സാമന്തന്മാര്‍ക്ക്‌ മേല്‌ക്കോയ്‌മയുടെ പരമാധികാരം അംഗീകരിച്ചുകൊണ്ടും മേല്‌ക്കോയ്‌മയില്‍ നിന്നുള്ള സംരക്ഷണത്തിഌ പകരമായും മേല്‌ക്കോയ്‌മയ്‌ക്ക്‌ ആണ്ടുതോറും ഒരു നിശ്ചിത തുക കപ്പമായി നല്‌കി വന്നു. പണമായോ സാധനങ്ങളായോ ആണ്‌ ഇതു നല്‌കി വന്നിരുന്നത്‌. അയല്‍രാജ്യങ്ങളുമായി നയതന്ത്രവാണിജ്യബന്ധങ്ങള്‍ ഉറപ്പിക്കുന്നതിഌവേണ്ടി വളരെക്കാലം ചൈനീസ്‌ രാജാക്കന്മാര്‍ കപ്പം ഈടാക്കി വന്നിരുന്നു. മധ്യേഷ്യയിലെയും കൊറിയയിലെയും തെക്കു കിഴക്കനേഷ്യയിലെയും രാജാക്കന്മാര്‍ ഇങ്ങനെ ചൈനയുടെ സാമന്തപദവി സ്വീകരിക്കുകയും പ്രതിവര്‍ഷം ഒരു നിശ്ചിത തുക കപ്പമായി നല്‌കുകയും ചെയ്‌തുവന്നു. അതിഌ പകരം ചൈനീസ്‌ രാജാക്കന്മാര്‍ സാമന്തരാജാക്കന്മാര്‍ക്കു പാരിതോഷികങ്ങള്‍ നല്‌കിയിരുന്നു. യുദ്ധത്തില്‍ പരാജിതരായ രാജ്യങ്ങള്‍ വിജയികള്‍ക്കു കപ്പം നല്‌കുക പിന്നീട്‌ പതിവായി.

ഇന്ത്യയിലെ രാജാക്കന്മാരും കപ്പം നല്‌കിയിരുന്നതായി ചരിത്രരേഖകളുണ്ട്‌. കൊ.വ. 941ല്‍ (എ.ഡി. 1766) ഹൈദരാലിയുടെ ആക്രമണത്തെ ഭയന്ന്‌ കൊച്ചി രാജാവ്‌ മൈസൂറിന്റെ സാമന്തനെന്ന പദവി അംഗീകരിക്കുകയും രണ്ടു ലക്ഷം രൂപയും എട്ട്‌ ആനയും നല്‌കി തന്റെ കൂറു പ്രഖ്യാപിക്കുകയും ചെയ്‌തു. വീണ്ടും 1774ല്‍ കൊച്ചിരാജാവ്‌ ഹൈദരാലിയുടെ സാമന്തനെന്ന പദവി ഒന്നുകൂടി സ്വീകരിച്ച്‌ നാലു ലക്ഷം രൂപയും നാല്‌ ആനയും കൂടുതലായി നല്‌കി. ഇതിഌം പുറമേ വര്‍ഷാന്തം ഒന്നരലക്ഷം രൂപ കപ്പമായി കൊടുക്കാമെന്ന്‌ ഏല്‌ക്കുകയും ചെയ്‌തിരുന്നു.

ആധുനിക കാലത്ത്‌ കപ്പം നല്‌കുന്ന പതിവ്‌ നിശ്ശേഷം ഇല്ലാതായിട്ടുണ്ട്‌.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍