This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കനൗജ്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
കനൗജ്
Kanauj
ഉത്തര്‍പ്രദേശില്‍ ഫറൂക്കാബാദ് ജില്ലയിലെ ഒരു താലൂക്കും താലൂക്കിന്‍െറ തലസ്ഥാനമായ പട്ടണവും. കനൂജ്, കണൗജ്, കന്നൗജ് തുടങ്ങിയ നാമാന്തരങ്ങളിലും അറിയപ്പെടുന്ന ഈ പട്ടണം മുന്‍കാലങ്ങളില്‍ "കന്യാകുബ്ജം' എന്നാണറിയപ്പെട്ടിരുന്നത്. കാന്യകുബ്ജം എന്നും ഇതിനെ വിളിച്ചിരുന്നു. പ്രാചീനഭാരതത്തിലെ ജനസാന്ദ്രമായിരുന്ന ഈ മനോജ്ഞനഗരം ക്രിസ്ത്വബ്ദം 10-ാം ശ. മുതല്‍ക്കുണ്ടായ നിരന്തരമായ ആക്രമണങ്ങള്‍ക്കു വിധേയമായി നാമാവശേഷമാക്കപ്പെട്ടു. കനൗജ് താലൂക്കിന്റെ ആസ്ഥാനമായ കനൗജ് പട്ടണം ഗംഗാനദിയുടെ പശ്ചിമതീരത്ത് സ്ഥിതിചെയ്യുന്നു. ഇതുവഴി കടന്നുപോകുന്ന കാണ്പൂര്ഡല്ഹി ഗ്രാന്റ് ട്രങ്ക് റോഡുമാര്‍ഗം കനൗജിന് തെ. കിഴക്കായുള്ള കാണ്‍പൂരിലേക്ക് 83 കി.മീ. ദൂരമുണ്ട്. കനൗജ് പട്ടണത്തിന് ഇന്ന് ഇതേ പേരുള്ള താലൂക്കിന്റെ തലസ്ഥാനമെന്ന പ്രാധാന്യം മാത്രമാണുള്ളത്. വിശിഷ്ടതരം സുഗന്ധദ്രവ്യങ്ങള്‍, തേയില എന്നിവയാണ് താലൂക്കിലെ മുഖ്യ ഉത്പന്നങ്ങള്‍. പട്ടണത്തിലങ്ങോളമിങ്ങോളം കാണപ്പെടുന്ന, പൗരാണിക നാണയങ്ങളും മറ്റ് അമൂല്യ വസ്തുക്കളുമുള്ക്കൊള്ളുന്ന മണ്‍കൂനകളുടെ തകര്‍ന്നടിഞ്ഞ അവക്ഷേപങ്ങള്‍ ഉത്ഖനനങ്ങള്‍ക്കു വക നല്കുന്നവയാണ്.
ചരിത്രം. കന്യാകുബ്ജത്തിന്റെ (കാന്യകുബ്ജം) പ്രാചീനചരിത്രം അവ്യക്തമാണ്. രാമായണ, മഹാഭാരതാദി പുരാണങ്ങളില്‍ കന്യാകുബ്ജത്തെപ്പറ്റി പരാമര്‍ശങ്ങളുണ്ട്. ബ്രഹ്മസുതനായ കുശമഹര്ഷിയുടെ ദ്വിതീയപുത്രന്‍ കുശനാഭന് നിര്‍മിച്ച നഗരമായ "മഹോദയപുര'മാണ് ഇന്നത്തെ കനൗജ്. തന്‍െറ പ്രമാഭ്യര്‍ഥന നിരസിച്ച കുശനാഭന്റെ കന്യകമാരായ പുത്രിമാരെ വായുഭഗവാന് ശപിച്ച് കുബ്ജ(കൂനി)കളാക്കിയതിനാലാണ് മഹോദയപുരം പില്ക്കാലത്ത് കന്യാകുബ്ജം ആയതെന്നു പറയപ്പെടുന്നു. ബുദ്ധന് കന്യാകുബ്ജത്തില്‍ വച്ച് ബുദ്ധമതതത്ത്വങ്ങളെ വിശദീകരിച്ചു പ്രസംഗിച്ചിട്ടുള്ളതായിക്കാണുന്നു. പിന്നീട് മൗര്യസാമ്രാജ്യത്തിന്റെ ഭാഗമായിത്തീര്‍ന്നുവെങ്കിലും മൗര്യചരിത്രത്തില്‍ എന്തെങ്കിലും പ്രാധാന്യം ഈ നഗരത്തിഌള്ളതായി കാണുന്നില്ല. വൈയാകരണനായ പതഞ്ജലിയുടെ കാലത്ത് (സു.ബി.സി. 150) കന്യാകുബ്ജം സുപ്രസിദ്ധമായ ഒരു നഗരമായിരുന്നു. ടോളമിയുടെ "ഭൂമിശാസ്ത്ര'ത്തില്‍ (സു.എ.ഡി. 150) പൗരസ്ത്യനാട്ടിലെ ഏഴ് പ്രധാന വിഭാഗങ്ങളില്‍ ഒന്നായി കന്യാകുബ്ജത്തെ എണ്ണിക്കാണുന്നു. ഫാഹിയന്റെ (സു. 400) വിവരണത്തില്‍ നിന്നു ഗുപ്തസാമ്രാജ്യത്തില്‍ കന്യാകുബ്ജം ഒരു അപ്രധാന നഗരമായിരുന്നുവെന്നാണ് തെളിയുന്നത്.
5-ാം ശ.ത്തിന്റെ അന്ത്യത്തില്‍ ഗുപ്തസാമ്രാജ്യം അധഃപതിച്ചപ്പോള്‍ കന്യാകുബ്ജം കേന്ദ്രമാക്കി മൗഖരികള്‍ അധികാരം പിടിച്ചെടുത്തു. ഗുപ്തസാമ്രാജ്യത്തിന്റെ പതനത്തിഌ വഴിതെളിച്ച ഹൂണന്മാരുടെ ആക്രമണം മൗഖരികള്‍ക്കു നേരിടേണ്ടിവന്ന ഒരു പ്രധാന പ്രശ്നമായിരുന്നു. 510 നോടടുപ്പിച്ച് മധ്യേന്ത്യവരെ അവരുടെ അധികാരം വ്യാപിച്ചു. ഹൂണരാജാവായ മിഹിരകുലനെ മാന്‍ഡസോറിലെ യശോധര്‍മന്‍ തോല്പിച്ചത് (സു. 528) മൗഖരികള്‍ക്ക് ദുവാബ് പ്രദേശത്ത് അധികാരം ഉറപ്പിക്കാഌള്ള സൗകര്യം നല്കി. പില്ക്കാല ഗുപ്തന്മാരുമായുണ്ടായ അധികാരമത്സരത്തില്‍ മൗഖരികള്‍ വിജയിക്കുകയും ഗയ വരെയുള്ള പ്രദേശങ്ങള്‍ അവര്‍ക്ക് അധീനമാവുകയും ചെയ്തു.
ഹര്‍ഷവര്‍ധനന്റെ (606 647) സഹോദരീ ഭര്‍ത്താവായ ഗ്രഹവര്മനായിരുന്നു മൗഖരി വംശത്തിലെ ഏറ്റവും പ്രസിദ്ധനായ രാജാവ്. ഈ വിവാഹബന്ധം കന്യാകുബ്ജത്തിലെ മൗഖരികളും താനേശ്വരത്തിലെ കുശാനന്മാരും തമ്മില്‍ ഉറ്റബന്ധത്തിന് വഴിതെളിച്ചു.
ബംഗാളിലെ ശശാങ്കന്റെ സഹായത്തോടുകൂടി മാള്‍വയിലെ ദേവഗുപ്തന്‍ കന്യാകുബ്ജം ആക്രമിച്ചു. ഈ ആക്രമണത്തില്‍ ഗ്രഹവര്മന് വധിക്കപ്പെടുകയും പത്നിയായ രാജ്യശ്രീ തടവുകാരിയാക്കപ്പെടുകയും ചെയ്തു. ഇതില്‍ ക്ഷുഭിതനായ ഹര്ഷവര്ധനന് മാള്‍വ ആക്രമിച്ച് ദേവഗുപ്തനെ കീഴടക്കിയശേഷം ശശാങ്കനെ ബംഗാളിലേക്കു തുരത്തി. രാജ്യശ്രീ തടവില്‍ നിന്നു മോചിപ്പിക്കപ്പെട്ടു. ഹര്ഷന് കന്യാകുബ്ജവും താനേശ്വരവും ഒന്നിച്ചുചേര്‍ക്കുകയും കന്യാകുബ്ജം തലസ്ഥാനമാക്കി ഭരണം തുടരുകയും ചെയ്തു.
636ല്‍ കന്യാകുബ്ജം സന്ദര്‍ശിച്ച ഹ്യൂയാന്‍സാങ് അവിടെ ഏഴുകൊല്ലക്കാലം താമസിക്കുകയുണ്ടായി. അക്കാലത്ത് ജനങ്ങള്‍ തിങ്ങിപ്പാര്‍ത്തിരുന്ന ഉത്തരേന്ത്യന്‍ നഗരങ്ങളില്‍ ഒന്നായിരുന്നു കന്യാകുബ്ജം. അസംഖ്യം ഹൈന്ദവ, ബൗദ്ധ ദേവാലയങ്ങളും ഭംഗിയേറിയ പൂങ്കാവനങ്ങളും പൊയ്കകളും ബലവത്തായ കോട്ടകൊത്തളങ്ങളും ഉണ്ടായിരുന്ന ഒരു മഹാനഗരമായിട്ടാണ് കന്യാകുബ്ജത്തെ ഹ്യൂയാന്‍സാങ് വിവരിച്ചിട്ടുള്ളത്. ഈ നഗരം ഗംഗയുടെ കിഴക്കേതീരത്ത് വ്യാപിച്ചു കിടന്നിരുന്നു.
ഹര്ഷവര്ധനഌശേഷം കന്യാകുബ്ജം പ്രതിഹാര രാജാക്കന്മാരുടെ (816 1090) തലസ്ഥാനമായി. ബംഗാളിലെ ധര്മപാലന് ഈ നഗരം ആക്രമിച്ചു കീഴടക്കിയെങ്കിലും വളരെനാള്‍ കൈവശംവച്ചുകൊണ്ടിരിക്കാന്‍ കഴിഞ്ഞില്ല. 1018ല്‍ മുഹമ്മദ് ഗസ്നി ഈ നഗരം ആക്രമിച്ചു. അവസാനത്തെ പ്രതിഹാര രാജാവായ രാജ്യപാലന്‍ മുഹമ്മദിന്റെ സാമന്തപദവി സ്വീകരിച്ച് തന്‍െറ അധികാരം നിലനിര്‍ത്തി. ഇതില്‍ കുപിതനായ ചന്ദേല രാജാവ് ചണ്ഡന്‍, രാജ്യപാലനെ സ്ഥാനഭ്രഷ്ടനാക്കി. അതിഌശേഷം കന്യാകുബ്ജം (ഇക്കാലം മുതല്‍ കനൗജ് എന്നപേരിലാണ് ഈ നഗരം അറിയപ്പെട്ടിരുന്നത്) റാഠോര്‍ രജപുത്രന്മാരുടെ കീഴിലമര്‍ന്നു. റാഠോര്‍ രാജാവായ ജയചന്ദ്രനെ 1194ല്‍ മുഹമ്മദ്ഗോറി തോല്പിച്ചു വധിച്ചു. അതോടുകൂടി ഈ നഗരത്തിന്റെ പ്രശസ്തി അസ്തമിച്ചു. തുടര്‍ന്ന് കനൗജ് ചരിത്രത്തില്‍ പ്രസിദ്ധിയാര്ജിക്കുന്നത് 1540ല്‍ അവിടെവച്ച് ഷെര്‍ഖാഌം മുഗള്‍ചക്രവര്‍ത്തിയായ ഹുമായൂണും തമ്മില്‍ നടന്ന യുദ്ധം കൊണ്ടാണ്. ആ യുദ്ധത്തില്‍ പരാജിതനായ ഹുമായൂണ്‍ ഇന്ത്യയില്‍ നിന്ന് ഓടിപ്പോയി.
(ഡോ. എ.പി. ഇബ്രാഹിം കുഞ്ഞ്; സ.പ.)