This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കരിയേ, ജീന്‍ ബാപ്‌റ്റിസ്റ്റേ (1756 94)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

11:55, 26 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

കരിയേ, ജീന്‍ ബാപ്‌റ്റിസ്റ്റേ (1756 94)

Carrier, Jean Baptiste

ജീന്‍ ബാപ്‌റ്റിസ്റ്റേ കരിയേ

ഫ്രഞ്ച്‌ വിപ്ലവകാരി. ഹാതെ അവര്‍നെയിലെ യോലറ്റില്‍ (Yolet) 1756 മോ. 16ഌ ജനിച്ചു. ജാക്കോബിന്‍ (Jocobin) എന്ന തീവ്രവാദി സംഘടനയില്‍ അംഗമായിരുന്ന കരിയേ ഫ്രഞ്ചുവിപ്ലവകാലത്ത്‌ പാരിസിലെ മറ്റൊരു തീവ്രവാദി രാഷ്‌ട്രീയ സംഘമായിരുന്ന "കോര്‍ഡെലീഴ്‌സ്‌' (Corde-liers)ഒരു സജീവ അംഗമായി. 1793ല്‍ ഇദ്ദേഹം ഒരു വിപ്ലവ ട്രിബ്യൂണല്‍ സ്ഥാപിച്ചു. ഫ്രാന്‍സില്‍ ഭീകരഭരണം (1793-94) ആരംഭിച്ചപ്പോള്‍ നോര്‍മന്‍ഡിയിലേക്കും ബ്രിട്ടനിലേക്കും ഫ്രഞ്ചുവിപ്ലവ ദൗത്യവുമായി പുറപ്പെട്ടത്‌ കരിയേ ആയിരുന്നു. തുടര്‍ന്ന്‌ പടിഞ്ഞാറന്‍ ഫ്രാന്‍സിലെ ഒരു തുറമുഖനഗരമായ നാന്റ്‌സിലെത്തിയ ഇദ്ദേഹം ഒരു ട്രിബ്യൂണല്‍ സ്ഥാപിക്കുകയും തടവുകാരെ അതിവേഗം കൂട്ടത്തോടെ കൊന്നൊടുക്കുന്നതിന്‌ കോംപേന്‍ മാറാ (Compane Marat)എന്ന പേരില്‍ ഒരു ഭീകരസംഘം രൂപവത്‌കരിക്കുകയും ചെയ്‌തു. തടവുകാരെ കൂട്ടത്തോടെ ഗില്ലറ്റിന്‍ ചെയ്യുകയോ വെടിവയ്‌ക്കുകയോ പതിവായി. വധശിക്ഷയ്‌ക്കു വേഗത പോരാ എന്നു കരുതിയ കരിയേ, നൊയാഡ്‌സ്‌ (Noyads-ആളുകളെ കെട്ടിയിട്ട്‌ കൂട്ടത്തോടെ ബോട്ടില്‍ കയറ്റി ലോയര്‍ നദിയില്‍ കൊണ്ടുചെന്ന്‌ അടിഭാഗത്തുള്ള രഹസ്യ കവാടത്തിലൂടെ വെള്ളം കയറ്റി ബോട്ടുമുക്കി അതിലുള്ളവരെ കൊല്ലുന്ന സമ്പ്രദായം) ഏര്‍പ്പെടുത്തി. കരിയേയുടെ ഭീകരപ്രവര്‍ത്തനം കാരണം പൊതുജന സംരക്ഷണസമിതി 1794 ഫെ. 11ഌ ഇദ്ദേഹത്തെ പാരിസിലേക്കു തിരിച്ചു വിളിച്ചു. ശിക്ഷയില്‍നിന്നു താത്‌കാലികമായി രക്ഷപ്പെട്ട കരിയേ 1794 ജൂല. 27നു ഫ്രഞ്ചുവിപ്ലവ നേതാവായ റോബസ്‌പിയറിന്‌ (1758-94) എതിരായ കലാപത്തില്‍ പങ്കെടുത്തു. റോബസ്‌പിയര്‍ പരാജയപ്പെട്ടുവെങ്കിലും കരിയേ തടവുകാരനായി പിടിക്കപ്പെട്ടു. വിപ്ലവ ട്രിബ്യൂണലിന്റെ ഉത്തരവഌസരിച്ച്‌ 1794 ഡി. 16ഌ കരിയേ വധിക്കപ്പെട്ടു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍