This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കടുവ
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
കടുവ
Tiger
ഇന്ത്യയുടെ ദേശീയ മൃഗം. ആകാരഭംഗിയിലും വര്‍ണപ്പൊലിമയിലും മുന്‍പന്തിയിലുള്ള ഒരു മൃഗമാണ് കടുവ. കാര്‍നിവോറ സസ്‌തനി വര്‍ഗത്തിലെ ഫെലിടേ ഗോത്രത്തിലാണ് ഉള്‍പ്പെടുന്നത്. ശാ.നാ. ഫെലിസ് (പാന്തെറാ) റ്റൈഗ്രിസ് (Felis-Panthera-tigris). സിംഹത്തോളമോ അതിനെക്കാളുമോ വലുപ്പമുള്ള കടുവ സിംഹത്തെക്കാള്‍ വളരെയേറെ ഗതിവേഗമുള്ള മൃഗമാകുന്നു. ബംഗാള്‍, ആമോയ്, സുമാത്രന്‍, ജാവന്‍ തുടങ്ങി വിവിധയിനത്തിലുള്ള കടുവകളുണ്ട്. പ്രായപൂര്‍ത്തിയെത്തിയ ഒരു കടുവയ്‌ക്ക് ശരാശരി മൂന്നു മീറ്റര്‍ നീളമുണ്ടായിരിക്കും (ഒരു മീറ്റര്‍ നീളമുള്ള വാലും ഇതില്‍ ഉള്‍പ്പെടുന്നു); ഉയരം (തോള്‍ഭാഗത്ത്) ഒരു മീറ്ററും ഭാരം 180230 കി. ഗ്രാമും. പെണ്‍കടുവയ്‌ക്ക് ആണിനെക്കാള്‍ 30 സെ.മീറ്ററോളം നീളവും 40 കി.ഗ്രാം വരെ ഭാരവും കുറവായിരിക്കും.
സൈബീരിയയാണ് കടുവയുടെ ജന്മദേശം. ഹിമയുഗത്തില്‍ത്തന്നെ ഇത് യൂറേഷ്യയുടെ മിക്കവാറും എല്ലാ ഭാഗങ്ങളിലേക്കും വ്യാപിച്ചിരുന്നു എന്നു പറയാം. എന്നാല്‍ ഇന്ന് കടുവ ഏഷ്യയില്‍ സൈബീരിയ, മഞ്ചൂറിയ, പേര്‍ഷ്യ, ഇന്ത്യ, ചൈന, സുമാത്ര, ജാവ, ബാലി എന്നിവിടങ്ങളില്‍ മാത്രം ഒതുങ്ങി നില്‌ക്കുന്നു. ഇന്ത്യയില്‍ എല്ലായിടത്തും ഉണ്ടെങ്കിലും ശ്രീലങ്കയില്‍ ഇതിനെ കാണാനില്ല (കടുവ തെക്കേ ഇന്ത്യയിലെത്തുന്നതിഌമുമ്പുതന്നെ ശ്രീലങ്ക വേര്‍പെട്ടുപോയതാകാം ഇതിഌ കാരണം).
വിവിധദേശങ്ങളിലെ കടുവകള്‍ വിവിധയിനങ്ങളില്‍പ്പെടുന്നു. ബാലി ദ്വീപിലെ കടുവകള്‍ പൊതുവേ വലുപ്പം കുറഞ്ഞവയാണ്; മഞ്ചൂറിയില്‍ കാണുന്നവയാകട്ടെ 4 മീറ്ററിലേറെ നീളം വയ്‌ക്കുന്നു. ശരീരത്തിന്‍െറ മുകള്‍ഭാഗം ഇളംതവിട്ടുനിറമായിരിക്കും; അടിഭാഗം വെള്ളയും. അടിഭാഗത്ത് കറുത്തതോ, തവിട്ടുനിറം കലര്‍ന്ന കറുപ്പോടുകൂടിയതോ ആയ വരകള്‍ കുറുകെ കാണാം. വനത്തിഌള്ളില്‍ പ്രച്ഛന്നാവരണമായി ഈ നിറവും വരകളും വര്‍ത്തിക്കുന്നു. ഇന്ത്യയില്‍ അപൂര്‍വമായി "വെള്ളക്കടുവ'കളെയും കാണാറുണ്ട്.
ശൈത്യഭൂഭാഗങ്ങളിലെ (സൈബീരിയ, മഞ്ചൂറിയ)കടുവകള്‍ക്ക് കട്ടിയേറിയതും ഒതുക്കമില്ലാത്തതുമായ രോമമാണുള്ളത്. എന്നാല്‍ ചൂടുകൂടിയ പ്രദേശങ്ങളിലെ കടുവകള്‍ക്കു നീളം കുറഞ്ഞ് ഇടതിങ്ങിയ രോമം ഉണ്ടായിരിക്കും. കടുവയ്‌ക്ക് "കുഞ്ചിരോമം' കാണുകയില്ല; എന്നാല്‍ പ്രായമായ ആണ്‍ കടുവകളുടെ കവിളിലെ രോമങ്ങള്‍ നീണ്ടു നില്‌ക്കുന്നു.
സൈബീരിയയിലെ മഞ്ഞുമൂടിയ തരിശുഭൂമികളിലാണ് കടുവ ജന്മമെടുത്തതെങ്കിലും വൃക്ഷങ്ങള്‍ തിങ്ങിയ വനപ്രദേശങ്ങളാണ് നൈസര്‍ഗികമായി ഇതിനിഷ്‌ടം. പാറകള്‍നിറഞ്ഞ പര്‍വതപ്രദേശങ്ങള്‍; കണച്ചെടികള്‍ നിറഞ്ഞ കാസ്‌പിയന്‍ തീരങ്ങള്‍; ഇടതിങ്ങിയ മലയന്‍കാടുകള്‍; ജാവ, ബാലി എന്നീ ദ്വീപുകള്‍ എന്നിങ്ങനെ വിഭിന്ന ഭൂപ്രദേശങ്ങളില്‍ കഴിയുന്നതിഌവേണ്ട അഌകൂലനസ്വഭാവങ്ങള്‍ കടുവയ്‌ക്കുണ്ട്. എന്നാല്‍ അത്യുഷ്‌ണം ചെറുക്കുന്നതിന് ഇതിനൊട്ടും തന്നെ കഴിവില്ല. ചൂടുസമയങ്ങളില്‍ നീളമുള്ള പുല്ലിനടിയിലോ, ഗുഹകള്‍ക്കുള്ളിലോ, പൊളിഞ്ഞ കെട്ടിടങ്ങള്‍ക്കകത്തോ, ചതുപ്പിലോ, ആഴംകുറഞ്ഞ ജലാശയങ്ങളിലോപോലും പതുങ്ങിക്കിടന്ന് ഇത് പകല്‍ കഴിച്ചുകൂട്ടുന്നു.
കടുവ ഒരു നീന്തല്‍വിദഗ്‌ധനാണ്. വെള്ളപ്പൊക്കമുണ്ടാകുമ്പോള്‍ ഇത് ആഹാരസമ്പാദനാര്‍ഥം ഒരു ദ്വീപില്‍ നിന്നു മറ്റൊരു ദ്വീപിലേക്കു നീന്തിപ്പോകുന്നു. എന്നാല്‍ "പൂച്ചക്കുടുംബ'ത്തിലെ (Felidae) മറ്റംഗങ്ങള്‍ക്കുള്ളതുപോലെ മരംകേറ്റത്തില്‍ ഇതിഌ വൈദഗ്‌ധ്യം ഇല്ല എന്നു വേണം പറയാന്‍. വളരെ അപൂര്‍വമായി മാത്രമേ (മിക്കവാറും വല്ലാതെ ഭയപ്പെടുമ്പോള്‍ മാത്രം) ഇത് മരത്തില്‍ കയറാറുള്ളൂ. എന്നാല്‍ ഒരിക്കല്‍ 6 മീ. ഉയരത്തില്‍ ചാടി, മരത്തിലിരിക്കുന്ന മഌഷ്യനെ കടുവ പിടികൂടിയതായി രേഖയുണ്ട്. കടുവയുടെ ശ്രവണശക്തി അതിസൂക്ഷ്‌മമാണ്. ഇരയെ പതുങ്ങിച്ചെന്നു പിടികൂടുവാന്‍ അത് സഹായിക്കുന്നു. നിശ്‌ചലമായിരിക്കുന്ന ജീവികളെ, അവ സാമാന്യം അടുത്താണെങ്കില്‍പ്പോലും, കടുവയ്‌ക്കു കാണാന്‍ കഴിയുകയില്ലെന്നാണ് കരുതപ്പെടുന്നത്.
കടുവകള്‍ വിവിധതരത്തിലുള്ള ശബ്‌ദങ്ങള്‍ പുറപ്പെടുവിക്കാറുണ്ട്. അദ്‌ഭുതമോ പ്രതിഷേധമോ സൂചിപ്പിക്കുന്ന അത്യുച്ചത്തിലുള്ള "വുഫ്' ശബ്‌ദം മുതല്‍, ആക്രമണാരംഭത്തിലോ ഏതെങ്കിലും ഉപദ്രവം അഌഭവപ്പെടുമ്പോഴോ പുറപ്പെടുവിക്കുന്ന ഗര്‍ജനം വരെ ഇക്കൂട്ടത്തില്‍പ്പെടുന്നു.
പുള്ളിമാന്‍, കലമാന്‍, കാട്ടുപന്നി, മുള്ളന്‍പന്നി, കുരങ്ങ് തുടങ്ങിയവയാണ് കടുവയുടെ സാധാരണ ഭക്ഷണം. ഇന്ത്യയില്‍, ഈ മൃഗങ്ങള്‍ ഇല്ലാതായിപ്പോയ ചില കാടുകളില്‍ നിന്ന് കടുവകള്‍ ഒഴിഞ്ഞുപോയത് ശ്രദ്ധേയമായ വസ്‌തുതയാണ്. മത്സ്യം, ആമ, വെട്ടുകിളി എന്നിവയെയും ഭക്ഷിക്കാറുണ്ട്. കാട്ടുപോത്ത്, ആന എന്നിങ്ങനെയുള്ള വലിയ മൃഗങ്ങളെ ഇത് ആക്രമിക്കുന്നത് വളരെ അപൂര്‍വമാകുന്നു. ഭക്ഷണദൗര്‍ലഭ്യം ഉണ്ടായാല്‍ കന്നുകാലികളെ "മോഷ്‌ടിക്കാന്‍' കടുവ തുനിയാറുണ്ട്. വേട്ടയാടാന്‍ ശേഷിയില്ലാത്തത്ര ക്ഷീണിതനോ മുറിവേറ്റവനോ ആയ കടുവ മഌഷ്യനെയും പിടികൂടാന്‍ മടിക്കാറില്ല.
കടുവ വേട്ടയാടുന്നതിന്റെ ആദ്യഭാഗം, പതുങ്ങിക്കിടന്ന് ഇരയെ കണ്ടെത്തുക എന്നതാണ്. അടുത്തതായി അതിവേഗത്തില്‍ ഇരയുടെ മേല്‍ ചാടിവീണ്, ഒരു കൈകൊണ്ട് അതിന്‍െറ തോളില്‍ പിടിച്ചശേഷം കഴുത്തില്‍ കടിക്കുകയും, ഇരയുടെ തല പിന്നിലേക്കുയര്‍ത്തി കഴുത്തൊടിച്ച് കൊല്ലുകയും ചെയ്യുന്നു. ഒരു ഇര കൈക്കലായിക്കഴിഞ്ഞാല്‍ കടുവ അതുമായി ഏതെങ്കിലും ഏകാന്തമായ കോണിലേക്ക് പിന്‍വാങ്ങും; ഇത് മിക്കവാറും സ്വന്തം വാസസ്ഥാനത്തിനടുത്തേക്കാകും. അതിഌ പറ്റാതെ വരുന്ന പക്ഷം, ധൃതിപിടിച്ചു കുറെയൊക്കെ അകത്താക്കി, മിച്ചം വരുന്നതിനെ ഉപേക്ഷിച്ചുപോകുന്നു. ഈ അവശിഷ്‌ടം കഴുതപ്പുലി, കഴുകന്‍ തുടങ്ങിയ "ശവംതീനികള്‍' ഭക്ഷിച്ചുകൊള്ളും.
ഇണചേരലിഌ കാലമാകുന്നതുവരെ കടുവ ഒറ്റയ്‌ക്കുകഴിയാനിഷ്‌ടപ്പെടുന്നു. ഇണചേരലിന് പ്രത്യേകസമയമുണ്ട്. ഇത് രണ്ടാഴ്‌ചയിലും കുറവായിരിക്കുമെന്നാണ് പല ജന്തുശാസ്‌ത്രജ്ഞരുടെയും അഭിപ്രായം. ഇണചേരലിന്റെ കാലമാവുമ്പോള്‍ ഒരു പെണ്ണിഌവേണ്ടി ആണ്‍കടുവകള്‍ തമ്മില്‍ യുദ്ധം നടക്കുന്നു. ഒന്നിന്റെ മരണത്തോടെ മാത്രമേ ഇതവസാനിക്കാറുള്ളൂ. ഇന്ത്യയില്‍ കടുവയുടെ ഇണചേരലിഌള്ള സമയം പലപ്പോഴും വ്യത്യസ്‌തമായി കാണപ്പെടുന്നുവെങ്കിലും മലയയില്‍ ന.മാ. വരെയും മഞ്ചൂറിയയില്‍ ഡി.ലുമാണ്. പെണ്‍കടുവ മൂന്നു വയസ്സു പ്രായമാകുന്നതോടെ പ്രത്യുല്‌പാദനശേഷി ആര്‍ജിക്കുന്നു. മൂന്നു വര്‍ഷത്തിലൊരിക്കലാണ് പ്രസവം നടക്കുക. ഗര്‍ഭകാലം 105113 ദിവസങ്ങളാണ്. ഒരു പ്രസവത്തില്‍ 34 കുട്ടികളുണ്ടാകും; അപൂര്‍വമായി ആറ് എണ്ണം വരെയാകാറുണ്ട്. ശിശുമരണം വളരെ സാധാരണമാകയാല്‍ ജനിക്കുന്ന കുഞ്ഞുങ്ങളുടെ എണ്ണം കൂടുതലാണെങ്കിലും രണ്ടെണ്ണത്തിലേറെ പ്രായപൂര്‍ത്തിയെത്താറില്ല. ജനിക്കുമ്പോള്‍ 11.5 കി.ഗ്രാം മാത്രം ഭാരം വരുന്ന കുഞ്ഞുങ്ങള്‍ അന്ധരും, തികച്ചും നിസ്സഹായരും ആയിരിക്കും. എന്നാല്‍ മാതാപിതാക്കളുടെ ശരീരത്തിലെ വരകള്‍ ജനനം മുതല്‍ക്കേ വളരെ വ്യക്തമായി കുഞ്ഞുങ്ങളുടെ ദേഹത്തും ദര്‍ശിക്കാം. ഇവയുടെ വളര്‍ച്ച പെട്ടെന്നാണ്; 14 ദിവസം പ്രായമാകുന്നതോടെ കണ്ണുതുറക്കും; ആറാഴ്‌ചയാകുമ്പോഴേക്ക് മുലപ്പാലിനോടൊപ്പം മറ്റ് ആഹാരങ്ങളും കഴിച്ചു തുടങ്ങും. ഏഴ് മാസം പ്രായമാകുന്നതോടെ ഇരതേടാഌള്ള കഴിവ് സ്വായത്തമാക്കുന്നു. എന്നാല്‍ രണ്ടു വയസ്സുവരെ അമ്മയോടൊപ്പം തന്നെ കഴിഞ്ഞ് വേട്ടയില്‍ പ്രാവീണ്യം നേടുകയാണു പതിവ്. മൂന്ന് വയസ്സാകുമ്പോള്‍ പൂര്‍ണവളര്‍ച്ചയെത്തുന്നു. കടുവയുടെ ശരാശരി ആയുസ്സ് 11 വര്‍ഷമാണ്. എന്നാല്‍ ഇതിന്‍െറ ഇരട്ടിയിലേറെ ജീവിച്ചിരുന്ന കടുവകളെക്കുറിച്ചും രേഖകളില്ലാതില്ല. കൃത്രിമ സാഹചര്യങ്ങളില്‍ കടുവയെ സിംഹവുമായി ഇണചേര്‍ത്തിട്ടുണ്ട്; ഇതില്‍ നിന്നു ജനിക്കുന്ന കുഞ്ഞുങ്ങള്‍ (അച്ഛന്‍ കടുവയെങ്കില്‍ റ്റൈഗണ്‍; സിംഹമെങ്കില്‍ ലൈഗര്‍) വര്‍ഗോത്‌പാദനശേഷി ഉള്ളവ ആയിരിക്കില്ല എന്നു മാത്രം.
വര്‍ഗശത്രുക്കള്‍ കടുവയ്‌ക്ക് വളരെ കുറവാണെന്നുതന്നെ പറയാം. മഌഷ്യനാണ് ഇതിന്റെ ഏറ്റവും വലിയ ശത്രു. യൂറോപ്യന്‍മാരോടൊപ്പം ഇന്ത്യയിലെത്തിയ "വേട്ടക്കമ്പം' ഒറ്റയൊരു വര്‍ഷത്തില്‍ മാത്രം രണ്ടായിരത്തോളം കടുവകളുടെ ജീവനാശത്തിനിടവരുത്തിയിരുന്നു. ആകെയുള്ള എട്ടില്‍ ആറിനങ്ങളും വംശനാശത്തെ അഭിമുഖീകരിക്കുന്നതായാണ് ഇന്നത്തെ കണക്കുകള്‍ വെളിപ്പെടുത്തുന്നത്.
മഌഷ്യനോട് ബഹുമാനവും ഭയവുമുള്ള മൃഗമാണ് കടുവ. ഒരു പരിധിവരെ മഌഷ്യന്‍െറ ഉപദ്രവങ്ങള്‍ സഹിക്കാന്‍പോലും ഇത് തയ്യാറാണ്. മഌഷ്യരെ പിന്തുടര്‍ന്ന് കടുവകള്‍ മൈലുകളോളം പോയിട്ടും യാതൊരുപദ്രവും ചെയ്‌തിട്ടില്ലാത്ത സംഭവങ്ങള്‍ ഏറെയുണ്ട്. കൂടാരങ്ങള്‍ക്കു സമീപം തനിച്ചിരിക്കുന്ന മഌഷ്യന്‍െറ അടുത്തുകൂടി, അവന്‍െറ സാന്നിധ്യം വ്യക്തമായറിഞ്ഞിട്ടും അതവഗണിച്ചു കടന്നുപോയിട്ടുള്ള കടുവകളുടെ കഥയും അതിശോക്‌തിയില്‍പ്പെടുന്നതല്ല. വേട്ടയാടാഌള്ള പ്രകൃതിദത്തമായ കഴിവിന് എന്തെങ്കിലും തരക്കേടു പറ്റിയാല്‍ മാത്രമേ കടുവ മഌഷ്യര്‍ക്കും കന്നുകാലികള്‍ക്കും ഉപദ്രവകാരിയാകുന്നുള്ളൂ. വെടിയുണ്ടകള്‍ക്കാണ് കടുവയെ മുറിവേല്‌പ്പിക്കുന്നതില്‍ ഏറ്റവും കൂടുതല്‍ കഴിവുള്ളത്. മുള്ളന്‍പന്നിയുടെ മുള്ളുകള്‍ക്കും ഈ കഴിവുണ്ട്. പ്രായാധിക്യം കടുവയുടെ ശേഷിക്കുറവിഌ കാരണമാണ്. എന്തുകാരണത്താലായാലും"ആള്‍പ്പിടിയനാ'യി മാറുന്ന കടുവയെ, അത് സംരക്ഷിത മേഖലയിലായാല്‍പോലും, വകവരുത്താതെ ആളുകള്‍ അടങ്ങാറില്ല. ഇക്കാരണത്താല്‍ ഇന്ന് അതിവേഗം വംശനാശത്തെ അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്ന പല വനമൃഗങ്ങളില്‍ ഒന്നാണ് കടുവ. കടുവയുടെ രക്ഷയ്‌ക്കായി പല പദ്ധതികളും സര്‍ക്കാര്‍ ആസൂത്രണം ചെയ്‌തു നടപ്പിലാക്കിയിട്ടുണ്ട്. ഉദാ. പ്രാജക്‌ട് ടൈഗര്‍ (Project Tiger) പദ്ധതിപ്രകാരം നിരവധി കടുവസംരക്ഷണ സങ്കേതങ്ങളും ഇന്ത്യയില്‍ നിലവില്‍ വന്നിട്ടുണ്ട്. ദേശീയോദ്യാനങ്ങളിലും കടുവ സംരക്ഷണത്തിഌ പ്രത്യേക നിയമങ്ങളും നടപ്പാക്കിയിട്ടുണ്ട്.