This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കമ്മത്ത്‌, എച്ച്‌.വി. (1907-82)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

07:40, 26 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

കമ്മത്ത്‌, എച്ച്‌.വി. (1907-82)

എച്ച്‌.വി. കമ്മത്ത്‌

ഇന്ത്യയിലെ പ്രശസ്‌ത പാര്‍ലമെന്റേറിയഌം സ്വാതന്ത്യ്രസമരനേതാവും. കര്‍ണാടകത്തിലെ മംഗലാപുരത്ത്‌ ഒരിടത്തരം ഗൗഡസാരസ്വതകുടുംബത്തില്‍ ഹുണ്ഡിരാമ കമ്മത്തിന്റെയും ആനന്ദിബായിയുടെയും പുത്രനായി 1907 ജൂല. 13ഌ ഹരി വിഷ്‌ണു കമ്മത്ത്‌ ജനിച്ചു. മംഗലാപുരത്തു നിന്ന്‌ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി മദ്രാസ്‌ പ്രസിഡന്‍സി കോളജില്‍ നിന്നു ബി.എസ്‌സി. (ഓണേഴ്‌സ്‌) ബിരുദം നേടിയശേഷം കമ്മത്ത്‌ ബ്രിട്ടനിലെത്തി ഇന്ത്യന്‍ സിവില്‍ സര്‍വിസ്‌ പരീക്ഷ പാസ്സായി, 1930ല്‍ സര്‍വിസില്‍ ചേര്‍ന്നു. 1935ല്‍ യൂറോപ്പ്‌ സന്ദര്‍ശിച്ച ഇദ്ദേഹം, അധികാരികളുടെ എതിര്‍പ്പിനെ വിഗണിച്ചുകൊണ്ട്‌ യു.എസ്‌.എസ്‌.ആറും സന്ദര്‍ശിക്കുകയുണ്ടായി. സുബാഷ്‌ ചന്ദ്രബോസിന്റെ ഉപദേശമഌസരിച്ച്‌ 1938 ജഌ. 26ഌ കമ്മത്ത്‌ ഉദ്യോഗം രാജിവച്ച്‌ രാഷ്‌ട്രസേവനത്തിനിറങ്ങി. അന്ന്‌ കോണ്‍ഗ്രസ്‌ അധ്യക്ഷനായിരുന്ന ബോസിന്റെ പേഴ്‌സണല്‍ സെക്രട്ടറിയായി ഇദ്ദേഹം രാഷ്‌ട്രീയ ജീവിതം ആരംഭിച്ചു. പിന്നീട്‌ ഏഴു സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ്‌ മന്ത്രിസഭകളുടെ പ്രവര്‍ത്തനത്തെ ഏകോപിപ്പിച്ചിരുന്ന അഖിലേന്ത്യാകോണ്‍ഗ്രസ്‌ കമ്മിറ്റിയുടെ പാര്‍ലമെന്ററി കോഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ സെക്രട്ടറിയായി. ജവാഹര്‍ലാല്‍ നെഹ്‌റുവിന്റെ അധ്യക്ഷതയില്‍ 1938 ഒ.ല്‍ രൂപം കൊണ്ട ദേശീയാസൂത്രണസമിതിയുടെ സെക്രട്ടറിയും കമ്മത്ത്‌ ആയിരുന്നു. കോണ്‍ഗ്രസ്‌ പ്രസിഡന്റിന്റെ തെരഞ്ഞെടുപ്പിനെത്തുടര്‍ന്നുണ്ടായ ചേരിതിരിവില്‍ കമ്മത്ത്‌ സുഭാഷ്‌ പക്ഷത്തു നിലയുറപ്പിച്ചത്‌ നെഹ്‌റുവിനിഷ്ടപ്പെട്ടില്ല. 1939 ഏ.ല്‍ ദേശീയാസൂത്രണ സമിതിയുടെ സെക്രട്ടറി സ്ഥാനം ഇദ്ദേഹം രാജിവച്ചു. ബോസ്‌ ഫോര്‍വേഡ്‌ ബ്ലോക്ക്‌ രൂപവത്‌കരിച്ചപ്പോള്‍ (1939 മേയ്‌) കമ്മത്ത്‌ അതിന്റെ സംഘാടക കാര്യദര്‍ശിയായി. രണ്ടാം ലോകയുദ്ധാരംഭത്തില്‍ ബോസിന്റെ നേതൃത്വത്തില്‍ നാഗ്‌പ്പൂരില്‍ ചേര്‍ന്ന സാമ്രാജ്യത്വ വിരുദ്ധസമ്മേളനത്തിന്‌ (1939 ഒ.) കമ്മത്ത്‌ പിന്തുണ നല്‌കി. യുദ്ധത്തെ എതിര്‍ത്തിരുന്ന ഇദ്ദേഹത്തെ 1940 ഏ. 6ഌ ബോംബെയില്‍ വച്ച്‌ അറസ്റ്റ്‌ ചെയ്‌ത്‌ ഒരു വര്‍ഷത്തേക്കു ജയിലിലടച്ചു. ജയില്‍വിമോചിതനായി (1941 മേയ്‌) പുറത്തു വന്ന കമ്മത്ത്‌ ബോസിഌവേണ്ടിയും (അപ്പോഴേക്കും ബോസ്‌ ഇന്ത്യയില്‍ നിന്ന്‌ അപ്രത്യക്ഷനായിരുന്നു) ഫോര്‍വേഡ്‌ ബ്ലോക്കിഌവേണ്ടിയും പ്രവര്‍ത്തനമാരംഭിച്ചു.

1946 ജൂല.ല്‍ സെന്‍ട്രല്‍ പ്രാവിന്‍സ്‌ ആന്‍ഡ്‌ ബിഹാറില്‍ നിന്നും നിയമനിര്‍മാണസഭയിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ടതോടെയാണ്‌ കമ്മത്തിന്റെ പാര്‍ലമെന്ററി ജീവിതം ആരംഭിക്കുന്നത്‌. 1950 വരെ തത്‌സ്ഥാനം വഹിച്ച ഇദ്ദേഹം 1952ലെ പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പില്‍ ഹോഷംഗബാദി (മധ്യപ്രദേശ്‌)ല്‍ നിന്നു മത്സരിച്ചുവെങ്കിലും പരാജിതനായി. ഈ തെരഞ്ഞെടുപ്പുഫലം പിന്നീട്‌ അസ്ഥിരപ്പെടുത്തപ്പെട്ടു (1955). തുടര്‍ന്ന്‌ 1955ല്‍ നടന്ന ഇടക്കാല തെരഞ്ഞെടുപ്പില്‍ ഇദ്ദേഹം വിജയിച്ചു. 1962 മുതല്‍ പ്രജാസോഷ്യലിസ്റ്റ്‌ പാര്‍ട്ടി അംഗമായി ഇദ്ദേഹം ലോക്‌സഭയില്‍ തുടര്‍ന്നു. 1953ല്‍ ബോസിന്റെ ഫോര്‍വേഡ്‌ബ്ലോക്ക്‌ പ്രജാസോഷ്യലിസ്റ്റ്‌ പാര്‍ട്ടിയില്‍ ലയിച്ചതോടെ കമ്മത്ത്‌ പി.എസ്‌.പി.യുടെ നേതൃസ്ഥാനത്തേക്കുയര്‍ന്നു. 1964ല്‍ പ്രജാസോഷ്യലിസ്റ്റ്‌ പാര്‍ട്ടിയും സോഷ്യലിസ്റ്റ്‌ പാര്‍ട്ടിയും യോജിച്ചുണ്ടായ സംയുക്ത സോഷ്യലിസ്റ്റ്‌ പാര്‍ട്ടിയുടെ നേതാക്കന്മാരിലൊരാളായിരുന്നു കമ്മത്ത്‌. 1965 ജഌല്‍ ഈ പാര്‍ട്ടി പിളര്‍ന്നപ്പോള്‍ ഇദ്ദേഹം പ്രജാസോഷ്യലിസ്റ്റ്‌ പാര്‍ട്ടിയിലേക്കു തിരിച്ചുപോയി. ലോക്‌സഭയില്‍ പാര്‍ട്ടിയുടെ ഡെപ്യൂട്ടി ലീഡറായി. നര്‍മരസം കലര്‍ന്ന ഉജ്ജ്വലപ്രഭാഷകന്‍ എന്ന നിലയില്‍ ഇദ്ദേഹത്തിന്‌ തുല്യരായി അധികം പേര്‍ ഇന്ത്യന്‍ പാര്‍ലമെന്റിലുണ്ടായിട്ടില്ല. 1977ലെ പൊതു തെരഞ്ഞെടുപ്പില്‍ ജനതാ പാര്‍ട്ടിയംഗമെന്ന നിലയില്‍ പാര്‍ലമെന്റിലേക്കു മത്സരിച്ചു വിജയിച്ചു. കമ്യൂണിസ്റ്റ്‌ ചൈനാ കോളനൈസസ്‌ തിബത്ത്‌ (Communist China colonises Tibet), ചൈന ഇന്‍വെയ്‌ഡ്‌സ്‌ ഇന്ത്യ (China invades India) എന്നിവയാണ്‌ ഇദ്ദേഹത്തിന്റെ പ്രധാനപ്പെട്ട കൃതികള്‍. 1982ല്‍ ഇദ്ദേഹം നിര്യാതനായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍