This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കമ്പനിനിയമം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഉള്ളടക്കം |
കമ്പനിനിയമം
Company Law
കമ്പനികളുടെ രൂപീകരണം, ഭരണം, കമ്പനികളിന്മേലുള്ള ഗവണ്മെന്റ് നിയന്ത്രണം എന്നിവയെ സംബന്ധിച്ച നിയമം. ആദ്യഘട്ടങ്ങളില്‍ ഒരു വ്യക്തിയുടെ മാത്രം ഉടമസ്ഥതയിലുള്ള ബിസിനസ് സംരംഭങ്ങളായിരുന്നു അധികവും. പിന്നീട് ഒന്നിലധികം വ്യക്തികള്‍ ചേര്‍ന്നു നടത്തുന്ന പങ്കാളിത്ത ബിസിനസ് പ്രവര്‍ത്തനങ്ങളും നിലവില്‍ വന്നു.
വ്യാപാരവാണിജ്യങ്ങളുടെ പുരോഗതിയോടെ വന്‍തോതില്‍ മുതല്‍മുടക്ക് ആവശ്യമായിത്തീര്‍ന്നു. ഇതിന്റെ ഫലമായാണ് കൂട്ടുടമക്കമ്പനികള്‍ (ജോയിന്റ് സ്റ്റോക്ക് കമ്പനികള്‍) രൂപംകൊണ്ടത്.
ചരിത്രം
ഇംഗ്ലണ്ടില്‍ കൂട്ടുടമക്കമ്പനികളുടെ ഉദ്ഭവം 17-ാം ശ. മുതല്ക്കാണ്. ഇത്തരത്തില്‍ ആരംഭിച്ച സ്ഥാപനങ്ങളുടെ കൂട്ടത്തില്‍ പെട്ടതാണ് ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി, ഹഡ്സണ്‍ ബേ കമ്പനി, ന്യൂ റിവര്‍ കമ്പനി, ബാങ്ക് ഒഫ് ഇംഗ്ലണ്ട് എന്നിവ. രാജകീയ ചാര്‍ട്ടര്‍ മുഖേനയോ പാര്‍ലമെന്റിന്റെ പ്രത്യേക നിയമങ്ങളിലൂടെയോ നിലവില്‍ വന്ന ഈ കമ്പനികള്‍ ആധുനിക കാലത്തെപ്പോലെ രജിസ്റ്റര്‍ ചെയ്ത കമ്പനികളായിരുന്നില്ല.
കമ്പനി നിയമത്തിന്റെ ചരിത്രത്തെ വിവിധ കാലഘട്ടങ്ങളായി തിരിക്കാം. ഇതില്‍ ആദ്യത്തേതാണ് 1720 വരെയുള്ള കാലം. ഈ ഘട്ടത്തില്‍ "റഗുലേറ്റഡ് കമ്പനി'യെന്നും "ജോയിന്റ് സ്റ്റോക്ക് കമ്പനി'യെന്നും രണ്ടുതരം കമ്പനികളുണ്ടായിരുന്നു. ഒരു കമ്പനിയുടെ പൊതുനിയമങ്ങള്‍ക്കു വിധേയമായി അതിലെ വ്യക്തികള്‍ സ്വന്തമായി മുതല്‍ മുടക്കി ബിസിനസ് സംരംഭങ്ങളില്‍ ഏര്‍പ്പെടുകയെന്നതാണ് റഗുലേറ്റഡ് കമ്പനിയുടെ പ്രത്യേകത. കമ്പനിയിലെ അംഗങ്ങള്‍ കൂടിച്ചേര്‍ന്ന് ഓഹരികള്‍ എടുത്ത് കൂട്ടുടമവ്യവസ്ഥയില് പ്രവര്‍ത്തനം നടത്തുകയാണ് ജോയിന്റ് സ്റ്റോക്ക് കമ്പനിയുടെ രീതി.
18-ാം ശ.ത്തിന്റെ ആരംഭത്തോടെ കൂട്ടുടമക്കമ്പനികള്‍ പലതും ഊഹക്കച്ചവടങ്ങളില്‍ ഏര്‍പ്പെടാന്‍ തുടങ്ങി. ഈ ഊഹക്കച്ചവടങ്ങള്‍ നിയന്ത്രിക്കാന്‍ തക്ക നിയമവ്യവസ്ഥകള്‍ ഉണ്ടായിരുന്നില്ല. ഇക്കാലത്ത് സ്ഥാപിക്കപ്പെട്ട "സൗത്ത് സീകമ്പനി'യുടെ പരാജയത്തെത്തുടര്‍ന്ന് 1720ല്‍ കമ്പനികളുടെ കാര്യത്തില്‍ ഇടപെടുന്നതിനുള്ള ഒരു നിയമം പാസ്സാക്കി. "ബബിള്‍ ആക്റ്റ്' എന്ന പേരില്‍ പ്രസിദ്ധമായ ഈ നിയമം പാസ്സാക്കിയതാണ് കമ്പനി നിയമത്തിന്റെ ചരിത്രത്തിന്റെ രണ്ടാം ഘട്ടത്തിന്റെ തുടക്കമെന്നു പറയാം. ഈ നിയമം മൂലം കമ്പനികള്‍ക്ക് "ഇന്കോര്പറേഷന്' കിട്ടാന്‍ വിഷമമായി. പാര്‍ലമെന്റിന്റെ പ്രത്യേകാനുമതിയോ ചാര്‍ട്ടര്‍ മുഖേനയുള്ള അനുവാദമോ കൂടാതെ കമ്പനി രൂപീകരിക്കുന്നത് ക്രിമിനല്‍ കുറ്റമാണെന്ന് ഈ നിയമം വിധിച്ചു. ഇതിന്റെ ഫലമായി തുടര്‍ന്നു രൂപം കൊണ്ട മിക്ക സ്ഥാപനങ്ങളും കൂട്ടുടമക്കമ്പനികളായിരുന്നില്ല; മറിച്ച്, പങ്കുകച്ചവടങ്ങളായിരുന്നു. ഈ നിയന്ത്രണങ്ങള്‍ സൃഷ്ടിച്ച പ്രശ്നങ്ങളെത്തുടര്‍ന്ന് 1825ല്‍ കമ്പനിയുടെ രൂപവത്കരണത്തിന് മറ്റു ചില വ്യവസ്ഥകളുണ്ടാക്കി.
1825 മുതല്‍ 44 വരെയാണ് മൂന്നാം ഘട്ടം. 1834ലെ നിയമം, ഇന്‍കോര്‍പറേറ്റ് ചെയ്യാത്ത കമ്പനികള്‍ക്ക് ചില ആനുകൂല്യങ്ങള്‍ നല്‍കിയിരുന്നു. 1837ലെ നിയമം കമ്പനിയുടെ രൂപീകരണത്തിനു ചില പുതിയ നിബന്ധനകള്‍ വ്യവസ്ഥചെയ്തു. ഈ ആനുകൂല്യങ്ങള്‍ ചൂഷണം ചെയ്തുകൊണ്ട് കള്ളക്കമ്പനികള്‍ സ്ഥാപിക്കാമെന്നു വന്നതോടെ 1837ലെ നിയമവും അപ്രായോഗികമെന്നു കണ്ടു. തുടര്‍ന്ന് 1844ല്‍ രണ്ടു കമ്പനി നിയമങ്ങള്‍ പാസ്സാക്കപ്പെട്ടു. ഇതാണ് 4-ാം ഘട്ടത്തിന്റെ തുടക്കം. ആദ്യത്തെ നിയമമനുസരിച്ച് കമ്പനിയുടെ ഇന്കോര്പറേഷന് രാജാവിന് അപേക്ഷ സമര്‍പ്പിക്കേണ്ടതില്ലെന്നും കമ്പനി നിയമത്തിലെ വ്യവസ്ഥകള്‍ അനുസരിച്ചാല്‍ മതിയെന്നും വ്യവസ്ഥ ചെയ്തു. രണ്ടാമത്തെ നിയമത്തിലാണ് കമ്പനിയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതിനുള്ള വ്യവസ്ഥകളുള്ളത്. കമ്പനിയുടെ നടത്തിപ്പില്‍ ഡയറക്ടര്‍മാരും പ്രാമോട്ടര്‍മാരും നടത്തുന്ന കൊള്ളരുതായ്മക്കെതിരായ സംരക്ഷണവും ഈ നിയമത്തിലുണ്ടായിരുന്നു.
1844ലെ നിയമങ്ങളും പിന്നീട് അപര്യാപ്തമെന്നു കണ്ടതിനെത്തുടര്‍ന്ന് 1855ല്‍ പുതിയ നിയമം പാസ്സാക്കി. കമ്പനി നിയമത്തിന്റെ വികാസത്തിന്റെ 5-ാം ഘട്ടമെന്ന് ഇതിനെ വിശേഷിപ്പിക്കാം. 1855ലെ പുതിയ നിയമത്തിലാണ് കൂട്ടുകമ്പനികളുടെ സവിശേഷതയായ നിശ്ചിത ബാധ്യത (limited liability) ഏര്‍പ്പെടുത്തിയത്. ഇതനുസരിച്ച് ഒരു അംഗം വാങ്ങിയ ഓഹരിയുടെ തുകയ്ക്കു മാത്രമേ അയാള്‍ക്ക് ബാധ്യതയുള്ളൂ.
1856ല്‍ സമഗ്രമായ മറ്റൊരു കമ്പനിനിയമം പാസ്സാക്കപ്പെട്ടു. കമ്പനികളുടെ രൂപീകരണത്തിന് മെമ്മോറാണ്ടം ഒഫ് അസോസിയേഷനും ആര്‍ട്ടിക്കിള്‍സ് ഒഫ് അസോസിയേഷനും ഉണ്ടായിരിക്കണമെന്ന് ഈ നിയമം വ്യവസ്ഥ ചെയ്തു. തുടര്‍ന്ന് 1862ല്‍ പാസ്സാക്കിയ നിയമം സഹകരണസംരംഭങ്ങളുടെ മാഗ്നാകാര്‍ട്ട ആണെന്നാണ് പാല്‍മര്‍ വിശേഷിപ്പിച്ചത്. കമ്പനിയുടെ രൂപീകരണം സുഗമമാക്കുന്ന തരത്തിലുള്ളതായിരുന്നു 1862ലെ വ്യവസ്ഥകള്‍. ഈ നിയമവും പിന്നീട് പല കാലങ്ങളിലായി പാസ്സാക്കിയ 18 ഭേദഗതി നിയമങ്ങളും ഉള്‍പ്പെടുത്തിക്കൊണ്ടാണ് 1908ല്‍ കമ്പനീസ് (കണ്സോളിഡേഷന്) ആക്റ്റ് പാസ്സാക്കപ്പെട്ടത്.
വീണ്ടും 1929ല്‍ ഈ നിയമം പരിഷ്കരിച്ചു. 1947ലും ചില ഭേദഗതികളുണ്ടാക്കി. 1948ല്‍ പാസ്സാക്കിയ നിയമം 1948 ജൂല. 1നു പ്രാബല്യത്തില്‍ വന്നു. പിന്നീട് 1948ലെ നിയമത്തിന്റെ പ്രവര്‍ത്തനത്തെക്കുറിച്ചു പഠിച്ച് റിപ്പോര്‍ട്ട് ചെയ്യാന്‍ ലോഡ് ജസ്റ്റിസ് ജെങ്കിന്‍സിന്റെ നേതൃത്വത്തിലുള്ള ഒരു സമിതിയെ നിയമിച്ചിരുന്നു. 1962ല്‍ ഈ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 1948ലെ നിയമത്തിന് അനുബന്ധമെന്നോണം 1967ല്‍ ഒരു പുതിയ നിയമം പ്രാബല്യത്തില്‍ വന്നു.
ഇന്ത്യയില്‍. 19-ാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ മാത്രമാണ് ഇന്ത്യയില്‍ ആദ്യമായി ഒരു കമ്പനിനിയമം പാസ്സാക്കപ്പെട്ടത്. ഇംഗ്ലീഷ് നിയമത്തിന്റെ മാതൃകയില്‍ ആയിരുന്നു ഇത്. 1850ല്‍ പാസ്സാക്കപ്പെട്ട ജോയിന്റ് സ്റ്റോക്ക് കമ്പനീസ് ആക്റ്റിനുശേഷം 1857ലും 1867ലും നിയമങ്ങള്‍ പാസ്സാക്കപ്പെട്ടു. പിന്നീട് 1876ലും 1882ലും പുതിയ നിയമങ്ങളുണ്ടാക്കി. 1882ലെ നിയമം 1913 വരെ നിലവിലിരുന്നു. 1908ലെ ഇംഗ്ലീഷ് നിയമത്തിന്റെ ചുവടുപിടിച്ചു കൊണ്ടാണ് 1913ലെ നിയമം പാസ്സാക്കപ്പെട്ടത്.
ഇന്ത്യയുടെ പ്രത്യേകതയായിരുന്ന മാനേജിങ് ഏജന്‍സി സമ്പ്രദായത്തിനുവേണ്ട വകുപ്പുകളില്ലായിരുന്നതുകൊണ്ട് 1913ലെ നിയമം അപ്രായോഗികമെന്നു വന്നു. അതിനാല്‍ 1936ല്‍ പുതിയ നിയമം പാസ്സാക്കി. ഈ നിയമം ഭേദഗതി ചെയ്ത് സ്വാതന്ത്യ്രലബ്ധിക്കുശേഷം 1956ല്‍ പുതിയ നിയമമുണ്ടാക്കി. 1956 ഏ. 1നു പ്രാബല്യത്തില്‍ വന്ന ഈ നിയമത്തിലെ അപാകതകള്‍ ദൂരീകരിച്ചുകൊണ്ട് 1960, 1962, 1963, 1964, 1965, 1966, 1968, 1969, 1974 എന്നീ വര്‍ഷങ്ങളില്‍ ഭേദഗതി നിയമങ്ങളും കൊണ്ടു വന്നു. 1956ലെ നിയമം സമൂലം പരിഷ്കരിക്കാനും ആലോചനയുണ്ട്. 1977, 1985, 1988, 1991 ഈ വര്‍ഷങ്ങളിലും ഭേദഗതികള്‍ കൊണ്ടു വന്നു. 1991നുശേഷം ഉളവായ സാമ്പത്തിക പരിഷ്കാരങ്ങളുടെ വെളിച്ചത്തില്‍ കമ്പനിനിയമം പൊളിച്ചെഴുതാനുള്ള ഒരു ശ്രമം 1993 ലെ ഒരു ബില്‍ വരെ എത്തി. അതു പിന്നീടു ഉപേക്ഷിക്കപ്പെട്ടു. 1996, 1998, 1999, 2000 എന്നീ വര്‍ഷങ്ങളില്‍ പാസ്സാക്കപ്പെട്ട ഭേദഗതികള്‍ വഴി 1956ലെ മൂലനിയമത്തിനു കാലാനുസൃതമായ നിരവധി മാറ്റങ്ങള്‍ വരുത്തി.
കമ്പനിയുടെ പ്രത്യേകതകള്‍
ഏതെങ്കിലും പൊതുലക്ഷ്യം മുന്‍നിര്‍ത്തി ഒരുസംഘം ആളുകള്‍ ചേര്‍ന്ന് രൂപീകരിക്കുന്ന സംഘടനയെന്നാണ് കമ്പനിയെന്ന സംജ്ഞകൊണ്ട് അര്‍ഥമാക്കുന്നത്. കൂട്ടുടമസ്ഥതയും മൂലധന നിക്ഷേപവുമുള്ള കമ്പനിയെ ജോയിന്റ് സ്റ്റോക്ക് കമ്പനിയെന്നു പറയുന്നു. പണം അല്ലെങ്കില്‍ അതിനു തുല്യമായ മറ്റെന്തെങ്കിലും ഓഹരിയെടുത്ത് സംഭരിക്കപ്പെട്ട ഒരു നിധി ഏതെങ്കിലും സംരംഭത്തില്‍ മുടക്കി അതില്‍ നിന്നു ലഭിക്കുന്ന ലാഭമോ നഷ്ടമോ പങ്കിട്ടെടുക്കുന്നതിനുവേണ്ടി ഏതാനും വ്യക്തികള്‍ സ്വമേധയാ ചേര്‍ന്നു രൂപവത്കരിക്കുന്ന ഒരു സംഘടനയെന്നാണ് ജോയിന്റ് സ്റ്റോക്ക് കമ്പനിക്കു നല്കാവുന്ന നിര്‍വചനം.
കമ്പനി ഒരു നിയമാധിഷ്ഠിത സംഘടനയായതുകൊണ്ട് അതിനു ചില അവകാശങ്ങളും ചുമതലകളുമുണ്ട്. നിയമദൃഷ്ട്യാ ഒരു വ്യക്തിയാണെന്നതുകൊണ്ട് കമ്പനിക്ക് അതിലെ വ്യക്തികളില്‍ നിന്ന് വിഭിന്നമായ ഒരു വ്യക്തിത്വമുണ്ട്. കമ്പനിക്ക് അതുകൊണ്ട് സ്വന്തം പേരില്‍ സ്വത്തു സമ്പാദിക്കാനും പണമിടപാടുകള്‍ നടത്താനും ഓഹരിയുടമകളുമായി കരാറില്‍ ഏര്‍പ്പെടാനും മറ്റുള്ളവരുടെ പേരില്‍ വ്യവഹാരം കൊടുക്കാനും വ്യവഹരിക്കപ്പെടാനും അവകാശമുണ്ട്. കമ്പനിയുടെ ഒരു പ്രത്യേകതയായ ക്ലിപ്തബാധ്യതമൂലം കമ്പനിയുടെ ബാധ്യത അതിന്റെമാത്രം ബാധ്യതയാണ്. അതായത്, കമ്പനിയുടെ ബാധ്യതകള്‍ക്ക് ഓഹരിയുടമകള്‍ ബാധ്യസ്ഥരല്ല. വാങ്ങിയ ഓഹരിയില്‍ അടച്ചുതീര്‍ക്കേണ്ട സംഖ്യയ്ക്കു മാത്രമേ അവര്‍ക്കു ബാധ്യതയുള്ളൂ. ശാശ്വതമായ പിന്തുടര്ച്ചയാണ് കമ്പനിയുടെ മറ്റൊരു പ്രത്യേകത. കമ്പനിയുടെ അംഗങ്ങള്‍ മാറിയാലോ മരിച്ചുപോയാലോ കമ്പനിയുടെ നിലനില്പിനു മാറ്റമുണ്ടാകുന്നില്ല. കമ്പനിക്ക് ഒരു പൊതുവായ മുദ്രയുമുണ്ടായിരിക്കും.
കൂട്ടുടമക്കമ്പനികള്‍ രണ്ടുവിധത്തിലുണ്ട്: സ്വകാര്യക്ലിപ്ത കമ്പനിയും (Private Limited Company) പൊതുക്ലിപ്ത കമ്പനിയും (Public Limited Company). സ്വകാര്യക്ലിപ്ത കമ്പനികളും പൊതുക്ലിപ്ത കമ്പനികളും തമ്മിലുള്ള വ്യത്യാസങ്ങള്‍ തുടര്‍ന്നു ചേര്‍ത്തിരിക്കുന്ന പട്ടികയില്‍ നിന്നു വ്യക്തമാകും.
പ്രാരംഭനടപടികള്‍
ഒരു കൂട്ടം ആളുകള്‍ ഒന്നുചേര്‍ന്ന് അനുയോജ്യമായ ബിസിനസ് സംരംഭങ്ങള്‍ കണ്ടെത്തി അതു പ്രാവര്‍ത്തികമാക്കാന്‍ വേണ്ട പണവും ഉത്പാദനഘടകങ്ങളും സംഭരിക്കാന്‍ ശ്രമിക്കുന്നു. ഇവരെയാണ് കമ്പനി പ്രാമോട്ടര്മാരെന്നു പറയുന്നത്. കമ്പനി സ്വകാര്യ ക്ലിപ്തകമ്പനിയായിരിക്കണമോ പൊതുക്ലിപ്ത കമ്പനിയായിരിക്കണമോ എന്നു നിശ്ചയിക്കുന്നതും പ്രാമോട്ടര്‍മാര്‍ തന്നെയായിരിക്കും. രൂപരേഖകളും പ്രമാണപത്രങ്ങളും തയ്യാറാക്കി രജിസ്റ്റ്രാര്‍ക്ക് സമര്‍പ്പിക്കുകയാണ് ഒരു കമ്പനിയുടെ രൂപവത്കരണത്തിന്റെ ആദ്യഘട്ടം. കമ്പനിയുടെ രൂപവത്കരണത്തിന് അനിവാര്യമായ രണ്ടു പ്രമാണപത്രങ്ങളാണ് "മെമ്മോറാണ്ടം ഒഫ് അസോസിയേഷന്', "ആര്‍ട്ടിക്കിള്‍സ് ഒഫ് അസോസിയേഷന്' എന്നിവ. കമ്പനിയുടെ ഭരണഘടനയെന്നു പൊതുവേ പറയാവുന്ന മെമ്മോറാണ്ടത്തില്‍ കമ്പനിയുടെ പേര്, സ്ഥാപിക്കുന്ന സ്ഥലം (സംസ്ഥാനം), കേന്ദ്ര ഓഫീസ്, അധികാരപരിധിയും പ്രവര്‍ത്തന മേഖലയും, ക്ലിപ്ത ബാധ്യത വ്യക്തമാക്കല്‍, അധികൃതമൂലധനം എന്നിവ സംബന്ധിച്ച വിവരങ്ങള്‍ അടങ്ങിയിരിക്കണം (1218 വകുപ്പുകള്‍).
ഭരണം, സംഘടനാരൂപം എന്നിവ സംബന്ധിച്ചുള്ള കാര്യങ്ങള്‍ ആര്ട്ടിക്കിളുകളിലായിരിക്കും. ഓഹരി ഇനങ്ങള്‍, ഓരോ തരം ഓഹരിയുടെയും അധികാരാവകാശങ്ങള്‍, ഓഹരി സര്‍ട്ടിഫിക്കറ്റുകള്‍, ഓഹരി ഗഡുക്കള്‍, ഓഹരിയുടെ കൈമാറ്റം, ഡയറക്ടര്‍മാരുടെ എണ്ണം, നിയമനം, പ്രതിഫലം, അവരുടെ അധികാരങ്ങളും ചുമതലകളും, മീറ്റിങ്, വോട്ടിങ്, കോറം, പ്രാക്സി, ലാഭവീത പ്രഖ്യാപനം, വിതരണം, വായ്പയെടുക്കുന്നതിനുള്ള കാര്യങ്ങള്‍, അംഗത്വരജിസ്റ്റര്‍, കണക്കു പുസ്തകങ്ങള്‍, ആഡിറ്റ് സംബന്ധിച്ച കാര്യങ്ങള്‍ എന്നിവയും ഇതിലുണ്ടായിരിക്കും. കമ്പനിക്കു സ്വന്തമായോ കമ്പനിനിയമത്തിന്റെ തന്നെ ഭാഗമായ ഒന്നാം ഷെഡ്യൂളിലെ എ പട്ടിക ആധാരമാക്കിയോ ആര്‍ട്ടിക്കിള്‍സ് ഉണ്ടാക്കാം (2631 വകുപ്പുകള്‍). നോ: അസോസിയേഷന് മെമ്മോറാണ്ടംഈ രണ്ടു പ്രമാണരേഖകളും അംഗങ്ങള്‍ ഒപ്പുവച്ച ഒരു മെമ്മോറാണ്ടവും കമ്പനി രജിസ്റ്റ്രാര്‍ക്കു സമര്‍പ്പിക്കുന്നു. നിശ്ചിത ഫീസ് അടച്ചിരിക്കണമെന്നുണ്ട്. രേഖകള്‍ തൃപ്തികരമാണെന്നു കണ്ടാല്‍ രജിസ്റ്റ്രാര്‍ സ്വന്തം ഒപ്പും മുദ്രയും പതിച്ച സംയോജന സര്‍ട്ടിഫിക്കറ്റ് (Certificate of Incorporation) കമ്പനിക്കു നല്‍കും (34, 35).
ഈ സര്‍ട്ടിഫിക്കറ്റ് ലഭിച്ചാലുടന്‍ സ്വകാര്യ ക്ലിപ്ത കമ്പനിക്കു പ്രവര്‍ത്തനമാരംഭിക്കാം. പൊതുക്ലിപ്ത കമ്പനിക്ക് ഓഹരി വാങ്ങാന്‍ തയ്യാറുള്ള നിക്ഷേപകരെ ക്ഷണിച്ചുകൊണ്ടുള്ള പ്രാസ്പെക്റ്റസ് പുറപ്പെടുവിച്ച് മൂലധനം ശേഖരിച്ച് രജിസ് റ് റില്‍ നിന്ന് വീണ്ടും ഒരു സര്‍ട്ടിഫിക്കറ്റ് ലഭിച്ചാലേ പ്രവര്‍ത്തനം ആരംഭിക്കാനാവൂ. 25 ലക്ഷം രൂപയില്‍ കവിഞ്ഞുള്ള മൂലധനം ശേഖരിക്കുന്നതിന് ക്യാപിറ്റല്‍ ഇഷ്യൂസ് (കണ്ട്രാള്) ആക്റ്റ് (1947) അനുസരിച്ച് കേന്ദ്ര ധനകാര്യവകുപ്പിലെ കണ്‍ട്രാളര്‍ ഒഫ് ക്യാപിറ്റല്‍ ഇഷ്യൂസിന് അപേക്ഷ സമര്‍പ്പിക്കേണ്ടതുണ്ട്. ഇന്‍ഡസ്റ്റ്രീസ് (ഡവലപ്മെന്റ് ആന്‍ഡ് റഗുലേഷന്) ആക്റ്റ് 1951 അനുസരിച്ച് ലൈസന്‍സ് ആവശ്യമുള്ള ഒരു ബിസിനസ് സംരംഭത്തിലാണ് കമ്പനി ഏര്‍പ്പെടുന്നതെങ്കില്‍ ആ ലൈസന്‍സും നേടിയിരിക്കണം.
പ്രാസ്പെക്റ്റസ്
പ്രാസ്പെക്റ്റസ് സംബന്ധിച്ച വ്യവസ്ഥകള്‍ കമ്പനി നിയമത്തിലെ 55 മുതല്‍ 66 വരെ വകുപ്പുകളില്‍ അടങ്ങിയിരിക്കുന്നു.
നിക്ഷേപകരെ ക്ഷണിച്ചുകൊണ്ടുള്ള പ്രാസ്പക്റ്റസ് പുറപ്പെടുവിക്കുന്നതിനു മുമ്പ് അതിന്റെ ഒരു പ്രതി രജിസ്റ്റ്രാര്‍ക്ക് സമര്‍പ്പിക്കേണ്ടതുണ്ട്. കമ്പനിയുടെ പേരും രജിസ്റ്റര്‍ ചേയ്ത മേല്‍വിലാസവും; ലക്ഷ്യങ്ങള്‍, മെമ്മോറാണ്ടത്തിലെ ഒപ്പുകാരുടെ പേരും അവരെടുത്ത ഓഹരികളും; വിവിധതരം ഓഹരികളും ഓഹരികളുടെ അവകാശങ്ങളും; പ്രാമോട്ടര്‍മാര്‍, ഡയറക്ടര്‍മാര്‍ എന്നിവരുടെ പേരും വിലാസവും; ഡയറക്ടര്‍മാരുടെ യോഗ്യതാഓഹരികള്, പ്രതിഫലം എന്നിവ; ഡയറക്ടര്‍മാര്‍ക്കും മറ്റും കമ്പനി ആര്‍ജിക്കുന്ന സ്വത്തിന്മേല് അവകാശമുണ്ടെങ്കില്‍ അതിന്റെ സ്വഭാവം, കമ്പനിയുടെ വായ്പാധികാരങ്ങള്‍, കമ്പനി വാങ്ങിയ സ്വത്തിന്റെ വിവരം, ഓഹരിക്കുള്ള അപേക്ഷയോടൊപ്പം അടയ്ക്കേണ്ട തുകയുടെ വിവരം, കമ്പനിയുടെ പ്രാരംഭച്ചെലവുകള്‍, അണ്ടര്‍റൈറ്റിങ് സംബന്ധിച്ച വിവരം, വായ്പക്കരാറുകളുടെ വിവരം; ആഡിറ്റര്‍, ബ്രാക്കര്‍, ബാങ്കര്‍ തുടങ്ങിയവയുടെ വിവരം; വരിപ്പട്ടിക ആരംഭിക്കുകയും അവസാനിപ്പിക്കുകയും ചെയ്യുന്ന സമയം എന്നിവ ഇതില്‍ ഉണ്ടായിരിക്കണം (ഷെഡ്യൂള്‍ കകഒന്നാം ഭാഗം). ഓഹരിക്കുള്ള അപേക്ഷ സ്വീകരിക്കുന്നതിനുള്ള അവസാനത്തീയതിക്കുശേഷം ഓഹരികളുടെ അലോട്ട്മെന്റ് നടക്കും. ഓരോ അപേക്ഷകനും അയാള്ക്കനുവദിച്ചിട്ടുള്ള ഓഹരികളുടെ വിവരം കാണിച്ചുകൊണ്ട് അലോട്ട്മെന്റ് അറിയിപ്പ് നല്‍കും.
കമ്പനിനിയമത്തിന്റെ രണ്ടാം പട്ടികയില്‍ നിര്‍ദേശിക്കപ്പെട്ടിട്ടുള്ള എല്ലാ വിവരങ്ങളും പ്രാസ്പെക്റ്റസ്സിലുണ്ടായിരിക്കണം. 1990ല്‍ വരുത്തിയ ഭേദഗതിപ്രകാരം ഈ പട്ടിക മൂന്നു ഭാഗങ്ങളായി വിഭജിച്ചിട്ടുണ്ട്. ഒന്നാം ഭാഗത്തു പൊതുവിവരങ്ങളും രണ്ടില്‍ സാമ്പത്തിക കാര്യങ്ങളും മറ്റു സ്റ്റാറ്റ്യൂട്ടറി വിവരങ്ങളും മൂന്നില്‍ ഒന്നും രണ്ടും ഭാഗങ്ങളില്‍ ചേര്‍ത്തിട്ടുള്ള ചില പ്രയോഗങ്ങളുടെ വിശദീകരണവും വേണമെന്നാണ്. പ്രാസ്പെക്റ്റസ്സിന്റെ അടിസ്ഥാനത്തില്‍ ഓഹരിയുടമകളും കമ്പനിയും തമ്മില്‍ ഒരു കരാറില്‍ ഏര്‍പ്പെടുന്നതുകൊണ്ട് പ്രാസ്പെക്റ്റസ്സിലെ വ്യാജ പ്രസ്താവനകള്‍ വഴി നിക്ഷേപകര്‍ വഞ്ചിക്കപ്പെടുകയാണെങ്കില്‍ കമ്പനി ഡയറക്ടര്‍മാര്‍ക്കും പ്രാമോട്ടര്മാര്ക്കും എതിരായി സിവിലായും ക്രിമിനലായും നടപടികള്‍ സ്വീകരിക്കാവുന്നതാണ് (6263 വകുപ്പുകള്‍). 2000ല്‍ വരുത്തിയ ഭേദഗതിപ്രകാരം സെബി (SEBI - Securities and Exchange Board of India)യാണു പ്രാസ്പെക്റ്റസ്സിന്റെ നിര്‍വഹണ അധികാരി. പ്രാസ്പെക്റ്റസിനെ സംബന്ധിച്ച പരാതികള്‍ക്കു തീര്‍ച്ച കല്പിക്കുന്നതും വേണ്ടിടത്തു ശിക്ഷ നല്‍കുന്നതും ഈ അധികാരിയാണ് (55 A)പ്രവര്‍ത്തനം നടന്നുകൊണ്ടിരിക്കുന്ന കമ്പനികള്‍ പുറപ്പെടുവിക്കുന്ന പ്രാസ്പെക്റ്റസ്സില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ലാഭനഷ്ടങ്ങളെയും ആസ്തിബാധ്യതകളെയും കുറിച്ച് ആഡിറ്ററുടെ റിപ്പോര്‍ട്ടിലുള്ള വിവരങ്ങളും ഉണ്ടായിരിക്കണം.
പ്രാസ്പെക്റ്റസ്സില്‍ സൂചിപ്പിച്ചിട്ടുള്ള മിനിമം വരി തികയുന്നതിനുവേണ്ട തുക പിരിഞ്ഞുകിട്ടിയ ശേഷമേ അലോട്ട്മെന്റ് നടത്താവൂ. പ്രാസ്പെക്റ്റസ് പുറപ്പെടുവിച്ചശേഷം 120 ദിവസത്തിനകം മിനിമം വരി പിരിഞ്ഞില്ലെങ്കില്‍ പിരിഞ്ഞതുക പലിശ കൂടാതെ ഉടന്‍തന്നെ അപേക്ഷകര്‍ക്കു മടക്കി നല്‍കിയിരിക്കണം. 130 ദിവസത്തിനകം മടക്കി നല്കുന്നില്ലെങ്കില് പിന്നീട് 6 ശ.മാ. വാര്‍ഷികപലിശ സഹിതം തുക മടക്കി നല്കാന് ഡയറക്ടര്‍മാര്‍ ഒറ്റയ്ക്കും കൂട്ടായും ബാധ്യസ്ഥരാണ് (69).
മിനിമം വരി പിരിഞ്ഞുകിട്ടാതെ വരുമ്പോഴുള്ള വിഷമതകള്‍ ഒഴിവാക്കുവാന്‍വേണ്ടി പ്രാമോട്ടര്‍മാര്‍ ബ്രാക്കര്മാരും ബാങ്കുകളും മറ്റുമായി ഏര്‍പ്പെടാറുള്ള കരാറിനെ അണ്ടര്‍റൈറ്റിങ് എന്നാണു പറയുന്നത്. നിശ്ചിത കാലാവധിക്കകം കുറഞ്ഞസംഖ്യ പിരിഞ്ഞില്ലെങ്കില്‍ തികയാതെ വരുന്ന സംഖ്യയ്ക്കുള്ള ഓഹരികള്‍ വാങ്ങാമെന്ന് അണ്ടര്‍റൈറ്റര്‍മാര്‍ സമ്മതിക്കുന്നു. നിശ്ചിതദിവസത്തിനകം മിനിമം വരി പിരിഞ്ഞുകിട്ടുകയാണെങ്കില് അണ്ടര്‍റൈറ്റര്‍മാര്‍ക്ക് യാതൊരു ബാധ്യതയുമില്ല. ഓഹരിയെടുത്താലും ഇല്ലെങ്കിലും ഇവര്‍ക്ക് അണ്ടര്‍റൈറ്റിങ് കമ്മിഷന് ലഭിക്കുന്നതാണ്. ഓഹരി മൂലധനത്തില്‍ നിന്ന് കൊടുത്തുതീര്‍ക്കേണ്ട സ്വത്തുവില, പ്രാരംഭച്ചെലുകള്, ഓഹരി വില്പനയ്ക്കുള്ള കമ്മിഷന് എന്നീ ആവശ്യങ്ങള്‍ക്ക് കമ്പനി വായ്പയെടുത്തിട്ടുണ്ടെങ്കില്‍ അതു തിരിച്ചടയ്ക്കാന്‍ വേണ്ട തുക, പ്രവര്‍ത്തന മൂലധനം എന്നിവയ്ക്കുവേണ്ട തുക കണക്കിലെടുത്താണ് മിനിമംവരി നിശ്ചയിക്കുന്നത്. മിനിമം വരി പിരിഞ്ഞുകിട്ടിയതിനുശേഷം നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കി നിശ്ചിത ഫീസടച്ച് രജിസ്ട്രാര്‍ മുമ്പാകെ പ്രഖ്യാപനങ്ങള്‍ നടത്തിക്കഴിയുമ്പോള്‍ 149-ാം വകുപ്പനുസരിച്ച് രജിസ്ട്രാര്‍ പ്രവര്‍ത്തനമാരംഭിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റ് നല്‍കും. ഇതു ലഭിച്ചുകഴിഞ്ഞാലേ കമ്പനിക്കു പ്രവര്‍ത്തനം തുടങ്ങാനാവൂ.
ഓഹരി, സ്റ്റോക്ക്, കടപ്പത്രം
ഒരു കമ്പനിയുടെ പ്രവര്‍ത്തനത്തിനാവശ്യമായ മൂലധനത്തിന് പിരിച്ചെടുക്കാന്‍ അധികാരമുള്ള സംഖ്യയായ അധികൃത മൂലധനം എത്രയാണെന്ന് മെമ്മോറാണ്ടത്തില്‍ കാണിച്ചിരിക്കും. ഈ തുക കമ്പനിയുടെ നിര്‍ദേശാനുസരണം ഗഡുക്കളായി അടച്ചാല്‍ മതിയാകും. കമ്പനിയുടെ "വിളി' (call)ക്കനുസരിച്ച് അംഗങ്ങള്‍ ഗഡുക്കള്‍ അടയ്ക്കേണ്ടതാണ്. ഉദാ. ഒരു ഓഹരിയുടെ വില 1,000 രൂപയാണെന്നിരിക്കട്ടെ. അപേക്ഷയോടൊപ്പം 50 രൂപ അടയ്ക്കണമെന്നും അലോട്ട്മെന്റ് നടത്തുമ്പോള്‍ 100 രൂപ അടയ്ക്കണമെന്നും ബാക്കി 850 രൂപ കമ്പനി വിളിക്കുമ്പോള്‍ അടയ്ക്കണമെന്നും കാണിച്ചുകൊണ്ടായിരിക്കും ഓഹരിക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നത്. ആദ്യത്തെ രണ്ട് അടവുകള്‍ വിളികളല്ല. അലോട്ട്മെന്റ് കഴിഞ്ഞ് മൂന്ന് മാസത്തിനുശേഷം ഓരോ ഓഹരിയിലും 200 രൂപ വീതം അടയ്ക്കണമെന്നു കമ്പനി ആവശ്യപ്പെടുകയാണെങ്കില് അതിനെ "വിളി' എന്നു പറയുന്നു. കമ്പനിയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്ന ഘട്ടങ്ങളില്‍ ഓഹരിയുടമകളോട് ഓഹരി കുടിശ്ശിക അടച്ചുതീര്‍ക്കാന്‍ ലിക്വിഡേറ്റര്‍ ആവശ്യപ്പെടുന്നതും "വിളി'യായി കണക്കാക്കപ്പെടുന്നു.
അപേക്ഷകര്‍ അടച്ചുതീര്‍ത്ത മൂലധനമാണ് പിരിഞ്ഞു കിട്ടിയ മൂലധനം. കമ്പനിയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കുമ്പോള്‍ മാത്രം പിരിച്ചെടുത്താല്‍ മതിയെന്നു തീരുമാനിക്കപ്പെടുന്ന ഓഹരി ഗഡുക്കള്‍ ഉണ്ട്. ഇതിന് കരുതല്‍ മൂലധനമെന്നു പറയുന്നു. കമ്പനിയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്ന ഘട്ടത്തില്‍ ബാധ്യതകള്‍ തീര്‍ക്കാന്‍ കമ്പനിയുടെ നിലവിലുള്ള സ്വത്തുക്കള്‍ മതിയാകാതെ വരുമ്പോള്‍ മാത്രമാണ് കരുതല്‍ മൂലധനം പിരിക്കാറുള്ളത്. ഒരു കമ്പനിയുടെ മൂലധനം തുല്യവിലയുള്ള യൂണിറ്റുകളായി വിഭജിക്കുന്നു. ഈ യൂണിറ്റുകളാണ് ഓഹരികള്‍. ഉദാ. ഒരു കോടി രൂപ മൂലധനമുണ്ടെങ്കില്‍ കമ്പനി അതിനെ നൂറു രൂപ വിലയുള്ള ഒരു ലക്ഷം ഓഹരികളായി വിഭജിക്കും. അതായത് ഒരു കോടി രൂപ സംഭരിക്കുന്നതിന് നൂറു രൂപ മുഖവിലയുള്ള ഒരു ലക്ഷം ഓഹരികള്‍ വില്‍ക്കുന്നു. 1956ലെ കമ്പനി നിയമമനുസരിച്ച് മുന്‍ഗണനാ ഓഹരികള്‍, സാധാരണ ഓഹരികള്‍ എന്ന് രണ്ടുതരം ഓഹരികളുണ്ട്. മുന്‍ഗണനാ ഓഹരികള്‍ക്കു ചില പ്രത്യേകതകളുണ്ട്. ലാഭവീതം വിതരണം ചെയ്യുമ്പോള്‍ മുന്‍നിശ്ചിത നിരക്കനുസരിച്ച് ലാഭവീതം ലഭിക്കുന്നുവെന്നതിനു പുറമേ കമ്പനി പിരിച്ചുവിടുമ്പോള്‍ ഓഹരിത്തുക മടക്കിക്കിട്ടുന്നതിലും ഇതിന് മുന്‍ഗണനയുണ്ട്. സാധാരണ ഓഹരികളെ അപേക്ഷിച്ച് മുന്‍ഗണനാ ഓഹരിക്കാരുടെ മൂലധനം സുരക്ഷിതമാണ്. കാരണം, കമ്പനിയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കുമ്പോള്‍ ഉത്തമര്ണന്മാരുടെ ബാധ്യത വീടിയശേഷം ആദ്യമായി മൂലധനം മടക്കിക്കിട്ടുന്നത് മുന്‍ഗണനാ ഓഹരികള്‍ക്കാണ്. 2000ലെ ഭേദഗതിപ്രകാരം പുതുതായി രൂപംകൊള്ളുന്ന കമ്പനികള്‍ക്കു ഇക്യുറ്റി ഓഹരി മൂലധനം, മുന്‍ഗണനാ ഓഹരി മൂലധനം എന്നീ ഓഹരികള്‍ മാത്രമേ പുറപ്പെടുവിക്കാവൂ. ഇക്യുറ്റി ഓഹരികള്‍ക്കു മുന്‍ഗണനാ അവകാശങ്ങള്‍ ഇല്ലെങ്കിലും ആ ഓഹരി ഉടമകള്‍ക്കു കമ്പനി മീറ്റിങ്ങിലെ എല്ലാ പ്രമേയത്തിലും വോട്ടു ചെയ്യാം. മുന്‍ഗണനാ ഓഹരി ഉടമകള്‍ക്കു അവരുടെ ഓഹരികളെ നേരിട്ടു ബാധിക്കുന്ന കാര്യങ്ങളില്‍ മാത്രമേ അവകാശമുള്ളൂ. മുന്‍ഗണനാ ഓഹരികളെ കുടിശ്ശിക മുന്‍ഗണനാ ഓഹരികള്‍, കുടിശ്ശിക രഹിത മുന്‍ഗണനാ ഓഹരികള്‍, സമയ ബാധ്യതാ ഓഹരികള്‍ എന്നിങ്ങനെ മൂന്നായി വിഭജിക്കാം. കുടിശ്ശിക മുന്‍ഗണനാ ഓഹരികള്‍ക്ക് ഒരു വര്‍ഷം ലാഭവീതം ലഭിച്ചില്ലെങ്കില്‍ അത് അടുത്ത വര്‍ഷത്തെ ലാഭത്തില്‍ നിന്നും കൊടുത്തുതീര്ക്കണമെന്നുണ്ട്. കുടിശ്ശിക രഹിത മുന്‍ഗണനാ ഓഹരികളില്‍ ലാഭവീതം കുടിശ്ശികയാകുന്നില്ല. ലാഭമില്ലാത്ത വര്‍ഷത്തെ ലാഭവീതം അടുത്ത വര്‍ഷം അവകാശപ്പെടാവുന്നതല്ല.
കമ്പനിയുടെ പ്രവര്‍ത്തനം അവസാനിപ്പിച്ചാലും ഇല്ലെങ്കിലും ഒരു നിശ്ചിത കാലയളവിനു ശേഷം തിരിച്ചുകൊടുക്കാമെന്നു കമ്പനി വാഗ്ദാനം ചെയ്യുന്ന ഓഹരികളാണ് സമയബാധ്യതാ ഓഹരികള്‍. ഈ ഓഹരികളുടെ ബാധ്യത തീര്‍ക്കുന്നതിന് കമ്പനി മൂലധന ബാധ്യതാനിധി ഉപയോഗപ്പെടുത്തുകയോ പുതിയ ഓഹരികള്‍ വില്ക്കുകയോ ചെയ്യും. മുന്‍ഗണനാ ഓഹരികള്‍ക്കുള്ള ലാഭവിഹിതം വിതരണം ചെയ്തശേഷം മിച്ചമുള്ള തുക സാധാരണ ഓഹരികള്‍ക്ക് വിതരണം ചെയ്യുന്നു. ലാഭം കൂടുന്നതും കുറയുന്നതുമനുസരിച്ച് സാധാരണ ഓഹരികള്‍ക്കു കിട്ടുന്ന ലാഭവിഹിതത്തില്‍ കൂടുതല്‍ കുറവുണ്ടാകുന്നു.
ഓഹരികളുടെ അലോട്ട്മെന്റ് കഴിഞ്ഞ് മൂന്നുമാസത്തിനകം ഓഹരികളുടെ വിവരം, അടച്ചുതീര്‍ത്ത സംഖ്യ എന്നിവ കാണിച്ചുകൊണ്ട് കമ്പനി മുദ്രസഹിതം ഓഹരിയുടമകള്‍ക്കു നല്കുന്ന സാക്ഷ്യപത്രമാണ് ഓഹരി സര്‍ട്ടിഫിക്കറ്റ് (113). ആര്‍ട്ടിക്കിളുകളില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ടെങ്കില്‍ ഓഹരിമൂലം ക്ലിപ്തപ്പെടുത്തിയ ഒരു പൊതു കമ്പനിക്ക് അടച്ചുതീര്‍ത്ത ഓഹരിയിന്മേല് ഓഹരി വാറണ്ടുകള്‍ പുറപ്പെടുവിക്കാം (114). നിര്‍ദിഷ്ട ഓഹരികളില്‍ കൈവശക്കാരന് അവകാശമുണ്ടെന്ന് ഇതുമൂലം കമ്പനി രേഖപ്പെടുത്തുന്നു. ഒരു നെഗോഷ്യതാ പ്രമാണമായ ഓഹരി വാറണ്ടിനോടൊപ്പം ലാഭവീത രസീതുമുണ്ടായിരിക്കും. വാറണ്ടിന്റെ കൈമാറ്റത്തിന് രജിസ്റ്റ്രഷന് ആവശ്യമില്ല. അംഗങ്ങള്‍ക്ക് കൈവശമുള്ള ഓഹരികള്‍ കൈമാറ്റം ചെയ്യാമെന്നതാണ് പൊതു കമ്പനിയുടെ ഒരു പ്രത്യേകത. കൈമാറ്റം ചെയ്യുമ്പോള്‍ നിശ്ചിത ഫാറത്തില്‍ കമ്പനിക്ക് അപേക്ഷ സമര്‍പ്പിക്കേണ്ടതും, കൈമാറ്റം കമ്പനി അംഗീകരിച്ചാല്‍ പുതിയ കൈവശക്കാരന്റെ പേര് കമ്പനിയിലെ അംഗരജിസ്റ്ററില്‍ ചേര്‍ക്കേണ്ടതുമാണ്. ഒരു ഓഹരിയുടമ മരണമടയുകയോ സ്ഥിരബുദ്ധി നഷ്ടപ്പെട്ടവനാകുകയോ ചെയ്താല്‍ ഓഹരികള്‍ നിയമമനുസരിച്ചുള്ള അനന്തരാവകാശിക്ക് കൈമാറപ്പെടുന്നു.
ഗഡുത്തുകകള് കൃത്യമായി അടയ്ക്കാത്ത ഓഹരികള്‍ കമ്പനിക്ക് കണ്ടുകെട്ടാം. ഇങ്ങനെ കണ്ടുകെട്ടുന്നതിനു മുമ്പ് കമ്പനി ഓഹരി ഉടമയെ നോട്ടീസ് മുഖേന അറിയിക്കുന്നു. ഇങ്ങനെ കണ്ടുകെട്ടപ്പെടുന്ന ഓഹരികള്‍ ആര്‍ട്ടിക്കിളുകളിലെ വ്യവസ്ഥകളനുസരിച്ച് പിന്നീട് വില്പന നടത്തുകയോ വീണ്ടും ഇഷ്യൂ ചെയ്യുകയോ ചെയ്യും. ഗഡുത്തുക അടയ്ക്കാന്‍ കഴിയാതെ വന്നാല്‍ ചില ഓഹരിയുടമകള്‍ തങ്ങളുടെ ഓഹരികള്‍ കമ്പനിക്ക് മടക്കി നല്കുന്നു. കണ്ടുകെട്ടപ്പെടുന്ന ഘട്ടത്തിലെത്തുന്ന ഓഹരികളാണ് കമ്പനികള്‍ സാധാരണ സ്വീകരിക്കാറുള്ളത്. ഇങ്ങനെ ഗഡു മുടക്കിയ ഓഹരികള്‍ മടക്കി നല്കുന്നതുകൊണ്ട് കണ്ടുകെട്ടല്‍ നടപടി ഒഴിവാകുന്നുവെന്നു കാണാം.
94-ാം വകുപ്പനുസരിച്ച് മുഴുവന്‍ അടച്ചുതീര്‍ത്ത ഓഹരികള്‍ സ്റ്റോക്കുകളായി മാറ്റാന്‍ കമ്പനിക്കധികാരമുണ്ട്. ഉദാ. പത്തുരൂപ വിലയുള്ള പതിനായിരം ഓഹരികളെ ഒരു സാധാരണ പ്രമേയത്തിലൂടെ നൂറുരൂപ വിലയുള്ള ആയിരം സ്റ്റോക്കുകളാക്കി മാറ്റാം. ഗാരന്റി സ്റ്റോക്ക്, മുന്‍ഗണനാ സ്റ്റോക്ക്, സാധാരണ സ്റ്റോക്ക് എന്നിങ്ങനെ മൂന്നുതരം സ്റ്റോക്കുണ്ട്.
ഓഹരി മൂലധനം വര്‍ധിപ്പിക്കാതെ തന്നെ കമ്പനിയുടെ പ്രവര്‍ത്തനം വിപുലീകരിക്കുന്നതിന് കമ്പനികള്‍ കടപ്പത്രം പുറപ്പെടുവിക്കാറുണ്ട്. നോ: കടപ്പത്രം
കമ്പനിഭരണം
ഓഹരി ഉടമകളാണ് കമ്പനിയുടെ അവകാശികള്‍. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ചിന്നിച്ചിതറിക്കിടക്കുന്ന ഓഹരി ഉടമകള്‍ക്ക് കമ്പനിയുടെ ഭരണം നിര്‍വഹിക്കാന്‍ കഴിഞ്ഞെന്നു വരില്ല. അതുകൊണ്ട് കമ്പനിയുടെ ഭരണനിര്വഹണത്തിഌവേണ്ടി ഓഹരി ഉടമകള്‍ വാര്‍ഷികയോഗത്തില്‍ വച്ച് ഒരു ഭരണസമിതിയെ (ബോര്‍ഡ് ഒഫ് ഡയറക്ടേഴ്സ്) തെരഞ്ഞെടുക്കുന്നു. വ്യക്തികളെ മാത്രമേ പൊതുക്കമ്പനിയുടെ ഡയറക്ടര്‍മാരായി നിയമിക്കാറുള്ളൂ. ഒരാള്‍ ഒരു സമയം ഇരുപതിലധികം കമ്പനികളുടെ ഡയറക്ടറായിരിക്കാന്‍ പാടില്ല (വകുപ്പ് 275). സാധാരണയായ ആര്‍ട്ടിക്കിളുകളില്‍ കമ്പനിയുടെ ആദ്യ ഡയറക്ടര്‍മാരെ നാമനിര്‍ദേശം ചെയ്തിരിക്കും. അല്ലെങ്കില്‍ പൊതുയോഗത്തില്‍ വച്ച് ഡയറക്ടര്‍മാരെ തെരഞ്ഞെടുക്കുന്നതുവരെ മെമ്മോറാണ്ടത്തില്‍ ഒപ്പുവച്ച അംഗങ്ങള്‍ ഡയറക്ടര്‍മാരായി കണക്കാക്കപ്പെടും. ഓരോ ഡയറക്ടറും ഒരു സമ്മതപത്രവും യോഗ്യതാ ഓഹരികള്‍ വിലയ്ക്കു വാങ്ങാമെന്ന വാഗ്ദാനവും രജിസ്റ്റ്രാര്‍ക്കു സമര്‍പ്പിക്കേണ്ടതുണ്ട്. യോഗ്യതാ ഓഹരികളുടെ മുഖവില 5,000 രൂപയില്‍ കൂടാന്‍ പാടില്ലെന്നുണ്ട്. ഡയറക്ടറായി നിയമനം ലഭിച്ചതിഌശേഷം രണ്ടുമാസത്തിനകം ഓഹരി എടുത്തിരിക്കുകയും വേണം (വകുപ്പ് 270). ഡയറക്ടറായിരിക്കാന്‍ വേണ്ട യോഗ്യതകള്‍ കമ്പനിനിയമത്തില്‍ ക്ലിപ്തപ്പെടുത്തിയിട്ടുണ്ട്.
താഴെപ്പറയുന്ന അയോഗ്യതകളുള്ളവര് ഡയറക്ടറാകാന്‍ പാടില്ലെന്ന് 274-ാം വകുപ്പ് വ്യവസ്ഥ ചെയ്യുന്നു:
(1) സ്ഥിര ബുദ്ധികളല്ലെന്ന് കോടതിയാല്‍ വിധിക്കപ്പെട്ടവര്‍,
(2) നിസ്വരെന്ന് കോടതിയാല്‍ വിധിക്കപ്പെട്ടവര്‍,
(3) നിസ്വതയില്‍ നിന്ന് മോചനം ലഭിക്കാത്തവര്‍,
(4) ധാര്‍മിക വിഭ്രംശം അടങ്ങുന്ന കുറ്റത്തിന് വിസ്തരിക്കപ്പെട്ട് ആറു മാസത്തില്‍ കുറയാത്ത കാലത്തേക്ക് തടവുശിക്ഷ വിധിക്കപ്പെട്ടവര്‍. ശിക്ഷയുടെ കാലാവധി കഴിഞ്ഞ് അഞ്ചു വര്‍ഷം കഴിയാത്തവരും ഇതില്‍പ്പെടുന്നു,
(5) ഓഹരി ഗഡുക്കള്‍ കൃത്യമായി അടയ്ക്കാത്തവര്‍,
(6) 203-ാം വകുപ്പ് അഌസരിച്ച് അയോഗ്യരാണെന്ന് കോടതി ഉത്തരവിട്ടിട്ടുള്ളവര്. പൊതു കമ്പനികളുടെ ഡയറക്ടര്‍മാരില്‍ മൂന്നില്‍ രണ്ടു ഭാഗം ആവര്‍ത്തനക്രമത്തില്‍ ഉദ്യോഗം ഒഴിയേണ്ടതുണ്ട്. ഇങ്ങനെ സ്ഥാനമൊഴിഞ്ഞവര്‍ക്ക് വീണ്ടും മത്സരിക്കുകയും തെരഞ്ഞെടുക്കപ്പെടുകയും ചെയ്യാം (256).
നിയമനം ലഭിച്ചശേഷം യോഗ്യതാ ഓഹരികള്‍ കൈയൊഴിഞ്ഞവര്ക്കും സ്ഥിരബുദ്ധിയല്ലെന്നു കോടതി പ്രഖ്യാപിച്ചവര്‍ക്കും പാപ്പര്‍ അപേക്ഷ സമര്‍പ്പിച്ചവര്‍ക്കും പാപ്പരാണെന്ന് കോടതി പ്രഖ്യാപിച്ചവര്‍ക്കും ഭരണസമിതിയുടെ അഌവാദമില്ലാതെ തുടര്‍ച്ചയായി മൂന്നു സമിതി യോഗങ്ങളിലോ മൂന്നു മാസങ്ങള്‍ക്കുള്ളില്‍ ചേരുന്ന യോഗങ്ങളിലോ (ഏതാണ് കൂടുതലെങ്കില്‍ അത്) സംബന്ധിക്കാത്തവര്‍ക്കും കേന്ദ്ര ഗവണ്മെന്റിന്റെ അഌമതി കൂടാതെ കമ്പനിയില്‍ നിന്ന് കടമെടുക്കുന്നവര്‍ക്കും കമ്പനിയുമായുള്ള കരാറില്‍ തന്റെ ഭാഗം വ്യക്തമാക്കാതെ വസ്തുതകള്‍ മറച്ചുവച്ചവര്‍ക്കും ഡയറക്ടറാകുന്നതില്‍ നിന്നു കോടതി വിലക്കിയിട്ടുള്ളവര്ക്കും അതേ കമ്പനിയില്‍ പ്രതിഫലം ലഭിക്കുന്ന ഏതെങ്കിലും ഉദ്യോഗം വഹിച്ചുകൊണ്ടിരിക്കുന്നവര്‍ക്കും 284-ാം വകുപ്പഌസരിച്ച് ഡയറക്ടര്‍ സ്ഥാനത്തു നിന്ന് പുറന്തള്ളപ്പെട്ടവര്‍ക്കും ഡയറക്ടര്‍ പദവിയില്‍ തുടരാന്‍ അര്ഹതയില്ലാതാകുന്നതാണ്.
284-ാം വകുപ്പഌസരിച്ച് ഒരു സാധാരണ പ്രമേയം മൂലം ഒരു ഡയറക്ടറെ പുറന്തള്ളാം. കേന്ദ്രഗവണ്‍മെന്റിനാല്‍ നിയമിതനായ ഒരു ഡയറക്ടര്‍ക്കും മരണം വരെ ഡയറക്ടറായി തുടരാമെന്ന വ്യവസ്ഥയില്‍ 1956 ഏ. 1 മുതല്‍ സ്ഥാനം വഹിച്ചുകൊണ്ടിരിക്കുന്നവര്‍ക്കും ആഌപാതിക പ്രാതിനിധ്യമഌസരിച്ച് നിയമിതനായ ഡയറക്ടര്‍ക്കും ഈ വ്യവസ്ഥ ബാധകമല്ല.
ആര്‍ട്ടിക്കിളുകളില്‍ തന്നെ ഡയറക്ടറുടെ പ്രതിഫലം നിശചയിച്ചിരിക്കും. അല്ലെങ്കില്‍ ഒരു പ്രമേയം മുഖേനയും ഇതു നിശ്ചയിക്കാം. ഒരു സാമ്പത്തിക വര്‍ഷത്തില്‍ ഡയറക്ടര്‍മാര്‍, സെക്രട്ടറി ആന്‍ഡ് ട്രഷറര്‍, മാനേജര്‍ എന്നിവര്‍ക്കു നല്കുന്ന പ്രതിഫലത്തിന്റെ മൊത്തം തുക കമ്പനിയുടെ അറ്റാദായത്തിന്റെ 11 ശ.മാ.ല്‍ കവിയരുതെന്നുണ്ട് (വകുപ്പ് 198). ലാഭം കുറവായ അവസരങ്ങളിലോ ലാഭം തീരെ ഇല്ലാത്ത അവസരങ്ങളിലോ കേന്ദ്രഗവണ്മെന്റിന്റെ അംഗീകാരത്തോടെ 50,000 രൂപയില്‍ കവിയാത്ത ഒരു തുക ഈ ഉദ്യോഗസ്ഥന്മാര്ക്കു പ്രതിഫലമായി നല്‍കാം. ഭരണസമിതിയോഗങ്ങളില്‍ പങ്കെടുക്കുന്നതിഌ നല്കുന്ന തുകകള്‍ ഈ പ്രതിഫലത്തിന് പുറമേയാണ് (വകുപ്പ് 309). കമ്പനി നിയമപ്രകാരം ഓഹരികളിന്മേല് ഗഡു വിളിക്കാഌം കടപ്പത്രങ്ങള്‍ പുറപ്പെടുവിക്കാഌം കമ്പനിക്കു വേണ്ട കടമെടുക്കാഌം കമ്പനിഫണ്ട് നിക്ഷേപിക്കാഌം വായ്പ നല്കാഌം സെക്രട്ടറി മുതലായ ഉദ്യോഗസ്ഥന്മാര് ഇല്ലാത്തപ്പോള്‍ കമ്പനിയുടെ പ്രവര്‍ത്തനം നടത്താഌം ഭരണസമിതിക്കധികാരമുണ്ട് (291). ചില പ്രത്യേകാധികാരങ്ങള്‍ പ്രയോഗിക്കണമെങ്കില്‍ ഓഹരിയുടമകളുടെ അംഗീകാരം നേടിയിരിക്കണം. കമ്പനി ഭാഗികമായോ പൂര്‍ണമായോ വില്ക്കുന്നതിഌം അടച്ചു തീര്‍ത്ത മൂലധനവും നിര്ബാധ്യതാനിധിയും ചേര്‍ന്ന ഒരു സംഖ്യയെക്കാള്‍ കൂടിയ ഒരു സംഖ്യ വായ്പയെടുക്കുന്നതിഌം കമ്പനി സര്‍ക്കാര്‍ ഏറ്റെടുക്കുമ്പോള്‍ നല്കുന്ന നഷ്ടപരിഹാരത്തുക ട്രസ്റ്റ് സെക്യൂരിറ്റികളിലല്ലാതെ മറ്റെന്തിലെങ്കിലും മുടക്കുന്നതിഌം 25,000 രൂപയോ കഴിഞ്ഞ മൂന്നു വര്‍ഷത്തെ ശരാശരി വാര്‍ഷിക അറ്റാദായത്തിന്റെ അഞ്ചു ശതമാനമോ (ഏതാണോ കൂടുതല്‍ അത്) സംഭാവനയായി നല്കുന്നതിഌം ഒരു പ്രമേയം മുഖേന ഓഹരിയുടമകളുടെ പൊതുയോഗത്തിന്റെ അംഗീകാരം ലഭിച്ചിരിക്കണം (292).
ഭൂമി വാങ്ങല്‍, കെട്ടിടനിര്‍മാണവും യന്ത്രങ്ങളുടെ സ്ഥാപനവും, പേറ്റന്റ് സമ്പാദിക്കല്‍ എന്നീ ഭരണധര്മങ്ങളും പൊതുയോഗത്തില്‍ ലാഭവീതനിരക്ക് ശുപാര്‍ശ ചെയ്യുകയെന്നതും ഭരണസമിതിയുടെ അധികാരകര്ത്തവ്യങ്ങളില്പ്പെടുന്നു. കമ്പനിക്കുവേണ്ടി പുതിയ ഓഹരികളും കടപ്പത്രങ്ങളും പുറപ്പെടുവിക്കുന്നതിന് ഓഹരി ഉടമകളുടെ അഌമതി ആവശ്യമാണ്. ഇതിഌപുറമേ ബിസിനസ് സംബന്ധിച്ച നയാവിഷ്കരണം, കമ്പനിയുടെ ഭരണസംവിധാനവും ആഭ്യന്തരഘടനയും നിശ്ചയിക്കല്‍, പ്രഥമ ആഡിറ്ററെ നിയമിക്കല്‍, സമിതിയില്‍ ഉണ്ടാകുന്ന ഒഴിവുകള്‍ നികത്തല്‍, മുഖ്യ നിര്വാഹകോദ്യോഗസ്ഥരെ നിയമിക്കല്‍ എന്നിവയും സമിതിയുടെ കര്‍ത്തവ്യങ്ങളാണ്. കമ്പനികളുടെ ട്രസ്റ്റി എന്ന നിലയില്‍ ആണ് ഡയറക്ടര്‍മാര്‍ പ്രവര്‍ത്തിക്കേണ്ടത്. കമ്പനിയുടെയും ഓഹരി ഉടമകളുടെയും താത്പര്യങ്ങള്‍ സംരക്ഷിക്കുക ഡയറക്ടര്‍മാരുടെ പ്രധാന ചുമതലയാണ്. കൂടാതെ ഔപചാരിക രജിസ്റ്ററുകള്‍ സൂക്ഷിക്കുക, പൊതുയോഗങ്ങള്‍ വിളിച്ചുകൂട്ടുക, കമ്പനിയുടെ പ്രാസ്പക്റ്റസ്, ആഡിറ്റ് റിപ്പോര്‍ട്ട് എന്നിവ രജിസ്റ്റ്രാര്‍ക്ക് സമര്‍പ്പിക്കുക എന്നിവയും ഡയറക്ടര്‍മാരുടെ ചുമതലകളില്‍പ്പെടുന്നു. ഡയറക്ടറുടെ ബാധ്യത ഓഹരികളില്‍ ക്ലിപ്തമാണ്. മിനിമം വരി തി കയുന്നതിഌമുന്പ് ഓഹരികള്‍ അലോട്ടുചെയ്യുക, മൂലധനത്തില്‍നിന്ന് ലാഭവീതം നല്‍കുക, ധനബാധ്യതകള്‍ നിറവേറ്റുന്നതില്‍ പിഴവരുത്തുക, വ്യാജപ്രസ്താവനകള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് പ്രാസ്പക്റ്റസ് പുറപ്പെടുവിക്കുക, തെറ്റായ ആസ്തിബാധ്യതാപത്രം പുറപ്പെടുവിക്കുക എന്നിവയ്ക്ക് ഡയറക്ടര്‍ ഉത്തരവാദിയാകും.
കമ്പനിയുടെ ഭരണത്തിഌവേണ്ടി മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുന്ന ഒരു മാനേജിങ് ഡയറക്ടറെ ഭരണസമിതി തെരഞ്ഞെടുക്കാറുണ്ട്. കമ്പനി നിയമം 2(26)ല്‍ മാനേജിങ് ഡയറക്ടറെ ഇപ്രകാരം നിര്‍വചിച്ചിരിക്കുന്നു. "കമ്പനിയുമായുണ്ടാക്കിയ ഒരു ഉടമ്പടി മുഖേനയോ കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് പൊതുയോഗത്തില്‍ പാസ്സാക്കിയ ഒരു പ്രമേയം മുഖേനയോ മെമ്മോറാണ്ടം, ആര്‍ട്ടിക്കിള്‍സ് ഒഫ് അസോസിയേഷന് എന്നിവയിലെ വ്യവസ്ഥകളിലൂടെയോ ഒരു ഡയറക്ടര്‍ക്ക് സാധാരണ ഗതിയില്‍ ലഭിക്കാത്ത ഭരണാധികാരങ്ങള്‍ ലഭിക്കുമ്പോള്‍ അയാള്‍ ഏതു പേരിലറിയപ്പെട്ടാലും, അയാളെ മാനേജിങ് ഡയറക്ടര്‍ എന്നു പറയുന്നു'. 1988ലെ ഭേദഗതിപ്രകാരം മാനേജിങ് ഡയറക്ടറെ നിര്‍ബന്ധമായും നിയമിച്ചിരിക്കണം. (269 (1)) 13-ാം പട്ടികയിലെ വ്യവസ്ഥകള്‍ക്കു പുറത്താണീ നിയമനമെങ്കില്‍ കേന്ദ്ര ഗവണ്‍മെന്റിന്‍െറ സമ്മതം വാങ്ങിയിരിക്കണം (269 (2)). 90 ദിവസമാണു ഇതിഌള്ള കാലാവധി. 13-ാം പട്ടികയിലെ വ്യവസ്ഥകള്‍ക്കു വിരുദ്ധമായ നിയമനങ്ങള്‍ അവസാനിപ്പിക്കാന്‍ കമ്പനി ലാ ബോര്ഡിഌ അധികാരം നല്കുന്നു. മാനേജിങ് ഡയറക്ടറുടെ ശംബളം കമ്പനിയുടെ അറ്റാദായത്തിന്റെ 5 ശ.മാ.ത്തില്‍ കൂടിയാല്‍ കേന്ദ്രഗവണ്മെന്റിന്റെ അംഗീകാരം വേണം. ചില വിഭാഗം ആള്ക്കാര് ഈ സ്ഥാനത്തിന് അയോഗ്യരാണ് (267). മാനേജിങ് ഡയറക്ടറാകുന്നതിഌം ചില നിയന്ത്രണങ്ങളുണ്ട്. അഞ്ച് വര്‍ഷമാണ് കാലാവധി. വീണ്ടും തെരഞ്ഞെടുക്കപ്പെടാം. ഒരു വ്യക്തിക്ക് ഒരു സമയം രണ്ടില്‍ക്കൂടുതല്‍ കമ്പനികളുടെ മാനേജിങ് ഡയറക്ടറാകാന്‍ പാടില്ല.
ഇതിഌപുറമേ ഭരണസമിതിയുടെ നിയന്ത്രണത്തിന് വിധേയമായി കമ്പനിയുടെ കാര്യങ്ങള്‍ നോക്കിനടത്തുന്നതിഌ മാനേജരെയും നിയമിക്കാറുണ്ട്. നിസ്വതയില്‍ നിന്ന് മോചനം സിദ്ധിക്കാതിരിക്കുക; കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയ്ക്ക് എപ്പോഴെങ്കിലും നിസ്വനെന്ന് കോടതി പ്രഖ്യാപിച്ചിരിക്കുക; ഉത്തമര്ണരോടുള്ള ബാധ്യത തീര്‍ക്കാതിരിക്കുക; കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയ്ക്ക് എപ്പോഴെങ്കിലും ഇങ്ങനെ വീഴ്ച വരുത്തുക; ധാര്മികവിഭ്രംശം ഉള്‍ക്കൊള്ളുന്ന ഒരു കുറ്റത്തിന് കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടയില്‍ ശിക്ഷയ്ക്കു വിധിക്കപ്പെടുക എന്നീ അയോഗ്യതകളുള്ളവര്ക്ക് മാനേജര്‍മാരായി തെരഞ്ഞെടുക്കപ്പെടുവാന്‍ അര്‍ഹതയില്ല (335).
കമ്പനി സെക്രട്ടറി. കമ്പനി നിയമപ്രകാരം നിയമിക്കപ്പെടുന്ന ആളാണു കമ്പനി സെക്രട്ടറി. രണ്ടുകോടിയോ കൂടുതലോ ആയ കൊടുത്തു തീര്‍ക്കപ്പെട്ട മൂലധന ഓഹരികളുള്ള കമ്പനികള്‍ക്കു കമ്പനി സെക്രട്ടറി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അംഗത്വമുള്ള ആളായിരിക്കണം സെക്രട്ടറി. മറ്റുള്ള കമ്പനികള്‍ക്ക് യൂണിവേഴ്സിറ്റിയുടെയോ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെയോ ബിരുദം, ഡിപ്ലോമാ സര്‍ട്ടിഫിക്കറ്റ് ഇതിലേതെങ്കിലും പാസ്സായിരിക്കണം (1988 ലെ ചട്ടങ്ങള്‍). ആദ്യവിഭാഗത്തില്‍പ്പെട്ട കമ്പനികള്‍ക്കു മുഴുവന്‍സമയ സെക്രട്ടറിയാണു വേണ്ടത്. പ്രസ്തുത കമ്പനിക്കു രണ്ടു ഡയറക്ടര്‍ ബോര്‍ഡംഗങ്ങള്‍ മാത്രമേ ഉള്ളൂ എങ്കില്‍ അവരിലാരും സെക്രട്ടറിയാകാന്‍ പാടില്ല. സെക്രട്ടറിക്കു പൊതുവായതും സ്റ്റാറ്റ്യൂട്ടറിയായതുമായ ചുമതലകളുണ്ട്. മീറ്റിങ്ങുകളില്‍ ഹാജരാവുക, മിനിട്സ് തയ്യാറാക്കുക, എഴുത്തുകുത്തുകള്‍ നടത്തുക എന്നിവ ആദ്യവിഭാഗം ചുമതലകളും കമ്പനി നിയമത്തിലും മറ്റു നിയമങ്ങളിലും നിര്‍ദേശിച്ചിട്ടുള്ളവ രണ്ടാം വിഭാഗത്തിലും പെടുന്നു. അതുപോലെ സ്റ്റാറ്റ്യൂട്ടറിയും കരാര്പ്രകാരവുമുള്ള ബാധ്യതകളും സെക്രട്ടറിക്കുണ്ട്.
യോഗങ്ങള്‍
166-ാം വകുപ്പഌസരിച്ച് ഓരോ കമ്പനിയും മറ്റു യോഗങ്ങള്‍ക്കു പുറമേ ഒരു വാര്‍ഷികയോഗം നടത്തണമെന്നുണ്ട്. പുതുതായി ആരംഭിച്ച ഒരു കമ്പനി ഇന്കോര്പ്പറേഷന് തീയതി മുതല്‍ 18 മാസത്തിനകം ആദ്യത്തെ വാര്‍ഷിക പൊതുയോഗം നടത്തിയിരിക്കണം. ഇങ്ങനെ പൊതുയോഗം നടത്താതിരുന്നാല്‍ ഒരു അംഗത്തിന്റെ അപേക്ഷയിന്മേല് പൊതുയോഗം വിളിച്ചുകൂട്ടാന്‍ കേന്ദ്രഗവണ്മെന്റ് ആവശ്യപ്പെടുന്നതായിരിക്കും. പൊതുയോഗം വിളിച്ചുകൂട്ടാതിരുന്നാല് കനത്ത പിഴ ഈടാക്കുന്നതിഌം വ്യവസ്ഥയുണ്ട് (വകുപ്പ് 163). പ്രവര്‍ത്തനം തുടങ്ങാന്‍ അഌമതി ലഭിച്ചശേഷം ഒരു മാസത്തിഌ മുമ്പല്ലാതെയും ആറ് മാസത്തിഌ ശേഷമല്ലാതെയും ഓരോ പൊതു കമ്പനിയും ഒരു ഔപചാരികയോഗം വിളിച്ചു കൂട്ടേണ്ടതുണ്ട് (വകുപ്പ് 165). ഒരു ഔപചാരിക റിപ്പോര്‍ട്ട് ഈ യോഗത്തില്‍ സമര്‍പ്പിക്കുകയും കമ്പനി രജിസ്റ്റ്രാര്‍ക്ക് ഫയല്‍ ചെയ്യുകയും വേണം. ആവശ്യമായ മറ്റു സാഹചര്യങ്ങളില്‍ പ്രത്യേക യോഗങ്ങളും വിളിച്ചു കൂട്ടേണ്ടതുണ്ട്. 2000 ലെ ഭേദഗതിപ്രകാരം അസാധാരണ പൊതുയോഗം വിളിച്ചു കൂട്ടാന്‍ ട്രിബൂണലിഌം കേന്ദ്രഗവണ്മെന്റിനെപ്പോലെ അധികാരം ലഭിക്കുന്നു.
കണക്കുകളും ആഡിറ്റും
കമ്പനികളുടെ പ്രവര്‍ത്തനത്തിന്റെ യഥാര്‍ഥ ചിത്രം നല്കുന്നതിഌവേണ്ടി ഓരോ കമ്പനിയും നിശ്ചിത കണക്കുകള്‍ സൂക്ഷിക്കുകയും (209) ബാക്കിപത്രവും ലാഭനഷ്ടക്കണക്കും തയ്യാറാക്കുകയും വേണം (210). ആഡിറ്ററുടെ നിയമനം, പിരിച്ചുവിടല്‍, അധികാരങ്ങളും കര്‍ത്തവ്യങ്ങളും എന്നിവയെ സംബന്ധിച്ച വ്യവസ്ഥകള്‍ നിയമത്തിലുണ്ട് (224234). ബാലന്‍സ് ഷീറ്റിന്റെ കോപ്പി എല്ലാ കമ്പനികളും വാര്‍ഷികജനറല്‍ ബോഡി കഴിഞ്ഞു മുപ്പതു ദിവസത്തിനകം രജിസ്റ്റ്രാര്‍ക്കു സമര്‍പ്പിക്കണം (220).
നിയന്ത്രണങ്ങള്‍
കമ്പനിയുടെയും ഓഹരിയുടമകളുടെയും താത്പര്യങ്ങള്‍ രക്ഷിക്കേണ്ടത് ഗവണ്‍മെന്റിന്‍െറ ചുമതലയാണെന്നു കണ്ടുകൊണ്ട് കമ്പനി നിയമത്തില്‍ അതിഌ വേണ്ട വ്യവസ്ഥ ചെയ്തിട്ടുണ്ട്. കമ്പനിയുടെ പ്രാരംഭനടപടികള്‍ മുതല്‍ പിരിച്ചുവിടല്‍ വരെയുള്ള ഓരോ ഘട്ടത്തിലും കേന്ദ്രഗവണ്‍മെന്റിന്റെയോ രജിസ്ട്രാറുടെയോ അഌമതിയും അംഗീകാരവും ആവശ്യമാണ്. ഗവണ്മെന്റിന് ആവശ്യമെന്നു തോന്നിയാല്‍ ഇന്‍സ്പെക്റ്റര്‍മാരെ നിയമിച്ച് കമ്പനിയുടെ നടത്തിപ്പിനെപ്പറ്റി അന്വേഷണം നടത്താഌം അവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടത്തിപ്പില്‍ പാളിച്ചകളുണ്ടെന്നു ബോധ്യമായാല്‍ അതിഌത്തരവാദികളായവരെ പ്രാസിക്യൂട്ട് ചെയ്യാഌം വ്യവസ്ഥയുണ്ട് (235242). കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചേ മതിയാകൂ എന്ന സ്ഥിതി സംജാതമായാല്‍ അതിഌവേണ്ട നടപടികള്‍ സ്വീകരിക്കുകയും ചെയ്യും. ഗവണ്മെന്റിന്റെ നിയന്ത്രണങ്ങള്‍ക്കു പുറമേ കോടതികള്‍ക്കും കമ്പനിയുടെ മേല്‍ നിയന്ത്രണങ്ങളുണ്ട്. പൊതുതാത്പര്യത്തിനെതിരായാണ് കമ്പനി പ്രവര്‍ത്തിക്കുന്നതെന്ന് ഏതെങ്കിലും അംഗം ആക്ഷേപമുന്നയിച്ചാല്‍ അതു തടയാന്‍ യുക്തമായ ഉത്തരവുകള്‍ പുറപ്പെടുവിക്കുന്നതിന് കോടതിക്കധികാരമുണ്ട് (397407). ദുര്ഭരണമുണ്ടെന്നു തെളിഞ്ഞാല്‍ കേന്ദ്രഗവണ്മെന്റിഌം നടപടികള്‍ സ്വീകരിക്കാം (408409).
കമ്പനിയുടെ പ്രവര്‍ത്തനത്തിലെ മിക്ക കാര്യങ്ങള്‍ക്കും മൂലധനവിനിയോഗം സംബന്ധിച്ച കാര്യങ്ങള്‍ക്കും കേന്ദ്ര ഗവണ്മെന്റിന്റെ അഌമതി കൂടിയേ കഴിയൂ. നിയമത്തില്‍ വ്യവസ്ഥ ചെയ്തിട്ടുള്ള കാര്യങ്ങള്‍ യഥാസമയം നടപ്പിലാക്കാതിരുന്നാല്‍ കമ്പനിയും അതിഌത്തരവാദികളായ ഉദ്യോഗസ്ഥന്മാരും ശിക്ഷയ്ക്ക് വിധേയരാകും. കമ്പനിയുടെ പ്രവര്‍ത്തനത്തിന്റെ മിക്ക പ്രമാണങ്ങളുടെയും ശരിപ്പകര്‍പ്പുകള്‍ നിശ്ചിത തീയതിക്കകം രജിസ്റ്റ്രാര്‍ക്കു സമര്പ്പിച്ചിരിക്കണമെന്നുമുണ്ട്. 2000ലെ ഭേദഗതിക്കുശേഷം സെബിക്കും നിയന്ത്രണാധികാരം ലഭിച്ചിട്ടുണ്ട്.
പ്രവര്‍ത്തനം അവസാനിപ്പിക്കല്‍
കമ്പനിയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതിനെയാണ് പിരിച്ചുവിടല്‍ എന്നു പറയുന്നത്. ഇതോടെ കമ്പനിയുടെ നിയമാഌസൃത വ്യക്തിത്വം ഇല്ലാതാകുന്നു. കമ്പനിയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്ന ഘട്ടത്തില്‍ കമ്പനിയുടെ ആസ്തിബാധ്യതകള്‍ തിട്ടപ്പെടുത്തി സ്വത്തുക്കള്‍ വിറ്റ് ബാധ്യതകള്‍ തീര്‍ക്കുകയും ബാക്കിയുള്ള സംഖ്യ കമ്പനിയുടെ അംഗങ്ങളുടെ ഓഹരികളുടെ അഌപാതമഌസരിച്ച് വീതിക്കുകയും ചെയ്യും.
കമ്പനി സ്ഥാപിച്ചപ്പോഴുള്ള ലക്ഷ്യങ്ങള്‍ നേടിക്കഴിയുക, ലക്ഷ്യങ്ങള്‍ നേടല്‍ അസാധ്യമാകുക, കമ്പനി മറ്റൊരു കമ്പനിക്കു വില്ക്കപ്പെടുക, കമ്പനിയുടെ ബാധ്യതകള്‍ വീടാന്‍ സാധ്യമല്ലാതെ വരുക എന്നീ കാരണങ്ങളില്‍ ഒന്നോ അതിലധികമോ ഉണ്ടെങ്കില്‍ കമ്പനിയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കപ്പെടും. മൂന്നു മാര്‍ഗങ്ങളിലൂടെയാണ് ഒരു കമ്പനിയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കപ്പെടുന്നത്: (1) കോടതി മുഖാന്തിരം ഉള്ള പിരിച്ചു വിടല്‍ (ഇതിന് നിര്‍ബന്ധിത പിരിച്ചുവിടല്‍ എന്നും പറയും); (2) കമ്പനിയുടെ സ്വമേധയായുള്ള പിരിച്ചുവിടല്‍; (3) കോടതിയുടെ മേല്‍നോട്ടത്തിലുള്ള പിരിച്ചുവിടല്‍.
ഒരു കമ്പനിയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കണമെന്നു കോടതി ഉത്തരവിടുന്നത് താഴെ പറയുന്ന സാഹചര്യങ്ങളിലാണ്:
1. കോടതി (ട്രിബ്യൂണല്‍) മുഖാന്തിരം കമ്പനിയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതാണെന്ന് ഒരു പ്രത്യേക പ്രമേയം വഴി കമ്പനി തന്നെ തീരുമാനമെടുക്കുക.
2. കമ്പനി രജിസ്റ്റ്രാര്‍ക്കു സമര്‍പ്പിക്കേണ്ട ഔപചാരിക റിപ്പോര്‍ട്ട് സമര്‍പ്പിക്കാതിരിക്കുക; നിശ്ചിത കാലപരിധിക്കകം ഔപചാരികയോഗം നടത്താതിരിക്കുക (കമ്പനിയുടെ രൂപവത്കരണത്തിന് അഌമതി ലഭിച്ചുകഴിഞ്ഞാല്‍ ഒരു മാസം കഴിഞ്ഞ് ആറു മാസത്തിനകം ഒരു പൊതുയോഗം വിളിച്ചുകൂട്ടേണ്ടതും ഈ യോഗത്തില്‍ ഒരു റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടതും ആണ്. രജിസ്റ്റ്രാര്‍ മുമ്പാകെ സമര്‍പ്പിക്കേണ്ടതായ റിപ്പോര്‍ട്ടാണ് ഔപചാരിക റിപ്പോര്‍ട്ട്).
3.കമ്പനിയുടെ രൂപവത്കരണത്തിഌശേഷം ഒരു വര്‍ഷത്തിനകം കമ്പനിയുടെ പ്രവര്‍ത്തനം ആരംഭിക്കാതിരിക്കുക.
4.കമ്പനിയുടെ പ്രവര്‍ത്തനം ഒരു വര്‍ഷത്തേക്ക് നിര്‍ത്തി വയ്ക്കുക.
5.ഉത്തമര്ണനോടു കമ്പനിക്കുള്ള ബാധ്യതകള്‍ തീര്‍ക്കാന്‍ കഴിയാതെ വരിക. 500 രൂപയില്‍ കൂടിയ ഒരു ബാധ്യത വീട്ടാന്‍ ഒരു ഉത്തമര്ണന് കമ്പനിക്ക് നോട്ടീസ് നല്കി മൂന്നാഴ്ചയ്ക്കുശേഷവും കൊടുത്തുതീര്‍ക്കാന്‍ കഴിയാതെ വരുന്ന കമ്പനിയാണ് ഈ വിഭാഗത്തില്‍ ഉള്‍പ്പെടുക.
6.കമ്പനിയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കേണ്ടത് ന്യായവും യുക്തവുമാണെന്ന് കോടതി അഭിപ്രായപ്പെടുക.
7.കമ്പനിയുടെ അംഗസംഖ്യ പൊതു കമ്പനിയാണെങ്കില്‍ "7'ല്‍ താഴെയും, സ്വകാര്യ കമ്പനിയാണെങ്കില്‍ "2'ല്‍ താഴെയുമായി കുറയുക.
2002ലെ ഭേദഗതിവഴി മൂന്നു സാഹചര്യങ്ങള്‍ കൂടെ ഉണ്ടായിട്ടുണ്ട്.
1.ബാലന്‍സ് ഷീറ്റ് രജിസ്റ്റ്രാര്‍ക്കു സമര്‍പ്പിക്കുന്നതില്‍ തുടര്‍ച്ചയായി അഞ്ചുവര്‍ഷം വീഴ്ച ഉണ്ടാവുക.
2.രാജ്യത്തിന്റെ പരമാധികാരം, അഖണ്ഡത, രാജ്യരക്ഷ, അയല്‍രാജ്യങ്ങളുമായുള്ള സൗഹൃദം, ക്രമസമാധാനം, മാന്യത, സദാചാരം എന്നിവയ്ക്കെതിരെ കമ്പനി പ്രവര്‍ത്തിച്ചിരിക്കുക.
3.ഒരു പീഡിത കമ്പനി എന്നോ പ്രവര്‍ത്തനം അസാധ്യമാക്കപ്പെട്ട ഒന്നെന്നോ ട്രിബൂണലിഌ തോന്നുക.
മുകളില്‍ രണ്ടാമത്തെ സാഹചര്യത്തില്‍ കേന്ദ്ര ഗവണ്മെന്റിന്റെ ഹര്‍ജിപ്രകാരം പ്രവര്‍ത്തനം അവസാനിപ്പിക്കാം. അതുപോലെ സംസ്ഥാന സര്‍ക്കാരുകള്‍ക്കും ഹര്‍ജി നല്‍കാം.
കമ്പനിയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള അപേക്ഷ കമ്പനിയോ ഉത്തമര്‍ണരോ ഓഹരി ഉടമകളോ നിയുക്തകോടതിയില് സമര്‍പ്പിക്കുന്നു. ഉത്തമര്‍ണരുടെയും ഓഹരിക്കാരുടെയും ആഗ്രഹങ്ങള്‍ മനസ്സിലാക്കി ആവശ്യമെന്നുകണ്ടാല്‍ കമ്പനിയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ കോടതി ഉത്തരവിടുന്നു. കോടതിയുടെ ഇടപെടലില്ലാതെ ഉത്തമര്ണരുമായാലോചിച്ച് അവരുടെ ബാധ്യതകള്‍ തീര്‍ത്ത് കമ്പനിയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതാണ് സ്വമേധയായുള്ള പിരിച്ചുവിടല്‍. പരസ്പര ചര്‍ച്ചയിലൂടെ തീരുമാനിക്കപ്പെടുന്ന ഈ പിരിച്ചുവിടല്‍ കൂടുതല്‍ സൗകര്യപ്രദമാണ്. കമ്പനിയുടെ കാലാവധി അവസാനിക്കുകയോ ആര്‍ട്ടിക്കിളുകളില്‍ നിശ്ചയിച്ച സംഭവമോ സന്ദര്‍ഭമോ ഉണ്ടാകുകയോ ഒരു പ്രത്യേക പ്രമേയം പാസ്സാക്കുകയോ ചെയ്താല്‍ കമ്പനിക്കു സ്വമേധയാ പ്രവര്‍ത്തനം അവസാനിപ്പിക്കാം. അംഗങ്ങളുടെ ആഗ്രഹാഌസരണമോ ഉത്തമര്‍ണരുടെ ആഗ്രഹാഌസരണമോ കമ്പനിയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കാവുന്നതാണ്. ബാധ്യതകള്‍ അവസാനിപ്പിക്കത്തക്കവണ്ണം സാമ്പത്തികശേഷിയുള്ള ഒരു കമ്പനിക്ക് അതിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതിന് ഉത്തമര്‍ണരുടെ ശിപാര്‍ശ ആവശ്യമില്ല. ഈ സാഹചര്യത്തില്‍ കമ്പനി അംഗങ്ങള്‍ക്കു സ്വതന്ത്രമായി തീരുമാനിക്കാവുന്നതേയുള്ളൂ. ഇങ്ങനെ കമ്പനിയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതിഌ മുമ്പ് അതു സംബന്ധിച്ച ഒരു പ്രഖ്യാപനവും ആസ്തിബാധ്യതാപട്ടികയും രജിസ്റ്റ്രാര്‍ക്ക് സമര്‍പ്പിക്കേണ്ടതുണ്ട്.
അംഗങ്ങളുടെ ആഗ്രഹാഌസരണം പ്രവര്‍ത്തനം അവസാനിപ്പിക്കുമ്പോള്‍ അംഗങ്ങള്‍ കമ്പനി ഉദ്യോഗസ്ഥന്മാരില് ഒരാളെ ലിക്വിഡേറ്ററായി നിയമിക്കുന്നു. ബാധ്യത വീടുന്നതു സംബന്ധിച്ച പ്രഖ്യാപനം സമര്‍പ്പിക്കാത്ത കമ്പനിയെ അംഗങ്ങളുടെ ആഗ്രഹാഌസരണം പിരിച്ചുവിടാന്‍ കഴിയുകയില്ല. എന്നാല്‍ ഉത്തമര്‍ണരുടെ ആഗ്രഹാഌസരണം പിരിച്ചുവിടാം. ഇതിഌ കമ്പനി അതിന്റെ പൊതുയോഗം വിളിച്ചു കൂട്ടുമ്പോള്‍ ഉത്തമര്‍ണരുടെയും യോഗം വിളിക്കേണ്ടതുണ്ട്. കമ്പനിയുടെ പൊതുയോഗവും ഉത്തമര്‍ണരുടെ യോഗവും വ്യത്യസ്ത വ്യക്തികളെയാണ് ലിക്വിഡേറ്റര്‍മാരായി നിര്‍ദേശിക്കുന്നതെങ്കില്‍ ഉത്തമര്‍ണരുടെ തീരുമാനത്തിഌ പ്രാബല്യം ലഭിക്കും.
സ്വമേധയാ പ്രവര്‍ത്തനം അവസാനിപ്പിക്കണമെന്ന് തീരുമാനിക്കുമ്പോഴും കോടതിയുടെ മേല്‍നോട്ടത്തില്‍ വേണം പ്രവര്‍ത്തനം അവസാനിപ്പിക്കേണ്ടതെന്നുത്തരവിടാന് കോടതിക്കധികാരമുണ്ട്. സ്വമേധയാ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതില്‍ ക്രമക്കേടുകളുണ്ടെന്ന് ഏതെങ്കിലും ഉത്തമര്‍ണനോ ഓഹരിക്കാരനോ പരാതി ബോധിപ്പിച്ചാലും കോടതിയുടെ മേല്‍നോട്ടത്തില്‍ വേണം പ്രവര്‍ത്തനം അവസാനിപ്പിക്കേണ്ടതെന്ന് കോടതിക്ക് ഉത്തരവിടാം. കമ്പനിയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതിന് കോടതി ഉത്തരവിട്ടാലും സ്വമേധയാ പ്രവര്‍ത്തനം അവസാനിപ്പിക്കണമെന്ന് കമ്പനി പ്രത്യേകം പ്രമേയം മൂലം തീരുമാനിച്ചാലും പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതിഌള്ള നടപടികള്‍ സ്വീകരിക്കുന്നതിന് ലിക്വിഡേറ്ററെ നിയമിക്കണമെന്നുണ്ട്. പ്രവര്‍ത്തനം അവസാനിപ്പിക്കല്‍ സംബന്ധിച്ച് കമ്പനിയോ ഉത്തമര്‍ണരോ പാസ്സാക്കിയ പ്രമേയങ്ങളും കമ്പനി നിയമത്തിലെ വ്യവസ്ഥകളും അഌസരിച്ച് പ്രവര്‍ത്തിക്കുന്ന ലിക്വിഡേറ്ററുടെ കര്‍ത്തവ്യങ്ങള്‍ ഇവയാണ്:
(1) തവണ കുടിശ്ശികയുള്ളവരുടെ പട്ടിക തയ്യാറാക്കുക;
(2) കമ്പനിയുടെ സ്വത്തുക്കള്‍ വില്‍ക്കുകയും കമ്പനിക്കു കിട്ടാഌള്ള കടങ്ങള്‍ ഈടാക്കുകയും ചെയ്യുക;
(3) ഈ സംഖ്യയില്‍ നിന്ന് ഉത്തമര്ണരോടുള്ള ബാധ്യത കൊടുത്തുതീര്‍ക്കുക. ബാധ്യതകള്‍ തീര്‍ക്കാന്‍ പ്രസ്തുത സംഖ്യ പോരാതെ വരുന്നെങ്കില്‍ ഓഹരി ഉടമകളോട് ഓഹരി കുടിശ്ശിക അടച്ചുതീര്‍ക്കാന്‍ ആവശ്യപ്പെടുന്നു.
ഗവണ്മെന്റിന്റെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളെയും ഇന്ത്യയ്ക്കു വെളിയില്‍ കോര്‍പ്പറേറ്റ് ചെയ്ത് ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളെയും സംബന്ധിച്ച വകുപ്പുകളും കമ്പനി നിയമത്തിലുണ്ട് (591599; 617620).
(പ്രാഫ. വി. വിജയബാലന്‍, സ.പ.)