This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കടയ്‌ക്കല്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
കടയ്‌ക്കല്‍
കേരളത്തിലെ കൊല്ലം ജില്ലയില്‍പ്പെട്ട കൊട്ടാരക്കര താലൂക്കിലെ ഒരു വില്ലേജ്. പഴയ ഇളയടത്തു സ്വരൂപത്തില്‍ ഉള്‍പ്പെട്ടിരുന്ന ഒരു പ്രദേശമാണിത്. കൊല്ലം പട്ടണത്തിന് 51 കി.മീ. വ. കിഴക്കായാണ് കടയ്‌ക്കല്‍ സ്ഥിതി ചെയ്യുന്നത്. കടയ്‌ക്കല്‍ പഞ്ചായത്ത് ഇളമ്പഴന്നൂര്‍, ഇടത്തറ, കടയ്‌ക്കല്‍ എ, കടയ്‌ക്കല്‍ ബി, കടയ്‌ക്കല്‍ സി, കടയ്‌ക്കല്‍ ഡി, മുതയില്‍, കുമ്മിള്‍, തച്ചക്കോണം എന്നീ ഒന്‍പത് വാര്‍ഡുകളുള്‍ക്കൊള്ളുന്നു. കാര്‍ഷികപുരോഗതി നേടിവരുന്ന പഞ്ചായത്തിന്റെ പത്തിലൊരുഭാഗം നിലവും ശേഷിച്ചതു പുരയിടങ്ങളുമാണ്. ഇത്തിക്കരയാറും കല്ലടയാറുമാണു ഏറ്റവും അടുത്തുള്ള നദികള്‍. എം.സി. റോഡിലെ നിലമേല്‍ ജങ്‌ഷന് സു. 10 കി.മീ. അകലെയുള്ള കടയ്‌ക്കല്‍ക്ഷേത്രം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിഌ കീഴിലുള്ള ഒരു മേജര്‍ ക്ഷേത്രമാണ്.
കടയ്‌ക്കലിന് തിരുവിതാംകൂറിന്റെ രാഷ്‌ട്രീയ ചരിത്രത്തില്‍ വിസ്‌മരിക്കാനാവാത്ത സമരപാരമ്പര്യമുണ്ട്. 1935ല്‍ സ്വാതന്ത്യ്രസമരകാലത്ത് തിരുവിതാംകൂറില്‍ സ്വതന്ത്രഭരണം ആദ്യമായി സ്വയം പ്രഖ്യാപിച്ച സ്ഥലമാണിത്. കടയ്‌ക്കല്‍, കല്ലറ, കിളിമാനൂര്‍, പാങ്ങോട് തുടങ്ങിയ സ്ഥലങ്ങളിലെ കമ്പോളങ്ങളില്‍ അധികാരികളുടെ ഒത്താശയോടെ തികച്ചും അന്യായമായി ചന്തക്കാശുപിരിച്ചു വന്നതില്‍ അമര്‍ഷം മൂത്ത നാട്ടുകാര്‍ സംഘടിപ്പിച്ച പ്രക്ഷോഭങ്ങള്‍ ചരിത്രപ്രസിദ്ധമാണ്. സര്‍ സി.പി.ക്കെതിരെ സ്റ്റേറ്റ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിവന്ന പ്രക്ഷോഭണ, പ്രകടന, പ്രചാരണങ്ങളില്‍നിന്ന് ആവേശംപൂണ്ട കടയ്‌ക്കലിലെ യുവജനങ്ങള്‍ ചന്തസ്ഥലത്തും പിന്നീട് പൊലീസ് സ്റ്റേഷന്‍, പള്ളിക്കൂടങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളിലും പ്രകടനങ്ങളും കൈയേറ്റവും നടത്തുകയുണ്ടായി. സ്ഥലത്തും സമീപപ്രദേശങ്ങളിലും ഉണ്ടായിരുന്ന പൊലീസ് സംഘങ്ങളെ ചെറുത്തുനിന്ന നാട്ടുകാര്‍ തിരുവനന്തപുരത്തു നിന്ന് കൂടുതലായി സൈനികസന്നാഹങ്ങളെത്തിയതിനെത്തുടര്‍ന്ന് സമരരംഗത്തു നിന്നു പിന്‍മാറി. കടയ്‌ക്കലില്‍ പൊലീസും പട്ടാളവും ചേര്‍ന്നു നടത്തിയ പ്രത്യാക്രമണം വിവരണാതീതമായിരുന്നു. സമരത്തിഌ ചുക്കാന്‍ പിടിച്ച നേതാക്കളുടെ വീടുകളും മറ്റും അഗ്‌നിക്കിരയാക്കി. കടയ്‌ക്കലിലും സമീപഗ്രാമങ്ങളിലും നിന്നു ധാരാളമായി നിരപരാധികളെ ശിക്ഷയ്‌ക്കു വിധേയരാക്കുകയും ചിലരെ തൂക്കിലേറ്റുകയുമുണ്ടായി.
വിപ്ലവപാരമ്പര്യമുള്ള ഈ മേഖലയില്‍ 1970ല്‍ നടന്ന (കുമ്മിള്‍നഗരൂര്‍) നക്‌സലാക്രമണക്കേസും സവിശേഷ ശ്രദ്ധ നേടിയിട്ടുണ്ട്.
(വിളക്കുടി രാജേന്ദ്രന്‍)