This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇന്തോചൈന

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

12:56, 19 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ഇന്തോചൈന

തെക്കുകിഴക്കേ ഏഷ്യയിൽ, വടക്കു ചൈന വരെയും കിഴക്ക്‌ ദക്ഷിണചൈനാസമുദ്രം വരെയും പടിഞ്ഞാറ്‌ തായ്‌ലണ്ടുവരെയും വ്യാപിച്ചുകിടക്കുന്ന ഭൂഭാഗം ഇന്തോ-ചൈന എന്ന പേരിലാണ്‌ അറിയപ്പെട്ടിരുന്നത്‌. ഇപ്പോള്‍ ദക്ഷിണപൂർവേഷ്യ എന്ന പേരിലും അറിയപ്പെടുന്നു. മ്യാന്മാർ, തായ്‌ലന്‍ഡ്‌, ലാവോസ്‌, കംബോഡിയ, വിയറ്റ്‌നാം, പശ്ചിമ മലേഷ്യ ഇവ ഉള്‍ക്കൊള്ളുന്നു.

ഭൂവിവരണം. ചൈനാഭൂഖണ്ഡ(block)ത്തിന്റെ തുടർച്ചയാണ്‌ ഈ ഭൂഭാഗം. തെ.പ. ചൈനയിലുള്ള പർവതശൃംഖലകള്‍ ഇന്തോചൈനയിലേക്കും തുടർന്നു കാണുന്നു. തെക്കുവടക്ക്‌ ഉടനീളം സ്ഥിതിചെയ്യുന്ന ഈ പർവതങ്ങളുടെ കിടപ്പിന്‌ അനുസൃതമായി ഇന്തോ ചൈനയിലെ നദികള്‍ വടക്കുനിന്ന്‌ തെക്കോട്ടൊഴുകുന്നു. ഈ നദികളുടെ ഫലഭൂയിഷ്‌ഠങ്ങളായ വിസ്‌തൃതതടങ്ങളും ഡെൽറ്റാകളുമാണ്‌ ഇന്തോ-ചൈനയുടെ സമ്പദ്‌വ്യവസ്ഥയ്‌ക്ക്‌ അടിത്തറ പാകുന്നത്‌. കാലാവസ്ഥ. മണ്‍സൂണ്‍ കാലാവസ്ഥയാണ്‌ പൊതുവേ ഉള്ളത്‌. വ. അക്ഷാ. 20ബ്ബ വരെയുള്ള പ്രദേശങ്ങളിൽ താപനിലയിലെ വാർഷികാന്തരം അഗണ്യമാണ്‌. എന്നാൽ അതിനുവടക്കുള്ള ഭാഗങ്ങളിൽ ഉഷ്‌ണകാലത്ത്‌ ഭിന്നമായ ചൂടും ശീതകാലത്ത്‌ അതിശൈത്യവും അനുഭവപ്പെടുന്നു. ഇന്തോചൈനയിലൊട്ടാകെയും ഉഷ്‌ണകാലത്തുമാത്രമാണ്‌ മഴപെയുന്നത്‌. ശീതകാലത്ത്‌ വരണ്ട കാലാവസ്ഥയാണുണ്ടായിരിക്കുക. ഉന്നതതടങ്ങളിൽ സമീകൃതമായ താപനില അനുഭവപ്പെടുന്നു. പർവതങ്ങളുടെ സ്ഥിതി, അക്ഷാംശം, സമുദ്രവുമായുള്ള അകലം എന്നിവയെ ആശ്രയിച്ച്‌ മഴയുടെ തോതിൽ, പ്രാദേശികമായി ഏറ്റക്കുറച്ചിലുകളുണ്ട്‌; പൊതുവേ സാമാന്യം നല്ല മഴ ലഭിക്കുന്ന ഭൂഭാഗമാണിത്‌. ജനങ്ങള്‍. അതിപ്രാചീനകാലം മുതൽ ജനവാസമുണ്ടായിരുന്ന പ്രദേശങ്ങളാണിവ; ചൈനാഭാഗത്തുനിന്നും കാലാകാലങ്ങളിലുണ്ടായ ആക്രമണകാരികളുടെ കൂടിയേറ്റത്തെത്തുടർന്ന്‌, ആദിമസംസ്‌കാരത്തിന്റെ ഉടമകളായിരുന്ന ജനങ്ങള്‍ ഇന്തോനേഷ്യന്‍ ദ്വീപുകളിലേക്ക്‌ ഒഴിഞ്ഞുപോയി എന്നതിന്‌ രേഖകള്‍ കണ്ടെത്തിയിട്ടുണ്ട്‌. ഇന്തോ ചൈനയിലെ ഏറ്റവും പ്രാചീനരായ ജനവർഗങ്ങള്‍ നീഗ്രിറ്റോവിഭാഗത്തിൽപ്പെട്ടവരാണ്‌; ആസ്റ്റ്രലിയയിലെ ആദിവാസികളോടും, ന്യൂഗിനിയിലെ പാപ്പുവന്‍ വർഗക്കാരോടും സാദൃശ്യംപുലർത്തുന്ന ഇക്കൂട്ടർ ഇന്തോചൈനയിലെ വനാന്തരങ്ങളിൽ പാർത്തുപോരുന്നു. ഇവരെത്തുടർന്നെത്തിയ മലയോ-ഇന്തോനേഷ്യന്‍ വർഗക്കാരാണ്‌ ഇന്തോചൈനയിലെ ഇന്നത്തെ ജനങ്ങളുടെ യഥാർഥപൂർവികർ. വടക്കുനിന്നും കുടിയേറിയ മംഗോളോയ്‌ഡ്‌ വർഗക്കാരാണ്‌ മൂന്നാമത്തെ വിഭാഗം. വ്യത്യസ്‌തവിഭാഗക്കാരുടെ പരസ്‌പരസമ്പർക്കത്തിലൂടെ രൂപംപ്രാപിച്ച സങ്കര ജനതയാണ്‌ ഇപ്പോഴുള്ളതിൽ ഭൂരിഭാഗവും. തനതായ വർഗസ്വഭാവങ്ങള്‍ പുലർത്തിപ്പോരുന്ന ന്യൂനപക്ഷങ്ങളും വളരെയുണ്ട്‌; ഇക്കൂട്ടർ സാംസ്‌കാരികമായി വളരെ പിന്നാക്കം നില്‌ക്കുന്നു. ഭാഷാപരമായ വൈവിധ്യത്തിനും ഇത്‌ കാരണമായിരിക്കുന്നു. അടുത്തകാലത്ത്‌ കുടിയേറിയിട്ടുള്ളചീനന്മാർ ഈ പ്രദേശത്തെ മിക്കരാജ്യങ്ങളിലും ഒരു പ്രബലവിഭാഗമായിത്തീർന്നിട്ടുണ്ട്‌. സാമ്പത്തിക സ്വാധീനമാണ്‌ ഇതിനു കാരണം. സമീപസ്ഥങ്ങളായ ഭൂഭാഗങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇന്തോചൈനയിലെ ജനസാന്ദ്രത കുറവാണ്‌.

ചരിത്രം. ഇന്തോചൈനയിൽ ആദ്യമായി നിലവിൽ വന്ന രാജ്യങ്ങള്‍ ഒന്നാം ശ.-ത്തിലെ ഫുനാനും രണ്ടാം ശ.-ത്തിന്റെ ചമ്പയും ആണ്‌. ഭാരതീയസംസ്‌കാരത്തിന്റെ സ്വാധീനം ഇവയിൽ പ്രകടമായിക്കാണാം. മലയോ-ഇന്തോനേഷ്യന്‍ വർഗത്തിൽപ്പെട്ട ഫുനാന്മാരും ചമ്പകളും ഹിന്ദുമതാനുയായികളായിരുന്നു. ഈ രണ്ട്‌ രാജ്യങ്ങളിൽ താരതമ്യേന വലുതായ ഫുനാന്‍ എ.ഡി. 6-ാം ശ.-ത്തിൽ സാമ്രാജ്യത്തിന്റെ വടക്കുഭാഗത്ത്‌ പ്രാബല്യത്തിൽവന്ന ചെന്‍ല (Chenla) രാജ്യത്താൽ ആക്രമിച്ച്‌ കീഴ്‌പ്പെടുത്തപ്പെടുന്നതുവരെ നിലനിന്നു. അതിനെത്തുടർന്നാണ്‌ ഖെംർ അഥവാ കംബോഡിയ നിലവിൽവന്നത്‌. 12-ാം ശ.-ത്തിൽ കംബോഡിയന്‍ സാമ്രാജ്യം ഉച്ചാവസ്ഥയിലെത്തി. അങ്കോർക്ഷേത്രങ്ങളുടെ നിർമാണം നടന്നത്‌ അക്കാലത്തായിരുന്നു. ഈ അവസരത്തിൽത്തന്നെ ഉപദ്വീപിന്റെ വ.കിഴക്ക്‌ ചൈനാസംസ്‌കാരവുമായി ബന്ധപ്പെട്ട വിയറ്റ്‌നാം എന്ന ജനപദം നിലവിലിരുന്നു. ചമ്പാരാജ്യത്തിനുമേൽ അധീശത്വം സ്ഥാപിച്ച വിയറ്റ്‌നാം 15-ാം ശ.-ത്തോടെ കംബോഡിയയുടെ ഭാഗങ്ങള്‍കൂടി കൈവശപ്പെടുത്തി, വിസ്‌തൃതമായ ഒരു രാജ്യമായിത്തീർന്നു (കൊച്ചിന്‍ ചൈന). ഇതിനു സമകാലികമായി കംബോഡിയയുടെ മേൽ ഇന്തോചൈനയിലെ തായ്‌വർഗം ആധിപത്യമുറപ്പിക്കുകയും സയാം (തായ്‌ലണ്ട്‌) എന്ന പുതിയ രാജ്യം സ്ഥാപിക്കുകയും ചെയ്‌തു. സയാമിന്റെ വിസ്‌തൃതി, ബർമ, മ്യാന്മാർ, മലയ എന്നിവിടങ്ങളിലേക്കും വ്യാപിച്ചിരുന്നു. എന്നാൽ 18-ാം ശ.-മായപ്പോഴേക്കും ബർമ(മ്യാന്മാർ)യും കിഴക്ക്‌ വിയറ്റ്‌നാമും പ്രബലരാജ്യങ്ങളായിത്തീരുകയും സയാമിന്റെതന്നെ വടക്കുഭാഗത്ത്‌ തായ്‌വർഗത്തിൽപ്പെട്ട ഒരു വിഭാഗം വേർതിരിഞ്ഞ്‌ ലാവോസ്‌ എന്ന രാജ്യം സ്ഥാപിക്കുകയും ചെയ്‌തു. 16-ാം ശ.-ത്തിന്റെ ആരംഭത്തോടെ യൂറോപ്യന്‍ കൊളോണിയൽഭരണം സ്ഥാപിതമാവുകയും ചെയ്‌തു. എന്നാൽ 19-ാം ശ.-ത്തിലാണ്‌ ഇന്തോചൈന പൂർണമായും യൂറോപ്യന്‍ അധീനതയിലായത്‌.

അങ്കോർവാത്‌ ക്ഷേത്രം-കമ്പോഡിയ

ഫ്രഞ്ച്‌ അധികാരവ്യാപനം. 1858-98 കാലത്തെ നിരവധി യുദ്ധങ്ങളിൽ വിജയം നേടി ഫ്രഞ്ചുകാർ ഇന്തോചൈനയുടെ കിഴക്കേപകുതിയിൽ പ്രബലരായിത്തീർന്നു. 1859-ൽ ഒരു ഫ്രഞ്ച്‌-സ്‌പാനിഷ്‌ ആക്രമണസംഘം സയ്‌ഗോണ്‍ കീഴടക്കി. 1862-ൽ അന്നാം ചില പ്രദേശങ്ങള്‍ ഫ്രാന്‍സിനു വിട്ടുകൊടുത്തു. കുറച്ചു പ്രദേശങ്ങള്‍കൂടി പിടിച്ചെടുത്ത്‌ 1867-ൽ ഫ്രഞ്ചുകാർ കൊച്ചിന്‍ചൈനകോളനി സ്ഥാപിച്ചു. കംബോഡിയ 1863-ൽ ഒരു ഫ്രഞ്ച്‌ സംരക്ഷിത പ്രദേശമായി. ചൈനയിലേക്കൊരു പ്രവേശനദ്വാരം ലഭിക്കാനായി ഫ്രഞ്ചുകാർ ടോങ്കിനിൽ ഇടപെട്ടു. 1874, 1884, 1885 എന്നീ വർഷങ്ങളിലെ സന്ധികളോടെ അന്നാമും ടോങ്കിനും ഫ്രഞ്ച്‌ സംരക്ഷിതപ്രദേശമായി; 1893-ൽ ലാവോസും ഫ്രഞ്ചുകാർ സ്വാധീനത്തിലാക്കി; 1904-ൽ മീക്കോങ്‌ നദീതീരത്തിലുള്ള പ്രദേശങ്ങളുടെ അധികാരം സയാം, ഫ്രഞ്ചുകാർക്ക്‌ ഏല്‌പിച്ചുകൊടുത്തു. ബട്ടംബാങ്‌, അങ്കോർ എന്നിവ 1907-ൽ അവരുടെ കൈവശത്തിലായി.

വിയറ്റ്‌നാം കൊട്ടാരം

ഇന്തോ-ചൈനീസ്‌ യൂണിയന്‍. 1887-ൽ അന്നാം, ടോങ്കിന്‍, കംബോഡിയ എന്നീ സംരക്ഷിതപ്രദേശങ്ങളും കൊച്ചിന്‍ചൈനാകോളനിയും ഉള്‍പ്പെട്ട ഇന്തോചൈനീസ്‌ യൂണിയന്‍ നിലവിൽവന്നു. പിന്നീട്‌ ലാവോസും ഈ യൂണിയനിൽ ചേർന്നു. രണ്ടാം ലോകയുദ്ധത്തിനു തൊട്ടുമുമ്പുമുതൽ ഇന്തോചൈനയിൽ ദേശീയപ്രബുദ്ധത വളരാന്‍ തുടങ്ങി. 1930 ഫെ.-ൽ ടോങ്കിനിലുണ്ടായ സംഘർഷവും ഫ്രഞ്ച്‌ഭരണകൂടം അടിച്ചമർത്തി. 1937 മുതൽ ഇന്തോചൈനാകാര്യങ്ങളിൽ ജപ്പാന്‍ ഇടപെടാന്‍ തുടങ്ങി. തുടർന്ന്‌ പടിപടിയായി ജപ്പാന്‍ ഇന്തോചൈന കൈവശപ്പെടുത്തി. സയാമും ഫ്രാന്‍സും തമ്മിലുള്ള തർക്കങ്ങളിൽ മാധ്യസ്ഥം വഹിച്ചതും ജപ്പാനായിരുന്നു. ജപ്പാന്റെ പരാജയത്തെത്തുടർന്ന്‌ (1945 BK.) ഇന്തോ ചൈനയുടെ ഉത്തരഭാഗത്ത്‌ ചൈനീസ്‌ സേനയും ദക്ഷിണഭാഗത്ത്‌ ബ്രിട്ടീഷ്‌സേനയും നിലയുറപ്പിച്ചു. 1945 സെപ്‌. 2-ന്‌ വിയറ്റ്‌നാം റിപ്പബ്ലിക്ക്‌ നിലവിൽവന്നു; 1946 ജനു. 7-ന്‌ ഫ്രഞ്ച്‌-കംബോഡിയക്കരാറ്‌ കംബോഡിയയ്‌ക്ക്‌ സ്വാതന്ത്യം നേടിക്കൊടുത്തു. രാജാവിനെ ഭരണത്തലവനാക്കിക്കൊണ്ടുള്ള ഒരു ജനാധിപത്യഭരണം ലാവോസിലും നിലവിൽവന്നു. 1946 മാ. 6-ന്‌ വിയറ്റ്‌നാംറിപ്പബ്ലിക്കിനെ ഫ്രഞ്ചുകാർ അംഗീകരിച്ചു; എന്നാൽ കൊച്ചിന്‍ചൈനയും അന്നാമിന്റെ ചില ഭാഗങ്ങളും ഈ റിപ്പബ്ലിക്കിനോട്‌ ചേർക്കുന്നതിൽ ഫ്രഞ്ചുകാർ എതിരായിരുന്നു. അതിനെത്തുടർന്ന്‌ 1946 ഡി.-ൽ ഹോച്ച്‌മിന്‍ ഒരു ആഭ്യന്തരവിപ്ലവത്തിനു നേതൃത്വം വഹിച്ച്‌, അന്നാം, ടോങ്കിന്‍, കൊച്ചിന്‍ചൈന എന്നിവടിങ്ങളിലെ ഗവണ്‍മെന്റുമായി സമരം ആരംഭിച്ചു. 1949 ജനു.-ൽ ലാവോസ്‌ സ്വതന്ത്രരാജ്യമായി. വർധിച്ചുവരുന്ന കമ്യൂണിസ്റ്റ്‌ സ്വാധീനംമൂലം, 1954 ജൂല.-ൽ വിയറ്റ്‌നാം രണ്ടായി വിഭജിക്കപ്പെട്ടു: ഡെമോക്രാറ്റിക്‌ റിപ്പബ്ലിക്ക്‌ ഒഫ്‌ വിയറ്റ്‌നാം, റിപ്പബ്ലിക്ക്‌ ഒഫ്‌ വിയറ്റ്‌നാം. 1975 മേയ്‌ 1-ന്‌ ഉത്തര വിയറ്റ്‌നാം, തെക്കന്‍ വിയറ്റ്‌നാം കൈവശപ്പെടുത്തി. 1976-ൽ രണ്ടുവിയറ്റ്‌നാമുകളുടെയുംപുനരേകീകരണം നടന്നു. നോ: അങ്കോർതോം; അങ്കോർവാത്‌; കംബോഡിയ; ലാവോസ്‌; വിയറ്റ്‌നാം

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍