This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇംഗ്ലീഷ്‌ സാഹിത്യം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

06:20, 14 ജൂലൈ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ഉള്ളടക്കം

ഇംഗ്ലീഷ്‌ സാഹിത്യം

== English Literature ==

ഇന്ന്‌ അറിയുന്നവിധത്തിലുള്ള ഇംഗ്ലീഷ്‌ ഭാഷ രൂപംകൊണ്ടത്‌ എ.ഡി. പതിമൂന്നാം ശ.-ത്തിലാണ്‌. അതിനു മുമ്പുണ്ടായിരുന്ന ഇംഗ്ലീഷിനെ ആംഗ്ലോ-സാക്‌സണ്‍ അഥവാ ഓള്‍ഡ്‌ ഇംഗ്ലീഷ്‌ (Old English), മധ്യകാല ഇംഗ്ലീഷ്‌ (Middle English) എന്നിങ്ങനെ രണ്ടു ഘട്ടമായി തിരിച്ചിരിക്കുന്നു. ആദ്യഘട്ടമായ ആംഗ്ലോ-സാക്‌സണ്‍ (Anglo-Saxon) ഇംഗ്ലീഷിന്റെ പ്രാഗ്‌രൂപമാണെന്നു പറയാം. ജെഫ്രി ചോസറുടെ മരണവർഷം (1400) മധ്യകാല ഇംഗ്ലീഷിന്റെ അവസാനത്തെയും ആധുനിക ഇംഗ്ലീഷിന്റെ ആരംഭത്തെയും തമ്മിൽ വിഭജിക്കുന്ന ഒരു രേഖയായി പൊതുവേ പരിഗണിക്കപ്പെട്ടുവരുന്നു. ആശയപ്രകാശനരീതിയിലും ആവിഷ്‌കരണശൈലിയിലും രചനാക്രമങ്ങളിലും ആധുനിക ഇംഗ്ലീഷ്‌ ഭാഷാസാഹിത്യങ്ങളുടെ പിതാവ്‌ എന്ന ബഹുമതി ചരിത്രകാരന്മാർ ചോസറിൽ അർപ്പിക്കുന്നു. അദ്ദേഹം അന്ന്‌ സാഹിത്യരൂപം നല്‌കി സംക്രമിപ്പിച്ച ലണ്ടനിലെ വാമൊഴിതന്നെയാണ്‌ നിലവാരപ്പെട്ട ആധുനിക ഇംഗ്ലീഷിന്റെ അടിത്തറ.


ചോസറിന്റെ യുഗം


ജെഫ്രി ചോസർ (1340-1400) ലണ്ടന്‍നഗരത്തിലെ സാമാന്യം സമ്പന്നമായ ഒരു കുടുംബത്തിലാണ്‌ ജനിച്ചത്‌. ജീവിതത്തിന്റെ മധ്യകാലത്ത്‌ ഒരു ഗവണ്‍മെന്റ്‌ ഉദ്യോഗസ്ഥനാകാനും രാജകുടുംബവുമായി ബന്ധപ്പെടാനും അദ്ദേഹത്തിനു കഴിഞ്ഞു. ലത്തീന്‍, ഇറ്റാലിയന്‍, ഫ്രഞ്ച്‌ എന്നീ ഭാഷകളിൽ അവഗാഹം നേടിയ ഒരാളായിരുന്നു ചോസർ. മനുഷ്യപ്രകൃതിയെ സുസൂക്ഷ്‌മം നിരീക്ഷിച്ച്‌, വ്യക്തികളുടെയും സമൂഹത്തിന്റെയും ന്യൂനതകളെ ഉദാരമായി പരിഹസിക്കാന്‍ പോരുന്ന കഥാപാത്രങ്ങളെ സരളവും സംഗീതാത്മകവുമായ രീതിയിൽ ആലേഖനം ചെയ്യാന്‍ അദ്ദേഹത്തിന്‌ ജന്മസിദ്ധമായ കഴിവുണ്ടായിരുന്നു. ബുക്ക്‌ ഒഫ്‌ ദി ഡച്ചസ്‌ (1369) എന്ന വിലാപകാവ്യമാണ്‌ ചോസറിന്റെ അറിയപ്പെട്ട ആദ്യത്തെ കൃതി. 1372-86 കാലത്ത്‌ ഇറ്റാലിയന്‍കവികളായ ദാന്തെയുടെയും ബൊക്കാച്ചിയോവിന്റെയും കവിതാസരണികളെ പിന്‍തുടർന്നുകൊണ്ട്‌ പാർലമെന്റ്‌ ഒഫ്‌ ഫൗള്‍സ്‌, ലെജന്‍ഡ്‌ ഒഫ്‌ ഗുഡ്‌വിമെന്‍, ട്രായ്‌ലസ്‌ ആന്‍ഡ്‌ ക്രസീഡ എന്നിവ അദ്ദേഹം രചിച്ചു. 1387-ൽ എഴുതാനാരംഭിച്ച കാന്റർബറി ടേൽസ്‌ ചോസറിന്റെ പരിപക്വമായ ഭാവനയുടെ നിദർശനമെന്നനിലയിൽ ആദരിക്കപ്പെട്ടുവരുന്നു. കാന്റർബറി ഭദ്രാസനപ്പള്ളിയിലേക്ക്‌ പോകുന്ന തീർഥാടകർ പറയുന്ന രീതിയിൽ ആഖ്യാനം ചെയ്യപ്പെട്ടിട്ടുള്ള ഇതിലെ ഓരോ കഥയും ഓരോ വിധത്തിൽ സവിശേഷതയുള്ളതാണ്‌.

ചോസറിന്റെ സമകാലികരിൽ ജോണ്‍ ഗവർ (1330-1408) ധർമോപദേശതത്‌പരനായ ഒരു കഥാകാരനും വില്യം ലാംഗ്‌ ലന്‍ഡ്‌ (1330-1400) വിഷന്‍ കണ്‍സേണിംഗ്‌ പീയേഴ്‌സ്‌ ദി പ്‌ളൗമാന്‍ എന്ന ആദ്യാക്ഷരപ്രാസബഹുലമായ ഗാന കാവ്യത്തിന്റെ രചയിതാവുമാണ്‌. ഇക്കാലത്തുണ്ടായ കവിതകള്‍ ഒന്നുകിൽ ആഖ്യാനപരങ്ങളോ അല്ലെങ്കിൽ നിഗൂഢാർഥപ്രധാനങ്ങളോ ആയിരുന്നു. അന്യാപദേശകഥകള്‍ അനുപ്രാസസമൃദ്ധമായി രചിക്കുന്നതിനുള്ള പ്രവണതയും ഇക്കാലത്തെ ഒരു സവിശേഷതയായി കണക്കാക്കണം. കേവലം റൊമാന്‍സുകളിലും ബൈബിള്‍ സംബന്ധവും സദാചാരപ്രതിപാദകവുമായ ഇതിവൃത്തങ്ങളിലും കുടുങ്ങിക്കിടന്ന പൗരാണികമധ്യയുഗ സാഹിത്യങ്ങളെ മനുഷ്യകഥാനുഗാനപരമാക്കിയത്‌ ചോസറാണ്‌.

ചില സ്‌കോട്ടിഷ്‌ കവികള്‍

ചോസറിനു തൊട്ടുപിമ്പേവന്ന ജോണ്‍ ലിഡ്‌ഗെറ്റും (1370-1451) തോമസ്‌ ഒക്ലീവും (1370-1450) പരിമിതവിഭവന്മാരായിരുന്നു. സ്‌കോട്‌ലന്‍ഡിലെ ജെയിംസ്‌ ഒന്നാമന്‍ (1394-1437) രചിച്ച കിംഗ്‌സ്‌ ക്വയർ എന്ന കവിതയിൽ ചോസറിന്റെ സ്വാധീനം സ്‌പഷ്‌ടമായി കാണാം. തോമസ്‌ ഹെന്‌റിസണ്‍ (1430-1506), വില്യം ഡണ്‍ബാർ (1460-1520) തുടങ്ങിയ സ്‌കോട്ടിഷ്‌കവികള്‍ ആക്ഷേപഹാസ്യപ്രധാനങ്ങളായ ഏതാനും കവിതകള്‍ രചിച്ചു. ഏയ്‌നീഡ്‌ എന്ന റോമന്‍മഹാകാവ്യം വിവർത്തനം ചെയ്‌ത്‌ ഗാവിന്‍ ഡൗലാസ്‌ (1474-1522) എന്ന കവി ഇക്കാലത്ത്‌ പ്രശസ്‌തി നേടി. സ്‌കോട്‌ലന്‍ഡിൽ അറിയപ്പെട്ട മറ്റൊരു കവി ഡേവിഡ്‌ ലിന്‍ഡ്‌സെ (1490-1555) ആയിരുന്നു.

വീരഗാഥയും ഭാവഗീതിയും


ഇംഗ്ലീഷ്‌ സാഹിത്യത്തെ സംബന്ധിച്ചിടത്തോളം പതിനഞ്ചാം നൂറ്റാണ്ട്‌ ഫലപുഷ്‌ടമായിരുന്നു എന്ന്‌ പറഞ്ഞുകൂടാ. പക്ഷേ, കവിതയ്‌ക്ക്‌ ഇക്കാലത്ത്‌ ചില നവീനരൂപങ്ങള്‍ കൈവന്നു. ആദ്യകാലത്തെ കഥാകവിതകള്‍ വീരഗാഥ(Ballad)കള്‍ക്ക്‌ വഴിമാറിക്കൊടുത്തു. ആത്മപ്രകാശങ്ങളായ ഭാവഗീതങ്ങള്‍ ആദ്യമായി ഇംഗ്ലീഷിൽ രൂപംകൊള്ളുന്നതും ഇക്കാലത്താണ്‌. ചെവിചേസ്‌, പാറ്റ്രിക്‌സ്‌പെന്‍സ്‌, നട്‌ബ്രൗണ്‍മെയ്‌ഡ്‌ തുടങ്ങിയവ ഈ ശതകത്തിലെ ശ്രദ്ധേയങ്ങളായ വീരഗാഥകളായി അവശേഷിക്കുന്നു. ഭാവകാവ്യങ്ങള്‍ക്ക്‌ വിഷയമായത്‌ ആത്മീയ പ്രശ്‌നങ്ങളും അനുരാഗവുമായിരുന്നു. അടുത്ത നൂറ്റാണ്ടായപ്പോഴേക്കും ലാളിത്യവും വികാരപരതയും മുറ്റിനിന്ന ഈ കാവ്യരചനാശൈലിക്ക്‌ ലാവണ്യവും ഗൗരവവും കൈവന്നു.

നവോത്ഥാനകാലം

നവോത്ഥാനകാലത്തിന്റെ ഉദയത്തോടുകൂടി (15-ാം ശ.-ത്തിന്റെ അന്ത്യദശകങ്ങള്‍) ഇംഗ്ലീഷ്‌ സാഹിത്യം പുതിയ കാഴ്‌ചപ്പാടും പുതിയ ശക്തിയും ആർജിക്കാന്‍ തുടങ്ങി. സമകാലീന യൂറോപ്യന്‍ സാഹിത്യത്തിൽനിന്നെന്നതുപോലെ പ്രാചീന യവന റോമന്‍ സാഹിത്യങ്ങളിൽ നിന്നും ഇംഗ്ലീഷിന്‌ പ്രചോദനം സിദ്ധിക്കുന്നത്‌ ഈ കാലത്താണ്‌. അലക്‌സാണ്ടർ ബാർക്ലേ(1475-1552)യുടെ ഷിപ്‌ ഒഫ്‌ ഫൂള്‍സ്‌ ജർമന്‍ സാഹിത്യത്തിലും എക്‌ളോഗ്‌സ്‌ എന്ന ഇറ്റാലിയന്‍ ഗ്രാമീണസംഭാഷണഗീതികളിലും നിന്ന്‌ കടംകൊണ്ടതാണ്‌. ഊർജസ്വലനായ കവിയായിരുന്ന ജോണ്‍ സ്‌കെൽടണ്‍(1460-1529) ഫിലിപ്‌ സ്‌പാരോ, ഗാർലന്‍ഡ്‌ ഒഫ്‌ ലാറൽ എന്നീ കവനങ്ങളും മാഗ്നിഫിസെന്‍സ്‌ എന്ന നാടകവും രചിച്ചു; പക്ഷേ, യാഥാസ്ഥിതികനായിരുന്ന സ്‌കെൽടണ്‍ നൂതനസാഹിത്യധാരകള്‍ ഉള്‍ക്കൊള്ളാന്‍ കൂട്ടാക്കിയില്ല.

കാക്‌സ്റ്റണും മലോറിയും

ലത്തീന്‍ഭാഷ ഇംഗ്ലണ്ടിൽ പ്രചാരത്തിലിരുന്ന മധ്യഘട്ടത്തിലും ഇംഗ്ലീഷ്‌ ഗദ്യശാഖ വികസ്വരമായിരുന്നു. മിക്ക മതോപദേശകഥകളും ഗദ്യത്തിലാണ്‌ രചിക്കപ്പെട്ടത്‌. ചോസറിന്റെ ബോയിത്തിയൂസിന്റെ പരിഭാഷയും ആസ്റ്റ്രാലാബിനെക്കുറിച്ചുള്ള പ്രബന്ധവും ഗദ്യത്തിലായിരുന്നു. ജോണ്‍ വൈക്ലിഫ്‌ (1320-84) ബൈബിളിന്‌ നല്‌കിയ ഇംഗ്ലീഷ്‌ വിവർത്തനവും ഗദ്യത്തിന്റെ വളർച്ചയ്‌ക്ക്‌ കളമൊരുക്കി; കൂടുതലാളുകള്‍ ബൈബിള്‍ വിവർത്തനത്തിൽ വ്യാപൃതരാകാന്‍ തുടങ്ങി. ഗദ്യവികാസത്തിന്‌ നവോത്ഥാനകാലത്തുണ്ടായ മുഖ്യപ്രരകശക്തി വില്യം കാക്‌സ്റ്റണ്‍ 1476-ൽ വെസ്റ്റ്‌ മിനിസ്റ്ററിൽ സ്ഥാപിച്ച അച്ചടിശാലയാണ്‌. ഗ്രന്ഥങ്ങളുടെ പ്രചാരണത്തിൽ അച്ചടി നിർണായകമായ പങ്കാണ്‌ ആദ്യംമുതൽ വഹിച്ചുവന്നത്‌. തോമസ്‌ മലോറി (?-1471)യുടെ ആർതർ രാജാവിന്റെ ചരിത്രം (Le Morte Darthur, 1470) കാക്‌സ്റ്റന്റെ മുദ്രണാലയത്തിലൂടെ പുറത്തു വന്നതോടുകൂടി അതിന്‌ വ്യാപകമായ ജനപ്രീതി നേടാന്‍ കഴിഞ്ഞു. ഉദാത്തമായ കാല്‌പനികശോഭ വഹിക്കുന്ന ഇംഗ്ലീഷിലെ ആദ്യത്തെ കഥാഖ്യാനമാണ്‌ ഈ കൃതി. ജോണ്‍ കാപ്‌ ഗ്രവ്‌ (1393-1464), ജോണ്‍ ഫോർടസ്‌കു(1394-1476). ജഹാന്‍ഡ മാന്‍ഡേവില്ലി (15-ാം ശ.) തുടങ്ങിയവരായിരുന്നു ഇക്കാലത്തെ മറ്റു ഗദ്യനായകന്മാർ.

ചില സവിശേഷതകള്‍

പ്രാചീന യവന-റോമന്‍ സാഹിത്യങ്ങളിലുള്ള അവഗാഹം. യുക്തിസഹമായ ജ്ഞാനസപര്യ, വിശ്വസ്‌നേഹം എന്നിവയായിരുന്നു നവോത്ഥാനകാലചിന്തയുടെ സവിശേഷതകള്‍. 15-ാം ശ.-ത്തിന്റെ ആരംഭത്തിൽതന്നെ ഹംഫ്രി പ്രഭു (1391-1447) തുടങ്ങിയവർ യവന-റോമന്‍ പുരാണങ്ങളെക്കൊണ്ട്‌ ഓക്‌സ്‌ഫഡ്‌ ഗ്രന്ഥാലയത്തെ സമ്പന്നമാക്കി; ഗ്രീക്കും ലത്തീനും പഠിപ്പിക്കുന്ന വിദ്യാലയങ്ങളുടെ സംഖ്യ വർധിച്ചു. തോമസ്‌ മൂർ(1478-1535) ലത്തീന്‍ഭാഷയിൽ ഉട്ടോപ്പിയ (1516) പ്രസിദ്ധപ്പെടുത്തി. ഒരു വിദേശഭാഷയിൽ ഇറങ്ങിയ കൃതിയാണെങ്കിലും ഉട്ടോപ്പിയയ്‌ക്ക്‌ ഇംഗ്ലീഷ്‌ സാഹിത്യത്തിനും സംസ്‌കാരത്തിനും വിസ്‌തൃതിയും ആഴവും നല്‌കാന്‍ കഴിഞ്ഞു. 16-ാം ശതകമായപ്പോഴേക്കും നവോത്ഥാനകാലത്തിന്റെ പ്രകാശം ഇംഗ്ലീഷ്‌ സാഹിത്യത്തെ ഉജ്ജ്വലമാക്കിക്കഴിഞ്ഞിരുന്നു.

എലിസബത്തന്‍യുഗം

1510 മുതൽ 1660 വരെയുള്ള ഒന്നരശതാബ്‌ദം ആംഗലസാഹിത്യത്തിന്റെ വസന്തകാലമായിരുന്നെന്ന്‌ പറയാം. ഇതിൽതന്നെ എലിസബത്ത്‌ രാജ്ഞിയുടെ ഭരണകാലം (1558-1603) സവിശേഷപ്രാധാന്യം അർഹിക്കുന്നു.

കവിത

ഹെന്‌റി എട്ടാമന്റെ കാലത്താണ്‌ (1509-47) ഇംഗ്ലീഷ്‌കവിത പരിപുഷ്‌ടമായിത്തുടങ്ങുന്നത്‌. ഈ ആദ്യകാലകവിതകളിൽ തോമസ്‌ വ്യാറ്റും (1503-42) സറേ പ്രഭുവായ ഹെന്‌റി ഹൊവാർഡും (1517-47) പ്രത്യേകം പ്രാധാന്യം അർഹിക്കുന്നു. പല വൃത്തങ്ങളും വ്യാറ്റ്‌ സമൃദ്ധമായി പ്രയോഗിച്ചപ്പോള്‍ പ്രാസരഹിതമായ ഒഴുക്കന്‍ ഛന്ദസ്സുകളിലാണ്‌ (Blank Verse) സറേ ശ്രദ്ധ പതിപ്പിച്ചത്‌. ഇറ്റാലിയനിൽനിന്ന്‌ ഇംഗ്ലീഷിലേക്ക്‌ സംക്രമിച്ച ഈ വൃത്തം ആംഗലസാഹിത്യത്തിൽ ഒരു പുതിയ അധ്യായത്തിന്റെ തുടക്കം കുറിച്ചു. 1557-ൽ പ്രസിദ്ധീകൃതമായ റിച്ചാർഡ്‌ ടോട്ടലിന്റെ (?-1594) മിസെലെനി എന്ന ഭാവകാവ്യസമാഹാരത്തിലാണ്‌ വ്യാറ്റിന്റെയും സറേയുടെയും കവിതകള്‍ ആദ്യം പ്രകാശിതമായത്‌. ഇക്കാലത്ത്‌ ഇതേത്തുടർന്ന്‌ പല കവിതാസമാഹാരങ്ങളും പ്രസിദ്ധീകൃതമായി. ഇംഗ്ലീഷ്‌ ചരിത്രത്തിലെ ഇരുപത്‌ ഐതിഹ്യങ്ങളടങ്ങിയ മിറ്റർ ഫോർ മജിസ്റ്റ്രട്ട്‌സ്‌ 1559-ൽ ജോർജ്‌ ഫെറേഴ്‌സ്‌ എന്ന ആസ്ഥാനവിദ്വാന്‍ രചിച്ച ആഖ്യാന കവിതകളുടെ ഒരു സഞ്ചികയാണ്‌.

സ്‌പെന്‍സറും സിഡ്‌നിയും

ചാസറിനുശേഷം ഇംഗ്ലീഷ്‌ കവിത ഉദാത്തസുന്ദരമായ ഭാവരൂപങ്ങള്‍ സ്വാംശീകരിക്കുന്നത്‌ എഡ്‌മണ്‍ഡ്‌ സ്‌പെന്‍സറുടെയും (1552-99) ഫിലിപ്പ്‌ സിഡ്‌നിയുടെയും (1554-80) രചനകളോടുകൂടിയാണ്‌. സുമധുരങ്ങളായ പ്രമഗീതങ്ങള്‍ അടങ്ങിയിരിക്കുന്ന ഒരു ഉത്‌കൃഷ്‌ടകാവ്യമാണ്‌ സിഡ്‌നിയുടെ ആസ്‌ട്രാഫലും സ്റ്റെല്ലയും (1581). കവിതയുടെ പദവിയെ ഉയർത്തിപ്പിടിച്ചുകൊണ്ട്‌ സിഡ്‌നി ഒരു കാവ്യമീമാംസാഗ്രന്ഥവും രചിച്ചിട്ടുണ്ട്‌ (ഇന്‍ ഡിഫന്‍സ്‌ ഒഫ്‌ പോയട്രി). മധ്യയുഗ കാല്‌പനികതയും നിഗൂഢാർഥരചനാവൈഭവവും സ്‌പെന്‍സറിന്റെ കവിതകളിൽ സമ്മേളിച്ചു. വാങ്‌മയചിത്രങ്ങള്‍ ഗാനാത്മകമായി രചിക്കുന്നതിലും വിജയംവരിച്ച ആളാണ്‌ സ്‌പെന്‍സർ. അദ്ദേഹത്തിന്റെ ഷെപ്പെഡ്‌സ്‌ കലണ്ടറിന്റെ നിരവധി പതിപ്പുകള്‍ കവിയുടെ ജീവിതകാലത്തുതന്നെ പുറത്തുവന്നു. എപ്പിത്തലാമിയനും പ്രാത്തലാമിയനും ചില വിവാഹാഘോഷങ്ങളുടെ വർണനയാണെങ്കിൽ, കോളിന്‍ ക്‌ളൗട്‌ ഈസ്‌ കം ഹോം എഗന്‍, മദർ ഹബ്ബാർഡ്‌സ്‌ടേൽ എന്നിവ സമകാലീന ജീവിത സമ്പ്രദായങ്ങളുടെ കാവ്യാത്മകമായ വിവരണങ്ങളാണ്‌; എന്നാൽ ഫേറിക്വീന്‍ എന്ന റൊമാന്റിക്‌ "മഹാകാവ്യ'മാണ്‌ സ്‌പെന്‍സറിന്റെ യശസ്സിനെ ശാശ്വതീകരിച്ചിരിക്കുന്നത്‌; ഈ കാവ്യത്തെ പന്ത്രണ്ട്‌ കാണ്ഡങ്ങളായി തിരിച്ച്‌ അവയിൽ അരിസ്റ്റോട്ടിൽ നിർദേശിച്ചിട്ടുള്ള പന്ത്രണ്ടു ഗുണങ്ങളിലോരോന്നിനെക്കുറിച്ചും പ്രതിപാദിക്കാനാണ്‌ കവി ലക്ഷ്യം വച്ചിരിക്കുന്നത്‌. ഓരോ ഗുണത്തെയും ഓരോ സമരവീരന്‍ പ്രതിനിധാനം ചെയ്യുന്നു, അവർ പ്രതിയോഗികളായി വരുന്ന രാക്ഷസന്മാരെ പരാജയപ്പെടുത്തുന്നു, എല്ലാ കാണ്ഡങ്ങളിലും പ്രത്യക്ഷപ്പെടുന്ന ആർതർ രാജാവിൽ സകല ഗുണങ്ങളും തികഞ്ഞുനില്‌ക്കുന്നു: എല്ലാവരും തിരയുന്നത്‌ മഹാറാണിയായ ഗ്ലോറിയയെയാണ്‌-ഈ ആഖ്യാനത്തിൽ ഗ്ലോറിയ എലിസബത്തുരാജ്ഞിതന്നെ. പ്രാസസമ്പന്നമായ ഒന്‍പതുവരികള്‍ വീതമുള്ള ശീലുകളിലാണ്‌ ഫേറി ക്വീന്‍ രചിച്ചിരിക്കുന്നത്‌.

തലക്കെട്ടിനുള്ള വാചകം ഇവിടെ ചേര്‍ക്കുക

ഭാവകാവ്യങ്ങള്‍

സ്‌പെന്‍സറിന്റെ തൊട്ടടുത്ത പിന്‍തലമുറക്കാർ മിക്കവരും അദ്ദേഹത്തിന്റെ അനുകർത്താക്കളാണ്‌. ക്രസ്റ്റ്‌സ്‌ വിക്‌റ്ററീ ആന്‍ഡ്‌ ട്രയംഫ്‌ രചിച്ച ഗൈൽസ്‌ ഫ്‌ളെച്ചർ (1549-1611), പർപിള്‍ ഐലന്‍ഡിന്റെ കർത്താവായ ഫിനിയാസ്‌ ഫ്‌ളെച്ചർ (ഗൈൽസിന്റെ മകന്‍, 1582-1650), ഓർക്കസ്‌ട്രാ എഴുതിയ ജോണ്‍ ഡേവിഡ്‌ (1569-1636) തുടങ്ങിയ പല കവികളും ഈ കാലഘട്ടത്തിൽ ശ്രദ്ധേയരാണ്‌. വ്യാറ്റ്‌, സറേ, സ്‌പെന്‍സർ, സിഡ്‌നി എന്നിവർക്കുപിന്നാലെ സാമുവൽ ഡാനിയൽ (1562-1619), മൈക്കേൽ ഡ്രറ്റണ്‍ (1563-1631), ജെർവെസ്‌ മാർക്‌ഹാം (1568-1637), വില്യം വാർണർ (1558-1609) എന്നിവരും രംഗത്ത്‌ പ്രത്യക്ഷപ്പെട്ടു. വില്യം ഷെയ്‌ക്‌സ്‌പിയറും (1564-1616) ക്രിസ്റ്റഫർ മാർലോവും (1564-93) ബന്‍ജോണ്‍സണും നാടകപ്രസ്ഥാനത്തിനുപുറമേ, ഇംഗ്ലീഷ്‌ കാവ്യശാഖയ്‌ക്കും നിസ്‌തുലസംഭാവനകള്‍ നല്‌കിയിട്ടുള്ളവരാണ്‌. തോമസ്‌ലോഡ്‌ജ്‌ (1588-1624), വാള്‍ട്ടർ റാലി (1552-1618), നിക്കൊളാസ്‌ ബ്രറ്റണ്‍ (1545-1626), തോമസ്‌ നാഷ്‌ (1567-1601) തുടങ്ങിയവർ തൊട്ടടുത്ത പംങ്ങ്‌തിയിലെ പ്രമുഖകവികളാണ്‌. ഇക്കൂട്ടത്തിൽ മിക്കവരും പ്രമഗായകരായിരുന്നു. ചിലർ ആത്മീയ ചിന്താഗതിക്കാരും. പുരാണകഥകളെ ഉപജീവിച്ചും അല്ലാതെയും ഇവർ ആഖ്യാനകവിതകള്‍ രചിച്ചു; ഭാവകാവ്യങ്ങളും സമൃദ്ധിയായി ഉണ്ടായി. റോമന്‍ ഇതിഹാസകവിയായ ഓവിഡിന്റെ (ബി.സി. 43-എ.ഡി. 18) മെറ്റമോർഫസിസ്‌, ഫിറോയിഡ്‌സ്‌ എന്നിവ ഇക്കാലത്ത്‌ വിവർത്തിതങ്ങളായി. അയത്‌നലളിതവും ഗാനാത്മകവും ആയിരുന്നു എലിസബത്തന്‍ കവിത. വീരോചിതഗുണങ്ങളെയും പ്രമത്തെയും വാഴ്‌ത്തുന്ന കവിതകളിലും യുദ്ധം, ലോകാന്വേഷണവ്യഗ്രത, വ്യാപാരം, വിനോദം തുടങ്ങിയ വിഷയങ്ങളും സ്ഥലം പിടിച്ചു. ഇക്കാലത്തെ പ്രസിദ്ധകാവ്യസമാഹാരങ്ങളാണ്‌ ഫോനിക്‌സ്‌ നെസ്റ്റ്‌ (1573), ഇംഗ്ലണ്ട്‌സ്‌ ഹെലികോണ്‍ (1600), പൊയറ്റിക്കൽ റാപ്‌സഡി (1602) എന്നിവ.

ഗദ്യം

ഇംഗ്ലീഷ്‌ഗദ്യം ആധുനികരൂപത്തിലേക്കുള്ള മാർഗത്തിൽ പ്രവേശിക്കുന്നത്‌ 16-ാം ശ.-ത്തിലാണ്‌. 9-10 ശ.-ങ്ങളിൽ ബൈബിളിന്റെ ഭാഗികപരിഭാഷകള്‍ ചിലത്‌ ആവിർഭവിച്ചിരുന്നു എങ്കിലും ജോണ്‍ വൈക്ലിഫ്‌ ആണ്‌ (സു. 1320-84) ആദ്യമായി വിശുദ്ധഗ്രന്ഥം പൂർണരൂപത്തിൽ ഇംഗ്ലീഷിൽ വിവർത്തനം ചെയ്യുന്നത്‌. 16-ാം ശ.-ത്തിൽ തുടരെയുണ്ടായ ബൈബിള്‍ വിവർത്തനങ്ങള്‍ ഇംഗ്ലീഷ്‌ ഗദ്യത്തിന്‌ ശക്തമായ അടിത്തറ നിർമിച്ചു. വില്യം ടൈൽഡേൽ (?-1536). ജോണ്‍ റോജേഴ്‌സ്‌ (1500-55), റിച്ചാർഡ്‌ ടാവേർണർ (1505-75) തുടങ്ങിയവർ പല ബൈബിള്‍ പരിഭാഷകളും ഇംഗ്ലീഷിന്‌ സംഭാവനചെയ്‌തു. 1611-ൽ ജെയിംസ്‌ ഒന്നാമന്റെ നിർദേശമനുസരിച്ച്‌ 47 പണ്ഡിതന്മാർ തയ്യാറാക്കിയ ആധികാരികരൂപം (Authorised version) ആണ്‌ ലളിതസുന്ദരമായ ഇംഗ്ലീഷ്‌ ഗദ്യത്തിന്റെ ആദ്യകാലമാതൃകകളിൽ മുഖ്യം. ഇക്കാലങ്ങളിൽ തോമസ്‌ ഹോബി (1530-66) ഇറ്റാലിയന്‍ എഴുത്തുകാരനായ ബൽദാസ്‌ സരേ കാസ്റ്റിഗ്ലിയോണിന്റെയും (1478-1529), ബർണേഴ്‌സ്‌ പ്രഭു (1467-1533) ഫ്രഞ്ചുപണ്ഡിതനായ ജീന്‍ ഫ്രായിസ്സാർട്ടിന്റെയും (1337-1410), തോമസ്‌ നോർത്ത്‌ (1535-1601) റോമന്‍ദാർശനികനായ പ്ലൂട്ടാർക്കിന്റെയും (എ.ഡി. 3-ാം ശ.) കൃതികള്‍ ഭാഷാന്തരം ചെയ്‌തു. കൂടാതെ പല യാത്രാവിവരണഗ്രന്ഥങ്ങളും ചരിത്രകൃതികളും ഭാഷയെ സമ്പന്നമാക്കാന്‍ തുടങ്ങുകയും ചെയ്‌തു. നോർത്തിന്റെ പ്‌ളൂട്ടാർക്കും റാഫേൽ-ഹോളിന്‍ഷെഡ്ഡിന്റെ (?-1580) ക്രാണിക്കിളും ചരിത്രകാരന്മാരെന്നപോലെ സാഹിത്യകുതുകികളും അമൂല്യമായി കരുതിപ്പോരുന്നു. വിലപ്പെട്ട മറ്റൊരു ഗദ്യനിബന്ധമാണ്‌ റോജർ ആഷാം (1515-58) വിദ്യാഭ്യാസവിഷയകമായി രചിച്ച സ്‌കൂള്‍ മാസ്റ്റർ എന്ന കൃതി.

പില്‌ക്കാലത്ത്‌ ഇംഗ്ലീഷ്‌ സാഹിത്യത്തിന്റെ വിലപ്പെട്ട സമ്പത്തായിതീർന്ന നോവൽപ്രസ്ഥാനത്തിന്റെ ആദ്യകാലമാതൃകകളെന്ന്‌ പറയപ്പെടാവുന്ന ചില അങ്കുരങ്ങളും എലിസബത്തന്‍യുഗത്തിൽ മുളച്ചുപൊങ്ങാന്‍ ആരംഭിച്ചു. വില്യംപെയ്‌ന്റർ (1540-94), ജോർജ്‌ ടർബർവിൽ (1540?-1610), ജോർജ്‌വെറ്റ്‌സ്റ്റോണ്‍ (1544 ?-87) തുടങ്ങിയവർ ഏതാനും ഇറ്റാലിയന്‍ ആഖ്യായികകളെ ഇംഗ്ലീഷിലേക്ക്‌ പകർത്തി. ജോണ്‍ ലൈലി (1554-1606) രണ്ട്‌ ആഖ്യാനഗ്രന്ഥങ്ങള്‍ രചിച്ചു: യൂഫിയൂസ്‌, യൂഫിയൂസും അയാളുടെ ഇംഗ്ലണ്ടും. ഫിലിപ്‌ സിഡ്‌നിയുടെ ആർക്കേഡിയ ഹൃദയാവർജകമായ ഒരു കഥയാണ്‌. റോബർട്ട്‌ഗ്രീന്‍ (1560-92), തോമസ്‌ നാഷ്‌ (1567-1601) തുടങ്ങിയവരെ ആദ്യകാല നോവലിസ്റ്റുകളെന്ന്‌ ചില സാഹിത്യചരിത്രകാരന്മാർ വിശേഷിപ്പിക്കാറുണ്ട്‌. പെതുവേ കഥാസാഹിത്യത്തിന്‌ ഒരു ഉണർവ്‌ ഇക്കാലത്തുണ്ടായി. പ്രാചീന മധ്യയുഗങ്ങളിലെ പല യൂറോപ്യന്‍ കഥകളുടെയും വിവർത്തനങ്ങള്‍ ഇംഗ്ലീഷിൽ ആവിർഭവിച്ചു. രസകരമായ പല കഥാശില്‌പങ്ങളും രചിച്ചിട്ടുള്ളൊരു ഗദ്യകാരനാണ്‌ ജോർജ്‌ ഗാസ്‌കോയിന്‍ (1525-77).

നാടകം

പൊതുവേ സാഹിത്യത്തെയും അതിലെ വിവിധ പ്രസ്ഥാനങ്ങളെയും കാലഘട്ടങ്ങളായും അവയിലെ വിഭിന്നദശകളായും വിഭജിച്ചാണ്‌ ചരിത്രകാരന്മാർ കൈകാര്യം ചെയ്‌തുവരുന്നത്‌. എലിസബത്തന്‍ കാലഘട്ടത്തിലെ നാടകചരിത്രത്തെ കുറേകൂടി നിഷ്‌കൃഷ്‌ടമായി, ഷെയ്‌ക്‌സ്‌പിയറെ ഒരു സീമരേഖയാക്കിക്കൊണ്ട്‌ അദ്ദേഹത്തിനുമുമ്പ്‌, അദ്ദേഹത്തിന്റെ കാലം, അദ്ദേഹത്തിനുശേഷം എന്ന്‌ മൂന്നു ദശകളായി വേർതിരിക്കാവുന്നതാണ്‌.

ആദ്യഘട്ടം, 1580 വരെ

മധ്യയുഗങ്ങളിൽ മറ്റ്‌ യൂറോപ്യന്‍രാജ്യങ്ങളിലെന്നപോലെ ഇംഗ്ലണ്ടിലും നന്മതിന്മകളുടെ സംഘട്ടനങ്ങള്‍ വെളിവാക്കുന്ന സദാചാരപരമായ രൂപകങ്ങളും (morality plays) ബൈബിളിലും അതുമായി ബന്ധപ്പെട്ട ഇതിവൃത്തങ്ങളിലുമുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന അദ്‌ഭുത (miracle)-അഥവാ ഗൂഢാർഥ (mystic)-നാടകങ്ങളും രംഗപ്രവേശം നടത്തിയിരുന്നത്‌ പള്ളികളുടെ ആഭിമുഖ്യത്തിലാണ്‌. പിന്നീട്‌ തൊഴിലാളിസംഘങ്ങള്‍ (guilds) നൊടകാവതരണത്തിൽ തത്‌പരരായി; തെരുവുകള്‍തോറും അവർ നാടകരംഗങ്ങള്‍ മാറിമാറി അരങ്ങേറി. ഇവയുടെ എല്ലാം തുടർച്ച എന്നോണം രൂപംപൂണ്ട അന്തരാളദൃശ്യങ്ങള്‍ (interludes) ഫെലിതപ്രധാനങ്ങളായിരുന്നു. ഇവയുടെ പ്രചാരത്തോടുകൂടി യവന, റോമന്‍ നാടകങ്ങളുടെ ചുവടുപിടിച്ച്‌ രചിക്കപ്പെട്ട പല ശുഭാന്ത, ദുരന്തനാടകങ്ങളും ഉരുത്തിരിഞ്ഞു. ഹെന്‌റി മെഡ്‌വാളിന്റെ (?-1486) ഫുള്‍ജന്‍ഡ്‌ ആന്‍ഡ്‌ ലൂക്രീസ്‌, നിക്കോളാസ്‌ ഉഡാളിന്റെ (1505-56) റാള്‍ഫ്‌ റോയ്‌സ്റ്റർഡോയ്‌സറ്റർ, ജോണ്‍സ്റ്റില്ലിന്റെ (1543-1608) ഹാമർ ഗർട്ടണ്‍സ്‌ നീഡിൽ എന്നിവയിൽ ഇംഗ്ലീഷ്‌ കോമഡിയുടെ പ്രഥമാങ്കുരങ്ങള്‍ കാണാം. സ്‌പാനിഷ്‌ ദാർശനികനായിരുന്ന സെനക്ക (?-65) രചിച്ചനാടകങ്ങളാണ്‌ ഇംഗ്ലീഷ്‌ട്രാജഡികളുടെ ഉദയത്തിനു വഴിതെളിച്ചത്‌. തോമസ്‌നോർട്ടണും (1532-84) തോമസ്‌ സാക്ക്‌വില്ലിയും (1536-1608) കൂടി രചിച്ച ഗോർബൊഡക്‌ ആണ്‌ ആദ്യത്തെ ഇംഗ്ലീഷ്‌ ദുരന്തനാടകമെന്ന്‌ കരുതപ്പെടുന്നു.

1580-ന്‌ ശേഷം

16-ാം ശ.-ത്തിന്റെ അവസാനദശകങ്ങളിലെ ഇംഗ്ലീഷ്‌ നാടകകൃത്തുക്കളെ സാഹിത്യ ചരിത്രകാരന്മാർ ഷെയ്‌ക്‌സ്‌പിയറുടെ മുന്നോടികളെന്ന്‌ വിളിക്കാറുണ്ട്‌. ഗ്രീക്ക്‌-ലത്തീന്‍ഭാഷാസാഹിത്യങ്ങളിൽ അവഗാഹം നേടിയ നാഷ്‌, ഗ്രീന്‍, ലൈലി, ലോഡ്‌ജ്‌ തുടങ്ങിയ ഇക്കൂട്ടർ 'കലാലയപണ്ഡിതന്മാർ' (University Wits)എന്ന ബഹുമതി ബിരുദത്താൽ അറിയപ്പെട്ടു. അതുവരെ ദേവാലയാങ്കണങ്ങളിൽ അരങ്ങേറിയിരുന്ന ആധ്യാത്മികരൂപകങ്ങളുടെ സങ്കേതങ്ങളിൽനിന്ന്‌ ഇവർ ഇംഗ്ലീഷ്‌നാടകത്തെ വിശാലമായ രംഗവേദിയിലേക്ക്‌ ആനയിക്കുകതന്നെ ചെയ്‌തു. ക്ലാസ്സിക്‌ സങ്കേതങ്ങള്‍ സ്വീകരിച്ചപ്പോഴും മധ്യകാലറൊമാന്റിക്‌ ഘടകങ്ങള്‍ ഇവർ നിലനിർത്തി. ജോണ്‍ ലൈലിയുടെ എന്‍ഡിമിയണിൽ കോമിക്‌-റൊമാന്റിക്‌ അംശങ്ങള്‍ സമ്മേളിക്കുന്നു. ഉക്തിവൈചിത്യ്രംകൊണ്ടും രചനാരീതികൊണ്ടും ശ്രദ്ധേയമാണ്‌ ലൈലിയുടെ ശൈലി. ജോർജ്‌പീലിന്റെ അറേന്‍ജ്‌മെന്റ്‌ ഒഫ്‌ പാരിസ്‌, ഓള്‍ഡ്‌വൈവ്‌സ്‌ ടേൽ, ഗ്രീനിന്റെ ഓണറബിള്‍ ഹിസ്റ്ററി ഒഫ്‌ പ്രയർ ബേക്കണ്‍ ആന്‍ഡ്‌ പ്രയർബംഗേ എന്നിവയാണ്‌ ഇക്കാലത്തെ മറ്റു കോമഡികള്‍; തോമസ്‌ കിഡ്ഡിന്റെ (1558-94) സ്‌പാനിഷട്രാജഡിയുടെ അരങ്ങേറ്റം (1592) ഇംഗ്ലീഷ്‌ ദുരന്തനാടകത്തിന്റെ അടിസ്ഥാനം ഭദ്രമാക്കി.

മാർലോ. മുപ്പതുവയസ്‌ എത്തുന്നതിനുമുമ്പ്‌ അന്തരിച്ച ഒരു പ്രതിഭാധനനായിരുന്നു ക്രിസ്റ്റഫർ മാർലോ. രാജ്യത്തിന്റെയും ജ്ഞാനവിജ്ഞാനങ്ങളുടെയും അതിരുകള്‍ വികസിപ്പിക്കാന്‍ ത്വരപൂണ്ട എലിസബത്തന്‍യുഗത്തിന്റെ ഉത്‌കർഷേച്ഛയെ മാർലോയുടെ നായകന്മാർ പ്രതിഫലിപ്പിച്ചു. മാർലോയുടെ കഥാഘടനാരീതി ഋജുവാണ്‌; ഇതിവൃത്തം ഏകനായകപ്രധാനവും. നന്മയും തിന്മയും തമ്മിലുള്ള സംഘട്ടനത്തിൽ തിന്മ ജയിക്കുന്നില്ലെങ്കിലും നന്മയ്‌ക്കും ക്ഷതങ്ങളേല്‌ക്കുന്നതായി അദ്ദേഹത്തിന്റെ കൃതികള്‍ വെളിപ്പെടുത്തുന്നു. ഡോക്‌ടർ ഫോസ്റ്റസ്‌, എഡ്വേർഡ്‌ രണ്ടാമന്‍, ടാമെർ ലേന്‍, ജ്യു ഒഫ്‌ മാള്‍ട്ട, ഡിഡോ, ക്വീന്‍ ഒഫ്‌ കാർത്തേജ്‌ എന്നിവയാണ്‌ മാർലോയുടെ മുഖ്യനാടകകൃതികള്‍.

ഷെയ്‌ക്‌സ്‌പിയർ. ദാന്തേയും ഷെയ്‌ക്‌സ്‌പിയറും കൂടി പാശ്ചാത്യസാഹിത്യത്തെ പങ്കിട്ടെടുത്തിരിക്കുന്നുവെന്നാണ്‌ അത്യാധുനിക കവിയായ ടി.എസ്‌. എലിയട്ട്‌ പറയുന്നത്‌. എലിസബത്തന്‍യുഗത്തിൽ ലഭ്യമായ എല്ലാ വിജ്ഞാനങ്ങളും സ്വാംശീകരിച്ച മനീഷിയായിരുന്നു ഷെയ്‌ക്‌സ്‌പിയർ; കരുത്തുറ്റ പ്രതിഭകൊണ്ട്‌ അദ്ദേഹം അവയെ സമുദ്‌ഗ്രഥിച്ചു; നിരതിശയങ്ങളായ നിരവധി സാഹിത്യസൃഷ്‌ടികള്‍ അദ്ദേഹം നടത്തി. 154 ഗീതകങ്ങളും 37 നാടകങ്ങളും ഏതാനും ആഖ്യാനകവിതകളുമുണ്ട്‌ ഷെയ്‌ക്‌സ്‌പിയറുടേതായി. അദ്ദേഹത്തിന്റെ നാടകങ്ങളെ കോമഡികള്‍, റൊമാന്റിക്‌ കോമഡികള്‍, ഡാർക്ക്‌കോമഡികള്‍, ചരിത്രങ്ങള്‍, ട്രാജഡികള്‍, ഡ്രമാറ്റിക്‌റൊമാന്‍സുകള്‍ എന്നിങ്ങനെ പല അടിസ്ഥാനങ്ങളിൽ വർഗീകരിക്കാറുണ്ട്‌.

ഷെയ്‌ക്‌സ്‌പിയറുടെ ആദ്യകാലകൃതികളായ ലവ്‌സ്‌ ലേബേഴ്‌സ്‌ ലോസ്റ്റ്‌, ടൂ ജെന്റിൽമെന്‍ ഒഫ്‌ വെറോണ, കോമഡി ഒഫ്‌ എറേഴ്‌സ്‌ എന്നിവയിലെ ജീവന്‍ കഥാഗുംഫനവും സന്ദർഭസമന്വയവുമാണ്‌. ഹെന്‌റി നാലാമന്‍ (രണ്ടുഭാഗങ്ങള്‍), ഹെന്‌റി അഞ്ചാമന്‍, ഹെന്‌റി ആറാമന്‍, റിച്ചേർഡ്‌ രണ്ടാമന്‍, റിച്ചേർഡ്‌ മൂന്നാമന്‍ എന്നിവ ചരിത്രനാടകങ്ങളാണ്‌. ഹെന്‌റി നാലാമനിലാണ്‌ ഫാള്‍സ്റ്റാഫെന്ന പ്രസിദ്ധ ഹാസ്യകഥാപാത്രം. ഹെന്‌റി അഞ്ചാമനാണ്‌ ഷെയ്‌ക്‌സ്‌പിയറുടെ ആദർശഭരണാധികാരിയെന്ന്‌ പറയാറുണ്ട്‌. അക്കാലത്ത്‌ രാജ്യത്ത്‌ തിരതല്ലിയ ദേശാഭിമാന ബോധത്തിന്റെ ബഹിർസ്‌ഫുരണങ്ങളാണ്‌ ഷെയ്‌ക്‌സ്‌പിയറുടെ ഇംഗ്ലീഷ്‌ ചരിത്രനാടകങ്ങള്‍. ഗ്രീക്ക്‌ നായകന്മാരെ അവതരിപ്പിച്ച പെരിക്‌ളിസും ടൈമന്‍ ഒഫ്‌ ആഥന്‍സും റോമന്‍ കഥയായ കൊറിയോലാനസ്സും ഒന്നാം സ്ഥാനത്തുനിന്ന്‌ വളരെ താഴെമാത്രമേ നില്‌ക്കുന്നുള്ളുവെന്നാണ്‌ നിരൂപകരുടെ അഭിപ്രായം. അതേസമയം റോമന്‍ ട്രാജഡികളായ ജൂലിയസ്‌ സീസർ, ആന്റണി ആന്‍ഡ്‌ ക്‌ളിയോപാട്ര എന്നിവ അത്‌ഭുതേതിഹാസങ്ങളുമാണ്‌.

മർച്ചന്റ്‌ ഒഫ്‌ വെനീസ്‌, മച്ച്‌ എഡു എബൗട്ട്‌ നത്തിങ്‌, ട്വൽഫ്‌ത്‌ നൈറ്റ്‌, ആസ്‌ യൂ ലൈക്‌ ഇറ്റ്‌ എന്നീ കോമിക്‌-റൊമാന്റിക്‌ രൂപങ്ങള്‍ പുറത്തുവരുന്നത്‌ 1598-1608 കാലത്താണ്‌. 1594-ൽത്തന്നെ റോമിയോ ആന്‍ഡ്‌ ജൂലിയറ്റ്‌ എന്ന വികാരാർദ്രമായ പ്രമനാടകം രചിച്ചിരുന്നെങ്കിലും അദ്ദേഹത്തിന്റെ ട്രാജഡി പരിപക്വമാകുന്നത്‌ ഹാംലെറ്റിന്റെ പ്രകാശനത്തോടുകൂടിയാണ്‌ (1601). തുടർന്ന്‌ ഒഥെല്ലോ, മാക്‌ബത്ത്‌, കിങ്‌ലിയർ, ആന്റണി ആന്‍ഡ്‌ ക്‌ളിയോപാട്ര എന്നീ ദുരന്തനാടകങ്ങള്‍ ഒന്നിനുപുറകെ ഒന്നായി പുറത്തുവന്നു. ഗ്രീക്ക്‌ ദുരന്തനാടകങ്ങളിലെന്നപോലെ ഷെയ്‌ക്‌സ്‌പിയർനാടകങ്ങളിലും മനുഷ്യനും വിധിയും തമ്മിലുള്ള സംഘട്ടനത്തിൽ മനുഷ്യന്‍ ഞെരിഞ്ഞുതകരുന്ന ചിത്രമാണ്‌ കാണുക. ഓരോ ദുരന്തനായകനുമുണ്ട്‌ മാരകമായ ഒരു ന്യൂനത: ഹാംലെറ്റിന്‌ അകർമണ്യതയിൽ വീഴാനുള്ള പ്രവണത; ഒഥെല്ലോക്ക്‌ ദുശ്ശങ്ക; മാക്‌ബത്തിന്‌ അധികാരക്കൊതി; ലിയർ രാജാവിന്‌ ദുരഭിമാനവും ആത്മപ്രശംസയും. ഷെയ്‌ക്‌സ്‌പിയറുടെ മറക്കാനാവാത്ത നായികമാരാണ്‌ പോർഷ്യയും, ബിയാറ്റ്രിസും, വയോളയും, റോസ്‌ലിന്‍ഡും, ഡെസ്‌ഡിമോണയും മറ്റും. ഹാസ്യപാത്രങ്ങളിൽ ഫാള്‍സ്റ്റാഫിന്‌ അടുത്തുനില്‌ക്കുന്നത്‌ സർ ടോബി, മാൽവോളിയോ, ജാക്വസ്‌ എന്നിവരാണ്‌. ഷൈലക്കിന്‌ ദുരന്തകഥാപാത്രത്തോടാണ്‌ അധികം സാദൃശ്യം. ഒടുവിലൊടുവിലാകുമ്പോഴേക്കും യൗവനത്തിന്റെ വൈകാരികോന്മാദവും മധ്യപ്രായത്തിന്റെ തീവ്രദുഃഖവും സമുദ്‌ഗ്രഥിച്ച്‌ പരിപക്വമായ ഒരു ജീവിതദർശനം ഷെയ്‌ക്‌സ്‌പിയർ നിർധാരണം ചെയ്യുന്നത്‌ വിന്റേഴ്‌സ്‌ ടേൽ, സിംബലിന്‍, ടെമ്പസ്റ്റ്‌ തുടങ്ങിയ സ്‌നിഗ്‌ധകഥകളിൽ കാണാന്‍ കഴിയുന്നു.

ബെന്‍ജോണ്‍സണ്‍. ഷെയ്‌ക്‌സ്‌പിയറെ അപേക്ഷിച്ച്‌ ബെന്‍ജോണ്‍സന്‌ ആഴമേറിയ പാണ്ഡിത്യമുണ്ടായിരുന്നുവെന്ന്‌ കരുതപ്പെടുന്നു. റോമന്‍ കോമഡികളുടെ മാതൃകയിൽ അദ്ദേഹം രചിച്ചവയാണ്‌. ആൽകെമിസ്റ്റ്‌, വാൽപോണി, എവരിമാന്‍ ഇന്‍ ഹിസ്‌ ഹ്യൂമർ എന്നിവ. ക്ലാസ്സിക്‌ ലക്ഷണങ്ങള്‍ പാലിക്കുന്നതിൽ ജോണ്‍സണ്‍ സവിശേഷം ശ്രദ്ധിച്ചു; തന്മൂലം കോമിക്‌ അംശങ്ങളോടൊപ്പം റൊമാന്റിക്‌ അംശങ്ങളെയും മേളിപ്പിക്കുന്നതിൽ അദ്ദേഹത്തിന്‌ വിജയം കൈവന്നില്ല എന്നാണ്‌ വിമർശകരുടെ അഭിപ്രായം. ജോണ്‍സന്റെ നാടകങ്ങളൊന്നുംതന്നെ മഹത്തരം എന്ന പദവിയിലേക്ക്‌ ഉയർന്നിട്ടില്ല.

ജേക്കോബിയന്‍ കാലഘട്ടം

ജെയിംസ്‌ ഒന്നാമന്റെ ഭരണകാല(1603-25)ത്താണ്‌ ഷെയ്‌ക്‌സ്‌പിയർ അനുരഞ്‌ജനത്തെയും ശാന്തിയെയും വാഴ്‌ത്തുന്ന അദ്ദേഹത്തിന്റെ സുന്ദരനാടകശില്‌പങ്ങള്‍ സൃഷ്‌ടിച്ചത്‌; പക്ഷേ, ഈ ഘട്ടത്തിൽ ജനതയുടെ വീക്ഷണം ഏതാണ്ട്‌ വിഷാദകലുഷിതമായിരുന്നുവെന്ന്‌ പറയണം. എലിസബത്തന്‍യുഗത്തിലെ അതിർകടന്ന ശുഭാപ്‌തിവിശ്വാസത്തിന്‌ ഭംഗംവന്നതുപോലെതോന്നി. ജാകോബിയന്‍ കാലഘട്ടത്തിലെ നാടകങ്ങളധികവും ട്രാജഡികളോ ട്രാജി-കോമഡികളോ ആണ്‌. ജോണ്‍ വെബ്‌സ്റ്ററുടെ (1580-1625) ഡച്ചസ്‌ ഒഫ്‌ മാള്‍ഫി, വൈറ്റ്‌ഡെവിള്‍, സിറിൽ ടേർണറുടെ (1575-1626) റിവഞ്ചേഴ്‌സ്‌ ട്രാജഡി, എത്തീസ്റ്റ്‌സ്‌ ട്രാജഡി, തോമസ്‌ മിഡിൽടന്റെ (1570-1627) ചഞ്ച്‌ലിങ്‌ തുടങ്ങിയവ ഭീകരങ്ങളായ സെനക്കന്‍ ട്രാജഡികളായിരുന്നു. ജോർജ്‌ ചാപ്‌മാന്‍ (1559-1634), ജോണ്‍ഫോർഡ്‌ (?-1639) എന്നിവരും ദുരന്തനാടകരചനയിലാണ്‌ ശ്രദ്ധ പതിപ്പിച്ചത്‌. കഥാന്ത്യത്തിന്റെ പ്രത്യേകതകൊണ്ട്‌ ജോണ്‍മാർസ്റ്റന്റെ (1575-1634) മാൽകണ്ടന്റ്‌ ഒരു പുതിയ ശബ്‌ദം നാടകരംഗത്ത്‌ മുഴക്കി; ഫ്രാന്‍സിസ്‌ ബ്യൂമോണ്ടും (1584-1616) ജോണ്‍ഫ്‌ളെച്ചറും (1579-1625) കൂടി രചിച്ച ട്രാജി-കോമഡികളിൽ ഹൈലാസ്റ്ററും മേഡ്‌സ്‌ട്രാജഡിയും മെച്ചപ്പെട്ടവയാണ്‌. മികച്ച ശുഭാന്തനാടകങ്ങളൊന്നും ഇക്കാലത്ത്‌ ഉണ്ടായിട്ടില്ലെന്നുപറയാം. തോമസ്‌ ഡക്കറിന്റെ (1570-1632) ഷൂമേക്കേഴ്‌സ്‌ ഹോളിഡേ, ഫിലിപ്‌മാസ്സിന്‍ജറുടെ (1583-1640) ഏ ന്യൂ വേ ടു പേ ഓള്‍ഡ്‌ ഡെബ്‌റ്റ്‌സ്‌ എന്നിവയാണ്‌ ലഭ്യമായവയിൽ ശ്രദ്ധേയം.

ഈ ഘട്ടത്തിൽ രൂപംകൊണ്ട ഒരു ദൃശ്യകലാപ്രസ്ഥാനമാണ്‌ നൃത്തനാടക രൂപമായ മാസ്‌ക്‌ (Mask or Masques); ബെന്‍ ജോണ്‍സണ്‍, ഇനിഗോജോണ്‍സ്‌ (1573-1652), ജോണ്‍ഫ്‌ളെച്ചർ തുടങ്ങിയവർ മാത്രമല്ല ഷെയ്‌ക്‌സ്‌പിയറും മിൽടണും മാസ്‌ക്കുകള്‍ രചിച്ചിട്ടുണ്ട്‌.

ജെയിംസിനുശേഷം രാജാവായ ചാറള്‍സ്‌ ഒന്നാമന്റെ ഭരണകാലം (1625-49) ജനങ്ങളുമായുള്ള സംഘട്ടനത്തിന്റെയും ഒടുവിൽ ആഭ്യന്തരയുദ്ധത്തിന്റെയും (1642-51) ഘട്ടമായിരുന്നു. രാജത്വപുനസ്ഥാപന(1660)ത്തിനുശേഷമുള്ള 17-ാം ശ. ഇംഗ്ലീഷ്‌ സാഹിത്യത്തിന്റെ വിവിധശാഖകളിൽ ഗണ്യമായ വളർച്ചകുറിച്ചു.

ഗദ്യവികാസം

ചരിത്രം, ജീവചരിത്രം

എലിസബത്തന്‍യുഗത്തിനുശേഷമുള്ള ഗദ്യത്തിന്റെ വികാസം ക്രമപ്രവൃദ്ധമായി തുടർന്നു. പ്രാചീന യൂറോപ്യന്‍ ദാർശനികരായിരുന്ന സിസറോയുടെയും സെനക്കയുടെയും ക്ലാസ്സിക്‌ ശൈലികള്‍ ഇംഗ്ലീഷ്‌ ഗദ്യകാരന്മാരെ ആകർഷിച്ചു. ഈ രചനാശൈലിയുടെ ആദ്യകാലപ്രയോക്താക്കളിൽ മുഖ്യന്‍ ഫ്രാന്‍സിസ്‌ ബേക്കണ്‍ (1561-1626) ആണ്‌. അഡ്വാന്‍സ്‌മെന്റ്‌ ഒഫ്‌ ലേണിങ്‌, നോവം ഓർഗാനം, ന്യൂ അറ്റ്‌ലാന്റിസ്‌ എന്നിവയാണ്‌ അദ്ദേഹത്തിന്റെ പ്രൗഢനിബന്ധങ്ങള്‍. ഹെന്‌റി ഏഴാമന്റെ ചരിത്രത്തിൽ മാക്കിയവെല്ലിയുടെ രാഷ്‌ട്രീയ സിദ്ധാന്തങ്ങള്‍ അദ്ദേഹം പുനരാവിഷ്‌കരിച്ചു. വാള്‍ടർ റാലി (1552-1618) നേരത്തേതന്നെ (1614) ഒരു ലോകചരിത്രം രചിച്ചിട്ടുണ്ടായിരുന്നു; അക്കാലത്തുതന്നെ വില്യംകാംഡന്റെ (1551-1623) ബ്രിട്ടാനിയ എന്ന ലത്തീന്‍കൃതി ഫിലേമണ്‍ഹോളണ്ട്‌ പരിഭാഷപ്പെടുത്തിയിരുന്നു; ക്രസ്‌തവസഭകളെയും ദേവാലയങ്ങളെയും വിശുദ്ധയുദ്ധങ്ങളെയും കുറിച്ച്‌ തോമസ്‌ഫുള്ളറും (1608-61) ഏതാനും ചരിത്രഗ്രന്ഥങ്ങളെഴുതി.

ഫുള്‍കെ ഗ്രവിൽ (1554-1628) രചിച്ച സിഡ്‌നിയുടെ ജീവചരിത്രം, ഐസക്‌ വാള്‍ടണ്‍ (1593-1683) എഴുതിയ റിച്ചാർഡ്‌ ഹൂക്കർ, ജോണ്‍ഡണ്‍, ജോർജ്‌ ഹെർബർട്ട്‌ തുടങ്ങിയവരുടെ ജീവചരിത്രങ്ങള്‍, ഹെർബർട്‌പ്രഭു(1583-1648)വിന്റെ ആത്മകഥ തുടങ്ങിയവ ജീവിതകഥകളെന്നനിലയിൽ രസകരങ്ങളാണ്‌. സാമുവൽ പർച്ചസ്‌ (1575-1626), തോമസ്‌ കോറിയറ്റ്‌ (1573-1617), ജോണ്‍സ്‌മിത്ത്‌ (1580-1631) തുടങ്ങിയവരുടെ കൃതികള്‍ സഞ്ചാരസാഹിത്യരചനയിലെ ആദ്യകാല മാതൃകകളെന്ന നിലയിൽ ഗണിക്കപ്പെട്ടുവരുന്നു.

ആധ്യാത്മികരചനകള്‍

ഈശ്വരനിഷേധിയായ തോമസ്‌ ഹോബ്‌സ്‌ (1588-1679) രചിച്ച പ്രൗഢമായ ലെവിയാഥാന്‌ കാൽവിനിസ്റ്റുകളും നിയോ-പ്ലേറ്റോണിസ്റ്റുകളും നിരവധി പ്രത്യാഖ്യാനങ്ങള്‍ എഴുതി; ഹെന്‌റിമൂർ (1614-87), ജോണ്‍സ്‌മിത്ത്‌ (1618-52) തുടങ്ങിയവരാണ്‌ ഈ വിവാദത്തിൽ ഹോബ്‌സിന്റെ പ്രതിപക്ഷത്ത്‌ നിലയുറപ്പിച്ച മികച്ച ഗദ്യകാരന്മാർ. ജോണ്‍മിൽടണ്‍ (1608-74) തുടങ്ങിയവരുടെ ലഘുലേഖകളും ജെറിമിടോയ്‌ലറുടെ (1613-67) ആധ്യാത്മികപ്രബോധനങ്ങളും ഡൊറോത്തി ഓസ്‌ബോണിന്റെ (1627-95) കത്തുകളും ഗദ്യവികാസഗതിയുടെ സൂചികകളായി കണക്കാക്കാം. പില്‌ക്കാലത്ത്‌ ആവിഷ്‌കൃതമായ ഉപന്യാസരചനകളുടെ പ്രാഗ്‌രൂപം ഐസക്‌ വാള്‍ട്ടന്റെ (1593-1683.) കംപ്‌ളീറ്റ്‌ ആംഗ്‌ളറിൽ ദൃശ്യമാണ്‌. സാമുവൽ പെപ്പിസിന്റെ (1633-1703) ഡയറിയിൽനിന്ന്‌ അക്കാലത്തെ നിരവധി സംഭവങ്ങള്‍ ഗ്രഹിക്കുവാന്‍ ചരിത്രകാരന്മാർക്ക്‌ സാധിക്കുന്നു.

വിവർത്തനങ്ങളും മറ്റും

17-ാം ശ.-ത്തിലെ ഗദ്യകാരന്മാരിൽ തോമസ്‌ബ്രൗണ്‍ (1605-82) ശ്രദ്ധേയനാണ്‌. ഓജസ്സും മാധുര്യവും തുളുമ്പുന്ന ശൈലിയിൽ അദ്ദേഹം റിലിജിയോ മെഡിച്ചി, ഗാർഡന്‍ ഒഫ്‌ സൈറസ്‌, ലറ്റർ ടു എ ഫ്രണ്ട്‌, അണ്‍ ബറിയൽ തുടങ്ങിയവ രചിച്ചു. പിൽഗ്രിംസ്‌ പ്രാഗ്രസ്‌ എന്ന പ്രതീകാത്മക കഥാഗ്രന്ഥം നിർമിച്ച ജോണ്‍ ബന്യനാണ്‌ (1628-88) ഇക്കാലത്തെ മികച്ച മറ്റൊരു ഗദ്യകാരന്‍. തോമസ്‌ ഷെൽടണ്‍ സെർവാന്റിസ്സിന്റെ ഡോണ്‍ ക്വിക്‌സോട്ട്‌ വിവർത്തനം ചെയ്‌തതോടുകൂടി (1612) അതിന്റെ ഇതിവൃത്തത്തെ അനുകരിച്ചും ഉപജീവിച്ചും പല കഥകളും നാടകങ്ങളും ഇംഗ്ലീഷിൽ പ്രകാശിതമാകാന്‍ തുടങ്ങി. തോമസ്‌ ഉർക്വഹാർട്ട്‌ (1611-60) ഫ്രഞ്ച്‌ പണ്ഡിതനായ ഫ്രാങ്കോയ്‌ റബലേയുടെയും ഫിലേമണ്‍ ഹോളന്‍ഡ്‌ (1552-1637) ലിവി, പ്ലിനി, പ്ലൂട്ടാർക്ക്‌, സെനഫോണ്‍ തുടങ്ങിയ പല ഗ്രീക്‌-റോമന്‍ മനീഷികളുടെയും പ്രബന്ധങ്ങള്‍ ഇംഗ്ലീഷിലേക്ക്‌ വിവർത്തനം ചെയ്‌തു.

ഇക്കാലത്ത്‌ ഇംഗ്ലീഷിന്‌ ലഭിച്ച അന്യഭാഷാസമ്പത്തുകളിൽ അദ്വിതീയമായത്‌ ജെയിംസ്‌ ഒന്നാമന്റെ നേതൃത്വത്തിൽനടന്ന ബൈബിള്‍ പരിഭാഷയാണ്‌. 20-ാം ശ.-ത്തിന്റെ ആരംഭംവരെയും ഇംഗ്ലീഷ്‌ ഗദ്യത്തിന്റെ മികച്ച മാതൃകയായി ജെയിംസ്‌ ബൈബിള്‍ നിലകൊണ്ടു. ഐസക്‌ന്യൂട്ടന്റെ (1642-1727) പ്രിന്‍സിപ്പിയ, ജോണ്‍ ലോക്കിന്റെ (1632-1704) എസേ ഓണ്‍ ഹ്യൂമന്‍ അണ്ഡർസ്റ്റാന്റിങ്‌ എന്നീ വൈജ്ഞാനിക ഗ്രന്ഥങ്ങളും ആ കാലഘട്ടത്തിലെ ഗദ്യത്തിന്‌ നൂതനപരിമാണങ്ങള്‍ പ്രദാനം ചെയ്‌തു.

പതിനേഴാം നൂറ്റാണ്ടിലെ കവിത

"അതിഭൗതിക' കവിതകള്‍

ഈ നൂറ്റാണ്ടിന്റെ പൂർവാർധത്തിലെ കവിതയിൽ എഡ്‌മണ്ഡ്‌ സ്‌പെന്‍സർ (1552-99), ബെന്‍ ജോണ്‍സണ്‍ (1572-1631) എന്നിവരുടെ സ്വാധീനം സ്‌പഷ്‌ടമാണ്‌. ഫിനിയാസ്‌ ഫ്‌ളെച്ചർ, മൈക്കേൽ ഡ്രറ്റണ്‍ (1563-1631) വില്യം ഡ്രമ്മണ്ഡ്‌ (1585-1649) തുടങ്ങിയവരായിരുന്നു ഈ അനുകർത്താക്കളിൽ പ്രമുഖർ. ജോണ്‍സണിൽനിന്ന്‌ ചൈതന്യമുള്‍ക്കൊണ്ട്‌ ചില "രാജകീയ' (cavalier) കവികള്‍ വിചാരവികാരങ്ങളെ ഉരുക്കിയെടുത്ത്‌ സുന്ദരമായ ചില കവിതകള്‍ രചിച്ചു. പില്‌ക്കാലത്ത്‌ "അതിഭൗതികം' (Metaphysical) എന്ന്‌ ഡോ. ജോണ്‍സണ്‍ വിശേഷിപ്പിച്ച കവിതാസമ്പ്രദായത്തിന്റെ ഉപജ്ഞാതാവ്‌ ബെന്‍ ജോണ്‍സണായിരുന്നു. ജോർജ്‌ ഹെർബർട്‌ (1593-1623), റിച്ചാർഡ്‌ ക്രാഷ (1612-49), ഹെന്‌റി വാഗന്‍ (1622-95) തുടങ്ങിയവരാണ്‌ ഈ പ്രസ്ഥാനത്തിന്‌ ആഴവും പരപ്പും നല്‌കിയത്‌. ടി.എസ്‌. എലിയട്ട്‌ പില്‌ക്കാലത്ത്‌ ഈ കവിതാരീതിയെ ശ്ലാഘിച്ചിട്ടുണ്ട്‌. ഒരു പാതിരിയായിരുന്ന ജോണ്‍സണ്‍ (1571-1631) ആധ്യാത്മികവിഷയങ്ങളിൽ കവിത രചിച്ചു. പ്രത്യക്ഷത്തിൽ പൊരുത്തപ്പെടാത്ത ആശയങ്ങളുടെ അനുസന്ധാനം, ബിംബപ്രതിബിംബ സൃഷ്‌ടി, അലങ്കാരസുലഭത തുടങ്ങിയവയായിരുന്നു അതിഭൗതിക കവിതകളുടെ സവിശേഷതകള്‍. ഹെർബർട്‌ പ്രഭു (1583-1648), ഹെന്‌റി കിങ്‌ (1592-1629), ജോണ്‍ ക്ലിവ്‌ലാന്‍ഡ്‌ (1613-58), ഏബ്രഹാംകൗലി (1618-67), ആന്‍ഡ്രൂ മാർവൽ (1621-75), റിച്ചാർഡ്‌ലവ്‌ലേസ്‌ (1618-58) എന്നിവരുടെ കവനങ്ങള്‍ രചനാസുഷമ, ശബ്‌ദസൗന്ദര്യം, ഭാവസരളത എന്നീ ഗുണങ്ങളാൽ അനുഗൃഹീതങ്ങളാണ്‌. എന്നാൽ 17-ാം ശ.-ത്തിനെ മുഴുവന്‍ തന്റെ അക്ഷയപ്രതിഭാബലത്താൽ കീഴ്‌പ്പെടുത്തിയ കവിവേധസ്സായിരുന്നു ജോണ്‍ മിൽടണ്‍ (1608-74).

മിൽടണ്‍


ഇംഗ്ലീഷ്‌കവികളിൽ ഷെയ്‌ക്‌സ്‌പിയറിന്‌ തൊട്ടടുത്ത പദവി നല്‌കപ്പെട്ട മഹാകവിയാണ്‌ മിൽടണ്‍. അദ്ദേഹത്തിന്റെ സാഹിത്യജീവിതത്തിലെ പ്രഥമഘട്ടത്തിൽ രചിച്ചവയാണ്‌ ക്രസ്റ്റ്‌സ്‌ നേറ്റിവിറ്റി, ഇൽ പെന്‍സറോസോ എന്നീ കാവ്യങ്ങള്‍; ലിസിഡാസ്‌ എന്ന വിലാപകാവ്യവും കോമസ്‌ എന്ന മാസ്‌കും പിന്നാലെ പ്രസിദ്ധീകൃതമായി. ഇക്കാലത്ത്‌ മെത്രാന്റെ കീഴിലുള്ള സഭാഭരണസംവിധാനത്തെയും രാജവാഴ്‌ചയിൽ അധിഷ്‌ഠിതമായ രാഷ്‌ട്രീയാധികാരത്തെയും എതിർത്തുകൊണ്ട്‌ അദ്ദേഹം ഏതാനും ലഘുലേഖകളും പ്രബന്ധങ്ങളും എഴുതിയിട്ടുണ്ട്‌. ക്രാംവെല്ലിന്റെ കാലശേഷം ഇംഗ്ലണ്ടിൽ രാജവാഴ്‌ച പുനഃസ്ഥാപിതമായതോടുകൂടി (1660) മിൽടന്റെ സ്ഥിതി ശോചനീയമായിത്തീർന്നു; അദ്ദേഹം അന്ധനുമായിക്കഴിഞ്ഞിരുന്നു. ഈ അവസാനഘട്ടത്തിലാണ്‌ അദ്ദേഹം കാവ്യശോഭ തുളുമ്പുന്ന നിരവധി ഗീതകങ്ങളും പാരഡൈസ്‌ ലോസ്റ്റ്‌, പാരഡൈസ്‌ റീ ഗെയിന്‍ഡ്‌, സാംസണ്‍ അഗൊണിസ്റ്റസ്‌ തുടങ്ങിയ മഹത്‌കൃതികളും രചിക്കുന്നത്‌.

മിൽടണെ നവോത്ഥാനത്തിന്റെയും നവീകരണത്തിന്റെയും ഉത്‌കൃഷ്‌ട സന്താനമായി ചരിത്രകാരന്മാർ വിശേഷിപ്പിക്കുന്നു. അദ്ദേഹം ഒരു തികഞ്ഞ ക്ലാസ്സിസിസ്റ്റും പ്യൂരിട്ടനുമായിരുന്നു. ഗീതകം, ആഖ്യാനകാവ്യം, വിലാപകവിത, മഹാകാവ്യം, നാടകം തുടങ്ങി മിക്ക കാവ്യരൂപങ്ങളും അദ്ദേഹം അതിവിദഗ്‌ധമായി അവതരിപ്പിച്ചിട്ടുണ്ട്‌.

വീരോചിതമായ ഈരടികള്‍

രാജവാഴ്‌ചയുടെ പുനഃസ്ഥാപനത്തോടുകൂടി, ക്രാംവെല്ലിന്റെ പ്യൂരിട്ടന്‍ ഭരണകാലത്ത്‌ അമർത്തപ്പെട്ടിരുന്ന കാവ്യവിഷയങ്ങള്‍ക്ക്‌ സ്വച്ഛന്ദമായ പ്രകാശനസൗകര്യംകിട്ടി. ജനങ്ങള്‍ രാജാവിന്‌ സർവസ്വാതന്ത്യ്രങ്ങളും നല്‌കി; രാജാവ്‌ ജനങ്ങള്‍ക്കും. മുമ്പുണ്ടായിരുന്ന ഒഴുക്കന്‍ വൃത്തങ്ങള്‍ക്ക്‌ (blank verse) പകരം ഇക്കാലത്ത്‌ "വീരോചിതമായ ഈരടികള്‍' (Heroic couplets)എന്ന്‌ വിളിക്കപ്പെടുന്ന ഒരു ഛന്ദസ്സാണ്‌ കവിതയ്‌ക്കും നാടകത്തിനും പ്രധാനമായി ഉപയോഗിക്കപ്പെട്ടുവന്നത്‌. ഇക്കാലത്തെ ഏറ്റവും പ്രമുഖകവി ജോണ്‍ ഡ്രഡന്‍ (1631-1700) ആണ്‌. അപഹാസ്യങ്ങളായ വിഷയങ്ങളെ തികഞ്ഞ ഗൗരവബുദ്ധിയോടുകൂടി അവതരിപ്പിച്ച്‌ ആക്ഷേപത്തിന്റെ മൂർച്ചകൂട്ടാന്‍ ഡ്രഡന്‌ അസാമാന്യമായ കഴിവുണ്ടായിരുന്നു. അദ്ദേഹത്തിന്റെ അബ്‌സലോ ആന്‍ഡ്‌ അക്കിടോഫെൽ, ഹൈന്‍ഡ്‌ ആന്‍ഡ്‌ ദി പാന്തർ, മക്‌ഫ്‌ളെക്‌നോ തുടങ്ങിയ ആക്ഷേപഹാസ്യകവനങ്ങളും സാമുവൽ ബട്‌ലറുടെ (1612-80) ഹ്യുഡിബ്രാസ്‌ എന്ന കൃതിയും അക്കാലത്തെ രാഷ്‌ട്രീയസംഭവങ്ങളെ നർമമധുരമായി പ്രതിപാദിക്കുന്ന ഉത്‌കൃഷ്‌ട സൃഷ്‌ടികളാണ്‌. ജോണ്‍ ഡെന്‍ഹാം (1615-69), എഡ്‌മണ്‍ഡ്‌വാലർ (1606-87) തുടങ്ങിയവരും ഹാസ്യാനുകരണകവിതകള്‍ എഴുതിയിട്ടുണ്ടെങ്കിലും ഡ്രഡനോട്‌ ഇക്കാര്യത്തിൽ സമശീർഷത പുലർത്തുന്നത്‌ അടുത്ത തലമുറയിലെ അലക്‌സാണ്ടർ പോപ്‌ (1688-1744) മാത്രമാണ്‌.

നാടകവികാസം

17-ാം ശ.-ത്തിന്റെ ഉത്തരാർധത്തിൽ പുറത്തുവന്ന മിക്കനാടകങ്ങളും, കവിതയെപ്പോലെ, സമൂഹത്തിലെ പെരുമാറ്റച്ചട്ടങ്ങളെയും ദൗർബല്യങ്ങളെയും ഉപഹസിക്കുന്ന കോമഡികളാണ്‌. ഡ്രഡന്റെ സ്‌പാനിഷ്‌ ഫ്രയർ, ജോർജ്‌ ഏതറെഡ്‌ജിന്റെ (1634-91) മാന്‍ ഒഫ്‌ മോഡ്‌, വില്യം വിഷർലി(1640-1716)യുടെ കണ്‍ട്രി വൈഫ്‌, വില്യം കോണ്‍ഗ്രവിന്റെ (1670-1729) ഡബിള്‍ ഡീലർ, വേ ഒഫ്‌ ദി വേള്‍ഡ്‌ തുടങ്ങിയവ ഇംഗ്ലീഷ്‌ ഹാസ്യനാടകപ്രസ്ഥാനത്തിന്‌ ഇക്കാലത്തുകിട്ടിയ കനപ്പെട്ട സംഭാവനകളാണ്‌.

പതിനെട്ടാം നൂറ്റാണ്ട്‌

ഇംഗ്ലീഷ്‌ സാഹിത്യവികസനത്തിന്റെ പശ്ചാത്തലത്തിൽ, പതിനെട്ടാം ശതകത്തെ യുക്തിയുടെ യുഗമെന്നും ജോണ്‍സന്റെ കാലമെന്നും നിയോ-ക്ലാസ്സിസിസ (Neo-classicism)ത്തിന്റെ ഘട്ടമെന്നും പല രീതിയിൽ വിവരിക്കാറുണ്ട്‌. ഫ്രഞ്ച്‌ ചിന്തകനായ റെനെ ദെക്കാർതെ (1596-1650) യൂറോപ്യന്‍ ദാർശനികമണ്ഡലത്തിൽ ഇക്കാലമായപ്പോഴേക്കും സമൂലമായ ഒരു പരിവർത്തനത്തിന്റെ പതാകവാഹകനായി നില ഉറപ്പിച്ചുകഴിഞ്ഞിരുന്നു. ജോണ്‍ലോക്ക്‌ (1632-1704), ജോർജ്‌ ബർക്‌ലി (1685-1753), ഡേവിഡ്‌ ഹ്യൂം (1711-76) തുടങ്ങിയ തത്ത്വചിന്തകർക്കൊന്നും ദെക്കാർതെയുടെ ആധിപത്യത്തെ ചെറുക്കുവാന്‍ കഴിഞ്ഞില്ല. ഐസക്‌ ന്യൂട്ടന്റെ (1642-1727) ശാസ്‌ത്രാധിഷ്‌ഠിതമായ ചിന്താപദ്ധതികളും കണ്ടുപിടിത്തങ്ങളും യുക്തിപരതയെ ഭദ്രമാക്കി പ്രതിഷ്‌ഠിച്ചു. ഭാവനാവ്യാപാരത്തെക്കാള്‍ അഭ്യാസലബ്‌ധമായ നൈപുണിക്കും പാണ്ഡിത്യത്തിനുമാണ്‌ സാഹിത്യത്തിൽ സ്ഥാനമെന്ന വാദം മിക്കവാറും അംഗീകൃതമായി. ഗദ്യസാഹിത്യം അഭൂതപൂർവമായ ശക്തിനേടുന്നതും, വിമർശനവും നോവൽ പ്രസ്ഥാനവും ജൈത്രയാത്ര ആരംഭിക്കുന്നതും, ആക്ഷേപകവനങ്ങളും ആഖ്യാനകവിതകളും വികാസം പ്രാപിക്കുന്നതും-സർവോപരി പത്രങ്ങളും മറ്റ്‌ ആനുകാലിക പ്രസിദ്ധീകരണങ്ങളും സാഹിത്യത്തിലെ ഒരു അധൃഷ്യശക്തി എന്ന നിലയിൽ സ്ഥാനം ഉറപ്പിക്കുന്നതും-പതിനെട്ടാം നൂറ്റാണ്ടിലാണ്‌.

നോവൽ

ഇംഗ്ലീഷ്‌ നോവൽ പ്രായപൂർത്തിയിലെത്തുന്നത്‌ ഈ ശതകത്തിലാണ്‌. ഇതിനുമുമ്പും നോവൽ എന്ന്‌ വിളിക്കപ്പെടാവുന്ന ചില കഥാനിബന്ധങ്ങള്‍ ആവിർഭവിച്ചിട്ടുണ്ടെങ്കിലും ഇംഗ്ലീഷിലെ ആദ്യത്തെ നോവലിസ്റ്റ്‌ എന്ന പദവിയിൽ പ്രതിഷ്‌ഠിതനായിരിക്കുന്നത്‌ സാമുവൽ റിച്ചാർഡ്‌സണ്‍ (1689-1761) ആണ്‌. അദ്ദേഹത്തിന്റെ പമേല കഥാഘടനയിൽ ദാർഢ്യക്കുറവും അതിഭാവുകത്വവും പ്രദർശിപ്പിക്കുന്നുണ്ടെങ്കിലും, വ്യക്തികളുടെയും സമൂഹത്തിന്റെയും ബഹുവർണ ചിത്രങ്ങള്‍ പകർത്തുന്ന വിസ്‌തൃതമായ ഒരു ക്യാന്‍വാസിലാണ്‌ രചിതമായിരിക്കുന്നത്‌. ഹെന്‌റി ഫീൽഡിങ്ങിന്റെ (1707-54) ജോസഫ്‌ ആന്‍ഡ്രൂസും, ടോം ജോണ്‍സും ഉദാത്തമായ പരിഹാസഭാവത്തോടെ മനുഷ്യന്റെ ബലദൗർബല്യങ്ങളെ അവതരിപ്പിക്കുന്നു. ലാറന്‍സ്‌ സ്റ്റോണിന്റെ (1713-68) ട്രിസ്റ്റ്രാം ഷാന്‍ഡി അക്കാലത്തുതന്നെ ഫ്രഞ്ച്‌-ജർമന്‍ ഭാഷകളിൽ വിവർത്തനം ചെയ്യപ്പെട്ടിരുന്നു. ഈ നൂറ്റാണ്ടിലെ ശ്രദ്ധേയമായ മറ്റു നോവലുകള്‍ ടി.ജി. സ്‌മോളറിന്റെ (1721-71) റൊഡറിക്‌ റാന്‍ഡം, ഹൊറേസ്‌ വാൽപോളിന്റെ (1717-97) കാസിൽ ഒഫ്‌ ഒട്രാന്റോ, ഒളിവർ ഗോള്‍ഡ്‌സ്‌മിത്തിന്റെ (1730-74) വികാർ ഒഫ്‌ വേക്‌ഫീൽഡ്‌ തുടങ്ങിയവയാണ്‌.

നാടകം

പതിനെട്ടാം ശ.-ത്തിലെ മികച്ചനാടകകൃത്തെന്നുപറയാന്‍ റിച്ചാർഡ്‌ ബ്രിന്‍സ്‌ലീ ഷെറിഡന്‍ (1751-1816) മാത്രമേ ഉള്ളൂ; അദ്ദേഹത്തിന്റെ റൈവൽസ്‌, സ്‌കൂള്‍ ഫോർ സ്‌കാന്‍ഡൽ, ക്രിറ്റിക്‌ തുടങ്ങിയ പ്രഹസനങ്ങള്‍ സമൂഹത്തിലെ പല പരിഹാസ്യ പ്രവണതകളെയും നർമമധുരമായി അവതരിപ്പിക്കുന്നു; ഇക്കൂട്ടത്തിലെടുത്തുപറയേണ്ട മറ്റൊരു ഹാസ്യരൂപകം ഗോള്‍ഡ്‌സ്‌മിത്തിന്റെ ഷീ സ്റ്റൂപ്‌സ്‌ ടു കോണ്‍ക്വർ ആണ്‌.

വിമർശനം

ഈ കാലഘട്ടത്തിൽ സാഹിത്യവിമർശനം സജീവമായിത്തുടങ്ങി. ഷെയ്‌ക്‌സ്‌പിയർ കൃതികള്‍ പണ്ഡിതോചിതമായ ആമുഖ വിമർശനങ്ങളോടുകൂടി പുനഃപ്രസാധനം ചെയ്യപ്പെടാന്‍ തുടങ്ങിയത്‌ ഈ നൂറ്റാണ്ടിലാണ്‌. ഇക്കൂട്ടത്തിൽ ഡോക്‌ടർ ജോണ്‍സന്റെ ഷെയ്‌ക്‌സ്‌പിയർ വിമർശനം മുന്നിട്ടുനില്‌ക്കുന്നു; അദ്ദേഹത്തിന്റെ ലൈവ്‌സ്‌ ഒഫ്‌ പൊയറ്റ്‌സ്‌ കവികളെക്കുറിച്ചുള്ള മികച്ച ഒരു പഠനമാണ്‌. ജോസഫ്‌ അഡിസന്‍ (1672-1719) മിൽടന്റെ പാരഡൈസ്‌ ലോസ്റ്റിനെ സമഗ്രമായ പഠനത്തിന്‌ വിധേയമാക്കി. അലക്‌സാണ്ടർപോപ്‌ (1688-1744) രചിച്ച എസേ ഓണ്‍ ദി സബ്‌ളൈം ആന്‍ഡ്‌ ദി ബ്യൂട്ടിഫുള്‍, വില്യം ബ്‌ളേക്‌ (1757-1827) സ്വന്തം കവിതകള്‍ക്കെഴുതിയ ആമുഖങ്ങള്‍, ബിഷപ്‌ഹർഡിന്റെ (1720-1808) പ്രബന്ധങ്ങള്‍, അഡിസന്റെതന്നെ പ്‌ളഷേഴ്‌സ്‌ ഒഫ്‌ ഇമാജിനേഷന്‍ തുടങ്ങിയവ ഇംഗ്ലീഷ്‌ കാവ്യമീമാംസയുടെ വളർച്ചയെ വിളിച്ചറിയിക്കുന്നു.

ഉപന്യാസങ്ങള്‍, കത്തുകള്‍, നിഘണ്ടുക്കള്‍

ഡാനിയൽഡീഫോ (1660-1731) സാഹിത്യരംഗത്ത്‌ പ്രവേശിച്ചത്‌ ആന്‍ എസേ ഓണ്‍ പ്രാജക്‌ട്‌സ്‌ തുടങ്ങിയ ലഘുലേഖകളുമായാണ്‌; റോബിന്‍സണ്‍ ക്രൂസോ, മോള്‍ഫ്‌ളാന്‍ഡേഴ്‌സ്‌ തുടങ്ങിയ കഥകള്‍ അദ്ദേഹത്തെ പ്രസിദ്ധനാക്കി. ഏതെങ്കിലുമൊരു കഥാപാത്രത്തെ അനുയോജ്യമായ പശ്ചാത്തലത്തിൽ അവതരിപ്പിച്ച്‌ അയാളുടെ അനുഭവങ്ങളെ വിവരിക്കുന്ന ഡീഫോയുടെ ഈ രചനാശൈലിയെ നിറപ്പകിട്ടേറിയ രാഷ്‌ട്രീയസാഹചര്യങ്ങളുടെ ഒരന്യാപദേശത്തിന്റെ രൂപത്തിൽ ജൊനാഥന്‍ സ്വിഫ്‌റ്റ്‌ (1667-1745) ഗള്ളിവേഴ്‌സ്‌ ട്രാവൽസിൽ വികസിപ്പിച്ചു; ഇതേ മാതൃകയിലുള്ള സ്വിഫ്‌റ്റിന്റെ മറ്റൊരു കൃതിയാണ്‌ ടേൽ ഒഫ്‌ എ ടബ്‌. സമകാലീനസമൂഹത്തിന്റെ ഇരുണ്ടവശങ്ങളെ വ്യക്തിചിത്രങ്ങളിൽക്കൂടി പകർത്തുന്ന പ്രബന്ധങ്ങള്‍ റ്റാറ്റ്‌ലർ, സ്‌പെക്‌റ്റേറ്റർ എന്നീ ആനുകാലികങ്ങളിലൂടെ റിച്ചാർഡ്‌ സ്റ്റീലും (1672-1729) ജോസഫ്‌ അഡിസനും അവതരിപ്പിച്ചു. അഡിസന്റെ റോജർ ഡി കവർലി തുടങ്ങിയ കഥാപാത്രങ്ങള്‍ക്ക്‌ സ്വകീയമായ മിഴിവുണ്ട്‌. പ്രസാദമധുരങ്ങളും ആക്ഷേപ ഹാസ്യപ്രധാനങ്ങളുമായിരുന്നു അഡിസന്റെ രചനകളെക്കാള്‍ പ്രൗഢങ്ങളായിരുന്നു റാംബ്‌ളറിൽ ജോണ്‍സണ്‍ എഴുതിയ പ്രബന്ധങ്ങള്‍. ഹാസ്യകരുണരസങ്ങളിൽ മുഴുകിനില്‌ക്കുന്ന നിബന്ധങ്ങളാണ്‌ ഗോള്‍ഡ്‌സ്‌മിത്ത്‌ സിറ്റിസണ്‍ ഒഫ്‌ ദി വേള്‍ഡിൽക്കൂടികാഴ്‌ചവെച്ചത്‌. പ്രഭാഷണത്തിന്റെ ശക്തിയുള്ള പ്രബന്ധങ്ങളായിരുന്നു ജോർജ്‌ ഫോക്‌സി(1516-91)ന്റേത്‌. ഡിക്‌ളൈന്‍ ആന്‍ഡ്‌ ഫാള്‍ ഒഫ്‌ ദി റോമന്‍ എമ്പയർ എന്ന പ്രശസ്‌ത ചരിത്രകൃതിയിലൂടെ ശക്തിയേറിയ ഗദ്യത്തിന്റെ മറ്റൊരു മാതൃക എഡ്വേർഡ്‌ ഗിബണ്‍ (1737-94) അവതരിപ്പിച്ചു.

ജോണ്‍സന്റെ ഇംഗ്ലീഷ്‌ നിഘണ്ടു (1747-55) ഇക്കാലത്ത്‌ ഇംഗ്ലീഷിനു ലഭിച്ച ഒരു വിശിഷ്‌ടനിധിയാണ്‌. ജെയിംസ്‌ ബോസ്‌വെൽ (1740-95) എഴുതിയ ഡോ. ജോണ്‍സന്റെ ജീവചരിത്രം ആ ശാഖയിൽ ഇംഗ്ലീഷിൽ ഉണ്ടായിട്ടുള്ള ഏറ്റവും ശ്രഷ്‌ഠമായ ഗ്രന്ഥമായി നിലകൊള്ളുന്നു. മോണ്ടേഗുപ്രഭ്വി (1689-1769), ചെസ്റ്റർ ഫീൽഡ്‌ പ്രഭു (1694-1773), ഹൊറേസ്‌ വാൽപോള്‍ (1717-97), ഡോ. ജോണ്‍സണ്‍ എന്നിവരുടെ കത്തുകള്‍ക്കും നിരതിശയമായ സാഹിത്യമൂല്യമുണ്ട്‌. ബർക്‌ലി, ആഡംസ്‌മിത്ത്‌ (1723-90) തുടങ്ങിയവരുടെ വൈജ്ഞാനികഗ്രന്ഥങ്ങളും ഇംഗ്ലീഷ്‌ ഗദ്യചക്രവാളത്തെ വളരെയേറെ വികസിപ്പിച്ചു.

കവിത

പതിനെട്ടാം ശ.-ത്തിന്റെ ആദ്യാർധത്തിലെ ഏറ്റവും ശ്രദ്ധേയമായ ഇംഗ്ലീഷ്‌ കവി അലക്‌സാണ്ടർ പോപ്‌ ആണ്‌. ഡ്രഡനെപ്പോലെ അദ്ദേഹം വീരോചിതമായ ഈരടികളിൽ ചിന്താപരമായ എസേ ഓണ്‍ മാന്‍, ആക്ഷേപഹാസ്യ പ്രധാനമായ ഡണ്‍സിയാഡ്‌, റേപ്‌ ഒഫ്‌ ദി ലോക്ക്‌ എന്നീ കൃതികള്‍ രചിക്കുകയും ഹോമറുടെ കാവ്യങ്ങളെ വിവർത്തനം ചെയ്യുകയും ചെയ്‌തു. ആക്ഷേപഹാസ്യകവനങ്ങളിൽ ഡോ. ജോണ്‍സണും നിപുണനായിരുന്നെന്ന്‌ അദ്ദേഹത്തിന്റെ വാനിറ്റി ഒഫ്‌ ഹ്യൂമന്‍ വിഷസ്‌ തെളിയിക്കുന്നു. ആഖ്യാനകാവ്യരചനയിലുള്ള തന്റെ വൈദഗ്‌ധ്യം ഗോള്‍ഡ്‌സ്‌മിത്ത്‌ ഡെസർട്ടഡ്‌ വില്ലേജിലൂടെ പ്രകടിപ്പിച്ചു. ഇക്കാലത്തുണ്ടായ ശാശ്വതമൂല്യമുള്ള ഒരു വിലാപകാവ്യമാണ്‌ തോമസ്‌ഗ്ര(1716-71)യുടെ എലിജി റിട്ടണ്‍ ഇന്‍ എ കണ്‍ട്രി ചർച്‌യാർഡ്‌. വില്യം കൂപ്പർ (1731-1800), ജോർജ്‌ ക്രാബ്‌ (1754-1832), വില്യം കോളിന്‍സ്‌ (1721-'59) എന്നിവരുടെ കവിതകള്‍ ഏറിയകൂറും ആഖ്യാനപരങ്ങളാണ്‌. പ്രകൃതിയോടുള്ള പ്രമവും നേർത്ത വിഷാദവും മാറ്റിനിർത്തിയാൽ ഈ കവികളെല്ലാം നിയോക്ലാസ്സിസിസത്തെയാണ്‌ ആശ്രയിക്കുന്നതെന്നു കാണാം.

കവിതയെ മതത്തിനും ആധ്യാത്മികചിന്തകള്‍ക്കും ധർമാധർമവിചിന്തനങ്ങള്‍ക്കും ഉപരിയായി പ്രതിഷ്‌ഠിച്ച സൗന്ദര്യാരാധകനായിരുന്നു വില്യംബ്‌ളേക്‌ (1757-1827). അദ്ദേഹത്തിന്റെ സോങ്‌സ്‌ ഒഫ്‌ ഇന്നസന്‍സും (1789), സോങ്‌സ്‌ ഒഫ്‌ എക്‌സ്‌പീരിയന്‍സും (1894) ഈ വസ്‌തുത വിളിച്ചോതുന്നു. പതിനെട്ടാമാത്തെ വയസ്സിൽ ആത്മഹത്യ ചെയ്‌ത തോമസ്‌ ചാറ്റർടണ്‍ (1752-70) എന്ന വാസനാശാലിയുടെ കവിതകളെല്ലാം വികാരനിർഭരങ്ങളായിരുന്നു. ജനസാമാന്യത്തിന്റെ മനോവ്യാപാരങ്ങള്‍ക്ക്‌ സംഗീത നിഷ്യന്ദിയായരൂപം നല്‌കി സ്‌കോട്ടിഷ്‌ കവിയായ റോബർട്‌ ബേണ്‍സ്‌ (1759-96). തദാനീന്തന നിയമാനുശാസനങ്ങള്‍ അടിച്ചേല്‌പിക്കാന്‍ ശ്രമിച്ച വിലങ്ങുകള്‍ പൊട്ടിച്ചെറിഞ്ഞ്‌ പുറത്തുവന്ന ധൈര്യശാലികളായ ഈ അനുഗൃഹീതകവികള്‍ തങ്ങളുടെ ആത്മാവിഷ്‌കാരത്തിൽ മാത്രം ശ്രദ്ധകേന്ദ്രീകരിച്ചു.

കാല്‌പനികതയുടെ നവോത്ഥാനം

ഇംഗ്ലീഷ്‌ സാഹിത്യത്തിൽ കാല്‌പനികതയുടെ നവോത്ഥാനകാലം ആരംഭിക്കുന്നത്‌ 18-ാം ശ.-ത്തിന്റെ അന്ത്യദശകങ്ങളോടുകൂടിയാണ്‌. ഇതിനുള്ള പ്രരകശക്തികളിൽ മുഖ്യം 1789-ൽ പൊട്ടിപ്പുറപ്പെട്ട ഫ്രഞ്ചുവിപ്ലവം തന്നെയായിരുന്നു. ദീർഘകാലം അടിച്ചമർത്തപ്പെട്ടിരുന്ന സാധാരണജനങ്ങളുടെ സ്വാതന്ത്യ്രാഭിവാഞ്‌ഛയുടെ മുന്നേറ്റത്തിൽ സമത്വം, സാഹോദര്യം, സ്വാതന്ത്യ്രം എന്നീ മുദ്രാവാക്യങ്ങള്‍ സകലമേഖലകളിലും മുഴങ്ങിക്കേട്ടുതുടങ്ങി. അതോടുകൂടി വ്യാവസായികവിപ്ലവം സൃഷ്‌ടിച്ച നവീനനാഗരികത മനുഷ്യന്റെ നൈസർഗികവിശുദ്ധി നശിപ്പിക്കുന്നുവെന്നും പ്രകൃതിയിൽനിന്ന്‌ നേരിട്ട്‌ പ്രചോദനം ഉള്‍ക്കൊണ്ട്‌ ഗ്രാമീണമൂല്യങ്ങളെ ഭദ്രമായി നിലനിർത്തേണ്ടത്‌ അത്യന്താപേക്ഷിതമാണെന്നും വില്യംവേഡ്‌സ്‌വർത്ത്‌ (1770-1850) തന്റെ ഉത്‌കൃഷ്‌ടകവിതകളിലൂടെ വിശദീകരിച്ചു. സാഹിത്യം നിയമബദ്ധമല്ലാതിരുന്ന മധ്യയുഗകാല്‌പനികതയെ വീണ്ടും പരിലാളിക്കാന്‍ സാഹിത്യകാരന്മാർ സന്നദ്ധരായി. ഇതിന്റെയെല്ലാം ഫലമായി ഒരു നവീനറൊമാന്റിസിസം എല്ലാ സാഹിത്യമേഖലകളിലും രൂപംകൊണ്ടു. ആദർശപരത, കാല്‌പനികത, പ്രകൃത്യുപാസന, സ്വാതന്ത്യ്രവാഞ്‌ഛ, വിപ്ലവാഭിമുഖ്യം, ആത്മാവിഷ്‌കാരപരത എന്നിവയായിരുന്നു പുതിയ സാഹിത്യത്തിന്റെ മുഖമുദ്രകള്‍.

1798 മുതൽ 1832 വരെയുള്ള കാലഘട്ടമാണ്‌ ഇംഗ്ലീഷ്‌ സാഹിത്യത്തിൽ റൊമാന്റിക്‌ നവോത്ഥാനത്തിന്റേത്‌. നാടകമൊഴികെയുള്ള എല്ലാ സാഹിത്യശാഖകളും ഈ ഘട്ടത്തിൽ ഫലപുഷ്‌കലമായി.

ഉപന്യാസം, വിമർശനം

അഡിസനും സ്റ്റീലും ഗോള്‍ഡ്‌സ്‌മിത്തും വികസിപ്പിച്ചെടുത്ത ഇംഗ്ലീഷ്‌ ഗദ്യത്തെ പുതിയ എഴുത്തുകാർ രസാത്മകവും സുന്ദരവുമാക്കി. ഹാസ്യകരുണരസപ്രതിപാദനത്തിൽ വിദഗ്‌ധനായ ചാള്‍സ്‌ലാംബിന്റെ (1775-1834) പ്രബന്ധങ്ങള്‍ കാവ്യസുന്ദരങ്ങളാണ്‌. വില്യം ഹാസ്‌ലിറ്റ്‌ (1778-1830) ഗദ്യത്തിന്‌ ദാർഢ്യവും ഭാവസുഷമയും നല്‌കി. കണ്‍ഫെഷന്‍സ്‌ ഒഫ്‌ ആന്‍ ഓപ്പിയം ഈറ്ററിൽ കൂടി തോമസ്‌ ഡിക്വന്‍സി (1785-1859) ഇംഗ്ലീഷ്‌ ഗദ്യത്തെ കെട്ടുറപ്പുള്ളതാക്കി. വാള്‍ട്ടർ സാവേജലാന്‍ഡർ (1775-1864) പ്രസന്നമധുരമായ ഒരു ശൈലിയുടെ ഉടമയായിരുന്നു. ഷെയ്‌ക്‌സ്‌പിയർ നാടകങ്ങള്‍ക്ക്‌ ഈ എഴുത്തുകാരും കവിയായ സാമുവൽ ടേയ്‌ലർ കോളറിഡ്‌ജും (1772-1834) നല്‌കിയ വിമർശനങ്ങളും പുനരാഖ്യാനങ്ങളും ഒരു പുതിയ സാഹിത്യപ്രസ്ഥാനത്തിന്‌ ജന്മം നല്‌കിയെന്നു പറയാം. കവികളായ ജോണ്‍കീറ്റ്‌സും (1795-1821) പെഴ്‌സി ബൈഷ്‌ഷെല്ലിയും (1792-1822) കോളറിഡ്‌ജും കത്തുകളുടെയും ഉപന്യാസങ്ങളുടെയും രൂപത്തിൽ മികച്ച കാവ്യമീമാംസാരചനകള്‍ നടത്തിയിട്ടുണ്ട്‌. ഇവയെല്ലാംകൂടി ചേർന്നപ്പോള്‍ ഇംഗ്ലീഷ്‌ കാവ്യദർശനത്തിൽ ഒരു പുതിയ കാഴ്‌ചപ്പാട്‌ ആവിർഭവിക്കുകതന്നെ ചെയ്‌തു.

നോവൽ

വിശ്വോത്തരനോവലിസ്റ്റുകളായ ജേന്‍ ആസ്റ്റനും (1775-1818) വാള്‍ടർ സ്‌കോട്ടും (1772-1832) ഈ കാലഘട്ടത്തിലാണ്‌ ആഖ്യായികാലോകത്തെ സമ്പന്നമാക്കിയത്‌. സമകാലീനസമൂഹത്തിലെ ഇടത്തരം കുടുംബങ്ങളുടെ ജീവിതചിത്രണത്തിലൂടെ മനുഷ്യപ്രകൃതിയുടെ വൈവിധ്യവൈചിത്യ്രങ്ങള്‍ പ്രഡ്‌ ആന്‍ഡ്‌ പ്രിജൂഡിസ്‌, സെന്‍സ്‌ ആന്‍ഡ്‌ സെന്‍സിബിലിറ്റി, എമ്മാ എന്നീ നോവലുകളിൽ ആസ്റ്റന്‍ വിദഗ്‌ധമായി വരച്ചുകാട്ടി. സ്‌കോട്ട്‌ലന്‍ഡുകാരനായ വാള്‍ട്ടർ സ്‌കോട്ടാണ്‌ ഇംഗ്ലീഷിലെ അതികായനായ ചരിത്രാഖ്യായികാകാരന്‍. രാജഭക്തരും ആദർശസമ്പന്നരും സാഹസികരുമായ നായികാനായകന്മാരെ സൃഷ്‌ടിച്ചുകൊണ്ട്‌ അവരുടെ വീരകഥകളാണ്‌ റൊമാന്റിക്‌ വീക്ഷണഗതിക്കാരനായ സ്‌കോട്ട്‌ അവതരിപ്പിച്ചത്‌.

ഐവാന്‍ഹോ, കെനിൽവർത്‌, ക്വിന്‍ടൈന്‍ ഡർവാർഡ്‌, ടാലിസ്‌മാന്‍, ഹാർട്ട്‌ ഒഫ്‌ മിഡ്‌ലൊതിയന്‍ എന്നിങ്ങനെ നീളുന്നു അദ്ദേഹത്തിന്റെ നോവലുകളുടെ പട്ടിക. സംഭ്രമജനകമായ ഒരു കഥാവിഷ്‌കരണമെന്ന നിലയിൽ മേരി വോള്‍സ്റ്റണ്‍ ക്രാഫ്‌റ്റ്‌ ഷെല്ലി(1797-1851)യുടെ ഫ്രാങ്കെന്‍സ്റ്റീന്‍ ഇക്കാലത്ത്‌ പ്രശസ്‌തമായി. തോമസ്‌ പീകോക്‌ (1785-1866), മേറിയ എഡ്‌ജ്‌വർത്‌ (1767-1849) തുടങ്ങിയവരുടെ നോവലുകളും കൗതുകപ്രദങ്ങള്‍ തന്നെ.

കവിത

വേഡ്‌സ്‌വർത്തും കോളറിഡ്‌ജുംകൂടി 1798-ൽ പ്രസിദ്ധീകരിച്ച ലിറിക്കൽ ബാലഡ്‌സ്‌ എന്ന കാവ്യസമാഹാരമാണ്‌ കവിതയിൽ കാല്‌പനിക നവോത്ഥാനത്തിന്റെ പ്രാരംഭം കുറിച്ചത്‌. ഇതിനുനല്‌കിയ അവതാരികയിൽ വേഡ്‌സ്‌വർത്ത്‌ പുതിയ കവിതയുടെ സ്വഭാവം വിശദീകരിക്കുകയും ചെയ്‌തു. കാവ്യഭാഷ സാധാരണക്കാരന്റെ വാമൊഴിയോട്‌ അടുപ്പം പുലർത്തണമെന്നും കവിതയ്‌ക്ക്‌ പരമ്പരാഗതമായ വൃത്ത നിബന്ധനകള്‍ അപരിത്യാജ്യമല്ലെന്നും ആയിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. പ്രകൃതിയുടെ പ്രരണയ്‌ക്ക്‌ വശംവദനാകുമ്പോഴാണ്‌ മനുഷ്യന്‌ നൈസർഗിക വിശുദ്ധി കൈവരുന്നതെന്ന്‌ വേഡ്‌സ്‌വർത്ത്‌ വാദിച്ചു. അദ്ദേഹത്തിന്റെ ലഘുകവനങ്ങളിൽ ലൂസിഗ്ര, ഡാഫോഡിൽസ്‌, സോളിറ്ററി റീപ്പർ, കുക്കൂ, ടിന്‍ ടേണ്‍ ആബി, ഇന്റിമേഷന്‍സ്‌ ഒഫ്‌ ഇമ്മോർട്ടാലിറ്റി എന്നിവയും, ദീർഘരചനകളിൽ ആത്മകഥാപരവും ദാർശനിക പ്രധാനവും ആയ എസ്‌കർഷനും അതിന്റെ ആമുഖമായ പ്രിലൂഡും ശക്തമായ വികാരങ്ങളുടെ അനർഗളമായ ബഹിർഗമനങ്ങളാണ്‌.

കോളറിഡ്‌ജ്‌ സ്വന്തം കാവ്യസിദ്ധാന്തങ്ങളെ ബയോഗ്രഫിയ ലിറ്ററേറിയ എന്ന പ്രൗഢഗ്രന്ഥത്തിൽ നിർധാരണംചെയ്‌തു; മധ്യയുഗത്തിലെ അന്ധവിശ്വാസങ്ങളിൽ അധിഷ്‌ഠിതമായ പ്രകൃത്യതീതലോകങ്ങളെയും സർവസ്വതന്ത്രമായ കല്‌പന രചിക്കുന്ന നവീനസ്വർഗങ്ങളെയും ക്രിസ്റ്റബൽ, റൈം ഒഫ്‌ ദി ഏന്‍ഷ്യന്റ്‌ മാരിനർ, കുബ്‌ളഖാന്‍ എന്നീ ലഘുകാവ്യങ്ങളിൽ അദ്ദേഹം ആവിഷ്‌കരിച്ചു. കാല്‌പനികതയുടെ സ്വർഗീയമണ്ഡലങ്ങളിലേക്ക്‌ ഇംഗ്ലീഷ്‌ കവിതയെ ഈ കാലഘട്ടത്തിൽ ഉയർത്തിയത്‌ അല്‌പായുസ്സുക്കളായിപ്പോയ മൂന്ന്‌ പ്രതിഭാശാലികളാണ്‌-ബൈറണ്‍ പ്രഭുവും (1788-1824) ഷെല്ലിയും കീറ്റ്‌സും. ജീവിച്ചിരുന്നകാലത്ത്‌ ഏറ്റവും പ്രശസ്‌തനായത്‌ ബൈറണാണ്‌; അദ്ദേഹത്തിന്റെ ചൈൽഡ്‌ ഹാരോള്‍ഡ്‌സ്‌ പിൽഗ്രിമേജിനും, ഡോണ്‍ജുവാനും, കേനിനും ഉള്ള ലാളിത്യവും വർണശമ്പളിമയും നിരതിശായിയായിത്തന്നെ വർത്തിക്കുന്നു. ആധുനികവിമർശകദൃഷ്‌ടിയിൽ ബൈറണ്‍ കവിത ആഖ്യാനപരവും ക്ലാസ്സിസിസ്റ്റുമാണ്‌; വേണ്ടത്ര റൊമാന്റിക്കല്ല. ഇംഗ്ലീഷിന്റെ സൗന്ദര്യത്തെയും സംഗീതത്തെയും അദ്‌ഭുതാവഹമായ രീതിയിൽ കണ്ടെത്തി അവയെ സജീവമായി അനുവാചകരിലേക്ക്‌ പകർന്ന കവിതകളുടെ വിധാതാക്കളാണ്‌ ഷെല്ലിയും കീറ്റ്‌സും. ഷെല്ലിയുടെ കാവ്യബിംബങ്ങള്‍ സൂക്ഷ്‌മങ്ങളും ചിന്തോജ്ജ്വലങ്ങളുമാണ്‌; കീറ്റ്‌സിന്റേതാകട്ടെ, രസനാദവർണസ്‌പർശഗന്ധനിഷ്‌ഠങ്ങളായ ഇന്ദ്രിയാനുഭൂതികളെ സംവേദിക്കുന്നവയും. ഓഡ്‌ ടു ദി വെസ്റ്റ്‌ വിന്‍ഡ്‌, സ്‌കൈലാർക്ക്‌, ഹിം ടു ഇന്റലക്‌ച്വൽ ബ്യൂട്ടി തുടങ്ങിയ ലഘുകവനങ്ങളും കീറ്റ്‌സിന്റെ ചരമത്തിൽ രചിച്ച അഡൊണേ എന്ന വിലാപകാവ്യവും റിവോള്‍ട്‌ ഒഫ്‌ ഇസ്‌ലാം, പ്രാമിത്ത്യുസ്‌ അണ്‍ബൗണ്‍ഡ്‌ തുടങ്ങിയ ദീർഘകവനങ്ങളും ചെന്‍ചി എന്ന കാവ്യനാടകവും ആണ്‌ ഷെല്ലിയുടെ പ്രശസ്‌തിക്കുള്ള അടിസ്ഥാനസ്‌തംഭങ്ങള്‍. കീറ്റ്‌സിന്റെ അമൂല്യ സംഭാവനകളിൽ ഓഡ്‌ ടു ആട്ടം, ഓഡ്‌ ടു എ നൈറ്റിംഗേൽ, ഓഡ്‌ ഓണ്‍ എ ഗ്രീഷിയന്‍ ഏണ്‍, എന്‍ഡിമിയണ്‍, ഹൈപീരിയണ്‍, സെയിന്റ്‌ ആഗ്നസ്‌ ഈവ്‌, ലാമിയ തുടങ്ങിയവയും മികച്ച കുറെ ഗീതകങ്ങളും ഉള്‍പ്പെടുന്നു.

വേഡ്‌സ്‌വർത്തിനെയും കോളറിഡ്‌ജിനെയും ഷെല്ലിയെയും കീറ്റ്‌സിനെയും അതിശയിക്കുന്ന പ്രതിഭാധനന്മാർ റൊമാന്റിക്‌ കവിതയിൽ വിശ്വസാഹിത്യത്തിൽത്തന്നെയുണ്ടോ എന്ന്‌ സംശയമാണ്‌. വേഡ്‌സ്‌വർത്തിനോടൊപ്പം കാവ്യലോകത്തിൽ കടന്ന റോബർട്‌ സതേ (1774-1843) പരിമിതവിഭവനായിരുന്നു. ഗാനാത്മകകവനങ്ങള്‍ രചിച്ച തോമസ്‌ മൂർ (1779-1852), തോമസ്‌ ഹുഡ്‌ (1799-1845), ജോർജ്‌ ഡാർലി (1795-1846), ലീ ഹണ്ട്‌ (1784-1869), ജോണ്‍ ക്ലെയർ (1793-1864), തോമസ്‌ ക്യാംപ്‌ബൽ (1777-1844), സാമുവൽ റോജേഴ്‌സ്‌ (1763-1855) തുടങ്ങിയവരും ശരാശരികവികളെന്ന നിലയിൽ സ്‌മരണാർഹരാണ്‌.

വിക്‌റ്റോറിയന്‍ കാലഘട്ടം

വിക്‌ടോറിയാറാണി (18191901) സിംഹാസനാരൂഢയായത്‌ 1837-ലാണെങ്കിലും 1832 മുതൽ അവരുടെ മരണംവരെയുള്ള കാലത്തെയാണ്‌ വിക്‌ടോറിയന്‍ കാലഘട്ടം എന്ന്‌ വിശേഷിപ്പിച്ചുവരുന്നത്‌. ഈ ഘട്ടത്തിൽ ബ്രിട്ടീഷ്‌ സാമ്രാജ്യത്തിൽ സൂര്യന്‍ അസ്‌തമിക്കുകയില്ലെന്ന പ്രശസ്‌തി പരന്നു; വമ്പിച്ച സാമ്പത്തികപുരോഗതി വളർത്തിയ ശുഭപ്രതീക്ഷയും ശാസ്‌ത്രത്തോട്‌ ഏറ്റുമുട്ടിയ മതത്തിന്റെ ദുർബലമായ്‌ക്കൊണ്ടിരുന്ന പടഹധ്വനിയും മെച്ചപ്പെട്ട സാമൂഹ്യ വ്യവസ്ഥിതിക്കുവേണ്ടിയുള്ള ജനങ്ങളുടെ മുന്നേറ്റങ്ങളും ഈ കാലഘട്ടത്തിൽ മറ്റെല്ലാ ഭൗതികവും ധൈഷണികവും ആയ ജീവിതമേഖലകളിലുമെന്നപോലെ സാഹിത്യത്തിലും പ്രതിഫലിച്ചു. നാനാപ്രകാരേണ ഇംഗ്ലീഷ്‌ സാഹിത്യം ഈ കാലത്ത്‌ അഗാധവും വ്യാപകവുമായിത്തീർന്നു.

കവിത

പത്തൊമ്പതാം ശ.-ത്തിന്റെ ഉത്തരാർധത്തിൽ കാവ്യമണ്ഡലത്തിൽ സുപ്രതിഷ്‌ഠിതരായിത്തീർന്ന പ്രഗല്‌ഭമതികളായിരുന്നു ആൽഫ്രഡ്‌ ടെന്നിസണും (1809-92) റോബർട്‌ ബ്രൗണിങ്ങും (1812-89), മാത്യു ആർണോള്‍ഡും (1822-88). ശബ്‌ദസുന്ദരമായ ടെന്നിസണ്‍ കാലഘട്ടത്തിന്റെ മിക്ക പ്രവണതകള്‍ക്കും ഈ ത്രിമൂർത്തികള്‍ രൂപം നല്‌കി; ഷെല്ലിയുടെയും കീറ്റ്‌സിന്റെയും റൊമാന്റിക്‌പാരമ്പര്യം നിലനിർത്തുകയും ചെയ്‌തു. സ്‌പെന്‍സറിന്റെ കവിതകളെപ്പോലെ ടെന്നിസന്റേതും ചിത്രവർണോജ്ജ്വലങ്ങളായിരുന്നു. ഐഡിൽസ്‌ ഒഫ്‌ ദി കിങ്‌, ഈനോക്‌ ആർഡന്‍, ഇന്‍ മെമ്മോറിയം, യുലിസസ്‌, മോർട്‌ഡ്‌ ആർതർ, ലോട്ടസ്‌ ഈറ്റേഴ്‌സ്‌ എന്നിങ്ങനെ നിരവധി സുന്ദരകവനങ്ങളുണ്ട്‌ അദ്ദേഹത്തിന്റെതായി. ശക്തമായ ശുഭാപ്‌തി വിശ്വാസത്തിന്റെയും ഉദാരമായ സ്‌നേഹത്തിന്റെയും ഗായകനായിരുന്നു ബ്രൗണിങ്‌; പൗരുഷവും ഊർജസ്വലതയുമുള്ള അദ്ദേഹത്തിന്റെ ശൈലിയാകട്ടെ ഗാനാത്മകവും. നാടകീയ സ്വഗതാഖ്യാനമെന്ന കാവ്യരൂപത്തെ അദ്ദേഹം ഫലപ്രദമായി പരിപോഷിപ്പിച്ചു. മെന്‍ ആന്‍ഡ്‌ വിമന്‍, ഡ്രാമാറ്റിക്‌ പേഴ്‌സണേ, റിങ്‌ ആന്‍ഡ്‌ ദി ബുക്ക്‌ എന്നിവയാണ്‌ ബ്രൗണിങ്ങിന്റെ മുഖ്യകവിതാസമാഹാരങ്ങള്‍. റാബി ബെന്‍ എസ്ര, പിപ്പാപാസസ്‌, ആന്‍ഡ്രിയാഡെൽ സാർടോ തുടങ്ങിയ നാടകീയ സ്വഗതഗീതങ്ങള്‍ അദ്ദേഹത്തിന്റെ യശസ്‌തംഭങ്ങളായി നിലകൊള്ളുന്നു. ബ്രൗണിങ്ങിന്റെ പത്‌നി എലിസബത്ത്‌ ബാരറ്റ്‌ ബ്രൗണിങ്ങും (1806-61) ഒരു അനുഗൃഹീത കവയിത്രി ആയിരുന്നു. ആർണോൽഡിന്റെ സോറാബ്‌ ആന്‍ഡ്‌ റസ്റ്റം, സ്‌കോളർജിപ്‌സി, പോർസേക്കന്‍ മെർമന്‍ എന്നിവയിൽ ക്ലാസ്സിസിസത്തിന്റെയും റൊമാന്റിസിസത്തിന്റെയും ആരോഗ്യകരമായ സമന്വയം ദൃശ്യമാണ്‌. ആർണള്‍ഡിന്റെ സുഹൃത്തായ ആർതർ ക്ലൗവും (1819-61) വാസനാസമ്പന്നനായ ഒരു കവിയായിരുന്നു.

ഡാന്റെ ഗബ്രിയേൽ റോസറ്റി(1828-82)യും വില്യം മോറിസും (1834-96) കൂടി നൂറ്റാണ്ടിന്റെ മധ്യകാലത്തോടടുപ്പിച്ച്‌ ഫ്രീ റാഫേലിസ്റ്റ്‌ (Free Raphaelist) പ്രസ്ഥാനമെന്ന ഒരു കാവ്യശാഖയ്‌ക്ക്‌ രൂപംനല്‌കി. ആള്‍ജർനോണ്‍ ചാള്‍സ്‌ സ്വിന്‍ബേണും (1737-1909) ഈ പ്രസ്ഥാനത്തെ പോഷിപ്പിച്ചു. റോസറ്റിയുടെ ബ്‌ളസഡ്‌ ഡാമോസൽ, മോറിസ്സിന്റെ ഹേസ്റ്റാക്‌ ഇന്‍ ദി ഫ്‌ളഡ്‌, സ്വിന്‍ബേണിന്റെ അറ്റ്‌ലാന്റാ തുടങ്ങിയവയാണ്‌ ഈ പ്രസ്ഥാനത്തിൽപ്പെട്ട മുഖ്യകവനങ്ങള്‍. ഓമർഖയ്യാമിന്റെ റൂബായിയത്തിന്‌ എഡ്വേർഡ്‌ ഫിറ്റ്‌സ്‌ജറാള്‍ഡ്‌ (1809-83) നല്‌കിയ പരിഭാഷയും എഡ്വിന്‍ ആർനോള്‍ഡ്‌ (1832-1904) രചിച്ച ബുദ്ധജീവിതകഥയും (ലൈറ്റ്‌ ഒഫ്‌ ഏഷ്യ) ഇംഗ്ലീഷ്‌ കാവ്യചക്രവാളത്തെ പൗരസ്‌ത്യമേഖലകളിലേക്ക്‌ വികസിപ്പിച്ചു. ഡി.ജി.റോസറ്റിയുടെ സഹോദരിയായ ക്രിസ്റ്റീനാ റോസ്റ്റിയും (1830-94) കവന്ററി പാറ്റ്‌മോറും (1823-96) ആലീസ്‌ മെയ്‌നലും (1847-1922) ജോണ്‍ ഹെന്‌റി ന്യൂമാനും (1801-90) തികച്ചും ആധ്യാത്മികസ്വഭാവമുള്ള കവിതകളാണ്‌ രചിച്ചത്‌. പത്തൊമ്പതാം ശ.-ത്തിന്റെ അന്ത്യമാകുമ്പോഴേക്കും കവിതയുടെ സ്വഭാവത്തിനുതന്നെ ചില മാറ്റങ്ങള്‍ അനുഭവപ്പെടുന്നതായി കാണാം. എ.ഇ. ഹൗസ്‌മാന്റെയും (1859-1936) ജെറാള്‍ഡ്‌ മാന്‍ലി ഹോപ്‌കിന്‍സിന്റെയും (1844-99) രചനകള്‍ ഇത്‌ വ്യക്തമാക്കുന്നു. വില്യം ഏണസ്റ്റ്‌ ഹെന്‍ലി (1849-1903), ആർ.എൽ.സ്റ്റീവന്‍സണ്‍ (1850-94), ഓസ്‌കാർ വൈൽഡ്‌ (1854-1900), ലൂയി കരോള്‍ (1832-98), എഡ്വേർഡ്‌ ലിയർ (1812-88) എന്നിവരും ഇംഗ്ലീഷ്‌ കവിതയ്‌ക്ക്‌ ഗണ്യമായ സംഭാവനകള്‍ ചെയ്‌തിട്ടുണ്ട്‌.

നോവൽ

ഇംഗ്ലീഷ്‌ നോവലിന്റെ വസന്തർത്തുവായിരുന്നു വിക്‌ടോറിയന്‍ യുഗം. സ്വന്തം ജീവിതാനുഭവങ്ങളെ പ്രതിബിംബിപ്പിക്കുന്ന വികാരസുന്ദരമായ സുദീർഘാഖ്യാനങ്ങള്‍ വിതരണഗ്രന്ഥശാലകളിൽനിന്ന്‌ വായിക്കുവാന്‍ ഉത്സുകരായ ഇടത്തരക്കാരുടെ സംഖ്യയും ഈ കാലത്ത്‌ വർധിച്ചുവന്നു.

വിക്‌ടോറിയന്‍ നോവൽസാഹിത്യചരിത്രത്തെ പൊതുവേ മൂന്നു ഘട്ടങ്ങളായി തിരിക്കാറുണ്ട്‌. ആദ്യദശയിൽപ്പെട്ട പ്രതിഭാശാലികളായിരുന്നു വില്യം മേക്‌പീസ്‌ താക്കറെ (1811-63), ചാള്‍സ്‌ ഡിക്കന്‍സ്‌ (1812-70) എന്നിവർ. വാനിറ്റി ഫെയറിൽ താക്കറെ മാതൃകയാക്കിയത്‌ ഹെന്‌റി ഫീൽഡിങ്ങിന്റെ (1707-54) വ്യാപകമായ സമൂഹപശ്ചാത്തലമായിരുന്നു. കച്ചീരിലും പുഞ്ചിരിയിലും കുതിർന്ന പ്രതിജനഭിന്നമായ മനുഷ്യജീവിതത്തെയാണ്‌ വൈകാരികതീവ്രതയോടെ പിക്‌ വിക്‌ പേപ്പേഴ്‌സ്‌, ഡേവിഡ്‌ കോപ്പർഫീൽഡ്‌, ഒളിവർ ട്വിസ്റ്റ്‌, ടേൽ ഒഫ്‌ ടൂ സിറ്റീസ്‌ തുടങ്ങിയവയിൽ ഡിക്കന്‍സ്‌ വരച്ചുകാട്ടിയത്‌. എമിലിബ്രാണ്ടിയുടെ (1818-48) വുതറിങ്‌ ഹൈറ്റ്‌സും അവരുടെ സഹോദരി ചാർലറ്റ്‌ ബ്രാണ്ടി(1816-55)യുടെ ജെയിന്‍ അയറും കരുത്തുറ്റ നോവലുകളാണ്‌.

മനുഷ്യന്റെ ധാർമികപ്രശ്‌നങ്ങളെ അപഗ്രഥിക്കാന്‍ ശ്രമിച്ച ജോർജ്‌ എലിയട്ട്‌ (1819-80) മിഡിൽ മാർച്ച്‌, മിൽ ഓണ്‍ ദി ഫേളോസ്‌ തുടങ്ങിയ കഥകള്‍ രചിച്ച്‌ പ്രശസ്‌തി നേടി. ജോർജ്‌ മെരിഡിത്തിന്റെ (1828-1909) ഇഗോയിസ്റ്റ്‌, സാമുവൽ ബട്‌ലറുടെ (1835-1902) എറിവേണ്‍ തുടങ്ങിയവ ആക്ഷേപഹാസ്യരചനകളിൽപ്പെടുന്നു.

ഒടുവിലത്തെ ഘട്ടത്തിലെ ഏറ്റവും ശക്തിമാനായ നോവലിസ്റ്റ്‌ തോമസ്‌ ഹാർഡി (1840-1928) ആണ്‌. വെസക്‌സ്‌ എന്ന ഭൂവിഭാഗത്തിന്റെ പശ്ചാത്തലത്തിൽ വേദനിക്കുന്ന നിരവധി ഗ്രാമീണാത്മാക്കളെ വിക്‌ടോറിയന്‍ ഘട്ടത്തിന്റെ അന്ത്യത്തിൽവന്നു ചേർന്ന വിഷാദാത്മകതയുടെയും മോഹഭംഗങ്ങളുടെയും പ്രതീകമായി ഹാർഡി അവതരിപ്പിച്ചു. റിട്ടേണ്‍ ഒഫ്‌ ദി നേറ്റീവ്‌, ടെസ്‌ ഒഫ്‌ ദി ഡുർബർവില്ലീസ്‌, ജൂഡ്‌ ദി ഒബ്‌സ്‌ക്യൂർ തുടങ്ങിയവ സാഹചര്യങ്ങളുടെ സമ്മർദങ്ങളാൽ ഞെരിഞ്ഞമരുന്ന നിസ്സഹായരുടെ ജീവിതകഥകളാണ്‌.

വിക്‌ടോറിയന്‍ കാലഘട്ടത്തിലെ അറിയപ്പെടുന്ന മറ്റു നോവലിസ്റ്റുകളാണ്‌ ചാള്‍സ്‌ കിങ്‌സ്‌ലി (1810-75), ചാള്‍സ്‌ റീഡ്‌ (1814-84), ബഞ്ചമിന്‍ ഡിസ്‌റേലി (1804-81), എലിസബത്ത്‌ ഗാസ്‌കന്‍ (1810-65), ആന്റണി ട്രാല്ലോപ്‌ (1815-82), എഡ്വേർഡ്‌ ബുള്‍വർ ലിറ്റിൽ ടണ്‍ (1803-73), ആർ.എൽ. സ്റ്റീവന്‍സണ്‍ (1850-94) തുടങ്ങിയവർ.

ഇംഗ്ലീഷിൽ അപസർപ്പകകഥകള്‍ക്ക്‌ തുടക്കം കുറിച്ചത്‌ ജോണ്‍ വിൽകിസ്‌ (1727-97) ആണെന്ന്‌ പറയപ്പെടുന്നു. പില്‌ക്കാലത്ത്‌ ആർതർ കോനന്‍ഡൊയ്‌ൽ (1859-1930) ആണ്‌ പ്രധാനമായും ഷെർലോക്‌ ഹോംസ്‌ എന്ന തന്റെ അനശ്വരകഥാപാത്രത്തിലൂടെ ഈ ശാഖയെ പുഷ്‌ടിപ്പെടുത്തിയത്‌. ഇംഗ്ലീഷിൽ ചെറുകഥകള്‍ രൂപംകൊണ്ടതും വിക്‌ടോറിയന്‍ കാലഘട്ടത്തിലാണ്‌.

നാടകം

നോവൽപ്രസ്ഥാനം തളിരണിഞ്ഞ്‌ പുഷ്‌പിച്ച്‌ ഫലപുഷ്‌കലമായിത്തീരുന്ന ദൃശ്യത്തിന്‌ സാക്ഷ്യം വഹിച്ച വിക്‌ടോറിയന്‍യുഗം ഇംഗ്ലീഷ്‌ നാടകശാഖ പൊതുവേ മുരടിച്ചുനിന്ന ഒരു അവസ്ഥയാണ്‌ കാഴ്‌ചവച്ചത്‌. ബ്രൗണിങ്ങിന്റെ സ്റ്റാഫോർഡും, ആർ.എച്ച്‌ ഹോണിന്റെ (1808-84) ഡെത്ത്‌ ഒഫ്‌ മാർലോവും പദ്യത്തിലായിരുന്നു; അവ രംഗത്ത്‌ ശോഭിച്ചതുമില്ല. നാടകരചനയിൽ കൈവച്ച ടോംടെലർ (1817-80), തോമസ്‌ റോബർട്ട്‌സണ്‍ (1829-71) തുടങ്ങിയവരും പരാജയത്തിന്റെ കയ്‌പാണ്‌ അനുഭവിച്ചത്‌. 19-ാം ശ.-ത്തിന്റെ അവസാനത്തോടുകൂടി നാടകത്തിന്‌ പുതുജീവന്‍ നല്‌കാന്‍ ഐറിഷ്‌ സാഹിത്യകാരനായ ഓസ്‌കാർ വൈൽഡ്‌ (1854-1900) രംഗത്തു വന്നതോടുകൂടി സ്ഥിതിഗതികള്‍ മെച്ചപ്പെടാന്‍ തുടങ്ങി. ലേഡി വിന്‍ടർ മീർഫ്‌ ഫാനും വുമണ്‍ ഒഫ്‌ നോ ഇംപോർടന്‍സും ഇംപോർടന്‍സ്‌ ഒഫ്‌ ബീയിങ്‌ ഏണസ്റ്റും ഇംഗ്ലീഷ്‌ നാടകവേദിയെ സജീവമാക്കി. വൈൽഡിനോടൊത്ത്‌ ഈ നാടകപുനരുത്ഥാനത്തിന്‌ ആർതർ പിനോറോ (1855-1934)നും നേതൃത്വം വഹിച്ചു. ഇവരെല്ലാംകൂടിയാണ്‌ ബർണാർഡ്‌ ഷായുടെ ആഗമനത്തിന്‌ വഴിതെളിച്ചതെന്നു പറയാം.

ചരിത്രം, ജീവചരിത്രം, വിമർശനം

മികച്ച ഗദ്യകാരന്മാരെന്നനിലയിൽ ഇംഗ്ലണ്ടിന്റെ ചരിത്രമെഴുതിയ മെക്കാളെപ്രഭു (1800-59), ഫ്രഞ്ച്‌ വിപ്ലവചരിത്രമെഴുതിയ തോമസ്‌ കാർലൈൽ (1795-1881), കള്‍ചർ ആന്‍ഡ്‌ ആനാർക്കി രചിച്ച മാത്യു ആർണള്‍ഡ്‌, ഐഡിയ ഒഫ്‌ എ യൂണിവേഴ്‌സിറ്റിയുടെ കർത്താവായ കാർഡിനൽ ന്യൂമാന്‍ (1801-90), അണ്‍ടു ദിസ്‌ ലാസ്റ്റ്‌ എഴുതിയ ഡോണ്‍ റസ്‌കിന്‍ (1819-1900), ആദർശജീവിതകഥാരചനയെന്ന്‌ എക്കാലവും എച്ചിപ്പോരുന്ന വിക്‌ടോറിയയുടെ ജീവചരിത്രം രചിച്ച ലിട്ടണ്‍ സ്റ്റ്രാച്ചി (1880-1932) തുടങ്ങിയവർ സാഹിത്യലോകത്തിൽ പുതിയ വാതായനങ്ങള്‍ തുറന്നു. ഇംഗ്ലണ്ടിലെ എന്നല്ല, ലോകത്തെമ്പാടുമുള്ള ചിന്തകരെ ആകമാനം വിക്ഷോഭിപ്പിച്ച ഒരു മഹത്‌ ഗ്രന്ഥമാണ്‌ ചാള്‍സ്‌ ഡാർവിന്റെ (1809-82) ഒറിജിന്‍ ഒഫ്‌ സ്‌പീഷീസ്‌. ന്യൂമാന്‍ ഉള്‍പ്പെടെ ഓക്‌സ്‌ഫഡ്‌ പ്രസ്ഥാനത്തിൽപ്പെട്ട ചിന്തകർ ഇതിന്റെ പ്രസിദ്ധീകരണത്തിന്‌ മുമ്പുതന്നെ വിശ്വാസത്തെ പരിരക്ഷിക്കുന്നതിനായി കത്തോലിക്കാമതത്തെ സമാശ്ലേഷിച്ചു കഴിഞ്ഞിരുന്നു. ശാസ്‌ത്രചിന്തയുടെ വക്താവായി ഇക്കാലത്ത്‌ തോമസ്‌ ഹക്‌സിലിയും (1825-90) രംഗത്തു വന്നു. സാമ്പത്തിക സാമൂഹിക രംഗങ്ങളിൽ നൂതനചിന്താധാരകള്‍ പ്രചരിപ്പിക്കുവാന്‍ ഇതിന്‌ മുമ്പുതന്നെ ജെറമി ബന്താമിനും (1848-82) ജോണ്‍സ്റ്റുവർട്ട്‌ മില്ലിനും (1806-73) കഴിഞ്ഞിരുന്നു. ഇവരുടെയും മറ്റു ചിന്തകരുടെയും പ്രബന്ധങ്ങള്‍ ശുദ്ധ സാഹിത്യത്തിന്റെ മേഖലയിൽ പരിഗണിക്കപ്പെട്ടുവരാറില്ല.

ആധുനികസാഹിത്യവിമർശനസരണിയുടെ പിതാവ്‌ എന്ന ബഹുമതി നല്‌കപ്പെട്ടിരിക്കുന്ന മാത്യു ആർണോള്‍ഡ്‌ വിക്‌ടോറിയന്‍ കാലഘട്ടത്തിലെ ഒരു ബഹുമുഖപ്രതിഭയാണ്‌. സാഹിത്യം ജീവിതവ്യാഖ്യാനമാണെന്നും ധർമവിരുദ്ധമായ സാഹിത്യം ജീവിതവിരുദ്ധമാണന്നും അദ്ദേഹം സമർഥിച്ചു; എന്നാൽ ധർമപരിഗണനസൗന്ദര്യാരാധനയെ വികലമാക്കുന്നതിനോട്‌ ആർണോള്‍ഡ്‌ യോജിച്ചില്ല. റസ്‌കിന്‍ ശുദ്ധധർമപക്ഷപാതിയായിരുന്നു; വാള്‍ടർ പേറ്ററും (1839-94) ഓസ്‌കാർ വൈൽഡും ശുദ്ധകലാവാദികളും. ഈ കാലഘട്ടത്തിന്റെ അന്ത്യമായപ്പോഴേക്കും സാഹിത്യം ക്രമേണ ശുദ്ധറൊമാന്റിസിസത്തിൽനിന്ന്‌ റിയലിസത്തിലേക്കും അവിടെ നിന്ന്‌ സിംബോളിസത്തിലേക്കും നീങ്ങിക്കൊണ്ടിരിക്കുന്ന കാഴ്‌ചയാണ്‌ ദൃശ്യമാകുന്നത്‌.

ഇരുപതാം നൂറ്റാണ്ട്‌

സാഹിത്യത്തിന്റെ ആന്തരികചൈതന്യത്തിൽ അനുഭവപ്പെട്ട വ്യതിയാനപ്രവണത വിശകലനം ചെയ്‌തു നോക്കിയാൽ വിക്‌ടോറിയന്‍യുഗം 1890-നടുത്ത്‌ അവസാനിച്ചതായും നൂതനമായ ഒരു ഘട്ടം അതോടുകൂടി ആരംഭിച്ചതായും കാണാം. സിഗ്മണ്‍ഡ്‌ ഫ്രായ്‌ഡിന്റെയും (1856-1939) കാള്‍ ഗുസ്‌താഫ്‌ യുങ്ങിന്റെയും (1875-1961) ഹെന്‌റി ബർഗ്‌ സോണിന്റെയും (1859-1941) കാറൽ മാർക്‌സിന്റെയും (1818-83) ദർശനങ്ങള്‍, റഷ്യന്‍വിപ്ലവം, രണ്ടു ലോകയുദ്ധങ്ങള്‍, സാങ്കേതികവിജ്ഞാനത്തിന്റെ വികാസം, യുദ്ധാനന്തര യൂറോപ്പിന്റെ മോഹഭംഗങ്ങള്‍, നൂതനസാംസ്‌കാരികപ്രവണതകളുടെ ആവിർഭാവം, ജീവിതദർശനങ്ങളിൽ സാകല്യേന വന്ന പരിവർത്തനം തുടങ്ങി സൂക്ഷ്‌മവിചിന്തനത്തിന്‌ വിധേയമാക്കേണ്ട വിവിധ ഘടകങ്ങളുണ്ട്‌, ഇരുപതാം നൂറ്റാണ്ടിലെ സാഹിത്യത്തെക്കുറിച്ച്‌ പഠിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടതായി.

മൂല്യനിർണയനപ്രക്രിയയിൽ പ്രാധാന്യം സമൂഹത്തിൽനിന്ന്‌ വ്യക്തിയിലേക്ക്‌ സംക്രമിച്ചു എന്നതാണ്‌ ഈ നൂറ്റാണ്ടിന്റെ ആരംഭം മുതൽ കാണാനിടവരുന്ന മുഖ്യസവിശേഷത. എച്ച്‌.ജി. വെൽസിന്റെ (1866-1946) കിപ്‌സിനെയും മി. പോളിയെയും ആർണോള്‍ഡ്‌ ബന്നറ്റിന്റെ (1867-1931) അഞ്ചു പട്ടണങ്ങളിലെ അന്തേവാസികളെയും സാഹിത്യസൃഷ്‌ടികളിലെ കഥാപാത്രങ്ങളെന്നനിലയിൽ അതുവരെയുള്ള എഴുത്തുകാരാരെങ്കിലും സങ്കല്‌പിക്കുകപോലുമുണ്ടാകുമായിരുന്നോ എന്ന്‌, സംശയിക്കണം.

കവിത

ഈ നൂറ്റാണ്ടിലെ ആദ്യ ദശകങ്ങളിലെ കവിതകള്‍ കാല്‌പനികതയുടെ അവശേഷിച്ച അംശങ്ങളിൽ അഭയം കണ്ടെത്തി അലംഭാവം പൂണ്ടിരുന്നതേ ഉള്ളൂ. ബ്രിട്ടീഷ്‌ സാമ്രാജ്യത്തിന്റെ സ്‌തുതിപാഠകരായിരുന്നു റുഡ്‌യാർഡ്‌ ക്ലിപിങ്ങും (1865-1936) വില്യം പാട്‌സണും (1858-1935). റോബർട്ട്‌ ബ്രിഡ്‌ജസിന്റെ എ ടെസ്റ്റമെന്റ്‌ ഒഫ്‌ ബ്യൂട്ടിക്കും ഹാർഡിയുടെ ഡൈനാസ്റ്റ്‌സിനും നൂതനമായ അനുഭൂതികളോ രചനാപദ്ധതികളോ കാഴ്‌ചവയ്‌ക്കാനുണ്ടായിരുന്നില്ല. ആൽഫ്രഡ്‌ ഹൗസ്‌മാന്റെ (1859-1936) സ്വരം ഇക്കൂട്ടത്തിൽ ശ്രദ്ധിക്കപ്പെടേണ്ടതാണ്‌ എന്ന്‌ ചില വിമർശകർക്ക്‌ അഭിപ്രായമുണ്ട്‌. വാള്‍ടർ ഡി ലാമർ (1873-1956), ജോണ്‍ യെമസ്‌ഫീൽഡ്‌ (1868-1967), എഡ്വേർഡ്‌ തോമസ്‌ (1878-1917), ഡബ്‌ളിയു. എച്ച്‌. ഡേവിസ്‌ (1871-1940), ലൂയി മക്‌നീസ്‌ (1907-63), സെസിൽഡേ ലൂയിസ്‌ (1904- ), ഡിലന്‍ തോമസ്‌ (1914-53), റൂപെർട്ട്‌ ബ്രൂക്‌ (1887-1915), വിൽഫ്രഡ്‌ ഓയെന്‍ (1893-1918), റോയ്‌ ക്യാംപ്‌ബെൽ (1902-57). ജോർജ്‌ ബാർക്കർ (1913-), എഡ്വിന്‍മുയിർ (1887-1939) തുടങ്ങിയ ഇരുപതാം നൂറ്റാണ്ടിലെ ഇംഗ്ലീഷ്‌ കവികള്‍ മിക്കവരും വാസനാസമ്പന്നരായിരുന്നെങ്കിലും പ്രതിഭാശാലികളായിരുന്നില്ല എന്ന വിലയിരുത്തലിനാണ്‌ വിധേയരായിരിക്കുന്നത്‌. ബ്രൂക്കും ഓയെനും "യുദ്ധകവി'കളെന്നനിലയിൽ സ്‌മരണീയരായി. ഡി.എച്ച്‌. ലോറന്‍സ്‌ (1885-1930) കവിയെന്നതിലുപരി നോവലിസ്റ്റ്‌ എന്ന നിലയിലാണ്‌ ശ്രദ്ധിക്കപ്പെടുന്നത്‌. ഭക്തിഭാവനിർഭരങ്ങളായ കവിതകളാണ്‌ ഫ്രാന്‍സിസ്‌ തോംസന്റേത്‌ (1859-1907). റിച്ചാർഡ്‌ ആള്‍ഡിങ്‌ടണും (1897-1965) എഡിത്ത്‌ സിറ്റ്‌വെല്ലും (1887-1964) ഉചിത ബിംബങ്ങളുടെ വിദഗ്‌ധ സംവിധാനം മുഖേന കവിതയെ ധ്വനിപ്രധാനമാക്കാന്‍ ശ്രദ്ധിച്ചു; എന്നാൽ ഇംഗ്ലീഷ്‌ കാവ്യശാഖയെ മഹത്തരവും സമ്പന്നവുമാക്കാന്‍ കഴിഞ്ഞത്‌ ഡബ്ലിയു. ബി.യേറ്റ്‌സ്‌ (1865-1939), ടി.എസ്‌. എലിയട്ട്‌ (1888-1964), എസ്രാ പൗണ്ട്‌ (1885-1973) എന്നീ കവികള്‍ക്കായിരുന്നു. ഐറിഷ്‌ കവിയായ യേറ്റ്‌സ്‌ കവിതയെ മൗലികവും ബിംബാത്മകവുമാക്കി. ജീവിതത്തിന്റെ അമേയതകള്‍ക്കും അലൗകിക ലാവണ്യങ്ങള്‍ക്കും സൂക്ഷ്‌മാനുഭൂതികള്‍ക്കും കാവ്യരൂപം നല്‌കിയ യേറ്റ്‌സ്‌ കവിതയിൽ സിംബോളിസത്തിന്റെ പ്രസക്തി എന്താണെന്ന്‌ കാണിച്ചു. എസ്രാ പൗണ്ടിന്റെ കാന്‍ റോസ്‌ എന്ന മഹാകാവ്യത്തിൽ ധൈഷണികവും വൈജ്ഞാനികവും വൈകാരികവും ആയ അനുഭൂതികളെ ശിഥിലബിംബങ്ങളിൽ സമുദ്‌ഗ്രഥിക്കാനുള്ള വിജയകരമായ യത്‌നമാണ്‌ കാണുന്നത്‌. ഒന്നാംലോകയുദ്ധത്തിനുശേഷം വന്ന മോഹഭംഗത്തിന്റെയും നൈരാശ്യത്തിന്റെയും മുരടിപ്പുകളുടെയും കാർക്കശ്യത്തെ ടി.എസ്‌. എലിയട്ട്‌ ആവിഷ്‌കരിച്ചു. ആധുനികവും അത്യാധുനികവുമായ കവിതാസരണിക്ക്‌ ലോകമെമ്പാടും ഒരു വിശാലസരണി ഒരുക്കിയത്‌ എലിയട്ടിന്റെ വെയ്‌സ്റ്റ്‌ലാന്‍ഡ്‌ ആണ്‌.

ഇവരുടെ പിന്‍ഗാമികളിൽ യശസ്സും സഹൃദയപ്രീതിയും നേടിയ രണ്ടു കവികളാണ്‌ സ്റ്റീഫന്‍ സ്‌പെന്‍ഡറും (1909-) വില്യം എംപ്‌സണും (1906-). ഇംഗ്ലീഷ്‌ കവിത സർഗാത്മകവും സജീവവുമായി പുരോഗമിക്കുന്നുവെന്ന്‌ ജോണ്‍ ഓസ്‌ബോണ്‍ (1829-) തുടങ്ങിയവർ തെളിയിക്കുന്നു.

നാടകം

ഇംഗ്ലീഷ്‌ നാടകത്തിന്റെ നവോത്ഥാനത്തിന്‌ മുഖ്യാധാരം നോർവീജിയന്‍ നാടകകൃത്തായ ഹെന്‌റിക്‌ ഇബ്‌സന്റെ (1828-1906) കൃതികള്‍ ചെലുത്തിയ വ്യാപകമായ സ്വാധീനമാണ്‌. 1891-ൽ ഇബ്‌സന്റെ പ്രതങ്ങള്‍ ലണ്ടനിൽ അവതരിപ്പിക്കപ്പെടുകയും ഓസ്‌കാർ വൈൽഡും ആർതർ ജോണ്‍സും (1851-1921) എ. ഡബ്ലിയു. പിനെറോയും ഇംഗ്ലീഷ്‌ നാടകവേദിക്ക്‌ ഒരു പുതിയ മുഖം നല്‌കാന്‍ ആരംഭിക്കുകയും ചെയ്‌തതോടെയാണ്‌ സഹൃദയരിൽ ഈ ദൃശ്യകാവ്യമാധ്യമത്തിന്റെ ഊർജസ്വലമായ സ്വാധീനശക്തി അനുഭവവേദ്യമാകുന്നത്‌. ഈ അലയടിയുടെ ഉച്ചണ്ഡമായ വേലിയേറ്റത്തിൽ ബർണാർഡ്‌ ഷാ(1856-1950)യുടെ നിരവധി നാടകങ്ങള്‍ ഇംഗ്ലീഷ്‌ ജീവിതമേഖലയെയാകമാനം ഉടച്ചുവാർത്തു. സംഘർഷാത്മകങ്ങളായ സന്ദർഭങ്ങള്‍ സൃഷ്‌ടിക്കുകയും അവയിൽ ഭിന്നവീക്ഷണങ്ങളുള്ള പാത്രങ്ങളെ അവതരിപ്പിക്കുകയും ചെയ്യുന്നതിൽ ഷായെ അതിശയിക്കുന്ന ഒരു നാടകകൃത്ത്‌ ആധുനിക സാഹിത്യത്തിലൊരിടത്തും ഇല്ല. സാമൂഹികപ്രശ്‌നങ്ങളെ പൂർണഗൗരവത്തോടുകൂടി അവതരിപ്പിക്കുന്ന ഇബ്‌സന്റെ രചനാസരണി ഷായെ ആകർഷിച്ചു; വിവിധ വിഷയങ്ങളെക്കുറിച്ച്‌ തനിക്കുള്ള മൗലികചിന്തകളെ പ്രകാശിപ്പിക്കുന്നതിന്‌ പ്രശ്‌നനാടകമെന്ന സങ്കേതത്തെ ഷാ പരമാവധി പ്രയോജനപ്പെടുത്തി. ആക്ഷേപ ഹാസ്യനിർഭരവും ചടുലവുമായ സംഭാഷണരചനയിൽ അദ്ദേഹം അസമാനനാണ്‌. വിശ്വചൈതന്യ ശക്തിയെ സ്വാംശീകരിച്ചിട്ടുള്ള നിരവധി അതിമാനുഷകഥാപാത്രങ്ങള്‍ ഷാ ഒരുക്കിയ രംഗങ്ങളിലൂടെ മാറിമറിയുന്നു; വീണ്ടും പ്രത്യക്ഷപ്പെടുന്നു. മാന്‍ ആന്‍ഡ്‌ സൂപ്പർമാന്‍, ബാക്ക്‌ ടു മെഥുസെല്ല, സെന്റ്‌ ജോന്‍, സീസർ ആന്‍ഡ്‌ ക്‌ളിയോപാട്ര, മാന്‍ ഒഫ്‌ ഡെസ്റ്റിനി, മിസിസ്‌ വാറന്‍സ്‌ പ്രാഫഷന്‍, ഡോക്‌ടേഴ്‌സ്‌ ഡൈലമ തുടങ്ങി ചിന്തോദ്ദീപകങ്ങളും ജീവിതവിമർശനപരങ്ങളും ഹാസ്യപ്രധാനങ്ങളുമായ നിരവധിനാടകങ്ങള്‍ ഷായുടെ സംഭാവനകളായി ലഭിച്ചിട്ടുണ്ട്‌.

ഷായുടെ സമകാലീനനായ ജോണ്‍ ഗാൽസ്‌വർത്തി(1867-1933)യുടെ സ്റ്റ്രഡ്‌, സിൽവർ ബോക്‌സ്‌, ലോയൽറ്റീസ്‌ തുടങ്ങിയവയും പ്രശ്‌നനാടകങ്ങളാണ്‌. ഗ്രാന്‍വിൽ ബാർക്കർ (1877-1946), സോമർസൈറ്റ്‌ മോം (1874-1965), ജെ.എം. ബാരി (1860-1937), നോയൽ കവേർഡ്‌ (1899-), ചാള്‍സ്‌ മോർഗന്‍ (1894-1958), ജോണ്‍ ഓസ്‌ബോണ്‍ (1929-), ആർ.സി. ഷെരിഫ്‌ (1896-) തുടങ്ങിയവർ ഇംഗ്ലീഷ്‌ നാടകത്തിന്റെ വികാസത്തിന്‌ വഴിതെളിച്ചു; ഇതേസമയം യേറ്റ്‌സ്‌ ഐറിഷ്‌നാടകവേദിയെ സമുദ്ധരിക്കുന്നതിലും തത്‌പരനായിരുന്നു. ജെ.എം. സിംഗി(1871-1909)നെയും ലേഡി ആഗസ്റ്റപ്രാഗരി(1852-1932)യെയും സീന്‍ ഓകേസിയെയും (1888-1964) വളർത്തിയെടുത്തത്‌ ഐറിഷ്‌ നാടകവേദിയാണ്‌.

കാവ്യനാടകങ്ങള്‍ക്കും ഇരുപതാം നൂറ്റാണ്ടിൽ നവജീവന്‍ ലഭിച്ചു. എലിയട്ടിന്റെ മർഡർ ഇന്‍ ദ്‌ കതീഡ്രൽ, ഫാമിലി റീയൂണിയന്‍, കോക്‌ടേൽ പാർട്ടി തുടങ്ങിയവയും ക്രിസ്റ്റഫർ ഫ്രയുടെ (1907-) വീനസ്‌ ഒബ്‌സർവ്‌ഡും കലാസുഭഗങ്ങളാണ്‌. ഡബ്ലിയു.എച്ച്‌. ഒഡനും (1907-) ക്രിസ്റ്റഫർ ഐഷർവുഡ്ഡും (1904-) നർമരസപ്രധാനമായ കൃതികളാണ്‌ രചിച്ചിട്ടുള്ളത്‌.

നോവൽ

ഇംഗ്ലീഷ്‌ സാഹിത്യത്തിലെ ഏറ്റവും സംപുഷ്‌ടശാഖകളിലൊന്നായി നോവൽ എക്കാലത്തും നില ഉറപ്പിച്ചുതന്നെ കഴിയുന്നു. ജോർജ്‌ മൂറും (1852-1933) ജോസഫ്‌ കോണ്‍റാഡും (1857-1924) ആണ്‌ ഇരുപതാം നൂറ്റാണ്ടിന്റെ നോവലിന്‌ തുടക്കമിട്ടതെന്നു പറയാം. കോണ്‍റാഡിന്റെ ഹാർട്‌ ഒഫ്‌ ഡാർക്‌നെസ്‌, അൽമെയേഴ്‌സ്‌ ഫോളി എന്നീ കഥകള്‍ ചരിത്രപ്രാധാന്യമുള്ള രചനകളാണ്‌; മൂറിന്റെ നോവലുകള്‍ പലതും (എസ്‌തർ വില്യംസ്‌, സിസ്റ്റർ തെരിസാ, അണ്‍ടിൽഡ്‌ ഫീൽഡ്‌ തുടങ്ങിയവ) എമിലിസോളാ, ഗുസ്‌താവ്‌ ഫ്‌ളാബേ, ബാൽസാക്‌, തുർഗനേഫ്‌, ഡോസ്റ്റേയ്‌ വിസ്‌കി തുടങ്ങിയ ഫ്രഞ്ച്‌ റഷ്യന്‍ സാഹിത്യനായകന്മാരുടെ രചനാസിദ്ധികളെ അനുസ്‌മരിപ്പിക്കുന്നു. ആർണോള്‍ഡ്‌ ബന്നറ്റിന്റെ ഓള്‍ഡ്‌ വൈവ്‌സ്‌ ടെയ്‌ലും ഗാൽസ്‌വർത്തിയുടെ ഫോർസൈറ്റ്‌ സാഗായും കാലഘട്ടത്തിന്റെ സവിശേഷതകളുടെ ദർപ്പണങ്ങളാണ്‌. ഇ.എം. ഫോസ്റ്റർ (1879-1969), ജോർജ്‌ ഓർവെൽ (1903-50), ആൽഡസ്‌ ഹക്‌സിലി (1894-1963) തുടങ്ങിയവരുടെ കൃതികള്‍ ചിന്താപരതയ്‌ക്കാണ്‌ മുന്‍തൂക്കം കൊടുക്കുന്നത്‌.

ചാറ്റർലി പ്രഭ്വിയുടെ കാമുകനെയും സണ്‍സ്‌ ആന്‍ഡ്‌ ലവേഴ്‌സിനെയും മറ്റും സൃഷ്‌ടിച്ച ഡി.എച്ച്‌. ലോറന്‍സിനെ ഈ കാലത്തെ ഏറ്റവും മികച്ച നോവൽ പ്രതിഭ എന്ന്‌ ചില സാഹിത്യചരിത്രകാരന്മാർ വിശേഷിപ്പിക്കുന്നു. ബോധധാരാ പ്രസ്ഥാനം (Stream of Consciousness)എന്ന ശൈലിക്ക്‌ രൂപം നല്‌കി അതിന്‌ നിദർശനമായി യുലീസസ്‌ എന്ന കൃതി രചിച്ച ജെയിംസ്‌ ജോയിസ്‌ (1882-1941) വിശ്വനോവൽ സാഹിത്യത്തിന്റെ സ്വരൂപത്തെത്തന്നെ മാറ്റിമറിച്ച ഒരു മഹാപ്രതിഭയാണ്‌. വെർജീനിയാ വുള്‍ഫ്‌ (1882-1941), കാതറൈന്‍ മാന്‍സ്‌ഫീൽഡ്‌ (1888-1923), ഡൊറോത്തി റിച്ചാർഡ്‌സണ്‍ (1873-1957) തുടങ്ങിയവർ മനോവിജ്ഞാനീയം തങ്ങളുടെ നോവലുകളിൽ കടത്തിവിട്ടു. ആധുനിക ഇംഗ്ലീഷ്‌ നോവൽ കർത്താക്കളുടെ കൂട്ടത്തിൽ ഹെന്‌റി ഗ്രീന്‍ (1905-), എലിസബത്ത്‌ ബവന്‍ (1899-), ജോയ്‌സ്‌കാരി (1888-1957), വി.എസ്‌. പ്രിച്ചറ്റ്‌ (1900-), റെബക്കാ വെസ്റ്റ്‌ (1892-) ആന്റണിപണ്ണൽ (1905), ഗ്രഹാം ഗ്രീന്‍ (1904-) തുടങ്ങിയവർ പ്രമുഖസ്ഥാനം വഹിക്കുന്നു.

ചെറുകഥ

വിക്‌ടോറിയന്‍ യുഗത്തിലാണ്‌ പാശ്ചാത്യനാടുകളിൽ ആധുനിക ചെറുകഥ രൂപംകൊള്ളുന്നത്‌. അമേരിക്കക്കാരനായ എഡ്‌ഗാർ അല്ലന്‍പോ (1809-49) ആണ്‌ ഈ സാഹിത്യശാഖയുടെ ആദ്യകാല പ്രയോക്താക്കളിൽ പ്രമുഖന്‍. ഡിക്കന്‍സ്‌, സ്റ്റീവന്‍സണ്‍ തുടങ്ങിയവരുടെ ചെറുകഥകള്‍, അവരുടെ മറ്റ്‌ സാഹിത്യസൃഷ്‌ടികളെ അപേക്ഷിച്ചുനോക്കുമ്പോള്‍, വേണ്ടത്ര ഭാവതീവ്രത കിട്ടിയവയായിരുന്നു എന്ന്‌ പറയുക വയ്യ. ഇംഗ്ലീഷ്‌ ചെറുകഥ രൂപഭാവഭദ്രതകള്‍ നേടിയെടുത്തത്‌ ഇരുപതാം നൂറ്റാണ്ടിലാണ്‌. ജെയിംസ്‌ ജോയിസ്‌, കാതറൈന്‍ മാന്‍സ്‌ഫീൽഡ്‌, ജോണ്‍ ഗാൽസ്‌വർത്തി തുടങ്ങിയവരുടെ ചെറുകഥകള്‍ വിവിധ സങ്കീർണഭാവങ്ങളെ പകർത്തുന്നു. മോം, പ്രിസ്റ്റ്‌ലി, എച്ച്‌.എച്ച്‌. മണ്‍റോ (1870-1916) മുതലായവരുടെ ചെറുകഥകള്‍ സുന്ദരങ്ങളാണെങ്കിലും ഇതര സാഹിത്യ രൂപങ്ങളെപ്പോലെ ഈ ശാഖ ഇംഗ്ലീഷിൽ ആധിപത്യം സ്ഥാപിച്ചുകഴിഞ്ഞിട്ടുണ്ടോ എന്ന്‌ വിമർശകന്മാർ സംശയിക്കുന്നു. ഈ കാഥികരിലധികവും ചെറുകഥാകൃത്തുക്കളെന്നതിനെക്കാള്‍ നോവലിസ്റ്റുകള്‍ എന്ന യശസ്സാണ്‌ കാംക്ഷിക്കുന്നത്‌. ലോകത്തിലെ മിക്ക ഭാഷകളിലെയും ചെറുകഥകള്‍ ഇംഗ്ലീഷിലേക്ക്‌ വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്‌.

മറ്റു ഗദ്യശാഖകള്‍

ലാളിത്യം, പ്രസാദം, മാധുര്യം, സംഗീതാത്മകത, ദാർഢ്യം, ഭാവാത്മകത എന്നിവയെല്ലാം ആധുനിക ഇംഗ്ലീഷ്‌ ഗദ്യത്തിന്‌ സ്വായത്തങ്ങളാണ്‌. വിവിധ വിഷയങ്ങളെ ആസ്‌പാദമാക്കി ഈ നൂറ്റാണ്ടിൽ ആവിർഭവിച്ചിട്ടുള്ള വ്യാപകമായ ഗ്രന്ഥ-പ്രബന്ധ രചനകള്‍ ഇംഗ്ലീഷിന്റെ ഓജസ്സിനെയും പ്രൗഢിയെയും സരളതയെയും പ്രതിബിംബിപ്പിക്കുന്നു. ജി.കെ. ചെസ്റ്റർടണ്‍ (1874-1936), മാക്‌സ്‌ ബീർ ബോം (1876-1956), ജെ.ബി. പ്രീസ്റ്റ്‌ലി (1894-1971), സോമർ സെറ്റ്‌ മോം, ഇ.വി. ലൂകാസ്‌ (1868-1938) തുടങ്ങിയവർ ഉപന്യാസ മേഖലയിൽ അദ്വിതീയമായ ആധിപത്യം സ്ഥാപിച്ചു കഴിഞ്ഞിട്ടുള്ളവരാണ്‌. വിന്‍സ്റ്റണ്‍ ചർച്ചിൽ (1874-1965), എച്ച്‌.ജി. വെൽസ്‌, ആർണോള്‍ഡ്‌ ടോയിന്‍ബി (1889-1975), ബർട്രാന്‍ഡ്‌ റസ്സൽ (1872-1970) എന്നിവരുടെ ഗദ്യസാഹിത്യനായകത്വം അധൃഷ്യമായി നിലകൊള്ളുന്നു. ആത്മകഥകളും ജീവചരിത്രങ്ങളും യാത്രാ വിവരണങ്ങളും ആധുനിക ഇംഗ്ലീഷിൽ സുലഭമാണ്‌. വിജ്ഞാനശാഖകള്‍ അഭൂതപൂർവമാംവിധം വികസിച്ചിരിക്കുന്നു. സാഹിത്യ വിമർശനം തികച്ചും സമ്പുഷ്‌ടമാണ്‌. ഇംഗ്ലീഷിൽ നവീന സാഹിത്യ വിമർശനത്തിന്‌ തുടക്കം കുറിച്ചത്‌ ടി.എസ്‌. എലിയട്ടാണ്‌. അതിനെ ഐ.എ.റിച്ചാർഡ്‌സ്‌ (1893-) മനോവിജ്ഞാനീയ പ്രധാനമാക്കി; അദ്ദേഹത്തിന്റെ അനുയായിയായ വില്യം എംപ്‌സണ്‍ (1906-) വിമർശനശാഖയെ പിന്നെയും വികസിപ്പിച്ചു. ആ തലമുറയിലെ കരുത്തുറ്റ ഒരു വിമർശകനാണ്‌ പി.ഡബ്ലിയു. ലെവിസ്‌ (1884-1967). ആധുനിക വിമർശകന്മാരുടെ കൂട്ടത്തിൽ സി.പി.സ്‌നോ (1905-) സുപ്രധാനമായ ഒരു പദവിക്ക്‌ അർഹനാണ്‌. പത്തൊന്‍പതാം ശ.-ത്തിൽ മാത്യു ആർണോള്‍ഡ്‌ ആവിഷ്‌കരിച്ച ധാർമികസിദ്ധാന്തങ്ങളിൽനിന്നും അത്‌ ഇരുപതാം ശതകത്തിൽ എലിയട്ട്‌ അനാവരണം ചെയ്‌ത ആധുനിക പരിപ്രക്ഷ്യങ്ങളുടെ ചക്രവാളങ്ങളിലേക്ക്‌ പടർന്നു വ്യാപിച്ചിരിക്കുന്നു.

ഇംഗ്ലീഷ്‌ സാഹിത്യം 1950-2000. ഇരുപതാം നൂറ്റാണ്ടിന്റെ ഉത്തരാർധത്തിൽ ഇംഗ്ലീഷ്‌ സാഹിത്യം അപൂർവമായ നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ട്‌. പാരമ്പര്യത്തിലുള്ള വിശ്വാസവും പരീക്ഷണോന്മുഖതയും തമ്മിലുള്ള സംഘർഷവും സൃഷ്‌ടിവൈഭവത്തിലൂടെ നേടിയെടുത്ത സർഗാത്മകമായ അനുരഞ്‌ജനവും ഈ കാലഘട്ടത്തിലെ സാഹിത്യത്തിന്റെ മുഖ്യപ്രവണതകളായി കണക്കാക്കാം. രണ്ടാം ലോകയുദ്ധത്തിനുശേഷമുള്ള ബ്രിട്ടീഷ്‌ സാമ്രാജ്യത്തിന്റെ തകർച്ചയും, യൂറോപ്യന്‍ സമൂഹത്തിലും ലോകരാഷ്‌ട്രങ്ങള്‍ക്കിടയിലും ബ്രിട്ടന്റെ പ്രഭാവം കുറഞ്ഞു തുടങ്ങിയതും ആവർത്തിച്ചുവന്ന സാമ്പത്തിക പ്രതിസന്ധികളും ബ്രിട്ടീഷ്‌ ജനതയുടെ ആത്മവീര്യത്തിനു മങ്ങലേല്‌പിച്ചിരുന്നു. അമ്പതുകളിലെയും അറുപതികളിലെയും ഇംഗ്ലീഷ്‌ സാഹിത്യം ആശയപരമായ സന്ദിഗ്‌ധതയോടൊപ്പം നഷ്‌ടപ്പെട്ട ദിശാബോധം വീണ്ടെടുക്കാനുള്ള ശ്രമത്തെയും പ്രതിഫലിപ്പിക്കുന്നു. ജോണ്‍ ഓസ്‌ബോണ്‍, കിങ്‌സ്‌ലി, ജോണ്‍വെയ്‌ന്‍ തുടങ്ങിയ ക്ഷോഭിക്കുന്ന യുവസാഹിത്യകാരന്മാരുടെ രംഗപ്രവേശം അമ്പതുകളുടെ ഒടുവിലായിരുന്നു. എന്നാൽ തുടർന്നുള്ള ദശകങ്ങളിൽ കൂടുതൽ സമഗ്രവും ആധുനികവുമായ ഒരു ജീവിതദർശനം ആവിഷ്‌കരിക്കുന്നതിനുള്ള സാങ്കേതിക രൂപങ്ങള്‍ കണ്ടെത്തുന്നതിലാണ്‌ ആംഗല സാഹിത്യകാരന്മാർ ശ്രദ്ധ ചെലുത്തിയത്‌. മനുഷ്യപ്രകൃതിയുടെ ആന്തരികഭാവങ്ങളെക്കുറിച്ചുള്ള സൂക്ഷ്‌മവും അനുഭവജ്ഞാനപരവുമായ അന്വേഷണങ്ങളിലും അവർ തത്‌പരരായിരുന്നു.

ക. കവിത. സിംബലിസ്റ്റ്‌ പാരമ്പര്യത്തിനും നവകാല്‌പനികതയ്‌ക്കും എതിരായ കലാപം എന്ന നിലയിലാണ്‌ ഈ കാലഘട്ടത്തിലെ കവിതയുടെ ആരംഭം. ദ്‌ മൂവ്‌മെന്റ്‌ എന്ന പേരിൽ അറിയപ്പെടുന്ന കാവ്യപ്രസ്ഥാനമാണ്‌ ഈ കലാപത്തിനു രൂപം കൊടുത്തത്‌. ഫിലിപ്പ്‌ ലാർകിന്‍, ഡൊണാള്‍ഡ്‌ ഡേവി, തോം ഗണ്‍, ഡി.ജെ. എന്‍റൈറ്റ്‌, റോബർട്ട്‌ കോണ്‍ക്വസ്റ്റ്‌ തുടങ്ങിയവരാണ്‌ ശ്രദ്ധേയരായ മൂവ്‌മെന്റ്‌ കവികള്‍. ഇവരിൽ ഏറ്റവും മികച്ച കാവ്യപ്രതിഭ ഫിലിപ്പ്‌ ലാർക്കിന്‍ (1922-85) തന്നെയാണ്‌. മിത്തും മിസ്റ്റിസിസവും പാണ്ഡിത്യപ്രകടനവും ഒഴിവാക്കിക്കൊണ്ട്‌ യഥാർഥ ജീവിതാനുഭവങ്ങളിൽ ഒളിഞ്ഞിരിക്കുന്ന ദൈന്യതയും നർമവും വൈരുധ്യങ്ങളും ശില്‌പഭംഗിയാർന്ന തന്റെ ഭാവഗീതങ്ങളിലൂടെ ലാർക്കിന്‍ ചിത്രീകരിച്ചു. തരളവും ദീപ്‌തവുമാണ്‌ ലാർക്കിന്റെ കാവ്യശൈലി. സങ്കീർണമായ അർഥതലങ്ങളെ കാവ്യാത്മകമായും യുക്തിഭദ്രമായും സമന്വയിപ്പിക്കുന്ന ഒരു രചനാസങ്കേതം അദ്ദേഹം സ്വായത്തമാക്കിയിട്ടുണ്ട്‌. ദ്‌ ലെസ്‌ ഡിസീവ്‌ഡ്‌ (1955), ദ്‌ വിറ്റ്‌സന്‍ വെഡ്ഡിങ്ങ്‌സ്‌ (1964), ഹൈ വിന്‍ഡോസ്‌ (1964) എന്നിവയാണ്‌ ലാർക്കിന്റെ പ്രധാന കവിതാസമാഹാരങ്ങള്‍.

മൗലിക പ്രതിഭകൊണ്ട്‌ ലാർക്കിനു സമശീർഷരായ കവികളാണ്‌ റ്റെഡ്‌ ഹ്യൂസും (1930-) സീമസ്‌ ഹീനിയും (1939). പ്രതിപാദ്യത്തിലും ബിംബകല്‌പനയിലും ശബ്‌ദഘടനാരീതിയിലും റ്റെ്‌ഡ്‌ ഹ്യൂസിന്റെ കവിതകള്‍ ആംഗല കാവ്യപാരമ്പര്യത്തിന്റെ മുഖ്യധാരയിൽ നിന്നു അകന്നുനില്‌ക്കുന്നു. മൃഗങ്ങളെയും പക്ഷികളെയും പ്രധാന കാവ്യവിഷയമാക്കിക്കൊണ്ട്‌ ഹ്യൂസ്‌ പരിഷ്‌കാരത്തിന്റെ കൃത്രിമത്വത്തിനും കാപട്യത്തിനുമെതിരെ ആഞ്ഞടിച്ചു. മനുഷ്യന്റെ അധികാരദുർമോഹത്തിനെതിരെ ജന്തുജീവിതത്തിന്റെ സഹജമായ പ്രസരിപ്പും സ്വാതന്ത്യ്രവാസനയും അദ്ദേഹം ഉയർത്തിക്കാട്ടി. സ്രഷ്‌ടാവും സൃഷ്‌ടിയും തമ്മിലുള്ള ബന്ധത്തെ പുനർനിർവചിക്കുന്ന ക്രാ (1970) എന്ന കാവ്യസമുച്ചയമാണ്‌ ഹ്യൂസിനെ പ്രശസ്‌തിയിലേക്കയുർത്തിയത്‌. മറ്റു പ്രധാന കൃതികള്‍ ഹാക്‌ ഇന്‍ ദ്‌ റെയ്‌ന്‍ (1957), ലൂപർകള്‍ (1960), വോഡ്‌വോ (1967), മൂർടൗണ്‍ ഡയറി (1979) എന്നിവയാണ്‌.

ക്രാന്തദർശിയായ സീമസ്‌ ഹീനി (1939-) ഒരേ സമയം ആംഗലകാവ്യസരണിയുടെയും ഐറിഷ്‌ കാവ്യപാരമ്പര്യത്തിന്റെയും ഭാഗമാണ്‌. ഡെത്ത്‌ ഒഫ്‌ എ നാച്യുറലിസ്റ്റ്‌ (1966), ഡോർ ഇന്‍റ്റു ദ്‌ ഡാർക്‌ (1969) എന്നീ ആദ്യകാല കൃതികളിൽ ഹീനി തന്റെ ജന്മനാടായ ഐർലന്‍ഡിലെ മച്ചിന്റെയും മനുഷ്യരുടെയും ജീവസ്സുറ്റ ചിത്രങ്ങള്‍ ഉള്‍ക്കാഴ്‌ചയോടെ അവതരിപ്പിച്ചു. പില്‌കാല കൃതികളായ നോർത്ത്‌ (1975), ഫീൽഡ്‌വർക്ക്‌ (1979) എന്നിവ അധിനിവേശത്തിന്റെയും അധികാരത്തിന്റെയും പ്രശ്‌നങ്ങളെ കാവ്യാത്മകമായി ചിത്രീകരിക്കുന്നവയാണ്‌. വാക്കുകളുടെ സാംസ്‌ക്കാരികവും ചരിത്രപരവുമായ അർഥതലങ്ങളിലേക്കും ചരിത്ര സ്‌മൃതികളിലേക്കും അവധാനതയോടെ കടന്നുചെല്ലുന്നവയാണ്‌ എണ്‍പതുകളിൽ അദ്ദേഹം രചിച്ച മിക്ക കവിതകളും.

ഐറിഷ്‌ ജീവിതാനുഭവങ്ങളെ പ്രതിപാദ്യമായി സ്വീകരിയ്‌ക്കുകയും ബ്രിട്ടീഷ്‌ സംസ്‌കാരത്തിന്റെ തന്നെ മേൽക്കോയ്‌മക്കെതിരെ ശബ്‌ദമുയർത്തുകയും ചെയ്‌തിട്ടുള്ള ഹീനിയുടെ തലമുറയിലെ മറ്റു പ്രമുഖകവികളാണ്‌ ഡെറക്‌ മഹോന്‍, പോള്‍ മള്‍ഡൂണ്‍, ടോണി ഹാരിസന്‍ തുടങ്ങിയവർ. ഐറിഷ്‌ കവികളെപ്പോലെ വെൽഷ്‌ കവികളും ആധുനിക ബ്രിട്ടീഷ്‌ കവിതയുടെ വളർച്ചയിൽ കാര്യമായ പങ്കുവഹിച്ചിട്ടുണ്ട്‌. ഡിലന്‍ തോമസ്‌, ഡേവിഡ്‌ ജോണ്‍സ്‌, ആർ.എസ്‌. തോമസ്‌ എന്നിവരാണ്‌ ഇവരിൽ ശ്രദ്ധേയരായിട്ടുള്ളത്‌. ദർശനത്തിലും രചനാസങ്കേതത്തിലും പുതുമ നിലനിർത്തുന്ന കവികളാണ്‌ പീറ്റർ റെഡ്‌ഗ്രാവും ഡൊണാൽഡ്‌ ഡേവിയും. ഇരുപതാം ശ.-ത്തിന്റെ അവസാന ദശകത്തിൽ ആംഗല കവിതയിൽ ഏറ്റവും ശക്തമായി മുഴങ്ങിക്കേട്ട ശബ്‌ദം സൈമണ്‍ ആർമിറ്റേജ്‌, മൈക്കേൽ ഡൊണാഗ്‌, കരോള്‍ ആന്‍ ഡഫി എന്നിവരുടേതാണ്‌. കക.നോവൽ. ഈ കാലഘട്ടത്തിലെ ഇംഗ്ലീഷ്‌ നോവൽ സാഹിത്യം ഇതിവൃത്തത്തിലും ആഖ്യാനകലയിലും ജീവിതചിത്രീകരണത്തിലും തികച്ചും സമ്പന്നമാണ്‌. ബ്രിട്ടീഷ്‌ ഉപരിവർഗസംസ്‌കാരത്തിന്റെയും അക്കാഡമിക ജീവിതത്തിന്റെയും കാപട്യങ്ങളെ തുറന്നു കാണിച്ചുക്കൊണ്ട്‌ അമ്പതുകളിൽ കിങ്‌സ്‌ലി ഏമിസ്‌, ജോണ്‍ വെയ്‌ന്‍, ഡേവിഡ്‌ ലോഡ്‌ജ്‌ എന്നിവർ ചിന്തോദ്ദീപകങ്ങളായ നോവലുകള്‍ രചിച്ചു. ഡോറിസ്‌ ലെസ്സിങ്ങിന്റെ ആദ്യനോവലായ ദ്‌ ഗ്രാസ്‌ ഈസ്‌ സിങിങ്‌ (1950) ബ്രിട്ടീഷ്‌ സാമ്രാജ്യം നല്‌കുന്ന സുരക്ഷിതത്വബോധം എന്തുമാത്രം ദുർബലമാണെന്ന്‌ വ്യക്തമാക്കി. ചിൽഡ്രന്‍ ഒഫ്‌ വയലന്‍സ്‌ എന്ന ലെസിങ്ങിന്റെ നോവൽ സീക്വെന്‍സ്‌ സ്‌ത്രീപക്ഷ രാഷ്‌ട്രീയത്തിന്റെ കാഴ്‌ചപ്പാടിലൂടെ വ്യക്തിബന്ധങ്ങളെയും സമകാലിക ചരിത്രത്തെയും ഭാവസാന്ദ്രമായി അവതരിപ്പിച്ചു.

മൂല്യബോധത്തിന്റെയും സാമൂഹ്യബന്ധങ്ങളുടെയും പശ്ചാത്തലത്തിൽ വ്യക്തിജീവിതത്തിന്റെ ആന്തരിക യാഥാർഥ്യങ്ങള്‍ ആവിഷ്‌കരിച്ച മറ്റൊരു പ്രമുഖ വനിതാ നോവലിസ്റ്റാണ്‌ ഐറിസ്‌ മർഡോക്‌ (1919-). സാർത്ര്‌: റൊമാന്റിക്‌ റാഷണലിസ്റ്റ്‌ (1953) എന്ന പ്രസിദ്ധ വിമർശനകൃതിയുടെ രചയിതാവായ മർഡോക്‌ തന്റെ നോവലുകള്‍ക്ക്‌ അപൂർവമായ ഒരു ദാർശനികമാനം നൽകി. ധാർമികവും നൈതികവുമായ പ്രശ്‌നങ്ങളെ പുതിയ കാഴ്‌ചപ്പാടിൽ അപഗ്രഥിക്കുന്ന ദ്‌ ബെൽ (1958) ദ്‌ ബ്ലാക്‌ പ്രിന്‍സ്‌ (1973), ദ്‌ സീ, ദ്‌ സീ (1978) തുടങ്ങിയ അവരുടെ നോവലുകള്‍ ശില്‌പപരമായും മികവുറ്റവയാണ്‌. സർഗശക്തിയിലും രചനാ പാടവത്തിലും ഐറിസ്‌ മർഡോക്കിനെപോലെ തന്നെ സമുന്നതനായ നോവലിസ്റ്റാണ്‌ ആംഗസ്‌ വിൽസണ്‍ (1913-91). എമിലി സോള, ചാള്‍സ്‌ ഡിക്കന്‍സ്‌, ജോർജ്‌ എല്യറ്റ്‌ തുടങ്ങിയ പ്രതിഭകളുടെ സ്വാധീനം ഉള്‍ക്കൊണ്ട വിൽസണ്‍ റിയലിസ്റ്റ്‌ രചനാ സങ്കേതത്തിന്റെ സാധ്യതകളെ പൂർണമായും പ്രയോജനപ്പെടുത്തി. സമകാലീന സംഘർഷങ്ങളെയും ഉത്‌കണ്‌ഠകളെയും വിശാലമായ ക്യാന്‍വാസിൽ ചിത്രീകരിക്കുന്ന അദ്ദേഹത്തിന്റെ മറ്റു പ്രധാന നോവലുകളാണ്‌ ആംഗ്ലോസാക്‌സന്‍ ആറ്റിറ്റ്യൂഡ്‌സ്‌ (1956), ദ്‌ മിഡിൽ ഏജ്‌ ഒഫ്‌ മിസ്സിസ്‌ എല്യറ്റ്‌ (1958), നോ ലാഫിങ്‌ മാറ്റർ (1967) എന്നിവ.

ഈ കാലഘട്ടത്തിലെ ഏറ്റവും മികച്ച പ്രതിഭാസമ്പന്നരായ നോവലിസ്റ്റുകളിൽ ഒരാളാണ്‌ വില്യം ഗോള്‍ഡിങ്ങ്‌ (1911-93). ആധുനിക സംസ്‌കാരത്തിന്റെ ഘടനയെയും കെട്ടുറപ്പിനെയും നിശിതമായി ചോദ്യം ചെയ്യുന്ന അദ്ദേഹത്തിന്റെ ദാർശനികവീക്ഷണം മനുഷ്യനിലെ ഭീകരമായ തിന്മയെ ഒരു അടിസ്ഥാന യാഥാർഥ്യമായി കണക്കാക്കുന്നു. ലോർഡ്‌ ഓഫ്‌ ദ്‌ ഫ്‌ളൈസ്‌ (1954) ദി ഇന്‍ഹെരിറ്റേഴ്‌സ്‌ (1955), ഡാർക്‌നെസ്‌ വിസിബിള്‍ (1979) തുടങ്ങിയ നോവലുകളിൽ മനുഷ്യവർഗത്തിന്റെ ധാർമികമായ അപചയത്തെ ഒരു അന്യാപദേശ കഥയുടെ രൂപത്തിൽ കലാമേന്മയോടുകൂടി ഗോള്‍ഡിങ്‌ അവതരിപ്പിച്ചിട്ടുണ്ട്‌. സാഹിത്യവിമർശകർ പലപ്പോഴും ഗോള്‍ഡിങ്ങിനെ ജോസഫ്‌ കോണ്‍റാഡുമായാണ്‌ താരതമ്യപ്പെടുത്തുന്നത്‌.

ആഖ്യാനകലയിൽ പല സാങ്കേതിക പരീക്ഷണങ്ങളും നടത്തിയിട്ടുള്ള ജോണ്‍ ഫൗള്‍സ്‌ (1926-) ഒരു ഉത്തരാധുനിക നോവലിസ്റ്റായാണ്‌ പ്രധാനമായും അറിയപ്പെടുന്നത്‌. ഫൗള്‍സിന്റെ ദ്‌ ഫ്രഞ്ച്‌ ലെഫ്‌റ്റനന്റ്‌സ്‌ വുമണ്‍ (1969) ദ്‌ മാഗസ്‌ (1966) ഡാനിയൽ മാർട്ടിന്‍ (1977) എന്നീ നോവലുകള്‍ അസാധാരണമായ വായനാനുഭവങ്ങളാണ്‌ അനുവാചകർക്ക്‌ നല്‌കുന്നത്‌. ആൽബർട്ട്‌ ഏഞ്ചലോ (1964) എന്ന നോവലിന്റെ രചയിതാവെന്ന നിലയിൽ പ്രസിദ്ധനായ ബി.എസ്‌. ജോണ്‍സനും ആധുനിക ഇംഗ്ലീഷ്‌ നോവലിന്റെ രൂപമാതൃകകളിൽ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്‌. തൊഴിലാളിവർഗത്തിന്റെ ജീവിതാനുഭവങ്ങളെ പ്രമേയമായി സ്വീകരിച്ച അല്ലന്‍ സില്ലിറ്റോ വ്യത്യസ്‌തമായ ഒരു മാർഗം ഇംഗ്ലീഷ്‌ നോവൽ സാഹിത്യത്തിനു തുറന്നുകൊടുത്തു.

സ്‌ത്രീപക്ഷവാദികളായ നോവലിസ്റ്റുകളുടെ സംഭാവനയും എടുത്തുപറയേണ്ടതാണ്‌. മ്യൂര്യൽ സ്‌പാർക്‌ (1918-), മാർഗററ്റ്‌ ഡ്രാബിള്‍ (1939-), ഏഞ്ചലോ കാർട്ടർ (1940-1992) എന്നിവർ ഡോറിസ്‌ ലെസ്സിങ്ങിനെപ്പോലെ സ്‌ത്രീപക്ഷ നോവലിസ്റ്റുകളാണ്‌. എന്നാൽ ഇംഗ്ലണ്ടിന്റെ പൊതുവായ സാംസ്‌കാരികാവസ്ഥയിലേക്കും നൈതികമൂല്യങ്ങളുടെ അനിർവാര്യതയിലേക്കും അവരുടെ ദാർശനികവീക്ഷണം കടന്നുചെല്ലുന്നുണ്ട്‌. ഏഞ്ചലാ കാർട്ടർ മറ്റു വനിതാ നോവലിസ്റ്റുകളിൽനിന്നും വേറിട്ടുനില്‌ക്കുന്നു. മാജിക്ക്‌ റിയലിസം, ഫാന്റസി, ബുദ്ധിപരമായ നർമോക്തി തുടങ്ങിയ ആഖ്യാന രീതികളിലൂടെ റിയലിസത്തിൽ നിന്നു ഭിന്നമായ ഒരു രചനാ സങ്കേതം രൂപപ്പെടുത്തുവാന്‍ അവർക്ക്‌ കഴിഞ്ഞു.

ബ്രിട്ടീഷുകാരല്ലാത്ത പ്രതിഭാധനരായ പല എഴുത്തുകാരും ഈ കാലഘട്ടത്തിലെ ഇംഗ്ലീഷ്‌ നോവൽ സാഹിത്യത്തെ സമ്പന്നമാക്കിയിട്ടുണ്ട്‌. ഇവരിൽ പ്രമുഖരാണ്‌ ജീന്‍ റൈസ്‌ (1894-1979), വി.എസ്‌. നെയ്‌പാള്‍ (1932-) സാൽമന്‍ റഷ്‌ദി (1947-), കാസുവൊ ഇഷിഗുരൊ (1954) എന്നീ അന്താരാഷ്‌ട്ര പ്രശസ്‌തി നേടിയിട്ടുള്ള നോവലിസ്റ്റുകള്‍.

കകക.നാടകം. 20-ാം ശ.-ത്തിന്റെ ഉത്തരാർധം ഇംഗ്ലീഷ്‌ നാടകത്തെ സംബന്ധിച്ചിടത്തോളം ഊർജസ്വലമായ ഒരു കാലഘട്ടമായിരുന്നു. സാമൂഹിക സാംസ്‌കാരിക പ്രതിസന്ധികളെ പ്രതിഫലിപ്പിക്കുന്നതോടൊപ്പം നാടകത്തിന്റെ ഉള്ളടക്കത്തിലും രചനാസങ്കേതത്തിലും നിരവധി പരീക്ഷണങ്ങളും നടത്തുകയുണ്ടായി. സാമുവൽ ബെക്കറ്റിന്റെ വെയിറ്റിങ്‌ ഫോർ ഗോദോ (1952), എന്‍ഡ്‌ഗെയിം (1958), ഹാപ്പി ഡെയ്‌സ്‌ (1961) എന്നീ നാടകങ്ങള്‍ മനുഷ്യാസ്‌തിത്വത്തിന്റെ ദുരൂഹതയെയും അർഥരാഹിത്യത്തെയും പ്രതിപാദ്യവിഷയമാക്കി. ഒരു നോവലിസ്റ്റു കൂടിയായ ബെക്കറ്റ്‌ നാടകകലയുടെ രൂപഭാവങ്ങളിൽ മൗലികമായ പരിവർത്തനങ്ങള്‍ വരുത്തി.

ലുക്ക്‌ ബാക്ക്‌ ഇന്‍ ആങ്‌ഗെർ (1956) എന്ന തന്റെ ആദ്യനാടകത്തിലൂടെ ജോണ്‍ ഓസ്‌ബോണ്‍ (1929-94) ക്ഷോഭിക്കുന്ന യുവതലമുറയുടെ ആശങ്കകള്‍ ശക്തമായി പ്രകടിപ്പിച്ചു. ശിഥിലമായിക്കൊണ്ടിരിക്കുന്ന ഒരു സാമൂഹ്യവ്യവസ്ഥിതിയിൽ ഒറ്റപ്പെട്ടുപോകുന്ന വ്യക്തിയുടെ മാനസിക സംഘർഷങ്ങളെ നവറിയലിസ്റ്റ്‌ സങ്കേതത്തിലൂടെ ചിത്രീകരിച്ച ഓസ്‌ബോണ്‍ പെട്ടെന്നുതന്നെ പ്രക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റി. ബെക്കറ്റിന്റെ അസംബന്ധ നാടകവേദിയുമായി ആദ്യകാലത്തു ബന്ധപ്പെട്ട ഹരോള്‍ഡ്‌ പിന്റർ (1930-) പിന്നീട്‌ "കോമഡി ഓഫ്‌ മെനസ്‌' എന്ന നാടകപ്രസ്ഥാനത്തിനു തുടക്കം കുറിച്ചു. ദ്‌ റൂം (1957), ദ്‌ ബർത്‌ഡേ പാർട്ടി (1957), ദ്‌ കെയർടേക്കർ (1960) തുടങ്ങിയ നാടകങ്ങളിൽ അക്രമത്തിന്റെയും ഭീഷണിയുടെയും നിഴലിൽ വീർപ്പുമുട്ടി കഴിയുന്ന വ്യക്തിജീവിതത്തിന്റെ ദുരിതങ്ങള്‍ പിന്റർ വരച്ചുകാട്ടി. യുട്ടോപ്യന്‍ സോഷ്യലിസത്തിന്റെ ആശയങ്ങളുള്‍ക്കൊണ്ട ആർനള്‍ഡ്‌ വെസ്‌കറും (1932-) ജീവിതത്തിലെ യുക്തിരാഹിത്യത്തെ പ്രമേയമാക്കിയ ടോം സ്റ്റോപ്പാഡും (1937-) ഇംഗ്ലീഷ്‌ നാടകകലയുടെ വളർച്ചയ്‌ക്ക്‌ വലിയ സംഭാവനകള്‍ ചെയ്‌തിട്ടുണ്ട്‌. എടുത്തുപറയേണ്ട മറ്റു നാടകകൃത്തുക്കള്‍ ജോ. ഓർട്ടോണ്‍, എഡ്വേഡ്‌ ബോണ്ട്‌, കാരിൽ ചർച്ചിൽ എന്നിവരാണ്‌. എഴുപതുകളിലും എണ്‍പതുകളിലും ഇടതുപക്ഷ ചിന്താഗതിയുള്ള നാടകകൃത്തുക്കള്‍ വളരെ സജീവമായിരുന്നു. സാമൂഹ്യാപഗ്രഥനപരമായ നാടകങ്ങള്‍ രചിച്ച അവരിൽ പ്രമുഖർ ഹോവാഡു ബ്രന്റർ, ട്രവൽ ഗ്രിഫിത്‌സ്‌, ഡേവിഡ്‌ ഹെയർ, ഡേവിഡ്‌ എഡ്‌ഗർ എന്നിവരാണ്‌. ആധുനിക ഇംഗ്ലീഷ്‌ നാടകപ്രസ്ഥാനത്തിനു ഒരേ സമയം സാമൂഹികമായ ലക്ഷ്യബോധവും കലാപരമായ മേന്മയും നല്‌കുന്നതിൽ അവർ ഒരളവുവരെ വിജയിച്ചു.

20-ാം ശ.-ത്തിന്റെ അവസാന ദശകങ്ങളിൽ ഏറ്റവും കൂടുതൽ ജനപ്രീതി നേടിയ നാടകകൃത്ത്‌ ഒരുപക്ഷേ അലന്‍ ഐക്‌ബോണ്‍ ആണ്‌. ദാർശനികമായ ഉള്‍ക്കാഴ്‌ചയും നർമബോധവും സർഗവൈഭവവും ഒത്തുചേർന്ന ഒരു അതുല്യപ്രതിഭയാണ്‌ ഐക്‌ബോണ്‍. 20-ാം ശ.-ത്തിന്റെ ഉത്തരാർധത്തിൽ ഇംഗ്ലീഷ്‌ സാഹിത്യം വൈവിധ്യത്തിലും വ്യാപ്‌തിയിലും സമകാലിക പ്രസക്തിയിലും പ്രശംസനീയമായ നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ട്‌. പാരമ്പര്യത്തിന്റെ അപൂർവ സാധ്യതകളെ ആധുനിക പ്രവണതകളുമായി സമന്വയിപ്പിച്ച്‌ വികസിപ്പിക്കുവാന്‍ കഴിഞ്ഞുവെന്നതാണ്‌ ഈ കാലഘട്ടത്തിലെ ഇംഗ്ലീഷ്‌ സാഹിത്യത്തിന്റെ പ്രകടമായ സവിശേഷത.

ഉപസംഹാരം

ആകെക്കൂടി നോക്കുമ്പോള്‍ ആഴവും പരപ്പുംകൊണ്ട്‌ ഇംഗ്ലീഷ്‌ സാഹിത്യത്തിന്റെ വ്യാപനം എവിടെവരെ എത്തിയിട്ടുണ്ടെന്ന്‌ ഖണ്ഡിതമായി നിർണയിക്കാനാവാത്ത സ്ഥിതിയാണിന്ന്‌. അയർലന്‍ഡിലും സ്‌കോട്‌ലന്‍ഡിലും അമേരിക്കയിലും ഇംഗ്ലീഷ്‌ സാഹിത്യം ഉദാരമേദുരമായി വികസിച്ചുകഴിഞ്ഞിരിക്കുന്നു; വിശേഷിച്ചും അമേരിക്കന്‍ ഇംഗ്ലീഷ്‌ ഭാഷാസാഹിത്യങ്ങള്‍ മൂലകുടുംബത്തെ അതിലംഘിച്ച്‌ വളരുകയാണ്‌. ഇന്ത്യ, ആസ്റ്റ്രലിയ, കാനഡ, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിൽനിന്ന്‌ ഇംഗ്ലീഷിന്‌ ലഭിച്ചുകൊണ്ടിരിക്കുന്ന സംഭാവനകളും അവഗണിക്കാന്‍ ആവതല്ല.

ഇന്നത്തെ കാഴ്‌ചപ്പാടിൽനിന്ന്‌ നോക്കുമ്പോഴും ഇംഗ്ലീഷ്‌ ഭാഷാസാഹിത്യങ്ങളുടെ പ്രഭവകേന്ദ്രം ഷെയ്‌ക്‌സ്‌പിയറുടെ അദ്‌ഭുതപ്രതിഭയാണ്‌; ചോസറും സ്‌പെന്‍സറും മിൽടണും വേഡ്‌സ്‌വർത്തും ഷെല്ലിയും കീറ്റ്‌സും ഷായും എലിയട്ടും കൂടി ഇംഗ്ലീഷ്‌ സാഹിത്യത്തെ അത്യുന്നത ശ്രണിയിലെത്തിച്ചു. സാഹിത്യ വിമർശനത്തിൽ ഡ്രഡണും ജോണ്‍സും ആർണോള്‍ഡും എലിയട്ടും തങ്ങളുടെ കഴിവുകള്‍ തെളിയിച്ചു. എല്ലാ ലോകഭാഷകളിലെയും ഉത്‌കൃഷ്‌ടകൃതികളുടെ വിവർത്തനം ഇംഗ്ലീഷിനെ അനന്തവിശാലമാക്കിയിരിക്കുന്നു. ഇന്ത്യയുടെ സാംസ്‌കാരിക നവോത്ഥാനത്തിന്‌ ഇംഗ്ലീഷ്‌ ഭാഷാപഠനവും ഇംഗ്ലീഷ്‌ സാഹിത്യപരിചയവും നല്‌കിയ സംഭാവന അമേയമാണ്‌. നോ: അമേരിക്കന്‍ സാഹിത്യം; ആംഗ്‌ളോ സാക്‌സണ്‍ സാഹിത്യം; ആസ്റ്റ്രലിയന്‍ സാഹിത്യം; സാഹിത്യം; ഇന്തോ-ആംഗ്‌ളിയന്‍ സാഹിത്യം; എലിസബത്തന്‍യുഗം; വിക്‌ടോറിയന്‍ കാലഘട്ടം.

(പ്രാഫ.കെ. എം. തരകന്‍; ഡോ. ശ്രീനിവാസന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍