This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാര്‍ബോഹൈഡ്രറ്റുകള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

08:52, 24 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

കാര്‍ബോഹൈഡ്രറ്റുകള്‍

Carbohydrates

കാര്‍ബണ്‍, ഹൈഡ്രജന്‍, ഓക്‌സിജന്‍ എന്നീ മൂലകങ്ങളാല്‍ നിര്‍മിതമായ, പ്രകൃതിയില്‍ ഏറ്റവും സുലഭമായി കാണപ്പെടുന്ന ഒരു വിഭാഗം യൗഗികങ്ങള്‍. പഞ്ചസാര, സ്റ്റാര്‍ച്ച്‌, സെലുലോസ്‌ തുടങ്ങിയവ കാര്‍ബോഹൈഡ്രറ്റുകളാണ്‌. നിര്‍മാണപദാര്‍ഥങ്ങള്‍ എന്ന നിലയിലും ജൈവപ്രക്രിയകള്‍ നിലനിര്‍ത്താനുപകരിക്കുന്ന ഘടകങ്ങള്‍ എന്ന നിലയിലും സസ്യങ്ങളിലും ജന്തുക്കളിലും കാര്‍ബോഹൈഡ്രറ്റുകള്‍ക്ക്‌ വമ്പിച്ച പ്രാധാന്യമുണ്ട്‌. സസ്യങ്ങള്‍ പ്രകാശസംശ്ലേഷണത്തിലൂടെ കാര്‍ബോഹൈഡ്രറ്റുകളെ ഉത്‌പാദിപ്പിക്കുന്നു. കടലാസ്‌, വസ്‌ത്രം, ആഹാരവസ്‌തുക്കള്‍ തുടങ്ങിയവയുടെ നിര്‍മാണത്തിലും ആഹാരപദാര്‍ഥങ്ങള്‍ക്ക്‌ മധുരം നല്‌കുന്നതിലും പണ്ടുമുതല്‌ക്കേ കാര്‍ബോഹൈഡ്രറ്റുകള്‍ ഉപയോഗിച്ചുവരുന്നു.

പ്രകൃതിദത്തമായ മിക്ക കാര്‍ബോഹൈഡ്രറ്റ്‌ തന്മാത്രകളിലും (ഉദാ. ഉഗ്ലൂക്കോസ്‌ (C6H12O6), സൂക്രാസ്‌ (C12H22O11), സെലുലോസ്‌ [(C6H10O5)n] ജലതന്മാത്രയുടെ അതേ അനുപാതത്തില്‍ ഹൈഡ്രജന്‍, ഓക്‌സിജന്‍ എന്നിവ അടങ്ങിയിരിക്കുന്നതിനാലാവണം ഈ യൗഗികങ്ങള്‍ക്ക്‌ "കാര്‍ബോഹൈഡ്രറ്റുകള്‍' എന്ന പേര്‍ വന്നത്‌. ഹൈഡ്രജഌം ഓക്‌സിജഌം കഴിഞ്ഞാല്‍ ഈ യൗഗികങ്ങളില്‍ കാണപ്പെടുന്ന മൂലകം കാര്‍ബണ്‍ ആണ്‌. Cx(H2O)y എന്ന ഒരു പൊതു തന്മാത്രാഫോര്‍മുലയും ഇവയ്‌ക്ക്‌ അംഗീകരിക്കപ്പെട്ടിട്ടുണ്ട്‌. എന്നാല്‍ പിന്നീട്‌ ഈ പൊതുഫോര്‍മുല അനുസരിച്ചുള്ള എല്ലാ യൗഗികങ്ങളും കാര്‍ബോഹൈഡ്രറ്റുകളല്ലെന്നും എല്ലാ കാര്‍ബോഹൈഡ്രറ്റുകള്‍ക്കും ഈ പൊതുഫോര്‍മുല ബാധകമല്ലെന്നും തെളിയുകയുണ്ടായി. ഉദാ. C5H10O4 എന്ന തന്മാത്രാ ഫോര്‍മുലയുള്ള ഡീ ഓക്‌സീറൈബോസ്‌ ഒരു കാര്‍ബോഹൈഡ്രറ്റാണ്‌. എന്നാല്‍ C3H6O3 എന്ന തന്മാത്രാ ഫോര്‍മുലയുള്ള ലാക്‌ടിക്‌ അമ്ലം കാര്‍ബോഹൈഡ്രറ്റ്‌ അല്ലതാഌം. നൈട്രജഌം സള്‍ഫറും അടങ്ങിയിട്ടുള്ള ഏതാഌം യൗഗികങ്ങളും കാര്‍ബോഹൈഡ്രറ്റ്‌ ഗ്രൂപ്പില്‍ പെടുത്താവുന്നവയാണെന്നു പില്‌ക്കാലത്തു തെളിഞ്ഞിട്ടുണ്ട്‌. ആയതിനാല്‍ "കാര്‍ബോഹൈഡ്രറ്റുകള്‍' എന്ന പേര്‌ തികച്ചും വസ്‌തുതാപരമല്ല; സൗകര്യപ്രദമായ കാരണങ്ങളാല്‍ ഇന്നും ഉപയോഗിച്ചുവരുന്നെന്നുമാത്രം.

ഒരു പോളിഹൈഡ്രാക്‌സി ആല്‍ഡിഹൈഡ്‌ (ആല്‍ഡോസ്‌) എന്നോ കീറ്റോണ്‍ (കീറ്റോസ്‌) എന്നോ അല്ലെങ്കില്‍ ജലാപഘടനത്തില്‍ (hydrolysis) ഇവയില്‍ ഏതെങ്കിലും ഒന്ന്‌ ഉത്‌പാദിപ്പിക്കുന്ന പദാര്‍ഥമെന്നോ കാര്‍ബോഹൈഡ്രറ്റിനെ നിര്‍വചിക്കാം.

കാര്‍ബോഹൈഡ്രറ്റ്‌ തന്മാത്രയില്‍ ഒന്നിലധികം ഹൈഡ്രാക്‌സില്‍ (-OH) ഗ്രൂപ്പുകള്‍ വിവിധ കാര്‍ബണ്‍ അണുക്കളില്‍ ബന്ധിച്ചിരിക്കും. കൂടാതെ ഒരു ആല്‍ഡിഹൈഡിക്‌ (-CHO) ഗ്രൂപ്പോ, അല്ലെങ്കില്‍ കീറ്റോണിക്‌ ( >C=O) ഗ്രൂപ്പോ കൂടി അടങ്ങിയിരിക്കും. ആല്‍ഡിഹൈഡിക്‌ ഗ്രൂപ്പ്‌ അടങ്ങിയിട്ടുള്ളവയെ "ആല്‍ഡോസുകള്‍' എന്നും കീറ്റോണിക്‌ ഗ്രൂപ്പുള്ളവയെ "കീറ്റോസുകള്‍' എന്നും പറയുന്നു. ഒരു തന്മാത്രയിലുള്ള കാര്‍ബണ്‍ അണുക്കളുടെ എണ്ണത്തെക്കൂടി ദ്യോതിപ്പിക്കത്തക്കവിധം ഇവയെ ആല്‍ഡോട്രയോസ്‌ (മൂന്നു കാര്‍ബണ്‍ ഉള്ളവ), ആല്‍ഡോടെട്രാസ്‌ (നാലു കാര്‍ബണ്‍ ഉള്ളവ) ആല്‍ഡോപെന്റോസ്‌, കീറ്റോപെന്റോസ്‌ (അഞ്ചു കാര്‍ബണ്‍ അണുക്കള്‍ ഉള്ളവ) എന്നിങ്ങനെ പേരുകള്‍ നല്‌കിയിട്ടുണ്ട്‌.

കാര്‍ബോഹൈഡ്രറ്റുകളുടെ ഗുണധര്‍മങ്ങളില്‍ സാരമായ അന്തരമുണ്ട്‌. ഉഗ്ലൂക്കോസ്‌, സൂക്രാസ്‌ തുടങ്ങിയ പഞ്ചസാരകള്‍ വെള്ളത്തില്‍ ലയിക്കുന്നവയും ക്രിസ്റ്റല്‍ ഘടനയുള്ളവയും അത്യധികം മധുരമുള്ളവയുമാണ്‌. സ്റ്റാര്‍ച്ച്‌ ഗ്രൂപ്പില്‍പ്പെട്ടവ കൊളോയിഡ്‌ സ്വഭാവമുള്ളവയാണെങ്കില്‍ സെലുലോസ്‌ വെള്ളത്തില്‍ തികച്ചും അലേയമാണ്‌. എന്നാല്‍ ഇവയുടെ രാസസ്വഭാവങ്ങളില്‍ സുപ്രധാനമായ ഒരു ഐക്യരൂപ്യമുണ്ട്‌. താരതമ്യേന പ്രധാനപ്പെട്ട സ്റ്റാര്‍ച്ചുകളെയും സെലുലോസിനെയും പോലും വിവിധ പ്രക്രിയകളിലൂടെ ക്രിസ്റ്റലീകൃതപഞ്ചസാര (D- ഗ്ലൂക്കോസ്‌) ആക്കി മാറ്റാം എന്നതാണിത്‌.

വര്‍ഗീകരണം. കാര്‍ബോഹൈഡ്രറ്റുകളെ മൂന്നു മുഖ്യഗ്രൂപ്പുകളായി വര്‍ഗീകരിക്കാം: മോണോസാക്കറൈഡുകള്‍, ഒലിഗോസാക്കറൈഡുകള്‍, പോളിസാക്കറൈഡുകള്‍. മോണോസാക്കറൈഡുകള്‍. ജലഅപഘടനംമൂലം വീണ്ടും ചെറുതാക്കാന്‍ കഴിയാത്തത്ര ചെറിയ തന്മാത്രാഘടനയുള്ള കാര്‍ബോഹൈഡ്രറ്റുകളാണിവ. തന്മാത്രയിലെ കാര്‍ബണുകളുടെ എണ്ണം അനുസരിച്ചു ഇവയെ ട്രയോസുകള്‍, ടെട്രാസുകള്‍, പെന്റോസുകള്‍, ഹെക്‌സോസുകള്‍, ഹെപ്‌ടോസുകള്‍ എന്നിങ്ങനെയും വിളിക്കാം. ഇവയില്‍ തന്നെ ആല്‍ഡോസുകളും കീറ്റോസുകളും ഉണ്ട്‌.

പട്ടിക1
മോണോസാക്കറൈഡുകള്‍
	വര്‍ഗം	ആല്‍ഡോസുകള്‍	കീറ്റോസുകള്‍
1.	ട്രയോസുകള്‍ 	ഗ്ലിസറാല്‍ഡിഹൈഡ്‌	ഡൈഹൈഡ്രാ
	(C3H6O3)	(ഗ്ലിസറോസ്‌)	ക്‌സി അസറ്റോണ്‍
2.	ടെട്രാസുകള്‍	എറിത്രാസ്‌	എറിത്രുലോസ്‌
	(C4H8O4)	ത്രിയോസ്‌
3.	പെന്റോസുകള്‍	റൈബോസ്‌	സെലുലോസ്‌
	(C5H10O5)	അരാബിനോസ്‌	റിബുലോസ്‌
		സൈലോസ്‌
		ലിക്‌സോസ്‌
4.	ഹെക്‌സോ	ഗ്ലൂക്കോസ്‌	ഫ്രക്‌ടോസ്‌
	     സുകള്‍	(ഡെക്‌സ്‌ട്രാസ്‌)	(ലെവുലോസ്‌)
	((C5H10O5))	ഗാലക്‌ടോസ്‌	സൈക്കോസ്‌
		മാനോസ്‌	സോര്‍ബോസ്‌
5.	ഹെപ്‌ടോസുകള്‍		സെഡോഹെപ്‌
	(C7H14O7)		ടുലോസ്‌
 

മോണോസാക്കറൈഡുകളെ പഞ്ചസാരകള്‍ (ഷുഗറുകള്‍) എന്നും പറഞ്ഞുവരുന്നു. ഇവയ്‌ക്ക്‌ CnH2nOn എന്നൊരു തന്മാത്രാ ഫോര്‍മുലയും ഉപയോഗിച്ചുവരുന്നു. ക്രിസ്റ്റല്‍ഘടനയുള്ള ഇവ ജലലേയങ്ങളും മധുരമുള്ളവയുമാണ്‌.

ഒലിഗോസാക്കറൈഡുകള്‍. 2 മുതല്‍ 10 വരെ മോണോസാക്കറൈഡ്‌ യൂണിറ്റുകള്‍ അടങ്ങിയ യൗഗിക കാര്‍ബോഹൈഡ്രറ്റുകളെ ഒലിഗോസാക്കറൈഡുകള്‍ എന്നു വിശേഷിപ്പിക്കാം. മോണോസാക്കറൈഡ്‌ യൂണിറ്റുകളുടെ എണ്ണം അനുസരിച്ച്‌ ഡൈസാക്കറൈഡുകള്‍ (രണ്ട്‌) ട്രസാക്കറൈഡുകള്‍ (മൂന്ന്‌) എന്നിങ്ങനെ ഉപവിഭജനവും നടത്താം. സൂക്രാസ്‌, ലാക്‌ടോസ്‌, മാള്‍ട്ടോസ്‌ എന്നിവയാണ്‌ മുഖ്യമായ ഡൈസാക്കറൈഡുകള്‍. സൂക്രാസിന്റെ ജലഅപഘടനത്തില്‍ ഗ്ലൂക്കോസ്‌, ഫ്രക്‌ടോസ്‌ എന്നിവ തുല്യ അളവില്‍ ലഭിക്കും. അതായത്‌ ഗ്ലൂക്കോസിന്റെയും ഫ്രക്‌ടോസിന്റെയും ഓരോ തന്മാത്രകള്‍ ചേര്‍ന്നതാണ്‌ സൂക്രാസ്‌. പാലിനു മധുരം പകരുന്നതാണ്‌ ലാക്‌ടോസ്‌. ഒരു ഗ്ലൂക്കോസ്‌ തന്മാത്രയും ഒരു ഗാലക്‌ടോസ്‌ തന്മാത്രയും ചേര്‍ന്നതാണ്‌ ലാക്‌ടോസ്‌. മാള്‍ട്ടോസിന്റെ ഒരു തന്മാത്രയില്‍ രണ്ടു ഗ്ലൂക്കോസ്‌ തന്മാത്രകള്‍ അടങ്ങിയിരിക്കും. ഡൈസാക്കറൈഡുകളും ഏതാഌം ചില ഒലിഗോസാക്കറൈഡുകളും പഞ്ചസാര (ഷുഗര്‍)കളാണ്‌. അവയില്‍ ഏറിയ പങ്കും ധ്രുവണഘൂര്‍ണ്ണക(optically active)ങ്ങളാണ്‌. ധ്രുവണഘൂര്‍ണകങ്ങളായ പോളിഹൈഡ്രാക്‌സി ആല്‍ഡോസുകളെയും കീറ്റോസുകളെയും "ഷുഗറുകള്‍' എന്നുവിളിക്കാം.

പ്രകൃതിദത്തമായ ഒരു മുഖ്യട്രസാക്കറൈഡാണ്‌ റാഫിനോസ്‌ (Raffinose). ജലഅപഘടനം നടക്കുമ്പോള്‍ തുല്യതന്മാത്രാ അനുപാതത്തില്‍ ഗ്ലൂക്കോസ്‌, ഗാലക്‌ടോസ്‌, ഫ്രക്‌ടോസ്‌ എന്നീ മോണോസാക്കറൈഡുകള്‍ ലഭിക്കുന്നതിനാലാണ്‌ ഇതിനെ ഒരു ട്രസാക്കറൈഡ്‌ ആയി കരുതുന്നത്‌. യീസ്റ്റിലുള്ള ഒരു എന്‍സൈമായ "ഇന്‍വര്‍ട്ടേഴ്‌സ്‌' റാഫിനോസിനെ ഭാഗികജലഅപഘടനം നടത്തി ഒരു ഫ്രക്‌ടോസ്‌ മാത്രയും ഒരു ഡൈസാക്കറൈഡായ മെല്ലിബയോസ്‌ മാത്രയും തരുന്നു. എന്നാല്‍ ഗാലക്‌ടോസൈഡേസ്‌ എന്ന മറ്റൊരു എന്‍സൈം റാഫിനോസിനെ ഭാഗിക ജലഅപഘടനം നടത്തി ഒരു ഗ്ലൂക്കോസ്‌ മാത്രയും ഒരു സൂക്രാസ്‌ മാത്രയുമായി വേര്‍തിരിക്കുന്നു. മറ്റൊരു ട്രസാക്കറൈഡാണ്‌ "ജന്റിയാനോസ്‌'. ഇതിലെ ഘടക മോണോസാക്കറൈഡ്‌ മാത്രകളില്‍ ഒന്ന്‌ ഫ്രക്‌ടോസിന്റെയും മറ്റു രണ്ടെണ്ണം ഗ്ലൂക്കോസിന്റെതുമാണ്‌. ഇതിനെയും വ്യത്യസ്‌ത എന്‍സൈമുകളുടെ പ്രതിപ്രവര്‍ത്തനത്താല്‍ ഭാഗികജലഅപഘടനം ചെയ്‌താല്‍ ജന്‍ഷ്യോബയോസ്‌, സൂക്രാസ്‌ എന്നീ ഡൈസാക്കറൈഡുകള്‍ ലഭിക്കും. സ്റ്റാച്ചിയോസ്‌ പ്രകൃതിദത്തമായ ഒരു ടെട്രാസാക്കറൈഡാണ്‌.

പോളിസാക്കറൈഡുകള്‍. അതിസങ്കീര്‍ണമായ തന്മാത്രാഘടനയുള്ളവയും ജലഅപഘടനത്തില്‍ വിവിധതരം മോണോസാക്കറൈഡുകളുടെ എണ്ണമറ്റ യൂണിറ്റുകള്‍ തരുന്നവയുമായ കാര്‍ബോഹൈഡ്രറ്റുകളാണ്‌ പോളിസാക്കറൈഡുകള്‍. ഇവയ്‌ക്ക്‌ രുചിയില്ല; ക്രിസ്റ്റല്‍ രൂപമില്ല. സ്റ്റാര്‍ച്ച്‌, ഗ്ലൈക്കൊജന്‍ തുടങ്ങിയപോളിസാക്കറൈഡുകളുടെ തന്മാത്രാഭാരം ലക്ഷക്കണക്കിനു വരും. മിക്കവയും കൊളോയിഡല്‍ ലായനികള്‍ ഉണ്ടാക്കുന്നു. എന്നാല്‍ സെലുലോസിനെപ്പോലെ, ചിലവ ജലത്തില്‍ ലയിക്കുന്നില്ല. പോളിസാക്കറൈഡുകള്‍ നോണ്‍ഷുഗര്‍ എന്നും അറിയപ്പെടുന്നു. ജലഅപഘടനത്തില്‍ ഹെക്‌സോസ്‌ മോണോസാക്കറൈഡുകള്‍ തരുന്ന പോളിസാക്കറൈഡുകളുടെ ഹെക്‌സോഗ്ലൈക്കാന്‍തന്മാത്രാഫോര്‍മുല (C6H10O5)n എന്നാണ്‌ (n-മോണോസാക്കറൈഡ്‌ യൂണിറ്റുകളുടെ എണ്ണത്തെ കുറിക്കുന്നു). പെന്റോസുകള്‍ തരുന്നവയുടെ തന്മാത്രാഫോര്‍മുല (C5H8O4)n എന്നാണ്‌. ചില പോളിസാക്കറൈഡുകള്‍ ജലഅപഘടനത്തില്‍ പെന്റോസുകളെയും ഹെക്‌സോസുകളെയും ഉത്‌പാദിപ്പിക്കുന്നുണ്ട്‌. സ്റ്റാര്‍ച്ച്‌, സെലുലോസ്‌, ഇനുലിന്‍, ഗ്ലൈക്കൊജന്‍ എന്നിവ പ്രമുഖ പോളിസാക്കറൈഡുകളാണ്‌. പോളിസാക്കറൈഡുകളെ തന്മാത്രാനിര്‍മാണത്തിലെ മുഖ്യമോണോസാക്കറൈഡിന്റെ സ്വഭാവം അനുസരിച്ച്‌ ഗ്ലൂക്കേനുകള്‍ (Glucans), സൈലേനുകള്‍ (Xylans), ഗാലക്‌ടേനുകള്‍ (Galactans), മന്നേനുകള്‍ (Mannans), അരബേനുകള്‍ (Arabans)എന്നിങ്ങനെയും; തന്മാത്രാഘടനാവിന്യാസവ്യത്യാസം അനുസരിച്ച്‌ കിറ്റിനുകള്‍ (Chitins), പെക്‌ടിനുകള്‍ (Pectins), ഗ്ലൈക്കൊസൈഡുകള്‍ (Glycosides), മ്യുക്കോപോളിസാക്കറൈഡുകള്‍ (Mucopolysaccarides)എന്നിങ്ങനെയും പുനര്‍വര്‍ഗീകരിക്കപ്പെട്ടിരിക്കുന്നു. ഇവയില്‍ ശുദ്ധമായ പോളിസാക്കറൈഡുകളും അവയുടെ വ്യുത്‌പന്നങ്ങളും പെടും.

റെഡ്യൂസിങ്‌ ഷുഗറുകള്‍. റെഡ്യൂസിങ്‌ ഷുഗറുകള്‍, നോണ്‍ റെഡ്യൂസിങ്‌ ഷുഗറുകള്‍ എന്നിങ്ങനെ മുഖ്യമായ ഒരു വര്‍ഗീകരണം കൂടി കാര്‍ബോഹൈഡ്രറ്റുകള്‍ക്കുണ്ട്‌. സ്വതന്ത്രമായ ആല്‍ഡിഹൈഡ്‌ ഗ്രൂപ്പോ, കീറ്റോ ഗ്രൂപ്പോ അടങ്ങിയിട്ടുള്ളവയാണ്‌ റെഡ്യൂസിങ്‌ ഷുഗറുകള്‍. ലോഹലവണങ്ങളുടെ ക്ഷാരലായനികളെ ഇവ നിരോക്‌സീകരിക്കുന്നു. കാര്‍ബോഹൈഡ്രറ്റുകളുടെ ഈ പ്രകൃതത്തിലുള്ള വിഭജനം പരിശോധിക്കാന്‍ ഉപയോഗിക്കുന്ന ഫലപ്രദമായ ഒരു ലായനിയാണ്‌ ഫെല്ലിങ്‌ ലായനി (Fehling's solution). മോണോസാക്കറൈഡുകളും അവയുടെ മിക്ക വ്യുത്‌പന്നങ്ങളും, മിക്ക ഡൈസാക്കറൈഡുകളും (ഉദാ. മാള്‍ട്ടോസ്‌, ലാക്‌ടോസ്‌) റെഡ്യൂസിങ്‌ ഷുഗറുകളാണ്‌. സൂക്രാസ്‌ ഒരു നോണ്‍റെഡ്യൂസിങ്‌ ഡൈസാക്കറൈഡാണ്‌. ട്രഹാലോസ്‌, റാഫിനോസ്‌, സ്റ്റാക്കിയോസ്‌ തുടങ്ങിയവയും നോണ്‍ റെഡ്യൂസിങ്‌ ഷുഗറുകള്‍ക്ക്‌ ഉദാഹരണങ്ങളാണ്‌. സ്രാതസ്സും ലഭ്യതയും. സസ്യങ്ങളാണ്‌ കാര്‍ബോഹൈഡ്രറ്റുകളുടെ മുഖ്യസ്രാതസ്സും കലവറയും. ജന്തുക്കളിലും ഇവ ധാരാളമുണ്ട്‌. ജന്തുലോകത്തിന്‌ സസ്യലോകത്തിന്റെ വിലമതിക്കാനാവാത്ത ഒരു സംഭാവനയാണ്‌ കാര്‍ബോഹൈഡ്രറ്റുകള്‍.

പ്രകാശസംശ്ലേഷണം എന്നറിയപ്പെടുന്ന പ്രകാശരാസ പ്രതിപ്രവര്‍ത്തനം (photochemical reaction) വഴിയാണ്‌ സസ്യങ്ങള്‍ കാര്‍ബോഹൈഡ്രറ്റുകള്‍ നിര്‍മിക്കുന്നത്‌. അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈഓക്‌സൈഡും ജലാംശവും സൂര്യപ്രകാശത്തില്‍ സംയോജിച്ചാണ്‌ ഇവയുണ്ടാകുന്നത്‌. ഹരിതപ്രതലത്തിലുള്ള ക്ലോറോഫില്‍ ഈ പ്രതിപ്രവര്‍ത്തനത്തെ ഉത്‌പ്രരണം ചെയ്യുന്നു (catalyse). അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈഓക്‌സൈഡിന്റെ സാന്ദ്രതയും സൂര്യപ്രകാശത്തിന്റെ തീവ്രതയും അന്തരീക്ഷോഷ്‌മാവും ഈ പ്രതിപ്രവര്‍ത്തനത്തിന്റെ നിരക്ക്‌ നിയന്ത്രിക്കുന്നു.

 nco2 + nH2O 			    (CH2O)n + nO2
 

കാര്‍ബോഹൈഡ്രറ്റ്‌ ട്രയോസുകളും ടെട്രാസുകളും ഏറിയപങ്കും സംശ്ലിഷ്‌ട(Synthetic)ങ്ങളാണെങ്കിലും ചില ആല്‍ഡോപെന്റോസുകളും ആല്‍ഡോഹെക്‌സോസുകളും പ്രകൃതിദത്തങ്ങളാണ്‌. പ്രകൃതിദത്തമായ പെന്റോസുകളാണ്‌ അരബിനോസും (Arabinose) സൈലോസും (Xylose). ബാബൂല്‍ പശയിലും (Gum-Arabic) കോപല്‍ പശ(Gum-Copal)യിലും അരബിനോസ്‌ അരബേനു (Araban)കളായി കുടികൊള്ളുമ്പോള്‍ ചില വൃക്ഷങ്ങളുടെ കറയിലും തവിട്‌, കച്ചി ഇവയിലും സൈലോസ്‌, സൈലേനുകള്‍ എന്ന പേരില്‍ വ്യുത്‌പന്നരൂപത്തില്‍ സ്ഥിതിചെയ്യുന്നു. ജന്തുസസ്യലോകത്തെ മിക്ക സെല്ലുകളുടെയും മുഖ്യനിര്‍മാണഘടകമായ "ന്യൂക്ലിക്‌ അമ്ലം' (Nucleic acid) റൈബോസ്‌ (Ribose) എന്ന ഒരു പെന്റോസിന്റെ വ്യുത്‌പന്നമാണ്‌. പെന്റോസുകളെ കിണ്വനം (fermentation) ചെയ്യാന്‍ സാധ്യമല്ലെങ്കിലും അവ നേര്‍പ്പിച്ച അമ്ലങ്ങളുമായി പ്രതിപ്രവര്‍ത്തിപ്പിച്ചാല്‍ പൂര്‍ണമായും ഫര്‍ഫ്യൂറാള്‍ (Furfural) ആയിമാറുന്നു. തന്മാത്രയില്‍ ആറു കാര്‍ബണ്‍ അണുക്കളുള്ള റാംനോസ്‌ (Rhamnose) രാസപരമായി ഒരു മീഥൈല്‍ പെന്റോസാണ്‌. ചില ഗ്ലൈക്കോസൈഡുകളാണ്‌ ഇവയുടെ ഉറവിടം. മൂത്രത്തിലുള്ള ഒരു അപൂര്‍വ യൗഗികമായ സൈലുലോസ്‌ (Xylulose) ഒഴികെ മറ്റെല്ലാ കീറ്റോപെന്റോസുകളും കൃത്രിമമായി സൃഷ്‌ടിക്കപ്പെടുന്നവയാണ്‌. എല്ലാ പെന്റോസുകള്‍ക്കും ഉള്ള ഒരു പൊതുഗുണമാണ്‌ ധ്രുവണഘൂര്‍ണത (optical activity). പെന്റോസുകള്‍ക്ക്‌ രാസികമായി ഹെക്‌സോസുകളോട്‌ സാമ്യമുണ്ട്‌. ചില പോളിസാക്കറൈഡുകളില്‍ ഹെക്‌സോസുകളോടൊപ്പം പെന്റോസുകളും തന്മാത്രാഘടകങ്ങളാണ്‌. ഗ്ലൂക്കോസ്‌ അഥവാ ഡെക്‌സ്‌ട്രാസ്‌ (Dextrose) സര്‍വവ്യാപിയായ ഒരു ആല്‍ഡോഹെക്‌സോസാണ്‌. ജീവജാലങ്ങളിലെ ഉപാപചയത്തില്‍ ഒരു മുഖ്യ പങ്കുവഹിക്കുന്ന ഗ്ലൂക്കോസും അതിന്റെ പോളിമറുകളും (poly glucose) ഊര്‍ജത്തിന്റെ ഉറവിടമാണ്‌. ജന്തുഭക്ഷണത്തില്‍ ഏറ്റവും എളുപ്പം ദഹിക്കപ്പെടുന്ന ഗ്ലൂക്കോസ്‌ പഴുത്ത മുന്തിരിയിലും തേനിലും ഫലവര്‍ഗങ്ങളിലും ഹെക്‌സോസായിത്തന്നെ നിലകൊള്ളുമ്പോള്‍, മിക്ക പോളിസാക്കറൈഡുകളുടെയും തന്മാത്രാ നിര്‍മാണ മോണോസാക്കറൈഡ്‌ മാത്ര ഗ്ലൂക്കോസിന്റേതാണ്‌. രക്തത്തിലെ ഒരു ഘടകവസ്‌തുവായ ഗ്ലൂക്കോസ്‌ പ്രമേഹരോഗികളില്‍ മൂത്രത്തിലും കടന്നുകൂടുന്നു. ഡൈസാക്കറൈഡുകളുള്‍പ്പെടെ മിക്കവാറും എല്ലാ ബഹുസാക്കറൈഡുകളില്‍നിന്നും നേര്‍പ്പിച്ച അമ്ലത്തിന്റെ സാന്നിധ്യത്തിലുള്ള എന്‍സൈം പ്രവര്‍ത്തനത്താല്‍ ഗ്ലൂക്കോസ്‌ നിര്‍മിക്കാമെങ്കിലും, സ്റ്റാര്‍ച്ചില്‍നിന്നാണ്‌ വ്യാവസായികാടിസ്ഥാനത്തില്‍ ഗ്ലൂക്കോസ്‌ നിര്‍മിക്കുന്നത്‌. ഗ്ലൂക്കോസ്‌ ഒരു ഡെക്‌സ്‌ട്രാറൊട്ടേറ്ററി ഷുഗറായതുകൊണ്ടാണ്‌ ഇതിനു ഡെക്‌സ്‌ട്രാസ്‌ എന്ന പേരു ലഭിച്ചത്‌.

ഏറ്റവും പ്രധാനപ്പെട്ട കാര്‍ബോഹൈഡ്രറ്റാണ്‌ ഗ്ലൂക്കോസ്‌. സൂക്രാസ്‌, ലാക്‌ടോസ്‌, മാള്‍ട്ടോസ്‌, സെലുലോസ്‌, ഗ്ലൈക്കൊജന്‍ എന്നിവയുടെ ജലഅപഘടനത്തില്‍ ഗ്ലൂക്കോസ്‌ ഉണ്ടാകുന്നു. ഗ്ലൂക്കോസിന്റെ തന്മാത്രാഫോര്‍മുല C6H12O6; ഇതിന്റെ ഘടന ഇപ്രകാരമാണ്‌:

		CHO
	H	COH
	HO	CH
	H	COH
	H	COH
		CH2OH
 

നിറമില്ലാത്ത ഒരു ഖരപദാര്‍ഥമാണ്‌ ഗ്ലൂക്കോസ്‌. ജലത്തില്‍ ലയിക്കും. ജലലായനിയില്‍നിന്ന്‌ ക്രിസ്റ്റലീകരിക്കാം. ക്ഷാരീയ കുപ്രിക്‌ ലവണലായനിയെ കുപ്രസ്‌ ഓക്‌സൈഡ്‌ ആക്കുന്നു. ടോളന്‍സ്‌ അഭികര്‍മകവുമായി പ്രതിപ്രവര്‍ത്തിക്കുമ്പോള്‍ നല്ല തിളക്കമുള്ള വെള്ളി ഫിലിം രൂപംകൊള്ളുന്നു. ഗ്ലൂക്കോസിന്റെ പ്രധാനപ്പെട്ട പ്രതിപ്രവര്‍ത്തനങ്ങളില്‍ ഒന്നാണ്‌ ഫീനൈല്‍ ഹൈഡ്രസീനുമായുള്ളത്‌. ഉപയോഗിക്കപ്പെടുന്ന ഫീനൈല്‍ ഹൈഡ്രസീനിന്റെ അളവനുസരിച്ച്‌ ഗ്ലൂക്കോസ്‌ ഫീനൈല്‍ ഹൈഡ്രസോണോ, CH2OH (CH OH)4 CH= NNHC6H5, ഗ്ലൂക്കസാസോണോ, CH2OH (CH OH)3 C=NNHC6H5) CH=NNHC6H5 ഉണ്ടാകുന്നു. അസറ്റിക്‌ അന്‍ഹൈഡ്രഡ്‌, സോഡിയം ഹൈഡ്രാക്‌സൈഡ്‌, ഹൈഡ്രാക്‌സില്‍ അമീന്‍ ഹൈഡ്രാക്ലോറൈഡ്‌ എന്നിവയുമായും ഗ്ലൂക്കോസ്‌ പ്രതിപ്രവര്‍ത്തിക്കുന്നു.

പ്രകൃതിയില്‍ ഏറ്റവും അധികം കണ്ടുവരുന്ന കാര്‍ബണിക യൗഗികം ഗ്ലൂക്കോസാണ്‌. ജന്തുക്കളില്‍ ഏറ്റവും എളുപ്പത്തില്‍ പചനം ചെയ്യപ്പെടുകയും തദ്വാരാ അവയ്‌ക്ക്‌ ഊര്‍ജം പകരുകയും ചെയ്യുന്ന ഇത്‌ ഗ്ലൈക്കൊജനായി ജന്തുശരീരത്തില്‍ സംഭരിക്കപ്പെടുന്നു. മനുഷ്യരക്തത്തിലെ സാധാരണ ഗ്ലൂക്കോസ്‌ സാന്ദ്രത 0.08 ശതമാനം ആണ്‌ (ഓരോ നൂറ്‌ മി. ലി. രക്തത്തിലും 80 മി. ഗ്രാം). ഈ അളവില്‍ മാറ്റം ഉണ്ടായാല്‍ അത്‌ അപസാമാന്യ (abnormal) ഉപാപചയത്തിന്റെയും ചില രോഗങ്ങളുടെയും സൂചന ആയി കരുതാം. പാന്‍ക്രിയാസ്‌ ഗ്രന്ഥി സ്രവിക്കുന്ന ഇന്‍സുലിന്‍ (Insulin) അപര്യാപ്‌തമാവുമ്പോള്‍, രക്തത്തിലെ ഗ്ലൂക്കോസിന്റെ തോത്‌ കൂടുന്നു. ഇതിനാലുണ്ടാകുന്ന രോഗമാണ്‌ ഡയബറ്റിസ്‌ മെലിറ്റസ്‌ (Diabetes mellitus) അഥവാ "പ്രമേഹം'. രക്തത്തിലെ ഗ്ലൂക്കോസിന്റെ സാന്ദ്രത 0.18 ശതമാനത്തില്‍ കൂടുമ്പോള്‍ ഇത്‌ മൂത്രത്തിലൂടെ വിസര്‍ജിക്കപ്പെടുന്നു. അതുകൊണ്ട്‌ രക്തത്തിലും മൂത്രത്തിലും ഉള്ള ഗ്ലൂക്കോസിന്റെ സാന്ദ്രതാനിര്‍ണയനം, രോഗനിര്‍ണയത്തിഌം ശാസ്‌ത്രീയമായ ചികിത്സാരീതിക്കും സഹായകമാണ്‌. ശുദ്ധമായ ഗ്ലൂക്കോസ്‌ ഒരു "മധുര'മായും മധുരപലഹാരങ്ങളുടെ നിര്‍മാണത്തിലും കുട്ടികള്‍ക്കും ശരീരശേഷി കുറഞ്ഞവര്‍ക്കും ആഹാരമായും മരുന്നായും ഉപയോഗിക്കുന്നു. ജീവകം ഇ തുടങ്ങിയ ചില ഔഷധങ്ങളുടെ നിര്‍മാണത്തിനുള്ള അസംസ്‌കൃതവസ്‌തുവായും ഗ്ലൂക്കോസിനു പ്രാധാന്യമുണ്ട്‌. ഗ്ലൂക്കോസിന്റെ മിക്ക ഉപയോഗങ്ങളും ഫ്രക്‌ടോസിനെക്കൊണ്ടും സാധിക്കാം. ഗ്ലൂക്കോസിനോളം തന്നെ ജന്തുക്കള്‍ക്ക്‌ പ്രാധാന്യമുള്ള ഒരു കീറ്റോ ഹെക്‌സോസാണ്‌ ഫ്രക്‌ടോസ്‌. ലീവോറൊട്ടേറ്ററി ആയതിനാല്‍ ഇത്‌ "ലീവൂലോസ്‌' (Levulose) എന്ന പേരിലും അറിയപ്പെടുന്നു. ഫലവര്‍ഗങ്ങളിലും തേനിലും ഇതു സുലഭമാണ്‌. ഗ്ലൂക്കോസ്‌ഫ്രക്‌ടോസ്‌ തന്മാത്രകളുടെ ഒരു ഡൈമര്‍ (Dimer) ആണ്‌ ഡൈസാക്കറൈഡായ സൂക്രാസ്‌ അഥവാ പഞ്ചസാര. മധുരങ്ങളുടെ രാജാവാണ്‌ ഫ്രക്‌ടോസ്‌. ഗ്ലൂക്കോസും ഫ്രക്‌ടോസും കൂടിയാണ്‌ പഴുത്ത ഫലവര്‍ഗങ്ങളെയും തേനിനെയും മധുരതരമാക്കുന്നത്‌. സൂക്രാസില്‍നിന്ന്‌ ഗ്ലൂക്കോസും ഫ്രക്‌ടോസും തുല്യ തന്മാത്രാനുപാതത്തില്‍ നിര്‍മിക്കാം. സ്വതന്ത്രമായി അപൂര്‍വമായേ കാണാറുള്ളുവെങ്കിലും ശാരീരിക ഉപാപചയത്തില്‍ ഒരു പ്രധാന പങ്കാളിയാണ്‌ "ഗാലക്‌ടോസ്‌'. ഗാലക്‌ടോസ്‌ തന്മാത്രകളാല്‍ നിര്‍മിതമായ ബഹുസാക്കറൈഡുകളാണ്‌ ഗാലക്‌ടേനുകള്‍. അവയുടെ ജലവിശ്ലേഷണം വഴി ഗാലക്‌ടോസ്‌ ഒരു മുഖ്യോത്‌പന്നമായി ലഭിക്കും. മുലപ്പാലിലെ ഷുഗറായ ലാക്‌ടോസ്‌ എന്ന ഡൈ സാക്കറൈഡില്‍ ഗാലക്‌ടോസിനോടൊപ്പം ഗ്ലൂക്കോസാണുള്ളത്‌.

വളരെ അപൂര്‍വമായി കണ്ടുവരുന്ന മറ്റൊരു പ്രകൃതിദത്തമായ ആല്‍ഡോഹെക്‌സോസ്‌ ആണ്‌ മന്നോസ്‌. മന്നോസ്‌ തന്മാത്രകള്‍ ഉള്‍ക്കൊള്ളുന്ന പോളിസാക്കറൈഡുകളെ മന്നേനുകള്‍ എന്നുവിളിക്കുന്നു. അവയില്‍ പ്രധാനിയായ "സെമിനൈന്‍' (Seminine) ചില കായ്‌കളുടെ കട്ടിയുള്ള തോടില്‍ സുലഭമാണ്‌. സെമിനൈനില്‍ ഒരു നല്ല ശതമാനം മന്നോസുണ്ട്‌. രാസികമായി മന്നോസിന്‌ ഗ്ലൂക്കോസിനോട്‌ സാദൃശ്യമുണ്ട്‌. രണ്ടും ഡെക്‌സ്‌ട്രാറൊട്ടറ്ററി (dextrorotatory) ഷുഗറുകള്‍ ആണുതാഌം. ഷുഗറുകള്‍ എന്ന പൊതുസംജ്ഞയുടെ മാതൃകാ പ്രതിനിധിയാണ്‌ ഷുഗര്‍അഥവാ സൂക്രാസ്‌ (പഞ്ചസാരരമില sugar) എന്ന ഡൈസാക്കറൈഡ്‌. കരിമ്പിന്‍ നീരിന്റെയും മധുരക്കിഴങ്ങിന്റെയും മധുരത്തിനുകാരണം സൂക്രാസാണ്‌. വ്യാവസായികാടിസ്ഥാനത്തില്‍ സൂക്രാസ്‌ നിര്‍മിക്കാനുള്ള അസംസ്‌കൃതവസ്‌തുക്കളും അവ തന്നെ. ചില ഒലിഗോപോളിസാക്കറൈഡുകള്‍ ഭാഗികജലഅപഘടനം ചെയ്‌തും സൂക്രാസ്‌ നിര്‍മിക്കാം.

കരിമ്പിന്‍ നീരില്‍നിന്നും സൂക്രാസുണ്ടാക്കുന്നവിധം താഴെപറയുംപ്രകാരമാണ്‌: പ്രാഥമികമായ ചില ശുദ്ധീകരണ പ്രക്രിയകള്‍ക്കു വിധേയമാക്കിയ ശേഷം കരിമ്പിന്‍നീരില്‍ ചുണ്ണാമ്പു തളിച്ച്‌ അമ്ലസ്വഭാവമുള്ള മാലിന്യങ്ങള്‍ അവക്ഷിപ്‌തീകരിക്കുന്നു. അവക്ഷിപ്‌തത്തെ അരിച്ചു നീക്കം ചെയ്‌തുകിട്ടുന്ന ലായനിയില്‍ കൂടി ഉന്നതമര്‍ദത്തില്‍ നീരാവി കടത്തിവിട്ട്‌ ചൂടാക്കുമ്പോള്‍ പ്രാട്ടീന്‍ തന്മാത്രകള്‍ കൊയാഗുലീകരിക്കുന്നു. ഇത്തരത്തില്‍ മാലിന്യരഹിതമാക്കി കിട്ടുന്ന കരിമ്പിന്‍നീരിനെ താണ മര്‍ദത്തില്‍ ബാഷ്‌പീകരിച്ച്‌ സിറപ്പാക്കി തണുപ്പിക്കുമ്പോള്‍ ഏതാണ്ട്‌ 65 ശതമാനം സൂക്രാസ്‌ തന്മാത്രകളും ക്രിസ്റ്റലീകരിക്കപ്പെടുന്നു. ഇങ്ങനെ കിട്ടുന്ന നിറമുള്ളസൂക്രാസിനെ വീണ്ടും ജലത്തില്‍ ലയിപ്പിച്ച്‌, ചാര്‍ക്കോളിന്റെ സാന്നിധ്യത്തില്‍ വെള്ളയാക്കി, ബാഷ്‌പീകരണ ക്രിസ്റ്റലീകരണ പ്രക്രിയകള്‍വഴി ശുദ്ധീകരിക്കുമ്പോള്‍ പഞ്ചസാര ലഭിക്കുന്നു. 65 ശതമാനത്തോളം സൂക്രാസ്‌ ക്രിസ്റ്റലീകരിക്കപ്പെട്ട ശേഷം അവശേഷിക്കുന്ന ചാരനിറത്തിലുള്ള കൊഴുപ്പേറിയ ദ്രാവകമാണ്‌ മൊളാസസ്‌ (Molasses). ഇത്‌ സ്‌പിരിറ്റുണ്ടാക്കാനുള്ള ഒരു അസംസ്‌കൃതവസ്‌തുവാണ്‌. ഉരുകല്‍ നിലയുടെ മുകളില്‍ ചൂടാക്കിയാല്‍ സൂക്രാസ്‌ തവിട്ടുനിറമുള്ള കട്ടിയായ ഒരു വസ്‌തുവായി മാറും. ഇതിനെയാണ്‌ കാരമല്‍ (Caramel) എന്ന്‌ വിളിക്കുന്നത്‌.

സൂക്രാസ്‌ ഒരു ഡെക്‌സ്‌ട്രാറൊട്ടേറ്ററി ഷുഗറാണ്‌. സൂക്രാസ്‌ തന്മാത്രയിലെ ഘടക സാക്കറൈഡുകളായ ഗ്ലൂക്കോസ്‌, ഡെക്‌സ്‌ട്രാറൊട്ടേറ്ററി ആണെങ്കിലും ഫ്രക്‌ടോസ്‌ ലീവോറൊട്ടേറ്ററി ആണ്‌. ഇവ രണ്ടും തുല്യ അനുപാതത്തിലാണ്‌ ഉള്ളതെങ്കിലും ഫ്രക്‌ടോസിന്റെ ധ്രുവണഘൂര്‍ണനാങ്കം ഗ്ലൂക്കോസിന്റേതിനേക്കാള്‍ കൂടുതലാണ്‌. ആയതിനാല്‍ ഡെക്‌സ്‌ട്രാറൊട്ടേറ്ററി ആയ സൂക്രാസ്‌ ജലഅപഘടനം ചെയ്യപ്പെടുമ്പോള്‍ ലീവോ റൊട്ടേറ്ററി ആവുന്നു. യീസ്റ്റിലുള്ള "ഇന്‍വര്‍ട്ടേസ്‌' എന്ന എന്‍സൈമിന്റെ സഹായത്താല്‍ നടക്കുന്ന ഈ രാസമാറ്റത്തെ "പഞ്ചസാര പ്രതിലോമനം' (inversion of cane-sugar) എന്നാണ്‌ പറയുന്നത്‌. പ്രതിലോമപഞ്ചസാര (inverted sugar)യില്‍ നിന്നും ഗ്ലൂക്കോസും ഫ്രക്‌ടോസും വേര്‍തിരിക്കാം. പാല്‍ക്കട്ടിയുടെ വ്യാവസായിക നിര്‍മാണത്തിലെ ഒരു ഉപോത്‌പന്നമായ തൈരുവെള്ളത്തില്‍, അസംസ്‌കൃതവസ്‌തുവായ പാലില്‍ ഉണ്ടായിരുന്ന ലാക്‌ടോസ്‌ എന്ന ഡൈ സാക്കറൈഡ്‌ പൂര്‍ണമായും അടങ്ങിയിരിക്കുന്നു. തൈരുവെള്ളത്തില്‍ നിന്നും ബാഷ്‌പീകരണ, ക്രിസ്റ്റലീകരണ പ്രക്രിയകള്‍ വഴി ലാക്‌ടോസ്‌ വേര്‍തിരിക്കാം. ഇതും ഡെക്‌സ്‌ട്രാറൊട്ടേറ്ററി ആയ ഒരു റെഡ്യൂസിങ്‌ ഷുഗറാണ്‌. "ലാക്‌ടേസ്‌' എന്ന എന്‍സൈം, ലാക്‌ടോസിനെ തുല്യ തന്മാത്രാനുപാതത്തിലുള്ള ഗ്ലൂക്കോസും ഗാലക്‌ടോസുമാക്കി മാറ്റുന്നു.

എല്ലാ ജീവജാലങ്ങളുടെ കോശങ്ങളിലും പോളിസാക്കറൈഡുകളുണ്ട്‌. അവ കോശനിര്‍മാണ വസ്‌തുക്കള്‍ മാത്രമല്ല, മുഖ്യ ആഹാരശേഖരങ്ങള്‍ കൂടിയാണ്‌. പ്രധാനപ്പെട്ട പോളിസാക്കറൈഡുകള്‍ ആണ്‌ സ്റ്റാര്‍ച്ചും സെലുലോസും. ഇവ കൂടാതെ ഗ്ലൂക്കോസിന്റെ പോളിമറുകളായ ധാരാളം പോളിസാക്കറൈഡുകളും ജൈവവസ്‌തുക്കളുടെ നിര്‍മാണഘടകങ്ങളായുണ്ട്‌. ധാരാളം മോണോസാക്കറൈഡ്‌ തന്മാത്രകള്‍ ഒരു പോളിമറിലേതെന്നപോലെ പരസ്‌പരം തൊടുത്തുണ്ടാക്കാവുന്ന ശൃംഖലകളായാണ്‌ പോളിസാക്കറൈഡ്‌ തന്മാത്രകളെ കണക്കാക്കേണ്ടത്‌. ഈ ശൃംഖലകള്‍ നീളത്തില്‍ മാത്രമായും, ശാഖോപശാഖകളായും കണ്ടുവരുന്നു. ഇത്തരം ഒരു തന്മാത്രാഘടനയുള്ളതുകൊണ്ടാണ്‌ പോളിസാക്കറൈഡ്‌ തന്മാത്രകള്‍ക്ക്‌ ഒരു നിര്‍ദിഷ്‌ട ഘടന നിശ്ചയിക്കാനാവാത്തതും അവയുടെ തന്മാത്രാഗുണങ്ങള്‍ പൂര്‍ണമായും നിര്‍ണയിക്കപ്പെടാനാവാത്തതും. മനുഷ്യന്റെയും ജന്തുക്കളുടെയും നിത്യാഹാരത്തിലെ മുഖ്യഇനം സ്റ്റാര്‍ച്ച്‌ ആണ്‌. സ്റ്റാര്‍ച്ച്‌ സസ്യജന്യമാണ്‌. ആയിരത്തോളം ഗ്ലൂക്കോസ്‌ തന്മാത്രകളാണ്‌ ഒരു സ്റ്റാര്‍ച്ച്‌ തന്മാത്രയില്‍ അടങ്ങിയിരിക്കുന്നത്‌. സ്റ്റാര്‍ച്ച്‌ തന്മാത്രകള്‍ വളരെ വേഗത്തില്‍ അനായാസമായി ജലഅപഘടനം ചെയ്യപ്പെടും. അതുകൊണ്ട്‌ അവ ജന്തുക്കളില്‍ എളുപ്പത്തില്‍ പചനം ചെയ്യപ്പെടുന്നു. മൈദ, ഗോതമ്പ്‌, അരി, ബാര്‍ലി, ഉരുളക്കിഴങ്ങ്‌ ഇവയില്‍നിന്നാണ്‌ വാണിജ്യാടിസ്ഥാനത്തില്‍ സ്റ്റാര്‍ച്ചുണ്ടാക്കുന്നത്‌. പല പദാര്‍ഥങ്ങളില്‍നിന്നും ലഭിക്കുന്ന സ്റ്റാര്‍ച്ചിന്‌ ഗുണങ്ങളെല്ലാം ഒന്നുതന്നെ എങ്കിലും, സ്റ്റാര്‍ച്ച്‌ തന്മാത്രകളില്‍ അടങ്ങിയിരിക്കുന്ന അമൈലോസ്‌, അമൈലോപെക്‌ടിന്‍ എന്നീ നിര്‍മാണ ഘടകവസ്‌തുക്കളുടെ അനുപാതം അസംസ്‌കൃതവസ്‌തുവിനെ ആശ്രയിച്ചാണിരിക്കുന്നത്‌. അമൈലോസ്‌ ജലത്തില്‍ ലയിക്കുന്നു. അമൈലോപെക്‌ടിന്‍ അങ്ങനെയല്ല. അമൈലോസില്‍ ഗ്ലൂക്കോസ്‌ തന്മാത്രകള്‍ ഒരു ദീര്‍ഘശൃംഖല (long chain) (–O–O–O) ആയും അമൈലോ പെക്‌ടിനില്‍ ഗ്ലൂക്കോസ്‌ തന്മാത്രകള്‍ ഒരു ശാഖാ ശൃംഖലയായും (branched chain)

		             O–O–O–
	    – – –O–O–O–O–O–
		      O	      O
		      O	      O–O–O– – –
 

നിലനില്‌ക്കുന്നു. ( O ഒരു ഗ്ലൂക്കോസ്‌ തന്മാത്രയെ പ്രതിനിധീകരിക്കുന്നു). അമൈലോസിന്റെതിനേക്കാള്‍ മൂന്നിരട്ടി വലുപ്പമുള്ളതാണ്‌ അമൈലോപെക്‌ടിന്‍ തന്മാത്ര. നൂറുമൈക്രാണുകളോളം വലുപ്പമുള്ള ഗോളാകൃതിയിലുള്ള കണികകളായാണ്‌ ഇവ സസ്യങ്ങളില്‍ സംഭരിക്കപ്പെടുന്നത്‌. അമൈലോസും അമൈലോപെക്‌ടിഌംകൂടി ചുരുണ്ടുപിണഞ്ഞ്‌ ഒരു കുണ്ഡലിനി (helix) യുടെ രൂപത്തിലാവുമ്പോള്‍ ചെറിയ തന്മാത്രകള്‍ ഈ കുരുക്കില്‍പ്പെട്ടുപോകാം. അയൊഡിന്‍ തന്മാത്രകളുമായി സ്റ്റാര്‍ച്ച്‌ ഇത്തരത്തില്‍ ഒരു കടുംനീലനിറമുള്ള കോംപ്ലെക്‌സ്‌ ഉണ്ടാക്കുന്നു. ഈ ഗുണം സ്റ്റാര്‍ച്ചിനെയും അയൊഡിനെയും ഒരു മാധ്യമത്തില്‍ കണ്ടുപിടിക്കാനുതകുന്ന സൂചക (Indicator) പരീക്ഷണത്തിന്‌ സഹായിക്കുന്നു.

സ്റ്റാര്‍ച്ചിന്റെ ഭാഗിക ജലഅപഘടനത്തില്‍നിന്നു ലഭിക്കുന്ന പോളിസാക്കറൈഡുകളാണ്‌ ഡെക്‌സ്‌ട്രിനുകള്‍ (dextrins). സസ്യലോകത്തിലെ മൊത്തം ജൈവപദാര്‍ഥങ്ങളില്‍ മൂന്നില്‍ ഒരുഭാഗം സെലുലോസ്‌ എന്ന പോളിസാക്കറൈഡാണ്‌. സസ്യകോശഭിത്തികളുടെ മുഖ്യനിര്‍മാണവസ്‌തു സെലുലോസാണ്‌. ചില ജന്തുകോശങ്ങളിലും അവയുടെ സാന്നിധ്യം തെളിയിക്കപ്പെട്ടിരിക്കുന്നു. പോളിസാക്കറൈഡുകളില്‍ ഏറ്റവും വലിയ തന്മാത്രയുള്ളത്‌ സെലുലോസിനാണ്‌. സൂക്ഷ്‌മജീവികളാലും രാസപദാര്‍ഥങ്ങളാലും ആക്രമിക്കപ്പെടാത്ത സെലുലോസ്‌ പ്രകൃതിയുടെ ഒരു പോളിഗ്ലൂക്കോസാണ്‌. തന്മാത്രാവലുപ്പവും ബലമായ തന്മാത്രാ വിന്യാസവും കാരണം ഇവ ജലത്തില്‍ ലയിക്കുന്നില്ല. ചണം, ഈറ, മുള തുടങ്ങിയ ചെടികളിലാണ്‌ സെലുലോസ്‌ കൂടിയ അളവില്‍ ഉള്ളത്‌. വാഴ, മനില, സിസില്‍, പപ്പായ ഇവയിലും ധാരാളം സെലുലോസുണ്ട്‌. വൃക്ഷലതാദികളുടെ ഇലകളിലും കുറഞ്ഞ അളവില്‍ സെലുലോസ്‌ അടങ്ങിയിട്ടുണ്ട്‌. പരുത്തിയിലും വൃക്ഷകാണ്ഡത്തിലും നിന്നാണ്‌ വാണിജ്യാടിസ്ഥാനത്തില്‍ സെലുലോസ്‌ നിര്‍മിക്കുന്നത്‌. ശുദ്ധമായ പരുത്തിയില്‍ 98 ശതമാനം സെലുലോസ്‌ അടങ്ങിയിരിക്കുന്നു.

പരുത്തിനാരുകളെ (cotton linters) കാസ്റ്റിക്‌ ആല്‍ക്കലി ഉപയോഗിച്ച്‌ പാകപ്പെടുത്തിയശേഷം, അസറ്റിക്‌ അമ്ലത്താല്‍ വീണ്ടും ഉദാസീകരിച്ച്‌ (neutralise) ശുദ്ധമായ സെലുലോസ്‌ നിര്‍മിക്കാം. വാണിജ്യാടിസ്ഥാനത്തില്‍ ആകുമ്പോള്‍, വന്‍വൃക്ഷങ്ങളുടെ കാണ്ഡഭാഗം പള്‍പ്പ്‌ (pulp) ആക്കി, ലിഗ്നിന്‍ (lignin), ഹെമിസെലുലോസ്‌, പശ, കറ തുടങ്ങിയ സെലുലോസേതരവസ്‌തുക്കള്‍ നീക്കം ചെയ്‌താണ്‌ "സെലുലോസ്‌' വേര്‍തിരിച്ചെടുക്കുന്നത്‌.

സ്റ്റാര്‍ച്ചിനെ പചനം ചെയ്യാന്‍ കഴിവുള്ള എന്‍സൈമുകള്‍, സെലുലോസിനു മുമ്പില്‍ അശക്തങ്ങളാണ്‌. എന്നാല്‍ അയവിറക്കുന്ന വര്‍ഗത്തില്‍പെട്ട ചില വളര്‍ത്തുമൃഗങ്ങളുടെ റൂമനില്‍ (പ്രഥമ ആമാശയം) ഉള്ള ചില ബാക്‌റ്റീരിയകള്‍ സെലുലോസിനെ പചനം ചെയ്‌ത്‌ പ്രാട്ടീനാക്കി മാറ്റി അവയുടെ പേശികളില്‍ ശേഖരിച്ചു വയ്‌ക്കുന്നു. പ്രാട്ടീനുകള്‍ മനുഷ്യാമാശയത്തില്‍ അനായാസമായി പചനം ചെയ്യപ്പെടുന്നു. ഏറ്റവും കൂടുതല്‍ വാണിജ്യപ്രാധാന്യമുള്ള കാര്‍ബോഹൈഡ്രറ്റാണ്‌ സെലുലോസ്‌. ഗാഢഅമ്ലങ്ങളുടെ സാന്നിധ്യത്തില്‍ സെലുലോസ്‌ പൂര്‍ണമായും ജലാപഘടനം ചെയ്യപ്പെട്ടാല്‍ ലഭിക്കുന്ന മുഖ്യ മോണോസാക്കറൈഡ്‌ ഗ്ലൂക്കോസാണ്‌. ശുദ്ധ സെലുലോസ്‌ നാരുകള്‍ "റയോണ്‍' (Rayon) എന്നറിയപ്പെടുന്നു. വിവിധ രീതിയില്‍ റയോണ്‍ നിര്‍മിക്കാമെങ്കിലും, വിസ്‌കോസ്‌ റയോണി (Viscos Rayon) നാണ്‌ പ്രചുരപ്രചാരമുള്ളത്‌. വിസ്‌കോസ്‌ റയോണ്‍ നിര്‍മാണത്തിനാവശ്യമായ സെലുലോസ്‌ മരപ്പള്‍പ്പ്‌, പരുത്തി നാരുകള്‍ ഇവയില്‍നിന്നാണ്‌ ലഭിക്കുന്നത്‌. ഇവയില്‍ നിന്നും കിട്ടുന്ന സെലുലോസിനെ കാസ്റ്റിക്‌ സോഡയില്‍ മണിക്കൂറുകളോളം മുക്കിവച്ച്‌, കഴുകി, കാര്‍ബണ്‍ ഡൈ സള്‍ഫൈഡുമായി പ്രതിപ്രവര്‍ത്തിപ്പിക്കുമ്പോള്‍ സോഡിയം സെലുലോസ്‌ സാന്‍തേറ്റ്‌ (Sodium Cellulose Xanthate) എന്ന കൊഴുപ്പുള്ള ഒരു ദ്രാവകം ലഭിക്കുന്നു.

ഇതിനെ സൂക്ഷ്‌മസുഷിരങ്ങളുള്ള സ്‌പിന്നറേറ്റു (spinnret) കളിലൂടെ, നേര്‍പ്പിച്ച സള്‍ഫ്യൂറിക്‌ അമ്ലത്തിലേക്ക്‌ ശക്തിയായി പ്രവഹിപ്പിക്കുമ്പോള്‍ അവ കട്ടിപിടിച്ച്‌ റയോണ്‍ നാരുകളാകുന്നു. ഇങ്ങനെ ഉണ്ടാക്കുന്ന സില്‍ക്ക്‌ നാരുകള്‍ ആണ്‌ "വിസ്‌കോസ്‌ റയോണ്‍'. സെലുലോസിനെ ഭാഗികമായി നൈട്രറ്റ്‌ ചെയ്‌തു കിട്ടുന്ന "പൈറോക്‌സിലിന്‍' (Pyroxylin), കര്‍പ്പൂരവുമായി ഉന്നതതാപനിലയിലും മര്‍ദത്തിലും പ്രതിപ്രവര്‍ത്തിച്ചുണ്ടാകുന്ന ഒരു സുതാര്യമായ പ്ലാസ്റ്റിക്‌ ആണ്‌ സെലുലോയിഡ്‌ (celluloid). ഇത്‌ കളിപ്പാട്ടങ്ങളും ചില വീട്ടുസാമാനങ്ങളും ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നു. പൈറോക്‌സിലിന്‍, ഈഥൈല്‍ ആല്‍ക്കഹോളും ഈഥറും ചേര്‍ത്ത്‌ പാകപ്പെടുത്തുമ്പോള്‍ "കൊളോഡിയോണ്‍' (collodion) ആകുന്നു. കൊളോഡിയോണ്‍, ഫോട്ടോഗ്രാഫിക്‌ ചലച്ചിത്ര ഫിലിമുകള്‍ ഉണ്ടാക്കാഌം, റയോണ്‍, ചില മരുന്നുകള്‍ എന്നിവയുടെ നിര്‍മാണത്തിഌം ഉപയുക്തമാണ്‌. സിലേനീസ്‌ (celanese) സില്‍ക്ക്‌, സെലുലോസിന്റെ അസറ്റേറ്റാണ്‌. ഇതിന്റെ നിര്‍മാണം ആദായകരമല്ലാത്തിനാലാവാം പ്രചാരം കുറവായിരിക്കുന്നത്‌. അസറ്റിക്‌ അന്‍ഹൈഡ്രഡും ഗാഢസള്‍ഫ്യൂറിക്‌ അമ്ലവും ചേര്‍ത്ത്‌ സെലുലോസിനെ അസറ്റിലീകരിച്ചാല്‍ ലഭിക്കുന്ന "സെലുലോസ്‌ ട്ര അസറ്റേറ്റ്‌' ഭാഗിക ജലവിശ്ലേഷണം നടത്തിയാല്‍ ഡൈ അസറ്റേറ്റായി മാറുന്നു. ഈ ഡൈ അസറ്റേറ്റിനെ കഴുകി വൃത്തിയാക്കി, അസറ്റോണ്‍ കലര്‍ന്ന ഒരു വിലേയമിശ്രിതത്തില്‍ ലയിപ്പിച്ച്‌, സ്‌പിന്നറേറ്റുകളുടെ സൂക്ഷ്‌മസുഷിരങ്ങളില്‍ക്കൂടി ഉന്നതോഷ്‌മാവിലുള്ള ഒരു അറയില്‍ (chamber) പതിപ്പിക്കുമ്പോള്‍ താനേ ഉണങ്ങി സിലേനീസ്‌ സില്‍ക്ക്‌ രൂപംകൊള്ളുന്നു. ഇത്‌ എളുപ്പത്തില്‍ തീ പിടിക്കുന്നില്ല. ഫിലിം, ഫൈബര്‍ ഗ്ലാസ്‌, ചില ചായങ്ങള്‍, വാര്‍ണിഷുകള്‍ എന്നിവയുടെ നിര്‍മാണത്തില്‍ സിലേനീസ്‌ സില്‍ക്ക്‌ പ്രയോജനപ്പെടുത്തുന്നു. പ്ലാസ്റ്റിക്‌ നിര്‍മാണത്തില്‍ "സെലുലോസ്‌ ഈഥറുക'ളാണ്‌ പരക്കെ ഉപയോഗത്തിലുള്ളത്‌. നാം ഉപയോഗിക്കുന്ന മരസാമാനങ്ങളിലും ഈറ, കൈത, തേങ്ങ, പരുത്തി ഇവയുടെ ഉത്‌പന്നങ്ങളുടെ രൂപത്തിലും സെലുലോസ്‌ നിത്യജീവിതത്തില്‍ നമ്മുടെ സന്തതസഹചാരിയായി വര്‍ത്തിക്കുന്നു.

ഹെമി സെലുലോസ്‌. സെലുലോസിനോടൊപ്പം വൃക്ഷകാണ്ഡഭാഗങ്ങളില്‍ സാധാരണമായി കാണുന്ന ഒരു പോളിസാക്കറൈഡാണ്‌ ഇത്‌. സൈലോസ്‌ തന്മാത്രകളില്‍ അധിഷ്‌ഠിതമായ സൈലേനുകളാണ്‌ ഹെമിസെലുലോസ്‌. വൈക്കോലിലുള്ള ഹെമിസെലുലോസ്‌ ഒരു മന്നേനാണ്‌ എന്നാല്‍ ചില പുല്ലുകളില്‍ ഇത്‌ ഗാലക്‌ടേനായി കണ്ടുവരുന്നു.

ഗ്ലൈക്കൊജന്‍. ജന്തുലോകത്തെ കാര്‍ബോഹൈഡ്രറ്റിന്റെ കലവറയാണ്‌ ഗ്ലൈക്കൊജന്‍. ജന്തുകോശങ്ങളിലെ ഹൃദയപേശികളിലും കരളിലും വൃക്കകളിലും ഇവ അടങ്ങിയിരിക്കുന്നു. വ്യായാമം ചെയ്യുമ്പോള്‍ പേശികളിലുള്ള ഗ്ലൈക്കൊജന്‍ ലാക്‌ടിക്‌ അമ്ലമാവുന്നു. ആഹരിക്കപ്പെടുന്ന കാര്‍ബോഹൈഡ്രറ്റുകള്‍ ആമാശയത്തില്‍ ഗ്ലൂക്കോസ്‌ തന്മാത്രകളാകുന്നു. ശാരീരികാധ്വാനത്തിഌം ജീവരസതന്ത്ര പ്രവര്‍ത്തനങ്ങള്‍ക്കും ആവശ്യമായ ഊര്‍ജദാനത്തിനു വേണ്ടുന്ന ഗ്ലൂക്കോസ്‌ തന്മാത്രകള്‍ ഉപാപചയത്തിനിടയില്‍ കത്തി നശിക്കുക (ഓക്‌സീകരിക്കുക)യും മിച്ചമുള്ളവ ഗ്ലൈക്കൊജനായി ശേഖരിക്കപ്പെടുകയുമാണ്‌ ചെയ്യുന്നത്‌. ജീവിയുടെ ആഹാരത്തില്‍ കാര്‍ബോഹൈഡ്രറ്റുകളുടെ അളവു കുറയുമ്പോള്‍, ഈ കരുതല്‍ ശേഖരത്തില്‍നിന്നുള്ള ഗ്ലൈക്കൊജന്‍ ഉപയോഗിക്കുന്നു. അതുകൊണ്ട്‌, ശരീരത്തിലെ ഗ്ലൈക്കൊജന്റെ അളവ്‌ ശരീരപുഷ്‌ടിയെ അഥവാ പോഷകനിലവാരത്തെ പ്രത്യക്ഷമായി പ്രതിഫലിപ്പിക്കുന്നു. ജലത്തില്‍ ലയിക്കുന്ന ഗ്ലൈക്കൊജന്‍ തന്മാത്രകള്‍ അയൊഡിനുമായി ചേര്‍ന്ന്‌ ഒരു തവിട്ടു കലര്‍ന്ന ചുവപ്പുനിറം തരുന്നു. സ്റ്റാര്‍ച്ചുകള്‍ക്കും ഗ്ലൈക്കൊജനുകള്‍ക്കുമുള്ള ഈ പൊതുസ്വഭാവം മറ്റു പല രാസിക ഭൗതികഗുണങ്ങളിലും തെളിയിക്കപ്പെട്ടിരിക്കുന്നതിനാല്‍, സ്റ്റാര്‍ച്ചിന്റെ തന്മാത്രാഘടനയോട്‌ ഗ്ലൈക്കൊജന്റെ തന്മാത്രാഘടനയ്‌ക്ക്‌ സാമ്യമുണ്ടെന്ന്‌ അനുമാനിക്കാം.

അമൈലോപെക്‌ടിനെപ്പോലെ ശാഖാശൃംഖല (branched chain) യുള്ള ഘടനയാണ്‌ ഗ്ലൈക്കൊജന്റേത്‌. അമൈലോപെക്‌ടിനുകളെ ആക്രമിക്കുന്ന എല്ലാ എന്‍സൈമുകളും ഗ്ലൈക്കൊജനില്‍ പ്രവര്‍ത്തിക്കുന്നു. ജന്തു സ്റ്റാര്‍ച്ച്‌ എന്ന മറ്റൊരു പേരുകൂടി ഗ്ലൈക്കൊജനുണ്ട്‌. ഗ്ലൈക്കൊജനു സമാനമായ ചില ഗ്ലൂക്കേനുകള്‍ ചില സസ്യങ്ങളിലും ഉണ്ടെന്നു സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നു. ഗ്ലൈക്കൊജഌം അതിന്റെ മിക്കവാറും എല്ലാ വ്യുത്‌പന്നങ്ങളും ധ്രുവണ ഘൂര്‍ണകങ്ങളാണ്‌. ശുദ്ധമായ ഗ്ലൈക്കൊജന്‍ പരലാകൃതിയില്ലാത്ത ഒരു വെളുത്ത വസ്‌തുവാണ്‌. അയൊഡിനുമായുള്ള ഇതിന്റെ പ്രവര്‍ത്തനം, ഗുണാത്മക (qualitative) മായും പരിണാമാത്മക (quantitative) മായും ഇതിനെ നിര്‍ണയിക്കുന്നതിന്‌ സഹായിക്കുന്നു.

ഗ്ലൈക്കൊസൈഡുകള്‍ (Glycosides). ഷുഗറുകളുടെ വ്യുത്‌പന്നങ്ങളാണ്‌ ഗ്ലൈക്കൊസൈഡുകള്‍. ഇവയില്‍ ഗ്ലൂക്കോസോ, സൈലോസോ, മന്നോസോ അടിസ്ഥാന മോണോ സാക്കറൈഡുമാത്രകള്‍ ആവാം. ഗ്ലൂക്കോസിന്റെ വ്യുത്‌പന്നമായ ഗ്ലൈക്കോസൈഡുകള്‍ക്കു മാത്രമുള്ള ഒരപരനാമധേയമാണ്‌ ഗ്ലൂക്കോസൈഡുകള്‍ (Glucocides). ഗ്ലൈക്കൊസൈഡുകള്‍ എല്ലാ സസ്യങ്ങളിലും പരക്കെ കാണാം. വേര്‌, പഴം, കായ, പൂമൊട്ട്‌, ഇല, മരപ്പട്ട എന്നിവയിലാണ്‌ ഇവ ശേഖരിച്ചിരിക്കുന്നത്‌. പുഷ്‌പഫലാദികളില്‍ വര്‍ണരാജി വിരചിക്കുന്നത്‌ ഗ്ലൈക്കൊസൈഡുകളാണ്‌. പ്രകൃതിദത്ത ഗ്ലൈക്കൊസൈഡുകള്‍ പൊതുവില്‍ നിറമില്ലാത്തവയും പരലാകൃതിയില്ലാത്തവയും, എന്നാല്‍ ധ്രുവണ ഘൂര്‍ണകവുമാണ്‌. ഗ്ലൈക്കൊസൈഡുകള്‍ ജലത്തിലും അസറ്റോണിലും ആല്‍ക്കഹോളിലും ധാരാളമായി ലയിക്കും; ഇവയ്‌ക്ക്‌ "ഈഥറി'ല്‍ ലയനശേഷി നന്നേ കുറവാണ്‌. ഒരു അമ്ലത്തിന്റെ സഹായത്താല്‍ ഇവയെ ജലഅപഘടനം ചെയ്‌താല്‍, അതിന്റെ അടിസ്ഥാനഷുഗറും കുറെ ജൈവ പദാര്‍ഥങ്ങളും അവശേഷിക്കുന്നു. ഗ്ലൈക്കൊസൈഡ്‌ തന്മാത്രകളിലെ കാര്‍ബോഹൈഡ്രറ്റല്ലാത്ത കാര്‍ബണിക ഘടകമാണ്‌ അഗ്ലുക്കോണ്‍ അഥവാ അഗ്ലീക്കോണ്‍.

എന്‍സൈമുകളാണ്‌ ഗ്ലൈക്കൊസൈഡുകളെയും ജലഅപഘടനം ചെയ്യുന്നത്‌. പൂക്കളുടെയും ചില ഇലകളുടെയും ഫലങ്ങളുടെയും വര്‍ണത്തിനു കാരണമായ ആന്തോസയനീനുകളും (Anthocyanines) ഫ്ളേവോണുകളും (Flavones) ഗ്ലൈക്കൊസൈഡുകളാണ്‌. വര്‍ണകദ്രവ്യ (dye-stuff) ങ്ങളായ ഇന്‍ഡിഗോ, അലിസാരിന്‍ ഇവ യഥാക്രമം, ഇന്‍ഡികേന്റെ (Indican) യും റൂബറിത്രിക്‌ അമ്ലത്തിന്റെയും ഹൈഡ്രാളിക ഉത്‌പന്നങ്ങളാണ്‌. തിക്തബദാമിലും (Bitter almond) മരച്ചീനി വര്‍ഗത്തിലുള്ള ചെടികളിലും കണ്ടുവരുന്ന അമിഗ്‌ഡാലിനെ (Amygdalin) ഇമല്‍സിനെന്ന എന്‍സൈം ജലഅപഘടനം ചെയ്യുമ്പോള്‍ ഗ്ലൂക്കോസ്‌, ബന്‍സാല്‍ഡിഹൈഡ്‌ എന്നിവയോടൊപ്പം മാരകമായ ഹൈഡ്രജന്‍ സയനൈഡും (HCN) പുറത്തുവിടുന്നു. ഒതളങ്ങയിലുള്ള "സെറിബറിന്‍' (Cereberin), അരളിവേരിലും കായിലുമുള്ള "റ്റിവറ്റിന്‍' (Tivetin), റ്റിവറ്റോക്‌സിന്‍ (Tivetoxin) ഇവയും മാരക വിഷവസ്‌തുക്കളായ ഗ്ലൈക്കൊസൈഡുകളാണ്‌. ലൂനാമെറിന്‍ (Lunamerine) എന്ന മറ്റൊരു സയനോജനറ്റിക്‌ (Cyanogenetic) ഗ്ലൈക്കൊസൈഡ്‌ റബ്ബര്‍ മരത്തിന്റെ കായില്‍നിന്നും വേര്‍തിരിച്ചെടുത്തിട്ടുണ്ട്‌. കാര്‍ഡിയാക്‌ (ഹൃദയസംബന്ധി) ഗ്ലൈക്കോസൈഡുകളായ ഡിജിറ്റോക്‌സിന്‍ (Digitoxin), സെറിബെറിന്‍, റ്റിവറ്റിന്‍ ഇവ ചെറിയ അളവില്‍ ചില ഹൃദ്രാഗങ്ങള്‍ക്കുള്ള ഔഷധമാണെങ്കിലും കൂടിയ അളവില്‍ മാരകവിഷവസ്‌തുക്കളാണ്‌. ഒരു സാക്കറൈഡും , അഗ്ലിക്കോണുമായി ഒരു ഫോസ്‌ഫറസ്‌ അണുവില്‍ക്കൂടി രാസബന്ധിതമായി കണ്ടുവരുന്നതരം യൗഗികങ്ങളെ ന്യൂക്ലിയോസൈഡുകള്‍ എന്നു പറയുന്നു. അവ ജീവനിര്‍മാണ വസ്‌തുക്കളായ ന്യൂക്ലിക്‌ അമ്ലങ്ങളുടെ അടിസ്ഥാന നിര്‍മാണഘടക വസ്‌തുക്കളായി വര്‍ത്തിക്കുന്നു.

പോളിയൂറനോയിഡുകള്‍ (Polyuranoides)എന്ന ഒരുതരം കാര്‍ബോഹൈഡ്രറ്റുകള്‍ യൂറോണിക അമ്ലം (Uronic acid) ആയി അവശേഷിക്കുന്നു. ആല്‍ഗെനിക്‌ അമ്ലവും (Algenic acid) പെക്‌റ്റിക്‌ അമ്ലവും ആണ്‌ ഇത്തരം കാര്‍ബോഹൈഡ്രറ്റുകളില്‍ സാധാരണമായി കണ്ടുവരുന്നത്‌. കടല്‍പ്പായലുകളുടെയും ആല്‍ഗകളുടെയും കോശനിര്‍മാണഘടകവസ്‌തുവാണ്‌ ആല്‍ഗെനിക്‌ അമ്ലം. എന്നാല്‍ ചില പഴച്ചാറുകളിലും മിക്ക കരസസ്യങ്ങളിലും പെക്‌ടിക്‌ അമ്ലമുണ്ട്‌. എളുപ്പത്തില്‍ കൊളോയിഡല്‍ ആവാഌം, തണുപ്പിക്കുമ്പോള്‍ ജെല്‍ ആകാനുമുള്ള പെക്‌ടിനുകളുടെ കഴിവ്‌ ശ്രദ്ധേയമാണ്‌. ഷുഗര്‍ തന്മാത്രയിലെ ഒരു ഹൈഡ്രാക്‌സില്‍ ഗ്രൂപ്പെങ്കിലും ഒരു അമിനോ (-NH2) ഗ്രൂപ്പുകൊണ്ട്‌ മാറ്റിവച്ചുണ്ടാക്കാവുന്നവയാണ്‌ അമിനോഷുഗറുകള്‍. ഇവ തനിച്ചോ ബൃഹത്തായ തന്മാത്രാ ഭാഗമായോ കണ്ടുവരുന്നു. ഇവയില്‍ പ്രധാനങ്ങളാണ്‌ കിറ്റിനുകള്‍. ഞണ്ട്‌, വണ്ട്‌,ചെല്ലി മുതലായ പ്രാണികളുടെ പുറന്തോടിന്റെ നിര്‍മാണത്തില്‍ പ്രകൃതി കിറ്റിനുകള്‍ സുലഭമായി ഉപയോഗിച്ചുകാണുന്നു.

നുറാമിനിക്‌ അമ്ല (Nuraminic acid) വും അതിന്റെ വ്യുത്‌പന്നങ്ങളും, കാര്‍ബോഹൈഡ്രറ്റ്‌ പ്രാട്ടീന്‍ കോംപ്ലെക്‌സുകളായി ജന്തുക്കളില്‍ കണ്ടുവരുന്നു. സെയിലിക്‌ അമ്ലം (Sailic acid) അസറ്റലീകൃതമായ നുറാമിനിക്‌ അമ്ലമാണ്‌. ഈ അമ്ലങ്ങളുടെ വ്യുത്‌പന്നങ്ങള്‍, പശുവിന്റെയും മനുഷ്യന്റെയും പാലിലും, മനുഷ്യന്റെ തലച്ചോറിലും അടങ്ങിയിരിക്കുന്നു. ജന്തുജന്യവും കാര്‍ബോഹൈഡ്രറ്റ്‌പ്രാട്ടീന്‍ കോംപ്ലെക്‌സായി നിലനില്‌ക്കുന്നതും അപൂര്‍വമായി നൈട്രജന്‍, സള്‍ഫര്‍ മൂലകങ്ങളടങ്ങുന്നതുമായ ഇത്തരം പോളിസാക്കറൈഡുകളാണ്‌ മ്യൂക്കോപോളിസാക്കറൈഡുകള്‍. കണ്ണുനീരിലും നാഭീദ്രവത്തിലും അടങ്ങുന്ന ഹയലൂറോണിക്‌ അമ്ലം (Hayluronic acid), അയോര്‍ട്ട (aorta), ട്രക്കിയ (trachea), റ്റെന്‍ഡന്‍ (tendon),നേസല്‍ സെപ്‌റ്റാ (nasal septa) എന്നീ ശരീര ഭാഗങ്ങളില്‍ കണ്ടുവരുന്ന കോണ്‍ഡ്രായിറ്റിന്‍ സള്‍ഫേറ്റ്‌എ (Chondroitin Sulphate-A), രക്തത്തെ കട്ടിപിടിക്കാതെ സൂക്ഷിക്കുന്ന ഹെപ്പാരിന്‍ (Heparin) ഇവയാണ്‌ പ്രധാന മ്യൂക്കോപോളിസാക്കറൈഡുകള്‍ ഉമിനീരിലും രക്തത്തിലെ ചുവന്നരക്താണുക്കളിലും (R.B.C) ആന്റിജനിക്‌ (antigenic) പോളിസാക്കറൈഡുകളുണ്ട്‌.

ത്രിവിമസമാവയവത (Stereoisomerism). അസമമിത കാര്‍ബണ്‍ അടങ്ങിയിട്ടുള്ള യൗഗികങ്ങളെന്ന നിലയില്‍ കാര്‍ബോഹൈഡ്രറ്റുകള്‍ക്ക്‌ ധ്രുവണഘൂര്‍ണത എന്ന സ്വഭാവമുണ്ട്‌. അതായത്‌ ഇവ ധ്രുവിത പ്രകാശത്തിന്റെ തലത്തെ (plane) ഇടത്തോട്ടോ വലത്തോട്ടോ ഘൂര്‍ണനം ചെയ്യും.

കാര്‍ബോഹൈഡ്രറ്റുകളുടെ ഈ സ്വഭാവത്തെക്കുറിച്ച്‌ കാര്യമായ പഠനം നടത്തിയത്‌ ലീബല്‍ (Le-Bel), വാന്റ്‌ ഹോഫ്‌ എന്നീ രസതന്ത്രജ്ഞരാണ്‌. തന്മാത്രയില്‍ ഒരു അസമമിത കാര്‍ബണ്‍ എങ്കിലും ഉണ്ടായിരിക്കുക എന്നതാണ്‌ ധ്രുവണഘൂര്‍ണ്ണതയ്‌ക്കു കാരണമായി അവര്‍ കണ്ടെത്തിയത്‌.

ഒരു തന്മാത്രയുടെ വിന്യാസം (configuration) ഒരു പ്രതീകംകൊണ്ടു പ്രതിനിധീകരിക്കലാവും എളുപ്പവും ലളിതവും. വിന്യാസം നിര്‍ണയിക്കാന്‍ ഉ എന്നും ഘ എന്നും എഴുതുന്ന ഒരു സമ്പ്രദായം പണ്ടേ നിലവിലുള്ളതാണ്‌. ദക്ഷിണധ്രുവണഘൂര്‍ണക സ്വഭാവമുള്ള ഒരു ഗ്ലിസറാല്‍ഡിഹൈഡ്‌ തന്മാത്രയുടെ വിന്യാസമാണ്‌ ഈ സമ്പ്രദായത്തിന്റെ മാനകം. ഒരു ഗ്ലിസറാല്‍ഡിഹൈഡ്‌ തന്മാത്രയുടെ നിരപേക്ഷ വിന്യാസം രണ്ടുതരത്തില്‍ ആവാം.

ഹൈഡ്രാക്‌സില്‍ ഗ്രൂപ്പ്‌ അസമമിത അണുവിന്റെ വലതുവശത്തായി ചിത്രീകരിക്കുന്ന വിന്യാസമാതൃകയെ D കോണ്‍ഫിഗറേഷന്‍ എന്നും ഇടത്തുവശത്തായുള്ളതിനെ L കോണ്‍ഫിഗറേഷന്‍ എന്നും അറിയുന്നതാണ്‌ കീഴ്‌വഴക്കം. ഇവ പരസ്‌പരം ബിംബപ്രതിബിംബങ്ങളായിരിക്കും. ഇത്തരത്തിലുള്ള പ്രതിബിംബരൂപികളില്‍ (Enantiomorphs) D- ഗ്ലിസറാല്‍ഡിഹൈഡ്‌ ദക്ഷിണധ്രുവണ ഘൂര്‍ണകവും (+), L ഗ്ലിസറാല്‍ഡിഹൈഡ്‌ ഉത്തര ധ്രുവണഘൂര്‍ണകവും (_) ആണ്‌. ഇവയുടെ ധ്രുവണഘൂര്‍ണനാങ്കവും തുല്യമായിരിക്കും. ഗ്ലിസറാല്‍ഡിഹൈഡ്‌ തന്മാത്രകളുടെ നിരപേക്ഷവിന്യാസം സ്വതന്മാത്രയില്‍ പാലിക്കുന്ന ഷുഗറുകളുടെ വിന്യാസവും ഘൂര്‍ണതയും തമ്മില്‍ ബന്ധപ്പെടുത്താനാവില്ല. അതായത്‌ D ശ്രണിയിലെ ഷുഗറുകളില്‍ ദക്ഷിണമോ ഉത്തരമോ ആയ ധ്രുവണഘൂര്‍ണനം ഉണ്ടാവാം; അതുപോലെ L ശ്രണി ഷുഗറുകളിലും. ചുരുക്കത്തില്‍ ഒരു പ്രത്യേക വിന്യാസക്രമമുള്ള ഒരു ധ്രുവണഘൂര്‍ണകവസ്‌തു ഏതുതരം ഘൂര്‍ണസ്വഭാവം കാണിക്കും എന്നു പ്രവചിക്കുക എളുപ്പമല്ല.

ഒരു നിരപേക്ഷ വിന്യാസതന്മാത്രയില്‍ (molecule of absolute configuration) D അല്ലെങ്കില്‍ L പുതിയതായി ഒരു -CHOH ഗ്രൂപ്പ്‌ ബന്ധിപ്പിച്ചാല്‍ ട്രസാക്കറൈഡായിരുന്ന ഗ്ലിസറാല്‍ഡിഹൈഡ്‌ ഒരു ടെട്രാസാക്കറൈഡായി മാറുന്നു. ഒരു ആല്‍ഡോസിലോ ഒരു കീറ്റോസിലോ ഒരു കാര്‍ബണ്‍ അണു പുതിയതായി ചേര്‍ത്ത്‌ ആ ശ്രണിയിലെ തൊട്ടടുത്ത ആല്‍ഡോസോ കീറ്റോസോ യഥാക്രമം നിര്‍മിക്കാനുള്ള ഈ ലളിതമായ മാര്‍ഗമാണ്‌ കിലിയാണി പ്രതിക്രിയ (Kiliani reaction). ഇവിടെ ഒരു ആല്‍ഡോസിനെ നേര്‍പ്പിച്ച ഹൈഡ്രാസൈനിക്‌ അമ്ലത്തില്‍ ലയിപ്പിച്ച്‌ ഒരു സൈന്‍ഹൈഡ്രിന്‍ (cyanhydrin) നിര്‍മിക്കുമ്പോള്‍ ഒരു പുതിയ അസമമിത കാര്‍ബണ്‍ കൂടി തന്മാത്രയില്‍ കുടുങ്ങിക്കഴിഞ്ഞിരിക്കും. ദ്വിബന്ധിത (double bonded) കാര്‍ബണൈല്‍ ഓക്‌സിജന്‍ H>C=O ഒരു പുതിയ ഏകബന്ധിത ഹൈഡ്രാക്‌സില്‍ ഗ്രൂപ്പ്‌ നിര്‍മിക്കുമ്പോഴാണ്‌ സൈന്‍ഹൈഡ്രിന്‍ രൂപംകൊള്ളുന്നത്‌. ഈ ഹൈഡ്രാക്‌സില്‍ ഗ്രൂപ്പ്‌ പുതിയതായി രൂപംകൊള്ളുന്ന അസമമിത കേന്ദ്രത്തിന്റെ വലതുവശത്തോ ഇടതുവശത്തോ ബന്ധിതമാകാന്‍ ഒരുപോലെ സാധ്യതയുള്ളതിനാല്‍ പുതിയ രണ്ടുതരം വിന്യാസങ്ങള്‍ ജനിക്കുന്നു. ഈ പുതിയ ടെട്രാസുകളെ ഡയസ്റ്റീരിയോ സമാവയവികള്‍ എന്നും വിളിക്കുന്നു. ഇതേമാറ്റം ഒരു a (_) ഗ്ലിസറാല്‍ഡിഹൈഡിനു സംഭവിച്ചാലും പുതിയ രണ്ടുതരം ആല്‍ഡോടെട്രാസുകള്‍ ഉണ്ടാകുന്നു. ഒന്നില്‍ ഹൈഡ്രാക്‌സില്‍ ഗ്രൂപ്പ്‌ അസമമിത കാര്‍ബണ്‍ കേന്ദ്രത്തിനു വലതുഭാഗത്തും മറ്റേതില്‍ ഇടതുഭാഗത്തും ആയിരിക്കും. ഈ നാലു ടെട്രാസുകളെയും ഇപ്രകാരം പുതിയ എട്ടു പെന്റോസുകളാക്കി മാറ്റാം. ഇവയുടെ തന്മാത്രകളില്‍ മൂന്ന്‌ അസമമിത കേന്ദ്രങ്ങളുണ്ടാവും. 8 പെന്റോസുകളുടെ ശ്രണിയിലെ ആരോഹണം 16 ഹെക്‌സോസുകളുണ്ടാക്കുന്നു. എട്ട്‌ 'D' വിന്യാസക്രമം ഉള്ളവയും വേറെ എട്ടെണ്ണം 'L' വിന്യാസക്രമം ഉള്ളവയും ആയിരിക്കും. D വിന്യാസക്രമമുള്ള എട്ട്‌ എണ്ണത്തിന്റെ പ്രതിബിംബരൂപികളായിരിക്കും ഘ വിന്യാസക്രമമുള്ള മറ്റേ എട്ടെണ്ണം. ചരുക്കത്തില്‍ ഓരോ അസമമിത കേന്ദ്രവും സമാവയവികളെ ഉണ്ടാക്കുന്നതിനാല്‍ 'n' അസമമിത കേന്ദ്രങ്ങളുള്ളവ 2n ബിംബപ്രതിബിംബ രൂപികളെ പ്രതിനിധാനം ചെയ്യുന്നു. ഒരു കീറ്റോസില്‍, അതിനു സംഗതമായ (corresponding) ആല്‍ഡോസില്‍ ഉള്ളതിനെക്കാള്‍ ഒരു അസമമിത കേന്ദ്രം കുറച്ചേ കാണുകയുള്ളൂ. ആല്‍ഡിഹൈഡിക ഗ്രൂപ്പിന്റെയും കീറ്റോണിക ഗ്രൂപ്പിന്റെയും വിന്യാസത്തിലുള്ള വ്യത്യാസമാണിതിനു കാരണം. അതായത്‌ 4 അസമമിത കാര്‍ബണ്‍ അണുക്കളുള്ള ഒരു ആല്‍ഡോഹെക്‌സോസില്‍നിന്നും പതിനാറ്‌ സമാവയവികള്‍ (24=16) സാധ്യമാവുമ്പോള്‍ അതിനു സംഗതമായ ഒരു കീറ്റോഹെക്‌സോസില്‍ മൂന്നു അസമമിത കാര്‍ബണ്‍ അണുക്കളേ ഉണ്ടായിരിക്കുകയുള്ളൂ; സാധ്യമായ കീറ്റോസമാവയവികളുടെ എണ്ണം എട്ടാണുതാഌം (23=8).

D (+) ഗ്ലിസറാല്‍ഡിഹൈഡില്‍ (ഗ്ലിസറോസ്‌) നിന്നും സംശ്ലേഷണം ചെയ്യാവുന്ന രണ്ടു ഡയസ്റ്റീരിയോ സമാവയവികളും അവയുടെ നാല്‌ പെന്റോസുകളും ഓരോ പെന്റോസിഌം രണ്ടു ഡയസ്റ്റീരിയോ സമാവയവികള്‍ വീതം എട്ടു ഹെക്‌സോസുകളും താഴെക്കൊടുക്കുന്നു.

ഈ ചിത്രത്തിലുള്ള ഓരോ മാതൃകയ്‌ക്കും സംഗതമായി L സീരിസിലും ഓരോ പ്രതിബിംബരൂപികള്‍ ഉണ്ടാവും. മേല്‍വിവരിച്ച എട്ട്‌ ആല്‍ഡോഹെക്‌സോസുകളില്‍ ഗ്ലൂക്കോസും മന്നോസും ഗാലക്‌ടോസും മാത്രമേ പ്രകൃതിദത്തമായുള്ളൂ. മറ്റുള്ളവയും അവയ്‌ക്കു സംഗതമായ കീറ്റോസുകളും കൃത്രിമമായി ഉത്‌പാദിപ്പിക്കുന്നവയാണ്‌. ഗ്ലൂക്കോസിന്റെ ഘടന. പ്രകൃതിദത്തമായ ഗ്ലൂക്കോസിന്റെ രാസഗുണധര്‍മങ്ങളെക്കുറിച്ചുള്ള ഗൗരവമായ പഠനം, അതൊരു പെന്റാഹൈഡ്രാക്‌സി ആല്‍ഡോഹെക്‌സോസ്‌, അതായത്‌, അഞ്ച്‌ ഹൈഡ്രാക്‌സില്‍ ഗ്രൂപ്പുകളും, ഒരു ആല്‍ഡിഹൈഡിക ഗ്രൂപ്പും ആറു കാര്‍ബണ്‍ അണുക്കളും അടങ്ങുന്ന തന്മാത്രാഘടനയുള്ള പദാര്‍ഥം ആണെന്ന നിഗമനത്തിന്‌ വഴിയൊരുക്കി. ഗ്ലൂക്കോസ്‌ പരലുകളുടെ എക്‌സ്‌റേ പഠനവും അതിന്റെ ധ്രുവണഘൂര്‍ണതാ പഠനവും, ഇത്‌ D വിന്യാസക്രമത്തോടു കൂടിയ ഒരു ശൃംഖലാഘടനയുള്ള (chain structure) ആല്‍ഡോഹെക്‌സോസാണെന്ന്‌ സ്ഥിരീകരിച്ചു.

ഗ്ലൂക്കോസിനു നിര്‍ണയിക്കപ്പെട്ട ഈ തുറന്ന ശൃംഖലാ ഘടന ഈ യൗഗികത്തോടനുബന്ധപ്പെട്ട ഒട്ടുമിക്ക ഗുണധര്‍മങ്ങളും വിശദീകരിക്കുമെങ്കിലും ഈ ഘടനകൊണ്ടു വിശദീകരിക്കാനാവാത്ത ചില ഗുണങ്ങളും ഈ ഷുഗറിനുണ്ട്‌. ഉദാ. പ്രകൃതിദത്ത ഗ്ലൂക്കോസിന്റെ, ആല്‍ക്കഹോളിലെയോ, അസറ്റിക്‌ അമ്ലത്തിലെയോ ലായനിയില്‍ നിന്ന്‌ ക്രിസ്റ്റലീകരിച്ച്‌ ശുദ്ധീകരിച്ചുകിട്ടുന്ന പുതു ഗ്ലൂക്കോസിനു +110o ധ്രുവണഘൂര്‍ണനാങ്കം ഉള്ളപ്പോള്‍ ഇതേ ഗ്ലൂക്കോസിന്റെ പിരിഡീനി (pyridine) ലെ ലായനിയില്‍ നിന്ന്‌ ക്രിസ്റ്റലീകരിച്ചു വേര്‍തിരിച്ചെടുക്കാവുന്നതരം ഗ്ലൂക്കോസിന്റെ ധ്രുവണഘൂര്‍ണനാങ്കം + 19.7o ആണ്‌. ഇങ്ങനെ ശുദ്ധവും പുതുമയുള്ളതുമായ അവസ്ഥയില്‍ ഗ്ലൂക്കോസ്‌ രണ്ടു തരത്തില്‍ ഉണ്ടെന്നു മനസ്സിലാക്കി അവയെ യഥാക്രമം a എന്നും b എന്നും വെവ്വേറെ തിരിച്ചിരിക്കുന്നു. എന്നാല്‍ ഈ രണ്ടുതരം ഗ്ലൂക്കോസിന്റെയും ലായനികള്‍ വച്ചിരുന്നാല്‍, അവയുടെ ധ്രുവണഘൂര്‍ണനാങ്കം ക്രമാനുഗതമായി വ്യത്യാസപ്പെട്ട്‌ ഒടുവില്‍ രണ്ടു ലായനികളും ഒരേ ധ്രുവണഘൂര്‍ണനാങ്ക സാമ്പിളുകളായി മാറുന്നതായും കാണാം. അവയുടെ അന്തിമഘൂര്‍ണനാങ്കം 25.56 ആണ്‌. ഇത്‌ പ്രകൃതിദത്ത ഗ്ലൂക്കോസിന്റേതാണ്‌. ഇങ്ങനെ ഒരേ ധ്രുവണഘൂര്‍ണക വസ്‌തുവിന്‌ രണ്ടു രീതിയിലുള്ള ശുദ്ധീകരിക്കല്‍ വഴി വ്യത്യസ്‌ത ധ്രുവണ ഘൂര്‍ണനാങ്കം ഉണ്ടായിരിക്കുകയും അവ ക്രമാനുഗതമായി വ്യത്യാസപ്പെട്ട്‌ ഒരു നിശ്ചിത ഘൂര്‍ണനാങ്കം ഉണ്ടാക്കുകയും ചെയ്യുന്ന പ്രതിഭാസമാണ്‌ ഉല്‍പരിവര്‍ത്തനഘൂര്‍ണ്ണനം (Mutarotation). ഇതു മുഖ്യമായും ഷുഗറുകള്‍ക്കുള്ള ഒരു പ്രത്യേക ഗുണമാണ്‌. അപ്പോള്‍ പ്രകൃതിദത്ത ഗ്ലൂക്കോസ്‌ തന്മാത്രകള്‍ക്കു തന്നെ രണ്ടു വ്യത്യസ്‌ത ആകൃതികളുണ്ടെന്നും അവ രണ്ടും പരസ്‌പരം താനേ മറ്റൊന്നായി മാറാന്‍ സാധിക്കുന്നവയാണെന്നും ലായനിയില്‍ അങ്ങനെ സംഭവിച്ച്‌ ഒടുവില്‍ ഈ രണ്ടുതരം തന്മാത്രകളുടെയും എണ്ണത്തില്‍ അവ ഒരു സന്തുലിതാവസ്ഥ (equilibrium) സൃഷ്‌ടിക്കുന്നതായും അനുമാനിക്കപ്പെട്ടു. ഈ സന്തുലന സാന്ദ്രതയില്‍ (equilibrium concentration) a ഗ്ലൂക്കോസും b ഗ്ലൂക്കോസും യഥാക്രമം 38ഉം 62ഉം ശതമാനം എന്ന കണക്ക്‌ കൃത്യമായി സൂക്ഷിക്കുന്നതായി നിര്‍ണയിക്കപ്പെടുകയും ചെയ്‌തു. ഈ രണ്ടുതരം ഗ്ലൂക്കോസുകളുടെ ചില സൂക്ഷ്‌മരാസിക വിന്യാസംകൂടി മനസ്സിലാക്കിയപ്പോള്‍ അവയുടെ വ്യക്തിത്വം സ്ഥിരീകരിക്കപ്പെട്ടു. ഈ പ്രശ്‌നത്തിനു ഹാവോര്‍ത്ത്‌ (Haworth) 1926ല്‍ നിര്‍ദേശിച്ച പരിഹാരമാണ്‌ ഒരു ചക്രിയ ഘടന (cyclic structure).

അഞ്ചും ആറും അംഗങ്ങള്‍ വീതമുള്ള രണ്ടുതരം ചാക്രിയ ഘടനകളാണ്‌ ഗ്ലൂക്കോസിനുള്ളത്‌. ഫ്യുറാന്‍, പൈറാന്‍ എന്നീ ഹെറ്റ്‌റോസൈക്ലിക ഘടനകളോട്‌ സാദൃശ്യം പുലര്‍ത്തുന്നതിനാല്‍, അഞ്ച്‌ അംഗങ്ങളുള്ള ഘടനയെ ഫ്യുറനോസ്‌ എന്നും ആറംഗങ്ങളുള്ളതിനെ പൈറാനോസ്‌ എന്നും നാമകരണം ചെയ്‌തിരിക്കുന്നു.

പൈറാനോസ്‌ ഘടന. ഒരു ആല്‍ഡിഹൈഡിക ഗ്രൂപ്പും (അഥവാ ഒരു കീറ്റോണിക ഗ്രൂപ്പും) ഒരു ഹൈഡ്രാക്‌സില്‍ ഗ്രൂപ്പുമായി വളരെ എളുപ്പം ബന്ധിതമാകുമ്പോഴുണ്ടാകുന്ന യൗഗികമാണ്‌ ഹെമി അസറ്റാള്‍ (Hemi acetal). ഒരു ഗ്ലൂക്കോസ്‌ തന്മാത്രയ്‌ക്കുള്ളില്‍ തന്നെ ഒരു ഹെമി അസറ്റാളിനുള്ള സാധ്യത ഈ ഗ്രൂപ്പുകളുടെ നിരന്തരസാമീപ്യമാണ്‌. അഞ്ചാം കാര്‍ബണിലെ ഹൈഡ്രാക്‌സില്‍ ഗ്രൂപ്പും ഒന്നാം കാര്‍ബണിലെ ആല്‍ഡിഹൈഡ്‌ ഗ്രൂപ്പും തമ്മിലുണ്ടാകുന്ന ബന്ധനത്തിലൂടെ രൂപംകൊള്ളുന്ന തന്മാത്രാന്തരീയ ഹെമി അസറ്റാളാണ്‌ (Intramolecular Hemi acetal) പൈറാനോസ്‌ റിങ്‌.

മേല്‍ചിത്രത്തിലെ അസമിത കാര്‍ബണ്‍ രണ്ടു ഡയസ്റ്റീരിയോ ഐസോമറുകള്‍ ഉണ്ടാക്കുന്നു. അവയുടെ ഘടന ലളിതമായി ഇങ്ങനെ രേഖപ്പെടുത്താം.

ഇവ a ഉഗ്ലൂക്കോപൈറാനോസ്‌ ആയും b ഉഗ്ലൂക്കോപൈറാനോസ്‌ ആയും അറിയപ്പെടുന്നു. അസമമിത കാര്‍ബണില്‍ OH ഗ്രൂപ്പിന്റെ സ്ഥാനം താഴെയാണെങ്കില്‍ അത്‌ a ഗ്ലൂക്കോപൈറാനോസും മുകളിലാണെങ്കില്‍ b ഗ്ലൂക്കോപൈറാനോസും ആയിരിക്കും.

കാര്‍ബണിക രസതന്ത്രത്തിലെ പുതിയ മേഖലകള്‍ (theories of strainless rings), കാര്‍ബണ്‍ അണുക്കള്‍ റിങ്‌ ഉണ്ടാക്കുമ്പോള്‍ വികൃതി (strain) ഉണ്ടാകാത്തത്ര ലളിതമായി കാര്‍ബണിക യൗഗികങ്ങള്‍ക്ക്‌ തന്മാത്രാഘടനകള്‍ നിര്‍ദേശിച്ച കൂട്ടത്തില്‍, ഗ്ലൂക്കോസിന്റെ പൈറാനോസ്‌ ഘടനയ്‌ക്കും ഒരു കസേരമോഡല്‍ (chair model) നിര്‍ദേശിക്കുകയുണ്ടായി.

യഗ്ലൂക്കോപൈറാനോസിലെ നാലു ഹൈഡ്രാക്‌സില്‍ ഗ്രൂപ്പുകളും CH2OH ഗ്രൂപ്പും നിരക്ഷീയ (equatorial) സ്ഥാനങ്ങളിലും മഗ്ലൂക്കോപൈറാനോസിലെ ഹെമി അസറ്റാള്‍ ഹൈഡ്രാക്‌സില്‍ ഗ്രൂപ്പുമാത്രം അക്ഷീയ തലത്തിലുമാണ്‌. ഈ മാതൃകകളിലുള്ള വ്യത്യാസം അവയുടെ ആപേക്ഷിക റിങ്‌ ബലത്തിനു കാരണമാവുകയാലാവാം b ഗ്ലൂക്കോപൈറാനോസ്‌ സന്തുലിത മിശ്രിതത്തില്‍ കൂടുതല്‍ അളവില്‍ (68 ശ. മാ.) കണ്ടുവരുന്നത്‌.

ഫ്യുറനോസ്‌ ഘടന. നാല്‌ കാര്‍ബണ്‍ അണുക്കളും ഒരു ഓക്‌സിജന്‍ അണുവും അംഗങ്ങളായുള്ളതാണ്‌ ഗ്ലൂക്കോസിന്റെ ഫ്യുറാനോസ്‌ ഘടന. പൈറാനോസിനെപ്പോലെ ഇവിടെയും a, b ഘടനകള്‍ സാധ്യമാണ്‌.

ഫ്രക്‌ടോസിന്റെ ഘടന. D സീരിസിലെ ഒരു ഉത്തരധ്രുവണ ഘൂര്‍ണക വസ്‌തുവാകുന്നു ഫ്രക്‌ടോസ്‌. പ്രകൃതിദത്ത ഫ്രക്‌ടോസ്‌ ഉത്തരധ്രുവണ ഘൂര്‍ണകമായതുകൊണ്ടാണ്‌ അതിനു ലിവൂലോസ്‌ എന്ന അപരനാമധേയം ലഭിച്ചത്‌. ഗ്ലൂക്കോസിനെപ്പോലെ ഫ്രക്‌ടോസും അഞ്ചു ഹൈഡ്രാക്‌സില്‍ ഗ്രൂപ്പുകള്‍ വിവിധ കാര്‍ബണ്‍ അണുക്കളില്‍ ബന്ധിച്ചിട്ടുള്ള ഒരു ഹെക്‌സോസാണ്‌. ഗ്ലൂക്കോസിലെ ആല്‍ഡിഹൈഡിക ഗ്രൂപ്പിനുപകരം ഇതിന്റെ തന്മാത്രയില്‍ ഒരു കീറ്റോണിക ഗ്രൂപ്പാണെന്നൊരു വ്യത്യാസമാണ്‌ ഇവയെ അടിസ്ഥാനപരമായി വേര്‍തിരിക്കുന്നത്‌. രണ്ടാം കാര്‍ബണിലെ കീറ്റോണിക ഗ്രൂപ്പ്‌ ഒന്നാം കാര്‍ബണിക അണുവിനെ ഒരു CH2OH ഗ്രൂപ്പാക്കി മാറ്റുന്നു. മൂന്ന്‌ അസമമിത കാര്‍ബണ്‍ കേന്ദ്രങ്ങളുള്ള ഒരു കീറ്റോ ഹെക്‌സോസിനു 23=8, ത്രിവിമസമാവയവികളുണ്ടാവും. ഇവയില്‍ ഫ്രക്‌ടോസിന്റെ യഥാര്‍ഥ ഘടന നിര്‍ണയിക്കാന്‍ നാം ആധുനിക സങ്കേതങ്ങള്‍ (X-rays, U.V. Spectra, I. R. Spectra, N. M. R. Spectra മുതലായവ) പ്രയോജനപ്പെടുത്തി ഇതിനു a, b, g എന്നീ മൂന്നു ആകൃതികള്‍ നിര്‍ദേശിച്ചു. ഗ്ലൂക്കോസിന്റേതുപോലെ ഫ്രക്‌ടോസിഌം പൈറാനോസ്‌, ഫ്യുറാനോസ്‌ ചക്രിയ ഘടനകളാണുള്ളത്‌.

ഗാലക്‌ടോസ്‌ ഘടന. മറ്റൊരു പ്രകൃതിദത്ത ആല്‍ഡോഹെക്‌സോസാണ്‌ D (_) ഗാലക്‌ടോസ്‌. ഇതിന്റെ പൈറാനോസ്‌ റിങ്‌ ഘടന ഇപ്രകാരമാണ്‌: മേല്‍വിവരിച്ചപോലെ ഡൈസാക്കറൈഡുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ ഒലിഗോസാക്കറൈഡുകളും പോളിസാക്കറൈഡുകളും മോണോസാക്കറൈഡ്‌ തന്മാത്രകള്‍ ഒരു ചങ്ങലമാതിരി പരസ്‌പരം ബന്ധിച്ച്‌ ഉണ്ടായിട്ടുള്ളവയാണ്‌. അവയിലുള്ള ഘടകമോണോസാക്കറൈഡുകളുടെ വിന്യാസവും പരസ്‌പരം ബന്ധിപ്പിച്ചിരിക്കുന്ന രീതിയിലുള്ള വ്യത്യാസവുമാണ്‌ അവയുടെ ഗുണധര്‍മങ്ങളെ സ്വാധീനിക്കുന്നത്‌. ഈ മോണോസാക്കറൈഡ്‌ ശൃംഖലകള്‍ ദീര്‍ഘ ശൃംഖലകളോ (long chain) ശാഖാശൃംഖലകളോ ആവാം. മോണോസാക്കറൈഡ്‌ തന്മാത്രകളെ മറ്റു കാര്‍ബണിക യൗഗികങ്ങളുമായും അവയുടെ വ്യുത്‌പന്നങ്ങളുമായും സംശ്ലേഷണം ചെയ്‌ത്‌ പുതിയ പുതിയ കാര്‍ബോഹൈഡ്രറ്റുകള്‍ നിര്‍മിക്കുന്നു. അവയെ മനുഷ്യന്റെ വിവിധാവശ്യങ്ങള്‍ക്കായി പ്രയോജനപ്പെടുത്തുന്നു.

സ്റ്റാര്‍ച്ചിന്റെ ഘടകപദാര്‍ഥങ്ങളിലൊന്നായ അമൈലോസ്‌ 1, 4, മഗ്ലൈക്കോസിഡിക്‌ ബന്ധനങ്ങളാല്‍ ബന്ധിപ്പിക്കപ്പെട്ട a -D ഗ്ലൂക്കോപൈറാനോസുകളുടെ ഒരു രേഖീയ പോളിമറാണ്‌.

മൈക്രാഫൈബ്‌റിലുകളാല്‍ നിര്‍മിതമായ സസ്യകോശഭിത്തികളില്‍നിന്നും മൈസെല്ലെ (Micelle) സ്‌ട്രാന്‍ഡുകളായി വേര്‍തിരിക്കാവുന്ന ഗ്ലൂക്കോസ്‌ തന്മാത്രകളുടെ അനന്തമായ ഒരു ദീര്‍ഘശൃംഖലയാണ്‌ സെലുലോസ്‌. നോ. ഉപാപചയം

(കെ. കൃഷ്‌ണപിള്ള)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍